ഹർഷദ്​. / Photo : Ajeeb Komachi

സെൽഫ്​ സെൻസറിങ്​,
​അതാണ്​ ഏറ്റവും ഭീകരം

ഇനിയങ്ങോട്ട് നമ്മുടെ രാജ്യത്ത് നിരോധനമല്ല, കൂടുതൽ സെൻസറിംഗാണ് വരിക എന്നാണ് തോന്നിയിട്ടുള്ളത്. സെൻസറിംഗിൽ തന്നെ സെൽഫ് സെൻസറിംഗായിരിക്കും വേഗത്തിൽ സംഭവിക്കുക. അതിപ്പൊഴേ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. അതാണ് ഏറ്റവും ഭീകരം.

ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?

ഹർഷദ്​: മറ്റേതൊരു കലാരൂപത്തെയും പോലെ സിനിമയും സമൂഹത്തിൽ, മനുഷ്യരിൽ പലതരം സ്വാധീനമുണ്ടാക്കുന്നുണ്ട്. സിനിമയുടെ കാര്യമാവുമ്പോൾ കുറേകൂടി പോപുലർ മീഡിയ ആയതിനാൽ അതിന്റെ തോത് അല്പം കൂടുതലാണെന്നുമാത്രം.

​മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്, നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഇപ്പറയുന്ന ഘടകങ്ങൾ കാരണം എനിക്കൊരു സിനിമ ചെയ്യാൻ കൂടുതൽ സൗകര്യം കിട്ടുന്നു എന്നൊന്നും ഞാൻ കരുതുന്നില്ല. പ്രത്യേകിച്ച് ഞാനൊക്കെ കൊമേഴ്‌സ്യൽ സിനിമാ മേഖലയിലായതിനാൽ, ബിസിനസ് സാധ്യതയുള്ള സിനിമാ പ്രൊജക്റ്റുകളിലൂടെയേ അത് ഫലപദമായി സംഭവിക്കുകയുള്ളൂ. അതെപ്പൊഴും താരകേന്ദ്രീകൃതമാണ് താനും. താരം എന്നത് വിപണിമൂല്യമുള്ള ആർട്ടിസ്റ്റാവാം, പ്രൊഡക്ഷൻ ബാനറുമാവാം.

ഹർഷദ് തിരക്കഥയൊരുക്കിയ 'ഉണ്ട' സിനിമയിൽ മമ്മൂട്ടി
ഹർഷദ് തിരക്കഥയൊരുക്കിയ 'ഉണ്ട' സിനിമയിൽ മമ്മൂട്ടി

തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?

മലയാളത്തിൽ ഇപ്പോൾ ഒ.ടി.ടിക്കുവേണ്ടി സിനിമ എടുക്കുന്ന രീതി താൽക്കാലികമായെങ്കിലും നിന്നിരിക്കയാണെന്നാണ് മനസ്സിലാക്കുന്നത്. ഇനി ഒ.ടി.ടിക്കുവേണ്ടിയുള്ള മലയാളം സീരീസുകളാണ് വരാൻ പോകുന്നത്. ഇങ്ങനെ സിനിമ എടുക്കുമ്പോൾ കണ്ടന്റിലും ഫോർമാറ്റിലും സ്വാഭാവികമായും മാറ്റമുണ്ടാവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നു പോവും എന്ന് കരുതുന്നുണ്ടോ?

ഇല്ല.

​സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ്​ ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?

ഇപ്പോൾ മലയാളസിനിമയുടെ പിന്നണിയിലും സ്ത്രീകൾ വന്നു കൊണ്ടേയിരിക്കുന്നുണ്ട്. അതിന്റെ ഗുണകരമായ പ്രതിഫലനങ്ങൾ വരുംകാല സിനിമളിലും കാണാനാവും.

'പുഴു' സിനിമയുടെ അണിയറയിൽ ഹർഷദിനോടൊപ്പം സംവിധായിക റത്തീന. / Photo : Ratheena PT, Fb Page
'പുഴു' സിനിമയുടെ അണിയറയിൽ ഹർഷദിനോടൊപ്പം സംവിധായിക റത്തീന. / Photo : Ratheena PT, Fb Page

എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടു വെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ്
ചെയ്യാൻ ആഗ്രഹിക്കുന്നത്?

ഞാൻ എന്റെ സിനിമയെ എവിടെയെങ്കിലും പ്ലേസ് ചെയ്‌തേ പറ്റൂ എന്ന് വിചാരിക്കുന്നില്ല.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?

മറാഠി സിനിമയിൽ വരുന്ന ചലനങ്ങൾ ആകർഷണീയമായി തോന്നിയിട്ടുണ്ട്.

ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്‌സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?

ഹർഷദ് കഥയും തിരക്കഥയുമെഴുതിയ 'പുഴു' സിനിമയിൽ നിന്ന്
ഹർഷദ് കഥയും തിരക്കഥയുമെഴുതിയ 'പുഴു' സിനിമയിൽ നിന്ന്

ഞാനത് തിരിച്ചറിയാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്.

സാഹിത്യരൂപങ്ങളുടെ സിനിമാ ആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?

എന്നെ ഏതെങ്കിലും തരത്തിൽ അസ്വസ്ഥപ്പെടുത്തിയതും അസ്വസ്ഥപ്പെടുത്തുന്നതുമായ സംഭവങ്ങളുടെ മേലെയാണ് ഞാൻ എഴുതുന്നത്.

​മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

ഏറ്റവും ഇഷ്ടപ്പെട്ടത് എന്നൊന്നില്ല. ഇഷ്ടങ്ങളങ്ങനെ മാറിക്കൊണ്ടേയിരിക്കും. മലയാളത്തിൽ ഇഷ്ടപ്പെട്ട സിനിമകളെടുത്തവരുടെ ലിസ്റ്റിൽ കെ.ജി. ജോർജ്ജ്, രഘുനാഥ് പലേരി, ഐ.വി. ശശി, ടി.വി. ചന്ദ്രൻ, ശ്രീനിവാസൻ, പ്രിയദർശൻ, ഡോൺ പാലത്തറ, ഇയ്യിടെ മരിച്ച കെ.എൻ ശശിധരൻ... ഇങ്ങനെ ലിസ്റ്റ് നീളും. സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇനിയും വരാൻ പോകുന്നേയുള്ളൂ എന്നാണെനിക്ക് തോന്നുന്നത്.

സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?

ഇനിയങ്ങോട്ട് നമ്മുടെ രാജ്യത്ത് നിരോധനമല്ല, കൂടുതൽ സെൻസറിംഗാണ് വരിക എന്നാണ് തോന്നിയിട്ടുള്ളത്. സെൻസറിംഗിൽ തന്നെ സെൽഫ് സെൻസറിംഗായിരിക്കും വേഗത്തിൽ സംഭവിക്കുക. അതിപ്പൊഴേ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം. അതാണ് ഏറ്റവും ഭീകരം.

'ഉണ്ട' എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിൻറെ റിസർച്ച് ആവശ്യത്തിന്  ബസ്തറിലെത്തിയ ഹർഷദും സംഘവും. / Photo : Harshad, Fb
'ഉണ്ട' എന്ന സിനിമയുടെ തിരക്കഥ എഴുതുന്നതിൻറെ റിസർച്ച് ആവശ്യത്തിന് ബസ്തറിലെത്തിയ ഹർഷദും സംഘവും. / Photo : Harshad, Fb

താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?

എന്നെ സംബന്ധിച്ച്​ ഒരു പാട് മീഡിയകളിൽ ഏറ്റവും പോപ്പുലറായ മീഡിയം മാത്രമാണ് സിനിമ. എനിക്ക് പറയാനുള്ളത് ഏറ്റവും മനോഹരമായും പവ്വർഫുള്ളായും പറയാനുള്ള ഒരു ജനകീയമാധ്യമം. സിനിമയുടെ വ്യാവസായിക വിജയത്തിന്റെ ഒന്നാം മാനദണ്ഡം നേരത്തെ പറഞ്ഞപോലെ താരമാണ്. അത് വിപണിമൂല്യമുള്ള ആർട്ടിസ്റ്റാവാം, അല്ലെങ്കിൽ പ്രൊഡക്ഷൻ ബാനറാവാം. വ്യാവസായിക വിജയത്തിന്റെ ബാക്കിയെല്ലാ ഘടകങ്ങളും പിന്നെ വരുന്നതാണ്. ▮


ഹർഷദ്​

തിരക്കഥാകൃത്ത്​, സംവിധായകൻ

Comments