'ദി കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗാരി'യിലെ രംഗം (1920).

നിദ്രാടകരുടെ ഭയാനക ലോകം

ജർമൻ എക്‌സ്​പ്രഷനിസം

ജർമൻ എക്​സ്​പ്രഷനിസ്​റ്റ്​ ചിത്രങ്ങളെ നാസിസത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെടുത്തിയാണ് സാംസ്‌കാരിക വിമർശകനും ദാർശനികനുമായ സീഗ് ഫ്രിഡ് ക്രാക്കോർ വിലയിരുത്തുന്നത്. എന്നാൽ പ്രസ്ഥാനം അവസാനിച്ചിട്ടും അതിലെ സങ്കേതങ്ങളും ശൈലിയും ഇപ്പോഴും പല സിനിമകളും പിന്തുടരുന്നു എന്നത് അതിനെ ആനുകാലികമാക്കുന്നുണ്ട്.

ർമനിയിലെ എക്​സ്​പ്രഷനിസ്​റ്റ്​ കാലഘട്ടത്തെ സിനിമാചരിത്രത്തിൽ ‘വൈമാർ കാലഘട്ടം' എന്നും പറയാറുണ്ട്. 1919 മുതൽ 1933 വരെ ജർമനിയിൽ നിലനിന്ന ‘വൈമാർ റിപ്പബ്ലിക്' പിന്നീട് നാസി സ്വേച്ഛാധിപത്യ ഭരണത്തിന് വഴിമാറുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ തകർന്നു തരിപ്പണമായ ജർമനിയുടെ മോഹഭംഗങ്ങളും ജനങ്ങളുടെ ദുരിതങ്ങളും മുഴച്ചുനിന്ന ഒരു കാലമാണത്. അക്കാലത്ത് ജനങ്ങൾ ആന്തരികമായി അനുഭവിച്ച ക്രൂരവും ഇരുണ്ടതുമായ യാഥാർത്ഥ്യങ്ങളെയാണ് എക്​സ്​പ്രഷനിസം എന്ന ("ആവിഷ്‌കരണ വാദം' എന്ന് പരിഭാഷപ്പെടുത്താറുള്ള) പ്രസ്ഥാനം പ്രകാശിപ്പിക്കാൻ ശ്രമിച്ചത്.

ഒരു പ്രസ്ഥാനം എന്ന നിലക്ക് 1920 കളുടെ മധ്യത്തിൽ തന്നെ ജർമൻ എക്​സ്​പ്രഷനിസം അവസാനിക്കുന്നുണ്ട് . അത് അധപതനത്തിന്റെ സിനിമാശൈലി ആണെന്ന് ആരോപിക്കപ്പെട്ടു. അത്തരം സിനിമകൾക്ക് ജർമനിയിൽ വിലക്കുണ്ടായി.

യുദ്ധപശ്ചാത്തലത്തിൽ വിദേശ ചിത്രങ്ങൾ നിരോധിക്കാൻ ജർമനിയിൽ സർക്കാർ തീരുമാനിച്ചതിനെത്തുടർന്ന് ജർമൻ സിനിമകളുടെ എണ്ണത്തിൽ വർധനവുണ്ടായി. അക്രമം, ക്രൂരത, വഞ്ചന തുടങ്ങിയ പ്രമേയങ്ങൾ യുദ്ധപശ്ചാത്തലത്തിൽ സിനിമയിൽ ചർച്ചാവിഷയമായി. ഈയൊരു പ്രതികൂല സാഹചര്യത്തിലുള്ള ഏതാനും സംവിധായകരുടെ പ്രതികരണമായിരുന്നു എക്​സ്​പ്രഷനിസ്​റ്റ്​ രചനകൾ. ചിത്രരചനയിലും കവിതയിലും ഒക്കെ നേരത്തെ തന്നെ നിലനിന്നിരുന്ന ഒരു ശൈലിയാണ് എക്​സ്​പ്രഷനിസം. എഡ്വേഡ് മഞ്ചിന്റെ നിലവിളി എന്ന പിൽക്കാല ചിത്രം ഈ ശൈലിയുടെ പ്രശസ്തമായ ഒരു ഉദാഹരണമാണ്. സർഗ്ഗാത്മകമായ വളച്ചൊടിക്കലും വികലീകരണങ്ങളും ചില പ്രത്യേക മാനസികാവസ്ഥകളെ പ്രതിഫലിപ്പിക്കാൻ സഹായകമാണ് എന്ന തത്വമാണ് ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നത്. ഭൗതിക യാഥാർത്ഥ്യത്തിനപ്പുറം, എന്ത് ഭാവമാണ് ഒരു രംഗം മനസ്സിൽ അവശേഷിപ്പിക്കുന്നത് എന്നതാണ് പ്രധാനം. ഇരുണ്ട മാനസികഭാവങ്ങളെ ആവിഷ്‌കരിക്കാൻ ഉതകുന്ന ദുഃസ്വപ്നസദൃശമായ സെറ്റുകളും പ്രകാശവിന്യാസങ്ങളും നീണ്ട നിഴലുകളും വക്രീകരിക്കപ്പെട്ട ദൃശ്യവിതാനങ്ങളും എല്ലാം എക്​സ്​പ്രഷനിസത്തിന്റെ ഭാഗമാകുന്നത് ഇങ്ങനെയാണ്.

എഡ്വേഡ് മഞ്ചിന്റെ 'The Scream' / Photo: National Gallery of Norway

പരമ്പരാഗത ചലച്ചിത്ര രചനാശൈലിയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഈ പുതിയ ശൈലിയുടെ സ്വാധീനം സിനിമയിൽ ഇന്നും കാണാം. റിഡ്‌ലി സ്‌കോട്ട്, ടിം ബർട്ടൻ തുടങ്ങിയവരുടെ സിനിമകളിലും ഹൊറർ, ഫിലിം നുവാ തുടങ്ങിയ ഴാങ്ങറുകളിലും ഈ സ്വാധീനം പ്രകടമാണ്.

നിശ്ശബ്ദ സിനിമയുടെ കാലത്തു തന്നെ നിലവിൽ വന്ന ഒരു പ്രസ്ഥാനമായിരുന്നു എക്​സ്​പ്രഷനിസം. എക്​സ്​പ്രഷനിസ്​റ്റ്​ ചിത്രരചനയുടെ സങ്കേതങ്ങളിൽ തടിച്ച വരകളും ജ്യാമിതീയ രൂപങ്ങളും വ്യക്തിനിഷ്ഠതയുമാണ്​ വാസിലി കാൻഡിൻസ്‌കി, ഫ്രാൻസ് മാർക്ക് പോലുള്ള കലാകാരന്മാർ അവലംബിച്ചത്. സിനിമയിലും ഇത് അനുകരിക്കപ്പെട്ടു. സർറിയൽ ആയ, തികച്ചും അതീത യാഥാർത്ഥ്യത്തെ ആവിഷ്‌കരിക്കുന്ന, സെറ്റുകൾ രൂപകൽപ്പന ചെയ്യപ്പെട്ടു. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങൾക്ക് ഇതുവരെയും ഇല്ലാതിരുന്ന വിധത്തിൽ വിചിത്രവും വ്യത്യസ്തവുമായ ഒരു ക്രമീകരണ വ്യവസ്ഥയും സൗന്ദര്യശാസ്ത്രവും ഉണ്ടായി. വിശദമായ പശ്ചാത്തലം സെറ്റ് ഡിസൈനർമാർ പെയിൻറ്​ ചെയ്ത് ചേർത്തു. കൃത്രിമമായ സെറ്റുകളുടെ പശ്ചാത്തലത്തോടെയുള്ള യഥാതഥമായ വിശദാംശങ്ങങ്ങൾക്ക് വ്യത്യസ്തതയുണ്ടായിരുന്നു. ഈ സെറ്റ് ഡിസൈൻ പിൽക്കാലത്ത് ഹൊറർ ചിത്രങ്ങൾ ഏറ്റെടുത്തു. ഡ്രാക്കുള (1931), ദി ബ്രൈഡ് ഓഫ് ഫ്രാങ്കൻസ്റ്റീൻ (1935) തുടങ്ങിയവ ഉദാഹരണം.

വെളിച്ചവും നിഴലും തമ്മിൽ സ്പഷ്ടമായ വേർതിരിവുണ്ടാക്കുന്ന വിധത്തിലുള്ള, chiaroscuro ലൈറ്റിംഗ് എന്നറിയപ്പെടുന്ന, ഒരു പ്രകാശവിന്യാസരീതിയാണ് ഇവർ അവലംബിച്ചത്. തിന്മയും നന്മയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്ക് ഊന്നൽ നൽകാൻ നിഴലും വെളിച്ചവും ഇവർ വിദഗ്ധമായി ഉപയോഗപ്പെടുത്തി. ആൽഫ്രെഡ് ഹിച്ച്‌കോക്ക് തുടങ്ങിയ സംവിധായകരും ഫിലിം നുവായുടെ സംവിധായകരും ഈ പ്രകാശ വിന്യാസരീതി പരീക്ഷിക്കുകയുണ്ടായി. ഇരുണ്ട് നീണ്ടനിഴലുകൾ ഇതിലെ ഒരു സവിശേഷതയാണ്.

കൊലപാതകം, ഭ്രാന്ത്, മനക്ഷോഭം, ഭയം തുടങ്ങിയ പ്രമേയങ്ങളിൽ എക്​സ്​പ്രഷനിസം ശ്രദ്ധകേന്ദ്രീകരിച്ചു. ഇരുണ്ട പ്രമേയങ്ങളും അവയ്ക്കനുയോജ്യമായ പശ്ചാത്തലങ്ങളുമാണ് ഈ ചിത്രങ്ങളിൽ പൊതുവായിക്കാണുന്നത്.

നാടകീയമായ ക്യാമറാ ആംഗിളുകളുടെ പ്രയോഗമാണ് ഈ ശൈലിയുടെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. സ്‌ക്രീനിലെ കഥാപാത്രങ്ങളുടെ ആന്തരിക വിക്ഷോഭങ്ങൾ അവതരിപ്പിക്കാൻ വക്രീകരിക്കപ്പെട്ട ക്യാമറ ആംഗിളുകൾ പ്രയോജനപ്പെടുത്തി. ലംബവും തിരശ്ചീനവുമായ പ്രതലങ്ങൾ വക്രീകരിക്കപ്പെട്ട കോണുകളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ വിചിത്രവും അപരിചിതവുമായ മാനങ്ങളാണ് അവയ്ക്ക് കൈവന്നത്. തികച്ചും അയഥാർത്ഥമായ ഒരിടത്ത് എത്തിച്ചേർന്ന പ്രതീതിയാണ് അവ സൃഷ്ടിച്ചത്. കൊലപാതകം, ഭ്രാന്ത്, മനക്ഷോഭം, ഭയം തുടങ്ങിയ പ്രമേയങ്ങളിൽ എക്​സ്​പ്രഷനിസം ശ്രദ്ധകേന്ദ്രീകരിച്ചു. ഇരുണ്ട പ്രമേയങ്ങളും അവയ്ക്കനുയോജ്യമായ പശ്ചാത്തലങ്ങളുമാണ് ഈ ചിത്രങ്ങളിൽ പൊതുവായിക്കാണുന്നത്. നിഗൂഢതകൾ, മായക്കാഴ്ചകൾ, വൈകാരിക വിക്ഷോഭം ഇവയെ ഉദ്ദീപിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ട ശൈലി; അധിഭൗതികവും ഐതിഹാസികവുമായ ആഖ്യാനങ്ങൾ; അമ്പരപ്പിക്കുന്ന സൂപ്പർ ഇമ്പോസിഷനുകൾ ഇവയും മിക്ക എക്​സ്​പ്രഷനിസ്​റ്റ്​ സിനിമകളിലും എക്കാലത്തും കാണുന്ന സവിശേഷതകൾ തന്നെ.

നോസ്‌ഫെറാത്തു (1922). വെളിച്ചവും നിഴലും തമ്മിൽ സ്പഷ്ടമായ വേർതിരിവുണ്ടാക്കുന്ന വിധത്തിലുള്ള, chiaroscuro ലൈറ്റിംഗ് ആണ് എക്സ്പ്രഷനിസ്റ്റ് സിനിമകൾ അവലംബിച്ചത്. തിന്മയും നന്മയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്ക് ഊന്നൽ നൽകാൻ നിഴലും വെളിച്ചവും ഇവർ വിദഗ്ധമായി ഉപയോഗപ്പെടുത്തി. ഇരുണ്ട് നീണ്ടനിഴലുകൾ ഇതിലെ ഒരു സവിശേഷതയാണ്.

ജർമൻ എക്​സ്​പ്രഷനിസ്​റ്റ്​ സിനിമയെ കുറിച്ച് പറയുമ്പോൾ എടുത്തു കാട്ടാറുള്ളതും എക്കാലത്തും ശ്രദ്ധേയമായതും ഏറെ സ്വാധീനം ചെലുത്തിയതുമായ ഒരു രചനയാണ് 1920 ൽ നിർമിച്ച ദി കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗാരി. ഡോക്ടർ കാലിഗാരി എന്ന ഹിപ്‌നോട്ടിസ്റ്റ് ചേസാർ എന്ന സ്വപ്നാടകനെ ഉപയോഗപ്പെടുത്തി നടത്തുന്ന കൊലകളാണ് ഇതിലെ ഇതിവൃത്തം. ഹാൻസ് ജാനോവിറ്റ്‌സ്, കാൾ മെയർ എന്നിവർ തിരക്കഥയെഴുതി റോബർട്ട് വെയിൻ സംവിധാനം നിർവഹിച്ച ഈ ചിത്രം ആദ്യത്തെ ‘ഭീകരചിത്രം' (horror film)ആയി വാഴ്​ത്തപ്പെട്ടിട്ടുണ്ട്.

ഭ്രാന്തന്റെ മനസ്സിൽ ലോകം പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് ആവിഷ്‌കരിക്കാനാണ് എക്​സ്​പ്രഷനിസ്​റ്റ്​ ശൈലിയും അതിന്റെ വക്രീകരണങ്ങളും പ്രയോഗിച്ചിട്ടുള്ളത് എന്ന് പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്.

ഫ്രിറ്റ്‌സ് ലാങ്ങ് സംവിധാനം ചെയ്ത മെട്രോപൊലിസ് (1927) എന്ന സയൻസ് ഫിക്ഷൻ ചിത്രം, എഫ്. ഡബ്ല്യു മൂർനോയുടെ നോസ് ഫെറാത്തു എ സിംഫണി ഓഫ് ഹൊറർ (1922), റോബർട്ട് വെയ്‌നിന്റെ ദി ഹാൻഡ്‌സ് ഓഫ് ഒർലക് ( 1924), പോൾ ലെനിയുടെ വാക്‌സ് വർക്‌സ് ( 1924), പോൾ വെഗ്‌നറും കാൾ ബൊയസ്സും ചേർന്ന് രചിച്ച ഗോളം (1920) തുടങ്ങിയ ചിത്രങ്ങളും ജർമൻ എക്​സ്​പ്രഷനിസത്തിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഒരു പ്രസ്ഥാനം എന്ന നിലക്ക് 1920 കളുടെ മധ്യത്തിൽ തന്നെ ജർമൻ എക്​സ്​പ്രഷനിസം അവസാനിക്കുന്നുണ്ട് . അത് അധപതനത്തിന്റെ സിനിമാശൈലി ആണെന്ന് ആരോപിക്കപ്പെട്ടു. അത്തരം സിനിമകൾക്ക് ജർമനിയിൽ വിലക്കുണ്ടായി. എന്നാൽ ഹോളിവുഡിലേക്ക് ഈ സംവിധായകർ മാറിയതോടെ അതിന്റെ സ്വാധീനം തുടർന്നു. ഏണസ്റ്റ് ലുബിഷിന്റെ ഡയ് ബർഖാത് സെ, ഫ്രിറ്റ് സ് ലാങ്ങിന്റെ ഡോക്ടർ മാബൂസ് ദി ഗാംബ്ലർ, ഡെസ്റ്റിനി, മെട്രോപൊലിസ്; മൂർനോയുടെ നോസ് ഫെറാത്തു, ഫോസ്റ്റ് തുടങ്ങിയവ ഈ കാലഘട്ടത്തിന്റെ മുദ്രകൾ അടങ്ങിയ വിഖ്യാതചിത്രങ്ങളാണ്.

ഇത്തരം ചിത്രങ്ങളെ നാസിസത്തിന്റെ ആവിർഭാവവുമായി ബന്ധപ്പെടുത്തിയാണ് സാംസ്‌കാരിക വിമർശകനും ദാർശനികനുമായ സീഗ് ഫ്രിഡ് ക്രാക്കോർ വിലയിരുത്തുന്നത്. എന്നാൽ പ്രസ്ഥാനം അവസാനിച്ചിട്ടും അതിലെ സങ്കേതങ്ങളും ശൈലിയും ഇപ്പോഴും പല സിനിമകളും പിന്തുടരുന്നു എന്നത് അതിനെ ആനുകാലികമാക്കുന്നുണ്ട്.

'ദി കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗാരി'. കൊലപാതകം, ഭ്രാന്ത്, മനക്ഷോഭം, ഭയം തുടങ്ങിയ പ്രമേയങ്ങളിലാണ് എക്​സ്​പ്രഷനിസം ശ്രദ്ധകേന്ദ്രീകരിച്ചത്. ഇരുണ്ട പ്രമേയങ്ങളും അവയ്ക്കനുയോജ്യമായ പശ്ചാത്തലങ്ങളുമാണ് ഈ ചിത്രങ്ങളിൽ പൊതുവായിക്കാണുന്നത്.

ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗാരി

വടക്കൻ ജർമനിയിലെ ഒരു നഗരത്തിൽ നടക്കുന്ന പ്രദർശന ചന്തയിൽ ചേസാർ എന്ന നിദ്രാടകനെക്കൊണ്ട് ഭാവി പ്രവചിക്കുന്ന ഷോ നടത്താൻ അനുമതി തേടി ടൗൺ ക്ലാർക്കിനെ സമീപിക്കുന്ന ഡോക്ടർ കാലിഗാരിയെ അയാൾ പരിഹസിക്കുന്നു. പിറ്റേദിവസം ആ ക്ലാർക്കിനെ കാണുന്നത് കുത്തിക്കൊല്ലപ്പെട്ട നിലയിലാണ്. ഫ്രാൻസിസും സുഹൃത്ത് അലനും പ്രദർശനം കാണാനെത്തി കാലിഗാരിയുടെ ടെൻറിൽ കയറുന്നു. ഒരു പെട്ടിക്കകത്തുനിന്ന്​ എഴുന്നേറ്റു വന്ന്​കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ചേസാർ എന്ന സ്വപ്നാടകനോട് തനിക്കിനി എത്ര ആയുസുണ്ട് എന്ന് അലൻ ചോദിക്കുന്നു.
‘‘നാളെ രാവിലെ വരെ'' എന്നാണ് ഇതിന് ലഭിക്കുന്ന ഉത്തരം.
പിറ്റേന്ന് രാവിലെ അലൻ മരിച്ചതായി കാണപ്പെടുന്നു. കാലിഗാരിയേയും ചേസാറിനെയും ഫ്രാൻസിസ് ഇതോടെ സംശയിച്ചു തുടങ്ങുന്നു. പ്രാഥമികമായ അന്വേഷണങ്ങൾ ഒന്നും സഫലമാവുന്നില്ല. എങ്കിലും അയാൾ കാലിഗാരിയെ പിന്തുടരുന്നു.

‘‘വിപ്ലവവത്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് ബൂർഷ്വാ പാരമ്പര്യവും സമൂഹത്തെയും പ്രകൃതിയെയും രൂപപ്പെടുത്താനുള്ള അധികാരവും ഒന്നിച്ചു നിഷേധിക്കപ്പെടുന്നതിന്റെ ആവിഷ്‌കാരമാണ് ഇവിടെ എക്​സ്​പ്രഷനിസം’’

കാലിഗാരിയുടെ പെട്ടിക്കകത്ത് ചേസാർ ഉറങ്ങുന്നുണ്ട്. അപ്പോൾ തന്നെ, ഫ്രാൻസിസ് തന്റെ കാമുകിയായ ജെയ്‌നിന്റെ മുറിയിൽ അവളെ കൊല്ലാൻ വേണ്ടി കത്തി ഓങ്ങുന്ന ചേസാറിനെയും കാണുന്നു. ജെയിൻ സുന്ദരിയായതിനാൽ കൊല്ലാതെ അവളെ എടുത്തുകൊണ്ട് ചേസാർ നീങ്ങുന്നു.അച്ഛനും നാട്ടുകാരുമെല്ലാം ഉണർന്ന് പിന്തുടർന്നപ്പോൾ അവളെ താഴെയിട്ട് ചേസാർ കടന്നുപോകുന്നു. ഫ്രാൻസിസും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് വണ്ടി പരിശോധിച്ചപ്പോൾ പെട്ടിയിൽ ഉറങ്ങുന്ന ചേസാർ കേവലം ഒരു ബൊമ്മ മാത്രമാണെന്ന് കണ്ടെത്തുന്നു. കാലിഗാരി രക്ഷപ്പെട്ട് ഒരു ഭ്രാന്താശുപത്രിയിലേക്ക് പോകുന്നു. ഫ്രാൻസിസ് പിന്തുടരുന്നു. ഭ്രാന്താശുപത്രിയുടെ ഡയറക്ടറും കാലിഗാരിയും ഒരേ ആൾ തന്നെ എന്നറിഞ്ഞു ഫ്രാൻസിസ് നടുങ്ങുന്നു. പിറ്റേന്ന് രാത്രി കാലിഗാരി ഉറങ്ങുമ്പോൾ കാലിഗാരിയുടെ ആപ്പീസ് ഫ്രാൻസിസ് പരിശോധിച്ച് അയാളുടെ കുറ്റകൃത്യങ്ങൾക്ക് അനിഷേധ്യമായ തെളിവുകൾ കണ്ടെത്തുന്നു. കാലിഗാരിയെ കുറ്റം സമ്മതിപ്പിക്കാൻ ആയി മരിച്ച ചേസാറിന്റെ ശവം അയാൾക്ക് കാട്ടിക്കൊടുക്കുന്നു. കാലിഗാരിക്ക് ഭ്രാന്ത് പിടിക്കുന്നു.

നിർബന്ധ സൈനിക സേവനത്തിന്റെ പേരിൽ കൊല്ലാനും കൊല്ലപ്പെടാനും നിർബന്ധിക്കപ്പെടുന്ന സാധാരണ മനുഷ്യനെയാണ് ഇതിൽ ചിത്രീകരിക്കുന്നതെന്ന് ക്രാക്കോർ വ്യാഖ്യാനിക്കുന്നു. ഭ്രാന്തമായ അധികാരത്തിന്റെ ഭയാനകമായ പ്രയോഗമാണ് ഇങ്ങനെ നടക്കുന്ന കൊലകൾ. യുദ്ധത്തിൽ മനംമടുത്ത് അവരവരിലേക്ക് പിൻവലിയുന്ന സമകാലിക മനുഷ്യരുടെ അവസ്ഥയാണ് പെട്ടിയിലുറങ്ങികിടക്കുന്ന ചേസാർ പ്രതിനിധാനം ചെയ്യുന്നത് എന്നും ചില നിരൂപകർ വ്യാഖ്യാനിക്കുന്നുണ്ട്. ഭ്രാന്തന്റെ മനസ്സിൽ ലോകം പ്രത്യക്ഷപ്പെടുന്നത് എങ്ങനെ എന്ന് ആവിഷ്‌കരിക്കാനാണ് എക്​സ്​പ്രഷനിസ്​റ്റ്​ ശൈലിയും അതിന്റെ വക്രീകരണങ്ങളും പ്രയോഗിച്ചിട്ടുള്ളത് എന്ന് തോമസ് എൽ. സേസർ, ലോട്ട്. എച്ച്. ഐസ്‌നർ തുടങ്ങിയ പല നിരൂപകരും വിലയിരുത്തിയിട്ടുണ്ട്.

'ദി കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗാരി'യിലെ ഒരു രംഗം (1920).

ഫ്രം കാലിഗാരി ടു ഹിറ്റ്​ലർ എന്ന തന്റെ പ്രശസ്തമായ പുസ്തകത്തിൽ സീഗ്ഫ്രിഡ് ക്രാക്കോർ ഇങ്ങനെ നിരീക്ഷിക്കുന്നു: ‘‘വിപ്ലവവത്കരിക്കപ്പെട്ട ഒരു ജനതയ്ക്ക് ബൂർഷ്വാ പാരമ്പര്യവും സമൂഹത്തെയും പ്രകൃതിയെയും രൂപപ്പെടുത്താനുള്ള അധികാരവും ഒന്നിച്ചു നിഷേധിക്കപ്പെടുന്നതിന്റെ ആവിഷ്‌കാരമാണ് ഇവിടെ എക്​സ്​പ്രഷനിസം. സ്വന്തം പ്രപഞ്ച സങ്കൽപ്പം തകർന്നടിഞ്ഞപ്പോൾ ഇതിലൂടെ ചില നന്മകൾ ധാരാളം ജർമൻകാരെ വശീകരിച്ചിട്ടുണ്ടായിരിക്കാം'' . ‘‘യുദ്ധമനഃശാസ്ത്രത്തെയും കൊലയേയും ചതിയെയും കുറിച്ചുള്ള ആക്രമണാത്മകമായ ഒരു പ്രസ്താവ'' മെന്ന്​ ആന്റൺ കേയ്‌സ് കാലിഗാരിയെ വിശേഷിപ്പിച്ചു. യുദ്ധകാല ജർമനിയിലെ മനുഷ്യരുടെ അവസ്ഥ ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ട്.
‘‘എനിക്കിനി എത്ര ആയുസ്സുണ്ട്?'' എന്ന അലന്റെ ചോദ്യം യുദ്ധരംഗത്തുള്ള പട്ടാളക്കാരുടെ ചോദ്യമാണ്; കരൾ നീറി വീട്ടിൽ കഴിയുന്ന അവരുടെ കുടുംബാംഗങ്ങളുടെ ചോദ്യമാണ്; കൂട്ടുകാർ യുദ്ധരംഗത്ത് മരിക്കുന്നതുകണ്ട അതിജീവിച്ച പട്ടാളക്കാരുടെ കടുത്ത നൈരാശ്യമാണ് അലൻ മരിച്ചത് കണ്ട ഫ്രാൻസിസ് ചിത്രത്തിൽ അനുഭവിക്കുന്നത്.

നിദ്രാടകനെക്കൊണ്ട് എന്ത് ക്രൂരകൃത്യവും ചെയ്യിക്കുന്നത്, നിഷ്‌ക്രിയരാക്കപ്പെട്ട ജനങ്ങളെക്കൊണ്ട് സ്വേച്ഛാധിപതികൾ അവരുടെ ഇഷ്ടങ്ങൾ നടപ്പിലാക്കുന്നതിനെ പ്രതീകവൽക്കരിക്കുന്നുണ്ട്. സാമാന്യ ജനങ്ങളുടെ നിരുപാധികമായ വിധേയത്വം അഥവാ അനുസരണ ആണ് ചേസാറിലൂടെ പ്രകടിപ്പിക്കുന്നത്. യജമാനന്റെ നിയന്ത്രണത്തിനപ്പുറത്ത് സ്വന്തമായി ഒരു ജീവിതം അയാൾക്കില്ല.

അയാൾ സ്വന്തമായ ഒരു ബോധത്തിലേക്കുണർന്നതിന്റെ സൂചന സിനിമയിൽ ഉള്ളത് ഒറ്റ പ്രാവശ്യം ആണ്. മിഥ്യകളിലൂടെ തുടർച്ചയായി നടത്തപ്പെടുന്ന രാഷ്ട്രീയ-സാമ്പത്തിക അടിച്ചമർത്തലിന്നിടയിൽ അപൂർവമായി മാത്രം യാഥാർത്ഥ്യത്തിലേക്കുണരുന്ന സാമാന്യ ജനതയുടെ അനുഭവത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. സ്വന്തം വ്യക്തിത്വം കളഞ്ഞു കുളിക്കുന്നത്, സാമൂഹ്യ രാഷ്ട്രീയ ശക്തികൾ, ബോധമില്ലാത്ത വെറും നിദ്രാടകരുടെ അവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിലേക്ക് നയിക്കുമെന്ന് പ്രേക്ഷകർക്കുള്ള താക്കീത് കൂടിയാണ് ചേസാർ എന്ന കഥാപാത്രത്തിലൂടെ ഈ സിനിമ നൽകുന്നത്.▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments