ഹോളിവുഡ്​ സമരത്തിന്റെ ​പ്രത്യാഘാതങ്ങൾ,
മലയാള സിനിമക്കുള്ള പാഠങ്ങളും

ല്ലാ തിന്മകളിൽ നിന്നും അനീതികളിൽ നിന്നും ലോകത്തെയും മനുഷ്യരെയും രക്ഷിക്കുവാൻ വരുന്ന അതിമാനുഷ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് രക്ഷിക്കുവാൻ ആരുമില്ലാതാവുന്ന സാഹചര്യത്തിലേക്ക് വലിച്ചെറിയപ്പെടുകയും, അങ്ങനെയൊരവസ്ഥയിൽ മറ്റൊരു മാർഗവും മുന്നിൽ അവശേഷിക്കാത്തതിനാൽ തൊഴിൽ മുടക്കി സമരത്തിനിറങ്ങുകയും ചെയ്തിരിക്കുകയാണ്.

ലോക കച്ചവടസിനിമയുടെയും വിനോദവ്യവസായത്തിന്റെയും ആസ്ഥാനമായ ഹോളിവുഡ് സമരാഗ്നിയിൽ ജ്വലിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കൻ സിനിമാ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (WGA) 2023 മെയ് 2ന് പുലർച്ചെ ആരംഭിച്ച സമരം ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച്​ അമേരിക്കയിലെ 12,000- ഓളം വരുന്ന സിനിമാ എഴുത്തുകാരുടെ കൂട്ടായ്മയായ WGA ആരംഭിച്ച സമരത്തിന് അഭിനേതാക്കൾ പിന്തുണ പ്രഖ്യാപിക്കുകയും ജൂലൈ 13 മുതൽ അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA (Screen Actors Guild – American Federation of Television and Radio Artists) സമരത്തിൽ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തതോടെ സമരം പുതിയ മാനം കൈവരിച്ചിരിക്കുന്നു. അമേരിക്കൻ വിനോദവ്യവസായത്തിന്റെ ചരിത്രത്തിൽ ആറു പതിറ്റാണ്ടുകൾക്കുശേഷമാണ് ഇത്തരത്തിൽ വ്യാപകവും വിപുലവുമായ ഒരു സമരത്തിന് സാഹചര്യമൊരുങ്ങിയിരിക്കുന്നത്.

സമരം ചെയ്യുന്ന അഭിനേതാക്കള്‍ / Photo: SAG-AFTRA

മിക്ക തൊഴിൽസമരങ്ങളുടെയും അടിസ്ഥാനകാരണം കൂലി തന്നെയാണ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഹോളിവുഡിലെ വൻകിട സ്റ്റുഡിയോകളുടെ കുത്തകയായിരുന്നു പരമ്പരാഗത സിനിമാനിർമാണം. ഈ വ്യവസ്ഥയിൽ നിന്ന് ഓൺലൈൻ സ്ട്രീമിങ്ങ് സംവിധാനത്തിലേക്ക് സിനിമ റിലീസുകൾ വ്യാപകമായി മാറുകയും, സ്ട്രീമിങ് മാധ്യമങ്ങൾ മുഖ്യധാരാ കാഴ്ചയിടങ്ങൾ കവരുകയും, ടെലിവിഷൻ സീരീസുകളേക്കാൾ സ്ട്രീമിങ് സീരീസുകൾ വ്യാപകമാവാനാരംഭിക്കുകയും ചെയ്തതോടെ കോവിഡ്-19 സൃഷ്ടിച്ച വൻപ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനുപകരം പുതിയ പ്രതിസന്ധികളിലേക്ക് പോവുകയായിരുന്നു ചില സ്റ്റുഡിയോകളെങ്കിലും.

പക്ഷെ, ഈ സാഹചര്യം മുതലെടുത്ത്​ അമേരിക്കയിലെ വൻകിട നിർമാതാക്കളുടെ സംഘടനയായ Alliance of Motion Picture and Television Producers (AMPTP) എഴുത്തുകാർക്കും അഭിനേതാക്കൾക്കും നൽകുന്ന കൂലിയിലും ആനുകൂല്യങ്ങളിലും വലിയ കുറവുകൾ കാലക്രമത്തിൽ വരുത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇത് കുറച്ച് വർഷങ്ങളായി എഴുത്തുകാർക്കും അഭിനേതാക്കൾക്കും മറ്റ് തൊഴിലാളികൾക്കും ഇടയിൽ ധാരാളം അസ്വാരസ്യം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പ്രധാനമായും റെസിഡ്വൽ തുക (residual payment – തങ്ങളുടെ ജോലിയുടെ ഫലമായുണ്ടാകുന്ന ഉല്പന്നം – അത് സിനിമയോ വെബ് സീരീസോ അതുപോലുള്ള എന്തുമാവട്ടെ - വീണ്ടും വീണ്ടും സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിലും മറ്റും ഉപയോഗിക്കുമ്പോൾ എഴുത്തുകാർക്കും അഭിനേതാക്കൾക്കും നൽകേണ്ടിവരുന്ന റോയൽറ്റിക്ക് സമാനമായ തുകയാണ് residual payment) വർദ്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം ദീർഘകാലമായി നിലനിൽക്കുന്ന ഒന്നാണ്.

ടെലിവിഷൻ സീരീസുകളേക്കാൾ താരതമ്യേന ദൈർഘ്യം കുറഞ്ഞ സ്ട്രീമിങ് സീരീസുകൾ ഹിറ്റാകുന്ന പക്ഷം കുറേക്കാലത്തേക്ക് അത് ആ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമിൽ തുടരുകയും ലോകമെമ്പാടും വൻതോതിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. ആ രീതിയിൽ വിറ്റഴിക്കപ്പടുമ്പോൾ ലഭിക്കുന്ന ലാഭം മുഴുവനായും സ്ട്രീമിങ് കമ്പനി തന്നെ വസൂലാക്കുകയാണ് നിലവിൽ ചെയ്തുവരുന്നത്. എഴുത്തുകാരുടെയും അഭിനേതാക്കളുടെയും വലിയ അധ്വാനമാണ് ഈ വൻലാഭത്തിന്റെ യഥാർത്ഥത്തിലുള്ള പ്രധാന സ്രോതസ്സ്. എന്നിട്ടും ലാഭവിഹിതത്തിൽ നിന്ന് റസിഡ്വൽ തുക എഴുത്തുകാർക്കോ അഭിനേതാക്കൾക്കോ നൽകാൻ സ്ട്രീമിങ് കമ്പനികൾ തയ്യാറാവുന്നില്ല. അതുതന്നെയാണ് സമരക്കാർ ഉയർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന്.

നെറ്റ്ഫ്ലിക്സും ആമസോണും ഉൾപ്പെടെയുള്ള സ്ട്രീമിങ് കമ്പനികൾ അവരുടെ പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യപ്പെടുന്ന പരിപാടികളെ സംബന്ധിച്ച ഡാറ്റ അതീവ രഹസ്യമായാണ് സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. അതുകൊണ്ടുതന്നെ എത്രപേർ ഏതൊക്കെ രാജ്യങ്ങളിൽ നിന്ന് ഈ പരിപാടി കാണുന്നു എന്നത് സംബന്ധിച്ച കൃത്യമായ ഒരു കണക്കും ഒരു കാലത്തും പുറംലോകം അറിയാൻ പോകുന്നില്ല. അതേകാരണം കൊണ്ടുതന്നെ അവർക്ക് ലഭിക്കുന്ന ലാഭത്തെ സംബന്ധിച്ചും കൃത്യമായ കണക്ക്​ ലഭ്യമാക്കുവാൻ സാധിക്കുകയില്ല.

ലാഭവിഹിതത്തിൽ നിന്ന് റസിഡ്വൽ തുക എഴുത്തുകാർക്കോ അഭിനേതാക്കൾക്കോ നൽകുവാൻ സ്ട്രീമിങ് കമ്പനികൾ തയ്യാറാവുന്നില്ല എന്നതാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നം / Photo:trustedreviews

റെസിഡ്വൽ വിഷയത്തിൽ 2007-08 വർഷത്തിൽ ഒരു നീണ്ട സമരം എഴുത്തുകാരുടെ കൂട്ടായ്മ നടത്തിയിട്ടുണ്ട്​. എന്നാൽ ഇന്നും റസിഡ്വൽ തുക സംബന്ധിച്ച് കൃത്യമായ തീരുമാനമെടുക്കുവാനോ എഴുത്തുകാർക്ക് അനുകൂലമായ നിലപാടെടുക്കുവാനോ നിർമാതാക്കളുടെ സംഘമായ AMPTP-ക്കോ അതിലെ പ്രധാന അംഗങ്ങളായ സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകൾക്കോ കഴിഞ്ഞിട്ടില്ല. നിർമാണക്കമ്പനികൾ തങ്ങളുടെ സി.ഇ.ഒ.മാർക്ക് ദശലക്ഷക്കണക്കിന് ഡോളർ ശമ്പളയിനത്തിൽ ചെലവഴിക്കുമ്പോൾ തോന്നുകയേ ചെയ്യാത്ത സാമ്പത്തികബുദ്ധിമുട്ടുകളുടെ കണക്ക് പറഞ്ഞുകൊണ്ടാണ് തൊഴിലാളികളുടെ ന്യായമായ ആവശ്യത്തിനോട് പുറംതിരിഞ്ഞു നിൽക്കുന്നത്.

സമരത്തിൽ ഉയരുന്ന മറ്റൊരു പ്രധാന ആവശ്യം നിർമിത ബുദ്ധി (Artificial Intelligence-AI) സംബന്ധിച്ചുള്ളതാണ്. പൊതുവിൽ വ്യക്തികളുടെ ക്രിയാത്മകവും സർഗശേഷിപരവുമായ സാധ്യതകളെ ഉപയുക്തമാക്കുന്ന എഴുത്ത് പോലെയുള്ള ജോലികൾ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് സാധ്യമാക്കാം എന്ന നിലപാട് നിർമാതാക്കൾക്കിടയിൽ പൊതുവിൽ ഉണ്ടായിവരുന്നുണ്ട്. ഇത് എഴുത്തുകാർക്കിടയിലുണ്ടാക്കുന്ന ആശങ്കകൾ ചെറുതല്ല.

എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കാവുന്ന തങ്ങളുടെ ശരിപ്പകർപ്പുകളെ വിന്യസിച്ച് അഭിനയത്തിന്റെ മേഖലയിൽ നിന്ന് സർഗശേഷിയുള്ള പ്രതിഭകൾ ഒഴിവാക്കപ്പെടുന്നതിനെ അഭിനേതാക്കളും ഏറെ ആശങ്കകളോടെയും ഭയപ്പാടോടെയുമാണ് നോക്കിക്കാണുന്നത്. ഇത്തരത്തിൽ ശരിപ്പകർപ്പുകൾ ഉപയോഗിക്കുമ്പോൾ അഭിനേതാക്കളുടെ സമ്മതം വാങ്ങിക്കാതെയോ അവർക്ക് കൂലി നൽകാതെയോ അത് ചെയ്യാനാണ് നിർമാതാക്കളുടെ സംഘടന ആലോചിക്കുന്നത്.

എ.ഐ. ഉപയോഗിച്ച് നിർമിക്കാവുന്ന തങ്ങളുടെ ശരിപ്പകർപ്പുകളെ വിന്യസിച്ച് അഭിനയത്തിന്റെ മേഖലയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനെ അഭിനേതാക്കളും ഏറെ ആശങ്കകളോടെയാണ് നോക്കിക്കാണുന്നത്. / Graphics: jyo_john_mulloor

ഹോളിവുഡിലെ നിർമാണപ്രക്രിയ ഒന്നടങ്കം സ്തംഭിക്കുന്ന സാഹചര്യത്തിലേക്കാണ് ഈ സമരം നീങ്ങുന്നതെങ്കിലും നിർമാതാക്കളുടെ സംഘടന ഇതുവരെ സമരം ചെയ്യുന്നവരുമായി ഗൗരവമുള്ള ചർച്ചകൾക്കൊന്നും തയ്യാറായിട്ടില്ല.

ക്രിസ്റ്റഫർ നോളന്റെ വിഖ്യാതചിത്രമായ ഓപ്പൺ ഹീമറിന്റെ പ്രിവ്യു പ്രദർശനം ലണ്ടനിൽ നടക്കുന്നതിനിടയിലാണ് അഭിനേതാക്കളുടെ സംഘടന കൂടി സമരത്തിൽ പങ്കുചേരുന്ന വാർത്ത പുറത്തുവന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിലെ താരങ്ങളായ മാറ്റ് ഡാമൻ, എമിലി ബ്ലന്റ്, സിലിയൻ മർഫി തുടങ്ങിയവർ ചടങ്ങിൽ നിന്ന് മടങ്ങിപ്പോയി. ചിത്രത്തിന്റെ ന്യൂ യോർക്ക് പ്രീമിയർ മാറ്റിവെക്കുകയും ചെയ്തു. ജൂലൈ 21ന് നടക്കാനിരിക്കുന്ന ഇതിന്റെ വേൾഡ് വൈഡ് റിലീസിനെയും സമരം ബാധിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

ഓപ്പൻഹീമറില്‍ സിലിയന്‍ മര്‍ഫി

എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സംയുക്ത സമരമായതുകൊണ്ടുതന്നെ റീലിസ് ചെയ്യാനിരിക്കുന്നതും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാനിരിക്കുന്നതുമായ എല്ലാ ചിത്രങ്ങളെയും ടി വി ഷോകളെയും സീരീസുകളെയും ലേറ്റ് നൈറ്റ് ഷോകളെയും ഷൂട്ടിങുകളെയും പ്രൊമോഷൻ പരിപാടികളെയും എല്ലാം ഈ സമരം സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമേയില്ല. SAG-AFTRA- യിൽ ഏതാണ്ട് 1,60,000 അംഗങ്ങളുണ്ട്. അഭിനേതാക്കൾക്ക് പുറമേ ബ്രോഡ്കാസ്റ്റ് പത്രപ്രവർത്തകരും, അനൌൺസർമാരും, വിവിധ പരിപാടികളുടെ ഹോസ്റ്റുകളും, സ്റ്റണ്ട് പെർഫോമർമാരും എല്ലാം ഉൾപ്പെടുന്ന വിപുലമായ സംഘടനയാണിത്.

യൂനിയൻ ചട്ടങ്ങൾ അനുശാസിക്കുന്ന പ്രകാരമാണെങ്കിൽ, സമരം നടക്കുന്നതിനിടയിൽ സമരത്തിൽ പങ്കെടുക്കുന്നവർക്ക് എന്തെങ്കിലും ഇന്റർവ്യൂകളോ പ്രൊമോഷൻ പരിപാടികളോ ചെയ്യാനാവില്ല. ഇത് ഹോളിവുഡിനെ സംബന്ധിച്ച് വലിയൊരു പ്രശ്നമാണ്. വരാനിരിക്കുന്ന എമ്മി അവാർഡ് പരിപാടി പോലും അതിന്റെ പൊലിമയോടെ നടക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ രീതിയിൽ ദൂരവ്യാപകവും വൻ നഷ്ടങ്ങളും ഉണ്ടാക്കിയേക്കാവുന്ന ഒന്നാണ് ഈ സമരം.

ഹോളിവുഡിന് തന്നെ നമ്മോട് പറയാനുള്ളത് വലിയൊരു കലാപത്തിന്റെയും സമരത്തിന്റെയും ചരിത്രമാണ്. സിനിമാനിർമാണത്തിന്റെ വിവിധ മേഖലകളിൽ പലതരത്തിലുമുള്ള പേറ്റന്റുകൾ സ്വന്തമാക്കിയിരുന്ന വ്യക്തിയായിരുന്നു കണ്ടുപിടിത്തങ്ങളുടെ ചക്രവർത്തിയായി അറിയപ്പെടുന്ന തോമസ് ആൽവാ എഡിസൺ. സിനിമയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റും ഉണ്ടായിരുന്നത് എഡിസണ് ആയിരുന്നു. അതുകൊണ്ടുതന്നെ അക്കാലത്ത് ന്യൂയോർക്കിലോ പരിസരപ്രദേശങ്ങളിലോ സിനിമ നിർമിക്കുവാനാഗ്രഹിക്കുന്ന കലാകാർക്ക് വൻതുക പേറ്റന്റിനത്തിൽ ഫീസായി എഡിസണ് നൽകേണ്ടിവന്നു. ഈ ഒരു പേറ്റന്റ് സമ്പ്രദായത്തിനും കലാമേഖലയിലെ കുത്തകവൽകരണത്തിനും എതിരായി നടന്ന നിശബ്ദമായ ഒരു വലിയ സമരമുണ്ട്. അതാണ് അമേരിക്കൻ സിനിമയെ ഹോളിവുഡ് എന്ന പുതിയ മേച്ചിൽപ്പുറത്തേക്ക് എത്തിച്ചത്. ഇവിടെ എഡിസണിന്റെ പേറ്റന്റ് വ്യവസ്ഥകൾ ബാധകമായിരുന്നില്ല. അത്തരത്തിൽ ഒരു സമരചരിത്രമുള്ള ഇടം എന്ന നിലയിൽക്കൂടി പ്രാധാന്യമുള്ള ഹോളിവുഡിലാണ് കുത്തകവൽക്കരണത്തിനെതിരെയുള്ള പുതിയകാലത്തെ ഈ പുതിയ സമരവും നടക്കുന്നത്. 1960ൽ റൊണാൾഡ് റീഗൻ ആക്റ്റേഴ്സ് ഗിൽഡിന്റെ പ്രസിഡണ്ടായിരുന്ന കാലത്തായിരുന്നു എഴുത്തുകാരും അഭിനേതാക്കളും സംയുക്തമായി നടത്തിയ ഇതിന് മുന്നത്തെ സമരം നടന്നിരുന്നത്.

തോമസ് ആല്‍വാ എഡിസണ്‍

SAG-ASTRA- യുടെ നിലവിലെ പ്രസിഡണ്ടും പ്രമുഖ അഭിനേത്രിയുമായ ഫ്രാൻ ഡ്രെഷർ സമരത്തിലേക്ക് അഭിനേതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പത്രസമ്മേളനത്തിൽ ഇങ്ങനെ പറയുന്നു: “ഇപ്പോൾ നമുക്ക് നിവർന്ന് നിൽക്കാൻ സാധിച്ചില്ലെങ്കിൽ, നാമെല്ലാവരും വലിയ കുഴപ്പത്തിലായിപ്പോകും. നമ്മുടെ സ്ഥാനത്ത്, നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ എന്നതിലുപരി വാൾ സ്ട്രീറ്റിനെ പരിചരിക്കുന്ന യന്ത്രങ്ങളും വൻകിടബിസിനസുകളും നമുക്ക് പകരമായി വരാവുന്ന വിപത്ഘട്ടത്തിലേക്കാണ് നാമെല്ലാം നീങ്ങുന്നത്. അടിയന്തരഘട്ടങ്ങളിൽ 500 ഡോളറിലധികം എടുക്കാനില്ലാത്തവരാണ് ഭൂരിഭാഗം അമേരിക്കക്കാരും. നമ്മളെ സാരമായി ബാധിക്കുന്ന ഒരു വൻകിട ഇടപാടാണിത്. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ നിങ്ങൾ നിർബന്ധമായും ചോദിക്കേണ്ട ചില കാര്യങ്ങളുണ്ട്, “ഇല്ല, ഇനിയും ഞങ്ങൾക്കിത് താങ്ങാനാവില്ല. നിങ്ങൾക്കെല്ലാം വട്ടാണ്. എന്താണ് നിങ്ങളീ ചെയ്യുന്നത്? എന്തിനാണ് നിങ്ങളിത് ചെയ്യുന്നത്?”
അടിസ്ഥാന സൌകര്യങ്ങളും ഇൻഷുറൻസ് പരിരക്ഷയുമെല്ലാം നിഷേധിക്കുന്ന പുതിയ നയങ്ങൾക്കെതിരെ ഈ രീതിയിൽ പ്രതികരിച്ചുകൊണ്ടാണ് SAG-AFTRA സമരപ്രഖ്യാപനം ഫ്രാൻ ഡ്രെഷർ നടത്തിയത്.

ഫ്രാൻ ഡ്രെഷർ

പൊതുവിൽ അങ്ങേയറ്റം സാങ്കേതികവിദ്യാ ജടിലമായ കലയാണ് സിനിമ. അതിന് മുകളിലേക്ക് എ.ഐ. എന്ന സാങ്കേതികവിദ്യ കൂടി വരികയാണ്. ഫിലിമിൽ നിന്ന്​ ഡിജിറ്റലിലേക്ക് മാറിയതിനൊക്കെ വളരെ അപ്പുറത്തേക്കുള്ള ഒരു ക്വാണ്ടം ലീപാണ് എ.ഐ. സാങ്കേതികവിദ്യയിലേക്കുള്ള ഈ മാറ്റം.

മനുഷ്യവിഭവശേഷിയുടെ വിനിയോഗം നാമമാത്രമായി കുറയ്ക്കാൻ സാധിക്കുന്നു എന്നതുകൊണ്ടു തന്നെ ഈയൊരു മാറ്റം കൂലി, ശമ്പളം തുടങ്ങിയ ‘വൻകിട ചെലവുകൾ’ ഇല്ലതാക്കുവാൻ നിർമാണക്കമ്പനികളെ സഹായിക്കും. പ്രത്യേകിച്ച് ഇന്നത്തെ സ്ട്രീമിങ് സാഹചര്യത്തിൽ നിർമാണക്കമ്പനികൾ ചെലവ് ചുരുക്കലിൽ പ്രധാനശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ച് എ.ഐ. പുതിയൊരു സാധ്യതയാണ് തുറന്നുനൽകിയിരിക്കുന്നത്.

എന്നാൽ മനുഷ്യർ എന്ന നിലയിൽ ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യവുമാണ്. മനുഷ്യന്റെ കഴിവുകളും സർഗപരമായ ഔന്നത്യവും കവച്ചുവെച്ചുകൊണ്ടുള്ള എ.ഐ. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തെ ടെക്നോ ഫാഷിസത്തിന്റെ പുതിയ രീതിയിലുള്ള പ്രയോഗമായിക്കൂടി വേണം മനസ്സിലാക്കുവാൻ. അതുകൊണ്ടുതന്നെ ഹോളിവുഡിൽ നടക്കുന്ന ഈ സമരം, മനുഷ്യന്റെ മനുഷ്യൻ എന്ന രീതിയിലുള്ള നിലനില്പിന് വേണ്ടിക്കൂടിയുള്ള ഒന്നാണ്. അതിനെ നാം പിന്തുണച്ചേ മതിയാകൂ.

ഈ സമരത്തിൽ നിന്ന് കേരളത്തിനും ചില പാഠങ്ങൾ പഠിക്കുവാനുണ്ട്. ഹോളിവുഡിലെ വൻകിട സിനിമകളുടെ റിലീസിനെ പോലും സാരമായി ബാധിക്കുന്ന തരത്തിലാണ് അവിടെ നടക്കുന്ന സമരത്തിന്റെ ഫലം അവിടെ പ്രതിഫലിക്കുന്നത്. എഴുത്തുകാരുടെയും അഭിനേതാക്കളുടെയും യൂനിയൻ ഒറ്റക്കെട്ടായി നടത്തുന്ന സമരം, എത്ര അവഗണിക്കാൻ ശ്രമിച്ചാലും നിർമാണക്കമ്പനികൾക്ക് അത്ര ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. സ്വന്തം രാജ്യത്തെ സിനിമകളിൽ ഹോളിവുഡിന്റെ സിനിമാനിർമാണരീതികളെ അനുകരിക്കാൻ ശ്രമിക്കുക എന്നത് ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളുടെയും ശൈലിതന്നെയാണ്. കേരളത്തിലെ സിനിമയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഇവിടെ നമ്മുടെ മിക്ക മുഖ്യാധാരാസിനിമാപ്രവർത്തകർക്കും നിരന്തരപ്രചോദനമാവുന്നത് ഹോളിവുഡ് തന്നെയാണ്. എന്നാൽ ഇന്ന് ഹോളിവുഡിൽ നടന്നുകൊണ്ടിരിക്കുന്ന സമരം പുതിയൊരുതരം അനുകരണത്തിനുള്ള സാധ്യത കൂടി മലയാള സിനിമാ ലോകത്തിന് നൽകുന്നുണ്ട്; ഈ സമരം ഇവിടെ അനുകരിക്കാവുന്ന, ഒരുപക്ഷെ നിർബന്ധമായും അനുകരിക്കേണ്ടുന്ന ഒന്നാണ്. മലയാളസിനിമയിൽ ഈ രീതിയിൽ യൂനിയനുകളോ തൊഴിൽപരമായ ഐക്യമോ ഉള്ളതായി പലപ്പോഴും തോന്നാറില്ല. ജോലി ചെയ്യുന്നതിന് കൃത്യമായ സമയക്രമം പോലും ഇല്ല. ദിവസവും ആറ് മണിക്കൂർ തികച്ച് ഉറങ്ങാൻ പോലും സാധിക്കാത്ത ഒട്ടേറെ കലാകാരർ ഓരോ സിനിമകളുടെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിക്കുന്നുണ്ട്. ജൂനിയർ ആർടിസ്റ്റുകൾക്ക് മര്യാദയ്ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യം പോലും ലഭിക്കാത്ത ഷൂട്ടിങ് ലൊക്കേഷനുകളും ഇവിടെ വിരളമല്ല. അത്തരത്തിൽ മനുഷ്യാവകാശലംഘനം നടക്കുന്ന ഒരു നിർമാണമേഖല നിലനിൽക്കുന്ന കേരളത്തിന് ഹോളിവുഡിന്റെ യൂനിയനും അവർ നടത്തുന്ന സമരവും നൽകുന്ന പാഠം വളരെ വലുതാണ്. അതും നമുക്ക് അനുകരിക്കാവുന്നതാണ്.

Comments