Family (2023)

ഫാമിലി ഇൻ എഡിറ്റഡ്

ബോധവൽക്കരണത്തിന്റെ ടോൺ ഡോൺ പാലത്തറ സിനിമകൾക്കില്ല. ‘ഫാമിലി’ എന്ന ഡോണിന്റെ പുതിയ സിനിമ, കുടുംബം എന്ന സ്ഥാപനത്തെ എഡിറ്റ് ചെയ്യാതെ ചിത്രീകരിക്കുന്നു. കുടുംബം എന്ന സ്ഥാപനത്തിനും മതത്തിനും എതിരായ വിമർശനമായിത്തീരുകയാണ് ഈ സിനിമ.

സ്കൂളിൽ പുതിയതായി ചേർന്ന സോണി (വിനയ് ഫോർട്ട്) എന്ന അധ്യാപകനെ ഹെഡ്‍മിസ്ട്രസ് (സജിത മഠത്തിൽ) സ്കൂൾ അസംബ്ളിയിൽ പരിചയപ്പെടുത്തുന്നു. കുട്ടികൾ കൈയടിയോടെ സ്വീകരിക്കുന്നു. നന്മയും സ്നേഹവും നിറഞ്ഞ കർത്താവിനെ പ്രാർത്ഥനയിലൂടെ സ്കൂൾ ഒന്നടങ്കം സ്തുതിക്കുന്നു. അതിനിടെ പെട്ടെന്ന് പെയ്ത മഴയുടെ (സമീപയാഥാർത്ഥ്യത്തിന്റെ) സ്പർശത്തിൽ അസംബ്ളി താനേ പിരിയുന്നു. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഇടയിൽ സ്കൂൾ വരാന്തയിൽ നിൽക്കുന്ന സോണിയുടെ തുറിച്ചുനോട്ടത്തിൽ സീൻ ഫ്രീസ് ആവുന്നു.

ഉടനീളം പതിയ താളത്തിലും വേഗത കുറഞ്ഞ പേസിലും ചരിക്കുന്ന 'ഫാമിലി' എന്ന ഡോൺ പാലത്തറയുടെ സിനിമയിലെ അവസാനരംഗമാണിത്. കുട്ടി (ഇര)കൾക്കിടയിലെ പുതിയ അധ്യാപകന്റെ ആ നിൽപ്പും നോട്ടവും പ്രേക്ഷകരിൽ ആശങ്കയുടെ തീ പടർത്തുന്നുണ്ടോ? നട്ടെല്ലിലൂടെ അരിച്ചിറങ്ങുന്ന മരവിപ്പായി അതു മാറുന്നുണ്ടോ? വളരെ സൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്ന ഒരു ചിത്രമാണ് ഫാമിലി. ഇതിനകം ചെയ്ത അഞ്ച് സിനിമകളിലൂടെ സവിശേഷമായ ചലച്ചിത്രഭാഷ രൂപപ്പെടുത്തിയ സംവിധായകനാണ് ഡോൺ പാലത്തറ. ഇവിടെ തന്റെ ആറാമത്തെ ഉദ്യമത്തിൽ കുടുംബം എന്ന സ്ഥാപനത്തെ എഡിറ്റ് ചെയ്യാതെ സംവിധായകൻ ചിത്രീകരിക്കുന്നു (‘Every edit is a lie’ എന്ന് ഗൊദാർദ് )

Family (2023)

മനുഷ്യരിലുള്ള കാപട്യത്തിന്റെ വഴികൾ അനേകമാണ്. കുടുംബവും സമുദായവും മതവും ദൈവവും ഒത്തിണങ്ങി പ്രവർത്തിക്കുമ്പോൾ ആ വഴികൾ അവയ്ക്കുള്ളിലെ ഒരാളുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നു. അത് പുറംജീവിതത്തേയും അകം ജീവിതത്തേയും സംഘർഷത്തിലാക്കുന്നു. അവിടെ അകങ്ങളുടെ രഹസ്യാത്മകതയും നിഗൂഢാത്മകതയും മനുഷ്യവിരുദ്ധതയുടെ പ്രതലങ്ങളെ നിലനിർത്തിക്കൊണ്ടാണ് വർത്തിക്കുന്നത്. നിഗൂഢതകളുടെ രൂപത്തിൽ അധികാരവും ചൂഷണവും ആണാധിപത്യവും കുടുംബം എന്ന സംവിധാനത്തെ സംരക്ഷിച്ചുനിർത്താൻ ജാഗരൂകമാവുന്നത് സിനിമ അനുഭവപ്പെടുത്തുന്നു.

ആ കുടുംബമാകട്ടെ ഹിംസാത്മകമായ ഒരിടമായി പലപ്പോഴും മാറുന്നു. മതം ഉദ്ഘോഷിക്കുന്ന നാഥൻ തിരുകുടുംബത്തിന്റെ കൂടി നാഥനാണ്. മതമൂല്യസങ്കൽപ്പങ്ങളുടെ മനുഷ്യവിരുദ്ധതയും വിശുദ്ധകുടുംബത്തിന്റെ അകവൈരുദ്ധ്യങ്ങളും പവിത്രതയുടെ പിന്നാമ്പുറങ്ങളും അനാവൃതമാവുന്നുണ്ട് ഈ സിനിമയിൽ. അകത്തുനിന്നുള്ള കുറ്റകൃത്യങ്ങൾക്ക് മറയിടാൻ കുടുംബസംവിധാനം എണ്ണയിട്ട യന്ത്രം കണക്കെ പെരുമാറുന്നു എന്ന് ചിത്രം കാണിച്ചുതരുന്നു. പുറത്തുനിന്നും കാണാൻ കഴിയാത്ത അസ്ഥികൂടങ്ങൾ സാമ്പ്രദായിക കുടുംബഘടനയുടെ ഇരുൾ നിറഞ്ഞ സ്ഥലികളിലുണ്ട്. പീഡകരുടെ പതുങ്ങിയിരുപ്പിന് സൗകര്യപ്രദമായ സ്ഥലമാണത്.

Family (2023)

പതുങ്ങിയിരുപ്പിന്റെ ഒരു പശ്ചാത്തലം ഫാമിലി എന്ന സിനിമയിലുടനീളമുണ്ട്. അതിനിണങ്ങിയ ആഖ്യാനം സിനിമ സ്വയം കൈവരിച്ചതുപോലെയാണ് തോന്നുക. സീനുകളുടെ പെട്ടെന്നുള്ള നിർത്തലും തെന്നിമാറലും ഇതുമായി അനുനാദത്തിൽ വർത്തിക്കുന്നു. ഇരകളെ ലഭിക്കുന്നതുവരെയുള്ള കാത്തിരിപ്പിന്റെ നീളവും ഇരയെ കീഴടക്കാനുള്ള സമയവും സന്ദർഭവും ലഭിക്കുന്നതിനുള്ള അന്വേഷണവും എല്ലാം സിനിമയുടെ പതിഞ്ഞ ടോണിലുണ്ട്. ഫ്രെയിമുകൾക്കിടയിലും കൂടി വായിക്കാതെ കുടുംബത്തിലെ ഇരപിടിയൻ മനോഭാവം പ്രേക്ഷകർക്ക് കണ്ടെടുക്കാനാവില്ല. കുടുംബം പതുങ്ങിയിരിപ്പുകൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി മാറുകയാണ്. അകത്തുള്ള കുഞ്ഞുങ്ങളെ വേട്ടയാടാനുള്ള സൗകര്യം ഈ അവസ്ഥ പ്രദാനം ചെയ്യുന്നു. മതപ്രോക്തമായ മാന്യതയുടേയും കുലീനത്വത്തിന്റേയും മറയിൽ പീഡകനും ക്രിമിനലിനും ഒളിച്ചു പ്രവർത്തിക്കാനുള്ള ഒരിടം അതു തുറന്നിടുന്നു.

ബോധവൽക്കരണത്തിന്റെ ടോൺ ഡോൺ പാലത്തറ സിനിമകൾക്കില്ല. സമുദായത്തിലെ സോണിക്കുള്ള സ്വീകാര്യത പ്രശ്നവൽക്കരിക്കാനോ മതഇടപെടലുകളെ തുറന്നുകാട്ടാനോ സംവിധായകൻ പ്രത്യക്ഷത്തിൽ ശ്രമിക്കുന്നില്ല. എന്നാൽ സിനിമ മൊത്തത്തിൽ കുടുംബത്തിനും മതത്തിനും എതിരായ വിമർശം (critique) ആയിത്തീരുകയാണ് ചെയ്യുന്നത്. നല്ല കുടുംബം എന്ന് അംഗീകാരമുള്ള ഒരു കുടുംബസംവിധാനത്തിനകത്ത് ഒരു ബാലപീഡകൻ സുരക്ഷിതമായി തുടരുന്നതിന്റെ സത്യസന്ധമായ ആവിഷ്കാരം വഴിയാണ് ഇത് സാധ്യമാകുന്നത്. അതിശക്തമായി അതുന്നയിക്കുകയല്ല, സ്വാഭാവികമെന്നോണം അത് എങ്ങനെ സംഭവിക്കുന്നു എന്ന് കാട്ടിത്തരുകയാണ് സിനിമ ചെയ്യുന്നത്. നീതി എപ്പോഴും സംഭവിച്ചുകൊള്ളണമെന്നില്ലെന്ന് അവസാനദൃശ്യം ഓർമിപ്പിക്കുന്നുമുണ്ട്.

ഡോണ്‍ പാലത്തറ

കുടുംബത്തിന്റെ നിലനിൽപ്പിനകത്തുള്ള ചൂഷണ പരിസരം വ്യക്തമാക്കുക മാത്രമേ സിനിമ ചെയ്യുന്നുള്ളൂ. അപ്പോഴും അത് വലിയ വിമർശനം തന്നെയായി പരിണമിക്കുന്നുണ്ട്. ദൈവവും മതവും പള്ളിയും വ്യക്തിജീവിതത്തിന്റെ ഓരോ അണുവിലും ഇടപെടുന്നതിന്റെ ദൃശ്യങ്ങൾ സിനിമയിലുടനീളം കാണാൻ കഴിയും. ധ്യാനവും കൗൺസിലിംഗും മോട്ടിവേഷനും തുടങ്ങി ഒരോരോ പദ്ധതികളാൽ അത് വ്യക്തികളെ മെരുക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ജനനം, വിവാഹം, മരണം തുടങ്ങി വ്യക്തിയുടെ പ്രധാന സംഭവങ്ങളിലെല്ലാം ഇടപെടുന്ന മതത്തിന്റെ സാന്നിദ്ധ്യം കുടുംബത്തിനകത്തും പുറത്തും നിറഞ്ഞുനിൽക്കുന്നു.

വ്യവസ്ഥയുടെ നടത്തിപ്പുകാർ ആരേയും വെറുതെ വിടുന്നില്ല. വ്യവസ്ഥക്കെതിരെ ഉയരുന്ന സംശയങ്ങൾ മുളയിലേ നുള്ളിക്കളയാൻ സദാ ബദ്ധശ്രദ്ധരായിരിക്കും അവർ. കുടുംബസംവിധാനം ഇത്തരത്തിൽ നിലനിർത്താൻ ദൈവത്തെയാണ് അവർ കൂട്ടുപിടിക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും അടിത്തട്ടിലെ യൂണിറ്റാണ് കുടുംബം. അതിനെതിരെ സിനിമയുടെ വിമർശനത്തിന്റെ മുന ചെന്നുകൊള്ളുന്നു എന്നത് പ്രസക്തമാണ്. വാഴ്ത്തപ്പെടുന്ന കുടുംബവ്യവസ്ഥയുടെ നേർക്കുള്ള സിനിമയുടെ സൂക്ഷ്മപ്പെടൽ കൃത്യമാണ്. ഇരകളെ കണ്ടെത്തുന്നതിനും തന്റെ രഹസ്യകാമനകൾ ഇരകളിൽ ഏകപക്ഷീയമായി പരീക്ഷിച്ച് തൃപ്തിപ്പെടുന്നതിനും സോണിക്ക് അനായേസേന കഴിയുന്നത് കുടുംബവ്യവസ്ഥയ്ക്കുള്ളിലാണ്.

Family (2023)

സമുദായജനങ്ങളുടെ കണ്ണിലുണ്ണിയും സുജനമര്യാദയുടെ ആൾരൂപവുമായി കഴിയാൻ മത-കുടുംബ പാരിസ്ഥിതികതയാണ് സോണിയെ സഹായിക്കുന്നത്. മോശം അഭിപ്രായം കേൾപ്പിക്കാതിരിക്കാനുള്ള പ്രയോഗങ്ങളെല്ലാം അയാൾക്ക് വശമാണ്. സഹായം വേണ്ടിടത്തൊക്കെ ഓടിയെത്തുന്ന ഒരാൾ. സദാചാരപാലനത്തിൽ തെറ്റ് വരാൻ സാധ്യതയില്ലാത്ത ഒരാൾ. സോണി എല്ലാവർക്കും ആങ്ങളെപ്പോലെയോ മകനെപ്പോലെയോ ആണത്രെ. നന്മമരത്തിനുള്ളിലെ അയാളിലെ വേട്ടക്കാരനെ സൂക്ഷ്മതയോടെ സിനിമ കണ്ടെടുക്കുന്നു എന്നതാണ് പ്രധാനം. അയാൾക്ക് രഹസ്യവും പരസ്യവുമായ ജീവിതങ്ങളുണ്ട്. പരസ്യജീവിതത്തിനുള്ളിൽ രഹസ്യജീവിതം ഒളിപ്പിക്കാൻ അയാൾക്ക് കഴിയുന്നുമുണ്ട്. അനുജൻ നോബി (മാത്യു തോമസ്) സോണിയിൽ നിന്നും അകലം പാലിക്കുന്നത് സോണിയെ ഇത്തരത്തിൽ മനസ്സിലാക്കിയതുകൊണ്ടാകണം. അങ്ങനെ മനസ്സിലാക്കലിന്റെ ചില പ്രവണതകളും ചില കഥാപാത്രങ്ങൾ കാണിക്കുന്നുണ്ട്.

സിനിമയ്ക്ക് പല ലെയറുകളുണ്ട്. സോണി എന്ന മനുഷ്യനിലെ ഗ്രേ ഷെയിഡ്സിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ ഈ ലെയറുകളിലേക്ക് കടക്കേണ്ടതുണ്ട്. മനുഷ്യരുടെ പെരുമാറ്റങ്ങളും മനോവ്യാപാരങ്ങളും പലപ്പോഴും വിചിത്രവും അപ്രവചനീയവുമാണ്. ഉൾജീവിതത്തിന്റെ രഹസ്യകാമനകൾ അസാധാരണവും. അതിന് അടിത്തറയായി വർത്തിക്കുന്ന കുടുംബസാഹചര്യങ്ങൾ നമ്മുടേതുപോലുള്ള സമൂഹത്തിലുണ്ട്. വിധേയത്വവും ഇണക്കലുകളും മൂടിവെക്കലുകളും പതിവായ കുടുംബഘടനയാണ് ഇന്നും നിലനിൽക്കുന്നത്.

Family (2023)

സിനിമ അത്തരം സാഹചര്യങ്ങളെ നേരിട്ട് വിശകലനം ചെയ്യുന്നില്ലെങ്കിലും ഒരാൾ എന്തായിട്ടാണ് വാസ്തവത്തിൽ ജീവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണം സിനിമയിലുണ്ട്. മനുഷ്യൻ ഉള്ളിന്റെ ഉള്ളിൽ എന്താണ് എന്ന് കാട്ടിത്തരാൻ സിനിമ ശ്രമിക്കുന്നു. അത് പ്രേക്ഷകരിലേക്ക് എത്തുന്നതോടെ മനുഷ്യരൊളിപ്പിക്കുന്ന തനിസ്വഭാവം അവർക്കുമുമ്പിൽ അനാവൃതമാകുന്നു. തങ്ങൾക്ക് ജീവിതത്തിൽ പരിചിതരായ നല്ല മനുഷ്യർ അകമെ ഇങ്ങനെയായിരിക്കുമോ എന്നത് സാധാരണ പ്രേക്ഷകരുടെ മനസ്സിലേക്ക് ഭീതിയായി കടന്നുവരാം. നന്മതിന്മകൾക്കപ്പുറം മനുഷ്യപ്രകൃതം ആർ‍ജിക്കുന്ന അവസ്ഥയെയാണ് സംവിധായകൻ കാട്ടിത്തരുന്നത്. സമുദായം വ്യക്തിയെ കേന്ദ്രമാക്കി ഒരു മാതൃക സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ വ്യക്തി തന്നിലെ കാമനകൾ രൂപപ്പെടുത്തുന്ന സ്വത്വഭാവങ്ങളിലൂടെ സഞ്ചരിക്കുന്നു.

ബാലപീഡനത്തെ നോർമലൈസ് ചെയ്യുന്ന സാമുദായിക പരിസരത്തെ, കുടുംബപരിസരത്തെ സിനിമ വളരെ സാവധാനമാണ് അനാവൃതമാക്കുന്നത്. മതസദാചാരം മനുഷ്യരെ വ്യവസ്ഥയുടെ നൃശംസതകളോടിണക്കുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണ്. ആദ്യസീനുകളിലൊന്നിൽ സോണി വീട്ടിൽ ഡ്രോപ്പ് ചെയ്യുന്ന കുട്ടി കണ്ണാടിയിൽ തന്റെ ചുണ്ടും കഴുത്തും മാറിടവും പരിശോധിക്കുന്ന രംഗമായാലും, വീട്ടിലെ ട്യൂഷനിടെ ടി വി യിലെ പരിപാടിയിൽ ലയിച്ച ഗൃഹനാഥന്റെ സാന്നിദ്ധ്യത്തിൽ പെൺകുട്ടിയെ ഉപയോഗിക്കാനായി കസേരയിലെ അസാന്നിദ്ധ്യമായി സോണി മാറുന്ന രംഗമായാലും സംവിധായകൻ കാണിക്കുന്ന ഒതുക്കത്തിന് അപാരശക്തിയാണുള്ളത്. തന്റെ സഹായമനഃസ്ഥിതിയോടെയുള്ള ഇടപെടലുകളിൽ തന്നിലെ പീഡോഫിലിനെ ഭംഗിയായി ഒളിപ്പിക്കാൻ സോണിയെ പ്രാപ്തനാക്കുന്നതിൽ മതവും സമുദായസദാചാരവും വലിയ പങ്കാണ് വഹിക്കുന്നത്.

Family (2023)

കുടുംബാഗമായ റാണി (ദിവ്യപ്രഭ) താൻ സാക്ഷിയായ സംശയകരമായ സാഹചര്യത്തെ അടിസ്ഥാനമാക്കി സോണിയെക്കുറിച്ച് ഉന്നയിക്കുന്ന സംശയങ്ങൾ ബന്ധുക്കളാലും പള്ളിയാലും മതത്താലും പിഴുതെടുക്കപ്പെടുന്നതിന്റെ രീതികൾ കാണുക. അവ നിശ്ശബ്ദമാക്കപ്പെടുന്നതിന്റെ സ്വാഭാവികരീതികൾ കാണുക. ഒത്തുതീർപ്പിന്റെ കരിമ്പടം ഇരകൾക്കുമേൽ വലിച്ചിടുന്നതിന്റെ സാമുദായികവഴികൾ അറിയുക. കുടുംബവും മതവും സമുദായവും വേട്ടക്കാരന് സംരക്ഷണകവചമൊരുക്കുന്നതിന്റെ സ്വാഭാവികരീതികൾ ആണവ. നീതു (നിജില കെ. ബേബി) വുമായുള്ള പ്രണയത്തിൽ നിന്നും സോണിയെ രക്ഷിച്ചെടുക്കാൻ ധ്യാനം കൂടാൻ പ്രേരിപ്പിക്കുകയാണ് ബന്ധു കൂടിയായ സിസ്റ്റ‍‍‍ർ (കെ. കെ. ഇന്ദിര) ചെയ്യുന്നത്. മതസമുദായം കുടുംബത്തിനും വ്യക്തിക്കും മേൽ പ്രവർത്തിക്കുന്ന വിധം വിവിധ സന്ദർഭങ്ങളിലായി സിനിമ വ്യക്തമാക്കുന്നു. ജീവശാസ്ത്രപരമായ അസ്തിത്വത്തിനപ്പുറം സമുദായത്താലും മതത്താലും ദൈവികമായ അനുഷ്ഠാനങ്ങളാലും പടുത്തുയർത്തപ്പെടുന്ന സാമുഹികനിർമിതിയാണ് കുടുംബം എന്ന് സിസ്റ്റർ പറയുന്നുണ്ട്. കുടുംബത്തെക്കുറിച്ചഉള്ള മതത്തിന്റെ നിർവചനമാണത്.

സോണിയെക്കൂടാതെ മറ്റൊരു വേട്ടക്കാരനെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. അതൊരു പുലിയാണ്. വീട്ടുമൃഗങ്ങളെ വേട്ടയാടുന്ന ഒരു മൃഗമാണത്. അതിനെ പിടിക്കാൻ നാട്ടുകാർ ഉണ്ടാക്കിയ കുഴിയിൽ വീഴുന്നത് ഒരു പശുവാണ്. ഇതുമായി ബന്ധപ്പെട്ട് സമുദായത്തിൽ നിന്ന് കിട്ടുന്ന പരിചരണം സറ്റയറിക്കലായ ഒരു ലെയറായി സിനിമയിൽ കാണാം . ഈ രൂപകത്തിലൂടെ ഒരു താരതമ്യം സംവിധായകൻ ഉദ്ദേശിച്ചിരിക്കാം. അവസാനദൃശ്യത്തിൽ കുട്ടികളുടെ മധ്യേ നിൽക്കുന്ന സോണി ആശങ്കകളോടൊപ്പം പരിഹാസ്യതയും പ്രേക്ഷകരിൽ ഉണ്ടാക്കാതിരിക്കില്ല. സ്റ്റാറ്റിക് ഷോട്ടുകളുടെ സവിശേഷമായ വിന്യാസത്തിലൂടേയും പേസിലൂടേയും ബിൽഡ് ചെയ്യപ്പെട്ടതാണ് സിനിമയുടെ മൊത്തം ടോൺ. അത് പക്വമായിതന്നെ നിർവഹിച്ചിട്ടുമുണ്ട്. യാഥാർത്ഥ്യത്തിന്റെ സങ്കീർണ്ണമായ അവസ്ഥയെ ചിത്രീകരിക്കേണ്ടിവരുന്ന സന്ദർഭങ്ങളിലെല്ലാം ആഖ്യാനരീതി അതിനാവശ്യമായ സംയമനവും നിയന്ത്രണവും പാലിച്ചിട്ടുണ്ടെന്ന് കാണാം. ദൃശ്യങ്ങളുടെ വിന്യാസങ്ങളെ അർത്ഥവത്താക്കാനും അവ പ്രമേയത്തിന്റെ അകക്കാമ്പിനോട് ഇണക്കിച്ചേർക്കാനും കഴിഞ്ഞിട്ടുണ്ട്.

Family (2023)

ഡോൺ പാലത്തറയുടെ ആറാമത് ഫീച്ചർ ഫിലിമാണിത്. 'ശവ'ത്തിനും (2015) 'വിത്തി'നും (2017) ശേഷം കത്തോലിക്കാ മതജീവിതപരിസരത്ത് നങ്കൂരമിട്ട സിനിമയാണിത്. മനുഷ്യസ്വഭാവത്തെ സംബന്ധിച്ച ദാർശനികമായ ധാരണകളുടെ ഒരു തലവും മധ്യതിരുവിതാംകൂറിന്റെ പ്രാദേശികസവിശേഷതകളുടെ ഒരു തലവുമിതിനുണ്ട്. കേവലമായ പ്രകൃതി സവിശേഷതകൾക്കപ്പുറത്ത് സാമൂഹ്യപരതയുടേയും മതപരതയുടേയും പ്രാദേശിക സവിശേഷതകൾ അത് ഉൾവഹിക്കുന്നുണ്ട്. മലയോരത്തിന്റെ പച്ചപ്പുകളുടെ ഇടയിലൂടെ സ്ലോ ത്രില്ലർ പേസിലാണ് സിനിമ സഞ്ചരിക്കുന്നത്. ജലീൽ ബാദുഷായുടെ ഫ്രെയിമിംഗ് ഒരേ സമയം നിസ്സംഗതയും മൈത്രീഭാവവും ഉള്ളതാണ്. ക്യാമറ അത്യപൂർവ്വം അവസരങ്ങളിലേ ക്ലോസപ്പിലേക്ക് പോകുന്നുള്ളൂ. ലോംഗ് ഷോട്ടുകളാണ് ബഹുഭൂരിപക്ഷവും. ഒരു അകലം പാലിച്ചുകൊണ്ടെ പ്രകൃതിയായാലും പശ്ചാത്തലമായാലും കഥാപാത്രങ്ങളായാലും ചിത്രീകരിക്കപ്പെട്ടിട്ടുള്ളൂ. സിനിമയുടെ ടോണിനനുസരിച്ചുള്ള ഉപയോഗമായി ഇതിനെ കാണാം. അത് ലാഗിംഗായി തെറ്റിദ്ധരിക്കപ്പെടാം. സിങ്ക് സൗണ്ടിന്റെ ഇടയിലുള്ള നിശ്ശബ്ദതകളാണ് പശ്ചാത്തലസംഗീതമായി പ്രവർത്തനക്ഷമമാകുന്നത്.

അനേകം വൈരുധ്യമാർന്ന ഷെയിഡുകളുള്ള കഥാപാത്രമാണ് സോണി. വിനയ് ഫോർട്ടിന്റെ ശരീരഭാഷ പൂർണ്ണമായും ഇത്തരമൊരു കഥാപാത്രത്തിന്റേതായി തീർന്നിട്ടുണ്ട് ചിത്രത്തിൽ. തന്റെ കരിയറിലെ മികച്ച പെർഫോ‍മെൻസുകളിലൊന്നാണ് വിനയ് ഫോർട്ട് നടത്തിയിരിക്കുന്നത് ഇതിലൂടെ. ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളുടെ സ്ക്രീൻ ടൈം താരതമ്യേന പരിമിതമാണ്. വിനയ് ഫോർട്ടിനെ കൂടാതെ ദിവ്യപ്രഭ, അഭിജ ശിവകല, നിൽജ കെ. ബേബി, മാത്യു തോമസ്, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.

റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ കഴിഞ്ഞവർഷം പ്രിമിയർ ചെയ്ത ഫാമിലിയുടെ രചന ഡോണും ഷെറിൻ കാതറിനും ചേർന്നാണ് നിർവഹിച്ചത്. എഡിറ്റിംഗ് ഡോൺ പാലത്തറ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ന്യൂട്ടൺ സിനിമയുടെ ബാനറിൽ സനിറ്റ ചിറ്റിലപ്പിള്ളിയും ആന്റോ ചിറ്റിലപ്പിള്ളിയും ചേർന്നാണ് നിർമാണം. ഇരുപത്തിയെട്ടാമത് കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ഇപ്പോൾ തിയേറ്ററുകളിലുണ്ട്.

Comments