ഗുരുവിന്റെ ‘ഫുട്ട്​നോട്ട്​’ അല്ല കുമാരനാശാൻ; കെ.പി. കുമാരൻ സംസാരിക്കുന്നു

കുമാരനാശാന്റെ 150-ാം ജന്മവാർഷികത്തിൽ, ആ ജീവിതം പ്രമേയമാക്കിയെടുത്ത ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന സിനിമയെക്കുറിച്ച്​ സംസാരിക്കുകയാണ്​ സംവിധായകൻ കെ.പി. കുമാരൻ. കുമാരനാശാനെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം കവിയാക്കി മാറ്റി നിർത്താൻ ഒരു കാലത്ത്​ വരേണ്യ നിരൂപകർ നടത്തിയ തേജോവധത്തിന്റെ ചരിത്രം ഓർമിപ്പിച്ച്​, ഈ സിനിമയെ ‘സൈഡ്​ ലൈൻ’ ചെയ്യാനുള്ള ശ്രമങ്ങളെയും അദ്ദേഹം സൂചിപ്പിക്കുന്നു.

സിനിമ, സാഹിത്യം- കൂത്തുപറമ്പിൽ വളരുമ്പോഴും കെ. പി കുമാരന്റെയുള്ളിൽ നിറഞ്ഞിരുന്ന സ്വപ്നങ്ങൾ ഇവയായിരുന്നു. ബ്രിട്ടീഷ് മലബാറിന്റെ ഹൃദയഭൂവിൽ നിന്ന് കാതങ്ങളകലെയായിരുന്നൂ ആ ഗ്രാമം. മാറ്റത്തിന്റെ വെള്ളിവെളിച്ചം വിതറി പുത്തൻ വിനോദോപാധിയായി അതിവേഗം വളർന്നു കൊണ്ടിരുന്ന ചലച്ചിത്രകലയെ അറിയാൻ തികച്ചും പ്രാഥമികമായ സൗകര്യങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.
""സാഹിത്യവും സിനിമയും എന്റെ ഒബ്‌സെഷനുകളായി വളർന്നു,'' - കെ.പി കുമാരന്റെ വാക്കുകൾ. (തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുകയും സജീവ കാമ്പസ് രാഷ്ട്രീയത്തിൽ ഇടപെടാതെ, ‘മാർക്​സിസ്റ്റ്' എന്ന് ഇരട്ടപ്പേരു വീഴുകയും ചെയ്ത വ്യക്തിയാണ് കുമാരേട്ടന്റെ ജ്യേഷ്ഠൻ. കുമാരേട്ടന്റെ ബൗദ്ധികജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ആളും അദ്ദേഹം തന്നെ.)

ആധുനിക കാലഘട്ടത്തിൽ നമ്മുടെ ഏറ്റവും വലിയ കവിയായി ഉയർന്ന ഒരു മനുഷ്യനുള്ള ഒരു ട്രിബ്യൂട്ട് ആണ് ഗ്രാമവൃക്ഷത്തിലെ കുയിൽ. ചലച്ചിത്ര നിർമാണത്തിന് ദേശീയവും അന്തർദേശീയവുമായ അംഗീകാരങ്ങൾ നേടിയിട്ടുള്ള കൃതഹസ്തനായ ഒരു സംവിധായകൻ അതീവ പുരോഗമനോന്മുഖമായ തന്റെ ചലച്ചിത്രത്തിന് പ്രദർശന സൗകര്യം കിട്ടാഞ്ഞ് ചെയ്തുതീർത്ത ചിത്രം കയ്യിൽ വച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നവോത്ഥാനമൂല്യങ്ങളെ വീണ്ടെടുക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്ന ഒരു വ്യവസ്ഥിതിക്ക് ഭൂഷണമാണോ?

കെ. പി കുമാരൻ

കുമാരന്റെ അനുപമമായ ആദ്യ ചിത്രം ദ് റോക്ക് , മലയാളത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന് ഞാൻ വിശ്വസിക്കുന്ന അതിഥിഎന്നിവ മുതൽ അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രയെ അനുധാവനം ചെയ്തിട്ടുള്ള സാധാരണ ചലച്ചിത്രാസ്വാദകൻ മാത്രമാണ് ഞാൻ. കുമാരേട്ടന് സിനിമയോടുള്ളതു പോലെതന്നെ സാഹിത്യത്തോട്; പ്രത്യേകിച്ച്, കവിതയോട് ഗാഢമായ ഒരടുപ്പം ഉള്ളതായി ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ തുടങ്ങിയവരിലൂടെ ഇടശ്ശേരിയിലും പിന്നീടു വന്ന ആധുനിക കവികളിലുമെല്ലാം കുമാരേട്ടൻ ആകൃഷ്ടനായിട്ടുണ്ട്. മലയാള കവിതയുടെ ഗതിവിഗതികൾ, താളക്രമങ്ങൾ ഇതിനെല്ലാം ദത്തശ്രദ്ധമായി കാതോർക്കുന്ന വ്യക്തിയാണ് അദ്ദേഹം.

തന്റെ ഏറ്റവും പുതിയ സൃഷ്ടിയെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു:

യു. ജയച​ന്ദ്രൻ: എന്തുകൊണ്ട് ആശാൻ? എന്തുകൊണ്ട് 2022ൽ?

കെ.പി. കുമാരൻ: ആശാൻ ഏറെ വ്യത്യസ്തതകളുള്ള വ്യക്തിത്വമായിരുന്നു. ഭാഷയിലെ യഥാർത്ഥ വിപ്ലവം; അതായത് രൂപത്തിലും ഭാവത്തിലും; ഇത് രണ്ടിനും കാരണമായ കവി ആശാനായിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും ആചാരങ്ങൾ മാത്രമല്ല, സാമൂഹിക നിയമങ്ങൾ തന്നെ ആയിരുന്ന കാലത്ത് കനമുള്ള കാവ്യങ്ങളിലൂടെ ആശാൻ വരേണ്യതയെ വെല്ലുവിളിക്കുകയായിരുന്നു. എസ്. എൻ. ഡി. പി പോലെ ഒരു ചെറിയ സംഘടനയുടെ സെക്രട്ടറി ആയിരുന്നുകൊണ്ടാണ് ആശാൻ ആ വെല്ലുവിളികൾ നടത്തിയത്. അതായിരുന്നു ആശാന്റെ ധീരത. അതിനുള്ള ഒരു ശ്രദ്ധാഞ്ജലി കൂടിയാണ് ഈ ചിത്രം. കൂടാതെ, നാം കടന്നു പോകുന്നത് ആശാന്റെ 150-ാം ജന്മവാർഷിക വത്സരത്തിലൂടെയാണ്.

അതു മാത്രമാണോ കുമാരനാശാനെ കേന്ദ്രകഥാപാത്രമാക്കി ഒരു ചലച്ചിത്രം പ്ലാൻ ചെയ്യാനുള്ള കാരണം?

ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയിൽ കുമാരനാശാനായി ശ്രീവത്സൻ ജെ. മേനോൻ

അല്ല. കുമാരനാശാൻ എന്ന വ്യക്തിയെ നോക്കൂ. അദ്ദേഹത്തെപ്പറ്റി ഇതിനും എത്രയോ മുമ്പ്​ സിനിമകൾ ഉണ്ടാവേണ്ടിയിരുന്നതാണ്. അതുണ്ടായില്ല. നാം പുത്തൻ നവോത്ഥാനം എന്നൊക്കെ പറയുകയുംഅതിന്റെ പേരിൽ ചില കെട്ടുകാഴ്ചകൾ നടത്തുകയും ചെയ്യുന്നു. കുമാരനാശാൻ 14ാം വയസ്സിൽ ശ്രീനാരായണഗുരുവിന്റെ ശിഷ്യനാവുകയും ഗുരുവിന്റെ സന്തതസഹചാരിയായി ജീവിക്കയും ചെയ്തു.

‘ചിന്നസ്വാമി' എന്ന പേരും അദ്ദേഹം സ്വായത്തമാക്കി. എന്നാൽ കുമാരനാശാനെന്ന കവി, കുമാരനാശാനെന്ന സംഘം പ്രവർത്തകന്റെയും കുമാരനാശാനെന്ന കുടുംബസ്ഥന്റെയും നിലനിൽപ്പിനു മദ്ധ്യേ ഞെരുങ്ങിത്തന്നെയാവാം നിലനിന്നതും വളർന്നതും. പക്ഷേ ആ വളർച്ച, യാതൊരു അതിശയോക്തിയും ഇല്ലാതെ പറയാം, തീർത്തും വിസ്മയാവഹം തന്നെ ആയിരുന്നു. അതുകൊണ്ടു തന്നെ, ആശാനെ നിസ്സംശയം ഒരു ‘കാവ്യവിസ്മയം' എന്നു വിളിക്കാം. ഇതിനെല്ലാം ഉപരി, ഈ 80ാം വയസ്സിൽ എന്റെ ജീവിതസഖിയായ ശാന്തമ്മ പിള്ളയുമായി ചേർന്ന് ഇങ്ങനെ ഒരു സിനിമ ചെയ്യാൻ എനിക്ക് ഏറ്റവും വലിയ പ്രചോദനമാവുന്നത് നേരത്തേ പറഞ്ഞ ആ ‘ഒബ്‌സെഷൻ' തന്നെ ആണ്.

കുമാരനാശാനെ ചരിത്രം സ്റ്റീരിയോടൈപ് ചെയ്തതായി തോന്നിയിട്ടുണ്ടോ?

ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയിൽ നിന്ന്​

തീർച്ചയായും. ആശാന്റെ കവിതകളെക്കുറിച്ചു പറയുമ്പോൾ അതിൽപ്പോലും ഉണ്ട് ഒരു പ്രത്യേക ബ്രാക്കറ്റിൽ അദ്ദേഹത്തെ മാറ്റി നിർത്തുന്ന സമ്പ്രദായം. ആശാന്റെ കവിതകളുടെ ഔട്ട് പുട്ട് നോക്കിയാലാണ് അദ്ദേഹത്തിന്റെ കാവ്യസപര്യ എന്തുകൊണ്ട് ഒരു വിസ്മയമായി വേറിട്ടുനിൽക്കുന്നു എന്ന നാം അറിയുക. 17ാം വയസ്സിലാണ് ആശാൻ കവിതകളെഴുതാൻ ഗൗരവപൂർവം ഇരുന്നിട്ടുള്ളത്. 51ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഏതാണ്ട് മൂന്നര ദശകം തന്റെ ജീവിതം തന്നെ അദ്ദേഹം ഗുരുദക്ഷിണയായി ശ്രീനാരായണന് സമർപ്പിച്ചു. 15 വർഷം അദ്ദേഹം എസ്​. എൻ. ഡി. പി യോഗം സെക്രട്ടറി ആയിരുന്നു. ആശാനെ "സ്റ്റീരിയോടൈപ്പ്​' ചെയ്തു എന്ന പറയുമ്പോൾ അദ്ദേഹത്തെ എന്നും ശ്രീനാരായണഗുരുവിന്റെ ഒരു ‘ഫുട്‌നോട്ട്' ആക്കി ചുരുക്കാൻ ബോധപൂർവമോ അല്ലാതെയോ നമ്മൾ ശ്രമിച്ചു എന്ന് മനസ്സിലാക്കിയാൽ മതി. ചില സ്റ്റോക് "ഫ്രേയ്‌സുക'ളിൽ ആശാനെ തളച്ചിടുക (ഉദാ: സ്‌നേഹമാണഖിലസാരമൂഴിയിൽ, മാറ്റുവിൻ ചട്ടങ്ങളെ).. അങ്ങനെ. "കാച് ഫ്രേയ്സുക'ളും ‘പഞ്ച് ലൈനുക'ളും അല്ലല്ലോ അദ്ദേഹത്തിന്റെ കാവ്യസപര്യയുടെ സത്ത.

അതന്വേഷിക്കുന്ന ഒരു യാത്രയാണോ ഈ ചിത്രം?

അത്തരം ഒരു ഏകമാനമായ ചിത്രമല്ല ഗ്രാമവൃക്ഷത്തിലെ കുയിൽ. ഇതിന്റെ നരേഷന് നാല് തലങ്ങളുണ്ട്.
1. ജീവിതകഥ (1917 - 1924 വരെ. അവസാനത്തെ ഏഴു വർഷങ്ങൾ)
2. കവിത
3. മനസ്സും ചിന്തയും
4. സാമൂഹ്യ ചരിത്രം

ഇതെല്ലാം കേട്ടിട്ട് ഇതൊരു ലേഖനസമാഹാരം ആണെന്ന് വിചാരിക്കേണ്ട. ലീനിയർ നരേഷനിലൂടെ പട്ടുപോലെ മസൃണമായ ആഖ്യാനശൈലിയിൽ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ നൽകുന്ന ഒരു ചിത്രമായിരിക്കും എന്റെ ഈ സംരംഭം. താരങ്ങൾ ഇല്ല. കുമാരനാശാൻ, ഭാനുമതി (അദ്ദേഹത്തിന്റെ സഹധർമ്മിണി), മൂർക്കോത്ത് കുമാരൻ, സഹോദരൻ അയ്യപ്പൻ എന്നിങ്ങനെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ഇതിലുള്ളു. ഗുരു മൂന്നു സീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയിൽ നിന്ന്

ഗുരു ഒരു പ്രതിഷ്ഠ നടത്തുന്നിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. ആശാന്റെ കവിതകൾ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. അവയെല്ലാം സ്വരവിന്യാസം ചെയ്തിരിക്കുന്നത് പ്രധാന നടനായ ശ്രീവത്സൻ ജെ. മേനോൻ ആണ്.

ചിത്രം ഐ. എഫ്. എഫ്. കെയിൽ പ്രദർശിപ്പിച്ചിരുന്നല്ലോ. അതിന്റെ പ്രതികരണം എങ്ങനെ ആയിരുന്നു? ആ പ്രദർശനം കൊണ്ട് ചിത്രത്തിന് എന്തെങ്കിലും നേട്ടം ഉണ്ടായോ? വാണിജ്യപരമായോ അംഗീകാരത്തിന്റെ തലത്തിലോ?

അങ്ങനെ ഒന്നും തന്നെ ഉണ്ടായില്ല. നിരൂപണങ്ങൾ വഴി ഒരു മൈലേജ് നല്ല ചിത്രങ്ങൾക്ക് നാം പ്രതീക്ഷിക്കാറുണ്ടല്ലോ. ഇവിടെ വീണ്ടും എന്നെ സൈഡ് ലൈൻ ചെയ്യുക എന്നതിൽ ഉപരിയായി കുമാരനാശാനെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം കവിയാക്കി മാറ്റി നിർത്താൻ (ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും നിറസാന്നിദ്ധ്യത്തിൽ) സാഹിത്യപഞ്ചാനനൻ
പി. കെ. നാരായണപിള്ളയെപ്പോലുള്ള വരേണ്യ നിരൂപകർ നടത്തിയ തേജോവധത്തിന്റെ ചരിത്രം കൂടി അനുസ്മരിക്കേണ്ടിയിരിക്കുന്നു.

അതായത്, ഈ പറയപ്പെടുന്ന നവോത്ഥാന മൂല്യങ്ങളുടെ ‘വീണ്ടെടുപ്പ്' ബുദ്ധിജീവിതലത്തിൽ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല എന്നുതന്നെ പറയാമോ?

(കുമാരേട്ടൻ ഒന്ന് ചിരിച്ചു. ആ ചിരിയിലൂടെ അദ്ദേഹം പറഞ്ഞു), നിങ്ങൾ തീരുമാനിക്കൂ. ഇപ്പോഴത്തെ നിലയിൽ ഏപ്രിൽ എട്ടിന്​ ഇത് തീയേറ്ററുകളിൽ എത്തിക്കാനാവും എന്നാണ് ഞാൻ കരുതുന്നത്. ഒരു പൂർണതയുള്ള ചിത്രമായിരിക്കും ഇത്. മുൻപ് ഞാൻ പറഞ്ഞതുപോലെ അതീവ ഹൃദ്യമായ ഒരു അനുഭവമായിരിക്കും. കുമാരനാശാന്റെ പ്രധാനപ്പെട്ട നാല് കൃതികളാണ് ചിത്രത്തിൽ പ്രധാനമായും ഫീച്ചർ ചെയ്യുന്നത്: ദുരവസ്ഥ, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, കരുണ.

അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന വർഷങ്ങളാണല്ലോ ചലച്ചിത്രത്തിന്റെ വിഷയം. നവോത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കുകയെന്നാൽ ആശാനെപ്പോലുള്ള ഒരു കവി പ്രതിനിധീകരിച്ച മാനുഷ്യകത്തിന്റെ മഹത്തായ ആദർശങ്ങൾ എന്നും സജീവമാക്കി നിലനിർത്തുക എന്നതാണ് എന്റെ പ്രത്യാശ. തമിഴകത്തിലെ ദ്രാവിഡ വിമോചനപ്രസ്ഥാനത്തിന്റെ അസ്തമിക്കാത്ത വെളിച്ചമായിരുന്നു സുബ്രഹ്‌മണ്യഭാരതിയെപ്പോലുള്ള കവികൾ. കുമാരനാശാന് നാം അത്തരത്തിലൊരു സ്ഥാനമാണ് നൽകേണ്ടത്. കാരണം കടുത്ത ഉച്ചനീചത്വത്തിന് വിധേയനായിട്ടും ആ അനുഭവങ്ങളുടെ അഗ്‌നി തന്റെ കവിതകളിലേക്ക് സംക്രമിപ്പിച്ച മനുഷ്യകഥാനുഗായിയാണ് ഈ കവി.
അതുകൊണ്ട് ആശാനെപ്പറ്റിയുള്ള ഏത് കലാസൃഷ്ടിയും ശ്രദ്ധിക്കപ്പെടണം; കൊണ്ടാടപ്പെടണം.

ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന സിനിമയുടെ സെറ്റിൽ കാമറാമാൻ കെ.ജി. ജയനും​​​​​​ കെ.പി. കുമാരനും

കുമാരേട്ടന്റെ ചലച്ചിത്രയാത്രയുടെ തുടക്കം മുതൽ അദ്ദേഹത്തെ അനുധാവനം ചെയ്തു പോരുന്ന ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ പറയ​ട്ടെ, അദ്ദേഹത്തിന്റെ ചലച്ചിത്ര സംഭാവനകൾ അർഹിക്കുന്ന തരത്തിൽ ആഘോഷിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതിഥിയെപ്പോലെ ഒരു കറതീർന്ന മലയാളി ചിത്രത്തെ ‘അദൃശ്യ'മാക്കി നശിപ്പിച്ചു കളഞ്ഞത് പാരമ്പരാഗത സിനിമാവ്യവസായമല്ല;
‘ന്യൂ വേവ്' എന്നും ‘ആർട്ട് സിനിമ' എന്നുമെല്ലാം അറിയപ്പെട്ടിരുന്ന പുത്തൻ ചലച്ചിത്ര ഭാവുകത്വത്തിന്റെ വക്താക്കൾ തന്നെയാണ്. (അവരെയെല്ലാം അടച്ചാക്ഷേപിക്കുകയല്ല. അവരിൽ അനേകം പേർ ഇന്നും അതിഥി മലയാളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കരുതുന്നവരാണ്.)

എന്നിട്ടും, ഈ മഹാനായ ചലച്ചിത്രകാരൻ മലയാളത്തിന്റെ മഹാകവിയെപ്പറ്റി ചരിത്രപരമായി അടയാളപ്പെടുത്തേണ്ട ഒരു ചിത്രം നിർമ്മിക്കുന്നു; അദ്ദേഹത്തിന്റെ 80ാം പിറന്നാളിനുശേഷം. നവോത്ഥാനത്തിന് ചുവന്ന പരവതാനി വിരിക്കാൻ തയാറാവുന്ന ഒരു സമൂഹത്തിന്റെ നീതി ഈ സൃഷ്ടിയെ നിരാകരിക്കുകയാണെങ്കിൽ, ആ നീതിബോധത്തെ തിരസ്‌കരിക്കാൻ സമയം വൈകിയിരിക്കുന്നു. ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ഈ കെ. പി. കുമാരൻ ചിത്രം യുവതീയുവാക്കൾ ധാരാളമായി കാണട്ടെ എന്ന് പ്രത്യാശിക്കുന്നു.

Comments