ഈ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയത് ഡേവിഡ് ബോറൻസ്റ്റൈനും പവൽ ടാലങ്കിനും ചേർന്ന് സംവിധാനം ചെയ്ത ‘MR NOBODY AGAINST PUTIN’ ആണ്. എന്നാൽ പുരസ്കാരത്തിനപ്പുറം ചർച്ച ചെയ്യേണ്ടതാണ് Perfect Neighbour എന്ന ഡോക്യുമെന്ററി. അവാഡുകൾക്കപ്പുറം ഈ ഡോക്യുമെന്ററി മനുഷ്യർ ലോകമെങ്ങും ഏറ്റെടുത്തു കഴിഞ്ഞതാണ്. ഇന്ത്യൻ അമേരിക്കൻ വംശജയായ Geeta Gandbhir ആണ് ഇതിന്റെ സംവിധായികയെന്നത് നമ്മളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
ബോഡികാം (Body Cam) ഫൂട്ടേജിലും, ജീവിതത്തിന്റെ നേരനുഭവ റെക്കോഡിംഗിങ്ങിലും (Spot Recording) നിർമ്മിച്ച ഡോക്യൂ സിനിമ ലോകം മുഴുവൻ മനുഷ്യർ കണ്ട് കണ്ണു നനയുന്നു. വൃത്തിയുള്ള ഫ്രൈയിമുകളില്ല, തെളിഞ്ഞ ദൃശ്യങ്ങളില്ല, കോടികൾ മുതൽ മുടക്കില്ല. എന്നാൽ ഈ ഡോക്യുമെന്ററി അതിന്റെ സംവിധായികയിൽ നിന്നും നെറ്റ്ഫ്ലിക്സ് വാങ്ങിയിട്ടുണ്ട്. അതിനു കിട്ടുന്ന പ്രതിഫലം വെടിയേറ്റു മരിച്ച അമ്മയുടെ നാലുകുട്ടികൾക്ക് നൽകുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിൽ രണ്ടുവർഷമായി പുകയുന്ന പ്രശ്നങ്ങൾ ലൈവായി ദൃശ്യാവിഷ്കരിച്ചാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അമേരിക്കൻ സിവിൽ സൊസൈറ്റി രണ്ടുപക്ഷമായി ഈ സംഭവത്തിനും ശിക്ഷാവിധിക്കും ശേഷം ധ്രുവീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

സൂസൻ ലോറിംഗ്സ് എന്ന റേസിസ്റ്റ് സ്ത്രീ, തൻെറ അയൽപക്കത്ത് കുട്ടികൾ അവരുടെ വീടിനുമുന്നിൽ ഫുട്ബോൾ കളിക്കുന്നുവെന്നും ബഹളം വെക്കുന്നുവെന്നും സൈൻ ബോർഡ് വലിച്ചെറിയുന്നുവെന്നും തുടങ്ങി ലൊട്ടുലൊടുക്ക് പരാതികൾ പറഞ്ഞ് 911-ൽ വിളിച്ച് പോലീസിൽ പരാതിപ്പെടുന്നു. കുട്ടികൾക്കെതിരെ നിരന്തരമായി ഇവർ പോലീസിൽ പരാതിപ്പെടുന്നുണ്ട്. അവരുടെ അമ്മയായ 35-കാരിയും കറുത്ത വർഗക്കാരിയുമായ അജികെ എ.ജെ ഷാൻട്രൽ ഓവൻസ് അടക്കമുള്ളവർ കുഴപ്പക്കാരാണെന്ന് പോലീസിനെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അവർ കുട്ടികളെ വംശീയമായി അധിക്ഷേപിക്കുന്നു. പോലീസിന്റെ ബോഡി കാമിൽ ഇതെല്ലാം പതിയുന്നുണ്ടെന്ന് അവർ അറിയാതെ പോകുന്നു.

സൂസൻ ലോറിംഗിസിന്റെ വീട്ടിൽ സംസാരിക്കാനെത്തുന്ന ഓവൻസിനെ, അവർ വെളുത്തവരുടെ സുരക്ഷയുടെ പേരിൽ കൈവശംവച്ചിരുന്ന തോക്കുകൊണ്ട് അകത്തുനിന്ന് വെടിവച്ചിടുന്നു. 2023 ജൂൺ 23-ന് രാത്രിയാണ് ഇത് സംഭവിക്കുന്നത്. മെറ്റൽ ഡോർ തുളച്ച് വന്ന ബുള്ളറ്റ് ഓവൻസിന്റെ വലത്തെ നെഞ്ചിൽ തറഞ്ഞുകയറി. സ്നേഹമയിയായ അമ്മ തിരിച്ചു വരില്ലെന്നറിയുമ്പോൾ…, അവരെ ചുബിക്കാൻ ഇനി ആ ചുണ്ടുകൾ ഉണ്ടാവില്ലെന്നറിയുമ്പോഴുളള ആ നാലുകുട്ടികളുടെ കരച്ചിൽ കണ്ടിരിക്കാനാകില്ല. ആ കുട്ടികൾക്കുവേണ്ടി മാത്രമായിരുന്നു അമ്മയുടെ ജീവിതം.
അമേരിക്കയിൽ സംഭവിക്കുന്ന വംശഹത്യകളിൽ ഏറെയും സുരക്ഷയുടെ പേരിൽ എഴുതിത്തള്ളുന്നത് നിത്യ സംഭവമാണ്. അത്തരം ഒരു വാർത്ത പുറംലോകം അറിയുന്നു, ആളുകളെ അറിയിക്കുന്നു എന്നതാണ് ഡോക്യുമെന്ററിയുടെ രാഷ്ട്രീയ പ്രസക്തി. ലോകം മുഴുവൻ ഏകപക്ഷീയ സമാധാനം യുദ്ധത്തിലൂടെ സ്ഥാപിക്കുന്ന അമേരിക്കയുടെ ആന്തരിക രാഷ്ട്രീയ സാമൂഹികാവസ്ഥയാണ് സിനിമ. സംവിധായിക ഗീത ഗാൻഡ്ബീർ (Gita Gandbhir ) ഇന്ത്യൻ അമേരിക്കൻ വംശജയാണ്. സംവിധായകൻ സ്പൈക്ക് ലീയുടെയും എഡിറ്റർ സാം പൊള്ളാഡിന്റെയും ശിഷ്യയാണിവർ.
