സേഫ്​ സോണിൽ കളിക്കുന്ന ഹലാൽ ലവ് സ്റ്റോറി

​‘ഹലാൽ ലവ് സ്റ്റോറി’ ഒരു സംഘടനയുടെയും അതിന്റെ പ്രവർത്തകരുടെയും ആത്മസംഘർഷങ്ങളാണ് എന്ന് കാണേണ്ടി വരും. സിനിമ എന്ന ജനപ്രിയമാധ്യമത്തെ അവഗണിക്കാൻ സംഘടനയ്ക്ക് പറ്റാതിരിക്കുകയും എന്നാൽ തങ്ങളുടെ സംഘടനാമൂല്യബോധ്യങ്ങൾ അതിനോട് പൊരുത്തപ്പെടുകയും ചെയ്യാതിരിക്കുന്ന അവസരത്തിൽ താഴെക്കിടയിലുള്ള സംഘടനാവിശ്വാസികൾ നേരിടുന്നതാണ് ആ സംഘർഷം. ​

ന്താണ് യാഥാസ്ഥിതിക രാഷ്ട്രീയം എന്ന് നിർവചിക്കാൻ ശ്രമിച്ചാൽ പേരു സൂചിപ്പിക്കും പോലെ മാറ്റങ്ങളെ ഭയത്തോടെ നോക്കിക്കാണുന്ന ഒന്ന് എന്ന് പറയാം. പെട്ടെന്നുള്ള മാറ്റങ്ങൾ സാമൂഹിക അടിത്തറയെ ഉലച്ചുകളയും എന്നാണ് യാഥാസ്ഥിതികരായ മനുഷ്യർ കരുതുന്നത്. മാറ്റങ്ങൾ ആവാം, പക്ഷെ അത് സാവധാനം മതി എന്നാണ് യാഥാസ്ഥിതികരുടെ ഉള്ളിൽ തന്നെ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ മുന്നോട്ട് വെയ്ക്കുന്ന വാദം.

ഇതാണ് സിനിമയുടെ പ്രമേയം എന്ന് ഹലാൽ ലവ് സ്റ്റോറി, റഹീം സാഹബ് എന്ന കഥാപാത്രത്തിലൂടെ ആദ്യമേ പറഞ്ഞുവെയ്ക്കുന്നു ( "നമ്മുടെ സംഘടന എന്ന് പറയുന്നത് ചുരമിറങ്ങുന്ന ഒരു ബസാണ്'). അഭിനയിക്കാൻ താല്പര്യമുള്ള തങ്ങളെപ്പോലുള്ളവർക്കും അഭിനയിക്കാൻ പറ്റിയ സിനിമകൾ വേണ്ടേ എന്ന് ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഷെരീഫ് എന്ന കഥാപാത്രവും മറ്റൊരു രംഗത്തിൽ അഭിപ്രായപ്പെടുന്നു. ഇതേ അഭിപ്രായം ഒരുവട്ടംകൂടെ ഷറഫുദ്ദീന്റെ കഥാപാത്രവും ക്ലൈമാക്‌സിൽ ചോദിക്കുന്നുണ്ട്.

‘ഹലാൽ ലവ്​ സ്​റ്റോറി’ പോസ്റ്റർ

ആരാണീ യാഥാസ്ഥിതിക സമൂഹം എന്നത് പരിഗണിക്കേണ്ടതാണ്. തീർച്ചയായും അത് മുസ്​ലിം സമുദായമൊന്നടങ്കമാവാൻ വഴിയില്ല. പ്രേംനസീർ മുതൽ മമ്മൂട്ടി വരെയുള്ള സൂപ്പർ താരങ്ങൾ മലയാള സിനിമയിലും ദിലീപ് കുമാറും മധുബാലയും മുതൽ ഷാരൂഖ് ഖാനും സാറ അലി ഖാനും വരെയുള്ള നീണ്ട സൂപ്പർ താരനിര ബോളിവുഡിലും ഇന്ത്യൻ സിനിമയിൽ നിത്യസാന്നിദ്ധ്യമാണ്. എന്നാൽ ഹലാൽ ലവ് സ്റ്റോറി ഒരു സംഘടനയുടെയും അതിന്റെ പ്രവർത്തകരുടെയും ആത്മസംഘർഷങ്ങളാണ് എന്ന് കാണേണ്ടി വരും.

സിനിമ എന്ന ജനപ്രിയമാധ്യമത്തെ അവഗണിക്കാൻ സംഘടനയ്ക്ക് പറ്റാതിരിക്കുകയും എന്നാൽ തങ്ങളുടെ സംഘടനാമൂല്യബോധ്യങ്ങൾ അതിനോട് പൊരുത്തപ്പെടുകയും ചെയ്യാതിരിക്കുന്ന അവസരത്തിൽ താഴെക്കിടയിലുള്ള സംഘടനാവിശ്വാസികൾ നേരിടുന്നതാണ് ആ സംഘർഷം. ഇന്ത്യൻ സിനിമകളല്ല, വിദേശസിനിമകളാണ് ഹലാൽ ലവ് സ്റ്റോറിയിലെ കഥാപാത്രങ്ങളെ സിനിമ എന്ന മാധ്യമത്തിലേക്ക് ആകർഷിക്കുന്നത്.

സംവിധായകൻ സകറിയ

മജീദ് മജീദിയുടെ സിനിമകൾ മുതൽ സിനിമാ പാരഡീസോ വരെ ആ ലിസ്റ്റിൽ കാണാം. അതേ സമയം ഇന്ത്യൻ സിനിമ ഒരു ഇക്കിളിപ്പടത്തിന്റെ പോസ്റ്ററിൽക്കൂടി മാത്രമാണ് ഹലാൽ ലവ് സ്റ്റോറിയിൽ പ്രമേയത്തിലെവിടെയെങ്കിലും കടന്നുവരുന്നത്. മുഖ്യധാരാസിനിമയിൽ പ്രവർത്തിക്കുകയും (ഒരുപക്ഷെ അതിന്റെ സൈഡ് എഫക്റ്റുകൾ മൂലം ) താളം തെറ്റിയ ജീവിതം നയിക്കുകയും ചെയ്യുന്ന ജോജുവിന്റെ കഥാപാത്രമാണ് മറ്റൊന്ന്.

ഹലാൽ ലവ് സ്റ്റോറിയുടെ ഏറ്റവും വലിയ ന്യൂനതകളിലൊന്ന് പ്രമേയപരിസരം ഇങ്ങനെ ശുഷ്‌കമായ ഒരു കഥാലോകത്താണ് നിലനിൽക്കുന്നത് എന്നതാണ്. യാഥാസ്ഥിതികമായ വിഭാഗങ്ങൾ പോലും സദാസമയവും തങ്ങളുടെ ചുറ്റുമുള്ള ലോകത്തോട് സംവദിച്ചുകൊണ്ടാണ്, അത് വിമർശിക്കാനോ വിയോജിക്കാനോ വേണ്ടി ആണെങ്കിൽ പോലും, ജീവിക്കുന്നത്. അത്തരമൊരു ലോകത്തിന്റെ അഭാവം ഹലാൽ ലവ് സ്റ്റോറിയുടെ കഥാപരിസരത്തിൽ കാണാം. സിനിമയിലെ കഥാപാത്രങ്ങളോ അവരുടെ വൈകാരികസംഘർഷങ്ങളോ പ്രേക്ഷകരുമായി സംവദിക്കുന്നില്ല എന്നത് സിനിമയുടെ മറ്റൊരു ന്യൂനതയാണ്. രണ്ട് കാരണങ്ങൾ അതിനുള്ളതായി കാണാം.

ഹലാൽ ലവ് സ്റ്റോറിയിലെ ഒരു രംഗം

ഒന്ന് ഭൂരിഭാഗം കഥാപാത്രങ്ങൾക്കും ആവശ്യമുള്ള വളർച്ചയും വികാസവും നൽകാൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. രണ്ടാമത്തേത് ആഖ്യാനവുമായി ബന്ധപ്പെട്ട ഒന്നാണ്. കഥയുടെ പല ഘട്ടത്തിൽ വെച്ചും പലരുടെ വീക്ഷണകോണിലേക്കും ആഖ്യാനം പ്രത്യേകിച്ച് മുന്നറിയിപ്പോ മുന്നൊരുക്കമോ ഇല്ലാതെ വഴുതിപ്പോകുന്നു. ട്രെയിലർ പുറത്ത് വന്ന ശേഷം സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഒരു പക്ഷെ മലബാറിലെ ഹോംസിനിമളെപ്പറ്റി ആയിരിക്കാം ഹലാൽ ലവ് സ്റ്റോറി എന്ന് ചർച്ചകളിൽ കണ്ടിരുന്നു.

എന്നാൽ അത്തരത്തിലുള്ള ഡോക്യുമെന്റേഷൻ ശ്രമങ്ങളൊന്നും സിനിമയുടെ ഭാഗത്ത് നിന്നുമില്ല. സിനിമയ്ക്കുള്ളിലെ സിനിമാപിടിത്തവുമായി ബന്ധപ്പെട്ട നർമരംഗങ്ങൾ മുൻപ് ഒരുപാട് തവണ മലയാളസിനിമയിൽ തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളതാണ്. അത്തരമൊരു സേയ്ഫ് സോണിലാണ് ഹലാൽ ലവ് സ്റ്റോറിയും ഭൂരിഭാഗം സമയത്തും ശ്രദ്ധ കൊടുത്തിരിക്കുന്നത്. സിനിമയും സംഘടനാവിശ്വാസവും തമ്മിൽ ചില ഒത്തുതീർപ്പിലൂടെ സമരസപ്പെട്ട് പോകാവുന്നതാണ് എന്നൊരു സന്ദേശം ക്ലൈമാക്‌സിൽ പറഞ്ഞൊപ്പിച്ച് സിനിമ പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്യുന്നു. കട്ട് ഹലാലാണെങ്കിലും ബിരിയാണിയിൽ വേണ്ടത്ര രുചിക്കൂട്ടുകൾ ചേരാതെ പോയി ഹലാൽ ലവ് സ്റ്റോറിയിൽ എന്ന് ചുരുക്കിപ്പറയാം.

Comments