വളരെക്കാലമായി സിനിമകളിൽ അമേരിക്ക ധാരാളം ആക്രമണങ്ങളും അപകടങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഭൂമി മൊത്തമായി നേരിടേണ്ടി വരുന്ന അപകടങ്ങൾ ആണെങ്കിലും അതെല്ലാം സ്വന്തം നെഞ്ചത്തേക്ക് ഏറ്റ് വാങ്ങാനാണ് ഹോളിവുഡ് സിനിമകളിലൂടെ അമേരിക്ക ശ്രമിക്കാറുള്ളത്.
നാട്ടിലെവിടെ കല്യാണമുണ്ടെങ്കിലും കോഴിക്ക് ഇരിക്കപ്പൊറുതിയില്ല എന്ന് പറഞ്ഞ പോലെ സങ്കടകരമായ ഒരു ജീവിതമാണ് സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടേത്. എത്രയെത്ര ഏലിയൻ ആക്രമണമങ്ങളും പ്രകൃതിക്ഷോഭങ്ങളുമാണ് അത് നേരിടേണ്ടി വന്നിട്ടുള്ളത് എന്നതിന് കണക്കില്ല. എത്ര തവണ ആ പാവം പൊട്ടിത്തകരുകയോ കടലിൽ മുങ്ങിപ്പോവുകയോ ചെയ്തിരിക്കുന്നു. കാമിയോ റോളിൽ ആണെങ്കിലും എല്ലാ സിനിമകളിലും ഏയ്ഫൽ ടവറിനും ഈ ദുര്യോഗം നേരിടേണ്ടി വരാറുണ്ട്.
അത്തരമൊരു പശ്ചാത്തലത്തിൽ പരിശോധിച്ചാൽ പുതുമയുള്ള കഥാപരിസരം ഒന്നുമല്ല ഗ്രീൻലാൻഡിന്റേത്. ഭൂമിക്കുനേരെ കുതിച്ചുവരുന്ന വിനാശകാരിയായ ഒരു ആസ്‌ട്രോയ്ഡ്. അത് വിതയ്ക്കുന്ന നാശനഷ്ടങ്ങൾ, ഇതിനിടെ ഒരു അമേരിക്കൻ കുടുംബത്തിന്റെ അതിജീവനത്തിനായുള്ള ശ്രമം- ഇതാണ് ഗ്രീൻലാൻഡിന്റെ പ്രമേയം. 1998 ലിറങ്ങിയ Armageddon , Deep Impact എന്നീ രണ്ട് ഹോളിവുഡ് ചിത്രങ്ങളുടെയും കഥ ഇടിക്കാൻ വരുന്ന ആസ്‌ട്രോയ്ഡിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ ഉള്ള ശ്രമങ്ങളായിരുന്നു.
കാലാവസ്ഥാമാറ്റം കാരണം ഭൂമി മുഴുവൻ നശിച്ചില്ലാതാവുമ്പോൾ നടത്തുന്ന അതിജീവനശ്രമങ്ങളെ The day after tomorrow , 2012 മുതലായ സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. ഇതേ പ്രമേയം വീണ്ടും സിനിമയാക്കുമ്പോൾ നരേഷനിൽ ചില വ്യത്യാസങ്ങൾ ഗ്രീൻലാൻഡ് വരുത്തുന്നുണ്ട്. ഭരണകൂടവും രക്ഷകരും മറ്റും സിനിമയിലെ ഫ്രയിമുകളിൽ വരുന്നില്ല എന്നതാണ് അതിൽ പ്രധാനം. ചില പരാമർശങ്ങൾ ഒഴികെ അമേരിക്കൻ പ്രസിഡന്റോ ഉന്നത അധികാരികളോ സിനിമയിൽ എവിടെയും കഥാപാത്രങ്ങളായി വരുന്നില്ല.
സർവനാശം ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരെ പുനരധിവസിപ്പിക്കാൻ ഭൂമിക്കടിയിൽ ഷെൽട്ടറുകൾ തയ്യാറാക്കിയിരിക്കുന്നു എന്ന് സിനിമ തുടക്കത്തിലെ വെളിപ്പെടുത്തുന്നു. ഈ തയ്യാറെടുപ്പുകൾ എങ്ങനെ, ആർ, എപ്പോൾ നടത്തി മുതലായ വിവരങ്ങൾ ഒന്നും പ്രേക്ഷകർ അറിയുന്നില്ല. സിനിമയിലെ പ്രധാനകഥാപാത്രങ്ങളായ ഗാരിറ്റി ദമ്പതികൾ (ജോൺ, അലിസ്റ്റർ) അവരുടെ മകൻ നഥേയ്ൻ, ഇത്രയും പേരുടെ കാഴ്ചപ്പാടിൽ നിന്നുള്ള അറിവുകൾ മാത്രമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.
നിങ്ങളുടെ കുടുംബം ഷെൽട്ടറുകളിൽ പുനരധിവസിക്കപ്പെടാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കളും അയൽവാസികളും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഈ വിവരം പുറത്ത് വരുമ്പോൾ മനുഷ്യർ എങ്ങിനെയാവും അതിനോട് പ്രതികരിക്കുന്നത്? ഇത്തരം സന്ദർഭങ്ങൾ വഴിയാണ് സിനിമ പ്ലോട്ട് ടെൻഷനുകൾ സൃഷ്ടിക്കുന്നത്.
പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു അമേരിക്കൻ മധ്യവർഗകുടുംബത്തിന്റെ അതിജീവനശ്രമങ്ങളാണ് പ്രതിപാദ്യവിഷയം. ജെറാൾഡ് ബട്‌ലർ അവതരിപ്പിക്കുന്ന നായകകഥാപാത്രമായ ജോൺ ഗാരിറ്റി സാധാരണ ഡിസാസ്റ്റർ സിനിമകളിലെ നായകന്മാരെപ്പോലെ അതിമാനുഷികമായ എന്തെങ്കിലും കഴിവുകൾ ഉള്ളയാൾ അല്ല. അതീവബുദ്ധിമാനോ, അതിതീവ്രമായ മനുഷ്യസ്‌നേഹമോ, പ്രശ്‌നപരിഹാരത്തിന് ഉപയുക്തമായ ശാസ്ത്രസാങ്കേതിക ജ്ഞാനമോ ഒന്നും അയാൾക്കുള്ളതായി കാണിക്കുന്നില്ല.
സാമാന്യം മനുഷ്യനന്മയും ചെറിയ ദൗർബല്യങ്ങളുമുള്ള ഒരാൾ. വെളുത്ത വർഗക്കാരൻ ആണെങ്കിലും പുനരധിവാസത്തിനായി തെരഞ്ഞെടുക്കപ്പെടാനുള്ള അയാളുടെ അർഹതയെ മറ്റൊരു കഥാപാത്രം ചോദ്യം ചെയ്യുന്നുണ്ട്. അയാൾ മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറിയ ആൾ ആണെന്നത് കൊണ്ട്. സിനിമയിൽ പല ഇടങ്ങളിലും, പ്രത്യേകിച്ച് പുനരധിവാസ ശ്രമങ്ങൾക്കെതിരെയുള്ള അമേരിക്കൻ ഗൺ വയലൻസ് ചിത്രീകരിക്കപ്പെടുന്നുണ്ട്.
ആത്യന്തികമായി മറ്റേതൊരു ഹോളിവുഡ് ഡിസാസ്റ്റർ സിനിമകളുടെയും ഉള്ളടക്കരാഷ്ട്രീയമേ ഗ്രീൻലാൻഡിനും ഉള്ളു. ഒരു ശരാശരി മധ്യവർഗ അമേരിക്കൻ വൈറ്റ് ഫാമിലിയുടെ അനുഭവങ്ങളെ മധ്യത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത് ഹോളിവുഡ് പ്രേക്ഷകരുടെ സംതൃപ്തിക്കുവേണ്ടി തന്നെയാണെന്ന് കാണാം. അമേരിക്കൻ രാജ്യസ്‌നേഹവും വ്യക്തിപരതയും സംരക്ഷണത്തിനു വേണ്ടിയുള്ള വയലൻസും ഒക്കെ ഗ്ലോറിഫൈ ചെയ്യപ്പെടുന്നുണ്ട്, സാധാരണ കാണാറുള്ള അത്രയും ഉച്ചത്തിൽ അല്ലെങ്കിൽ പോലും. എന്നാൽ ഒരു വിനോദചിത്രമെന്ന നിലയിൽ രണ്ട് മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള വക സിനിമയിലുണ്ട്. പ്രധാനകഥാപാത്രങ്ങളുടെ പ്രകടനവും ഒതുക്കമുള്ള തിരക്കഥയും ആവശ്യത്തിന് മാത്രമുള്ള വി.എഫ്.എക്‌സ്. ആക്ഷൻ രംഗങ്ങളുമാണ് അതിന്റെ പ്രധാനകാരണം.
Greenland: Directed by Ric Roman Waugh, Produced by Gerard Butler, Basil Iwanyk, Sébastien Raybaud, Alan Siegel. Written by Chris Sparling, Starring: Gerard Butler, Morena Baccarin, Roger Dale Floyd, Scott Glenn, David Denman, Hope Davis, Music: David Buckley, Cinematography: Dana Gonzales, Edited by Gabriel Fleming, Running time: 119 minutes, Country: United States