മലയാള സിനിമയുടെ വളർച്ച വിരൽ ചൂണ്ടുന്നത്, പ്രേക്ഷക അഭിരുചിയിൽ സംഭവിച്ച സ്ഫോടനാത്മകമായ മാറ്റങ്ങളിലേക്കാണ്. 17ാം നൂറ്റാണ്ടിന്റെ ഉത്തരാർധം മുതൽ വിവർത്തനത്തിലൂടെയും വിജ്ഞാനവികാസത്തിലൂടെയും ലോകപര്യടനത്തിലൂടെയും വിശ്വസാഹിത്യം മലയാളിക്ക് ലഭ്യമായിട്ടുണ്ട്. കാലികമായ മാറ്റങ്ങളിലൂടെ നേടിയ വിജ്ഞാനമാതൃകകൾ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളസാഹിത്യത്തിൽ പുനരാഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമ്യ ജീവിത പശ്ചാത്തലത്തിൽ നിലനിൽക്കുമ്പോഴും ആധുനികമായ ചിന്തകൾ സാഹിത്യത്തിൽ നിറഞ്ഞാടിയിട്ടുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിലനിൽക്കുമ്പോൾത്തന്നെ അണുകുടുംബവ്യവസ്ഥിതിയുടെ ആവശ്യകതയെക്കുറിച്ച് മലയാളി അവബോധം നേടി.
കാൽപനികതയുടെ കുടക്കീഴിൽ ഒതുങ്ങിനിന്നിരുന്ന മലയാള സാഹിത്യം ദ്രുതഗതിയിലാണ് ആധുനികതയിലേക്ക് കടന്നത്. പത്തു വർഷത്തെ ഇടവേളയിൽത്തന്നെ പോസ്റ്റ് മോഡേണിസവും സാഹിത്യത്തിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. മാർക്സിയൻ വിമർശന പദ്ധതിയുടെ അളവുകോലുകൾ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ഇത് അടിത്തറയിൽ ഉണ്ടാവുന്ന മാറ്റമല്ല എന്നും പാശ്ചാത്യ സ്വാധീനമാണ് മലയാള എഴുത്തുകാരുടെ മനസ്സിനെ മഥിക്കുന്നത് എന്നും കാണാൻ സാധിക്കും. അടിസ്ഥാന ജനവിഭാഗങ്ങളിൽ ഭൂരിപക്ഷവും ഇന്നും മാനസികമായും സാമൂഹികമായും ആധുനികതയുടെ വിപരീതദിശയിലോ മിശ്രസംസ്കാരത്തിന്റെ സ്വാധീനത്തിലോ ആണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെയാണ് സാക്ഷരത അവകാശപ്പെടുമ്പോഴും മലയാളിയുടെ അബോധമനസ്സ് ഗോത്രചിന്തകളുടെ സ്വാധീനത്തിൽ നിന്ന് വിട്ടുമാറാൻ വിമുഖത കാട്ടുന്നത്.
വിരളമായി മാത്രം ‘ഹൊറർ ത്രില്ലർ’ സിനിമകൾ കണ്ടുശീലിച്ച മലയാളികൾക്ക്, 'ഡീയസ് ഈറെ' 'പോലുള്ള ചിത്രങ്ങളുടെ സത്തയെ ഉൾക്കൊണ്ട് ആസ്വദിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അപ്രിയസത്യം.
സാഹിത്യത്തിൽ സംഭവിച്ച ഈ മാറ്റം ഉദാഹരണമായി സ്വീകരിച്ചാൽ മാത്രമേ മലയാളി പ്രേക്ഷകരുടെ ചലച്ചിത്രാസ്വാദന നിലവാരത്തെക്കുറിച്ച് സംസാരിക്കാൻ സാധിക്കൂ. അതിൽത്തന്നെ ഹൊറർ സിനിമകളുടെ ആസ്വാദനമെന്നത് സൂക്ഷ്മ പഠനമർഹിക്കുന്ന മേഖലയാണ്. മാറിമറിയുന്ന ചലച്ചിത്ര ആഖ്യാനങ്ങൾക്കും ഴോണർ ഭേദങ്ങൾക്കുമപ്പുറം, മലയാളിയുടെ സിനിമയോടുള്ള കാഴ്ചപ്പാടിന്റെ നിലവാരം ഉയർന്നുനിൽക്കുമ്പോൾ, പ്രേക്ഷകരാണോ മലയാള സിനിമയാണോ മാറ്റങ്ങൾക്ക് ആദ്യം വിധേയമായതെന്ന ചോദ്യം, 'മുട്ടയാണോ കോഴിയാണോ ആദ്യം' എന്നതുപോലെ കൗതുകകരമായി മാറുന്നു. ഇത്തരമൊരു കാലഘട്ടത്തിൽ, ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയ്ക്കാണ് രാഹുൽ സദാശിവന്റെ 'ഡീയസ് ഈറെ' (Diés Iraé) എന്ന ചിത്രം ശ്രദ്ധേയമാകുന്നത്. മലയാളത്തിലെ പതിവ് ഹൊറർ സിനിമകളുടെ ആഖ്യാനത്തിൽനിന്ന് വ്യത്യസ്തമായി പശ്ചാത്തല സംഗീതത്തേക്കാൾക്കൂടുതൽ നിശ്ശബ്ദതയെ പുണരുന്ന ആഖ്യാനരീതിയാണ് രാഹുൽ സദാശിവൻ പിന്തുടരുന്നത്. വിരളമായി മാത്രം ‘ഹൊറർ ത്രില്ലർ’ സിനിമകൾ കണ്ടുശീലിച്ച മലയാളികൾക്ക്, ഇത്തരം ചിത്രങ്ങളുടെ സത്തയെ ഉൾക്കൊണ്ട് ആസ്വദിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് അപ്രിയസത്യം.

ഹൊറർ സിനിമകളുടെ പഠനസാധ്യത
ഭയം ജനിക്കുമെന്നറിഞ്ഞിട്ടും ഹൊറർ ചിത്രങ്ങൾ കാണാനും ഇഷ്ടപ്പെടാനും മനുഷ്യർക്ക് സാധിക്കുന്നത് എന്തുകൊണ്ടാണ്? ഹൊറർ ചിത്രങ്ങൾ കാണാനുള്ള മനുഷ്യന്റെ പ്രേരണയെക്കുറിച്ചും സിനിമ വ്യക്തികളുടെ പെരുമാറ്റ - വൈജ്ഞാനിക - വൈകാരിക പ്രതികരണങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചും വളരെ കുറച്ച് പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ.
മനഃശാസ്ത്രം, സൈക്കോ തെറാപ്പി, കമ്മ്യുണിക്കേഷണൽ സ്റ്റഡീസ്, ഡെവലപ്‌മെന്റൽ സ്റ്റഡീസ്, ക്ലിനിക്കൽ സൈക്കോളജി, മാധ്യമ പഠനം തുടങ്ങി അന്തർ വൈജ്ഞാനിക പഠനസാധ്യതകൾ ഉപയോഗിച്ച് ഹൊറർ സിനിമകളുടെ പരിണാമത്തെയും ജനസ്വാധീനത്തെയും പ്രേക്ഷക പ്രതികരണത്തെയും പഠനവിധേയമാക്കേണ്ടത് അക്കാദമികമായ ആവശ്യമാണ്. പ്രേക്ഷകർ എന്തുകൊണ്ട് ഹൊറർ ചിത്രങ്ങൾ കാണുന്നു, എങ്ങനെയാണ് ഓരോ വ്യക്തിയും ഹൊറർ ചിത്രങ്ങളോട് തിയേറ്ററിൽ പ്രതികരിക്കുന്നത്, ഒരു ഹൊറർ ചിത്രത്തിന്റെ വിജയത്തിനുപിന്നിൽ ഓഡിയൻസിന്റെ പങ്ക് എത്രത്തോളമുണ്ട്, ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ബാല്യകാല ഓർമ്മകൾക്ക് പൊതുബോധനിർമ്മിതിയിലുള്ള പങ്ക് എത്രത്തോളമാണ്, അവരെ ഭയപ്പെടുത്തുന്ന ഘടകങ്ങൾ എന്തൊക്കെയാണ്, അതിനെ പ്രതിരോധിക്കാൻ അവർ എങ്ങനെയാണ് ശ്രമിക്കുന്നത്, ഭയത്തിന്റെ നിർമ്മിതിയിൽ സാഹിത്യത്തിന്റെ പിൻബലം എത്രയുണ്ട് തുടങ്ങി നിരവധി കാര്യങ്ങൾ ഹൊറർ സിനിമയുടെ നിർമ്മാണത്തിനും സ്വീകാര്യതയ്ക്കും പിന്നിൽ പ്രവർത്തിക്കുന്നു.
'ഡീയസ് ഈറെ' പോലുള്ള സിനിമകൾ തിയേറ്ററിൽ നേരിടുന്ന വെല്ലുവിളികൾ വിരൽചൂണ്ടുന്നത്, ഗുണമേന്മയുള്ള ഹൊറർ സിനിമകളുടെ വിജയത്തിന് ശബ്ദവും നിശ്ശബ്ദതയും ഒരുപോലെ പ്രധാനമാണ് എന്ന വസ്തുതയാണ്.
ഓരോ ലിംഗവിഭാഗങ്ങളും ചലച്ചിത്രത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് സവിശേഷമായ മറ്റൊരു പഠനമേഖലയാണ്. ജെണ്ടർ സ്റ്റഡീസിന്റെ പരിധിയിൽ വരുന്ന ഈ സമീപനവും സിനിമയുടെ സ്വീകാര്യതയെ പഠനവിധേയമാക്കാൻ അനിവാര്യമാണ്. കുറഞ്ഞ സഹാനുഭൂതി (Empathy) യും അളവിൽ കവിഞ്ഞ ഭയവും ഹൊറർ സിനിമയുടെ ആസ്വാദ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൊറർ സിനിമകളെ കൂടുതലായി കാണുവാനുള്ള ആഗ്രഹവും അവയോടുള്ള പ്രതികരണവും ജനിപ്പിക്കുവാൻ കാരണമാകുന്നുണ്ട് എന്ന് റീജൻസ് (Regent's University,London) സൈക്കോളജി പ്രൊഫസർ ആയ ഡോ. ജി നെയിൽ മാർട്ടിൻ (Dr G. Neil Martin) പ്രസ്താവിക്കുന്നു. ഉത്കണ്ഠയും വെറുപ്പും കൂടുതൽ പ്രകടമാക്കുന്നതും അനുഭവിക്കുന്നതും പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എന്ന് മനഃശാസ്ത്രപരമായി സമർത്ഥിക്കുന്ന മാർട്ടിൻ, ഭീതി ആസ്വദിക്കുന്നതിലെ മാനസിക വ്യത്യാസങ്ങളെക്കുറിച്ച് തന്റെ A Review of the Empirical Research on Psychological Responses to Horror film എന്ന ലേഖനത്തിൽ നിരീക്ഷിക്കുന്നു.

അഭ്രപാളിയിലെ നിഴലാട്ടം
മലയാളത്തിലെ ഹൊറർ സിനിമകളുടെ പട്ടിക പരിശോധിച്ചാൽ ഭൂരിഭാഗവും നിശ്ശബ്ദതയെക്കാൾ കൂടുതൽ ശബ്ദത്തെയും പശ്ചാത്തല സംഗീതത്തെയും ഭയത്തിന്റെ വിനിമയത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളവയാണ് എന്ന് കാണാൻ സാധിക്കും. ഭാർഗവീനിലയം (1964), ലിസ (1978) തുടങ്ങിയ ആദ്യകാല ചിത്രങ്ങൾ 'പ്രേതസിനിമകൾ' എന്ന ലേബലിൽ പ്രചുരപ്രചാരം നേടിയവയാണ്. നിഴലുകൾ, അശരീരികൾ, ചിരികൾ, സംഗീതം എന്നിവയിലൂടെ ഭയം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആദ്യകാല മാതൃകകളുടെ ക്ലാസിക് ഉദാഹരമായി ഇവ നിലനില്ക്കുന്നു. ഭയത്തെക്കാൾ വൈകാരികാംശത്തിനാണ് ഇവയിൽ പ്രാധാന്യം.
ഹൊറർ സിനിമയെ പ്രേതസിനിമകളായി കാണാതെ അതിന് മനഃശാസ്ത്രപരമായ വ്യഖ്യാനങ്ങൾ നൽകാനും മാനസിക ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസ്താവിക്കുവാനും ശ്രമിക്കുന്ന ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് (1993). കാലങ്ങൾക്കിപ്പുറം ഹൊറർ സിനിമകൾ തങ്ങളുടെ ഴോണറിനെ മുറുകെപ്പിടിക്കുകയും ഹൊറർ ത്രില്ലർ എന്ന നിലയിൽ ഭയത്തിന്റെ കലയിലേക്ക് പരിണമിക്കുകയും ചെയതു. അത്തരത്തിൽ എടുത്തുപറയേണ്ട ചിത്രങ്ങളാണ്, മലയാളത്തിൽ ആദ്യമായി ഡിജിറ്റൽ സങ്കേതം പ്രയോജനപ്പെടുത്തി വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'മൂന്നാമതൊരാൾ' (2006) എന്ന ചിത്രവും ദീപു സംവിധാനം ചെയ്ത വിന്റർ (2009) എന്ന ചിത്രവും. ശബ്ദമിശ്രണത്തിലൂടെ നിശ്ശബ്ദതയുടെ സാധ്യതകൾ തേടിയ അവിസ്മരണീയങ്ങളായ ഹൊറർ ചിത്രങ്ങളാണിവ. ‘ഹൊറർ ത്രില്ലർ’ എന്ന ഴോണർ മുറുകെപ്പിടിക്കുന്നതിലേക്ക് ഒരു നാഴികക്കല്ലായി ഇവ മാറിയെങ്കിലും സമാനമായ ചിത്രങ്ങൾ മലയാളം ഇൻഡസ്ട്രിയിൽ സംഭവിച്ചില്ല എന്നതാണ് യാഥാർഥ്യം.
ഭയത്തെ ഒരു കലാരൂപമായി കാണുകയും, സിനിമയുടെ സ്വത്വം നിലനിർത്താൻ സഹകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ, ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മലയാളി സംവിധായകർക്കും നിർമ്മാതാക്കൾക്കും എത്താൻ സാധിക്കുകയുള്ളു.
ഭയത്തെ പൊതിയുന്ന ശബ്ദത്തിന്റെ കവചം
‘ഡീയസ് ഈറെ’ എന്ന സിനിമയെക്കാൾ കൂടുതൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയയാത് തിയേറ്ററിലെ പ്രേക്ഷകപ്രതികരണത്തിലെ ചില ദുഷ്പ്രവണതകളാണ്. മുൻപ്രസ്താവിച്ചതുപോലെ മാറുന്ന ഹൊറർ ചിത്രങ്ങളിൽ ശബ്ദത്തേക്കാൾ നിശ്ശബ്ദതകളും ജമ്പ് സ്‌കെയറുകളേക്കാൾ (Jump Scare) നിശ്ചലമായ ഷോട്ടുകളുമാണ് കൂടുതൽ ഭയം ജനിപ്പിക്കുന്നതെന്ന് കാണാം. എന്നാൽ ചരിത്രപരമായി ക്ലാസിക് 'ഹൊറർ ത്രില്ലറുകൾ' വിരളമായി മാത്രം കണ്ടിട്ടുള്ള മലയാളി പ്രേക്ഷകർക്ക് തിയേറ്ററിലെ നിശ്ശബ്ദതകളെ ഉൾക്കൊള്ളുന്നതിൽ പരാജയപ്പെടേണ്ടി വരുന്നുവെന്നതിൽ അതിശയമില്ല.
ചിരികൾ, കമന്റ് പറച്ചിലുകൾ, അപശബ്ദങ്ങൾ എന്നിവ പുറപ്പെടുവിക്കുന്നവർ അവരറിയാതെ തന്നെ അവരുടെ തീവ്രമായ ഭയത്തെ അതിജീവിക്കാനും വൈകാരിക സന്തുലിതാവസ്ഥ നിലനിർത്തുവാനും (Emotional Homeostasis) പണിപ്പെടുന്നുണ്ട്. ഭയം, ഉത്കണ്ഠ, സമ്മർദ്ദം തുടങ്ങിയ തീവ്രമായ വികാരങ്ങൾ അനുഭവിക്കുമ്പോൾ, തലച്ചോറ് ഈ വൈകാരികാവസ്ഥയെ സന്തുലനപ്പെടുത്താൻ ശ്രമിക്കും. ഈ 'വൈകാരിക സന്തുലിതാവസ്ഥ' നിലനിർത്താനായി ശരീരം നടത്തുന്ന സ്വയം നിയന്ത്രണ (Self-Regulation) സംവിധാനമാണ് ‘പരിഭ്രമം കൊണ്ടുള്ള ചിരി’ എന്നത്. അമിതമായ ഭയത്തെ ലഘൂകരിക്കാൻ തലച്ചോറ് ഒരുതരം 'പോസിറ്റീവ് എക്സ്പ്രഷൻ' (ചിരി) പുറത്തുവിടുന്നു. ന്യൂറോസയന്റിസ്റ്റ് ആയ വി.എസ്. രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വെച്ച സിദ്ധാന്തമനുസരിച്ച്, ചിരി എന്നത് ഒരു പ്രതിരോധ സംവിധാനമാണ്. നമ്മൾ അഭിമുഖീകരിക്കുന്ന ഭീകരമായ സാഹചര്യം അത്ര ഭീകരമല്ലെന്ന് സ്വയം ബോധ്യപ്പെടുത്താനും, മാനസിക സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള ഒരു ശ്രമമാണിത്.

ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് സംഘം ചേർന്നുള്ള സിനിമാകാഴ്‌ചകൾ. ആഘോഷചിത്രങ്ങൾ അഥവാ വാണിജ്യസിനിമകൾ ഇത്തരം സംഘങ്ങളെ പ്രതീക്ഷിച്ചാണ് ചലച്ചിത്ര സന്ദർഭങ്ങൾ (Cinematic Moments) ഒരുക്കാറുള്ളത് . ഒരു പരിധിവരെ അവയുടെ ആസ്വാദ്യതയ്ക്ക് അത് അനിവാര്യവുമാണ്. സിനിമയുടെ ഉച്ചാവസ്ഥകളെ (Peak Moment) ത്വരിപ്പിക്കുന്നതിൽ ഈ താല്കാലിക സമൂഹത്തിന് വലിയ പങ്കുണ്ട്. എന്നാൽ സമാന്തര - മധ്യവർത്തി - ഹൊറർ സിനിമകളുടെ നിലനിൽപ് വ്യക്തിഗത ആസ്വാദനത്തിൽ അധിഷ്ഠിതമാണ്. ഈ വൈയക്തിക അനുഭവതലത്തിന് ഏതെങ്കിലും വിധത്തിൽ വിള്ളൽ സംഭവിച്ചാൽ സിനിമയുടെ സ്വീകാര്യതയെയും സ്വാധീനശക്‌തിയെയും സാരമായി ബാധിക്കും.
ഇത്തരത്തിൽ ആകസ്മിക ജനക്കൂട്ടം അഥവാ Casual Crowd നിലനിൽക്കുന്ന ഇടങ്ങളിൽ ഒന്നാണ് തിയേറ്റർ. ഇവിടെ അപരിചിതരും വ്യത്യസ്ത ആസ്വാദന- മാനസിക നിലവാരവുമുള്ള മനുഷ്യരോടൊപ്പം സിനിമ കാണുമ്പോൾ, ഭയം കുറയ്ക്കുന്നതിനായി ഒരാൾ ചിരിക്കുകയോ കമന്റ് പറയുകയോ ചെയ്താൽ മറ്റുള്ളവരും അത് പിന്തുടരാൻ സാധ്യതയുണ്ട്. ഇത് ഭയത്തിൽ നിന്ന് രക്ഷനേടാനുള്ള ഒരു സാമൂഹിക മാർഗ്ഗമായി (Social Mechanism) മാറുന്നു. എന്നാൽ, ഇത്തരത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങൾ, സിനിമയുടെ ഉദ്ദേശിച്ച സ്വാധീനം (ഇംപാക്ട്) നഷ്ടപ്പെടുത്തുകയും, ഗുണമേന്മയുള്ള ഹൊറർ ചിത്രങ്ങൾ ഒരു തിയേറ്റർ അനുഭവമായി നിലനിർത്താൻ സംവിധായകർക്ക് വെല്ലുവിളിയാവുകയും ചെയ്യുന്നു. ഇത്തരത്തിൽ പ്രേക്ഷകരുടെ ആസ്വാദനമൂല്യത്തിൽ സംഭവിക്കുന്ന മൂല്യച്യുതിയാണ് നിശ്ശബ്ദതകളെയും പ്രേക്ഷകരുടെ പ്രതിരോധത്തെയും മൂടിക്കെട്ടുന്ന ‘ഹൊറർ കോമഡി’ ചിത്രങ്ങളുടെ ഉത്ഭവത്തിന് പ്രേരണയായത്.
'പേടിച്ചാൽ മതി', 'ചിരിക്കരുത്' എന്ന ഹൊറർ ചിത്രങ്ങളുടെ അടിസ്ഥാനപരമായ ആവശ്യത്തെ പ്രേക്ഷകർ ചിരിച്ചുതള്ളുന്നു. ഇത് നിലവാരം കുറഞ്ഞ ഹൊറർ സിനിമകളുടെ പ്രചാരത്തിലേക്കാണ് വഴിവെക്കുന്നത്.
ഹൊറർ കോമഡിയുടെ ആധിപത്യം
എരിവിനൊപ്പം മധുരം ചേരുന്നതുപോലെ, ഭയത്തിന് പൂർണമായി കീഴടങ്ങാൻ മടിക്കുന്ന പ്രേക്ഷകമനസ്സിന്റെ രൂപകൽപ്പനയ്ക്ക് ഒരു പരിഹാരം എന്ന നിലയിലാണ് 'ഹൊറർ കോമഡി' എന്ന ഴോണർ (Genre) പ്രത്യക്ഷപ്പെടുന്നതും പ്രചാരം നേടുന്നതും. ഏറെ വിമർശിക്കപ്പെടുകയും സിനിമാ ഇൻഡസ്ട്രിയിൽ വിജയമായി മാറുകയും ചെയ്ത 'അരൺമനൈ' സീരീസ് ഇത്തരം ചിത്രങ്ങൾക്ക് ഒരുദാഹരണമായി കാണാം.
ഭയപ്പെടുത്തുന്ന രംഗങ്ങൾക്ക് പിന്നാലെ വരുന്ന കോമഡി രംഗങ്ങൾ, ഭയത്തെ അതിന്റെ പൂർണതയിൽ എത്തിക്കാതെ ഹാസ്യത്തോട് ലയിപ്പിച്ച് ഇല്ലാതാക്കുന്നു. പ്രേക്ഷകർക്ക് ഇത് 'ഇമോഷണൽ എസ്‌കേപ്പിസമായി' (Emotional Escapism) മാറുന്നു. ഇത്തരം പ്രവണതകളെ പ്രത്യക്ഷമായി വിമർശിക്കുന്നുണ്ടെങ്കിലും, പരോക്ഷമായി ഈ രീതി കണ്ടു ശീലിച്ച ഒരു വിഭാഗം പ്രേക്ഷകർ, തികച്ചും ഗൗരവമായ ഹൊറർ ചിത്രങ്ങളെയും 'ചിരിച്ചുതള്ളാനുള്ള' ഒരു എന്റർടെയിൻമെന്റ് രൂപമായി കാണാൻ തുടങ്ങിയിരിക്കുന്നു. അതായത്, 'പേടിച്ചാൽ മതി', 'ചിരിക്കരുത്' എന്ന ഹൊറർ ചിത്രങ്ങളുടെ അടിസ്ഥാനപരമായ ആവശ്യത്തെ പ്രേക്ഷകർ ചിരിച്ചുതള്ളുന്നു. ഇത് നിലവാരം കുറഞ്ഞ ഹൊറർ സിനിമകളുടെ പ്രചാരത്തിലേക്കാണ് വഴിവെക്കുന്നത്.

നിശ്ശബ്ദതയിലേക്ക്
കാതോർക്കാം
മലയാളി പ്രേക്ഷകരുടെ മാറുന്ന ഹൊറർ സിനിമാ വീക്ഷണം എന്നത് അന്തർ വൈജ്ഞാനിക പഠനങ്ങൾക്ക് സാധ്യതയുള്ള, സങ്കീർണ്ണമായ വിഷയമാണ്. 'ഡീയസ് ഈറെ' പോലുള്ള സിനിമകൾ തിയേറ്ററിൽ നേരിടുന്ന വെല്ലുവിളികൾ വിരൽചൂണ്ടുന്നത്, ഗുണമേന്മയുള്ള ഹൊറർ സിനിമകളുടെ വിജയത്തിന് ശബ്ദവും നിശ്ശബ്ദതയും ഒരുപോലെ പ്രധാനമാണ് എന്ന വസ്തുതയാണ്. ഇതിന് പിന്തുണ നൽകേണ്ടത് പ്രേക്ഷകരുടെ തിയേറ്ററിലെ പക്വമായ പ്രതികരണങ്ങളാണ്.
ഭയത്തെ ഒരു കലാരൂപമായി കാണുകയും, സിനിമയുടെ സ്വത്വം നിലനിർത്താൻ സഹകരിക്കുകയും ചെയ്യുമ്പോൾ മാത്രമേ, ക്ലാസിക് ഹൊറർ ചിത്രങ്ങളുടെ നിർമ്മാണത്തിലേക്ക് മലയാളി സംവിധായകർക്കും നിർമ്മാതാക്കൾക്കും എത്താൻ സാധിക്കുകയുള്ളു. സംവിധായകർക്ക്, ഹൊറർ കോമഡി എന്ന എളുപ്പവഴി ഉപേക്ഷിച്ച്, യഥാർത്ഥ ഭയം തിയേറ്ററുകളിൽ സൃഷ്ടിക്കാൻ കഴിയണം. എങ്കിൽ മാത്രമേ, ഹൊറർ എന്ന സിനിമാ വിഭാഗത്തിന്റെ നിലനിൽപ്പും വളർച്ചയും സാധ്യമാകൂ.
