ട്രൂകോപ്പി തിങ്ക് നടത്തിയ ഗ്ലോബൽ ഷോർട്ട് ഫിലിം കോണ്ടസ്റ്റിൽ മികച്ച സിനിമയായി മെക്സിക്കൻ സംവിധായകനായ എഡ്വേഡോ മൊറീനോ ഫെർനാണ്ടസ് സംവിധാനം ചെയ്ത ട്വന്റി മിസ്സിസിപ്പീസ് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത സിനിമാ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സിനിമയുടെ പേര് പ്രഖ്യാപിച്ചു.അൻപതിനായിരം രൂപയും സൈനുൽ ആബിദ് ഡിസൈൻ ചെയ്ത മെമെന്റോയുമാണ് മികച്ച ചിത്രത്തിനുള്ള സമ്മാനങ്ങൾ.
130 സിനിമകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി മത്സരത്തിനെത്തിയത്. 'സിനിമ ഇൻ ദ ടൈം ഓഫ് കോവിഡ്" എന്നതായിരുന്നു ഇത്തവണത്തെ ഫോക്കസ്.
മഹാമാരി കാരണം സിനിമാനിർമാണവും പ്രദർശനവും ആഗോളതലത്തിൽ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ ഇത്രയും സിനിമകൾ ഉണ്ടായി എന്നതു തന്നെ ആവേശകരമായ സംഗതിയാണെന്ന് മികച്ച സിനിമയുടെ പേര് പ്രഖ്യാപിച്ച ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
കോവിഡ്, ജീവിതത്തിലെ സാധാരണ കാര്യമായി മാറിയ ശേഷം കാർല എന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തെയാണ് ഈ ഷോർട്ട് ഫിലിം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് സിനിമ ഒരു ആഗോളഭാഷയായി പരിണമിച്ചു കഴിഞ്ഞതായി അവാർഡു വിവരമറിഞ്ഞ എഡ്വേഡോ മൊറീനോ ഫെർനാണ്ടസ് പറഞ്ഞു. മെക്സിക്കോ സിറ്റിയിൽ ജനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ എഡ്വേഡോയുടെ If Only Tonight We Could Sleep എന്ന ഫീച്ചർ ഫിലിം 2019 ലെ സിയോൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയിരുന്നു. 2019 ൽ ഫോർബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 100 Most Creative Mexicans In The World ലിസ്റ്റിൽ ഇടം പിടിച്ച ഒരാളാണ് ഈ യുവ സംവിധായകൻ.
എം. അജയ്കുമാർ സംവിധാനം ചെയ്ത കോമരം എന്ന സിനിമ ജൂറിയുടെ പ്രത്യേക പരാമർശത്തിനു അർഹമായി.
കോവിഡ് മഹാമാരിയെത്തുടർന്ന് ഉത്സവം നിലച്ചുപോയതു കാരണം ഒരു വെളിച്ചപ്പാട് അനുഭവിക്കുന്ന ആന്തരിക സംഘർഷങ്ങളാണ് ഈ സിനിമയുടെ പ്രമേയം. അജയ് കുമാറിന് 20,000 രൂപയും മെമെന്റോയും സമ്മാനമായി ലഭിക്കും.
മലപ്പറം ജില്ലയിലെ വണ്ടൂർ സ്വദേശിയായ അജയ്കുമാർ എഴുതി സംവിധാനം ചെയ്ത കുടചൂടുന്നവർ എന്ന ഷോർട്ട് ഫിലിം തിരുവനന്തപുരം ഇന്റർനാഷണൽ ഷോട്ട് ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും മറ്റ് നിരവധി മേളകളിൽ പുരസ്കാരം നേടുകയും ചെയ്തിട്ടുണ്ട്.