സദാചാരക്കുരുക്കൾ പൊട്ടിക്കുന്ന സ്‌നേഹത്തിന്റെ വിശുദ്ധമുറിവുകൾ

നാം ജീവിക്കുന്ന സമൂഹത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ സൂക്ഷ്മമായി ആവിഷ്‌കരിക്കാൻ ന്യൂജെൻ സിനിമപ്രവർത്തകർ പല രീതിയിൽ തയ്യാറായിക്കൊണ്ടിരിക്കുന്ന കാലമാണ് ഇത്. ഒ ടി ടി പ്ലാറ്റുഫോമുകളുടെ വരവ് അത്തരം ശ്രമങ്ങളേയും പരീക്ഷണങ്ങളേയും നന്നായി സഹായിക്കുന്നുണ്ട്. പുതുസംവിധായകർ തങ്ങളുടേതായ സൃഷ്ടികളുമായി വരുന്നു. അധികം അറിയപ്പെടാത്ത സിനിമപ്രവർത്തകർ അവർക്ക് പിന്തുണയേകുന്നു. അവർക്ക് പറയാൻ പുതുപ്രമേയങ്ങൾ ഏറെയുണ്ട്. വ്യത്യസ്തമായി പറയാനാണ് അവർ ആഗ്രഹിക്കുന്നത്. അശോക് ആർ നാഥ് സംവിധാനം ചെയ്ത Holy Woundഅത്തരമൊരു പുതുആവിഷ്‌കാരമാണ്.

സ്വാഭാവികമായി കൂട്ടുകൂടിയ രണ്ട് യുവതികളുടെ ജീവിതകഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. സംഭാഷണങ്ങളില്ലാതെയാണ് ഈ ചിത്രം കഥ പറയുന്നത്. യാഥാസ്ഥിതിക സമൂഹത്തിന്റെ പൊതുബോധങ്ങൾക്ക് എതിരായിക്കൊണ്ടുതന്നെയാണ് വ്യത്യസ്ത സാമൂഹ്യചുറ്റുപാടുകളിൽനിന്നു വരുന്ന അവരുടെ ബന്ധം വളരുന്നതും പൂക്കുന്നതും. വിശുദ്ധമായ മുറിവുകൾ ഏറ്റ രണ്ടുപേർ. മുതിർന്നപ്പോൾ വ്യത്യസ്തമായ ജീവിതവഴികളിലേയ്ക്ക് തിരിയാൻ വിധിക്കപ്പെട്ട രണ്ടു മനുഷ്യർ. ജീവിതകാമനകളുടെ ധീരമായ നേർചിത്രീകരണത്തിൽ വിവാഹവും മതവും സമുദായവുമെല്ലാം സ്വാഭാവികമായും വിമർശനത്തിന് വിധേയമാവുന്നു. വിവാഹിതയാവാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീ അനുഭവിക്കുന്ന അടിമത്തത്തിന്റേയും സ്വത്വനിരാസത്തിന്റേയും വാസ്തവം ഇതിൽ കാണാം. കർത്താവിന്റെ മണവാട്ടിയാവാൻ വിധിക്കപ്പെട്ട സ്ത്രീ അനുഭവിക്കുന്ന സംഘർഷങ്ങളുടേയും വിമോചനതൃഷ്ണകളുടേയും യാഥാർത്ഥ്യവും പൂരകമായി ഇതിലുണ്ട്. പരസ്പരം സംഭാഷണങ്ങളില്ലാതെ തന്നെ രണ്ട് സ്ത്രീകളുടെ മനോവ്യാപാരങ്ങളും അവർക്കിടയിലെ തീവ്രമായ സ്‌നേഹബന്ധവും വിനിമയങ്ങളും സൂക്ഷ്മമായി ആവിഷ്‌കരിക്കാൻ സിനിമയുടെ ശിൽപ്പികൾക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വവർഗാനുരാഗികളായ രണ്ടു യുവതികൾ. ഒരാൾ അവളുടെ ആഗ്രഹത്തിനനുസൃതമല്ലാതെ വിവാഹിതയായവൾ. ഭർത്താവിനാൽ ലൈംഗികപീഢനത്തിന് നിശ്ശബ്ദയായി ഇരയാവേണ്ടി വരുന്നവൾ. രണ്ടാമത്തവൾ സന്യാസിനിയാവാൻ നിർബന്ധിതയായവൾ. വിവാഹിതയായവൾ ഭർത്താവിനെ സംബന്ധിച്ചിടത്തോളം തന്റെ കാമപൂർത്തീകരണത്തിനുള്ള ഒരു ഇര മാത്രമാണ്. വീട്ടിൽ അവളുടെ ആഗ്രഹങ്ങൾക്കോ വിചാരങ്ങൾക്കോ ഒരു വിലയും ലഭിക്കുന്നില്ല. ശബ്ദമില്ലാത്തവൾ തന്നെയാണ് എല്ലാ അർത്ഥത്തിലും അവൾ. കിടക്കറയിൽ അവൾക്ക് ഭർത്താവിന്റെ ആഗ്രഹങ്ങൾക്ക് കീഴ്‌പെടുക മാത്രമേ നിർവാഹമുള്ളൂ. അവളുടെ ഇഷ്ടങ്ങൾക്ക് ലൈംഗികബന്ധത്തിൽ ഒരു പങ്കുമില്ല. പൂർണ്ണമായും ഉപകരണമാക്കപ്പെടുന്ന ഒരു പെൺജീവി. ഭർത്താവിന്റെ ഇംഗീതം അറിഞ്ഞ് നിന്നും കിടന്നും ഇരുന്നും കൊടുക്കാൻ നിർബന്ധിക്കപ്പെടുന്ന സ്ത്രീ. കായലിലും കടലിലും തൊഴിലെടുത്ത് ജീവിക്കുന്നവളാണ് അവൾ. ഭർത്താവ് കള്ളുചെത്തുകാരൻ. വിവാഹിതയെന്ന നിലയിൽ തൊഴിലിടത്തും വീട്ടിലും വിശ്രമമില്ലാതെ പൊരുതേണ്ടിവരുന്നവരിൽ ഒരാൾ. മഠത്തിൽ കന്യാസ്ത്രീയായി കഴിയുന്നവളാകട്ടെ അവിടെയുള്ള യാന്ത്രികമായ ജീവിതത്തിൽ മുഴുകിയവൾ. നൈസർഗികമായ മനോവികാരങ്ങൾ കൃത്രിമമായി അടക്കിവച്ച് കർത്താവിന് വേണ്ടി ജീവിക്കുന്ന ഹതഭാഗ്യ. രണ്ടവസ്ഥകളിലും സ്ത്രീ അവളുടെ കാമനകൾ തുറന്നു പ്രകടിപ്പിക്കാനോ ആനന്ദം അനുഭവിക്കാനോ പറ്റുന്ന അവസ്ഥയിൽ അല്ല. അവർക്ക് പേരുകൾ പോലും ഇല്ല. ആവശ്യമില്ല. ആരുമാകാം അവർ. അവരിരുവരം അസന്തുഷ്ടവും അസംതൃപ്തവുമായ ജീവിതം തള്ളിനീക്കുന്നവരാണ്. പുറത്തുപറയാൻ തോന്നുന്നതെല്ലാം അമർത്തിവെയ്ക്കാൻ വിധിക്കപ്പെട്ടവർ. ആത്മാവിന്റെ ആഗ്രഹങ്ങൾക്ക് അവധി കൊടുത്ത് ജീവിക്കേണ്ടിവരുന്ന അനേകം പെണ്ണുങ്ങളിൽപ്പെട്ട രണ്ടു പേർ.

കൂട്ടുകാരിയെ, തന്റെ ബാല്യകാലത്തെ ആനന്ദപ്രദമാക്കിയ പ്രിയപ്പെട്ടവളെ ഈ ദുരിതത്തിനിടയിൽ വിവാഹിത ഓർക്കുന്നു. അവർ തമ്മിലുള്ളത് ആഴമേറിയ സ്‌നേഹമാണ്. അവരുടെ ഓർമകളിലെ കുട്ടിക്കാലം ഏറ്റവും ആസ്വാദ്യമായിരുന്നു ഇരുവർക്കും. അതിൽ സ്വാഭാവികമായി രൂപംകൊള്ളുന്ന സ്‌നേഹം ജ്വലിച്ചുനിന്നിരുന്നു. കൗമാരത്തിൽ മൊട്ടിട്ട സ്‌നേഹബന്ധം. രണ്ടു പെൺകുട്ടികൾ തമ്മിൽ നൈസർഗികമായി പിറവികൊണ്ടത്. രണ്ടു മനുഷ്യജീവികൾക്കിടയിൽ എപ്പോഴും എവിടേയും ഉരുവം കൊള്ളാനിടയുള്ളത്. കായലിൽ തോണി തുഴഞ്ഞ് കക്ക ശേഖരിച്ച് ജീവിക്കുന്ന അവൾക്ക് കിനാവുകൾ കാണാൻ നേരമൊന്നുമില്ല. എന്നാലും ഈ ആത്മബന്ധം പല നേരങ്ങളിലും അവളുടെ മനസ്സിലെത്തും. മനം പിരട്ടുന്ന പുരുഷ പ്രവൃത്തികളാൽ വേദനയും മടുപ്പും വരുന്ന നേരങ്ങളിൽ വിശേഷിച്ചും. തോണിയുടെ തുഴച്ചിൽ ശബ്ദം പലപ്പോഴും അവളുടെ ജീവിതത്തിന്റെ തുഴച്ചിലിനെ സൂചിപ്പിക്കുന്നതുപോലെ തോന്നും. ആദ്യദൃശ്യം മുതൽ അതു കാണിക്കുന്നുണ്ട്. രാത്രിയിൽ മദ്യം കഴിച്ചെത്തുന്ന ഭർത്താവിന് വേഴ്ച മതി. അതു ബലാത്കാരമായി നടത്തിയാൽ മതി. ഒരു നായ ഒരു കഥാപാത്രം കണക്കെ അവർക്കൊപ്പമുണ്ട്. പലപ്പോഴും ആ ജീവിയ്ക്ക് കിട്ടുന്ന പരിഗണന അവൾക്ക് കിട്ടാറില്ല. അപ്പോഴും പ്രിയപ്പെട്ടവളോടൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.

സംവിധായകൻ അശോക് ആർ നാഥ്
സംവിധായകൻ അശോക് ആർ നാഥ്

ആ ഓർമയിലാണവൾ കന്യാസ്ത്രീമഠത്തിലെത്തുന്നത്. സന്യാസത്തിന്റെ തീവ്ര നിഷ്ഠകൾക്കിടയിലും കൂട്ടുകാരിയുടെ വരവും അവളുടെ സാമീപ്യവും കന്യാസ്ത്രീയായ പഴയ കൂട്ടുകാരിയിൽ സംഘർഷങ്ങളും ഇളക്കങ്ങളും ഉണ്ടാക്കുന്നു. ഏറെക്കാലത്തിനു ശേഷം തന്റെ സുഹൃത്തിനെ കണ്ട ആ കന്യാസ്ത്രീ മാനസികമായും ഏറെ പതറുന്നുണ്ട്. തീവ്രമായ ചര്യകൾക്കും പ്രാർഥനകൾക്കും ഇടയിലും കൂട്ടുകാരിയുടെ സ്‌നേഹവും ദൈന്യതയും കലർന്ന മുഖത്തോടെയുള്ള നിൽപ്പ് അവളെ അലിവുള്ളവളാക്കുന്നു.

അവളിൽ കാമനകൾ ഉണരുന്നു. എന്നാൽ നിയന്ത്രണങ്ങൾ അവളെ ഉള്ളിലേയ്ക് തന്നെ വലിക്കുന്നു. നോട്ടങ്ങളും നടപ്പും വരവും ഒന്നിച്ചിരിപ്പും കണ്ടുമുട്ടലുകളും നിശ്ശബ്ദസീനുകളിൽ വാക്കുകൾക്ക് പകരം നിൽക്കുന്നു. സ്‌നേഹമറിയാൻ അതു പറയണമെന്നില്ല, പ്രകടിപ്പിച്ചാൽ മതി. ഉരിയാടലിന്റെ ഭാരമില്ലാതെ തന്നെ സ്‌നേഹവിനിമയങ്ങൾ നടക്കുന്നു. എന്നാൽ മനസ്സിന്റെ വിളികൾക്കുമേൽ സന്യസ്ഥതയുടെ വിലക്കുകൾ തത്കാലത്തേയ്‌ക്കെങ്കിലും ആധിപത്യം ഉറപ്പിക്കുന്നു. ഭാര്യയെ കാണാഞ്ഞുള്ള ദേഷ്യത്തിൽ കഴിഞ്ഞിരുന്ന ഭർത്താവ് തന്റെ ശാരീരികാവശ്യങ്ങൾ തടസ്സപ്പെട്ടതോടെ കന്യാസ്ത്രീ മഠത്തിലെത്തി അവളെ കൂട്ടിക്കൊണ്ടുപോകുന്നു.

എന്നാൽ കന്യാസ്ത്രീയായവളുടെ ഉള്ളം അശാന്തമായി തുടരുക തന്നെ ചെയ്യുന്നു. പ്രാർഥനകൾക്കോ മന്ത്രണങ്ങൾക്കോ തപിക്കുന്ന ആത്മാവിലേക്ക് ശാന്തതയുടെ കുളിരുകൾ കോരിയിടാൻ കഴിയുന്നില്ല. കൂട്ടുകാരിയോടുള്ള പ്രണയത്തിൽ ഉരുകുന്ന മനസ്സുമായവൾ ജീവിതം തള്ളിനീക്കുന്നു. ശരീരവും മനസും കൂട്ടുകാരിയുമായി പങ്കുവെയ്ക്കാൻ കന്യാസ്ത്രീയ്ക്ക് ആശയേറുന്നു. അതുപോലെ കൂട്ടുകാരി ശരീര മാത്രബന്ധത്തിന്റെ തടവറയ്ക്കുള്ളിലും സ്വപ്നങ്ങൾ നെയ്യുന്നു. കായലോരവും കടലോരവും അന്യമാവുന്നതു പോലെ അവൾക്കനുഭവപ്പെടുന്നു. പകൽക്കിനാവുകളിൽ മുഴുകുന്നു. ആഹ്‌ളാദം നൽകുന്ന യഥാർഥ സ്‌നേഹത്തിനുവേണ്ടി ഇരുവരും കൊതിക്കുന്നു. പെണ്ണും പെണ്ണും കൊതിക്കുന്നു. ദൈന്യതകൾക്കും പരിമിതികൾക്കും അകത്തും കൊതിക്കുന്നു.

സ്ത്രീകൾ എങ്ങനെ പെരുമാറണമെന്നും പരസ്പരം ബന്ധങ്ങളിലേർപ്പെടണമെന്നും പാട്രിയാർക്കി തീരുമാനിക്കുന്ന അവസ്ഥക്കെതിരെ ഈ നിശ്ശബ്ദസിനിമ ശബ്ദിക്കുന്നു. പുരുഷലോകം പ്രതീക്ഷിക്കുന്നതുപോലെ സ്ത്രീകൾ ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലെന്ന് ഒരു ഭാഷയിലും സംസാരിക്കാത്ത അഥവാ ആത്മാവിന്റെ ഭാഷയിൽ സംസാരിക്കുന്ന ഇതിലെ രണ്ടു സ്ത്രീകൾ ലോകത്തോട് വിളിച്ചുപറയുന്നു. അവരുടെ ശ്വാസം മുട്ടൽ ഒരോ ഫ്രെയിമിലും പ്രേക്ഷകർ അനുഭവിക്കുന്നുണ്ട്. സ്വവർഗാനുരാഗത്തിന്റെ അഭിലാഷതീവ്രതയും സ്‌നേഹമസൃണതയും ഹൃദയസ്പൃക്കായി ചിത്രീകരിച്ചിരിക്കുന്നു. ജൈവമായ അഭിവാഞ്ഛകളെ ഞെരുക്കുന്ന സ്ഥാപനങ്ങൾക്ക് നിലനിൽപ്പില്ലെന്നും സ്‌നേഹിക്കുന്ന മനുഷ്യർ അത്തരം സ്ഥാപനങ്ങളുടെ കെട്ടുകൾ ഭേദിക്കുമെന്നും സിനിമ പറയുന്നുണ്ട്. സംഭാഷണങ്ങൾ മനുഷ്യരായ കഥാപാത്രങ്ങൾക്കിടയിലില്ലെങ്കിലും വസ്തുക്കൾക്കിടയിലും പ്രകൃതിയിലും ശബ്ദങ്ങൾ ഉണ്ട്. കട്ടിലും വീട്ടുപാത്രങ്ങളും വാതിലുകളും കായലും തോണിയും നടപ്പാതകളും ശബ്ദിക്കുന്നുണ്ട്.

പിന്നെ നിശബ്ദതയുടെ ആഴം അനുഭവപ്പെടുത്തുന്ന നേരങ്ങളിലെ ഉയർന്നുപൊങ്ങാൻ മടിക്കുന്ന ആത്മസ്വരങ്ങളുണ്ട്. നേരിയ ശബ്ദം പോലും അനുഭവപ്പെടുത്തുന്നുണ്ട് പല സീക്വൻസുകളിലും. കുട്ടിക്കാലം മുതൽ ഒന്നിച്ചു വളർന്ന രണ്ട് യുവതികൾക്കിടയിലെ ചങ്ങാത്തം, പ്രണയം, ലൈംഗികത എന്നിവയെ കുറിച്ചെല്ലാം വളരെ ശക്തമായാണ് Holy Wound സംസാരിക്കുന്നത്. ധീരമായും തുറന്ന രീതിയിലുമാണ് അവയുടെ വ്യത്യസ്തമാനങ്ങൾ ആവിഷ്‌കരിക്കുന്നത്. സിനിമ അവരുടെ ഊഷ്മളബന്ധത്തെ മനോഹരമായി പറയുന്നുണ്ട്. ഇരുവരും മാനസികവും ശാരീരികവുമായി വളരെ അടുപ്പത്തിലായിരുന്നു. കൗമാരത്തിൽ എപ്പോഴോ ഇരുവരും പിരിയുന്നു. ഒടുിൽ എല്ലാം മറന്ന് അവർക്ക് സംഗമിക്കാൻ കഴിയുന്നു.

ലെസ്ബിയൻ പ്രണയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സിനിമ വലിയ തോതിൽ വിജയിച്ചിട്ടുണ്ട്. മലയാളത്തിൽ ഇത്തരം പരിശ്രമങ്ങൾ ഏറെയില്ല. ധീരമാണ് ഈ പരിശ്രമം. ക്ലൈമാക്സിൽ ഉൾപ്പെടെ കാണിക്കുന്ന രംഗങ്ങൾ വളരെ ബോൾഡ് ആണ്. സദാചാരപ്രിയരായ സമുദായമനുഷ്യരുടെ കാഴ്ചാബോധങ്ങളെ അതു ഉലച്ചേയ്ക്കാം. അതു ആവശ്യമാണ് എന്നതാണ് ഈ രംഗങ്ങളുടെ സാംഗത്യവും. ചർച്ചകൾക്കും സംവാദത്തിനും അതു കാരണമാകുന്നെങ്കിൽ നല്ലതാണ്. ഒരു കന്യാസ്ത്രീയെ സ്വവർഗപ്രണയം പ്രമേയമാക്കിയ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളിൽ ഒന്നായി അവതരിപ്പിച്ചത് പലരുടേയും നെറ്റി ചുളിപ്പിച്ചേയ്ക്കാം.

ഡയലോഗുകളില്ലാതെ തന്നെ പ്രേക്ഷകരുമായി ചിത്രം സംവദിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇതിൽ വിവാഹിതയെ അവതരിപ്പിച്ചിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ജാനകി സുധീർ ആണ്. ഒരു യമണ്ടൻ പ്രേമകഥ, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ജാനകി സുധീർ. സ്വവർഗാനുരാഗിയാണെങ്കിലും ഒരു പുരുഷനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ജാനകിയുടെ കഥാപാത്രം. തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികബന്ധത്തിന് ഈ കഥാപാത്രത്തിനു താൽപര്യമില്ല. എന്നാൽ പല രാത്രികളിലും ക്രൂരമായി ലൈംഗിക വേഴ്ചക്ക് ഇരയാക്കപ്പെടുകയാണ് അവൾ. കിടപ്പറയിൽ പുരുഷന്റെ കരുത്തിനു മുന്നിൽ വഴങ്ങി കൊടുക്കേണ്ടി വരുന്ന അവസ്ഥ. ജാനകിയുടെ സുഹൃത്തായ പെൺകുട്ടി കന്യാസ്ത്രീ മഠത്തിൽ ചേർന്ന് കർത്താവിന്റെ മണവാട്ടിയായവളാണ്. അമൃത വിനേദ് ആണ് കന്യാസ്ത്രീയെ അവതരിപ്പിച്ചിരിക്കുന്നത്. സാബു പ്രൗദീൻ ഭർത്താവായ ചെത്തുകാരനെ അവതരിപ്പിച്ചിരിക്കുന്നു.

സഹസ്രര ഫിലിംസിന്റെ ബാനറിൽ സന്ദീപ് ആർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. പോൾ വിക്ലിഫ് (Paul Wiclif) ന്റേതാണ് സിനിമയുടെ കഥ. വിപിൻ മണ്ണൂർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റോണി റാഫേൽ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സംഭാഷണങ്ങളില്ലാത്ത സിനിമയിൽ പശ്ചാത്തലസംഗീതം കൂടുതൽ വിനിമയക്ഷമത കൈവരിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിലുള്ള വിവിധ ക്വീർ, എൽ ജി ബി ടി ക്യു ഫിലിം ഫെസ്റ്റിവലുകളിൽ സ്‌ക്രീൻ ചെയ്യപ്പെട്ടിട്ടുണ്ട് Holy Wound. Frameline San Francisco International LGBTQ Film Festival, KASHISH Mumbai International Queer Film Festival എന്നിവ അവയിൽ ചിലതാണ്.

മതപരമായ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു എന്ന പേരിലുള്ള ആരോപണങ്ങളുയർന്നിരുന്നു ഈ സിനിമക്കെതിരെ. ഝാർഖണ്ഡിൽ നിന്നും ക്രിസ്ത്യൻ സന്യാസിനികൾ ഈ പേരു പറഞ്ഞ് സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി. അതിനൊന്നിനും പക്ഷേ സിനിമയുടെ റിലീസിംഗ് തടയാനായിട്ടില്ല. എസ് എസ് ഫ്രെയിംസ് ഒ ടി ടി യിൽ ആഗസ്ത് 12 മുതൽ സിനിമ ലഭ്യമാണ്. ഒന്നര മണിക്കൂറാണ് എ സർട്ടിഫിക്കറ്റ് നൽകപ്പെട്ട ഈ സിനിമയുടെ ദൈർഘ്യം.

Comments