“It makes me think of the war… of the Exodus…” - ഈ വാക്കുകൾ പറഞ്ഞപ്പോൾ ദമയന്തിയുടെ ശബ്ദത്തിൽ മുഴങ്ങിയത് കേവലം വൈയക്തികമായ ദുഃഖമല്ല; മനുഷ്യചരിത്രത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന യാതനാ നിർഭരമായ പലായനങ്ങളുടെ വേദനയാണ്. യുദ്ധാനന്തരം നടക്കുന്ന അനാഥമായ യാത്രകൾക്ക് ഒരിക്കലും ഒരു ഭൂപടവുമുണ്ടാകില്ല; അവയ്ക്ക് അജ്ഞാതവും അവ്യക്തവുമായ ദിശകൾ മാത്രമാണുള്ളത്. വീടുകളില്ലാതാവുന്ന മനുഷ്യർ, അതിരുകളിൽ കുരുങ്ങുന്ന ഓർമ്മകൾ, അടയാളം നഷ്ടപ്പെടുന്ന ജീവിതങ്ങൾ… ‘It makes me think of the war’ എന്ന് പറഞ്ഞ ശേഷം ചെറുതായി സമയമെടുത്ത ശേഷമാണ് ദമയന്തി ‘Of the exodus’ എന്ന് പറയുന്നത്. War of the Exodus എന്നാണ് ആ പ്രയോഗം. Exodus എന്നത് ലോക ചരിത്രത്തെ കുറിക്കുന്ന ഏറ്റവും ത്രീവമായ പദമാണ്. അവലംബിത കഥയിൽ സിവി ശ്രീരാമൻ ഈ വാക്ക് ഉപയോഗിച്ചിട്ടില്ല. ഈ സംഭാഷണവുമില്ല. ഒരു പലായനത്തിന്റെ ഫൂട്ടേജിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. "എല്ലാ കാലത്തും സംഭവിച്ചു കൊണ്ടിരിക്കുന്നു." എന്നാണ് ആദ്യ സംഭാഷണം തന്നെ. അതാണ് സിനിമയുടെ ദർശനവും.
നീണ്ട 35 വർഷങ്ങൾ പിന്നിട്ടിട്ടും ജി. അരവിന്ദന്റെ ‘വാസ്തുഹാര’ ഇന്നും പ്രസക്തിയോടെ നമ്മളിലേക്ക് തിരിച്ചുവരുന്നു. പ്രത്യേകിച്ചും ഇറാനിലടക്കമുള്ള യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ. യുദ്ധവും പലായനവും അധികാരവും തടവറയും പോലുള്ള മനുഷ്യചരിത്രത്തിന്റെ ദീർഘകാല അനുഭവങ്ങളെ സിനിമ അതീവശാന്തമായി ആഴമുള്ള രീതിയിൽ അവതരിപ്പിക്കുന്നു. ഇത് അവലംബിതമായ കഥയുടെ നേരിട്ടുള്ള ചിത്രീകരണമല്ല; മറിച്ച് ആ കഥയെ മറികടന്ന് മനുഷ്യജീവിതത്തിന്റെ കാലാതീതമായ ഒരു ലോകം നിർമ്മിക്കാനുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ ‘വാസ്തുഹാര’ ഒരു സിനിമയെന്നതിലുപരി, കാലം കടന്നുപോകുമ്പോഴും പുതുതായി വായിക്കപ്പെടുന്ന ഒരു ക്ലാസിക് അനുഭവമായി മാറുന്നു.

ഡോക്യുമെൻ്ററി റിയലിസം
വസ്തു ഹരിക്കപ്പെട്ടവർ എന്നാണ് വാസ്തുഹാരയുടെ അർത്ഥം. വീട് നഷ്ടപ്പെട്ടവരുടെ പ്രയാണം. ‘വാസ്തുഹാര’ ജി. അരവിന്ദന്റെ ചലച്ചിത്ര പ്രയാണത്തിന്റെയും അവസാനമായിരുന്നു. 1991 മാർച്ച് 15-നാണ് അരവിന്ദൻ അന്തരിച്ചത്. ‘വാസ്തുഹാര’ തിയേറ്റർ റിലീസ് ചെയ്തതാവട്ടെ അതേ വർഷം ജൂണിലും. അതേവരെ ചെയ്ത തന്റെ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ ശൈലിയിലാണ് പ്രമേയപരമായും ആവിഷ്കാര രീതിയിലും വാസ്തുഹാര അരവിന്ദൻ നിർമ്മിച്ചത്. ‘തമ്പി’ലും ‘കുമ്മാട്ടി’യിലും ‘എസ്തപ്പാനിലു’മടക്കമുള്ള ആത്മീയപരമെന്ന് പലരും വ്യാഖ്യാനിച്ച ദാർശനിക വ്യവഹാരങ്ങളൊന്നും നമുക്ക് വാസ്തുഹാരയിൽ കാണാൻ കഴിയില്ല. മുൻ ചിത്രങ്ങളിലെ മാജിക്കൽ റിയലിസത്തിന്റെ ദൃശ്യ രീതികളും ഇതിലില്ല. ഡോക്യുമെൻ്ററി റിയലിസത്തോടാണ് ഈ സിനിമയുടെ ചായ്-വ്. 1951 മുതൽ 1973 വരെയുള്ള കിഴക്കൻ ബംഗാളിന്റെ യുദ്ധവും വിഭജനവും ഇടകലർന്ന നീണ്ട കാലഘട്ടത്തിന്റെ കഥ പറയുന്ന ഈ സിനിമയ്ക്ക് ചരിത്രത്തോട് പൂർണമായും നീതി പുലർത്താനാവശ്യമായ ഭാഷ അതുതന്നെയാണ് താനും. ദൃശ്യപരമായ ഈ ശൈലി വ്യതിയാനമാണ് വാസ്തുഹാരയെ കാലാതീതമാക്കുന്നത്.
പലായനം മറ്റൊരു തടവറ
മനുഷ്യകുലത്തിന്റെ അതിദീർഘമായ പലായനത്തിന്റെയും അവർ എത്തിച്ചേരുന്ന ജീവിതാവസ്ഥകളുടെയും രാഷ്ട്രീയപരമായ യാഥാർഥ്യത്തെ അനാവരണം ചെയ്യുന്നു എന്നതാണ് ഈ സിനിമയുടെ കാതൽ. സത്യത്തിൽ പലായനം സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയല്ല, മറിച്ച് പുതിയ അധികാരരൂപങ്ങളിലേക്കുള്ള മാറ്റം മാത്രമാണെന്ന് ഈ ചിത്രം പറയുന്നു. ഉദാഹരണത്തിന് നായകൻ യാത്രയാവുമ്പോൾ, (പലായനം ആരംഭിക്കുമ്പോൾ) ദമയന്തി കരഞ്ഞുകൊണ്ട് തന്റെ മേൽവിലാസം വിളിച്ചു പറയുന്ന ആ രംഗം ശ്രദ്ധിക്കുക.

“കത്തയയ്ക്കൂ ദാദ… ദമയന്തി പണിക്കർ, ഡെറ്റിന്യു അലിപ്പൂർ സെൻട്രൽ ജയിൽ,” ഈ സംഭാഷണത്തിലെ പാരഡോക്സ് ശ്രദ്ധേയമാണ്. പലായനത്തിന്റെ കഥ പറയുന്ന സിനിമയിൽ അവൾ നൽകുന്ന വിലാസം ഒരു ജയിലിന്റെതാണ്. പലായനത്തിന്റെ അതിരിൽ നിൽക്കുന്ന മനുഷ്യരുടെ ജീവിതം ഒടുവിൽ മറ്റൊരു തടവിലേക്കാണ് എത്തിപ്പെടുന്നതെന്ന സത്യത്തെ ഈ സംഭാഷണം സൂചിപ്പിക്കുന്നു. പലായനം ചെയ്യപ്പെടുന്ന മനുഷ്യർ കപ്പലിലെ ക്യാമ്പവസ്ഥയിലാണ്*1. കപ്പലിൽ നിന്നും നോക്കുന്ന നായകന് ദമയന്തിയെ കാണാൻ കഴിയുന്നതോ 'സ്വതന്ത്രമായ' ഭൂമിയിലും. ജയിൽ അഥവാ തടവറ എന്നത് ജീവിതം നിശ്ചലമാകുന്ന ഒരിടമാണ്; പലായനം എന്നത് ഒരിക്കലും അവസാനിക്കാത്ത യാത്രയും. ഈ രണ്ട് അതിരുകൾക്കിടയിലെ ഭീതിദായകമായ സന്നിഗ്ധതകളെയാണ് വാസ്തുഹാരയുടെ അവസാന രംഗങ്ങൾ നിശ്ശബ്ദമായി ചൂണ്ടിക്കാട്ടുന്നത്.
ചലനത്തിന്റെ രൂപകം
ഈ ചിത്രത്തെ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ അതിൽ വ്യക്തമായി രണ്ട് വ്യത്യസ്ത ലോകങ്ങൾ നിലനിൽക്കുന്നുവെന്ന് കാണാം. ഒന്നാമത്തേത് നിരന്തരം സഞ്ചരിക്കുന്നവയുടെ ലോകമാണ്. അതിൽ അഭയാർത്ഥികൾ, ട്രെയിനുകൾ, ബസുകൾ, കാളവണ്ടികൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇവയെല്ലാം യാത്രയുടെ ദൃശ്യങ്ങൾ മാത്രമല്ല; വീടൊഴിഞ്ഞ മനുഷ്യരുടെ അശാന്തമായ ജീവിതത്തിന്റെ രൂപകങ്ങളാണ്. സ്വന്തം ദേശത്തുനിന്ന് പുറത്താക്കപ്പെട്ടവർ/രക്ഷപ്പെട്ടവർ. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. അവരുടെ ജീവിതം നിരന്തരം ചലനത്തിലാണ്; എന്നാൽ ആ ചലനത്തിന് വ്യക്തമായ ഒരു ലക്ഷ്യം പലപ്പോഴും കാണാനാവില്ല.
ഇതിന് വിരുദ്ധമായി സിനിമയിൽ മറ്റൊരു ലോകം കൂടി നിലനിൽക്കുന്നുണ്ട് - ചലനമില്ലാത്ത (stable) ഒരു ലോകം. ഓഫീസുകളിൽ ഫയലുകൾക്കു മുൻപിൽ ഇരിക്കുന്ന ഉദ്യോഗസ്ഥരും, സ്വന്തം വീടുകളുടെ പരിസരങ്ങളിൽ ഉറച്ചുനിൽക്കുന്ന സ്വത്തുടമകളും (സിനിമയിൽ ഇത് സ്ത്രീകളാണ് ) ഇവരുടെ ജീവിതം സഞ്ചാരത്തിലല്ല; സ്ഥിരതയിലാണ്. സ്വത്തിന്റെയും അധികാരത്തിന്റെയും സുരക്ഷിത പരിധികൾ അവരെ ഒരു നിശ്ചലതയിൽ നിലനിർത്തുന്നു. ഇവർ ഇരിക്കുന്ന മനുഷ്യരാണ്. സ്വന്തമായോ അല്ലാതെയോ ഇരിപ്പിടമുള്ളവർ. സിനിമയുടെ തുടക്കത്തിൽ ഉദ്യോഗസ്ഥനായ നായകന് ഓഫീസിൽ താനിരിക്കുന്ന ഇരിപ്പിടം ഒഴിഞ്ഞ് നൽകുന്ന സഹപ്രവർത്തകനെ കാണുക. മേലുദ്യോഗസ്ഥനെ കാണാൻ നായകൻ അദ്ദേഹത്തിന്റെ വീട്ടിൽ പോകുമ്പോഴും അവർ തമ്മിൽ ഇരിപ്പിടത്തിൽ പ്രകടിപ്പിക്കുന്ന ശരീരഭാഷ, അഭയാർഥികളെ ഇൻ്റർവ്യൂ ചെയ്യുന്ന സന്ദർഭത്തിൽ ഓഫീസർ ആയ നായകനടക്കമുള്ളവരുടെ ഇരിക്കുന്ന നിലയും, മരുമക്കത്തായ കുടുംബ വ്യവസ്ഥയിലെ സ്വത്തുടമകളായ സ്ത്രീകൾ വരെ (അമ്മയും ഭവാനിയമ്മായിയും) അതതിടങ്ങളിൽ ഇരുന്നു കൊണ്ട് സംസാരിക്കാൻ അധികാരമുള്ളവരാണ്.

അഭയാർത്ഥികൾക്കുള്ള സഹായം ആവശ്യപ്പെട്ടാണ് വേണുവിനെ കാണാൻ തന്റെ ഭർത്താവിന്റെ സഹോദരിയുടെ പുത്രനാണെന്നറിയാതെ വരുന്നതെങ്കിലും, പിന്നീട് തന്റെ വീട്ടിൽ വെച്ച് തനിക്കവകാശപ്പെട്ട ഭർത്താവിന്റെ സ്വത്ത് നിഷേധിക്കുന്ന സീനിൽ അവർ ഇരുന്നു കൊണ്ടാണ് ആത്മാഭിമാനം വെളിവാക്കുന്നത്.
അധികാരത്തിന്റെ തടവുകാർ
അധികാരത്തിന്റെ ഇടനാഴികളിൽ നിർണായക പങ്ക് വഹിക്കുന്ന മറ്റൊരു വിഭാഗമാണ് അധികാരം നടപ്പിലാക്കുന്ന ഓഫീസർമാർ. അഭയാർത്ഥികളുടെ ജീവിതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഇവർ അധികാരത്തിന്റെ യഥാർത്ഥ ഉടമകൾ അല്ല. അതിന്റെ ഉപകരണങ്ങൾ മാത്രമാണ്. പക്ഷേ അധികാരം പ്രവർത്തിക്കുന്നത് അവരുടെ കൈകളിലൂടെയാണ്. ഒരേസമയം അധികാരത്തിന്റെ മുഖമാകുമ്പോഴും അവർക്കും പലപ്പോഴും സ്വന്തമായി തീരുമാനമെടുക്കാനാവില്ലെന്ന് വേണുവിലൂടെ നമുക്ക് കാട്ടിത്തരുന്നു.
അധികാരത്തിന് ഏകമുഖമല്ല. അത് അനേകം ചെറു മുഖങ്ങളിലൂടെ നിലനിൽക്കുന്ന സംവിധാനം ആണ്. അതിന്റെ ഉത്തരവുകൾ അനുസരിക്കുന്നവരും യഥാർഥത്തിൽ അതിന്റെ തടവുകാർ തന്നെയാണ്. 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ചിന്തകരിൽ ഒരാളായ ഹന്ന ആറൻ്റിന്റെ പ്രശസ്തമായ ബനാലിറ്റി ഓഫ് ഇവിൾ*2 എന്ന ആശയം ഓർക്കുക. നാസി ക്യാമ്പുകളിൽ നടന്ന ക്രൂരതകൾക്ക് കാർമ്മികത്വം വഹിച്ച ഐഷ്മാനെ വിചാരണ ചെയ്തതുമായി ബന്ധപ്പെട്ട് ആറൻ്റ് അവതരിപ്പിച്ച ഈ ആശയം വലിയ ദുഷ്പ്രവർത്തനങ്ങൾ പലപ്പോഴും ക്രൂരരായ ആളുകൾ ചെയ്തതല്ല. പകരം, ഓഫീസർമാർ, ഗുമസ്തന്മാർ തുടങ്ങി “ഞാൻ എന്റെ ജോലി മാത്രം ചെയ്യുന്നു” എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ആണ് നടക്കുന്നത് എന്ന് വിവരിക്കുന്നു. പലപ്പോഴും അവർക്കും വലിയ അധികാരം ഒന്നുമുണ്ടായിരുന്നില്ല.
അഭയാർഥികളെ സംബന്ധിച്ച മാനുഷികമായി തീരുമാനമെടുക്കേണ്ടുന്ന ചില കാര്യങ്ങളിൽ വേണുവിന് നിയമത്തിനോടും സിസ്റ്റത്തിനോട് വിധേയത്വം മാത്രം പുലർത്തേണ്ടി വരുന്ന അവസരങ്ങൾ കാണാം. ജീവിതത്തിലുടനീളം അധികാരികളുടെ ആജ്ഞകൾ അനുസരിക്കുന്ന ഒരാളായാണ് വേണു ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ബാല്യകാലത്ത് ഭവാനിയമ്മായിയുടെ പ്രണയ ലേഖനങ്ങളുടെ സന്ദേശവാഹകനാണയാൾ. ഒരേ സമയം തന്റെ രണ്ട് അമ്മാവൻമാർക്കും - അനന്തനും കുഞ്ഞുണ്ണിക്കും സന്ദേശം കൈമാറുന്നുണ്ടയാൾ. അനന്തന് നൽകുന്ന സന്ദേശം കുഞ്ഞുണ്ണി അറിയരുതെന്ന നിർദ്ദേശം ആജ്ഞാനുവർത്തിയേ പോലെ അനുസരിക്കുന്നവൻ.
മരുമക്കത്തായ സമ്പ്രദായത്തോട് പ്രത്യേകിച്ച് സംബന്ധ വിവാഹ സമ്പ്രദായങ്ങൾ പല രൂപത്തിൽ നിലവിലുണ്ടായിരുന്ന കുടുംബ വ്യവസ്ഥയോട് അക്കാലത്തെ വിദ്യാസമ്പന്നരായ എല്ലാ ചെറുപ്പക്കാരുടെയും അനിഷ്ടം അയാളും ഉള്ളിൽ പേറുന്നുണ്ട്. ചിത്രത്തിൽ കാണിക്കുന്ന രണ്ടു തറവാടുകളിലും കുടുംബ നാഥനില്ലെന്നതും ഭവാനിയമ്മായിയുടെ ഭർത്താവ് ആത്മഹത്യ ചെയ്യുകയാണുണ്ടായത് എന്നതും ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്.

കുഞ്ഞുണ്ണി മാമ്മയുടെ വിധവയ്ക്ക് സ്വത്ത് നൽകാൻ ആവശ്യപ്പെട്ടു കൊണ്ട് വീട്ടിലെത്തുന്ന വേണുവിനോട് തനിക്ക് വയ്യാതിരിക്കുകയാണെന്നും വെല്ലൂരിൽ ചികിത്സിക്കണമെന്ന അമ്മയുടെ ആവശ്യത്തോട് മുഖം തിരിച്ചു നടന്നു പോകുകയാണയാൾ. സ്ത്രീ ഭരിക്കുന്ന അധികാര വ്യവസ്ഥയോട് പൊരുത്തപ്പെടാൻ ഏറെ പ്രയാസമുണ്ടയാൾക്ക്. കേരളത്തിലെ മരുമക്കത്തായ സമ്പ്രദായം പുരുഷനിൽ സൃഷ്ടിക്കുന്ന അധികാരരഹിതത്വബോധം, ഒരു ‘പുരുഷത്വക്ഷയം’ (Loss of masculinity) എന്ന ആന്തരിക അനുഭവമായി മാറുന്നു.
തുടർന്നു വരുന്ന സീനുകളിൽ ആരതി പണിക്കരുടെ വീട്ടിൽ വെച്ച് ഏക മകനല്ലേ എന്ന ചോദിക്കുമ്പോഴാണ് വേണുവിന്റെ ഈ മനോഭാവത്തിന്റെ ആഴം കൂടുതൽ മനസിലാകുന്നത്. അധികാരം പൂർണമായും പ്രകടിപ്പിക്കാൻ കഴിയാത്ത പുരുഷ പ്രശ്നങ്ങളെ (Psychic fault line of masculinity) സംഘർഷാത്മകമല്ലാതെ മനോഹരമായി ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന ഒരിടം മുറപ്പെണ്ണ് എന്ന ആശയത്തെ വേണു മുന്നോട്ട് വെക്കുന്ന അവസരത്തിലാണ്. പ്രിമിറ്റീവ് ആൻഡ് അബ്സേർഡ് എന്നാണ് ദമയന്തി ഇതിന് മറുപടി പറയുന്നത്. ബംഗാളിൽ അമ്മയുടെ സഹോദരന്റെ മകൾ സഹോദരി തന്നെയാണ്. തനിക്ക് 'പൂർണമായ, അധികാരം പ്രയോഗിക്കാനുള്ള ഏക പോംവഴിയായി, മനുഷ്യരിൽ അധികാരം പ്രവർത്തിക്കുന്ന അനേകം ഇടങ്ങളിലൊന്നായി ‘വാസ്തുഹാര’ മുറപ്പെണ്ണ് എന്ന സങ്കല്പത്തെ മാറ്റി തീർക്കുന്നു.
ബെയർ ലൈഫ് എന്ന മനുഷ്യാവസ്ഥ
വാസ്തുഹാരയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണി തീർച്ചയായും പലായനം ചെയ്യപ്പെട്ട, നിരന്തരം പലായനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഹതഭാഗ്യരായ മനുഷ്യർ തന്നെയാണ്. അഭയാർത്ഥി ഒരു രാജ്യത്തിന്റെ പൗരർ അല്ല; മറ്റു പൗരർക്കുള്ള അവകാശങ്ങൾ ഉണ്ടായിരിക്കുകയില്ല, മതിയായ സംരക്ഷണം പോലുമില്ല. നിയമപരമായ വ്യക്തിത്വം പോലും അനിശ്ചിതം. സത്യത്തിൽ അവർ അധികാരികൾക്ക് കേവലം ഡാറ്റകൾ മാത്രമാണ്. ഒരു പ്രശ്നം/കേസ് എന്ന നിലയിലാണ് കാണപ്പെടുന്നത്.
അഭയാർത്ഥിയുടെ നിലവിളിയില്ലാത്ത ഈ ജീവിതത്തെ ഇറ്റാലിയൻ തത്ത്വചിന്തകനായ ജോർജിയോ അഗമ്പൻ (Giorgio Agamben) Bare Life എന്ന് വിളിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെയും പൗരരല്ലാത്ത അഭയാർത്ഥി, നിയമത്തിനകത്തും പുറത്തും ഒരേസമയം നിലകൊള്ളുന്നു. ക്യാമ്പുകളിൽ നിയന്ത്രിക്കപ്പെടുന്ന അവരുടെ ജീവിതം, ‘State of exception’ എന്ന അവസ്ഥയുടെ പ്രത്യക്ഷരൂപമാണ്. അവിടെ മനുഷ്യർ പേരല്ല, ഒരു നമ്പറാണ്; ഒരു കഥയല്ല, ഒരു കേസ് ഫയലാണ്. സമയം പോലും അവിടെ സഞ്ചരിക്കുന്നില്ല - അത് നിശ്ചലമായി, കാത്തിരിപ്പായി മാത്രം തുടരുന്നു. തടവറകൾ തന്നെയാണ് അവരുടെ ക്യാമ്പുകൾ.

അവലംബിത കഥയിൽ ദമയന്തി ചോദിക്കുന്നുണ്ട്, "നിങ്ങളുടെ ദ്വീപിൽ റെഫ്യൂജികളെ വല്ലാതെ ദ്രോഹിക്കുന്നുണ്ട്. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ പോലും…" ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകൾ ചരിത്രം കണ്ട ഏറ്റവും ക്രൂരമായ തടവറകളുടെ മായ്ക്കാനാവാത്ത ഓർമ്മകളാണ്. ഫൂക്കോ (Michel Foucault ) ബയോപൊളിറ്റിക്സ് (biopolitics) എന്ന ആശയത്തിലൂടെ മനുഷ്യരുടെ സ്വാഭാവിക ജീവനെ അധികാരത്തിന്റെ കണക്കുകൂട്ടലുകളിലേക്ക് ഉൾപ്പെടുത്തുന്ന പ്രക്രിയ ഈ ക്യാമ്പവസ്ഥയിലൂടെ വിവരിക്കുന്നുണ്ട്.
ക്യാമ്പുകൾ എന്നത് ആധുനിക രാഷ്ട്രീയ സ്ഥലത്തിന്റെ മറഞ്ഞിരിക്കുന്ന മാതൃകയായി (Hidden paradigm) അഗമ്പൻ നിരവധി തെളിവുകളിലൂടെ വിവരിക്കുന്നു. 1991-ൽ Bari നഗരത്തിലെ സ്റ്റേഡിയത്തിൽ ഇറ്റാലിയൻ പോലീസ് അനധികൃതമായി എത്തിയ അൽബേനിയൻ കുടിയേറ്റക്കാരെ താൽക്കാലികമായി തടവിലിട്ടതും ഫ്രാൻസിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ “Zones d’attente” എന്ന സ്ഥലങ്ങളും ക്യാമ്പുകളായി പ്രവർത്തിക്കുന്നതും പറയുന്നു. ഇവിടെ അഭയാർത്ഥി പദവി അപേക്ഷിക്കുന്ന വിദേശികളെ തടഞ്ഞുവെക്കുന്നു. ഈ എല്ലാ സാഹചര്യങ്ങളിലും പുറമേ നിന്നുനോക്കുമ്പോൾ നിഷ്കളങ്കമായ ഒരു സ്ഥലം പോലെ തോന്നാം. പക്ഷേ യാഥാർത്ഥത്തിൽ അവിടെ സാധാരണ നിയമക്രമം സസ്‌പെൻഡ് ചെയ്യപ്പെടുകയാണ്. ഇത്തരം ക്യാമ്പിടങ്ങളിൽ ക്രൂരതകൾ നടക്കുമോ ഇല്ലയോ എന്നത് നിയമം തീരുമാനിക്കുന്നതല്ല. പകരം പോലീസുകാരുടെ വ്യക്തിപരമായ നൈതികബോധവും സംസ്കാരവുമാണ് അതിനെ തീരുമാനിക്കുന്നത്. കാരണം ആ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ താൽക്കാലിക സ്വാധീനാധികാരികൾ (sovereigns) ആയി പ്രവർത്തിക്കുന്നു.
വാസ്തുഹാരയിൽ അഭയാർത്ഥികളുടെ ജീവിതത്തെ അവരുടെ ദൈന്യമായ വിഷ്വലുകളിലൂടെ ശക്തമായി വരച്ചു കാട്ടുന്നുണ്ട്. ലോറിയിൽ കുത്തിനിറച്ച സ്ത്രീകളും കുട്ടികളും വൃദ്ധരും, ഇന്ത്യൻ പ്രോഗസ് എന്ന പേരുള്ള തുരുമ്പിച്ച കപ്പലിലേക്ക് തിക്കിതിരക്കി കയറി കൂടുന്ന, ബഹളം വെക്കുന്ന പാവപ്പെട്ട മനുഷ്യർ. അവർ പൗരരല്ല, ബെയർ ലൈഫുകളാണ്.
എല്ലാകാലത്തും ഇത് സംഭവിക്കുന്നു
‘വാസ്തുഹാര’ അവസാനിക്കുന്നത് 1971-ൽ നടന്ന ഇന്തോ പാക്ക് യുദ്ധത്തെയും തുടർന്നുള്ള പലായന ദുരിതങ്ങളെയും പറ്റി പറഞ്ഞു കൊണ്ടാണ്. വാഗ്ദത്ത ഭൂമികൾ തേടിയുള്ള യാത്രകളുടെ (Exodus) വിഫലതകൾ ഓർമ്മിപ്പിച്ചു കൊണ്ട്. "എല്ലാ കാലത്തും ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു," എന്ന ആദ്യ വാചകം മനസിൽ മുഴങ്ങുന്നു.

മൂന്നാം ലോകയുദ്ധത്തിന്റെ ആസന്ന ഭീഷണി പരാമർശിച്ചു കൊണ്ടാണ് 2025-ലെ കാൻ ചലച്ചിത്ര മേളയിൽ ജൂറി പുരസ്കാരം നേടിയ ഫ്രഞ്ച് വംശജനായ സംവിധായകൻ ഒലിവർ ലാക്സിന്റെ ‘സിറാത്ത്’ എന്ന സിനിമ അവതരിപ്പിക്കപ്പെട്ടത്. പല കാരണങ്ങൾ കൊണ്ട് പലായനം ചെയ്യപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ നടുക്കുന്ന അനുഭവങ്ങളാണ് സ്ക്രീനിൽ. ഹൃദയം നിലച്ച് പോകുന്ന നിമിഷങ്ങൾ. എന്നാൽ ‘വാസ്തുഹാര’ നമുക്ക് നൽകുന്നത് പലായനത്തിന്റെ തന്നെ ഏറ്റവും നിസ്സഹായമായ മറ്റൊരനുഭവമാണ്. അധികാരം ഏറ്റവും നിസ്വരായ മനുഷ്യ ജീവിതങ്ങളെ എങ്ങിനെ ഒക്കെ ബാധിക്കുന്നു എന്നതിന്റെ സാക്ഷ്യം. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി ജനതയുടെ ജീവിതത്തിൽ നിരവധി അനിശ്ചിതത്വങ്ങൾ ഉയരുന്ന സമയമാണിത്. ലോകത്തിന്റെ മറ്റിടങ്ങളിലും യുദ്ധഭീഷണികൾ ഉയരുന്നുണ്ട്. പലായനങ്ങൾ അവസാനിക്കുന്നില്ല. അധികാരത്തിന്റെ രൂപങ്ങൾ മാറുന്നു. തടവറകൾ പുതിയ പേരുകളിൽ തിരിച്ചുവരുന്നു. അത്ര മാത്രം. ഇവിടെ ‘വാസ്തുഹാര’ ഒരു സിനിമ മാത്രമല്ല; മനുഷ്യചരിത്രത്തിന്റെ ആവർത്തനങ്ങളിലൂടെ വീണ്ടും വീണ്ടും വായിക്കപ്പെടുന്ന ഒരു അനുഭവമാണ്.
References:
1. The Camp as bio political paradigm of the modern.
2. Eichmann in Jerusalem : A report on the banality of evil.

