കെ. രാമചന്ദ്രന്
FFSI – വിജയമുലെ പുരസ്കാരം

പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പ്രസിഡന്റാണ് കെ. രാമചന്ദ്രൻ. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്ല സിനിമയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന ഈ പുരസ്കാരം FFSI സ്ഥാപകരിൽ ഒരാളും ദീർഘകാലം ദേശീയ അധ്യക്ഷയും ആയിരുന്ന വിജയമുലെയുടെ ഓർമയ്ക്ക് ഏർപ്പെടുത്തിയതാണ്.

News Desk

ഫെ‍ഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (FFSI) – കേരള റീജ്യൻ നൽകുന്ന 2024- ലെ FFSI – വിജയമുലെ പുരസ്കാരത്തിന് മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകനും നിരൂപകനും സാമൂഹ്യപ്രവർത്തകനുമായ കെ. രാമചന്ദ്രൻ അർഹനായി. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും നല്ല സിനിമയ്ക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന ഈ പുരസ്കാരം FFSI സ്ഥാപകരിൽ ഒരാളും ദീർഘകാലം ദേശീയ അധ്യക്ഷയും ആയിരുന്ന വിജയമുലെയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ്.

പയ്യന്നൂർ സ്വദേശിയായ കെ. രാമചന്ദ്രൻ, അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽആരംഭിച്ച, കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റിയായ തിരുവനന്തപുരം ചിത്രലേഖയിൽ അംഗമായി ഫിലിം സൊസൈറ്റി പ്രവർത്തനം ആരംഭിച്ചു. തുടർന്ന്, 1975- ൽ പയ്യന്നൂരിൽ സർഗ്ഗ ഫിലിം സൊസൈറ്റി സ്ഥാപിച്ച് സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. ഇപ്പോൾ, പയ്യന്നൂർ ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നു. നിരൂപകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ രാമചന്ദ്രന്റെ പ്രവർത്തനങ്ങൾ കേരളത്തിലാകെ ഫിലിം സൊസൈറ്റി പ്രവർത്തനത്തിനും പുതിയ ചെറുപ്പക്കാർ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നതിനും വലിയ തോതിൽ ഊർജ്ജം പകർന്നു. സിനിമയുടെ സൈദ്ധാന്തികവും സാമൂഹ്യവുമായ വശങ്ങളെ പറ്റി അഗാധമായ അറിവുള്ള അദ്ദേഹം അനേകം പുസ്തകങ്ങളുടെ രചയിതാവും വിവിധ ആനുകാലികങ്ങളിൽ കോളമിസ്റ്റുമാണ്.

2023- ലെ പുരസ്കാരജേതാവും FFSI ജനറൽ സെക്രട്ടറിയുമായ അമിതാവ ഘോഷ് അധ്യക്ഷനും ചലച്ചിത്രകാരനും FFSI വൈസ് പ്രസിഡന്റുമായ ടി.വി. ചന്ദ്രൻ, ഡോ. സി. എസ്. വെങ്കിടേശ്വരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

Comments