മഹാകവി കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത "ഗ്രാമവൃക്ഷത്തിലെ കുയിൽ' സഹൃദയരായ സകല മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണ്. നാരായണഗുരുവിലെ അൻപ് കിനിഞ്ഞിറങ്ങിയുറച്ച ലോകദർശനത്തിലേക്ക് രതിവിരതികളുടെ ആത്മസംഘർഷം കലർന്നൊഴുകിയ ആ കാവ്യജീവിതത്തിന്റെ അന്ത്യവർഷങ്ങൾ പിടിച്ചെടുക്കാൻ കെ.പി. കുമാരൻ എന്ന നിത്യസാഹസി നടത്തുന്ന ഉജ്ജ്വലപരിശ്രമമാണ് ഈ ചിത്രം.
നിയമങ്ങൾ കഴിഞ്ഞു നിത്യമാ-
പ്രിയഗോദാവരിതൻ തടങ്ങളിൽ
പ്രിയനൊത്തു വസിപ്പതോർപ്പു ഞാൻ
പ്രിയയായും പ്രിയശിഷ്യയായുമേ.
ഒരു ദമ്പതിമാരുമൂഴിയിൽ
കരുതാത്തോരു വിവിക്തലീലയിൽ
മരുവീ ഗതഗർവ്വർ ഞങ്ങള-
ങ്ങിരുമെയ്യാർന്നൊരു ജീവിപോലവേ.
നളിനങ്ങളറുത്തു നീന്തിയും
കുളിരേലും കയമാർന്നു മുങ്ങിയും
പുളിനങ്ങളിലെന്നൊടോടിയും
കളിയാടും പ്രിയനന്നു കുട്ടിപോൽ
പറയേണ്ടയി! ഞങ്ങൾ, ബുദ്ധിയിൽ
കുറവില്ലാത്ത മൃഗങ്ങൾപോലെയും
നിറവേറ്റി സുഖം വനങ്ങളിൽ
ചിറകില്ലാത്ത ഖഗങ്ങൾപോലെയും
എന്നിങ്ങനെ ശരീരരതി തുളുമ്പുന്ന വാങ്മയചിത്രങ്ങൾ എന്റെ കൗമാരയൗവ്വനകാലങ്ങളെ അടിമുടി ആവേശിച്ചിരുന്നെങ്കിലും, പ്രായഭേദം മറന്ന് മഹാകവിയെ വരിച്ച പ്രിയശിഷ്യ ഭാനുമതിയുടെ ആത്മാംശം സീതാകാവ്യത്തിൽ കണ്ടത് ഇന്നലെ കുമാരേട്ടന്റെ ദൃശ്യവ്യാഖ്യാനത്തിലൂടെയാണ്.
അതിവേഗങ്ങളുടെയും കടുനിറങ്ങളുടെയും ന്യൂ ജെൻ റിയലിസത്തിന്റെയും കാലത്ത്, 84ാം വയസ്സിൽ, താൻ ദീർഘനാൾ അനുശീലിച്ച ചലച്ചിത്രരീതിയെ മുറുകെ പിടിച്ചു കൊണ്ടാണ് കെ.പി. കുമാരൻ തന്റെ സ്വപ്നപദ്ധതികളിലൊന്നായ "ഗ്രാമവൃക്ഷത്തിലെ കുയിൽ' സാക്ഷാത്കരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആവിഷ്‌കാരെശൈലിയോട് വിയോജിപ്പുള്ളവരുണ്ടാവാം. പക്ഷേ, ഈ സിനിമയുടെ പരീക്ഷണാത്മകതയും സാഹസികതയും ആർക്കും നിഷേധിക്കാനാവില്ല. എനിക്കാവട്ടെ, ഇതിന്റെ കാഴ്ച എന്റെ മഹാകവിയെക്കുറിച്ച് ഇന്നലെക്കണ്ട അരുമയായൊരു സ്വപ്നം പോലെ. അതെ, ഇപ്പോഴും തുടരുന്ന സ്വപ്നം പോലെ; ചിത്രണത്തിലെ അയഥാർത്ഥപ്രതീതി
കൊണ്ടും എക്‌സ്പ്രഷനിസ്റ്റ് ആഖ്യാനം കൊണ്ടും.
രതിയും പെണ്മയും പോലെ പ്രധാനമാണ് ആശാൻ കവിതയിൽ ജലവും പച്ചപ്പും. ആർദ്രവും അഗാധവുമായ ജലബിംബങ്ങളാലും ഇരുണ്ട് നിഗൂഡമായ പച്ചപ്പിന്റെ ദൃശ്യ പശ്ചാത്തലങ്ങളാലും കാമുകനും ലൗകികനുമായ കുമാരനാശാനെ ഹൃദ്യമായി നിബന്ധിക്കാൻ ഈ ദൃശ്യവ്യാഖ്യാനത്തിന് കഴിയുന്നുണ്ട്. നനവും വിയർപ്പും കണ്ണീരും, മഴയും ചോലയും പൊയ്കയും, കായലും പൊഴിയും കടലുമെല്ലാം ആശാൻകവിതയിലെന്നപോലെ "ഗ്രാമവൃക്ഷത്തിലെ കുയിലിലും' സ്പർശവും ഓളവും തിരയും ചുഴിയുമായി നിറയുന്നുണ്ട്.
രാഷ്ട്രീയ കാലുഷ്യങ്ങൾ നിറഞ്ഞ പുറംജീവിതത്തെ വിവേകോദയം പ്രസ്സിലെ ഓഫീസ് മുറിയിലും ആശാന്റെ ആത്മഭാഷണത്തിലും സഹോദരൻ അയ്യപ്പൻ മൂർക്കോത്തു കുമാരൻ എന്നിവരെ കണ്ടുമുട്ടലിലുമായി ചുരുക്കുന്നുവെങ്കിലും കാവ്യാലാപനത്തിന്റെയും അന്തരംഗാവിഷ്‌കാരത്തിന്റെയും വേളകളിൽ കെ. ജി. ജയന്റെ ക്യാമറയ്ക്ക് പച്ചപ്പിന്റെ തടശോഭകളിൽ വ്യാപരിക്കുവാൻ യഥേഷ്ടം അനുവാദം കിട്ടുന്നുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയം ഗരിസപ്പയിലെ വരികൾക്കു സമാന്തരമായി വികസിക്കുന്ന ദൃശ്യങ്ങളാണ്. ക്യാമറക്കണ്ണ് ചെറുചെറു പച്ചപ്പുകളിലൂടെ നടന്ന് വനമേലാപ്പുകൾ ഇടതൂർന്ന മൊണ്ടാഷ് ആയി മാറുകയും വെള്ളച്ചാട്ടത്തിന്റെ വന്യതയുമായി വിലയിക്കുകയും ചെയ്യുന്നു.
"ദീപ്തദീപശിഖപോലെണീറ്റവൾ' എന്നും
"എരിയുന്ന മഹാവനങ്ങൾ ത/ന്നരികിൽ ശീതള നീർത്തടാകമോ?' എന്നും "വ്യോമത്തിൻ മലിനത്വമേറ്റിയവിടെ -/ പ്പൊങ്ങുന്നതെന്തോ മഹാ/ഭീമത്വം കലരുന്ന കാലഫണി തൻ ജിഹ്വാജലം പോലവേ...' എന്നുമെല്ലാം തീയുടെ രൂപകങ്ങൾ ആശാൻ കവിതയുടെ വൈകാരിക പരിസരത്തിൽ നീറിപ്പിടിക്കാറുണ്ട്. അതുപോലെ ഉടനീളമുണ്ട് സൂര്യന്റെയും കാറ്റിന്റെയും നിരവധി പകർച്ചകൾ. പക്ഷേ, കവിയുടെ ഗാർഹസ്ഥ്യകാലത്തെ "ശീതള നീർത്തടാക' സ്വച്ഛതയിലാണ് കെ പി. കുമാരന്റെ ദൃശ്യവാച്യം മുഖ്യമായും ഊന്നുന്നത്. അരികിലെ "എരിയുന്ന മഹാവനങ്ങൾ' നാം വായിച്ചെടുക്കേണ്ട വ്യംഗ്യമാണെന്നർത്ഥം.
എങ്കിലും റെഡീമർ ബോട്ടിലെ അന്ത്യയാത്രയെത്തുമ്പോൾ, സിനിമയിൽ അതുവരെ സ്വച്ഛമായിരുന്ന ജലാകരങ്ങൾ "അലതല്ലുന്ന ചിന്തയാം കട'ലായി ഇരമ്പിത്തുടങ്ങുന്നു. നിശ്ചലമായ സമീപ - മദ്ധ്യ ദൃശ്യങ്ങളുടെ ലളിതശൈലി വിടാതെതന്നെ മൃത്യുവിന്റെ ഇരുളിമ മഹാകവിക്കു ചുറ്റും ഉരുണ്ടു കൂടുന്നത് സിനിമ അന്ത്യസീനിൽ വല്ലാതെ അനുഭവിപ്പിക്കുന്നുണ്ട്. ഉച്ചത്തിലെത്തിയ ജലാരവത്തിനും സംഗീതത്തിനുമൊപ്പം ക്ഷുബ്ധമായ ഓളപ്പാത്തികളുടെ ദൃശ്യം പൊടുന്നനെ ഇല്ലാതായി സിനിമയും കുമാരനാശാനും ഒരു ബ്ലാങ്ക് ഫെയിമിന്റെ ന്യൂനോക്തിയിൽ അവസാനിക്കുമ്പോൾ, സീതയിലെ പ്രശസ്തമായ മൃത്യുദർശനശ്ലോകത്തിന്റെ
അസാന്നിധ്യം തലയിൽ മുഴങ്ങും പോലെ:
നിലയറ്റ സുഖാസുഖങ്ങളാ-
മലയിൽ താണുമുയർന്നുമാർത്തനായ്
പലനാൾ കഴിയുമ്പൊൾ, മോഹമാം
ജലധിക്കക്കരെ ജീവിയേറിടാം
ഗ്രാമവൃക്ഷത്തിലെ കുയിലിനെ സാർത്ഥകമാക്കുന്നതിൽ കുമാരനാശാനായി വേഷമിട്ട ശ്രീവൽസൻ ജെ. മേനോന്റെ ഒതുക്കമുള്ള അഭിനയവും ആകാരവും കാവ്യാലാപനങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൃതഹസ്തയായൊരു അഭിനേതാവിന്റെ സൂക്ഷ്മചാരുതയുണ്ട്, ഭാനുമതിയായി പകർന്ന ഗാർഗ്ഗിക്ക്. പതിറ്റാണ്ടുകളായി പരിചിതമായ കെ.ജി. ജയന്റെ ഛായയും ബി. അജിത്ത്കുമാറിന്റെ സന്നിവേശവും കൃഷ്ണനുണ്ണിയുടെ ശബ്ദപഥവും പതിവുപോലെ കൃത്യം, സൂക്ഷമം.
ഇന്നലെ തൃശൂരിലെ ശ്രീ തിയേറ്ററിൽ വീണ്ടും പോയി. വിരലിലെണ്ണാവുന്നവരേ ഉള്ളൂ. പക്ഷേ, ഒരപൂർവ്വ സാന്നിദ്ധ്യം അവിടെയുണ്ടായിരുന്നു. നൂറ്റിരണ്ടുവയസ്സു പിന്നിട്ട പി. ചിത്രൻ നമ്പൂതിരിപ്പാട്. പടം കഴിഞ്ഞിറങ്ങും വഴി ഞാൻ ചേദിച്ചു:
"മാഷ് സഹോദരൻ അയ്യപ്പനെ കണ്ടിട്ടുണ്ടോ?'
"ഇല്ല, ഒരിക്കൽ ശ്രമിച്ചിട്ടുണ്ട്. പറ്റിയില്ല. പക്ഷേ കവിത്രയത്തെ മൂവരെയും കണ്ട ഓർമ്മയുണ്ട്.'
"സിനിമയിൽ ശ്രീവൽസൻ എങ്ങനെ, ആശാനുമായി സാമ്യമുണ്ടോ?'
"ഉണ്ടുണ്ട്. അവസാന ബോട്ടുയാത്രയിൽ നല്ല സാദൃശ്യമുണ്ട്.'
"അക്കാലത്ത് നാട് ഇത്ര വിജനമായിരുന്നോ?'
"ആയിരുന്നു. വളരെ വിജനമായിരുന്നു.'
ഒപ്പമുണ്ടായിരുന്ന മണിലാൽ:
"പടം എങ്ങനെ?'
നൂറു വർഷങ്ങൾക്കു പിന്നിൽ നിന്നെന്നോണം ഒരു പുഞ്ചിരി ഓർത്തെടുത്ത്
നമ്പൂതിരിപ്പാട് മാഷ് പറഞ്ഞു:
"നല്ല സിനിമ '
തിയേറ്ററിൽ ആളില്ലാത്തതിൽ പലരും വിഷമം പറഞ്ഞു. പക്ഷേ, എന്തിന്? കൊട്ടകകളിൽ ആളുകൂടുന്നത് എന്റർടെൻമെന്റിനു മാത്രമാണ്. അതായത് വിനോദസിനിമ കാണാൻ. ടിക്കറ്റു വച്ചുള്ള സിനിമാ പ്രദർശനം വിനോദോപാധി മാത്രമായിക്കഴിഞ്ഞിട്ട്, നാളേറെയായി. അടൂർ ഗോപാലകൃഷ്ണനും കെ.പി. കുമാരനും എം.പി. സുകുമാരൻ നായരും മുതൽ വിപിൻ വിജയ് യും ലിജോ ജോസും ഡോൺ പാലത്തറയും വരെയുള്ള മലയാളത്തിന്റെ ആർട്ട് ഹൗസ് ചലച്ചിത്രകാരർ തങ്ങളുടെ സമാന്തര പ്രദർശനയിടങ്ങളും വിപണിയും വേറെ കണ്ടെത്തുകയേ ഇനി മാർഗ്ഗമുള്ളൂ എന്നു തോന്നുന്നു. "ഗ്രാമവൃക്ഷത്തിലെ കുയിൽ' സാഹിത്യ വിദ്യാർത്ഥികളുടെ കൂടി സിനിമയായതിനാൽ അത് കേളത്തിലെ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ പൊതു വിദ്യാഭ്യാസ രംഗത്തെയും സർവ്വകലാശാലകളിലെയും അക്കാദമിക് അധികാരം കയ്യാളുന്നവർ മുൻകയ്യെടുക്കുന്നത് ഉചിതമാവും. ഹയർസെക്കന്ററി - ബിരുദ തലങ്ങളിലെ സാഹിത്യ സിലബസ്സിലും ഇത് ഉൾപ്പെടുത്താവുന്നതാണ്.
ഭാവിയിലേക്കുള്ള ഒരു ചരിത്രദൃശ്യരേഖ കൂടിയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ. സാഹസികമായി അത് നിർവ്വഹിച്ച പിതൃതുല്യനായ ഞങ്ങളുടെ കുമാരേട്ടന് നന്ദി.