ഹലാൽ ലൗ സ്റ്റോറി: ഒരു മുസ്‌ലിം വിരുദ്ധ മലയാള സിനിമ

മലയാള സിനിമ, മലയാളി മുസ്‌ലിം സിനിമ കൂടിയാണ്. ആരുടെയും രക്ഷാകർതൃത്വത്തിനു കാത്തു നിൽക്കാതെ തികഞ്ഞ രൂപഭദ്രതയോടെ കൂട്ടിയിണക്കാവുന്ന ഒരു പാരമ്പര്യം സിനിമയിൽ മുസ്‌ലിം ലോകത്തുനിന്നുണ്ട്. എത്തിപ്പെടാവുന്ന ഉയരത്തിൽ അവ എത്തിയിട്ടുമുണ്ട്. നമ്മെ സമാന്തരമായി ഏറെ പ്രചോദിപ്പിച്ച സിനിമകളിൽ മുന്നിലും പിന്നിലും മുസ്‌ലിമുകളുണ്ട്. അവർ കലാകാന്മാരായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ മലയാളി മുസ്‌ലിംകൾ നേടിയ മുഴുവൻ സർഗാത്മക ഭൂതകാലത്തെയും ഒറ്റഷോട്ടിൽ റദ്ദാക്കുന്നു

"ജമാഅത്തെ ഇസ്‌ലാമിയിൽ ഒരു പാലൊളി മുഹമ്മദ് കുട്ടി ഇല്ലാതെ പോയത് എന്തുകൊണ്ട്' എന്ന ചോദ്യത്തിന്, സോളിഡാരിറ്റിയിലെ ആ ചെറുപ്പക്കാരൻ വർഷങ്ങൾക്കുമുമ്പ് പറഞ്ഞ മറുപടി ഏതാണ്ട് ഇങ്ങനെയാണ്: "ജമാ അത്തെ ഇസ്‌ലാമിയിൽ ഒരു മാമുക്കോയയും ഇല്ല!'
ഇന്ത്യൻ കോഫീഹൗസിലെ മസാലദോശ, ചൂട് ചായ, ഇസ്‌ലാം.
ചെറുപ്പക്കാരന്റെ കയ്യിൽ മലയാളത്തിലെ ഏറ്റവും പുതിയ നോവൽ.
"പക്ഷെ, പാലൊളി മുസ്‌ലിമായതുകൊണ്ട് ഒരു രാഷ്ട്രീയ ഉറപ്പാണ് - '
സോളിഡാരിറ്റി ചെറുപ്പക്കാരൻ പറഞ്ഞു: കമ്യൂണിസ്റ്റുകാർക്ക് പക്ഷെ, അച്യുതാനന്ദനും നായനാരും മതി!'
"മൂവരും കമ്യൂണിസ്റ്റുറ്റുകാരാണ്!' എന്ന വാദം, സോളിഡാരിറ്റി സുഹൃത്ത് ഒറ്റവാക്കിൽ തെറിപ്പിച്ചു: "ഹിന്ദു പാർട്ടി. പേരിന് ഒരു പാലൊളിയും ഇമ്പിച്ചിബാവയും!'

പ്രേം നസീർ
പ്രേം നസീർ

"ചരിത്രത്തിൽ നിങ്ങളോടൊപ്പം മുസ്‌ലിംകളല്ലാതെ മറ്റാരുമില്ല. നിങ്ങളിൽ തന്നെയുള്ള സ്ത്രീ നിങ്ങളോടൊപ്പം ഇരിക്കില്ല. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തെരുവിലാണ് നിങ്ങൾ നാടകവുമായി പോകുന്നത്. തെരുവുണ്ട്, നാടകമുണ്ട്. സ്ത്രീയില്ല, ശാസ്ത്രമില്ല'.
"കണ്ടോ, കണ്ടോ, ഒരു ലിബറൽ മുസ്‌ലിം ഇടതൻ!'
സോളിഡാരിറ്റി ചെറുപ്പക്കാരൻ ചിരിച്ചു.
കെ.ടി. മുഹമ്മദ്, സീനത്ത്, മാമുക്കോയ, നിലമ്പൂർ ആയിഷ, മുഹമ്മദ് പേരാമ്പ്ര... അരങ്ങിലും അണിയറയിലുമുള്ള കുറേ പേരുകൾ പറഞ്ഞു. സീതി ഹാജി, സി.എച്ച് മുതൽ പി.കെ. കുഞ്ഞാലിക്കുട്ടി വരെയുള്ള രാഷ്ട്രീയനിരയിലെ മുസ്‌ലിം ആണുങ്ങളുടെ പേര് പറഞ്ഞു. അപ്പോൾ, സോളിഡാരിറ്റി പെട്ടെന്ന് ചാടിപ്പിടിച്ച് പറഞ്ഞു: ഇവരിൽ സ്ത്രീകളില്ല!'
"പ്രശ്‌നം',
ആ സുഹൃത്ത് തുടർന്നു: കോഴിയെ അറുക്കുമ്പോഴും തക്ബീർ ചൊല്ലണം. അത്രയും സൂക്ഷ്മമായ ദൈവസ്മരണയാണ് ഇസ്‌ലാം. ഹലാലിന്റെ വഴി. സ്ത്രീ വരുമ്പോ ... നാടകത്തിലായാലും പൊളിറ്റിക്‌സിസിലായാലും, പ്രശ്‌നമാണ്. സ്ത്രീകൾ പ്രോബ്‌ളം മെയ്‌ക്കേഴ്‌സ് ആണ് ...

സോളിഡാരിറ്റി സുഹൃത്ത് തുടരുമ്പോൾ, ഇടയിൽ ചോദിച്ചു: "ഒരേ ബെഞ്ചിൽ പെൺകുട്ടികളും ആൺകുട്ടികളും ഇരുന്നാൽ സമുദായത്തിന്റെ മുട്ടിടിക്കും. ഫാറൂഖ് കോളേജിൽ കണ്ടതാണല്ലൊ.'
"കറക്ട്, കറക്ട് ' - സുഹൃത്ത് തലയാട്ടി.
"ആൺ പെൺ തുല്യതയില്ലാത്ത പ്രസ്ഥാനത്തിൽ ഒരു പാലൊളിയും ഉണ്ടാവില്ല, ഗൗരിയമ്മയും ഉണ്ടാവില്ല .നിലമ്പൂർ ആയിഷയും ഉണ്ടാവില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഹലാൽ ചിക്കൻ സ്റ്റാൾ മാത്രമാണ്, സോളിഡാരിറ്റി. തെരുവിൽ നാടകം കളിച്ച മറ്റുള്ളവരൊക്കെ ഇന്നെവിടെയാണ്? സ്ത്രീകൾ അന്നേ നിങ്ങളോടൊപ്പമില്ലല്ലൊ!'
ഹോട്ടലിനടുത്തുള്ള പള്ളിയിൽ നിന്ന് മഗ്‌രിബ് ബാങ്ക് വിളിച്ചു.
സംഭാഷണം അവസാനിച്ചു.

രണ്ട്

സക്കരിയ സംവിധാനം ചെയ്ത "ഒരു ഹലാൽ ലൗവ് സ്റ്റോറി ' കണ്ടപ്പോഴാണ് പഴയ ഇന്ത്യൻ കോഫീഹൗസ് സായാഹ്നം ഓർമ വന്നത്. വാസ്തവത്തിൽ ഈ സിനിമ മലയാളി മുസ്‌ലിംകൾ നേടിയ മുഴുവൻ സർഗാത്മക ഭൂതകാലത്തെയും ഒറ്റഷോട്ടിൽ റദ്ദാക്കുന്നു. മലയാള സിനിമ, മലയാളി മുസ്‌ലിം സിനിമ കൂടിയാണ്. പ്രേംനസീർ മുതൽ ദുൽഖർ സൽമാൻ വരെ ക്യാമറയ്ക്കു മുന്നിൽ ആടിയും പാടിയും അടി കൊടുത്തും ഉമ്മ വെച്ചും നേടിയ മുസ്‌ലിം ജീവിതത്തിലെ ആവിഷ്‌കാരങ്ങൾ.

എന്നാൽ, സക്കരിയ മുസ്‌ലിം സുദായത്തെ ഒരു അടഞ്ഞ സമൂഹമായി ചിത്രീകരിക്കുന്നു. ഒരു നിശ്ചല ദൃശ്യമായിട്ടാണ് ഇതിൽ മലബാർ ഇസ്‌ലാമിനെ ചിത്രീകരിക്കുന്നത്. ഹിന്ദു സംരക്ഷകരുടെ മുസ്‌ലിം വീക്ഷണത്തിലൂടെയാണ് ഈ സിനിമയുടെ പ്രമേയം വികസിക്കുന്നത്. കലാപരമായി ‘സംസ്‌കരിച്ചെടുക്കേണ്ടവരാണ് ' മുസ്‌ലിംകൾ എന്ന ഒരു ‘പൊതു സവർണ ഹിന്ദു' രാഷ്ട്രീയമാണ് ഇതിലെ പ്രമേയപരമായ ഊന്നൽ.

എന്നാൽ, വാസ്തവം അങ്ങനെയല്ല. ആരുടെയും രക്ഷാകർതൃത്വത്തിനു കാത്തു നിൽക്കാതെ തികഞ്ഞ രൂപഭദ്രതയോടെ കൂട്ടിയിണക്കാവുന്ന ഒരു പാരമ്പര്യം സിനിമയിൽ മുസ്‌ലിം ലോകത്തുനിന്നുണ്ട്. എത്തിപ്പെടാവുന്ന ഉയരത്തിൽ അവ എത്തിയിട്ടുമുണ്ട്. നമ്മെ സമാന്തരമായി ഏറെ പ്രചോദിപ്പിച്ച സിനിമകളിൽ മുന്നിലും പിന്നിലും മുസ്‌ലിമുകളുണ്ട്. അവർ കലാകാന്മാരായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്.

സലാം കാരശ്ശേരി, പി.എ.ബക്കർ, പി.ടി. കുഞ്ഞുമുഹമ്മദ് ... ഈ സമാന്തര ധാരകൾ തിരശ്ശീലയിൽ ‘വേറെയാണ് വിചാരം' എന്ന നിലയിൽ തന്നെ ശ്രദ്ധേയമായ ദൃശ്യരേഖകൾ പതിപ്പിച്ചു. സിനിമക്കുവേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ സലാം കാരശ്ശേരി ‘സിനിമാലോചന' എന്ന തന്റെ ശ്രദ്ധേയമായ പുസ്തകം സമർപ്പിക്കുന്നത്, പി.എ ബക്കറിനാണ്. അത് ഓർമയുടെ രാഷ്ട്രീയമാണ്.

ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ

മറ്റൊരു തലത്തിൽ ജനപ്രിയ സിനിമകളായ കുട്ടിക്കുപ്പായം, മണിയറ, മണിത്താലി- തുടങ്ങി എത്രയോ സിനിമകളിൽ മുസ്‌ലിം ജീവിതം പാട്ടു പാടി വന്നു. വീഡിയോ പ്ലയർ വന്നപ്പോൾ, ഏറ്റവും കുടുതൽ കണ്ട സിനിമകൾ മാപ്പിള സിനിമകളാണ്. കണ്ടത്, മാപ്പിളമാരുമാണ്. ഗൾഫ്, ഊദും അത്തറും മാത്രമല്ല കാഴ്ചയുടെ "ബഹുവർണ്ണങ്ങൾ ' കൂടി മുസ്‌ലിംവീടുകളിലെത്തിച്ചു. (എന്നാൽ അടൂർ ഗോപാലകൃഷ്ണനും ജോൺ എബ്രഹാമും ഗൾഫുകാരെ മനുഷ്യവിരുദ്ധമായി സിനിമകളിൽ പരിഹസിച്ചിട്ടുണ്ട്. എലിപ്പത്തായത്തിലും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലും ഗൾഫുകാരെ പരനിന്ദയോടെയാണ് ചിത്രീകരിച്ചത് ).

ഗൾഫ്, മുസ്‌ലിം ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ചു.

"വീഡിയോ പ്ലെയർ ഇറ' മലയാളികൾക്ക് നൽകിയ, മുസ്‌ലിം അഭിരുചിയുടെ ഉള്ളടക്കത്തെയാണ് സക്കരിയ ഈ സിനിമയിലൂടെ കൂവിത്തോൽപ്പിക്കുന്നത്. ഈ സിനിമയിൽ ചിത്രീകരിച്ചത്രയും പരപുച്ഛം അർഹിക്കുന്നില്ല, മുസ്‌ലിം സമുദായം. ഒപ്പനയുടെ, മണിയറയുടെ, ബിരിയാണിയുടെ, മലയാള സിനിമ "കണ്ടു പിടിച്ചതു മുതൽ ' അഭിനയിക്കുന്ന പ്രേംനസീറിന്റെയും പാടുന്ന ബാബുരാജിന്റെയും സമുദായം ഈ വിധം നിന്ദ്യമായ പരിഹാസം അർഹിക്കുന്നില്ല.

പക്ഷെ, ഇത് സിനിമയാണ്. കലാത്മക ദൃശ്വസംവാദത്തിൽ, ഇത്തരം ആവിഷ്‌കാരങ്ങൾ ‘ഹലാൽ’, അഥവാ, ‘അനുവദനീയം’ ആണ്. എന്നാൽ, സലാം കാരശ്ശേരി തന്റെ പുസ്തകം സമർപ്പിച്ച പി.എ. ബക്കറുടെ ഓർമയെ നാം വിട്ടു പോകരുത്. സിനിമയുടെ കല നേരത്തെ കീഴടക്കിയ പാരമ്പര്യം ഇവിടെയുള്ള മുസ്‌ലിം സർഗാത്മക ധാരയിലുണ്ട്.

പൊതുമുസ്‌ലിമായി ഇതിൽ വരുന്ന സംവിധായകൻ സിറാജ് ( വെളിച്ചം എന്നാണ് അർഥം ) കുടിയൻ, കലഹി. മദ്യപിക്കുന്ന മുസ്‌ലിം "ദുഷ്ട ' നും സ്ത്രീവിരുദ്ധനുമാണ് എന്ന യാഥാസ്ഥിതിക മതമൗലികവാദം ഈ സിനിമ ഒന്നു കൂടി ഉറപ്പിക്കുന്നു. സെക്യുലർ പൗരത്വത്തിന്റെ വിലയിടിക്കലാണ് ഇതിലൂടെ സംവിധായകൻ ഉന്നം വെക്കുന്നത്.

വ്യവസ്ഥയ്ക്കും സ്ത്രീ (ഭാര്യ) യ്ക്കും മുന്നിൽ സിറാജിന്റെ പൗരത്വത്തെ സമർഥമായി വിലയിടിച്ചു കാണിക്കുന്നു. സ്ത്രീയുടെ വയോധികനായ ഉപ്പയെ അവിടെ കാണാം. ഇസ്‌ലാം പാട്രിയാർക്കൽ ആണ്. "പാർട്ടി അമ്മയാണ് ' എന്ന് പറയുന്നത് പോലെ "ഇസ്‌ലാം വാപ്പ'യാണ്! ( സിറാജ് മദ്യപിച്ച് വന്ന് ഭാര്യയുമായി വഴക്കിടുമ്പോൾ അവിടെ പെൺകുട്ടിയുടെ വാപ്പ ഉള്ളതുപോലെ, സിനിമയിലെ അവസാന രംഗത്ത് നിസ്‌കാരത്തിന് ഇമാമായി ( മുന്നിൽ ) നിൽക്കുന്നത് കുട്ടികളുടെ 'കുടിക്കാത്ത 'വാപ്പയാണ്! കുട്ടികളുടെ വാപ്പയ്ക്ക് മുന്നിൽ അനുസരണയോടെ കൈ കെട്ടി നിൽക്കുന്ന ഉമ്മയും മക്കളും! ഹഹ! ).

പി.എ.ബക്കറും സലാം കാരശ്ശേരിയും
പി.എ.ബക്കറും സലാം കാരശ്ശേരിയും

യാതൊരു ക്രൈമും കാണിക്കാത്ത സിറാജ് ഈ ഹലാൽ സിനിമയിൽ അതു കൊണ്ടു തന്നെ പടിക്കു പുറത്താണ്. ഈ സിനിമയിലെ ഒരേയൊരു ‘നിയമ വ്യവഹാരവും പോലീസ് സ്റ്റേഷനും’ ‘കുടിയനായ ഭർത്താവിനെതിരെ ഭാര്യ' നൽകിയ പരാതിയിലാണ്. മദ്യപാനത്തെ ഹറാമാക്കിയും കുടിയന്മാരെ ഹറാമികളാക്കിയും തന്നെ ഈ സിനിമ നിലനിർത്തുന്നു. (ചാനൽ നടത്തുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് സിനിമ ഹലാൽ ആവേണ്ടത് അനിവാര്യമാണ്).
ജമാഅത്തെ ഇസ്‌ലാമിയും സോളിഡാരിറ്റിയും ‘മുസ്‌ലിം സർഗാത്മക യുവത'യ്ക്കു വേണ്ടി നടത്തിയ ‘സഹന 'മാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം. സോളിഡാരിറ്റിയേയും അവരുടെ മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയേയും വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്ന ഈ സിനിമ, ‘പ്രതീകങ്ങൾ ' കൊണ്ട് മലബാർ മുസ്‌ലിംകളെ ഒന്നടങ്കം യാഥാസ്ഥിതിക തുരുത്തിൽ നിർത്തുന്നു. ( ധനികനായ മുസ്‌ലിമിനെ ‘ഫണ്ടിതൻ ' എന്ന് പരിഹസിക്കുന്നു, ‘മുസ്‌ലിംകളുടെ കയ്യിൽ പൂത്ത പണമില്ലേ 'എന്ന ഇന്നത്തെ സംഘ് പരിവാർ ആരോപണം അതേപോലെ ഇതിലെ കഥാപാത്രം ‘നിഷ്‌കളങ്കമായി ' പറയുന്നു).

പ്ലാച്ചിമട സമരം നടത്തിയത് സ്ത്രീയായ മയിലമ്മയാണ്. എന്നാൽ, ഇതിലെ തെരുവ് നാടകത്തിൽ കഥാപാത്രമായിട്ടോ കാണികളായിട്ടോ സ്ത്രീകളിലില്ല.. ജമാഅത്തെ ഇസ്‌ലാമി അവതരിപ്പിച്ച തെരുവ് നാടകങ്ങളിൽ സ്ത്രീകളില്ലായിരിക്കാം, എന്നാൽ, സ്ത്രീകളില്ലാത്ത തെരുവ് കേരളത്തിൽ കുറവാണ്. അങ്ങനെയൊരു തെരുവ് കാണിക്കുക വഴി സക്കരിയയുടെ സിനിമ പുരുഷ സിനിമയാണ്. യഥാർഥത്തിൽ മുസ്​ലിംകളെക്കുറിച്ചുള്ള ‘ഹിന്ദു പുരുഷ' ഫലിതങ്ങളാണ് ഇതിലെ തമാശകൾ.

എന്തായാലും, ഈ സിനിമയിലെ ദീൻ മലബാർ മുസ്‌ലിംകളുടെ ദീൻ അല്ല. സിനിമ പിടിക്കാൻ മുസ്‌ലിംകൾക്ക് ഒരു ഭയവും വിലക്കും കേരളത്തിൽ ഉണ്ടായിട്ടില്ല. ലോകത്തിലെ മികച്ച സിനിമകളിലൊന്നായ (ലോകോത്തരമായ ആദ്യ മലയാള സിനിമ ) "ചെമ്മീൻ ' നിർമ്മിച്ചത് ഒരു മുസ്‌ലിംമാണ്; ബാബു ഇസ്​മയിൽ​ സേട്ട്​.

ഈ സിനിമയിലെ ദീൻ ജമാഅത്തെ ഇസ്‌ലാമിയുടെ ദീനാണ്. അല്ലെങ്കിൽ, സോളിഡാരിറ്റിയുടെ ദീൻ. സോളിഡാരിറ്റിയുടെ ദീനിനെ മുസ്‌ലിംകൾ തളളിക്കളഞ്ഞതാണ്. ആ സർഗാത്മക പരീക്ഷണങ്ങൾ വിജയിക്കാതിരുന്നതു കൊണ്ടാണ്, യുഡിഎഫിനെയും കൂട്ടു കൂടി വെൽഫയർ പാർട്ടിയിലൂടെ ജമാ അത്തെ ഇസ്‌ലാമി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്.

വെൽഫയർ പാർട്ടിയുടെ തെരുവ് നാടകങ്ങൾക്ക് കാത്തിരിക്കാം.


Summary: മലയാള സിനിമ, മലയാളി മുസ്‌ലിം സിനിമ കൂടിയാണ്. ആരുടെയും രക്ഷാകർതൃത്വത്തിനു കാത്തു നിൽക്കാതെ തികഞ്ഞ രൂപഭദ്രതയോടെ കൂട്ടിയിണക്കാവുന്ന ഒരു പാരമ്പര്യം സിനിമയിൽ മുസ്‌ലിം ലോകത്തുനിന്നുണ്ട്. എത്തിപ്പെടാവുന്ന ഉയരത്തിൽ അവ എത്തിയിട്ടുമുണ്ട്. നമ്മെ സമാന്തരമായി ഏറെ പ്രചോദിപ്പിച്ച സിനിമകളിൽ മുന്നിലും പിന്നിലും മുസ്‌ലിമുകളുണ്ട്. അവർ കലാകാന്മാരായി അറിയപ്പെടാനാണ് ആഗ്രഹിച്ചത്. ഹലാൽ ലൗ സ്റ്റോറി എന്ന സിനിമ മലയാളി മുസ്‌ലിംകൾ നേടിയ മുഴുവൻ സർഗാത്മക ഭൂതകാലത്തെയും ഒറ്റഷോട്ടിൽ റദ്ദാക്കുന്നു


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments