‘ഫിൻ ദെ' ഗൊദാർദ്

അർത്ഥരഹിതമായ സിനിമയുടെ വക്താവ് എന്നും കോഫി ഹൗസ് തത്ത്വചിന്തകൻ എന്നും വെറും ഇടതുപക്ഷ സിനിമാക്കാരൻ എന്നും മതവിരോധി എന്നും മറ്റും ലേബൽ ചെയ്ത് ചിലർ ഗൊദാർദിനെ ഇകഴ്ത്താൻ ശ്രമിച്ചുവെങ്കിലും സിനിമയെയും അതിന്റെ ചരിത്രത്തെയും ദൃശ്യഭാഷയെയും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ച് സിനിമയുടെ ദൈവമാകുന്നു ഴാങ് ലുക് ഗൊദാർദ്. ആ ദൈവം ഇതാ മരിച്ചിരിക്കുന്നു!

പ്രശസ്ത അമേരിക്കൻ ചിന്തകയും എഴുത്തുകാരിയുമായ സൂസൻ സൊന്റാഗിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ‘സിനിമയിൽ ആവശ്യമെന്നു നാം കരുതുന്ന കാര്യങ്ങൾ ഗൊദാർദിന് അനാവശ്യവും നമുക്ക് അനാവശ്യമെന്നു തോന്നുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അത്യാവശ്യവുമാണ്'.

ചലച്ചിത്രം എന്ന മാധ്യമത്തെ ഴാങ് ലുക് ഗൊദാർദ് എപ്രകാരമാണ് സമീപിച്ചത് എന്നതിനെ സംബന്ധിച്ച സൂക്ഷ്മനിരീക്ഷണമാകുന്നു ഈ പ്രസ്താവന. അതുവരെ നിലനിന്നുപോന്നിരുന്ന സിനിമയുടെ/സിനിമയിലെ കാഴ്ചാശീലങ്ങളെ ഗൊദാർദിയൻ പരിപ്രേക്ഷ്യം അട്ടിമറിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഓസ്‌കാർ പുരസ്‌ക്കാരം നേടിയ ഗൊദാർദ് ഫ്രഞ്ച് നവതരംഗസിനിമയുടെ പ്രോദ്ഘാടകരിൽ ഒരാളായിരുന്നു.

ചലച്ചിത്രപ്രകൃതിയെ ചൂഴ്​ന്നുനിന്നിരുന്ന ശൈലീപരവും പ്രമേയപരവുമായ പാരമ്പര്യ അനുശീലനങ്ങളെ പുതുതലമുറക്കാരായ ഫ്രഞ്ച് സംവിധായകർ കടപുഴക്കി എറിഞ്ഞു. ഫ്രാൻസിലെ ജാഗരൂകരായ ചലച്ചിത്രകാരന്മാർക്കിടയിൽ 1950കളുടെ ആദ്യപകുതിയിൽ രൂപപ്പെട്ട പുതിയ ആശയാവലികളും സംവാദങ്ങളുമാണ് നവതരംഗപ്രസ്ഥാനത്തിന് വഴിതുറന്നത്. ഗൊദാർദ്, ഫ്രാൻസ്വാ ത്രൂഫോ, ക്ളോദ് ഷാബ്രോൾ, എറിക്ക് റോമർ, റിവേറ്റി തുടങ്ങിയ ചലച്ചിത്രകാരന്മാരായിരുന്നു ഈ നവീനസംവാദത്തിന് തുടക്കമിട്ടത്. കേവലവിനോദോപാധി മാത്രമാണ് സിനിമ എന്ന ചിന്താഗതിയെ മാറ്റിമറിക്കാനാണ് ഇവർ ശ്രമിച്ചത്. ‘കഹേ ദു സിനിമ' (cahiers du cinema) എന്ന പ്രസിദ്ധീകരണത്തിൽ നവസിനിമാസങ്കല്പത്തെ പറ്റി ഗൊദാർദടക്കം എഴുതിക്കൊണ്ടിരുന്നു. സിനിമ എന്ന കലാമാധ്യമത്തിന്റെ പരമാധികാരി സംവിധായകനാണെന്ന് ഇക്കൂട്ടർ പ്രഘോഷിക്കുകയുണ്ടായി- ഇതാണ് ഓഥർ സിദ്ധാന്തം. ഗൊദാർദും ഷാബ്രോളും ത്രൂഫോയുമടങ്ങുന്ന നവതരംഗക്കാർക്ക് പ്രശസ്ത ചലച്ചിത്രസൈദ്ധാന്തികനായ ആന്ദ്രേ ബസീനിന്റെ പിന്തുണയുമുണ്ടായിരുന്നു. നവതരംഗത്തിന്റെ ഭാഗമായി ഉയർത്തിയ കലാപരമായ സമീക്ഷകൾ തന്റെ ചലച്ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കാൻ ഗൊദാർദിനു കഴിഞ്ഞു. പറച്ചിലും പ്രവൃത്തിയും അഥവാ സിദ്ധാന്തവും പ്രയോഗവും വിഭിന്നമായില്ലെന്നു സാരം.

1930 ഡിസംബർ 3ന് പാരീസിൽ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി പിറന്ന ഴാങ് ലുക് ഗൊദാർദ് സോർബൺ സർവകലാശാലയിൽനിന്ന് നരവംശശാസ്ത്രത്തിൽ ഉന്നതബിരുദം കരസ്ഥമാക്കിയ ശേഷം നാട്ടിലെ വിവിധ ഫിലിം ക്ലബ്ബുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി. ‘സിനിമാത്തെക്കു'കളിലേക്കും മറ്റു ചലച്ചിത്രയിടങ്ങളിലേക്കും നടത്തിയ നിരന്തരസന്ദർശനമാണ് ഗൊദാർദിനെ ഫ്രഞ്ച് ന്യൂ വേവ് കൂട്ടായ്മയിലേക്ക് എത്തിച്ചത്. എറിക് റോമറിനും റിവേറ്റിക്കുമൊപ്പം അദ്ദേഹം ‘ഗസറ്റേ ദു സിനിമ' എന്ന മാസിക ആരംംഭിക്കുകയും അതിൽ ‘ഹാൻസ് ലുക്കാസ്' എന്ന തൂലികാനാമത്തിൽ ചലച്ചിത്രനിരൂപണം എഴുതുകയും ചെയ്തു. പിന്നീടാണ് ‘കഹേ ദു സിനിമ'യിലെ പംക്തികാരനാവുന്നത്.

1955-ൽ സ്വിറ്റ്സെർലാന്റിലെ ഒരു അണക്കെട്ടുനിർമ്മാണ പ്രോജക്ടിൽ ഓഫീസറായി ജോലി ചെയ്തിരുന്ന ഗൊദാർദ് ഒരു 35 എം.എം. ക്യാമറ സ്വന്തമാക്കുകയും ‘ഓപ്പറേഷൻ ബീറ്റൺ' എന്നൊരു ഹ്രസ്വസിനിമ തയ്യാറാക്കുകയും ചെയ്തു. അണക്കെട്ടുനിർമാണവുമായി ബന്ധപ്പെട്ട ഈ ഡോക്യുമെന്ററിയാണ് ഗൊദാർദിന്റെ ആദ്യസിനിമാ സംരംഭം. തുടർന്ന് അദ്ദേഹം ഫിലിം എഡിറ്റായും പ്രവർത്തിച്ചു. ഇക്കാലയളവിൽത്തന്നെ ഏതാനും ഹ്രസ്വസിനിമകളും നിർമ്മിക്കുകയുണ്ടായി.

Photo : Mathilde Leflot, Twitter
Photo : Mathilde Leflot, Twitter

ഫ്രഞ്ച് നവതരംഗത്തിന്റെ സ്വാധീനത്തിൽ ഗൊദാർദ് തന്റെ ആദ്യ ഫീച്ചർസിനിമ സാക്ഷാത്ക്കരിച്ചു- ‘ബ്രെത്ത്​ലെസ്​' (1960). കാൻ, ബെർലിൻ മേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും സമ്മാനാർഹമാവുകയും ചെയ്ത ഈ ചിത്രം ഗൊദാർദിനെ പ്രശസ്തനാക്കി. ത്രൂഫോയുടെ മൂലകഥയെ ആധാരമാക്കിയ ഈ സിനിമ ഔട്ട് ഡോർ ചിത്രീകരണം, ജംപ് കട്ടുകൾ, ദീർഘമായ ടേക്കുകൾ, ക്യാമറയെ നോക്കിയുള്ള അഭിനേതാവിന്റെ സംസാരം തുടങ്ങിയ ആഖ്യാനപരമായ സവിശേഷതകളാൽ ശ്രദ്ധനേടി. നാടകസൈദ്ധാന്തികനായ ബെർറ്റോൾഡ് ബ്രഹ്ത് മുന്നോട്ടുവെച്ച ‘ഡിസ്റ്റൻസിംഗ് ഇഫെക്ട്' എന്ന പരികല്പനയെ മുൻനിർത്തിയാണ് ‘ബ്രെത്ത്​ലെസി’ന്റെ ആഖ്യാനം ഗൊദാർദ് രൂപപ്പെടുത്തിയത്. ചലച്ചിത്രമെന്ന മാധ്യമത്തെപ്പറ്റി അജ്ഞനായ ഒരുവന്റെ ലീലാവിലാസമെന്ന് ചില ഫ്രഞ്ച് നിരൂപകർ ആദ്യം ഈ ചിത്രത്തെ വിമർശിച്ചെങ്കിലും ബോക്സ് ഓഫീസിലും ആർട് ഹൗസുകളിലും വലിയ അംഗീകാരം നേടുകയുണ്ടായി. സിനിമ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമല്ല മറിച്ച് പ്രതിഫലനത്തിലെ യാഥാർത്ഥ്യമാണെന്നാണ് ഗൊദാർദിന്റെ പക്ഷം. അതുകൊണ്ടാണ്, ‘സിനിമ സത്യമാണ്, സെക്കന്റിൽ 24 ഫ്രെയിം ഓടുന്ന സത്യം' എന്നദ്ദേഹം അഭിപ്രായപ്പെട്ടത്.

അൾജീരിയൻ ആഭ്യന്തരയുദ്ധം വിഷയമാക്കി ഗൊദാർദ് സംവിധാനം ചെയ്ത ‘ദ ലിറ്റിൽ സോൾജിയർ' (1960) എന്ന സിനിമ ഫ്രഞ്ച് ഗവൺമെൻറ്​ നിരോധിച്ചു. സിനിമ മുന്നോട്ടുവെച്ച രാഷ്ട്രീയത്തോടുള്ള എതിർപ്പുമൂലമായിരുന്നു നിരോധനം. 1963-വരെ ആ നിരോധനം തുടർന്നു. ഇതിനിടെ 1962-ൽ ‘മൈ ലൈഫ് റ്റു ലിവ്' (Vivre sa vie) എന്ന സിനിമ അദ്ദേഹം പുറത്തിറക്കി. ഏറെ നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം, നടിയും വീട്ടമ്മയുമായ ഒരുവൾ സാമ്പത്തികപരാധീനതമൂലം തെരുവുവേശ്യയായി മാറുന്ന കഥ പറയുന്നു. ഫ്രഞ്ച് നവതരംഗസിനിമയിലെ ഒരു പ്രധാന കലാവിഷ്‌ക്കാരമായി ഈ സിനിമ വിലയിരുത്തപ്പെട്ടുപോരുന്നു. പന്ത്രണ്ട് ടാബ്ലോകളായി ചിത്രീകരിച്ച ഈ സിനിമയിൽ ഓരോ ഖണ്ഡത്തിനും ഓരോ അന്ത്യമുണ്ടായിരുന്നു. ടൈറ്റിലിനൊപ്പം ഓരോ സീക്വൻസിന്റെയും ഔട്ട്​ലൈൻ ചേർക്കുന്ന സമ്പ്രദായം, കണ്ണാടിപ്രതലം ഉപയോഗപ്പെടുത്തി ചിത്രീകരിക്കുന്ന ക്യാമറയെ ദൃശ്യപ്പെടുത്തുന്ന രീതി, മിഷേൽ ലെഗ്രാനിന്റെ സംഗീതത്തിന്റെ സാർത്ഥകമായ സന്നിവേശം എന്നിങ്ങനെ സവിശേഷവും വ്യതിരിക്തവുമായ ഈ ചിത്രത്തെ ‘ചലച്ചിത്രവൽക്കരിക്കപ്പെട്ട പ്രബന്ധം'എന്നാണ് ഗൊദാർദ് സ്വയം വിലയിരുത്തിയത്.

 1960 ൽ പുറത്തിഥങ്ങിയ 'ബ്രെത്ത്​ലെസ്​'  സിനിമയിൽ നിന്ന്
1960 ൽ പുറത്തിഥങ്ങിയ 'ബ്രെത്ത്​ലെസ്​' സിനിമയിൽ നിന്ന്

1963-ൽ പുറത്തിറക്കിയ ‘കണ്ടംപ്റ്റ്' വലിയ സാമ്പത്തിക വിജയമാണ് നേടിയത്. സിനിമാനിർമ്മാണം പ്രമേയമാക്കിയ ഈ ചിത്രം ഒരു പരമ്പരാഗത കലാസിനിമയെടുക്കാൻ തനിക്കു നിഷ്പ്രയാസം കഴിയുമെന്ന് തെളിയിക്കുകകൂടിയായിരുന്നു.

സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന‘ആൽഫാ വില്ലെ', വിദ്യാർത്ഥിരാഷ്ട്രീയം ചർച്ച ചെയ്യുന്ന ‘ലാ ചീനോയിസ്', ‘ദ വീക്കെൻഡ്', ‘കിങ് ലിയർ', ‘വിന്റർ ഫ്രം ദ ഈസ്റ്റ്' തുടങ്ങിയ സിനിമകളും ഏറെ ചർച്ചാവിഷയമായി. വർത്തമാനകാല പാരീസിന്റെ പരിച്ഛേദം അവതരിപ്പിക്കുന്ന ‘ആൽഫാ വില്ലെ' ഐൻസ്റ്റീനിന്റെ ഫോർമുലകളും ആധുനികമായ വിവിധ രൂപക്രമങ്ങളും മറ്റും ഉപയോഗപ്പെടുത്തുന്നുണ്ട്. ശുഭപ്രതീക്ഷയോടെ പര്യവസാനിക്കുന്ന ഗൊദാർദിന്റെ അപൂർവചിത്രങ്ങളിൽ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.

പാരീസിലെ മധ്യവർഗത്തിന്റെ കാപട്യജീവിതത്തെ പ്രതിനിധാനപരമായി അവതരിപ്പിക്കുന്ന സിനിമയാണ് ‘ദ വീക്കെൻറ്​’. തന്റെ രാഷ്ട്രീയ നിലപാടുകൾ നേരിട്ടു പറയുന്ന രീതിശാസ്ത്രം ഇതിൽ ഗൊദാർദ് ഉപേക്ഷിക്കുകയാണ്. ‘ബൂർഷ്വാസമൂഹത്തെ കുറിച്ചുള്ള അപഹാസകാവ്യം' എന്നു വിശേഷിപ്പിക്കപ്പെട്ട ഈ സിനിമയിലെ എട്ടു മിനിട്ടു നീളുന്ന ട്രാഫിക് ജാം രംഗം സിനിമാസാങ്കേതികചരിത്രത്തിന്റെതന്നെ ഭാഗമായി മാറി. മാവോയിസ്റ്റ് സിദ്ധാന്തം പഠിക്കുന്ന ഒരു കൂട്ടം ഫ്രഞ്ച് യുവാക്കളുടെ രാഷ്ട്രീയചർച്ചകളും പൂരണവുമാണ് ‘ലാ ചീനോയിസ്'. തീർത്തും സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ഗൊദാർദ് ഈ സിനിമയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

1988 മുതൽ 1998 വരെയുള്ള കാലയളവിൽ എട്ടു ഭാഗങ്ങളായി ഗോദാർദ് സാക്ഷാത്ക്കരിച്ച  ‘ഹിസ്റ്ററി ഓഫ് സിനിമ' യിൽ നിന്നുള്ള രംഗം
1988 മുതൽ 1998 വരെയുള്ള കാലയളവിൽ എട്ടു ഭാഗങ്ങളായി ഗോദാർദ് സാക്ഷാത്ക്കരിച്ച ‘ഹിസ്റ്ററി ഓഫ് സിനിമ' യിൽ നിന്നുള്ള രംഗം

1966-ൽ പുറത്തിറങ്ങിയ ‘മസ്‌കുലിൻ ഫെമിനിൻ' എന്ന സിനിമ ഫ്രഞ്ച് യുവാക്കളുടെ രാഷ്ട്രീയമായ ഉത്ക്കണ്ഠകൾ അവതരിപ്പിക്കാനുള്ള സാർത്ഥകമായ ശ്രമമാണ്. ‘മാർക്സിന്റെയും കൊക്കക്കോളയുടെയും കുട്ടികളെപ്പറ്റിയാണ് ഈ സിനിമ'യെന്ന് ഗൊദാർദ് പറയുന്നുണ്ട്. ‘വിൻഡ് ഫ്രം ദ ഈസ്റ്റ്' (1969) തത്ത്വചിന്താപദ്ധതിയായ അപനിർമ്മാണത്തിന്റെ സ്വാധീനമുള്ള വെസ്റ്റേൺ എന്ന ജനുസ്സിൽപ്പെട്ട സിനിമയാകുന്നു.

1970കളിൽ ഗൊദാർദ് ഏതാനും ടെലിവിഷൻ പരമ്പരകളും വീഡിയോകളും തയ്യാറാക്കി. എൺപതുകളിൽ അദ്ദേഹം ചലച്ചിത്രരംഗത്തേക്കുതന്നെ മടങ്ങിവന്നു. ഈ കാലയളവിലെ സിനിമകൾ ഗൊദാർദിന്റെ പ്രതിഭാക്ഷീണത്തെയാണ് കാണിക്കുന്നതെന്ന വിമർശനവുമുണ്ടായി.1988 മുതൽ 1998 വരെയുള്ള കാലയളവിൽ എട്ടു ഭാഗങ്ങളായി അദ്ദേഹം സാക്ഷാത്ക്കരിച്ച സിനിമയാണ് ‘ഹിസ്റ്ററി ഓഫ് സിനിമ'. ആകെ 266 മിനിട്ട് ദൈർഘ്യമുള്ള സങ്കീർണമായ ഈ ചലച്ചിത്രസംരംഭം, സിനിമ എന്ന സങ്കല്പനം ഇരുപതാംനൂറ്റാണ്ടുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആരായുന്നു.

ഗൊദാർദിന്റെ ആദ്യകാലചിത്രങ്ങൾ പരീക്ഷണാത്മകമായിരുന്നു. കുറ്റകൃത്യം, സ്ത്രീലൈംഗികത എന്നീ വിഷയങ്ങളിൽ അവ ശ്രദ്ധയൂന്നി. 1969-ൽ പുറത്തുവന്ന ‘എ വുമൺ ഈസ് എ വുമൺ' ആകുന്നു ഗൊദാർദിന്റെ ആദ്യ കളർ ചലച്ചിത്രം. അറുപതുകളുടെ മധ്യമെത്തുമ്പോഴേക്കും ഇടതുപക്ഷ രാഷ്ട്രീയവീക്ഷണമുള്ള ചിത്രങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്നതു കാണാം. ‘ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ' (1966) എന്ന ചലച്ചിത്രം ഇക്കാലയളവിലെ മുഖ്യസൃഷ്ടിയാകുന്നു.

ഫ്രഞ്ച് വിദ്യാർത്ഥികലാപത്തിനുശേഷം ഗൊദാർദിന്റെ ചലച്ചിത്രകല മറ്റൊരു തലത്തിലേക്കു വഴി മാറുന്നതു കാണാം. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി അദ്ദേഹം ‘ദ സീഗ വെർതോവ്' എന്ന സോഷ്യലിസ്റ്റ് സിനിമാഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ ചർച്ചയ്ക്കെടുക്കുന്ന ചിത്രങ്ങൾ നിർമിക്കുകയുണ്ടായി. ഗൊദാർദും ഴാങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിലെ പ്രമുഖർ. ഇക്കാലത്തിന്റെ പ്രധാന സൃഷ്ടിയാണ് ‘വിൻഡ് ഫ്രം ദ ഈസ്റ്റ്'. രാഷ്ട്രീയസിനിമകൾ രാഷ്ട്രീയമായി നിർമ്മിക്കുക എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ നയം. ചലച്ചിത്രഭാഷയെ വിപ്ലവവത്ക്കരിക്കാനായിരുന്നു പ്രധാന ശ്രമം. 16 എം.എം.ലുള്ള ലോ ബജറ്റ്​ സിനിമകൾ പുറത്തിറക്കി. വൈരുദ്ധ്യാത്മക ഭൗതികവാദമായിരുന്നു ഗ്രൂപ്പിന്റെ രാഷ്ട്രീയപ്രമാണം. 1972-ൽ ഈ സംഘം ഇല്ലാതാവുന്നതോടെയാണ് വീഡിയോ ചിത്രങ്ങളിലേക്കും ടെലിവിഷൻ പരമ്പരകളിലേക്കും ഗൊദാർദ് ചുവട് മാറിയത്.1982-83 കാലത്ത് ചലച്ചിത്രരംഗത്തേക്ക് ശക്തമായ മടങ്ങിവരവ് നടത്തിയ ഗൊദാർദ് ‘ട്രിലോജി ഓഫ് ദ് സബ്ലൈം' എന്നറിയപ്പെടുന്ന ചിത്രങ്ങൾ - Passion (1982), Prénom Carmen (1983), Hail Mary (1985)- സംവിധാനം ചെയ്തു.

‘ദ് ഇമേജ് ബുക്ക്' ൽ നിന്ന്
‘ദ് ഇമേജ് ബുക്ക്' ൽ നിന്ന്

അമേരിക്കക്കാരുടേത് ഉൾക്കനമില്ലാത്ത സിനിമയാണെന്നാണ് ഗൊദാർദിന്റെ പക്ഷം. അവ നിലനിൽപ്പിനുവേണ്ടി മാത്രമുള്ളവയാണത്രേ. ഹോളവുഡ് സിനിമ എന്നാൽ കച്ചവടം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ അമേരിക്കൻസിനിമയ്ക്ക് താൻ എതിരല്ലെന്നും ഏതാനും ചിത്രങ്ങൾ ഇഷ്ടമാണെന്നും ഗൊദാർദ് കൂട്ടിച്ചേർക്കുന്നുണ്ട്. അമേരിക്കക്കാർ കലയെ അംഗീകരിക്കുന്നത് മ്യൂസിയങ്ങളിൽ മാത്രമാണെന്ന് മറ്റൊരുവേള അദ്ദേഹം പരിഹസിക്കുന്നു. അമേരിക്കയിൽ നല്ല സിനിമയെന്നാൽ വിജയിക്കുന്ന സിനിമ എന്നാണ് അർത്ഥമെന്നും യൂറോപ്പിൽ നല്ല സിനിമയെന്നാൽ നല്ല സിനിമ എന്നുമാത്രമാണ് അർത്ഥമെന്നും ഗൊദാർദ് ആക്ഷേപഹാസ്യരീതിയിൽ മുതലാളിത്തവിമർശനം നടത്തുന്നുണ്ട്.

രാഷ്ട്രീയസിനിമകൾക്ക് കൃത്യമായ ദിശാസൂചി നൽകിയവയാണ് ഗൊദാർദിയൻചിത്രങ്ങൾ. രാഷ്ട്രീയസിനിമ എന്നാൽ രാഷ്ട്രീയത്തെ പ്രമേയവൽക്കരിക്കുന്ന സിനിമയേക്കാൾ രാഷ്ട്രീയമായി നിർമിക്കപ്പെടുന്ന സിനിമയാണെന്നും അദ്ദേഹം വാദിച്ചു. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയചുട്ടെഴുത്തുകളാവുന്നു ഗൊദാർദിന്റെ സിനിമകൾ. അദ്ദേഹത്തിൽ മാർക്സിസ്റ്റും കാല്പനികനും അരാജകവാദിയും ബൊഹീമിയനുമെല്ലാം ഉള്ളടങ്ങുന്നു. ഏകത്തിലെ പലമയും ബഹുസ്വരതയും ബഹുമുഖതയുമാവുന്നു ഗൊദാർദിന്റെ ലാവണ്യശാസ്ത്രം. 1960കളിൽ അസ്തിത്വവാദവും അമിതഭാഷണവും, തുടർന്ന് സാമ്രാജ്യത്വവിരുദ്ധ നിലപാടുകൾ, 70 കളിൽ മാവോയിസ്റ്റ് പ്രിയത്വം, 80 കളുടെ ആരംഭത്തിൽ ചലച്ചിത്രമണ്ഡലത്തിലേക്കുള്ള മടങ്ങിവരവും തുടർന്ന് ആത്മകഥാപരമായ സിനിമാസാക്ഷാത്ക്കാരവും (‘JLG / JLG') ത്രീ ഡി സിനിമാനിർമ്മിതിയും (‘ദ് ഇമേജ് ബുക്ക്') .

ജംപ് കട്ടുകളും ചിത്രസന്നിവേശത്തിലെ നൈരന്തര്യവും സൂപ്പർ ഇംപൊസിഷനുമൊക്കെ കാവ്യാത്മകമായി സിനിമയിൽ ഉപയോഗിച്ചത് ഗൊദാർദാണ്. സങ്കീർണമായ മാനസികാവസ്ഥകൾ പേറുന്ന കഥാപാത്രങ്ങളുടെ സൃഷ്ടി, അനിർവചനീയമായ അവതരണരീതി, ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് ഇല്ലാതെയുള്ള ചിത്രീകരണം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ചലച്ചിത്രസമീപനത്തെത്തന്നെ വ്യതിരിക്തമാക്കുന്നു. എല്ലാ കഥകൾക്കും ഒരു തുടക്കവും മധ്യവും ഒടുക്കവുമുണ്ടാകാമെങ്കിലും ഈ ഘടാനാക്രമം പാലിക്കണമെന്ന നിർബന്ധമില്ലെന്നും ഓരോ എഡിറ്റും ഓരോ നുണയാണെന്നും (every edit is a lie) ഗൊദാർദ് സിദ്ധാന്തിക്കുന്നുണ്ട്. ഇതൊക്കെ കൊണ്ടാവണം ‘സിനിമയുടെ അനന്തമായ സാധ്യതകളെപ്പറ്റിയുള്ള നിതാന്ത ധ്യാനമാണ്' ഗൊദാർദിന്റെ സിനിമ എന്ന് സൂസൻ സൊന്റാഗ് അഭിപ്രായപ്പെട്ടത്.

സൂസൻ സൊന്റാഗ്. / Photo : Wikimedia Commons
സൂസൻ സൊന്റാഗ്. / Photo : Wikimedia Commons

അർത്ഥരഹിതമായ സിനിമയുടെ വക്താവ് എന്നും കോഫി ഹൗസ് തത്ത്വചിന്തകൻ എന്നും വെറും ഇടതുപക്ഷ സിനിമാക്കാരൻ എന്നും മതവിരോധി എന്നും മറ്റും ലേബൽ ചെയ്ത് ചിലർ ഗൊദാർദിനെ ഇകഴ്ത്താൻ ശ്രമിച്ചുവെങ്കിലും സിനിമയെയും അതിന്റെ ചരിത്രത്തെയും ദൃശ്യഭാഷയെയും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ച് സിനിമയുടെ ദൈവമാകുന്നു ഴാങ് ലുക് ഗൊദാർദ്. ആ ദൈവം ഇതാ മരിച്ചിരിക്കുന്നു!

‘ദ് വീക്കെൻഡ്' എന്ന സിനിമയ്ക്കൊടുവിൽ ‘ഫിൻ ദെ സിനിമ' (Fin De Cinema) എന്ന് എഴുതിക്കാണിക്കുന്നുണ്ട്. ‘സിനിമയുടെ അവസാനം' (End of Cinema) എന്നാണ് ഈ ഫ്രഞ്ച് വാക്യത്തിന്റെ അർത്ഥം. മുഖ്യധാരാസിനിമയുടെ അന്ത്യം എന്നർത്ഥത്തിലായിരുന്നു പ്രസ്തുത പ്രയോഗം.


Summary: അർത്ഥരഹിതമായ സിനിമയുടെ വക്താവ് എന്നും കോഫി ഹൗസ് തത്ത്വചിന്തകൻ എന്നും വെറും ഇടതുപക്ഷ സിനിമാക്കാരൻ എന്നും മതവിരോധി എന്നും മറ്റും ലേബൽ ചെയ്ത് ചിലർ ഗൊദാർദിനെ ഇകഴ്ത്താൻ ശ്രമിച്ചുവെങ്കിലും സിനിമയെയും അതിന്റെ ചരിത്രത്തെയും ദൃശ്യഭാഷയെയും ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളെ സംബന്ധിച്ച് സിനിമയുടെ ദൈവമാകുന്നു ഴാങ് ലുക് ഗൊദാർദ്. ആ ദൈവം ഇതാ മരിച്ചിരിക്കുന്നു!


Comments