ഹവ : കടൽനായാട്ടിലെ റിയാലിറ്റിയും ഫാന്റസിയും

കടൽ യാത്രയുടേയും മീൻവേട്ടയുടേയും പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ ദൃശ്യാഖ്യാനം മോഹങ്ങളുടേയും പാപചെയ്തികളുടേയും പരാജയങ്ങളുടേയും അത്യാർത്തിയുടേയും സംഘർഷങ്ങളുടേയും പ്രണയത്തിന്റേയും ആവിഷ്കാരമായിത്തീരുന്നു. 2023 ഓസ്കാർ അവാർഡിനായുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക നോമിനേഷനായ ഹവ സിനിമയുടെ റിവ്യൂ

ബംഗ്ലാദേശ് ടെലിവിഷൻ വിനോദ വ്യവസായമേഖലയിലെ അറിയപ്പെടുന്ന എഴുത്തുകാരനും സംവിധായകനുമായ മെജ്ബൊർ റഹ്മാൻ സുമൊൻ (Mejbaur Rahman Sumon) സംവിധാനം ചെയ്ത ചിത്രമാണ് ഹവ ( HAWA) . ബിഗ് സ്ക്രീനിലെ അദ്ദേഹത്തിന്റെ കന്നി സംരംഭമാണ് 2002 ൽ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രം. കുറ്റകൃത്യത്തിന്റേയും പ്രതികാരത്തിന്റേയും ദുരന്തപര്യവസായിയായ ഒരു കഥ എന്നതിനപ്പുറം മനുഷ്യമനസ്സിനകത്തെ ഗുപ്തവികാരങ്ങളുടെ അഭ്രാവിഷ്കാരമായി മാറുകയാണ് ചിത്രം. കടൽ യാത്രയുടേയും മീൻവേട്ടയുടേയും പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ള ഈ ദൃശ്യാഖ്യാനം മോഹങ്ങളുടേയും പാപചെയ്തികളുടേയും പരാജയങ്ങളുടേയും അത്യാർത്തിയുടേയും സംഘർഷങ്ങളുടേയും പ്രണയത്തിന്റേയും ആവിഷ്കാരമായിത്തീരുന്നു. 2023 ഓസ്കാർ അവാർഡിനായുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക നോമിനേഷനാണ് ബംഗാളി ഭാഷയിലുള്ള ഹവ.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് ചടുലമായ സംഭവങ്ങളിലൂടെ ആവേഗമാർജ്ജിക്കുന്ന ഘടനയാണ് സിനിമയ്ക്കുള്ളത്. പുരാവൃത്തത്തിന്റെ പശ്ചാത്തലത്തിൽ അധികമാനത്തിലേക്ക് വികസിക്കുന്ന കഥ പൂർണ്ണമായും നടക്കുന്നത് ഒരു മീൻപിടുത്ത ബോട്ടിലാണ്. ആഴക്കടലിന്റെ വന്യതയും തിരകളുടെ നിലയ്ക്കാത്ത ആസക്തിയും നിറഞ്ഞ പരിസരത്തിലൂടെ സംഭവിക്കുന്ന കടൽയാത്രയിൽ ഒരേയൊരു സ്ത്രീ കഥാപാത്രമേ ഉള്ളൂ. ആഖ്യാനത്തിൽ ചിത്രം പിന്തുടരുന്ന പുതുമയും ഛായാഗ്രഹണത്തിലെ മികവും അഭിനേതാക്കളുടെ മികച്ച വേഷപ്പകർച്ചകളും സിനിമയെ പ്രസക്തമായ ഒന്നാക്കിമാറ്റുന്നു.

യാഥാർത്ഥ്യവും ഫാന്റസിയും തമ്മിലുള്ള കൂടിച്ചേരലിനും വഴിപിരിയലിനും വേദിയും സാക്ഷിയുമാകുന്നു കടൽയാനം. മനുഷ്യരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഘർഷവും പ്രണയവും മരണവും പകയും പ്രതികാരവും ഈ നൗകയ്ക്കുള്ളിലും സംഭവിക്കുന്നു. ഉചിതമായ വിഷ്വൽ ഇമേജറികളിലൂടെ അവ ആവിഷ്കരിക്കപ്പെടുന്നു. കടലിന്റെ വിശാലതയിൽ ഉണ്ടായൊടുങ്ങുന്ന തിരയിളക്കങ്ങൾ. മൂഡിനനുസരിച്ച് നിറഭേദങ്ങളിലേക്കു പോകുന്ന ഉൾക്കടൽ ദൃശ്യങ്ങൾ. നീലയിൽ ആരംഭിച്ച് അതു മരണത്തിന്റെ കറുപ്പിൽ അവസാനിക്കുന്നു .മികച്ച കളർ ഗ്രേഡിംഗ്. വിശദാംശങ്ങളോടെ ശ്രദ്ധാപൂ‍ർവ്വം സൃഷ്ടിച്ച ഫ്രെയിമുകൾ. പ്രണയത്തിന്റേയും പ്രതികാരത്തിന്റേയും ബാക്ക്ഡ്രോപ്പിൽ യക്ഷിക്കഥാ സ്വഭാവമുള്ള സീനുകൾ.

ചാൻ മാൻജി ( Chaan Manjhi- Suchinta Chowdhury Chanchal) മത്സ്യബന്ധന നൗകയുടെ തലവനാണ്. ബോട്ടിന്റെ പരമാധികാരി. ആദ്യാവസാനം സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്ന സാന്നിദ്ധ്യമാണ് സമഗ്രാധിപതിയും ആസക്തനുമായ മാൻജിയുടേത്. ബോട്ടിലെ മറ്റു ജോലിക്കാരെല്ലാം അയാളുടെ കീഴിൽ എന്തും അനുസരിക്കുന്നവരാണ്. ആകെ ഏഴു പേർ. എല്ലാം ആണുങ്ങൾ. കടലിൽ മീൻവേട്ട നടത്തുന്ന ഈ പുരുഷ പാരിസ്ഥിതിക മണ്ഡലത്തിലേക്കാണ് ഗുൾട്ടി ( Gulti- Nazifa Tushi) എന്ന യുവതി മീനിനൊപ്പം വലയിലകപ്പെട്ട് എത്തപ്പെടുന്നത്. പുരുഷക്കൂട്ടം മീൻവേട്ട നടത്തുകയും തിന്നുകയും ആടുകയും പാടുകയും ഉന്മത്തരാവുകയും ചെയ്യുന്ന നൗകയിലേക്ക് കടലിന്റെ ആഴങ്ങളിൽ നിന്നും പൊങ്ങിവന്നവൾ. അതോടെയാണ് വലിയ ട്വിസ്റ്റുകൾ ഉണ്ടാവുന്നത്. എല്ലാ സംഘർഷങ്ങളും ഉടലെടുക്കുന്നത്. കടൽയാത്രയിൽ പെണ്ണ് ഒപ്പമുണ്ടാവുന്നത് അശുഭകരമാണെന്നും അതു അനർത്ഥങ്ങൾ കൊണ്ടുവരുമെന്നതും അവരുടെ വിശ്വാസം. പരാമ്പരാഗതമായി ഉറപ്പിക്കപ്പെട്ട ഒന്ന്. പെണ്ണൊന്നിച്ചുള്ള കടൽയാത്ര പാപമത്രെ. പുരാവൃത്തങ്ങളുടെ പി‍ൻബലമുള്ള ആൺവിശ്വാസം. ആൺകൂട്ട നോട്ടങ്ങളുടെ കഠിനതയിൽ പകച്ചുപോയ അവൾക്ക് മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാറ്റിലും ഭയം. ഊമയെന്ന നിഗമനത്തിൽ അവരവളെ ബോട്ടിന്റെ അടിത്തട്ടിൽ ഒളിപ്പിക്കുന്നു.

പെണ്ണിന്റെ വരവ് അവരുടെ ജീവിതത്തെ മാറ്റുന്നു. ദിനസരികൾ വ്യത്യാസപ്പെടുന്നു. പെണ്ണിനെക്കുറിച്ചുള്ള ആൺ സംസാരങ്ങളാൽ അവരുടെ നേരങ്ങൾ നിറയുന്നു. പ്രലോഭനങ്ങളുടെ വേലിയേറ്റവും വേലിറക്കവും അവരുടെ ഏകാന്തതകളെ സംഘർഷനിർഭരമാക്കുന്നു. പലരും അവളെ നോട്ടമിടുന്നു. തലൈവരായ മാൻജി അവളെ ബലമായി പ്രാപിക്കാൻ ശ്രമിക്കുന്നു. പരാജയപ്പെടുന്നു എന്നു മാത്രമല്ല, അവളുടെ ചെറുത്തുനിൽപ്പിലെ ദാർഢ്യവും വീറും അയാളറിയുന്നു. മറ്റു ബോട്ടുകളിലുള്ളവരിൽ നിന്ന് അവളവരെ മറച്ചു പിടിക്കുന്നു.

പക്ഷേ, സംഘത്തിലെ യുവാക്കൾ അതിഥിയായെത്തിയ ഈ 'ജലകന്യക'യുമായി സൗഹൃദപ്പെടുന്നു. അതേടെ അവരുടെ ആഘോഷങ്ങളിൽ അവളും പങ്കാളിയായി. അതിലൊരാൾ ഇബ / ഇബ്രാഹിം (Iba- Sariful Razz) അവളുമായി അടുപ്പത്തിലാവുന്നു. ബോട്ടിൽ നിന്നിറങ്ങി ജലോപരിതലത്തിൽ അവർ സമാഗമം പതിവാക്കുന്നു. അവൾ തന്നെക്കുറിച്ചുള്ള വിവരങ്ങൾ പ്രണയിതാവുമായി പങ്കുവയ്ക്കുന്നു. അവളുടെ വരവിന്റെ ലക്ഷ്യം അവനോട് പറയുന്നു. അവൾ വന്നിരിക്കുന്നത് തന്റെ പിതാവിനെ കൊന്ന ആളോട് പ്രതികാരം ചെയ്യാനത്രെ. അവൾ ലക്ഷ്യമാക്കുന്നത് തലവൻ മാൻജിയെ തന്നെ ആയിരുന്നു.

അവളെ രക്ഷപ്പെട്ടുത്താൻ ജീവൻ കൊടുത്തതാണ് അവളുടെ അച്ഛൻ. താൻ കടൽ നാഗമാണെന്നും തന്റെ മുടിയിൽ വിഷമുണ്ടെന്നും ഗുൾട്ടി പറയുന്നു. ദേവത തന്നെ ഇടയ്ക്കൊക്കെ മീനാക്കിയും മാറ്റും. വിചിത്രമായ മൊഴികൾ. മീനായും മനുഷ്യസ്ത്രീയായും ചിലപ്പോൾ കടൽനാഗമായും മാറുന്ന കഥ. യാഥാർത്ഥ്യങ്ങളുടേയും സങ്കൽപ്പങ്ങളുടേയും പാതിവഴിയിൽ അവൾ സംത്രാസമനുഭവിച്ചു. കടലാഴങ്ങളിൽ നിന്ന് അതോടെ മറ്റൊരു രൗദ്രതാളവും കടലാകാശത്ത് കാറ്റിന്റെ ചുഴലികളും രൂപപ്പെട്ടു.

പിന്നീടാണ് അശുഭകരമായ കാര്യങ്ങൾ തുടങ്ങുന്നത്. അവർക്ക് മീൻ കിട്ടാതാവുന്നു. ബോട്ടിന് തകരാറുകൾ സംഭവിക്കുന്നു. ഇന്ധനം ചോർന്നുപോവുന്നു. വല കടലിൽ നഷ്ടപ്പെടുന്നു. എൻജിൻ നിലയ്ക്കുന്നു. അതോടെ അവരിൽ ആധി പെരുകുന്നു. പ്രണയിതാക്കളുടെ കടലിലെ സമാഗമം പിടിക്കപ്പെടുന്നതോടെ അവളെ എന്തു ചെയ്യണമെന്ന കാര്യത്തിലുള്ള തലവനായ മാൻജിയുടെ ആജ്ഞ അനുസരിക്കാൻ മറ്റുള്ളവർ നിർബന്ധിതരാവുന്നു. അവളെ കടലിലേക്ക് കൊന്നോ കൊല്ലാതെയോ വലിച്ചെറിയാൻ തീരുമാനിക്കുന്നതിലേക്ക് സംഘം എത്തുന്നു. എന്നാൽ ഇബ അതിനെ തടയുന്നു. മാൻജി കോപിഷ്ഠനാവുന്നു. നേരെത്തെ വരുമാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് എതിർപ്പുയർത്തിയ ആളുമാണ് ഇബ. വഴങ്ങാതെ നിലയുറപ്പിച്ച ഇബയെ മാൻജി നിഷ്ഠൂരമായി വധിക്കുന്നു.ഗുൾട്ടി അപ്രത്യക്ഷയാകുന്നു.

ബോട്ടിനുള്ളിലും പുറത്തും സംഘർഷത്തിന്റെ ചുഴലികൾ രൂപപ്പെടുന്നു. കടൽ അനിശ്ചിതത്വത്തിന്റെ ലോകമാണ്. ആഴക്കടലിന്റെ ഇരുൾ വന്യത അവരിലേക്കും പടരുന്നു. അവർക്കിടയിൽ വിള്ളലുകളും സംശയങ്ങളും രൂപപ്പെടുന്നു. ചിലർ രക്ഷപ്പെടാൻ ശ്രമിക്കുന്നു. മറ്റുള്ളവർ തലവനെ എതിർക്കാൻ ത്രാണിയില്ലാതെ ഉഴലുന്നു. എതിർക്കുന്നവനെ കൊല്ലിച്ചും കൊന്നും ക്രൂരനായ മാൻജി മുന്നോട്ടു പോവുന്നു. ബോട്ട് ശവങ്ങൾ ചിതറിക്കിടക്കുന്ന ഒരിടമായി മാറാൻ അധികസമയം വേണ്ടിവന്നില്ല. കുലുക്കമില്ലാതെ മാൻജി മാംസം ചുട്ടു തിന്ന് വിശപ്പടക്കുന്നു. പിന്നീട് ശവങ്ങൾ കടലിലേക്ക് ഒന്നൊന്നായി എടുത്തെറിയുന്നു. ഒരു നാഗം സാവധാനം ഇഴഞ്ഞുവന്ന് മാൻജിയെ ദംശിക്കുന്നു. ഒടുവിൽ സ്നേഹത്തോടെയുള്ള ഗുൾട്ടിയുടേയും ഇബയുടേയും സങ്കടകരമായ കൂട്ടിരുപ്പിന്റെ മുകളിൽ നിന്നുള്ള ദൃശ്യത്തിന് നാം സാക്ഷിയാവുന്നു.പിന്നെ കടലിന്റെ അനന്തയിലേക്ക്..

സൈക്കോ ഡ്രാമ എന്നു വിളിക്കാവുന്ന ഈ സിനിമയുടെ സവിശേഷതകളിൽ പ്രധാനമാണ് ഛായാഗ്രഹണം. കടലിന്റെ പകൽ / രാത്രി ദൃശ്യങ്ങൾ അതിന്റെ ഭാവഭേദങ്ങളുടെ സൂക്ഷ്മതയോടെ ഒപ്പിയെടുത്തിട്ടുണ്ട് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ച കമറുൾ ഹസൻ ഖൊശ്രു (Kamrul Hasan Khosru) , തൻവീർ അഹമദ് ഷൊവൊൻ (Tanveer Ahmed Shovon) എന്നിവർ ചേർന്ന്. ബംഗാൾ ഉൾക്കടലിൽ ചലിക്കുന്ന, ജീവിതം തിളയ്ക്കുന്ന ഫിഷിംഗ് ട്രോളറിന്റെ ഓരോ മൂലയും ക്യാമറ സന്ദർഭാനുസരണം ഗോചരമാക്കിയിട്ടുണ്ട്. ചാൻ മാൻജിയെ ചഞ്ചൽ ചൗധുരി അവിസ്മരണീയമാക്കി. രണ്ടു തവണ ഏറ്റവും നല്ല നടനുള്ള ബംഗ്ലാദേശ് നാഷണൽ ആവാർഡ് നേടിയ അഭിനേതാവാണ് ചഞ്ചൽ ചൗധുരി. മാൻജിയുടെ നേർക്ക് അവസാനഭാഗങ്ങളിൽ പ്രേക്ഷകരിൽ തിടം വയ്ക്കുന്ന വെറുപ്പ് അയാളുടെ അഭിനയശേഷിയുടെ തെളിവു കൂടിയാണ്. ഗുൾട്ടി എന്ന കഥാപാത്രത്തിന്റെ പ്രഹേളിക സ്വഭാവം അനാവൃതമാക്കുന്നതിൽ നസീഫ റ്റുഷി വിജയിച്ചിട്ടുണ്ട്. അവരുടെ മൂർച്ചയുള്ള വശീകരണ കടാക്ഷങ്ങൾ അതിൽ വലിയ പങ്കു വഹിച്ചു. സംഗീതം സിനിമയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. പശ്ചാത്തലസംഗീതം അന്തരീക്ഷത്തിനു അനുയോജ്യമായി പാകപ്പെടുത്തിയിരിക്കുന്നു. മിസ്റ്റിക് സ്വാഭാവമുള്ള ആഖ്യാനസന്ദർഭങ്ങളെ ശബ്ദസംവിധാനം നന്നായി പിന്തുണച്ചിട്ടുണ്ട്. ഹാഷിം മഹമൂദ് എഴുതി അർഫാൻ  ശിബ്‍ലു പാടിയ 'ശദാ ശദാ കലാ കലാ'എന്ന തീം സോങ് മനസ്സിൽ തങ്ങി നിൽക്കും. സസൽ അലോക് (Sazal Alok) ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് .ചിത്രത്തിന്റെ നിർമ്മാതാവ് അൻജൻ ചൗധരി പിന്റു ( Anjan chowdary pintu ) ആണ്.

Mejbaur Rahman Sumon

2022 ൽ റിലീസായ ചിത്രം വിവിധ രാജ്യങ്ങളിലെ ബോക്സോഫീസ് വിജയത്തിനു ശേഷം സോണി ലിവ് ഒ.ടി.ടി യിൽ ഇപ്പോൾ ലഭ്യമാണ്. കഥാപാത്രങ്ങൾക്കിടയിൽ ഉരുണ്ടുകൂടുന്ന സംഘർഷങ്ങളെ നന്നായി അവതരിപ്പിക്കുന്ന സംവിധായകൻ പക്ഷേ, അതിനായി അവർക്കിടയിൽ ആവർത്തനവിരസമായ സീക്വൻസുകളും സംഭാഷണങ്ങളും ചേർത്ത് മന്ദത വരുത്തി എന്നുള്ളതാണ് ചിത്രത്തിന്റെ ഒരു പരിമിതി. അതിനാൽ മധ്യഭാഗം ലാഗ് ചെയ്യുന്നതായി അനുഭവപ്പെടുന്നു. പക്ഷേ, സിനിമാട്ടോഗ്രാഫിയുടെ സാങ്കേതികത്തികവും ചാരുതയും ചേർന്ന് ചിത്രത്തെ അപ്പോഴൊക്കെയും സംതൃപ്തമായ ദൃശ്യാനുഭവമാക്കി മാറ്റി. കഥാപാത്രവികാസത്തിന്റെ കാര്യത്തിൽ സംഭവിച്ച ചില പരിമിതികളും എഡിറ്റിംഗിൽ കാണിച്ച ചില അലംഭാവങ്ങളും കാഴ്ചയിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും സിനിമ മൊത്തത്തിൽ ഒരു നല്ല ദൃശ്യാനുഭവമായിത്തീരുന്നുണ്ട്. അത്രയൊന്നും വികസിതമല്ലാത്ത ബംഗ്ളാദേശ് സിനിമ മേഖലയെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ  ഈ സിനിമ സഹായകമാവും എന്നു പ്രതീക്ഷിക്കാം.

Comments