'മൈസാബെൽ' എന്ന സിനിമയിൽ നിന്ന്

മൈസാബെൽ’; ​​​​​​​ഭീകരവാദത്തിന്റെ മറുപുറം

ഭീകരവാദ പ്രസ്​ഥാനങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച്​, ഒരു യഥാർഥ സംഭവത്തെ ആധാരമാക്കി എടുത്ത സിനിമയാണ്​, ഇസിയാർ ബൊലെയ്ൻ 2021ൽ പുറത്തിറക്കിയ സ്പാനിഷ് ചിത്രമായ മൈസാബെൽ.

ഫ്ലവേഴ്‌സ് ഫ്രം അനദർ വേൾഡ്, ഈവൻ ദി റെയ്ൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഇസിയാർ ബൊലെയ്ൻ 2021ൽ പുറത്തിറക്കിയ സ്പാനിഷ് ചിത്രമാണ് മൈസാബെൽ. സ്‌പെയിനിലെ ബാസ്‌ക് കൺട്രിയിൽ ഗിപ്‌സ്‌കോവ എന്ന പ്രദേശത്തിന്റെ ഗവർണറായിരുന്ന ജുവാൻ മരിയ ഹുറേഗി ഇ.ടി.എ എന്ന ബാസ്‌ക് തീവ്രവാദി സംഘത്താൽ 2000 ത്തിൽ വധിക്കപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ മൈസാബെൽ ഭീകരവാദ ഇരകൾക്കുവേണ്ടിയുള്ള ബാസ്‌ക് ഓഫീസിന്റെ ഡയറക്​ടറാകുകയും തീവ്രവാദ വിരുദ്ധ സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. ഈ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് മൈസാബെൽ എന്ന ചിത്രം രചിക്കപ്പെട്ടിട്ടുള്ളത്.

'മൈസാബെൽ' എന്ന സിനിമയിൽ നിന്ന്

തന്റെ ഭർത്താവിനെ റസ്​റ്റോറൻറിൽവച്ച് വധിച്ച് തന്റെയും മകൾ മറിയയുടെയും ജീവിതം ദുഃഖമയമാക്കി മാറ്റിയ കൊലയാളികളിൽ രണ്ടുപേരെ സംഭവത്തിനുശേഷം പതിനൊന്ന് വർഷം കഴിഞ്ഞ് അവർ തടവിൽ ചെന്ന് കാണുന്നുണ്ട്: ( ലൂയി കറാസ്‌കോഇ ബോൺ എക്‌സറെറ്റാ എന്നിവരെ); അവരോട് സംസാരിക്കുന്നുണ്ട്. ഇവർ മുൻ ഇ.ടി.എ ഭീകരവാദികളായിരുന്നെങ്കിലും ഇപ്പോൾ കുറ്റബോധവും പശ്ചാത്താപവും കൊണ്ട് വിവശമായ ഒരു ജീവിതമാണ് നയിക്കുന്നത്. തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെങ്കിലും ഇരകൾക്ക് ആശ്വാസമരുളാനുള്ള ശ്രമങ്ങളിൽ മുഴുകുമ്പോൾ സംഭാഷണത്തിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള സാദ്ധ്യതകളോട് തുറന്ന സമീപനം പുലർത്തുന്ന സ്ത്രീയാണ് മൈസാബെൽ.

ഭീകരവാദ പ്രസ്ഥാനങ്ങൾ, അവയുടെ പ്രഖ്യാപിത രാഷ്ട്രീയലക്ഷ്യങ്ങൾ എത്രതന്നെ ആകർഷകമായാൽപ്പോലും, സമൂഹത്തിൽ പരസ്പരം സംശയവും അവിശ്വാസവും വെറുപ്പും വിദ്വേഷവും പ്രസരിപ്പിച്ചുകൊണ്ടിരിക്കും.

സ്‌പെയിനിനകത്തുതന്നെയുള്ള സ്വയംഭരണാവകാശമുള്ള ഇടമാണ് ബാസ്‌ക് കൺട്രി എന്നറിയപ്പെടുന്ന പ്രദേശം. ഇ.ടി.എ എന്നത് ബാസ്‌ക് വിഭാഗത്തിന് സ്‌പെയിനിൽ നിന്ന്​ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന, ബാസ്‌ക് ദേശീയതയുടെ അടിസ്ഥാനത്തിൽ വിഭജനം ആവശ്യപ്പെടുന്ന പ്രസ്ഥാനമാണ്. ഇരുപതാം നൂറ്റാണ്ടിൽ ആഭ്യന്തര യുദ്ധം, ഫ്രാങ്കോവിന്റെ സ്വേച്ഛാധിപത്യം, കാറ്റലൻ സ്വാതന്ത്ര്യ പ്രസ്ഥാനം, ബാസ്‌ക് ഇ.ടി.എ സ്വാതന്ത്ര്യ പ്രക്ഷോഭം എന്നിവയാൽ കലുഷിതമായിരുന്നു സ്‌പെയിനിന്റെ രാഷ്ട്രീയാന്തരീക്ഷം. ബാസ്‌ക് സ്വാതന്ത്ര്യത്തിന്റെ പേരിൽ 800 ലധികം ആളുകളെ വകവരുത്തിയ പ്രസ്ഥാനമായിരുന്നു ഇ. ടി. എ. ഏതാനും ഇ.ടി.എ അംഗങ്ങളെയും അവരുടെ ഇരകളെയും കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം വികസിക്കുന്നത്.

ഇസിയാർ ബൊലെയ്ൻ

ഇ.ടി.എയുടെ പോരാളികൾ ആൾത്തിരക്കുള്ള ഹോട്ടലിൽ കയറി ജുവാൻ മാരിയാ എന്ന സിവിൽ ഗവർണറെ വെടിവെച്ചു വീഴ്ത്തുകയാണ്. ബാസ്‌ക് പ്രസ്ഥാനത്തിലെ മുഖ്യധാരയിൽപ്പെട്ട സ്പാനിഷ് ഭരണകൂടവുമായി സംഭാഷണങ്ങളിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. അക്രമത്തിലൂടെ സന്ധിസംഭാഷണങ്ങൾക്ക് തടയിടുക എന്നതായിരുന്നു ഇ.ടി.എയുടെ ലക്ഷ്യം. ഭർത്താവിന് വെടിയേറ്റ വിവരം മൈസബെൽ ഫോണിലൂടെ അറിയുന്നു. ആശുപത്രിയിലെത്തിയപ്പോൾ തങ്ങൾക്ക് രക്ഷപ്പെടുത്താൻ കഴിയാതെ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയാണ്. അവർ തകർന്നുപോവുന്നു. മകൾ മറിയയ്ക്കും ഇത് താങ്ങാവുന്നതിലപ്പുറമായിരുന്നു. കൊലക്കുത്തരവാദികളായ ഇ.ടി.എ സ്‌ക്വാഡിനെ തടവിൽ പാർപ്പിച്ചിട്ടുണ്ട്. കാലം എല്ലാ മുറിവുകളും ഉണക്കുന്നില്ല. അതിനാൽ ജീവിതത്തിൽ സന്തോഷം തീർത്തും നഷ്ടപ്പെട്ട ഒരാളായി മൈസബെൽ മാറുന്നു. ‘അമ്മയെയും അവർ നോട്ടമിടും. അതിനാൽ അംഗരക്ഷകരെ ഏർപ്പെടുത്തണ'മെന്ന് മകൾ അവർക്ക് താക്കീത് നൽകുന്നുണ്ട്.

ഭീകരസംഘങ്ങൾ പ്രാഥമികമായും മനുഷ്യത്വത്തിനെതിരാണ്. ഒടുവിൽ അവ വ്യക്തികളെ ആത്മനിന്ദയിലും നൈരാശ്യത്തിലും എത്തിച്ചു നശിപ്പിച്ചുകളയും.

മുത്തച്ഛന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ രണ്ടു ദിവസത്തെ പരോളിന് അനുവാദം വാങ്ങി ഇബോൺ പുറത്തുവരുന്നുണ്ട്. പുതിയ ഒരു തടവിൽ തല്ക്കാലം പാർപ്പിക്കവേ ഇബോൺ ലൂയിയോട് സംസാരിക്കുന്നത് തങ്ങൾക്ക് തെറ്റ് പറ്റിയതിനെക്കുറിച്ചാണ്. ഇ ടി.എ ഭീകരവാദത്തിന്റെ ഇരകൾ തന്നെയാണ് അതിലെ കൊലയാളികളായ തങ്ങളും എന്ന് അവരിപ്പോൾ തിരിച്ചറിയുന്നു. ആ സംഘടനയിലെ അംഗമായതിലും അക്രമം പ്രയോഗിച്ചതിലും അവർക്ക് ഖേദമുണ്ട്. വീട്ടിലൊരു മുറിയിൽ നിറയെ ഒട്ടിച്ച വിപ്ലവ പോസ്റ്ററ്റുകളും മറ്റും ചവറാണെന്നും അതൊക്കെ നീക്കിക്കളയണമെന്നും ഒരു ദിവസം തന്റെ അമ്മയോട് ഇബോൺ പറയുന്നുണ്ട്.

സിനിമയിൽ മൈസാബെൽ ലാസയായി വേഷമിട്ട ബ്ലാങ്ക പോർട്ടിലയോടൊപ്പം മൈസാബെൽ ലാസ

ഇരകളുടെ കുടുംബാംഗങ്ങളെ ഇ.ടി.എ ഭടന്മാരുമായി മുഖാമുഖം സംസാരിപ്പിച്ച് സമാധാനപരമായ ഒത്തുതീർപ്പുകളിലെത്തിക്കാനുള്ള ഒരു ശ്രമം സർക്കാർ ഇതിനിടയിൽ നടത്തുന്നുണ്ട്. ഭീകരവാദികളോട് അവരുടെ ഇരകൾക്ക് പറയാനുള്ളത് ശ്രദ്ധിക്കണമെന്നും രാഷ്ട്രീയമായ വിരൽചൂണ്ടലോ ഇരകളെ കുറ്റപ്പെടുത്തലോ പാടില്ലെന്നും അവർക്ക് നിർദ്ദേശം നൽകുന്നു. തന്റെ ഭർത്താവിനെ കൊന്ന ഇ ടി.എ സ്‌ക്വാഡിലെ രണ്ടുപേരെ കാണാൻ മൈസബെൽ തയ്യാറാവുന്നതിന്റെ പശ്ചാത്തലം ഇതാണ്. ലൂയിയുമായുള്ള സംഭാഷണം പിരിമുറുക്കം നിറഞ്ഞതാണ്.

തീവ്രവികാരങ്ങളുടെ തിരയിളക്കങ്ങൾക്ക് വിധേയരായ മൈസബെൽ, ലൂയിസ്, ഇബോൺ, മറിയ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാരുടെ സമർത്ഥമായ അഭിനയം എടുത്തുപറയേണ്ടതാണ്.

‘ഞങ്ങൾ സായുധസമരത്തിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞു. നിങ്ങൾ മദ്ധ്യസ്ഥശ്രമങ്ങൾ ഞങ്ങളോടല്ല നടത്തേണ്ടത്; ഇ.ടി.എ എന്ന സംഘടനയോടാണ്. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കേണ്ടത് ഞങ്ങളല്ല സംഘടനയാണ്’, തടവുകാർ അവരോട് പറയുന്നു. ലൂയി താൻ ചെയ്ത കൊലകളിൽ പശ്ചാത്തപിക്കുന്നുണ്ട്. ഇ.ടി.എയിൽ ചേർന്നത് ജനങ്ങളുടെ വിമോചനം പ്രതീക്ഷിച്ചായിരുന്നു. എന്നാൽ ചെയ്തത് മുഴുവൻ കൊടും ക്രൂരതകളായിരുന്നു. ഒരിക്കലും അക്രമത്തെ അനുകൂലിക്കാത്ത ജുവാൻ മാരിയയെ വധിച്ചത് സംഘടനയുടെ നിർദ്ദേശപ്രകാരമാണ്. അയാൾ ആരെന്നോ അയാൾ ചെയ്ത തെറ്റ് എന്തെന്നോ അയാളെ എന്തിന് കൊല്ലുന്നുവെന്നോ ഒന്നും അപ്പോൾ തനിക്കറിഞ്ഞുകൂടായിരുന്നുവെന്ന് ഘാതകൻ പറയുന്നുണ്ട്.

മൈസാബെൽ ലാസയും ജുവാൻ മരിയ ഹുറേഗിയും

‘താൻ സംഘടനയിൽ ചേർന്നത് 22 വയസ്സിൽ. ദേശീയവാദം മത്തുപിടിപ്പിച്ച അവസ്ഥയായിരുന്നു. കൊല്ലാനുള്ള ഉത്തരവാദിത്വം ആർക്കെന്നത് നാണയം മേലോട്ടെറിഞ്ഞ് തീരുമാനിക്കപ്പെട്ടതാണ്’- ഇതൊക്കെ മൈസാബലിന് ഒരു വെളിപാടായിരുന്നു. എത്ര നിർവികാരവും നിസ്സംഗവുമായാണ് രാഷ്ട്രീയക്കൊലകൾ ആസൂത്രിതമായിനടത്തപ്പെടുന്നതെന്നും എത്ര കുടുംബങ്ങളെയാണ് ഈ അറുകൊലകൾ തീരാദുഃഖത്തിന്റെ കയങ്ങളിലാഴ്ത്തുന്നതെന്നും അവർ തിരിച്ചറിയുന്നു. ക്രൂരവും മനുഷ്യത്വരഹിതവുമാണ് ഭീകരവാദ പ്രസ്ഥാനങ്ങളുടെ മാർഗ്ഗം. എങ്കിൽപ്പോലും, കുറ്റവാളികൾ ആത്മാർത്ഥമായാണ് അവരുടെ ചെയ്തിയിൽ പശ്ചാത്തപിക്കുന്നതെന്ന് ബോധ്യമായാൽ, മറക്കാനും പൊറുക്കാനും അവർ തയ്യാറാണ്. മറുപക്ഷത്തുള്ളവരല്ല യഥാർത്ഥ ശത്രുക്കൾ; മറിച്ച് മറുപക്ഷത്തോടുള്ള നമ്മുടെ തന്നെ വെറുപ്പാണ് എന്നും അവരറിയുന്നു. രാഷ്ട്രീയഭിന്നതകൾ ഒന്നും പരിഗണിക്കാതെ എല്ലാതരം ഭീകരവാദ ഇരകളെയും പരസ്യമായി അനുസ്മരിക്കുവാനുള്ള അവരുടെ ശ്രമം ചില സഹപ്രവർത്തകർ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം അനേകം കുറ്റവാളികളിൽ മനംമാറ്റമുണ്ടാക്കാൻ അവരുടെ ധാർമ്മികമായ നിലപാട് സഹായകമാവുന്നുണ്ട്. തന്റെ ഭർത്താവിനെ കൊന്ന കൊലപാതകികളോട് - ലൂയിസിനോടും ഇബോണിനോടും - മൈസാബെൽ മുഖാമുഖമിരുന്ന് സംസാരിക്കുന്ന രംഗം അതീവ ശക്തമാണ്. ബ്ലാങ്കാ പോർട്ടിലോ എന്ന നടി അവരുടെ അഭിമാനവും ദുരിതാനുഭവവുമെല്ലാം ഗംഭീരമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

ആയിരക്കണക്കിനാളുകൾ വെറും കൊലപാതകികളായി മാത്രം കണക്കാക്കുന്നവർക്ക് മാപ്പ് നൽകിയില്ലെങ്കിൽപ്പോലും അവരെ മനസ്സിലാക്കാനുള്ള ശ്രമത്തിൽ മൈസാബെൽ ഏറെ മുന്നോട്ട് പോവുന്നുണ്ട്.

ആയിരക്കണക്കിനാളുകൾ വെറും കൊലപാതകികളായി മാത്രം കണക്കാക്കുന്നവർക്ക് മാപ്പ് നൽകിയില്ലെങ്കിൽപ്പോലും അവരെ മനസ്സിലാക്കാനുള്ള ശ്രമത്തിൽ മൈസാബെൽ ഏറെ മുന്നോട്ട് പോവുന്നുണ്ട്. തന്റെ ഭർത്താവിനെ കൊന്നവർക്ക് അയാൾ ആരാണെന്ന് ഒരു പിടിയുമില്ലായിരുന്നു എന്ന തിരിച്ചറിവ് ഇതിൽ പ്രധാനമായിരുന്നു. ഒടുവിൽ തന്റെ ഭർത്താവായ ജുവാൻ മരിയക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ മൈസാബെൽ കൊലയാളികളിലൊരാളായ ഇബോണിനോടൊപ്പം ഒരേ കാറിൽ വരികയും അയാൾ ശവകുടീരത്തിൽ പൂക്കളർപ്പിക്കുകയും ചെയ്തത് വിശ്വസിക്കാനാവാതെ അമ്പരന്നാണ് അവിടെ കുന്നിന് പുറത്ത് ഒത്തുചേർന്നവർ നോക്കുന്നത്. പിന്നീട്, അവിടെ കൂടിയവരെല്ലാംചേർന്ന് ഒരു ബാസ്‌ക് ഗാനം ഒരുമിച്ച് പാടുകയാണ്.

കാറ്റലൻ സ്വാതന്ത്ര്യ പ്രസ്ഥാനം / Photo: Wikipedia

മാനസാന്തരം വന്ന ഇ.ടി.എ 2011 ൽ സായുധ സമരം നിർത്താനും പിന്നീട് 2012ൽ സംഘടന തന്നെ പിരിച്ചുവിടാനും തീരുമാനിച്ചു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും തങ്ങൾ ഉപേക്ഷിച്ചു എന്നവർ 2017ൽ പ്രഖ്യാപിക്കുകയുണ്ടായി. തീവ്രവാദവും അക്രമവും അവസാനിച്ച് സമാധാനവും സ്വാതന്ത്ര്യവും തിരിച്ചെത്തുമെന്നറിഞ്ഞു അമ്മയും മകളും സന്തോഷിക്കുമ്പോൾ ചിത്രം അവസാനിക്കുന്നു.

തീവ്രവികാരങ്ങളുടെ തിരയിളക്കങ്ങൾക്ക് വിധേയരായ മൈസബെൽ, ലൂയിസ്, ഇബോൺ, മറിയ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാരുടെ സമർത്ഥമായ അഭിനയം എടുത്തുപറയേണ്ടതാണ്. അനേകം പ്രശസ്ത ചലച്ചിത്രമേളകളിൽ മികച്ച അഭിനയത്തിനുള്ള അവാർഡുകളും നാമനിർദേശവും അവർക്ക് ലഭിച്ചിരുന്നു. മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് സംവിധായികയ്ക്ക് ലഭിച്ചു.

ഭീകരവാദ പ്രസ്ഥാനങ്ങൾ, അവയുടെ പ്രഖ്യാപിത രാഷ്ട്രീയലക്ഷ്യങ്ങൾ എത്രതന്നെ ആകർഷകമായാൽപ്പോലും, സമൂഹത്തിൽ പരസ്പരം സംശയവും അവിശ്വാസവും വെറുപ്പും വിദ്വേഷവും പ്രസരിപ്പിച്ചുകൊണ്ടിരിക്കും. ആരും ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ‘നിർവ്യക്തികമായ' കൊലകളിലൂടെ എത്രയോ മനുഷ്യരുടെ ജീവിതം അവർ കടപുഴക്കിയെറിയും. അവ സമൂഹത്തിൽ ഭീതിയും ഉത്കണ്ഠയും വിതയ്ക്കും. അത്തരം സംഘങ്ങൾ പ്രാഥമികമായും മനുഷ്യത്വത്തിനെതിരാണ്. ഒടുവിൽ അവ വ്യക്തികളെ ആത്മനിന്ദയിലും നൈരാശ്യത്തിലും എത്തിച്ചു നശിപ്പിച്ചുകളയും. ചിലർ ആത്മഹത്യയിൽ അഭയം പ്രാപിക്കും; മനഃസ്സാക്ഷിയുടെ ശബ്ദത്തിന് ചെവിയോർക്കുന്ന മറ്റു ചിലർ പശ്ചാത്തപിച്ച്​ മുഖ്യധാരയിലേക്ക് തിരിച്ചുവരും. അധികാരത്തിന്റെ അടിച്ചമർത്തലുകളിലൂടെയല്ല ആത്മപരിശോധനയ്ക്ക് തയ്യാറുള്ളവരും ആത്യന്തികമായി മനുഷ്യനന്മകളിൽ വിശ്വാസമുള്ളവരുമായ വ്യക്തികളുടെ പുനർവിചിന്തനങ്ങളിലൂടെയും കരുണയും ആർദ്രതയുമുള്ളവരുടെ സൂക്ഷ്മമായ ഇടപെടലുകളിലൂടെയും ആണ് ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടാവുക എന്ന സന്ദേശമാണ് ഈ ചിത്രം നൽകുന്നത്. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments