‘തടവി’ലൂടെ മുന്നോട്ട്, മലയാളത്തിന്റെ സ്വതന്ത്ര സിനിമ

ഫാസിൽ റസാഖിന്റെ ‘തടവ്’ എന്ന സിനിമയെക്കുറിച്ച് സംവിധായകൻ പ്രതാപ് ജോസഫ് എഴുതുന്നു.

‘‘അസ്ഗർ ഫർഹാദിയോട് ഉപമിക്കാവുന്ന ഒരതുല്യ പ്രതിഭയെ മലയാള സിനിമക്ക് കിട്ടിയിരിക്കുന്നു - ഫാസിൽ എന്ന ചെറുപ്പക്കാരൻ. ഫാസിലും സംഘവും വളരെ പരിമിതമായ മൂലധനവും ചെറിയ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ച് നിർമിച്ചിരിക്കുന്നത് ഒരു സ്ത്രീയുടെ സ്വത്വരാഷ്ട്രീയത്തെയും അവരുടെ അരക്ഷിതത്വങ്ങളെയും സൂക്ഷ്മ വൈകാരികതയോടെ പരിചരിക്കുന്ന ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള ചിത്രമാണ്. തടവിനോടുപമിക്കാവുന്ന മറ്റൊരു ചിത്രം ഞാൻ ഇതുവരെ മലയാള സിനിമയിൽ എവിടെയും കണ്ടിട്ടില്ല. ഫാസിൽ എന്ന ഓട്ടർ - ഡിറക്ടറെ അടയാളപ്പെടുത്താൻ അദ്ദേഹത്തിന്റെ തടവ് എന്ന ഈയൊരൊറ്റ ചിത്രം മതി. ഞാൻ സിനിമ പഠിക്കാൻ തുടങ്ങിയിട്ടുപോലുമില്ലെന്ന് തടവെന്നെ ബോധ്യപ്പെടുത്തി".

Iffk- യിൽ നവാഗത സംവിധായകനുള്ള രജതചകോരവും ഓഡിയൻസ് പോൾ അവാർഡും നേടിയ, തടവ് എന്ന സിനിമയെക്കുറിച്ച് നവാഗത സംവിധായകർക്കുള്ള ഫിപ്രസ്‌കി പുരസ്കാരം നേടിയ ശ്രുതി ശരണ്യം എഴുതിയ വാക്കുകളാണിത്.

ഐ.എഫ്.എഫ്.കെയില്‍ നവാഗത സംവിധായകനുള്ള രജതചകോരം പുരസ്കാരം ഏറ്റുവാങ്ങുന്ന ഫാസില്‍ റസാഖ്

ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ആളല്ല ഫാസിൽ റസാഖ് എന്ന സംവിധായകൻ. വർഷങ്ങൾക്കുമുമ്പ് അതിര് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഫാസിലിനെ ആദ്യമായി പരിചയപ്പെടുന്നത്. അന്ന് ജൂറിയായിരുന്ന ഫെസ്റ്റിവലിൽ അതിര് മികച്ച ചിത്രമായി. ഞെട്ടിച്ചുകളഞ്ഞത് നന്ദിത ദാസ് എന്ന കൊച്ചുപെൺകുട്ടിയുടെ അസാധാരണമായ അഭിനയമായിരുന്നു. ഒപ്പം മൃദുൽ എസ്. എന്ന ചെറുപ്പക്കാരന്റെ സിനിമാട്ടോഗ്രാഫിയും (മൃദുലും വിനായക് എസ്സും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും).

ഫാസിലിന്റെ രണ്ടാമത്തെ സിനിമയായ 'പിറ'യിലെ കേന്ദ്ര കഥാപാത്രമായ പെൺകുട്ടി, തന്നെ വിവാഹത്തിൽനിന്നും രക്ഷപ്പെടുത്തിയ ചെറുപ്പക്കാരനോട് പറയുന്നുണ്ട്, "ചെറുപ്പത്തിൽ തലേല് മുണ്ടിടാത്തതിന് വാപ്പ എന്റെ തല മൊട്ടയടിച്ചതാ... അതിനുശേഷം തലേന്ന് തട്ടമൂരിപ്പോകുമോ എന്നോർത്ത് എനിക്ക് പേടിയായിരുന്നു. ആദ്യം ആ പേടിയൊക്കെ ഒന്ന് മാറട്ടെ. എന്നിട്ടുപോരേ കല്യാണമൊക്കെ" എന്ന്. ഫാസിലിന്റെ ആദ്യ രണ്ട് സിനിമകളിലേക്കുള്ള ഒരു താക്കോൽവാക്യമാണിത്. ഒരു പക്ഷേ രണ്ടുസിനിമയും ഒന്നായിത്തീരുന്ന മനോഹരമായ ഒരു നിമിഷവും.

നിരവധി അവാർഡുകൾ നേടിയ അതിരും പിറയും സംസ്ഥാന സർക്കാറിന്റെ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരവും നേടി.

അതിര്, പിറ, തടവ്... ഫാസിലിന്റെ മൂന്ന് തലക്കെട്ടുകളും നേരിട്ടല്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ സൂചന തരുന്നവയാണ്. മൂന്നു സിനിമകളിലും ഭാരതപ്പുഴ ഒഴുക്കിന്റെ / ഒഴുക്കില്ലായ്മയുടെ ഒരു രൂപകമായി വർത്തിക്കുന്നു. ആദ്യ രണ്ട് സിനിമകളും മുസ്‍ലിം കുടുംബ പശ്ചാത്തലത്തിലാണെങ്കിൽ തടവ് കുറേക്കൂടി വിശാലമായ ഭൂമിക തേടുന്നു.

അതിരിൽ ഒരു പത്തു വയസ്സുകാരി പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രം എങ്കിൽ പിറയിൽ അത് പഠനം തുടരാനാഗ്രഹിക്കുന്ന പതിനേഴു വയസ്സുകാരിയാണ്. തടവിൽ എത്തുമ്പോഴാകട്ടെ അത് ഒരു മുതിർന്ന സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളിലേക്ക് സഞ്ചരിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങൾക്ക് മാത്രമല്ല അപ്രധാനമെന്ന് തോന്നിക്കുന്ന കഥാപാത്രങ്ങൾക്കുപോലും ഒരു ആന്തരിക ജീവിതമുണ്ട് ഫാസിലിന്റെ സിനിമയിൽ. സ്ത്രീകളുടെ ആന്തരിക സംഘർഷങ്ങൾ ഇത്ര ആഴത്തിൽ ഒരു പുരുഷന് പകർത്താൻ കഴിയുന്നു എന്നത് അതിശയകരമാണ്. ഇവിടെയാണ് ശ്രുതി ശരണ്യത്തിന്റെ മുകളിലുദ്ധരിച്ച വാചകങ്ങളുടെ പ്രസക്തി.

പട്ടാമ്പിയും ഭാരതപ്പുഴയും പരിസര പ്രദേശങ്ങളുമാണ് ഫാസിലിന്റെ സിനിമയുടെ ഭൂമിക. അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമൊക്കെ ചുറ്റുവട്ടത്തുള്ളവർ തന്നെ. ഒരു പക്ഷേ, തടവിന്റെ ശബ്ദ സംവിധാനം നിർവഹിച്ച ഹരികുമാർ മാധവൻ നായർ മാത്രമായിരിക്കും പുറത്തുനിന്നുള്ള ഒരേഒരാൾ.

2014-ൽ സുദേവൻ പട്ടാമ്പിക്കടുത്തുള്ള പെരിങ്ങോട് എന്ന ഗ്രാമത്തേയും അവിടുത്തെ മനുഷ്യരെയും iffk യിലേക്കും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലേക്കും എത്തിച്ചു. പ്രമേയവും പരിചരണവുമൊക്കെ വ്യത്യസ്തമായിരിക്കുമ്പോഴും പല നിലയിലും സുദേവന്റെ തുടർച്ചയും വളർച്ചയുമുണ്ട് ഫാസിൽ റസാഖ് എന്ന ചെറുപ്പക്കാരനിൽ. തടവിലെ കേന്ദ്രകഥാപാത്രമായ ബീന ടീച്ചറും (ബീന ആർ. ചന്ദ്രൻ) വാപ്പുക്ക (വാപ്പു പൂലാത്ത്) യുമൊക്കെ 'ക്രൈമി'ലും ഉണ്ടായിരുന്നു എന്നത് യാദൃച്ഛികമല്ല.

മലയാളത്തിലെ സ്വതന്ത്രസിനിമ അതിന്റെ സുവർണ കാലഘട്ടത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ പുതിയ ചെറുപ്പക്കാർ പുതിയ സിനിമകളുമായി രംഗപ്രവേശം ചെയ്യുന്നു. സ്വന്തമായൊരു ഭാഷയും ശൈലിയും കാഴ്ചപ്പാടും ജീവിതപരിസരവും അഭിനേതാക്കളുമായാണ് അവരുടെ വരവ്.


പ്രതാപ്​ ജോസഫ്​

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, മാധ്യമപ്രവർത്തകൻ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ തുടങ്ങിയവ പ്രധാന സിനിമകൾ.

Comments