'5 ബ്രോക്കൺ ക്യാമറാസ്' എന്ന ഡോക്യുമെൻററിയിൽ നിന്ന്

തകർക്കപ്പെട്ട
അഞ്ചു ക്യാമറകൾ

ഇസ്രയേൽകാരനും പലസ്തീൻകാരനും ഒന്നിച്ചുചേർന്നൊരെ സിനിമയെടുക്കുക, അത്​ ഓസ്‌കാറിന് നിർദ്ദേശിക്കപ്പെട്ട ആദ്യ പലസ്തീൻ ചിത്രമായി മാറുക. ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശത്തിന്റെ രാഷ്ടീയാനുഭവങ്ങൾ പകർത്തിയ ഒരു സിനിമക്കുപുറകിൽനി​ന്നൊരു കാഴ്​ച

യാഥാർഥ്യത്തെ അതേപടി പകർത്തി വെക്കാൻ സഹായിക്കുന്ന ഉപകരണമെന്ന നിലയിലാണ് ക്യാമറ ഇത്ര പ്രചാരവും ജനപ്രീതിയും നേടിയത്. കണ്ണാടി പോലെ പ്രതിഫലിപ്പിക്കുവാനും രേഖപ്പെടുത്താനുമുള്ള അതിന്റെ ശേഷി അവരവരെ അറിയാനുള്ള ഉപാധിയായും, ജീവിതത്തിലെ അസുലഭമുഹൂർത്തങ്ങളെ ഓർമക്കുവേണ്ടി സൂക്ഷിച്ചുവെക്കാനുള്ള പ്രതിച്ഛായകളുടെ ഉറവിടമായും ഒക്കെ പ്രയോജനപ്പെടുത്താൻ മനുഷ്യരെ പ്രേരിപ്പിച്ചു.

ക്യാമറയുടെ ഇതേ പ്രയോജനങ്ങളാണ് പലസ്തീനിലെ ബിലിൻ എന്ന ഗ്രാമത്തിൽ ജീവിക്കുന്ന എമാദ് ബർനാത് എന്ന സാധാരണ മനുഷ്യനെ അതിലേക്കാകർഷിച്ചത്. പുതുതായി പിറന്ന ജിബ്രീൽ എന്ന മകന്റെ വീഡിയോ എടുക്കാനാണ് കർഷകനായ എമാദ് 2005-ൽ ഒരു വീഡിയോ ക്യാമറ വാങ്ങിയത്. ക്യാമറയുടെ പ്രയോഗം ഇതിലൂടെ സ്വയം പഠിച്ചെടുത്ത അയാൾക്ക് ഭാവിയിൽ കോടതികളിൽ തെളിവായും വാർത്താ ഏജൻസികൾക്ക് പ്രക്ഷേപണത്തിനായും ഇന്റർനെറ്റ് വീഡിയോകളായും ഡോക്യുമെന്ററികളായും ഓസ്‌കർ നാമനിർദേശം ലഭിച്ച സിനിമകലിലെ ഷോട്ടുകളായും ഒക്കെ താൻ ഈ ക്യാമറയിൽ ചിത്രീകരിക്കുന്ന വീഡിയോകൾ പ്രയോജനപ്പെടുമെന്ന ഊഹം പോലുമുണ്ടായിരുന്നില്ല.

എമാദ് ബർനാതും മകൻ ജിബ്രീലും. '5 ബ്രോക്കൺ ക്യാമറാസ്' എന്ന ഡോക്യുമെൻററിയിൽ നിന്ന്
എമാദ് ബർനാതും മകൻ ജിബ്രീലും. '5 ബ്രോക്കൺ ക്യാമറാസ്' എന്ന ഡോക്യുമെൻററിയിൽ നിന്ന്

എമാദിന്റെ മകൻ പിറന്ന അതേ സമയത്താണ് ഇസ്രായേൽ അധിനിവിഷ്ട വെസ്റ്റ് ബാങ്കിനടുത്ത ബിലിൻ എന്ന പലസ്തീൻ ഗ്രാമത്തിലെ കൃഷിഭൂമികളെ നെടുകെ പിളരുന്ന വിധത്തിൽ ഇസ്രായേൽ കൂറ്റൻ മതിൽ നിർമിക്കാനൊരുമ്പെടുന്നത്. മതിലിനെതിരെ സ്വാഭാവികമായും പ്രതിഷേധങ്ങളുയർന്നുവന്നു. ഇസ്രായേൽ പുതിയ താവളങ്ങളുറപ്പിക്കുന്നതിനും സുരക്ഷാമതിൽ നിർമിക്കുന്നതിനുമെതിരെ നാനാഭാഗത്തുനിന്നും​ എത്തിച്ചേർന്ന ആക്റ്റിവിസ്റ്റുകൾ പ്രതിരോധിച്ചു കൊണ്ടിരുന്നു. സ്വന്തം കിടാവിന്റെ ശൈശവം മാത്രമല്ല, ഗ്രാമത്തിൽ നടക്കുന്ന പ്രതിഷേധവും എമാദ് ക്യാമറയിലൊപ്പിയെടുത്തു. ഗ്രാമത്തിൽ നടക്കുന്ന ഏതാണ്ട് എല്ലാ സംഭവങ്ങളും ചിത്രീകരിക്കുമ്പോൾ തന്നെ മകന്റെ വളർച്ച, കുടുംബജീവിതം, കുടുംബാംഗങ്ങൾ വീട്ടിനുപുറത്ത് ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളെ നേരിടുന്ന രീതി ഇതൊക്കെയും അയാൾ കൂടുതൽ കൂടുതൽ ചുഴിഞ്ഞിറങ്ങി ക്യാമറയിലൂടെ തേടിക്കൊണ്ടിരുന്നു. ഗ്രാമത്തിന്റെ ചെറുത്തുനില്പിനെക്കുറിച്ച് സിനിമ നിർമിക്കാമെന്ന ആശയം ഉദിച്ചത് പുറത്തുനിന്ന് അവിടെ വന്ന് ചിത്രം പിടിക്കുന്നവർക്ക് അവിടത്തെ ജീവിതത്തിന്റെ യഥാർഥ അവസ്ഥ അറിയില്ല എന്ന തിരിച്ചറിവിൽ നിന്നാണ്.

ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശം ബിലിൻ എന്ന ഗ്രാമജീവിതത്തെ ബാധിക്കുന്നതിന്റെ രാഷ്ടീയാനുഭവങ്ങളും എമാദ് ബർണാതിന്റെ വൈയക്തിക അനുഭവങ്ങളും ഇഴപിരിച്ചെടുക്കാൻ കഴിയാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഈ ചിത്രത്തിൽ.

ബിലിൻ ഗ്രാമവാസികൾ വെള്ളിയാഴ്ചതോറും സമാധാനപരമായ പ്രതിഷേധ ജാഥകൾ നടത്തിയിരുന്നു. ഈ പ്രകടനങ്ങൾ എമാദ് ചിത്രീകരിച്ചു. അയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നും പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു: ക്ഷോഭിക്കുന്ന അദീബ്; എല്ലാവരും ഇഷ്ടപ്പെട്ട ഫിൽ എന്നിവർ. മറ്റുള്ളവർ പ്രതീക്ഷ കൈവിടുമ്പോഴും ഫിൽ ശുഭപ്രതീക്ഷ പുലർത്തി. ഇസ്രായേൽ പട്ടാളക്കാർ ടിയർഗ്യാസും റബ്ബർ ബുള്ളറ്റുകളും കൊണ്ട് പ്രതിഷേധത്തെ നേരിട്ടു. എന്നാൽ അയൽഗ്രാമങ്ങളിൽ നിന്നും ഇസ്രായേലിൽ നിന്നുപോലും ആക്റ്റിവിസ്റ്റുകൾ ഗ്രാമത്തിലെത്തി സമരത്തിൽ പങ്കാളികളായി. സംഭവം അന്താരാഷ്ട്രശ്രദ്ധയിലെത്തി. എമാദിന്റെ ആദ്യത്തെ ക്യാമറ പട്ടാളം വെടിവെച്ച് തകർത്തു.

അയൽഗ്രാമങ്ങളിൽ നിന്നും ഇസ്രായേലിൽ നിന്നുപോലും ആക്റ്റിവിസ്റ്റുകൾ ഗ്രാമത്തിലെത്തി സമരത്തിൽ പങ്കാളികളായി. '5 ബ്രോക്കൺ ക്യാമറാസ്' എന്ന ഡോക്യുമെൻററിയിൽ നിന്ന്
അയൽഗ്രാമങ്ങളിൽ നിന്നും ഇസ്രായേലിൽ നിന്നുപോലും ആക്റ്റിവിസ്റ്റുകൾ ഗ്രാമത്തിലെത്തി സമരത്തിൽ പങ്കാളികളായി. '5 ബ്രോക്കൺ ക്യാമറാസ്' എന്ന ഡോക്യുമെൻററിയിൽ നിന്ന്

രണ്ടാമത്തെ ക്യാമറ അയാൾക്ക് ലഭിക്കുന്നത് യിസ്‌റേൽ എന്ന് പേരുള്ള ആക്റ്റിവിസ്റ്റായ ഒരു ഇസ്രായേലി സുഹൃത്തിൽ നിന്നാണ്. കുടുംബത്തിന്റെയും പ്രതിവാര പ്രകടനങ്ങളുടെയും ചിത്രീകരണം എമാദ് തുടർന്നു. ഭിത്തി പൂർത്തിയായിട്ടും ഗ്രാമീണർ പ്രക്ഷോഭം ഉപേക്ഷിച്ചില്ല. ജിബ്രീലും മറ്റു കുട്ടികളും ഫിലിന്റെ പ്രതീക്ഷകളിൽ ആകൃഷ്ടരായി എപ്പോഴും അയാളോട് ചങ്ങാത്തം കൂടി. അദീബിന്റെ കാലിന് വെടിവെച്ചപ്പോൾ, പട്ടാളക്കാരോട് വഴക്കിടാനും വാദിക്കാനും ഫിൽ സന്നദ്ധനായി. ഗ്രാമത്തിലെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ കോൺക്രീറ്റ് മതിൽ കെട്ടിയപ്പോൾ പട്ടാളം അവരുടെ ഒലീവ് തോട്ടങ്ങൾക്ക് തീയിട്ടു. ഒരു കുടിയേറ്റക്കാരൻ എമാദിന്റെ രണ്ടാമത്തെ ക്യാമറ തകർത്തു.

സംഭാവനയായി കിട്ടിയ മൂന്നാമത്തെ ക്യാമറയുമായി ഇപ്പോൾ മൂന്ന് വയസ്സായ മകൻ ജിബ്രീലിനൊപ്പം എമാദ് പ്രകടനങ്ങൾ കാണാൻ പോവുന്നു. രാത്രിയായാലും പകലായാലും പട്ടാളക്കാർ കൂടെക്കൂടെ ഗ്രാമത്തിൽ കടന്നുവന്ന് കുട്ടികളെയടക്കം ആളുകളെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു തുടങ്ങി. ‘ഞങ്ങൾക്ക് ഉറങ്ങണം' എന്ന് വിളിച്ചുപറഞ്ഞ്​ കുട്ടികൾ അവരുടേതായ പ്രതിഷേധമാർച്ച് നടത്തി. വല്യച്ഛനെ അറസ്റ്റ് ചെയ്യുന്നതും അയാളെ കൊണ്ടുപോകുന്ന ഇസ്രായേലിന്റെ ജീപ്പ് അവന്റെ മുത്തച്ഛനും മറ്റും ചേർന്നു തടയുന്നതും ജിബ്രീൽ കണ്ടു. ഒരു രാത്രി പട്ടാളക്കാർ അവന്റെ അച്ഛനെയും കൊണ്ടുപോയി. കല്ലേറ് നടത്തിയെന്നാരോപിച്ച് ഏതാനും ആഴ്ചകൾ എമാദിനെ ജയിലിലടച്ചു. തെളിവില്ലാത്തതിനാൽ വിട്ടയക്കപ്പെട്ട എമാദ് തിരിച്ചെത്തി വീണ്ടും ചിത്രമെടുപ്പ് തുങ്ങി. മൂന്നാമത്തെ ക്യാമറയും വെടിവച്ചു തകർക്കപ്പെട്ടു.

‘‘അധിനിവേശത്തിന്റെ ഒരു പ്രധാന സ്വഭാവം ആവർത്തനമായിരുന്നു. എത്രയോ കാലമായി നമ്മൾ ഇത് കാണുന്നു; അത് തുടരുകയും ചെയ്യും. തകർക്കപ്പെട്ട ക്യാമറകൾ ഈ ആവർത്തനത്തിന്റെ ഭാഗമാണ്.’’

ഭിത്തിനിർമാണം മുന്നേറി കടന്നെത്തിയ മറ്റു ഗ്രാമങ്ങളിലെ ജനങ്ങളും ബിലിൻ ഗ്രാമത്തിലെ ജനകീയപ്രതിരോധത്തിൽനിന്ന് ആവേശമുൾക്കൊണ്ട് പ്രകടനങ്ങൾ സംഘടിപ്പിച്ചു. അടുത്ത ഒരു നഗരത്തിൽ അക്രമസംഭവങ്ങളുണ്ടായി. ഒരു മൂന്നാം ‘ഇൻതിഫാദ' ഭയന്ന് പട്ടാളക്കാർ അവരുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തി. അക്രമരാഹിത്യം എന്ന ആദർശം ഗ്രാമവാസികൾ ചോദ്യംചെയ്തുതുടങ്ങി. ആ ഘട്ടത്തിലാണ് ബിലിൻ ഗ്രാമവാസികൾ നിയമപരമായ ഒരു വിജയം നേടിയത്. നിലവിലുള്ള മതിൽ പൊളിച്ചുമാറ്റി ഗ്രാമത്തിൽ നിന്ന് അകലെ കൊണ്ടുപോയി കെട്ടണമെന്ന് ഒരു ഇസ്രായേലി കോടതി വിധിച്ചു. എന്നാൽപ്പോലും കുറച്ച് ഭൂമി മാത്രമേ തിരിച്ചുകിട്ടൂ എന്നറിയാമെങ്കിലും ഗ്രാമവാസികൾ ഈ വിജയം ആഘോഷിച്ചു. നാളേറെ ചെന്നിട്ടും വിധി നടപ്പിലാക്കിയില്ല. ഒരു ദിവസം ഈ മതിൽ കടന്ന് അപ്പുറം പോയി ജോലിചെയ്തു തിരിച്ചുവരുമ്പോൾ എമാദിന്റെ ട്രക്ക് അപകടത്തിൽപ്പെട്ടു. അയാളുടെ നാലാമത്തെ ക്യാമറ കൊണ്ട് അവസാനം എടുത്തത് ഈ അപകടത്തിന്റെ ചിത്രങ്ങളായിരുന്നു.

ഗ്രാമത്തിലെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ കോൺക്രീറ്റ് മതിൽ കെട്ടിയപ്പോൾ പട്ടാളം അവരുടെ ഒലീവ് തോട്ടങ്ങൾക്ക് തീയിട്ടു. 5 ബ്രോക്കൺ ക്യാമറാസിൽ നിന്ന്
ഗ്രാമത്തിലെ ഭൂമി സംരക്ഷിക്കാൻ നാട്ടുകാർ കോൺക്രീറ്റ് മതിൽ കെട്ടിയപ്പോൾ പട്ടാളം അവരുടെ ഒലീവ് തോട്ടങ്ങൾക്ക് തീയിട്ടു. 5 ബ്രോക്കൺ ക്യാമറാസിൽ നിന്ന്

ഇസ്രായേലിലെ ഒരാശുപത്രിയിൽ 20 ദിവസം കിടന്നശേഷമാണ് ബോധം തെളിഞ്ഞത്. ഗുരുതര പരിക്കുപറ്റി; ഇനി കാർഷികജോലികൾ നടത്താൻ നിർവാഹമില്ലാത്ത സ്ഥിതിയിലാണ് താൻ എന്ന് എമാദ് തിരിച്ചറിഞ്ഞു. അപ്പോൾ ജിബ്രീലിന് നാലുവയസ്സായി. പ്രതിഷേധത്തിനെ ചൂഴ്ന്നുള്ള അക്രമം വർധിച്ചു. മതിൽ അതേപടി നിന്നു. അപ്പോഴും കുടിയേറ്റക്കാർ ബിലിൻ ഗ്രാമത്തിലെ വീടുകളിൽ താമസിക്കാൻ എത്തി. ഒരുദിവസം പ്രകടനം നടക്കുമ്പോൾ ടിയർഗ്യാസ് ഷെൽ നെഞ്ചത്ത് കൊണ്ട് ഫിൽ തൽക്ഷണം മരിച്ചു. ഗ്രാമം ഞെട്ടിത്തരിച്ചു. ജിബ്രീലും മറ്റു കുട്ടികളും ഫിലിന്റെ ചിത്രമുള്ള പോസ്റ്ററുകൾ ചുംബിച്ചു. ജിബ്രീൽ അച്ഛനോട് ചോദിച്ചു, ‘എന്തിനാണ് അവർ എന്റെ ഫില്ലിനെ വെടിവെച്ചത്?' എമാദിന്റെ അഞ്ചാമത്തെ ക്യാമറയും വെടികൊണ്ട് ഉടഞ്ഞു.

‘‘ഞാൻ ഇസ്രായേലിയായത് കൊണ്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ കുട്ടികളെ അറസ്റ്റ് ചെയ്യാൻ രാത്രി പട്ടാളക്കാർ വന്നാൽ ഇസ്രായേലിയായ ഞാൻ ക്യാമറയുമായി പുറത്തു വരാൻ നാട്ടുകാർ ആവശ്യപ്പെടും. അത് നാട്ടുകാരെ രക്ഷപ്പെടുത്താനൊരു വഴിയായിരുന്നു.’’

പിന്നെ എമാദ് ഇസ്രായേലി സംവിധായകനായ ഗൈ ദാവീദിയെ സമീപിച്ച് ഇരുവർക്കും ചേർന്ന് ഒരു സിനിമ ചെയ്യാമെന്ന നിർദേശം വച്ചു. അങ്ങനെയാണ് ഈ ചിത്രത്തിന്റെ പിറവി. ‘ഇങ്ങനെ സിനിമയെടുക്കാനുള്ള തീരുമാനം ഏറെ വിഷമം പിടിച്ചതായിരുന്നു. ഇവിടെ വെസ്റ്റ് ബാങ്കിലെ ആളുകൾക്ക് മനസ്സിലാവുന്ന കാര്യമല്ല ഇത്. അറസ്റ്റോ അതിലും കവിഞ്ഞ നടപടികളോ ഉണ്ടായെന്നും വരാം’ എന്ന് എമാദ് പറയുന്നു.
സഹസംവിധായകൻ ദാവീദി പറയുന്നു: ‘എമാദിന്ന് സ്വാഭാവികമായ നല്ല ദൃശ്യബോധമുണ്ട്. എങ്കിലും, ഷൂട്ട് ചെയ്ത ഭാഗങ്ങൾ നോക്കിയപ്പോൾ ഇതൊരു പുതിയ കഥയാക്കി അവതരിപ്പിക്കാൻ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ചിത്രത്തിലെ ആളുകളുമായുള്ള തന്റെ വ്യക്തിബന്ധത്തെക്കുറിച്ചു എമാദ് വിവരിച്ചപ്പോളാണ് ക്യാമറയുമായി എമാദ് അനുഭവിച്ച ജീവിതം പുതുമയുള്ള സിനിമയാവുമെന്ന് എനിക്ക് തോന്നിയത്.'

സിനിമാചിത്രീകരണം തുടങ്ങി അഞ്ചുവർഷം പിന്നിട്ടപ്പോഴാണ് ദാവീദി എമാദിനെ കണ്ടുമുട്ടുന്നത്. ഗ്രാമത്തിലെ സമരത്തിൽ പങ്കുചേരാനും നാട്ടുകാരെ സഹായിക്കാനുമാണ് അയാൾ എത്തിയത്. ‘ചിത്രം ഇസ്രായേൽ- പലസ്തീൻ സംയുക്ത സംരംഭമാക്കുവാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടു വ്യക്തികൾ തമ്മിലായിരുന്നു സഹകരണം’, എമാദ് ഒരു അഭിമുഖത്തിൽ പറയുന്നു. ‘എന്റെ കഥയാണിത്. എന്റെ ചിത്രമാണിത്. എന്റെ വീക്ഷണകോണിൽ എടുത്ത എന്റെ അനുഭവങ്ങളാണ് അതിലുള്ളത്.'

 ‘ഞങ്ങൾക്ക് ഉറങ്ങണം' എന്ന് വിളിച്ചുപറഞ്ഞ്​ കുട്ടികൾ അവരുടേതായ പ്രതിഷേധമാർച്ച് നടത്തി. 5 ബ്രോക്കൺ ക്യാമറാസിൽ നിന്ന്
‘ഞങ്ങൾക്ക് ഉറങ്ങണം' എന്ന് വിളിച്ചുപറഞ്ഞ്​ കുട്ടികൾ അവരുടേതായ പ്രതിഷേധമാർച്ച് നടത്തി. 5 ബ്രോക്കൺ ക്യാമറാസിൽ നിന്ന്

ദാവീദി പറയുന്നു; ‘ആദ്യ വർഷം എടുത്തതിൽ മിക്കതും വ്യക്തിപരമായ സംഗതികളായിരുന്നു. ജിബ്രീൽ പ്രകടനത്തിന് പോയതും സിനിമയെടുക്കുന്നതിനെ ഭാര്യ എതിർത്തതും എല്ലാം അതിലുണ്ട്. ഇത്തരം വ്യക്തിപരമായ ആഖ്യാനം കൊണ്ട് സിനിമ സാധ്യമാവില്ല; കാരണം വ്യക്തിപരമായ സിനിമയെടുക്കാനായിരുന്നില്ല അയാൾ ലക്ഷ്യമിട്ടത്.'

എമാദ് തുടരുന്നു; ‘കുട്ടിയായിരിക്കുമ്പോളാണ് ജിബ്രീലിനെ നിങ്ങൾ കാണുന്നത്. അവൻ വേഗത്തിൽ വളർന്നു. എല്ലായിടത്തും എന്റെ കൂടെ വരുന്നതുകൊണ്ട് പുറത്ത് നടക്കുന്നതൊക്കെ അവൻ കാണുന്നുണ്ടായിരുന്നു. പട്ടാളക്കാർ, മതിൽ, കുടിയേറ്റം, സംഭവങ്ങൾ. കാണുന്നതിനെക്കുറിച്ചെല്ലാം അവൻ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു: എന്താണിത്? എന്തിനാണവരിത് ചെയ്തത്? '

‘‘ഞങ്ങൾ വസിക്കുന്ന പ്രദേശത്തെ ജീവിതം അങ്ങനെയാണ്. എല്ലാവരും ദുരിതമനുഭവിക്കുന്നവരാണ്. ഞാനും അതിൽപ്പെടും. അതുകൊണ്ട് ചിത്രമെടുത്തുകൊണ്ടേയിരിക്കാൻ ഞാൻ തീരുമാനിച്ചു. പടം ഇസ്രായേലിൽ കാണിച്ചു. പൊതുവെ നല്ല പ്രതികരണമായിരുന്നു ജനങ്ങളുടേത്’’

ഗൈ ദാവീദി: ‘‘അധിനിവേശത്തിന്റെ ഒരു പ്രധാന സ്വഭാവം ആവർത്തനമായിരുന്നു. എത്രയോ കാലമായി നമ്മൾ ഇത് കാണുന്നു; അത് തുടരുകയും ചെയ്യും. തകർക്കപ്പെട്ട ക്യാമറകൾ ഈ ആവർത്തനത്തിന്റെ ഭാഗമാണ്. ചിത്രത്തിലെ സംഗീതത്തിലും ഈ ആവർത്തനമുണ്ട്. ചിലപ്പോൾ വിജയങ്ങളുണ്ടാവും; ചിലപ്പോൾ പരാജയങ്ങളും. അത് തുടർച്ചയായ ഒരു ചാക്രികപ്രക്രിയയാണ്. അതാണ് ചിത്രത്തിന്റെ പ്രമേയം. പക്ഷെ ആവർത്തനങ്ങൾ ചിത്രീകരിച്ചാൽ പ്രേക്ഷകർക്ക് മുഷിയാനിടയുണ്ട്. എഡിറ്റർ വെറോണിക്കുമൊപ്പം ഒന്നിച്ചിരുന്ന് ഫ്രാൻസിൽ വച്ച് അവസാനമായി എഡിറ്റ് ചെയ്യുമ്പോൾ ചിത്രത്തിൽ വികാസത്തിന്റെ ഒരു പ്രതീതി സൃഷ്ടിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. ബിലിനിൽ ഞാൻ താമസിച്ചിരുന്നു. അന്ന്, രാത്രികാലങ്ങളിൽ ധാരാളം അറസ്റ്റുകൾ നടന്നിരുന്നു. ഞാൻ ഇസ്രായേലിയായതുകൊണ്ട് പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ കുട്ടികളെ അറസ്റ്റ് ചെയ്യാൻ രാത്രി പട്ടാളക്കാർ വന്നാൽ ഇസ്രായേലിയായ ഞാൻ ക്യാമറയുമായി പുറത്തുവരാൻ നാട്ടുകാർ ആവശ്യപ്പെടും. അത് നാട്ടുകാരെ രക്ഷപ്പെടുത്താനൊരു വഴിയായിരുന്നു. ഒരുദിവസം അർധരാത്രി അനേകം അറസ്റ്റുകൾ നടന്നു. ഒരുപാട് കുട്ടികൾ അപ്പോൾത്തന്നെ ജയിലിലുണ്ടായിരുന്നു. നാട്ടുകാർ ഇളകി വശായി. പട്ടാളക്കാർ വല്ലാതെ പേടിച്ചിരുന്നു. അവർ നേരിട്ട് തോക്കുചൂണ്ടിത്തുടങ്ങി. അവരെല്ലാം ഇസ്രയേലികളാണെന്ന് അപ്പോൾ ഞാൻ ക്യാമറയുമായി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പിന്നെ ഒന്നും ഉണ്ടായില്ല. അതുകൊണ്ട് മാത്രമാണോ എന്നറിഞ്ഞുകൂടാ. എങ്കിലും അതൊരു പ്രധാന കാരണമായി ഞാൻ വിചാരിക്കുന്നു. തമാശ അതല്ല, രാവിലെ പട്ടാള റേഡിയോ ‘രാത്രിപ്രകടന'ത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തത് 40 ഇസ്രായേലികൾ സന്നിഹിതരായിരുന്നു എന്നാണ്! അത് പ്രകടനമായിരുന്നില്ല. ഇസ്രായേലി ഞാൻ മാത്രമായിരുന്നു താനും. അതാണ് ക്യാമറയുമായി പങ്കെടുക്കുമ്പോളുള്ള ഒരു ഗുണം. സിനിമ നിർമിക്കുക മാത്രമല്ല, മറ്റു ചിലതിൽ കൂടി നിങ്ങൾ പങ്കാളിയാവുന്നുണ്ട്.’’

ഇസ്രായേൽ നിർമിത മതിലിന് നേരെയുള്ള ബിലിൻ ജനതയുടെ ചെറുത്തുനിൽപ്പിനെ അടിച്ചമർത്തുന്ന ഇസ്രായേലി പട്ടാളം. / Photo : Wikimedia Commons
ഇസ്രായേൽ നിർമിത മതിലിന് നേരെയുള്ള ബിലിൻ ജനതയുടെ ചെറുത്തുനിൽപ്പിനെ അടിച്ചമർത്തുന്ന ഇസ്രായേലി പട്ടാളം. / Photo : Wikimedia Commons

എമാദ് പറയുന്നു: ‘താനൊരിക്കലും ചിത്രീകരണം നിർത്തിയില്ല. കാരണം അതെന്റെ ഉത്തരവാദിത്തമായിരുന്നു. ഗ്രാമത്തിൽ ചിത്രമെടുക്കുന്ന ഒരാൾ ഞാൻ മാത്രമായിരുന്നു. ജനങ്ങളെ സംരക്ഷിക്കുവാനാണ് ഞാൻ പടം പിടിച്ചത്. അതുകൊണ്ട് ഞാനത് തുടർന്നു; എന്റെ ജീവൻ അപകടത്തിലായേക്കാമെങ്കിൽപ്പോലും. ഞങ്ങൾ വസിക്കുന്ന പ്രദേശത്തെ ജീവിതം അങ്ങനെയാണ്. എല്ലാവരും ദുരിതമനുഭവിക്കുന്നവരാണ്. ഞാനും അതിൽപെടും. അതുകൊണ്ട് ചിത്രമെടുത്തുകൊണ്ടേയിരിക്കാൻ ഞാൻ തീരുമാനിച്ചു. പടം ഇസ്രായേലിൽ കാണിച്ചു. പൊതുവെ നല്ല പ്രതികരണമായിരുന്നു ജനങ്ങളുടേത്. അതേസമയം ചില മോശം പ്രതികരണങ്ങളുമുണ്ടായി. പലരും കണ്ണടച്ചു നീങ്ങുന്നവരാണ്. അവർ ഒന്നും ശ്രദ്ധിക്കുന്നില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാൻ അവർക്ക് ഒട്ടും ആഗ്രഹമില്ല. എന്തെങ്കിലും മാറ്റം വേണമെന്ന തോന്നലുമില്ല. പലസ്തീൻകാരെക്കുറിച്ച് അവർ ചിന്തിക്കുന്ന രീതി മാറേണ്ടതുണ്ട്, അവരുടെ മനോഭാവം മാറേണ്ടതുണ്ട്. ഞങ്ങളും മനുഷ്യരാണ്. അവർക്ക് വേണ്ടതാണ് ഞങ്ങൾക്കും വേണ്ടത്. സമാധാനമായി ജീവിക്കണം. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം വേണം, ശാന്തി വേണം.'

ഇസ്രായേലി മാധ്യമങ്ങളടക്കം സിനിമ തങ്ങളുടേതാണെന്ന് നടിച്ചു, ഓസ്‌കറിന്ന് നിർദ്ദേശിക്കപ്പെട്ടപ്പോൾ വിശേഷിച്ചും. പടം റിലീസായപ്പോൾ പലർക്കും അതിന് വ്യത്യസ്ത വ്യാഖ്യാനങ്ങളുണ്ടായി. ചിത്രം വലിയ വിജയമായി. 2012-ൽ സൺ ഡാൻസ് മേളയിലും യെരാവാൻ മേളയിലും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് നേടി. 2013-ൽ അന്താരാഷ്ട്ര എമ്മി അവാർഡ് നേടി. അതേവർഷം, അക്കാദമി അവാർഡിന് (ഓസ്‌കർ) നിർദേശിക്കപ്പെടുകയും ചെയ്തു. ഓസ്‌കറിന് നിർദേശിക്കപ്പെട്ട ആദ്യ പലസ്തീൻ ചിത്രമായി ഇത് മാറി. എമാദിന് ഏറ്റവും അഭിമാനകരമായിത്തോന്നിയത്, പലസ്തീനിന്റെ അവസ്ഥയിലേക്ക് വലിയതോതിൽ ആഗോള ശ്രദ്ധക്ഷണിക്കാൻ ഇത് ഇടയാക്കും എന്നതുകൊണ്ടായിരുന്നു.

ഗൈ ദാവീദിയും എമാദ് ബർനാതും. / Photo : en.unifrance.org
ഗൈ ദാവീദിയും എമാദ് ബർനാതും. / Photo : en.unifrance.org

ഇസ്താംബൂളിൽ നിന്ന് ലോസ് ഏഞ്ചലസിലേക്ക് പറന്ന എമാദിനെയും കൂട്ടരെയും പലസ്തീനികളെന്ന പേരിൽ വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചു. ഓസ്‌കർ നാമനിർദേശം ലഭിച്ച് അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയതാണെന്നൊക്കെ പറഞ്ഞുനോക്കിയിട്ടും ഗൗനിക്കാതെ അവരെ ഒരു മുറിയിലാക്കി- ടെലഫോൺ ഉപയോഗിക്കരുത്, മൊബൈൽ ഉപയോഗിക്കരുത്.
ജിബ്രീൽ അച്ഛനോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് നമ്മളോട് അവരിങ്ങനെ ചെയ്യുന്നത്? നമ്മളെന്ത് തെറ്റ് ചെയ്തു?'‘പലസ്തീനിലെ ജനങ്ങൾ ഇസ്രായേൽ അധിനിവേശത്തിന്റെ ഫലമായി നിത്യജീവിതത്തിൽ നേരിടുന്ന ദുരനുഭവങ്ങളുടെ ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ജോലിക്ക് പോവുമ്പോൾ, സ്‌കൂളിൽ പോവുമ്പോൾ, പാടത്ത് പോവുമ്പോൾ എവിടേക്ക് പോവുമ്പോഴും ഇതാണ് അവസ്ഥ’ എന്നായിരുന്നു എമാദിന്റെ കമൻറ്​.

സഹസംവിധായകനായ ഗൈ ദാവീദി ചിത്രത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘‘വളരെ വൈകാരികമായ ഈ വിഷയങ്ങളെക്കുറിച്ച് വിധിപ്രസ്താവത്തിന്റെ മട്ടിലല്ലാതെ പുതിയ ഒരു രീതിയിൽ ഈ ചിത്രം സംസാരിക്കുന്നു. ഇരയും അക്രമിയും ഒന്ന് തന്നെയാണ് എന്ന് മനസ്സിലാക്കുന്ന ഒരു ഭാഷയിലാണ് അത് നിർവഹിക്കുന്നത്. ആരാണ് ഏറ്റവും കഷ്ടപ്പെടുന്നത് എന്നൊന്നും താരതമ്യം ചെയ്യാൻ തുടങ്ങേണ്ടതില്ല. മറ്റു പല സിനിമകളിലുമുള്ളതുപോലെ, പലസ്തീനികൾ എത്ര സഹിച്ചു, നമ്മളെത്ര സഹിച്ചു എന്നുള്ളതിനെക്കുറിച്ചല്ല ഈ സിനിമ; എന്നെ സംബന്ധിച്ച്​, സഹനത്തിലൂടെ മനുഷ്യന് വളരാൻ കഴിയുമെന്നതിനെപ്പറ്റിയാണ്. പലസ്തീനിലെ ജനങ്ങളും ബിലിനിലെ ആളുകളും എന്നെ ആവേശംകൊള്ളിച്ചത് അവരുടെ സഹനത്തിലൂടെയാണ്. അവരുടെ ഭാഷയിൽ പലപ്പോഴും അവർ സംസാരിക്കുന്നത് സഹനത്തെക്കുറിച്ചുതന്നെ. നോക്കൂ! അവർ ഞങ്ങളോട് ചെയ്യുന്നതെന്താണ്? വാസ്തവത്തിൽ അവരുടെ ജീവിതവും പ്രവർത്തനവും ആവേശകരമാണ്.

‘‘ഇത്രയും വേദന കലർന്നതും വിവാദാസ്പദവുമായ വിഷയം കൈകാര്യം ചെയ്യുന്ന ആ സിനിമ കാണുമ്പോൾ, അത് വേണ്ടെന്ന് വെക്കാൻ എളുപ്പമാണ്; ആ അനുഭവത്തെ ശരി/തെറ്റ്, നല്ലത് /ചീത്ത, പലസ്തീനിയൻ / ഇസ്രായേലി എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളായി ചുരുക്കിക്കളയാനും എളുപ്പമാണ്.’’ ​

ഇസ്രയേൽകാരനും പലസ്തീൻകാരനും ഒന്നിച്ചുചേർന്ന് സിനിമയുണ്ടാക്കാനുള്ള ശ്രമം അത് തുടങ്ങുന്നതിനുമുമ്പുതന്നെ വിമർശനം ക്ഷണിച്ചുവരുത്തുമെന്നറിയാമായിരുന്നു. സാംസ്‌കാരികപശ്ചാത്തലങ്ങൾ, ജീവിതാനുഭവങ്ങൾ, ബാഹ്യലോകവുമായുള്ള ബന്ധം, സവിശേഷ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീർച്ചയായും ഞങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. എന്നാൽ ആവശ്യം നിമിത്തം, ഈ സങ്കീർണതകളെ പ്രയോജനപ്പെടുന്നവിധത്തിൽ ശരിയായി ഉപയോഗപ്പെടുത്താൻ ഞങ്ങൾ പഠിച്ചു. മുൻവിധികൾ മാറ്റിവച്ച് ചിത്രത്തെ പുതിയ ഒരു കാഴ്ചയായി കാണുക. ഇത്രയും വേദന കലർന്നതും വിവാദാസ്പദവുമായ വിഷയം കൈകാര്യം ചെയ്യുന്ന ആ സിനിമ കാണുമ്പോൾ, അത് വേണ്ടെന്ന് വെക്കാൻ എളുപ്പമാണ്; ആ അനുഭവത്തെ ശരി/തെറ്റ്, നല്ലത് /ചീത്ത, പലസ്തീനിയൻ / ഇസ്രായേലി എന്നിങ്ങനെ വിരുദ്ധദ്വന്ദ്വങ്ങളായി ചുരുക്കിക്കളയാനും എളുപ്പമാണ്. ഇത്തരം അതിലളിതവത്കരണങ്ങൾ ഒഴിവാക്കി ആ സാഹചര്യങ്ങളുടെ സങ്കീർണതയും സൗന്ദര്യവും വികാരവും പൂർണമായി ഉൾക്കൊള്ളുവാൻ പ്രേക്ഷകരോട് ഞങ്ങൾ അഭ്യർഥിക്കുന്നു. രാഷ്ട്രീയമാണ് ചിത്രത്തിന്റെ അടിത്തറയെങ്കിലും ഞങ്ങളുടെ തന്നെ പക്ഷപാതങ്ങളെ വെല്ലുവിളിക്കാനും പ്രത്യയശാസ്ത്രക്കെണികളും വീണ്ടുംവീണ്ടും പ്രയോഗിച്ച് അർഥശോഷണം വന്ന ക്ലീഷേകളും ഒഴിവാക്കാനും ഞങ്ങൾ ആത്മാർഥമായി ശ്രമിച്ചിട്ടുണ്ട്.’’

മതിലിനെതിരെയുള്ള പ്രതിഷേധം. / Photo : Wikimedia Commons
മതിലിനെതിരെയുള്ള പ്രതിഷേധം. / Photo : Wikimedia Commons

സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി ഡോക്യുമെന്ററി സിനിമാ രചനയിലേർപ്പെട്ട സംവിധായകർ തന്നെ ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ച കാര്യങ്ങൾ അത്യധികം പ്രസക്തമാണ് എന്നതുകൊണ്ടാണ് മുഖ്യമായും അവരുടെ അഭിമുഖ സംഭാഷണങ്ങളിൽ നിന്നുള്ള കുറെ ഉദ്ധരണികൾ ഈ ലേഖനത്തിന് പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

വ്യക്തിപരമായത് രാഷ്ട്രീയവുമാണ്. ഇസ്രായേലിന്റെ പലസ്തീൻ അധിനിവേശം ബിലിൻ എന്ന ഗ്രാമജീവിതത്തെ ബാധിക്കുന്നതിന്റെ രാഷ്ടീയാനുഭവങ്ങളും എമാദ് ബർണാതിന്റെ വൈയക്തിക അനുഭവങ്ങളും ഇഴപിരിച്ചെടുക്കാൻ കഴിയാത്തവിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ചിത്രം ഈ പ്രസ്താവത്തെ അന്വഥമാക്കുന്നു. അയാളുടെ നാലു മക്കളുടെയും ജനനം അവരുടെ ജീവിതത്തിലും പലസ്തീനിന്റെ ജീവിതത്തിലുമുള്ള വ്യത്യസ്ത ഘട്ടങ്ങളെ കാട്ടിത്തരുന്നു. നിരൂപക നമ്രതാ ജോഷി 2021-ൽ ദി ഹിന്ദുവിലെഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, ‘വ്യക്തിപരവും രാഷ്ട്രീയവും സിനിമാത്മകവുമായ ഘടകങ്ങൾ ഒന്നിച്ചുചേരുന്ന ഇടമാണ് ബർണാതിന്റെ ക്യാമറകൾ. പ്രതിരോധം ചിത്രീകരിക്കുന്നതിലൂടെ അവ പ്രതിഷേധത്തിന്റെ ഉപകരണവും സഖ്യശക്തിയും ആയിത്തീരുകയും ക്രോധം കലർന്ന അതിന്റെ പ്രത്യാഘാതങ്ങൾ അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്.'


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments