1973ൽ ഇറങ്ങിയ ‘ശാസ്​ത്രം ജയിച്ചു മനുഷ്യൻ തോറ്റു’ എന്ന സിനിമയിൽ പ്രേം നസീറും ജയഭാരതിയും.

ഒരു മാപ്ലച്ചെക്കന്റെ സിൽമാകൊട്ടകകൾ

ഇത് ബാല്യ കൗമാരങ്ങളിലെ സിനിമാക്കാഴ്ചയുടെ കഥ മാത്രമല്ല. മലബാർ മുസ്‌ലിം കുട്ടികളുടെ ആത്മകഥയുടെ ഭാഗം കൂടിയാണ്. പ്രാദേശിക ചരിത്രത്തിന്റെയും ചിന്താ ചരിത്രത്തിന്റെയും മൺസ്പർശം നിറഞ്ഞ കുറിപ്പടികൾ. സത്യങ്ങളും അർദ്ധ സത്യങ്ങളും മൂടി ചരിത്രം നിദ്രയിലാവുകയും ഉണരുകയും ചെയ്യുന്നതിന്റെ ആഖ്യാനം

ഒന്ന്- ഹറാം സിനിമ

ഴിഞ്ഞ നൂറ്റാണ്ടായിരുന്നു സിനിമയുടെ നൂറ്റാണ്ട്.
ചലച്ചിത്ര സാങ്കേതികതയുടെ ആദ്യാങ്കുരങ്ങൾ തെഴുത്തത് 19-ാം നൂറ്റാണ്ട് അവസാനിക്കും നാളിലാണെങ്കിലും ജനപ്രിയ കല എന്ന നിലയ്ക്കും മനുഷ്യനെ കീഴ്‌പ്പെടുത്തിയ ഒരത്ഭുതം എന്ന നിലയ്ക്കും ആ കലയുടെ സർപ്പ സൗന്ദര്യങ്ങൾ ഓരോന്നും പത്തി വിടർത്തിയാടിയത് ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു മുമ്പ് ജീവിച്ചവർക്ക് സിനിമ പോലെയൊരു മാസ്മരിക കല അപ്രാപ്യമായിരുന്നു. സിനിമയുടെ ലാവണ്യ ശാസ്ത്രം എല്ലാ അർത്ഥത്തിലും ലോകജീവിതത്തെ ആകമാനം സമ്പന്നമാക്കി. സ്ഥിരപ്രതിഷ്ഠ നേടിയ മറ്റെല്ലാ കലാരൂപങ്ങളും സിനിമയുടെ കുത്തൊഴുക്കിൽ പുതിയ വേതാളമാറ്റങ്ങൾക്കു കാരണമായി. ലോക ചരിത്രം, സംസ്‌കാരം, സദാചാരം.. തുടങ്ങിയവയെല്ലാം പുതിയ കണ്ണോടെ നോക്കാനുള്ള ആർജ്ജവം സിനിമ നൽകി.

1960-70 കളിൽ പിന്നിട്ട എന്റെയും തലമുറയുടെയും ബാല്യ -കൗമാരങ്ങളിൽ സിനിമ ഉണ്ടാക്കിയ ഭ്രാന്തവും ഭാവനാപരവും സദാചാരപരവുമായ ഇളക്കങ്ങളെ, വടക്കൻ മലബാറിലെ മുസ്‌ലിം ഭൂരിപക്ഷഗ്രാമത്തിൽ വളർന്നു വലുതായ ഒരു മാപ്പിളചെക്കന്റെ കാഴ്ചക്കോണിലൂടെ ഓർത്തെടുക്കാനുള്ള തികച്ചും "ബാലിശമായ' ഓർമത്തുടർച്ചയാണ് ഈ എഴുത്ത്. സിനിമ ഹറാമായിരുന്ന സമയത്ത്, അക്കാലത്തെ കുടുംബ -സാമുദായിക സദാചാര സംക്രമങ്ങളെ വകഞ്ഞുമാറ്റി, വിലക്കുകളെ ഭാവനാപരമായും കുട്ടിത്തപരമായും തൃണവൽഗണിച്ചു കൊണ്ടാടിയ ഒരു കൂട്ടുജീവിതത്തിന്റെ ചരിത്രസ്മരണ.

വീട്ടിൽ നിന്ന്​ എപ്പോഴെങ്കിലും ചില മുതിർന്നവരും, നാട്ടിനുപുറത്തു നിന്നും ചില പോക്കിരികളും സിനിമ കണ്ടു. സിനിമ കാണുന്നവർ ദീനിന് പുറത്താണ് എന്ന അലിഖിത വിളംബരം അക്കാലത്ത്​ മലബാറിൽ മൊത്തമുണ്ടായിരുന്നു. ചിത്രംവര, ഫോട്ടോ ഒക്കെ പടച്ചോന്റെ സൃഷ്ടികളെ അനുകരിക്കുന്ന കല എന്ന നിലയ്ക്ക് ഇസ്‌ലാമിനെതിരാണ് എന്നൊരു ഫത്വയും അക്കാലത്ത്​ മദ്രസകളിൽ ഇടയ്ക്ക് ആവർത്തിക്കുമായിരുന്നു.

എസ്.എ. ജമീൽ

പ്രശസ്ത മാപ്പിളപ്പാട്ടുകാരനും ചിന്തകനുമായ എസ്.എ. ജമീൽ തന്റെ മദ്രസ നാളുകളിലുണ്ടായ ഒരു കഥ പലവട്ടം പറഞ്ഞത് സാന്ദർഭികമായി ഓർത്തുപോയി. പാട്ടിൽ എന്നപോലെ തന്നെ ചിത്രം വരയിലും പ്രാവീണ്യമുള്ള കുട്ടിയായിരുന്നു ജമീൽ. ഒരിക്കൽ ഉസ്താദ് കുട്ടികളോട് ചോദിച്ചു, അവർക്ക് ആരാവാനാണ് താൽപര്യം എന്ന്. ജമീലിന്റെ ഊഴമെത്തിയപ്പോൾ ആ കുട്ടി പറഞ്ഞു: ""എനിക്ക്​പടക്കണം.'' പടക്കൽ പടച്ചോന്റെ പണിയാണ്. ജമീലിന്റെ പ്രസ്താവന ദീനിന് നിരക്കുന്നതല്ലെന്ന് ഉസ്താദ്. എനിക്ക്​ വരക്കണമെന്നും അങ്ങനെ സ്രഷ്ടാവിനെ പോലെയാവണമെന്നുമാണ് ജമീൽ പറഞ്ഞത്.

എന്റെ ബാല്യകാലത്ത്, സ്‌കൂളിലും മദ്രസയിലും നന്നായി ചിത്രം വരയ്ക്കുന്ന കൂട്ടുകാർ ഉണ്ടായിരുന്നു. സ്‌കൂളിൽ ‌അവർ വരച്ച ചിത്രങ്ങൾ കാണിക്കുമായിരുന്നു. മദ്രസയിൽ വരയ്ക്കുന്നത് ഉസ്താദ് അറിയാതെ പങ്കുവെക്കുന്നവർ.

അന്ന് മാപ്പിളമാർ ഫോട്ടോ എടുക്കുമായിരുന്നില്ല. ഹജ്ജിനു പോകാൻ മാത്രമാണ് അക്കാലത്ത്​ ഫോട്ടോ എടുക്കാറ്​. എന്റെ ബാപ്പ ഹജ്ജിനു പോകാൻ വേണ്ടിയെടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയാണ് ഞാൻ ആദ്യമായി കാണുന്ന ഫോട്ടോഗ്രാഫ്. അതെന്നെ അത്ഭുതപ്പെടുത്തിയിരുന്നു. അതുപോലെ അക്കാലത്ത്​ഞങ്ങളുടെ നാട്ടിലെ ചെറുതെന്ന് തോന്നിയിരുന്നുവെങ്കിലും ബാർബർ ഷാപ്പുകളിൽ പലതരം ഹെയർ കട്ടിങ്ങുകളെ അനുകരിക്കുന്ന ഫോട്ടോ വെയ്ക്കുമായിരുന്നു. അത് നോക്കിനിൽക്കുന്നതിൽ വല്ലാത്ത ആനന്ദം അനുഭവിച്ചിരുന്നു. ബാർബർ ഷാപ്പുകൾ അക്കാലത്തുതന്നെ പലരാലും ഇടപഴകുന്ന ഒരു മിശ്ര സംസ്‌കാരത്തെ പ്രദാനം ചെയ്തു.

അന്ന് മാപ്പിളമാർ ഫോട്ടോ എടുക്കുമായിരുന്നില്ല. ഹജ്ജിനു പോകാൻ മാത്രമാണ് അക്കാലത്ത്​ ഫോട്ടോ എടുക്കാറ്​. എന്റെ ബാപ്പ ഹജ്ജിനു പോകാൻ വേണ്ടിയെടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയാണ് ഞാൻ ആദ്യമായി കാണുന്ന ഫോട്ടോഗ്രാഫ്

ഫോട്ടോയിൽനിന്നും പുരോഗമിച്ച് മൂവീ ഇമേജുകൾ ആയതോടെ, ഞങ്ങളുടെ നാട്ടിൽ സിനിമ പരിപൂർണ ഹറാമിലേയ്ക്ക് നീങ്ങി. അതോടെ, സിനിമ കാണാൻ തിടുക്കവും ആസക്തിയുമുള്ളവർ ഒളിഞ്ഞും പാത്തും പോയി സിനിമ കണ്ടു. സ്ഥിരം സിനിമക്ക് പോകുന്നു ചില വില്ലാളി വീരന്മാരും നാട്ടിലുണ്ടായിരുന്നു. എന്നാൽ അത്തരക്കാരെ ഹറാം പരികല്പനയ്ക്ക് അതീതമായി കണക്കാക്കി പുറത്തുനിർത്തി സമുദായം മുന്നോട്ടു‌പോയി.

ഭദ്രദീപം​ മൊല്ലാക്ക

സ്‌കൂളിൽ, മൂന്നിലോ നാലിലോ പഠിക്കുമ്പോഴാണ് ഞങ്ങളുടെ സ്‌കൂളിൽ ആദ്യ സിനിമ പ്രദർശിപ്പിച്ചത്. ഞങ്ങളുടെ നാട്ടിലെ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് തുടക്കമിട്ട അബ്ദുൽബാരി സാഹിബ് നൽകിയ സ്ഥലത്ത് പണിത സ്‌കൂളിന്റെ ആദ്യ കെട്ടിടം മാത്രമേ അന്നുണ്ടായിരുന്നുള്ളു. ലോവർ പ്രൈമറിയുടെ 4 ക്ലാസ്സുകളും ഓഫീസും അടങ്ങുന്ന നാട്ടിലെ ആദ്യത്തെ "സർവകലാശാല'. ഇംഗ്‌ളീഷ് പഠിപ്പിച്ചിരുന്ന കൃശഗാത്രനായ അലിമാഷ് ആണെന്ന് തോന്നുന്നു, ക്ലാസിൽ സിനിമാ പ്രദർശനത്തെ കുറിച്ച് വിളംബരപ്പെടുത്തിയത്. അന്ന് വൈകിട്ട് 7 മണിക്കായിരുന്നു കളി.
സ്‌കൂളിൽ സിനിമ കാണിക്കുന്നു എന്ന പ്രഖ്യാപനം വന്നതോടെ പലകോണുകളിൽ നിന്നും വിമർശനം വന്നുതുടങ്ങി. ഹറാമായ കാര്യം കുട്ടികളെ കാണിക്കരുതെന്നു ഒളിഞ്ഞും തെളിഞ്ഞും പ്രഖ്യാപനങ്ങൾ. ഞങ്ങൾ കുട്ടികൾ, ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

അപ്പോഴാണ് സ്‌കൂൾ അധികൃതരിൽനിന്ന്​വിശദീകരണമുണ്ടായത്. കാണിക്കുന്നത് സിനിമയല്ലെന്നും സർക്കാരിന്റെ പരസ്യചിത്രമാണെന്നും മറ്റും. സിനിമ കാണാൻ കുട്ടികൾ വരേണ്ടതില്ലെന്നും വലിയവർ മാത്രം കാണേണ്ടതാണെന്നും കൂടി വിശദീകരിക്കപ്പെട്ടു.
പിന്നെയാണ് കാര്യം മനസിലായത്, സർക്കാർ കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട്​ പ്രചരിപ്പിക്കുന്ന ഒരു സിനിമയാണത്. പേര് ഒള്ളതു മതി.
വൈകുന്നേരമായപ്പോഴേക്ക് സ്‌കൂൾ തിങ്ങിനിറഞ്ഞു. മഗ്​രിബ്​നമസ്‌കാരം കഴിഞ്ഞ്​ പള്ളിയിൽ നിന്നും അങ്ങാടിയിൽ നിന്നും പലരും സ്‌കൂളിലേയ്ക്ക് വന്നു. ഞങ്ങൾ കുറേ കുട്ടികളും സിനിമ കാണാനുണ്ടായി. ക്ലാസ് മുറികൾക്കിടയിലെ പനമ്പുകൾ മാറ്റി ഒറ്റ ഹാളാക്കി മാറ്റിയിരിക്കുന്നു. ചുമരിൽ ഒരു 16 എംഎം സ്‌ക്രീൻ കെട്ടിയിട്ടുണ്ട്.

കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട ആ സിനിമയ്ക്ക്​ കഥയുണ്ടായിരുന്നോ എന്നൊന്നും ഇപ്പോൾ ഓർമയില്ല.സിനിമയെ കുറിച്ചു തന്നെ അറിയാത്ത അക്കാലത്ത്​ സിനിമയുടെ ശില്പി ആരെന്നും എന്തെന്നുമൊന്നും അന്വേഷിക്കാനില്ലല്ലോ (അക്കാലത്ത്, സിനിമയോടൊപ്പം ന്യൂസ് റിവ്യൂ എന്ന സർക്കാർ ഫിലിം ഡിവിഷന്റെ 2 റീൽ ദൈർഘ്യം വരുന്ന ചെറുസിനിമ തീയേറ്ററുകളിൽ കാണിക്കാറുണ്ട്. ഒള്ളതു മതി, അതുപോലെയൊരു സിനിമയല്ലെന്നും, അക്കാലത്തെ പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത സിനിമയാണെന്നും, സത്യൻ, നസീർ, മധു, ഭാസി, കമലദേവി, അടൂർ പങ്കജം തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി നിർമിച്ച സിനിമയാണെന്നും കുറെ കാലങ്ങൾക്കുശേഷമാണ്​ തിരിച്ചറിഞ്ഞത്. അതിലെ കഥക്ക് ചെറിയ കുടുംബമെന്ന സങ്കല്പവുമായുള്ള ബന്ധമായിരിക്കാം, കുടുംബാസൂത്രണ സിനിമയായി അതിനെ പ്രചരിപ്പിക്കാനുണ്ടായ പ്രേരണ).

വേങ്ങര വിനോദ് ടാക്കീസിൽ നസീറിന്റെ ഭദ്രദീപം സിനിമ കളിക്കുന്നു. മുസ്‌ലിയാർ ആരുമറിയാതെ സിനിമക്ക് പോകുന്നു. നാട്ടുകാർ മൊല്ലാക്കയെ കണ്ടു. കാര്യം അങ്ങാടിപ്പാട്ടാകുന്നു. മുസ്‌ലിയാർക്ക്, ഭദ്രദീപം മൊല്ലാക്ക എന്നു പേര് വീഴുന്നു.

ഏതായാലും അക്കാലത്തെ, എന്നെപ്പോലെയൊരു ബാലന് ഞങ്ങളുടെ നാട്ടിൻപുറത്തിന്റെ സ്വഭാവത്തിലിരുന്നുകൊണ്ട് എന്താണ് ആ സിനിമയിൽ സംഭവിച്ചത് എന്ന് ഇന്ന് ഓർമയേയില്ല. ആകെ ഓർക്കുന്നത് ചില ഇമേജസ് മാത്രം. അർദ്ധനഗ്‌നകളായ സ്ത്രീ ഇമേജുകളും മനസ്സിൽ ഓടിമറയുന്നുണ്ട്. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആൾക്കൂട്ടത്തിനിടയിൽ, ഞങ്ങളുടെ പ്രിയപ്പെട്ട മൊല്ലാക്കയെ ഇരുട്ടിൽ ഒരു നിഴൽപോലെ കണ്ടതായി ചില കുട്ടികൾ പറഞ്ഞു. നേരം വെളുത്തപ്പോൾ നാട്ടിലും അങ്ങനെയൊരു സംസാരം പരന്നു. മദ്രസയിൽ ചേരുന്ന വിദ്യാർത്ഥികളെ ആദ്യാക്ഷരം എഴുതിപ്പഠിപ്പിക്കുന്നത് അദ്ദേഹമാണ്. അതുകൊണ്ടുതന്നെ, നാട്ടുകാരുടെയൊക്കെ ആദ്യഗുരു അദ്ദേഹമാണ്.
പിറ്റേന്ന്, മദ്രസയിൽ ചെന്നപ്പോൾ ആകപ്പാടെ സിനിമയെ കുറിച്ചുള്ള വിമർശനമാണ്. ഞങ്ങൾ സിനിമക്കുപോയ കുട്ടികൾ ഒന്നുമറിയാത്തപോലെയിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മൊല്ലാക്കയും കമ എന്നൊരക്ഷരം ആരോടും പറഞ്ഞില്ല. എന്നാൽ, മറ്റു ഉസ്താദുമാർ അങ്ങേരെ ഒഴിവാക്കുന്നെന്ന തോന്നൽ ഞങ്ങൾക്കുണ്ടായി. ഏതായാലും, സിനിമ പറയുന്നത്ര ഹറാമായ ഒരു സംഗതിയല്ലെന്ന് എന്റെ കുരുന്നു മനസ്സിൽ മെല്ലെ മെല്ലെ അള്ളിപ്പിടിച്ചു.

വീട്ടിൽ നിന്ന്​ രണ്ട് ​ജ്യേഷ്ഠന്മാർ എപ്പോഴെങ്കിലും സിനിമക്ക് പോയിരുന്ന വിവരം സ്വകാര്യമായി അറിയാറുണ്ട്. മദ്രസയിൽ പഠിപ്പിക്കുന്ന ഒരു മുസ്‌ലിയാർ ഒരിയ്ക്കൽ ഒളിച്ചു സിനിമക്കുപോയ കഥ ജേഷ്ഠൻ സരസമായി പറഞ്ഞു ചിരിക്കാറുണ്ട്. വേങ്ങര വിനോദ് ടാക്കീസിൽ നസീറിന്റെ ഭദ്രദീപം സിനിമ കളിക്കുന്നു. മുസ്‌ലിയാർ ആരുമറിയാതെ സിനിമക്ക് പോകുന്നു. എത്ര തന്നെ സ്വയം ഒളിപ്പിക്കാൻ നോക്കിയിട്ടും ടാക്കീസിലെ, തന്റെ നാട്ടുകാർ മൊല്ലാക്കയെ കണ്ടു. കാര്യം അങ്ങാടിപ്പാട്ടാകുന്നു. മുസ്‌ലിയാർക്ക്, ഭദ്രദീപം മൊല്ലാക്ക എന്നു പേര് വീഴുന്നു.

മറ്റൊരു കഥ, സത്യന്റെ കാവ്യമേളക്ക് പോയതാണ്.ജ്യേഷ്ഠനും തന്റെ സുഹൃത്തുക്കളുമാണ് ആ കഥയിലെ പാത്രങ്ങൾ. നല്ല വർഷക്കാലം. അക്കാലത്തെ ടാക്കീസുകൾ പലതും നല്ല മഴ പെയ്താൽ ചോരും. മാറ്റിനി ഷോ ജോറായി ഓടിക്കൊണ്ടിരിക്കുന്നു. പുറത്ത്​ ഭയങ്കര കാറ്റും ഇടിയും മഴയും. ഇന്റർവെൽ ആകുന്നതിനുമുമ്പേ ഒക്കെ കഴിഞ്ഞു. വേങ്ങര വിനോദ് ടാക്കീസ് കാറ്റിൽ ഉയർന്നുപോങ്ങി. "കാവ്യമേള കാറ്റുമേളയായി '. മഹാഭാഗ്യം എന്നുപറയട്ടെ, ആളുകൾ തടി സലാമത്താക്കി. ഹറാമായ കളിക്കുപോയി തടി സുരക്ഷിതമായതിന്റെ ആശ്വാസവും ആഘോഷമായിരുന്നു ആ പറച്ചിലിൽ.

അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട് നാട്ടിൽ പ്രചരിച്ച രസികൻ കഥകൾ എത്രയെത്ര. സിനിമ ഒരു അത്ഭുതകലയായതുകൊണ്ട് തന്നെയാണ്, എത്ര വലിയ വിലക്കുകളെ ഇരുട്ടിലാക്കിയും മനുഷ്യർ അതിലേക്ക് ഓടിയണഞ്ഞത്.അത് മനുഷ്യനിലെ സ്വപ്നത്തേയും ഭാവനയെയും ഉണർത്തുന്നു. ആ സ്വപ്ന മണ്ഡല ത്തിൽനിന്നും ഊരിപ്പോരാനാവാതെ,ഹറാമായ സിനിമയുടെ വക്താക്കൾ ആയി മാറേണ്ടുന്ന ഞാനും എന്റെ കൂട്ടുകാരും വിളക്കുനാളം കണ്ട ഈയാംപാറ്റയെപ്പോലെ സിനിമയുടെ മായിക മണ്ഡലത്തിൽ ചുറ്റിത്തിരിഞ്ഞു.

രണ്ട്​: കമ്മതാക്ക

ണ്ടു കാര്യങ്ങൾ കൊണ്ട് അക്കാലത്ത്​ സിനിമ ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു. ആദ്യത്തെ കാരണം, സിനിമ ഹറാം ആയതുകൊണ്ട്. രണ്ടാമത്തേത്, സിനിമ കാണാൻ ടിക്കറ്റിന്​ കാശ് വേണം. 5 മുതൽ 7 വരെ ക്‌ളാസിൽ പഠിക്കുന്ന കാലം. ഒരു ദിവസത്തെ ചെലവിന്​ ബാപ്പ തന്നിരുന്നത് 20 പൈസയാണ്. ഉച്ചക്ക്, 10 പൈസക്ക് ചായയും 10 പൈസയുടെ അരി മുറുക്കും തിന്നാൽ കീശ കാലി. ഒരിടത്തരം കുടുംബത്തിൽ നിന്ന്​ പോകുന്ന എന്നെപ്പോലുള്ള ഒരു വിദ്യാർത്ഥിയുടെ സ്ഥിതി ഇതാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. അക്കാലം അങ്ങനെയാണ്. മുഴുപട്ടിണിയും, അർദ്ധപട്ടിണിയും.

ഇവിടെയാണ് സിനിമാവേശത്തിന്റെ ആനമയിലൊട്ടകം കളി തുടങ്ങുന്നത്. എന്തെങ്കിലും പറ്റിപ്പു പറഞ്ഞ് ചില്ലിക്കാശ് വാങ്ങി ഒരുക്കൂട്ടി ഉണ്ടാക്കും. അന്ന് ബെഞ്ച് ക്ലാസ് ടിക്കറ്റ് ആണ് ശരണം. ഏറ്റവും മുന്നിൽ കുറച്ചു ബെഞ്ച് നിരത്തിയിട്ടുണ്ടാവും. മാറ്റിനിക്കേ പോകാറുള്ളൂ. അന്ന് ബെഞ്ച് ടിക്കറ്റിന് 45 പൈസയായിരുന്നു. നാൽവർ സംഘമാണ് ഞങ്ങളുടെത്. ടിക്കറ്റ് ഒപ്പിക്കാൻ ഉള്ള സഹകരണപ്രസ്ഥാനം ഞങ്ങൾ കെട്ടിപ്പടുത്തു. ചിലപ്പോൾ, 10 പൈസയുടെ കുറവായിരിക്കും ഒരാൾക്ക് സിനിമക്ക് പുറത്താവാൻ.
അവിടെയാണ്, കമ്മതാക്ക ഞങ്ങളുടെ രക്ഷകൻ ആവുന്നത്. ഞങ്ങളുടെ ഗ്രാമത്തിൽ സിനിമ പോസ്റ്റർ ഇല്ല എന്നു സൂചിപ്പിച്ചു. എന്നാൽ, കോട്ടക്കലിലേക്കുള്ള പാതിവഴിയിൽ ഒരു ചായമക്കാനിയുണ്ട്. അവിടെ സിനിമ പോസ്റ്റർ ബോർഡ് ഉണ്ട്. അങ്ങനെ ബോർഡ് സൂക്ഷിക്കുന്ന ഉടമസ്ഥർക്ക് ടിക്കറ്റിനു 35 പൈസ മതി. ഒരാഴ്ച ഒരു മാറ്റിനി ഷോ കാണാം. കമ്മതാക്ക സിനിമ കാണാറുണ്ടോ എന്നറിയില്ല. അക്കാലത്ത്, അദ്ദേഹത്തിന് 50 വയസ്സിന്റെ മതിപ്പുണ്ട്. മെലിഞ്ഞ്, വല്ലപ്പോഴും മാത്രം കുപ്പായം ധരിക്കുന്നയാൾ. എല്ലാ ആഴ്ചയിലെയും ബോർഡ് പാസ്സ് ഞങ്ങൾ ബുക്ക് ചെയ്യും. അങ്ങനെ, 10 പൈസ ലാഭിച്ചു, ഒരാളുടെ സിനിമാപട്ടിണി അങ്ങനെ പരിഹരിക്കും.

നസീർ ആയിരുന്നു ഞങ്ങളുടെ നാട്ടിലൊക്കെ ഏറ്റവും പേരെടുത്ത താരം. സിനിമ ഹറാമാണെന്ന് ജല്പിച്ചിരുന്ന പലർക്കും നസീറിനോടെന്തോ ഉള്ളിൽ ചുരുട്ടിവെച്ച ഒരു മുഹബ്ബത്ത് ഉണ്ടായിരുന്നു

കമ്മതാക്ക അധികം സംസാരിക്കാറില്ല. എന്നാൽ, എനിയ്ക്ക് അദ്ദേഹത്തോട് ഉള്ളിൽ ഒരു ബഹുമാനം തോന്നിയിരുന്നു. കാരണം, സിനിമ ഹറാമാണ് എന്നുറച്ചു വിശ്വസിച്ചിരുന്ന ഞങ്ങളുടെ സമുദായത്തിൽ, പ്രദേശത്ത് സിനിമ പോസ്റ്റർ ഒട്ടിക്കാനും അത് സംരക്ഷിക്കാനും നിൽക്കുന്ന ഒരാൾ കമ്മതാക്ക മാത്രമായിരുന്നു. ഹൈസ്‌കൂൾ കാലം കഴിയുവോളം ഈ ബോർഡ് പാസ്​ ഞങ്ങൾ ഉപയോഗിച്ചു. കമ്മതാക്ക ഒരുപക്ഷെ ചരിത്രത്തിന്റെ ഭാഗമായി മാറിയത് ഈ എഴുത്തിലൂടെയാവും. ചരിത്രം സമൂഹത്തിന്റെ കഥയാവുന്നത് ഇങ്ങനെയുള്ള വ്യക്തിസംഘാംഗങ്ങളിലൂടെയാവും. ഈ ഗ്രാമത്തിൽ ഞങ്ങളെപ്പോലുള്ള നിരവധിപേരുടെ കാഴ്ചസംസ്‌കാരത്തിൽ കമ്മതാക്ക എളിയ പങ്കു വഹിച്ചിട്ടുണ്ട്.

രാധാകൃഷ്ണയും വിനോദും

ഇത് രണ്ട് മനുഷ്യരുടെ പേരല്ല. രണ്ടു സിനിമാകൊട്ടകകളാണ്. ഞങ്ങളുടെ അഞ്ചാറ് കിലോമീറ്റർ അപ്പുറവും ഇപ്പുറവുമുള്ളവ. ഞങ്ങളുടെ നാട്ടിലെ സിനിമാ വിരോധികളുടെ പാരഡി ഭാഷയിൽ പറഞ്ഞാൽ, വല്യള്ളി (വലിയ പള്ളി). അക്കാലത്തു സിനിമക്ക് പോകുന്നതിനെ കളിയാക്കി പറയുന്നതാണ് "വല്യള്ളീ പോവാ' എന്നത്.

പറപ്പൂർ എ.യു.പി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കോട്ടക്കൽ രാധാകൃഷ്ണ ടാകീസിൽ ആദ്യചിത്രത്തിനു പോയത്. ഉദയം എന്ന സിനിമയാണ് ആദ്യം കാണുന്നത് എന്നാണോർമ്മ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ. രാധാകൃഷ്ണാ ടാക്കീസ് ജീവനക്കാരന്റെ പോസ്റ്റർ ഒട്ടിക്കലും, ജീപ്പിൽ പരസ്യം ചെയ്തു നോട്ടീസ് ചിതറിത്തെറിപ്പിച്ചുള്ള പോക്കും നടേ സൂചിപ്പിച്ചുവല്ലോ. കഥ വായിച്ച്, ശേഷം വെള്ളിത്തിരയിൽ എന്നു നിർത്തുന്നിടത് ഹൃദയമിടിപ്പ് കൂടും. എന്തായിരിക്കും സിനിമയുടെ ബാക്കി. കാണാൻ പോകുന്ന പൂരം കേട്ടറിയാണോ എന്ന ചൊല്ല് ഞങ്ങളെപ്പോലുള്ള കുട്ടികൾക്ക് തുണച്ചില്ല. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടായില്ല.

മധുവും നസീറും സത്യനും ഭാസിയും എസ്.പി പിള്ളയും തിക്കുറുശ്ശിയും ബഹദൂറും ഷീലയും ശാരദയും ജയഭാരതിയുമൊക്കെ നിറഞ്ഞാടുന്ന കാലം. നസീർ ആയിരുന്നു ഞങ്ങളുടെ നാട്ടിലൊക്കെ ഏറ്റവും പേരെടുത്ത താരം. സിനിമ ഹറാമാണെന്ന് ജല്പിച്ചിരുന്ന പലർക്കും നസീറിനോടെന്തോ ഉള്ളിൽ ചുരുട്ടിവെച്ച ഒരു മുഹബ്ബത്ത് ഉണ്ടായിരുന്നു.

നസീർ, പ്രേം നസീർ എന്നപേരിൽ സിനിമയിൽ പേരെടുക്കുന്നു. ചിറയൻ കീഴ് എന്ന ഒരു സ്ഥലത്തെക്കുറിച്ചു ആദ്യം കേൾക്കുന്നത് തന്നെ നസീറിന്റെ പേരുമായാണ്. മറ്റുള്ളവരുടെ പേരും ഊരും ഒന്നും ഞങ്ങൾക്കറിയില്ലായിയുന്നു. നസീർ മുസ്‌ലിം അല്ലെന്നും പേര് പ്രേം ആണെന്നുമൊക്കെ സിനിമ ഹറാമായ ദീനിസ്‌നേഹികൾ പറയാറുണ്ടായിരുന്നു. "ഓൻ മാപ്പ്‌ളയായാലും അല്ലെങ്കിലും കണക്കെന്നെ' എന്നുള്ള അഭിപ്രായക്കാരും ഇല്ലാതില്ല. മറ്റൊരു വേർഷൻ, നസീറും അനിയൻ നവാസും സ്‌റ്റുഡിയോക്കാരായിരുന്നു എന്നും ഫോട്ടോ "ഫ്രെയിം' ചെയ്തു കൊടുക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് "പ്രേം' എന്ന പേരിലെ ആദ്യവാക്ക് ഉണ്ടായതെന്നുമൊക്കെയായിരുന്നു. അതൊക്കെ തിക്കുറിശ്ശി എന്ന മഹാനടൻ ചാർത്തിക്കൊടുക്കുന്ന പേരാണ് എന്നും ശ്രുതിയുണ്ടായിരുന്നു. ഏതായാലും പ്രേം നസീർ ഒരു മുസ്‌ലിം ആണെന്നതിൽ ഞാനും എന്റെ കൂട്ടുകാരോടൊപ്പം സ്വകാര്യമായി അഭിമാനിച്ചു.

എ.യു.പി സ്‌കൂളിലെ കൂട്ടുകാരുമൊത്താണ് ആദ്യമായി സിനിമ കാണുന്നത്. എന്റെ ക്ലാസ്സിൽ അക്കാലത്തുതന്നെ, കോട്ടക്കൽ വരുന്ന സിനിമകൾ വിടാതെ കാണുന്ന മുസ്‌ലിം കുടുംബങ്ങളിലെ അംഗങ്ങളുമുണ്ടായിരുന്നു. എന്റെ ക്ലാസ്സിലുണ്ടായിരുന്ന മജീദ് അവന്റെ ജേഷ്ഠന്റെ കൂടെ എല്ലാ വെള്ളിയാഴ്ചയും മാറുന്ന സിനിമകൾക്കൊക്കെ പോകുമായിരുന്നു, എന്നൊക്കെയുള്ള കഥ എന്നിൽ അവനോട് അസൂയയുണ്ടാക്കിയിരുന്നു. സ്‌കൂളിൽ നല്ല ഗായകരും നൃത്ത വിദ്യാർത്ഥികളുമൊക്കെ ഉണ്ടായിരുന്നു. അന്നേ എനിയ്ക്ക് വായനയോടും കലാരൂപങ്ങളോടുമൊക്കെ വലിയ കമ്പമായിരുന്നു.

‘ചെമ്മീനി’ലെ പരീക്കുട്ടിയായി മധു

കഥകൾ വായിക്കാനും ഭാവനയിൽ മുഴുകാനും അന്നേ മനസ് മന്ത്രിച്ചു. മറ്റൊരു സതീർഥ്യൻ ഗോപാലനെ ഞാൻ പ്രത്യേകം ഓർക്കുന്നു. ഗോപാലൻ എപ്പോഴും അക്കാലത്തെ സിനിമാ പാട്ടുകൾ പാടി ഭാവഹാവാദികളോടെ നടക്കുന്നത് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ചങ്ങമ്പുഴയുടെ രമണനെക്കുറിച്ചൊന്നും അന്ന് ഞങ്ങൾ കേട്ടിട്ടില്ല. പിൽക്കാലത്ത് രമണൻ ആദ്യമായി വായിച്ചപ്പോൾ എനിയ്ക്ക് യു.പി സ്‌കൂളിലെ സുഹൃത്ത് ഗോപാലനെയാണ് ഓർമവന്നത്. രമണന് ശരിക്കും ഗോപാലന്റെ ഭാവചേഷ്ടകളായിരുന്നു. അതുപോലെ, മൈമൂനത്തിന്റെയും സംഘത്തിന്റെയും നൃത്തം ഞാൻ മറന്നിട്ടില്ല. "എല്ലാരും പാടത്തു.. വിതച്ചു, എനെന്റെ പാടത്ത് സ്വപ്നം വിതച്ചു...' എന്നൊക്കെയുള്ള പാട്ടുകൾ പാടി ആ പെൺസംഘം അടിവെച്ചത് ഇന്നും ഓർമ്മയിലുണ്ട്‌.

മൂന്ന്​: സിനിമാ സാഹസങ്ങളുടെ പൊട്ടിച്ചൂട്ടുകൾ

നസ്സിൽ എന്തൊക്കെയോ സ്വപ്നങ്ങൾ മൊട്ടിടുകയും വളരുകയും ചെയ്യുന്ന അക്കാലത്തു സിനിമ അവയ്ക്കു തീക്കനലുകൾ കോരിയിട്ടു. ഉദയം എന്ന സിനിമയ്ക്ക് പോയ വിവരം പറഞ്ഞുവല്ലോ. ഉദയത്തിൽ മധുവും ശാരദയുമാണ്. പി. ഭാസ്‌കരൻ ആണ് സംവിധായകൻ. പി. ഭാസ്‌കരനെ കുറിച്ച് അന്നേ കേട്ടിട്ടുണ്ട്. ഉദയം ഉള്ളിലുണ്ടാക്കിയ അത്ഭുതത്തിന് അതിരില്ല. 2 മണിക്കൂർ നേരം ഒരു ജീവിതകാലം മുഴുവൻ സ്വപ്നത്തിലിരിക്കുന്നതുപോലെ. സ്വന്തത്തെ മറന്നു ഇരുട്ടിൽ, ഒരു സ്വപ്നലോകത്ത്. കൂടെ എത്ര പേരുണ്ടെങ്കിലും ഒറ്റക്കൊറ്റക്കാവുന്ന വിചിത്രലോകം. മാത്രമല്ല, മലയാളിയുടെ ആധുനികതയുടെ തുടക്കത്തിലെ കലാസൗന്ദര്യ സങ്കല്പത്തിൽ അന്ന് ഏകാന്ത വ്യക്തികളുടെ സ്വപ്നവും ഹീറോയിസവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിശപ്പും ദാരിദ്ര്യവും തൊഴിലാളി മുതലാളി സംഘർഷങ്ങളും മതവും പരിഷ്‌കാരങ്ങളും തമ്മിലുള്ള സംഘർഷങ്ങളും പല വിതാനത്തിലുള്ള സിനിമകൾ ഉണ്ടാക്കി.

നസീറിന്റെ ഹീറോയിസം, സത്യന്റെ നിഷ്‌കൃഷ്ടനും ഉള്ളിൽ വ്യവസ്ഥയോട് ക്ഷോഭവുമുള്ള തൊഴിലാളിയും, എന്നു വേണ്ട വേഷങ്ങൾ മനസ്സിനത്തെ ദ്വിമുഖ ഹീറോസയിത്തെ കൊഴുപ്പിച്ചു......അവരുടെ പ്രണയ ദാതാക്കളായ നായികമാർ എന്റെ സ്വപ്നകാമിനിമാരായി

ഉദയത്തിൽ, ധാർമികമായ ക്ഷുഭിതത്വവും, നാടും, നാട്ടിലെ ഫ്യൂഡൽ ബന്ധങ്ങളോടുള്ള എതിർപ്പും മൂലം നാടുവിട്ട നായകൻ തിരിച്ചുവരുന്നതും, നാട്ടിലെ അധാർമ്മികതയ്ക്കും സാമൂഹ്യ അസമത്വത്തിനും കാരണമായ സംഭവങ്ങൾ പരിഹരിച്ച് തിരിച്ചുപോകുന്നതുമായ കഥ. മനസ്സിൽ, അതുവരെയില്ലാത്ത ഒരു ധാർമികത അവബോധവും സാമൂഹ്യ അസമത്വങ്ങളോടുള്ള എതിർപ്പും മനസ്സിൽ രൂപപ്പെടുത്തുന്നത് ഇത്തരം സിനിമകൾക്ക് പങ്കുണ്ട്. മതസമൂഹത്തിലുപരി മതേതരമായ ഒരു ഗ്രാമസങ്കല്പം രൂപപ്പെടാനുമൊക്കെ അന്നത്തെ കൗമാരങ്ങളെ നയിക്കുന്നതിൽ സിനിമകൾക്ക് പങ്കുണ്ട്. നസീറിന്റെ ഹീറോയിസം, സത്യന്റെ നിഷ്‌കൃഷ്ടനും ഉള്ളിൽ വ്യവസ്ഥയോട് ക്ഷോഭവുമുള്ള തൊഴിലാളിയും, എന്നു വേണ്ട വേഷങ്ങൾ മനസ്സിനത്തെ ദ്വിമുഖ ഹീറോസയിത്തെ കൊഴുപ്പിച്ചു......അവരുടെ പ്രണയ ദാതാക്കളായ നായികമാർ എന്റെ സ്വപ്നകാമിനിമാരായി..

ലൂമിയർ സഹോദരന്മാരെക്കുറിച്ചോ, ഹോളിവുഡിനെക്കുറിച്ചോ ഒന്നും ഞങ്ങൾക്കൊ എന്തിനധികം നാട്ടുകാരിൽ അർക്കെങ്കിലുമോ അന്ന് അറിവുണ്ടായിരുന്നു എന്നു പറയാനാവില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ ആരാധിച്ചിരുന്ന സിനിമ എന്ന കലാരൂപം കേരളത്തിന്റെ/മലയാളത്തിന്റെ സ്വന്തമായിരുന്നു എന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചു.

കുറ്റാന്വേഷണ നോവലുകളും സ്റ്റണ്ട് മാസ്റ്റർമാരും

ഞങ്ങൾ ഒരു ഐവർ സംഘമായിരുന്നെന്നു പറഞ്ഞല്ലോ. സ്‌കൂൾ കഴിഞ്ഞാൽ പിന്നെ ഒത്തുകൂടുന്നത് രണ്ടു കാര്യങ്ങൾക്കാണ്. ഒന്ന് ചുള്ളി- വടി (ചട്ടിയും ചുട്ടിയും), പന്തുകളി മുതലായവയ്ക്ക്. മലപ്പുറത്തുടനീളം അടിച്ചുവീശിയ കാൽപ്പന്തുകളി ഞങ്ങളുടെ രക്തത്തിലുമുണ്ടായിരുന്നു. എന്നാൽ, മലപ്പുറത്തുകാർ മുഴുവൻ എങ്ങനെയാണെന്നും അന്ന് ആലോചിച്ചിട്ടില്ല. ചുള്ളി- വടി കളി അവസാനിക്കുന്നത്, തോറ്റവനെ, "ഏലും മാലും കൂടിയ കുറ്റിക്കലെ കാവടിയെ....'എന്നു പറഞ്ഞു മൂളിപ്പിച്ചു കൊണ്ടാണ്. അങ്ങനെ മൂളിപ്പായാൻ നിശ്ചിത ദൂരമുണ്ട്. ആ ദൂരം പിന്നിടുന്നതിനു മുമ്പേ തോറ്റം/മൂളൽ നിലച്ചുപോയാൽ പറ എന്ന പേരിൽ ചുട്ടി വീണ്ടും ദൂരെക്കടിച്ചു മൂളിക്കും.

സിനിമാക്കഥ പറച്ചിലും റേഡിയോ ചലച്ചിത്രഗാനം കേൾക്കലും ക്രമേണ മുഖ്യ വിനോദമായി. ഒഴിവുവേളകളും ദിനങ്ങളും മിക്കവാറും അതിൽ പൊരിഞ്ഞമർന്നു. നസീർ കക്ഷിയും മധു കക്ഷിയും അങ്ങനെ രണ്ടു കക്ഷികൾ ഞങ്ങൾക്കിടയിൽ രൂപപ്പെട്ടു. അതിൽ രണ്ടാമത്തേതിൽ ഞാൻ മാത്രമേ ഉണ്ടായുള്ളൂ. മധുവിന്റെ ഭാവാഭിനയം എന്നെ ആകർഷിച്ചിരുന്നു. എന്നാൽ, പ്രണയരംഗാവിഷ്‌കാരങ്ങളിൽ ഞാൻ നസീറിനെ സ്വകാര്യമായി ആരാധിച്ചുപോന്നു.

ഹൈസ്‌കൂൾ ക്ലാസ്സുകളെത്തിയപ്പോൾ എന്റെ വായനയുടെ വിസ്തൃതി കൂടി. എന്റെ കൂട്ടുകാർ വായനയെ കാര്യമായി കണ്ടിരുന്നില്ല. ഡി. നോവലുകൾ അക്കാലത്തു ഏറ്റവും പ്രിയപ്പെട്ടവയായി. ദുർഗാപ്രസാദ് ഖത്രി, കോട്ടയം പുഷ്പനാഥ്, ഒക്കെ പ്രിയപ്പെട്ട എഴുത്തുകാരായി. ഡിറ്റക്റ്റീവ് മാർക്‌സ്, എന്റെ മനസ്സിൽ പലപ്പോഴും സി.ഐ.ഡി നസീറിനെ ഓർമിപ്പിച്ചു. ഷെർലോക് ഹോംസിനെ കുറിച്ചൊന്നും അക്കാലത്തു ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല. രക്തരക്ഷസ്സ്, ചെമന്ന പേന, ചെമന്ന മനുഷ്യൻ.... ഇങ്ങനെ നീളുന്ന അപസർപ്പക കഥകളും കൗമാരം തളിരേറ്റിയ പ്രണയ കൗതുകങ്ങളും വേറിട്ടൊരു ഭാവനാ ലോകം സൃഷ്ടിച്ചു. ചുറ്റുപാടും ചെറുകാടുകൾ നിറഞ്ഞ ചെറുമലഞ്ചരിവുകളും, സമൃദ്ധമായി ഒഴുകിയിരുന്ന കടലുണ്ടിപ്പുഴയും തോണി സഞ്ചാരങ്ങളും മീൻപിടുത്തവും നക്ഷത്രങ്ങൾ നിറഞ്ഞ പുഴയിലെ രാത്രിയാകാശവും.... അങ്ങനെ സിനിമാക്കഥകൾ പറഞ്ഞും സ്റ്റണ്ട് കൂടിയും കലഹിച്ചും സ്വപ്നം കണ്ടും ഉള്ള വളർച്ചയിൽ, ലോകത്തെ വേറിട്ട മട്ടിൽ കാണാനുള്ള ഒരു മനോകൃതം എന്നിലുണ്ടായി. മധുവും ശാരദയും അഭിനയിച്ച ദുഃഖകഥാ സിനിമകളിൽ നിന്നും കിനാക്കളിൽനിന്നും സ്റ്റണ്ട് ചിത്രങ്ങളുടെ കൂടെ അഭിരമിക്കാൻ പാകത്തിൽ മനസ്സിനെ വളർത്തി. അക്കാലത്താണ് സി.ഐ.ഡി നസീറും, കൊച്ചിൻ എക്‌സ്സ്പ്രസ്സും, മറവിൽ തിരിവ് സൂക്ഷിക്കുകയുമൊക്കെ മനസ്സിൽ ഒരന്വേഷകനെയും വീരേതിഹാസ സാഹസസഞ്ചാരിയെയും സൃഷ്ടിച്ചതെന്ന് പറയാം. സിനിമാഭ്രാന്ത് കലശലായി. 9, 10 ക്ലാസുകളിലായിരുന്നപ്പോൾ മനസ്സിനെ നിയന്ത്രിച്ച ദൈവം സിനിമ തന്നെ. അത്തരത്തിലുള്ള ചില കഥകളിലേക്കുള്ള സഞ്ചാരം അടുത്ത ഭാഗത്തു പറയാം.

വായനയും പാടവും തോടും പുഴയും കടന്നു നടന്നുപോകുന്ന സ്‌കൂൾ യാത്രയും ചലച്ചിത്രവും സ്‌നേഹത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും പുതിയ വ്യാകരണം തീർത്ത ജീവിത കഥകളാണ്

അപസർപ്പക കിന്നരിമാർ

തുറന്നു വെച്ച പുഴയിലേക്കാണ് വീടിനു മുകളിലെ വലിയ ജനൽ തുറന്നു വെച്ചിട്ടുള്ളത്. മൊയ്തു പടിയത്തിന്റെയും, കോട്ടയം പുഷ്പനാഥിന്റെയും, കാനം ഇ. ജെ.യുടേയും, കെ. ജി. സേതുനാഥിന്റെയും പുസ്തകങ്ങൾ അന്നത്തെ ജീവിത വീക്ഷണത്തെ ഏറെ സ്വാധീനിച്ചു. മലയാള മനോരമയിൽ നിന്ന്​ കലാ കൗമുദിയിലേക്കും മാതൃഭൂമിയിലേക്കും ഒക്കെ വായന മാറുന്നത് അക്കാലത്താണ്. വേങ്ങര ഗവ. ഹെെസ്‌കൂളിൽ പഠിക്കുമ്പോഴാണ് കലാകൗമുദി പെട്ടിക്കടയിൽ തൂങ്ങിക്കിടക്കുന്നത് ആദ്യം കാണുന്നത്. അന്ന് അടിയന്തരാവസ്ഥ കാലമാണെന്നും ഓർക്കുന്നു. മനോരമ ആഴ്ചപ്പതിപ്പിൽ നിന്ന്​ വേറിട്ടു നിൽക്കുന്ന കെട്ടും മട്ടും എന്നെ വല്ലാതെ ആകർഷിച്ചു. അക്കാലത്തു പത്രാധിപർ ആരാണെന്നതൊന്നും അന്വേഷണവിഷയം ഇല്ല. കിട്ടിയതൊക്കെ വായിക്കുക. കേരള കൗമുദി, ഏറെക്കുറെ അക്കാലത്താണ് ആരംഭിച്ചത് എന്ന് അടുത്തകാലത്ത്, എസ്. ജയചന്ദ്രൻ നായരുടെ എന്റെ പ്രദക്ഷിണ വഴികൾ വായിച്ചപ്പോഴാണ് അറിഞ്ഞത്. എന്റെ ധാരണ മലയാള മനോരമയെപ്പോലെ കുറെ മുമ്പേ ഉള്ളതായിരിക്കണം അതെന്നായിരുന്നു. മലയാളനാട് നിർത്തിയശേഷമാണ്​ കേരളകൗമുദി ആരംഭിച്ചത്.

മധുവിന്റെ സിന്ദൂരചെപ്പും നസീറിന്റെ പത്മവ്യൂഹവും ഒക്കെ വേങ്ങര വിനോദിൽ കളിക്കുന്നത് അക്കാലത്താണ്. കലാകൗമുദി ആദ്യമാദ്യം അത്ര ദഹിച്ചില്ലെങ്കിലും ക്രമേണ മനസ്സിൽ പച്ചപിടിച്ച ഒരു വായനാമരമായി അതു വളർന്നു. ഞാൻ പറഞ്ഞു വന്നത്, വായനയും പാടവും തോടും പുഴയും കടന്നു നടന്നുപോകുന്ന സ്‌കൂൾ യാത്രയും ചലച്ചിത്രവും സ്‌നേഹത്തിന്റെയും മനുഷ്യ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും പുതിയ വ്യാകരണം തീർത്ത ജീവിത കഥകളാണ്.
അന്ന് സിനിമക്ക് പോകുന്ന മാർഗങ്ങളിൽ ഒന്നായിരുന്നു അമ്മാവന്റെ വീട്ടിലേയ്ക്കുള്ള വിരുന്നുപോക്ക്. പുഴക്കക്കരെയാണ് അമ്മാവന്റെ വീട്. വേനൽക്കാലമായാൽ അമ്മായിക്ക് ഭ്രാന്ത് തുടങ്ങും. പിന്നെ പാട്ടും പുലമ്പലുമൊഴിഞ്ഞ നേരമുണ്ടാകില്ല. മാറ്റിനിയ്ക്കോ മോണിങ് ഷോയ്ക്കോ ആണ് പോകാൻ പ്ലാനിട്ടത് എങ്കിൽ, അമ്മാവന്റെ വീട്ടുചുറ്റുവട്ടമുള്ള പേരക്കാ തോട്ടത്തിൽ, പേരക്ക പറിക്കാൻ എന്നും പറഞ്ഞു പോകും. വീട്ടുകാരെ വിശ്വസിപ്പിക്കാൻ കുപ്പായം ധരിക്കില്ല. കുപ്പായം ആരുമറിയാതെ മാമന്റെ മകൻ ആദ്യമേ കൊണ്ടുപോയിട്ടുണ്ടാവും. അതായിരുന്നു വിദ്യ. വൈകുന്നേരം മടങ്ങിയെത്തുമ്പോഴും കുപ്പായമുണ്ടാവില്ല. ഇരുട്ടിയാൽ, മാമന്റെ മകൻ കുപ്പായവുമായി പുഴക്കരയിൽ എത്തുമ്പോൾ അവിടുന്ന് ശേഖരിക്കും. രാത്രിയാകുമ്പോൾ, വീട്ടുകാരറിയാതെ കുപ്പായം വീട്ടിൽ സ്ഥലംപിടിക്കും. ഇതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ തമാശയായേ തോന്നൂ. അന്ന്, സിനിമയോടുള്ള അഭിനിവേശത്തിന്റെ വേഷങ്ങളിൽ ചിലതായിട്ടും.

വേനലും ശീതവും മഴക്കാലവും പലതരത്തിലുള്ള അർത്ഥങ്ങളാണ് നൽകിയത്.
വേനലിൽ പോലും പുഴ വറ്റി വരളാറില്ല. സമൃദ്ധമായ മണലും ചെടികളും, ഇരു കരകളിലും "പുഴഞ്ചക്ക' എന്നു വിളിക്കുന്ന നദിക്കരമരങ്ങളിലെ രസകരമായ പഴങ്ങൾ, മാവുകളും കാട്ടു ചെടികളും... ഒക്കെ മാദകമായി തോന്നിപ്പിച്ച കാലം. വേനലിൽ പുഴനിറയെ നായാട്ടും മുണ്ടൻവെപ്പും. അക്കാലത്ത്​ മനുഷ്യ ജീവിതത്തിന്റെ സാരഥ്യം പുഴകൾക്കായിരുന്നു. ചൂണ്ടയിട്ടോ നായാടിയോ മത്സ്യം പിടിച്ചോ ആണ് മിക്ക വീടുകളിലും കഞ്ഞിക്കും ചോറിനും കറിയോ കൂട്ടാനോ ഉണ്ടാക്കിയത്. വള്ളംവലിച്ചും വലവീശിയുമുള്ള മീൻപിടിത്തം ഏറെ ജനപ്രിയമാണ്. എന്നാലും, ഇടക്ക് തോട്ടയിട്ട് മത്സ്യങ്ങളെ കൊന്നുപിടിക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇത്തരം അനുഭവങ്ങളും വായനയും ഓർമയും കൂടിക്കലർന്ന്​ മനസ്സിൽ സ്‌ഫോടകാത്മകായ ഭാവനകൾ തളിരിട്ടു. ജീവിതത്തിനു അവ മറ്റൊരു ഫിലോസഫി തന്നെ നൽകി.

കാറ്റും കോളും പേമാരിയും നിറഞ്ഞ വർഷക്കാലത്തെ വന്യമായ സന്ധ്യകളും രാത്രികളും എന്നെ നോവൽ വായന യിലേയ്ക്ക് വീഴ്ത്തിയപ്പോൾ എന്നിൽ മാസ്മരികമായൊരു ഭാവുകത്വം രൂപംകൊണ്ടു.

പൈങ്കിളിക്കഥകളുണ്ടാക്കിയ പ്രണയ ഭാവന മാനുഷികവും വൈകാരികവുമായ നിരവധി ജാലകങ്ങൾ തുറന്നു. പുൽത്തകിടികളും പുഴയും കാട്ടുചോലകളും മലയും മേടും ഇല്ലാത്ത കഥകൾ ഇല്ലെന്നു പറയാം. നേരത്തെ തുറന്നിട്ട മുകളിലെ ജനലിനെക്കുറിച്ചു പറഞ്ഞുവല്ലോ. പുഴയിലെ സൗന്ദര്യ ദൃശ്യങ്ങൾ പലതും അതിലൂടെ മനസ്സിൽ കടന്നു. സുന്ദരികൾ നീരാടുന്നതും മറ്റും ഒളിച്ചുകണ്ടു, സിനിമയുടെ വോയർ ടെക്‌നിക് പ്രയോഗിച്ചതുകൊണ്ട് അവർ എന്നെ കണ്ടില്ല. അന്ന് പുഴക്കടവുകളിൽ "കുളിപ്പുര 'എന്നൊരു കെട്ടുപുര ഉണ്ടായിരുന്നു, സ്ത്രീകൾക്കു കുളിക്കാൻ.

എന്റെ മുറിയുടെ വലതു മത്താരണ തുറന്നാൽ വീടിന്റെ കിഴക്കേ കാട്ടുചോല കാണാം. വേനലിൽ പോലും വറ്റാതെ ഒഴുകിയ വെള്ളിച്ചിലമ്പണിഞ്ഞ ചോല എന്നും പ്രചോദനമായിരുന്നു. കാറ്റും കോളും പേമാരിയും നിറഞ്ഞ വർഷക്കാലത്തെ വന്യമായ സന്ധ്യകളും രാത്രികളും എന്നെ നോവൽ വായന യിലേയ്ക്ക് വീഴ്ത്തിയപ്പോൾ എന്നിൽ മാസ്മരികമായൊരു ഭാവുകത്വം രൂപംകൊണ്ടു. കഥയിലെ നായികമാരും അപ‌സർപ്പക കഥകളിലെ നായകരും കിന്നരിമാരുമൊക്ക ഈ കാട്ടുചോലയിലൂടെ എന്റെ ഭാവനാപ്രപഞ്ചത്തിലേയ്ക്ക് വലിഞ്ഞുകയറിവന്നു. എന്റെ കാഴ്ചകളുടെ ഘോഷയാത്രയിലേക്ക് ഇതെല്ലാം ഒന്നിച്ചു. ▮

(തുടരും)


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments