2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമായിരുന്നു, ആംറം (Amrum). വെർണർ ഹെർസോഗിനും വിം വെൻഡേഴ്സിനും ശേഷമുള്ള തലമുറയിലെ ജർമൻ സംവിധായകരിൽ പ്രധാനിയായ ഫാത്തീഹ് അകിൻ സംവിധാനം ചെയ്ത സിനിമ. രണ്ടാം ലോക യുദ്ധം അവസാനിച്ചിട്ട് എൺപതാണ്ടുകൾ കഴിഞ്ഞുവെങ്കിലും യൂറോപ്പ് അത് പറഞ്ഞു കഴിയുന്നില്ല. ചരിത്രത്തിൽ ആ യുദ്ധമല്ലാതെ മറ്റൊന്നിനെ പരിസരമാക്കിയും ഇത്രയും ചിത്രങ്ങളുണ്ടാവില്ല. അവയിൽ ക്ലാസിക്കുകൾ തന്നെ എത്രയോ! ലോകയുദ്ധത്തിലെ ഒരു നാസി പട്ടാള ഓഫീസറുടെ കഥ കോൺസൻട്രേഷൻ ക്യാമ്പിന്റെ മതിലകം കാട്ടാതെ പുറത്തുനിന്ന് പറയുന്ന ജോനാതൻ ഗ്ലേസറുടെ 'സോൺ ഓഫ് ഇന്ററസ്റ്റ്' കഴിഞ്ഞ വർഷം കാൻ, ഓസ്കാർ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങൾ വാങ്ങി. യുദ്ധത്തിന്റെ അവസാന ദിനങ്ങളിൽ പ്രത്യക്ഷ യുദ്ധം നമ്മൾ കാണാതെ കാണുന്ന മറ്റൊരു സിനിമയാണ് ഫാത്തീഹ് അകിനിന്റെ ആംറം. സംവിധായകന്റേത് എന്നതുപോലെ ബാലനായകനായ നാന്നിംഗ് ആയി വേഷമിട്ട ജാസ്പെർ ബില്ലർബെക്കിന്റെ സിനിമയെന്നും ആംറത്തെ പറയാം.
'ആംറം' ജർമനിയുടെ വടക്കൻ കടൽത്തീരത്തെ ദ്വീപാണ്. ദ്വീപ് യുദ്ധമുഖമായിരുന്നില്ല. അതിനാൽ ഭൗതികനാശങ്ങൾ കാണ്മാനില്ല. എങ്കിലും ഭാവമുഖങ്ങളിൽ, ദേഹനീക്കങ്ങളിൽ, വിനിമയങ്ങളിൽ യുദ്ധവേദനകളുടെ മുദ്രകൾ സന്നിഹിതമാക്കാൻ അകിന് കഴിയുന്നു. ഒഴിഞ്ഞ പാത്രം പോലെയുള്ള പ്രകൃതിയാണ് മനുഷ്യർക്കു ചുറ്റും.

ആറിലോ ഏഴിലോ പഠിക്കുന്ന നാന്നിംഗ് യുദ്ധപലായനത്താലാണ് അമ്മ, ആന്റി, അനിയൻ, അനിയത്തി എന്നിവരോടൊപ്പം ആംറത്ത് എത്തിയത്. ആരംഭരംഗത്തിൽ യുദ്ധവിമാനങ്ങൾ സമുദ്രം കടന്ന് വരുന്ന ദൃശ്യത്തിൻ്റെ ഇരമ്പമാകണം ചിത്രത്തിലെ പിന്നീടുള്ള മൂകതയെ ചൂഴ്ന്നു നിൽക്കുന്ന മുഴക്കം. സ്കൂളിൽ ക്ലാസ് തുടങ്ങുംമുമ്പ് നാന്നിംഗ് ഉരുളക്കിഴങ്ങ് തോട്ടത്തിൽ പണിയെടുക്കുന്നുണ്ട്. അവനാലാവുന്ന പല പണിയുമെടുക്കുന്നു. അവനെ ഇരയായി ഇരുത്തി കടൽനായയെ (Seal fish) കരയിലേക്ക് ആകർഷിച്ചു വരുത്തി ഒരാൾ വെടിവച്ചു പിടിക്കുന്നുണ്ട്. അവനുനേരെ കടൽനായ കടന്നുവരുന്ന നിമിഷങ്ങളിൽ അപ്പോഴത്തെ ഭീതിയ്ക്കപ്പുറം അവനെ ചുറ്റിനിൽക്കുന്ന മറ്റേതൊക്കെയോ കൂടിയുണ്ട്. അച്ഛൻ നാസി സൈനികനായി പലയിടങ്ങളിൽ യുദ്ധത്തിലാണ്. അമ്മ കടുത്ത ഹിറ്റ്ലർ ആരാധികയാണ്. അവരുടെ പ്രസവസമയത്താണ് ഹിറ്റ്ലർ വീഴുന്നത്. അയാളുടെ പരാജയം അമ്മയെ വിഷാദത്തിലാക്കുന്നു. നാട്ടുകാർ മുഴുവൻ നാസികളെ വെറുത്തു കഴിഞ്ഞു. നാനിംഗിന്റെ കുടുംബത്തിനും ആ വെറുപ്പ് കിട്ടി. സ്കൂളിലും പുറത്തും അവനെ ഹിറ്റ്ലർ അനുകൂലിയും വരത്തനുമെന്ന നിലയിൽ കുട്ടികൾ ഉപദ്രവിക്കുന്നുണ്ട്. സ്ഥൂലസമൂഹത്തിൽ നാസികൾ കടുത്ത പീഡകരാവുമ്പോൾ ഈ ചെറുവിടത്തിൽ അത് മറിച്ചാവുന്നു. അകിൻ നമ്മുടെ ആലോചനയെ ആ ദിശയിലേക്ക് തിരിയ്ക്കുന്നുണ്ട്. ന്യായവും നീതിയുമൊക്കെ ചെറുതും വലുതുമായ ഓരോ വൃത്തത്തിലും ഓരോന്നായി കണ്ടെത്തേണ്ടിവരും. നാന്നിംഗിന്റെ മൂല്യ, സ്വത്വവിചാരങ്ങൾ കുഴപ്പത്തിലാവുന്നു. വിട്ടുവന്ന ദേശം, ഭാഷാഭേദം, നാസിസം, ബാല്യം ഇങ്ങനെയുള്ള അവന്റെ ഐഡന്റിറ്റികളെല്ലാം പ്രതിസന്ധിയിലാവുന്നു. ചരിത്ര സന്ദർഭത്തിന്റെ ഭാരത്തിൽ നാനിംഗ് ഞെരിയുന്നു. അവൻ കഴുത്തോളം വെള്ളത്തിൽ അകപ്പെടുന്ന വേലിയേറ്റം സിനിമയിലുണ്ട്. ഹൃദയാലുവായ നാനിംഗ് അവനെ ഉപദ്രവിച്ചുകൊണ്ടിരുന്ന ഒരുവനെ അതേ വേലിയേറ്റത്തിൽനിന്ന് രക്ഷിക്കുന്നു.
വേലിയേറ്റത്തിൽ ഒരു കയ്യിൽ സൈക്കിളും മറുകയ്യിൽ അമ്മയ്ക്കുള്ള ബ്രെഡ്ഡും വെണ്ണയും പഞ്ചസാരയുമായി വരുമ്പോൾ സൈക്കിൾ കൈവിടേണ്ടിവരുന്നു. സൈക്കിളിനാണ് വില കൂടുതൽ എന്നറിയാനുള്ള പ്രായം അവനുണ്ട്. പക്ഷേ അമ്മ മറ്റൊന്നും കഴിക്കില്ല. പട്ടിണിയിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും മുൻഗണനകളും വസ്തുക്കളുടെ മൂല്യവും വിലയും ഫാത്തിഹ് അകിൻ ഇവിടെ ചർച്ചയ്ക്ക് വെയ്ക്കുന്നു.

നാസികളുടെ തൽരീതികളും ജനങ്ങൾക്ക് അവരോടുള്ള വെറുപ്പിന്റെ ആഴവും അറിഞ്ഞുവരുമ്പോൾ നാന്നിംഗ് പിന്നെയും ഐഡന്റിറ്റി പ്രശ്നത്തിൽ പെടുന്നു. കുട്ടിയായ നാന്നിംഗ് എന്തഭിമാനാദരവോടെയായിരുന്നു, നാസി യൂണിഫോമണിഞ്ഞു നാട്ടിലൊക്കെ നടന്നത്! പ്രത്യയശാസ്ത്രവും സ്വത്വവും കുടുംബത്തിൽ നിന്ന് കിട്ടിയത് അണിയുക തന്നെ. നാസി വേഷം പുറമേ ധരിക്കുന്ന നാന്നിംഗ് അകമേ നാസിത്തമുള്ളയാളല്ല. ലോകയുദ്ധത്തിലെ ഒരു പക്ഷത്തേയ്ക്ക് അവൻ മനസ്സറിയാതെ എടുത്തെറിയപ്പെടുകയാണ്. അവന് ഒരു പിടിപാടുമില്ലാത്ത കാര്യങ്ങളാണ് അച്ചുതണ്ട് ശക്തികളും സഖ്യകക്ഷികളും തമ്മിലുള്ള രണ്ടാം ലോക യുദ്ധം. പക്ഷേ നാന്നിംഗ് കരുതുന്നത് അവൻ ശരിപക്ഷത്താണെന്നാണ്. നമ്മൾ, ജനങ്ങളുടെ പ്രതിച്ഛായയാണ് നാന്നിംഗിന്. ഇന്ന്, ജർമനിയിലെയും ഇറ്റലിയിലെയും ജപ്പാനിലെയും ജനങ്ങൾക്കറിയാം അന്ന് ഫാസിസ്റ്റ് അച്ചുതണ്ട് വിജയിച്ചിരുന്നുവെങ്കിൽ ലോകവിപത്താകുമായിരുന്നുവെന്ന്. പക്ഷേ അന്ന് അവരിൽ വലിയ കൂട്ടരും ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഹിരോഹിതോയുടെയും കൂടെയായിരുന്നു.
നേതാക്കളുണർത്തി നിർത്തിയ ദേശവികാരവീറിന്റെ അസംബന്ധമാണത്. നമ്മൾ, സാമാന്യ ജനമനസ്സുകൾ തന്നെയാണ് അവന്റെ കുഞ്ഞുമനസ്സ്. സ്വേഛാധീശാസക്തിയുള്ളവർ ജനതയെ ചേരിതിരിച്ച് ഭൂരിപക്ഷത്തെ തങ്ങളുടെ ചേരിയിൽ വിന്യസിക്കാൻ ശ്രമിക്കുന്നു, ചിലർ വിജയിക്കുന്നു.

ഇവിടെ, അവർണ്ണർക്ക് ആഹാരവും വിദ്യയും വഴിയുമൊക്കെ നിഷേധിച്ചതും നിഷേധിക്കുന്നതും ബ്രാഹ്മണമതമാണെങ്കിലും അത് ചെയ്യുന്നത് ഇസ്ലാമാണെന്നും താനും ബ്രാഹ്മണമതത്തിലാണെന്നും താൻ ഇസ്ലാമുമായി പോരിലാണെന്നും അവർണ്ണർക്ക് തോന്നലുണ്ടാക്കാൻ ശ്രമിക്കുന്നു, ഒട്ടൊക്കെ വിജയിക്കുന്നു. സ്വത്വധാരണകളുടെ എഡിറ്റിംഗിലൂടെ കാഴ്ചയെ, നീതിയെ അട്ടിമറിക്കാൻ കഴിയും. നാന്നിംഗ്, അങ്ങ് ആംറം ദേശത്തെ ഒരു പന്ത്രണ്ടു വയസ്സുകാരനല്ല.
തെളിയാത്ത ആകാശവും കടലും തീരവും ചാരനിറചക്രവാളവും കടൽക്കാറ്റും കുഴഞ്ഞ മണ്ണും മണ്ണിരകളും കിളികളുടെ ഇരപിടുത്തവും പാടവും ഇമേജറിയേക്കാൾ മനുഷ്യരോളം തന്നെ ചിത്രഭാഗമാണ്. സമുദ്രത്തിന് അതിരില്ലായ്കയുടെ അനുഭവം തരാൻ കഴിയും. ദ്വീപിന് സമുദ്രം, സ്വത്വത്തിൻ്റെ അതിരുമാണ്. ഉദാസീനമായ അനന്തതയുടെ കരയിലിരുന്ന് മനുഷ്യർക്ക് അതിജീവനവാഞ്ഛയോടെ അനുകമ്പയും വിദ്വേഷവും സ്നേഹവും പകയുമൊക്കെയാവാം. നാന്നിംഗിന്റെ നടന്നും സൈക്കിളിലും ഒറ്റയ്ക്കുള്ള അലച്ചിലുകൾ യുദ്ധങ്ങൾ കുഞ്ഞുങ്ങളോട് ചെയ്യുന്നതെന്താണ് എന്ന ചോദ്യമാണ്. എന്തു ജോലി കിട്ടിയാലും അവൻ ഒരുമ്പെടുന്നുണ്ട്. യുദ്ധം കുട്ടികളോട് ചെയ്യുന്ന യുദ്ധമാണത്.
