ഗുഡ് ബൈ ജൂലിയ:
വിഭജിത ദേശത്തെ രണ്ട് സ്ത്രീകൾ

സുഡാൻ്റെ സംഘർഷനിർഭരമായ സമീപ ഭൂതകാല ചരിത്രത്തിലൂടെയുളള തിരസഞ്ചാരം- ഗുഡ്ബൈ ജൂലിയ- നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകർക്ക് മികച്ച ചലച്ചിത്രാനുഭവമായി.

28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒന്നാം ദിവസത്തെ ഓർമയിൽ തങ്ങിനിർത്തുന്നത് ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ (GOODBYE JULIA) തന്നെ ആയിരുന്നു. സുഡാൻ്റെ സംഘർഷ നിർഭരമായ സമീപ ഭൂതകാല ചരിത്രത്തിലൂടെയുളള തിരസഞ്ചാരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ പ്രേക്ഷകർക്ക് മികച്ച ചലച്ചിത്രാനുഭവമായി. വിഭജനത്തിൻ്റേയും വംശീയ സംഘർഷങ്ങളുടേയും സാമൂഹിക ഇടത്തിൽ രണ്ടു സ്ത്രീകൾക്കിടയിൽ തളിരിടുകയും വളർന്നു പുഷ്പിക്കുകയും ചെയ്യുന്ന മാനുഷിക ബന്ധത്തിൻ്റെ മനോഹരമായ ചലച്ചിത്രാവിഷ്കാരമാണ് മൊഹമ്മദ് കൊർദോഫ നി (Mohamed Kordofani) തിരക്കഥയെഴുതി സംവിധാനം ചെയ്ത ഗുഡ് ബൈ ജൂലിയ. കാൻ ഫിലിം ഫെസ്റ്റിവലിൽ Un Certain Regard വിഭാഗത്തിൽ സമ്മാനിതമായിട്ടുണ്ട് സുഡാനീസ് അറബി ഭാഷയിലുള്ള ഈ ചിത്രം.

ഗായികയെന്ന രീതിയിൽ തിളക്കമാർന്ന ഭൂതകാലത്തിൻ്റെ ഉടമയായ മോന (Eiman Yousif) എന്ന ഉത്തര സുഡാനിസുകാരി ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റബോധത്താൽ നീറിജീവിക്കുന്നതിനിടെ ഉടലെടുക്കുന്ന ബന്ധങ്ങൾ ജീവിതത്തെ മാറ്റിമറിക്കുന്നതിൻ്റെയും ഒപ്പം സാമൂഹ്യ സംഘർഷങ്ങൾ ജീവിതഗതിയെ വഴിതിരിച്ചുവിടുന്നതിൻ്റെയും ദൃശ്യാഖ്യാനമാണ് ഈ ചലച്ചിത്രം. പശ്ചാത്താപത്തിൻ്റെ നെരിപ്പോടിൽ ഉരുകിക്കഴിയുന്ന മോന വധിക്കപ്പെട്ടയാളുടെ ദക്ഷിണ സുഡാൻകാരിയായ പങ്കാളി ജൂലിയയെ (Siran Riyak) തന്നാലാവും വിധം സഹായിക്കാൻ തയ്യാറാവുന്നു. ജൂലിയയേയും മകൻ ഡാനിയലിനേയും (Louis Daniel Ding and Stephanos James Peter) സ്വന്തം വീട്ടിൽ പാർപ്പിക്കാൻ മോന തയ്യാറാവുന്നു.

അവർ തമ്മിലുള്ള വികാരപരമായ വിനിമയങ്ങൾ സുഡാനിലെ വിഭജനത്തിൻ്റെ സംഘട്ടനാത്മകമായ സവിശേഷ സന്ദർഭത്തിലും വികസിക്കുന്നെങ്കിലും ഒരു തുറന്നുപറച്ചിലിനും കുറ്റസമ്മതത്തിനും കഴിയാതെ ഉഴറുന്ന മോന ഭൂതകാലത്തെ മനസാ ഉപേക്ഷിക്കാനും പുതിയൊരു സമവായത്തിലെത്തി ഭാവിജീവിതം മുമ്പോട്ടുകൊണ്ടുപോവാനും ശ്രമിക്കുന്നു. പക്ഷേ സമൂഹത്തിലും രാഷ്ട്രത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ അവളുടെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. അവ കുടുംബത്തിലേക്ക് പ്രശ്നങ്ങൾ എത്തിക്കുന്നു. അതു വഴി മോനയ്ക്ക് തൻ്റെ പാപപങ്കിലമായ ചെയ്തികളുമായി മുഖാമുഖം നിൽക്കേണ്ടിവരുന്നു.

തൻ്റെ സംഗീത ജീവിതവും പ്രൊഫഷനും ഭർത്താവായ അക്രത്തിൻ്റെ (Nazar Gomaa) അനിഷ്ടത്താൽ വിവാഹശേഷം ഉപേക്ഷിക്കേണ്ടി വന്ന സമ്പന്നയായ മുസ്‍ലിം വനിതയാണ് മോന. ഭർത്താവ് സാൻ്റിനോയോടും (Paulino Victor Bol) ഡാനിയലിനും ഒപ്പം തെക്കൻ സുഡാനിൽ താമസിക്കുന്ന ദരിദ്രയായ ക്രിസ്ത്യൻ സ്ത്രീയാണ് ജൂലിയ. അരികുവത്കൃതമായ ജീവിതമാണ് ജൂലിയയുടേയും കുടുംബത്തിൻ്റെതും. സമ്പന്നതയും ഉള്ളിലെ വംശീയതയുടെ തിരയിളക്കവും മോനയേയും ഭർത്താവ് അക്രത്തേയും പ്രിവിലജുകളുടെ ലോകത്തുനിന്നും ഇറങ്ങിവരുന്നതിൽനിന്ന് തടയുന്നുണ്ടെങ്കിലും അതിനെ ഒരുപരിധിവരെ അതിജീവിക്കാനും ഒടുവിലെങ്കിലും അപരസ്നേഹത്തിൻ്റെ തീരത്തെ പുൽകാനും കഴിയുന്നുണ്ടവർക്ക്. വരേണ്യരുടെ വംശീയ മനോഭാവമാണ് മാറേണ്ടത് എന്ന വീക്ഷണത്തിൽ സിനിമ ഊന്നുന്നുണ്ട്.

സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്മെൻ്റ് (SPLM) എന്ന സംഘടയുടെ പ്രവർത്തകരുടെ ആക്ഷനിൽ അവസാന ഭാഗങ്ങൾ പ്രത്യക്ഷത്തിൽ തന്നെ സംഘർഷഭരിതമാവുന്നുണ്ട്. വംശീയതയില്ലാത്ത വിഭജനവാദം തെറ്റല്ലെന്നു കരുതുന്നുപോലുമുണ്ട് ആ സംഘടന. സുഡാനിലെ തെക്കരും വടക്കരും തമ്മിലുള്ള ആഭ്യന്തരയുദ്ധത്തിൻ്റെ പശ്ചാത്തലം മനുഷ്യരുടെ മനോഗതിയെ മാറ്റുന്നുണ്ട്. സാൻ്റിനോയുടെ നേർക്ക് വെടിയുതിർക്കുന്നതിൽ അക്രത്തിലും മകനെ കാർ തട്ടിയപ്പോൾ ബൈക്കിൽ പിന്തുടർന്നെത്തിയ സാൻ്റിനോയെ പ്രതിസ്ഥാനത്തു നിർത്തുന്നതിൽ മോനയിലും പ്രവർത്തനക്ഷമമായത് തെക്കൻ സുഡാനികൾക്കെതിരെയുള്ള വംശീയ വിദ്വേഷമാണ്. ഇസ്‍ലാം തുല്യത പ്രബോധനം ചെയ്യുന്നുണ്ടെന്ന പറയുന്ന മോനയോട് അത് തെണ്ടികൾക്കും അടിമകൾക്കും ബാധകമല്ലെന്ന് അക്രം പറയുന്നുണ്ട്. പൊലീസിനെ സ്വാധീനിച്ച് സാൻ്റിനോയെ വധിച്ച സംഭവം തേച്ചുമാച്ചു കളയാനും അയാൾക്ക് കഴിയുന്നുണ്ട്. വധത്തിൻ്റെ ഒരു കാര്യവും ജൂലിയയെ അറിയിക്കാനും പൊലിസ് തയ്യാറാവുന്നില്ല. അധികാരികൾ വംശീയ മനോഭാവത്തിനൊപ്പം നിൽക്കുന്നു എന്ന് ഇത് സൂചിപ്പിക്കുന്നുണ്ട്.

തെക്കൻ സുഡാനികളെ തെണ്ടികളായിക്കാണുന്ന വീക്ഷണം അക്രത്തിലും കൂട്ടരിലും സ്വാഭാവികമെന്നോണം അലിഞ്ഞുചേർന്ന അവസ്ഥയിലുണ്ട്. കിളിയെ കൂട്ടിലിടുന്ന രൂപകത്തിലൂടെ അക്രം എന്ന ഭർത്താവിൻ്റെ അധികാര മനോഭാവവും സൂചിപ്പിക്കപ്പെടുന്നുണ്ട്. ഭർത്താവിൻ്റെ ആണധികാര പ്രവൃത്തികൾക്ക് ഇരയാകുന്നതിൻ്റെ അനുഭവം മോനയെ തങ്ങളാൽ ഇരകളായ ജൂലിയയോടും മകനോടും സഹാനുഭൂതി ഉള്ളവളാക്കാൻ പ്രേരകമായിത്തീരുന്നു. ജൂലിയയുടെ ഉൽപ്പന്നങ്ങൾ ഒന്നിച്ച് വാങ്ങിയും ഹൗസ് കീപ്പറായി അവൾക്ക് ജോലി കൊടുത്തും താൻ ചെയ്ത അപരാധത്തിൻ്റെ കുറ്റബോധത്തിൽ നിന്നും കരകയറാൻ മോന ശ്രമിക്കുന്നുണ്ട്.

സംവിധായകനായ കൊർദോഫ നി മോനയേയും ജൂലിയയേയും ആർക്കിടൈപ്പു കഥാപാത്രങ്ങളായി വിഭാവനം ചെയ്യാതെ അവർക്കിടയിലെ ബന്ധത്തെ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നത് പ്രധാനമാണ്. സമ്പന്ന / ദരിദ്ര, മുസ്‍ലിം / കൃസ്ത്യൻ, വടക്കൻ / തെക്കൻ, വെളുത്ത തൊലി / കറുത്ത തൊലി വിഭജനങ്ങൾക്കതീതമായി മോനയും ജൂലിയയും ആഴമുള്ള സൗഹൃദത്തിന് ഉടമകളായി തീരുന്നുണ്ട്. ഡാനിയലും അക്രവും തമ്മിലുള്ള ബന്ധവും സാവധാനം സ്നേഹത്താൽ ഊഷ്മളമായി തീരുന്നുണ്ട്. മോന സംഗീതത്തിലേക്ക് തിരിച്ചെത്തുന്നതിന് ജൂലിയയുമായുള്ള സ്നേഹബന്ധം കാരണമാകുകയും ചെയ്യുന്നു. ഇവക്കെല്ലാമിടയിലും രാഷ്ട്രീയ- സാമൂഹ്യ സംഘർഷങ്ങൾ ബന്ധങ്ങളെ ശിഥിലമാക്കുകയും വിഭജനത്തിന് കാരണമാവുകയും ചെയ്യുന്നു എന്നു സിനിമ സൂചിപ്പിക്കുന്നു.

സംവിധായകൻ മൊഹമ്മദ് കൊർദോഫ നി

മൂഡിനെ പിന്തുണയ്ക്കുന്ന ഷോട്ടുകളാണ് Pierre de Villiers- ൻ്റെ ക്യാമറ സംഭാവന ചെയ്തിരിക്കുന്നത്. മോനയുടേയും ജൂലിയയുടേയും ക്ലോസപ് ദൃശ്യങ്ങൾ അവരവരനുഭവിക്കുന്ന മാനസികനിലയെ അനാവരണം ചെയ്യാൻ പര്യാപ്തമായിട്ടുണ്ട്.

Comments