സംഘട്ടനങ്ങൾക്ക് മറ്റെന്തിനേക്കാളുമേറെ കയ്യടി കൂടുതൽ നേടാം. ആ തിരിച്ചറിവ് ലോകസിനിമയിൽ എക്കാലവുമുണ്ടായിരുന്നു. മലയാള സിനിമയും അത്ര മോശമായിരുന്നില്ല. എന്നാൽ അടുത്തിടെയായി കേരളത്തിൽ ഹിംസ മഹത്വവത്കരിക്കപ്പെടുന്ന ചിത്രങ്ങളുടെ തോത് വർധിക്കുകയാണ്. ആ പട്ടികയിലെ പുതിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായി, ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ.
അടുത്തിടെ ഹിറ്റായ മിക്ക ചിത്രങ്ങളും (ആർഡിഎക്സ്, പണി എന്നിവ ഉദാഹരണം) എന്നിവയെല്ലാം ഉപയോഗിച്ചത് 'വയലൻസ്' എന്ന ഫോർമുലയായിരുന്നു. രക്തച്ചൊരിച്ചിൽ നിറഞ്ഞ സംഘട്ടന രംഗങ്ങൾക്ക് തിയേറ്ററുകൾ ഇളകിമറിഞ്ഞു. ഇതുകണ്ടിട്ടാകണം ഹനീഫ് അദേനിയും മാർക്കോയുമായി രംഗത്തിറങ്ങിയത്. ആദ്യദിനത്തിലെ പ്രതികരണങ്ങൾ കാണുമ്പോൾ ആ ലക്ഷ്യം ഫലം കണ്ടുവെന്ന് തന്നെ വേണം മനസ്സിലാക്കാൻ.
‘ഇന്ത്യയിലെ ഏറ്റവും മികച്ച വയലന്റ് ആക്ഷൻ ചിത്രം’ എന്ന പരസ്യവാചകത്തിലാണ് മാർക്കോ കൊണ്ടാടപ്പെടുന്നത്. സെൻസർ ബോർഡിൻറെ 'എ' സർട്ടിഫിക്കറ്റ് കിട്ടുന്ന ഒരു ചിത്രത്തിൽ ഏത് തരത്തിലുള്ള വയലൻസും കാണിക്കാമോയെന്നത് ചിന്തിക്കേണ്ട കാര്യമാണ്. മാർക്കോ ആ വഴിയിലാണ് സഞ്ചരിക്കുന്നത്. ഗംഭീര ആക്ഷൻ സിനിമയെന്ന് അവകാശപ്പെട്ടുകൊണ്ട് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്ന പല രംഗങ്ങളും സാധാരണ മനുഷ്യർക്ക് സ്ക്രീനിൽ കണ്ടിരിക്കാൻ ബുദ്ധിമുട്ടാകും.
എല്ലൊടിയുന്നതും കയ്യും കാലും അറുക്കുന്നതും കുട്ടികളെയും ഗർഭിണിയെയും ഉൾപ്പെടെ അതിദാരുണമായി കൊല്ലുന്നതും വളരെ കൃത്യമായി, ആവർത്തിച്ച് സ്ക്രീനിൽ കാണിക്കുന്നതിലൂടെ ഹനീഫ് അദേനി ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ല. ആക്ഷൻ എന്നാൽ ഇതൊക്കെയാണ് എന്നാണോ സംവിധായകൻ ധരിച്ചു വെച്ചിരിക്കുന്നതെന്ന് അറിയില്ല.
യുദ്ധവിരാമത്തേക്കാൾ യുദ്ധം ഉണ്ടാകുന്നതിനാണല്ലോ വിപണി. അങ്ങനെയാകുമ്പോൾ ഹിംസയ്ക്കും കയ്യടി ലഭിക്കും. അതിന്റെ പ്രതിഫലനം കലയിലും ഉണ്ടാകാം. എന്നാൽ അതിന്റെ തോതിനെക്കുറിച്ച് ഇനിയെങ്കിലും ചർച്ച ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. നായകനായ ഉണ്ണി മുകുന്ദന്റെ 'ഹീറോയിസം' കാണിക്കാൻ വേണ്ടി വില്ലന്റെ ചങ്ക് പറിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള രംഗങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അവയ്ക്ക് വലിയ കയ്യടിയും തിയേറ്ററിൽ ലഭിക്കുന്നുണ്ട്. ഈ കയ്യടിയാണ് ശരിക്കും നമ്മെ ഭയപ്പെടുത്തേണ്ടത്. മനുഷ്യനിൽ ഉൾച്ചേർന്നിട്ടുള്ള ഹിംസാത്മകതയെ ഉണർത്താൻ ഒരു ചിത്രത്തിന് കഴിയുന്നു എന്നതിന്റെ തെളിവാണത്. ഇത്തരം സിനിമകൾ ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ല എന്നത് നിരാശാജനകമായ കാര്യമാണ്.
സ്‌ക്രീനിലെ അക്രമാസക്തമായ പെരുമാറ്റം ഒരു സമൂഹത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യനെ 'ഡീസെൻസിറ്റൈസ്’ ചെയ്യുക അഥവാ അതിക്രമങ്ങളോടുള്ള പ്രതികരണ ശേഷി ഇല്ലാതാക്കുക എന്നതാണ് അതിൽ പ്രധാനം. അതായത് ഏതൊരു ഹിംസയോടും നിസ്സംഗതയോടുകൂടി പെരുമാറുന്ന തലത്തിലേക്ക് മനുഷ്യനെ മാറ്റാൻ മാർക്കോ പോലുള്ള ചിത്രങ്ങൾക്ക് സാധിക്കുമെന്ന് ചുരുക്കം. അങ്ങനെയുള്ളൊരു മാറ്റത്തിലേക്ക് ഇതിനോടകം തന്നെ കേരള സമൂഹവും മാറിയെന്നതിന്റെ തെളിവാണ് പോസിറ്റീവ് വാർത്തകളേക്കാൾ അക്രമസംഭവങ്ങൾക്ക് ലഭിക്കുന്ന പ്രചാരണം. മധുവും അഖ്ലാക്കും ജോർജ് ഫ്ലോയ്ഡ്മെല്ലാം അത്തരമൊരു മാറ്റത്തിന്റെ ഇരകളാണ്. അതുകൊണ്ടുതന്നെ ഇത്തരം ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രേക്ഷകപിന്തുണ നമ്മളെ ചിന്തിപ്പിക്കേണ്ടതുണ്ട്. അവയിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയേണ്ടതുണ്ട്.