ഒരു പുസ്തകം വായിക്കുന്നതിനേക്കാൾ വലിയ സ്വാധീനമാണ് ഒരു സിനിമ ഉണ്ടാക്കുന്നതെന്ന് നാസി സൈദ്ധാന്തികനും നേതാവുമായ ഗീബൽസ് പറഞ്ഞിട്ടുണ്ട്. നാസികൾക്കും ഫാഷിസ്റ്റുകൾക്കും ഒരു സിനിമാ മന്ത്രാലയവും, വ്യവസായവുമുണ്ടായിരുന്നു. ‘ട്രയംഫ് ഓഫ് ദി വിൽ’ പോലെ ഹിറ്റ്ലറുടെ ശൂരത്വം കാണിക്കുന്ന സിനിമകളുണ്ടായി. ലെനി റീഫൻസ്റ്റാൾ പോലുള്ള സംവിധായകരുണ്ടായി. സിനിമയിലൂടെ അണികളെ പ്രചോദിപ്പിക്കാമെന്നും ജനങ്ങളെ ആകർഷിക്കാമെന്നും തെളിയിക്കപ്പെട്ടു. സോഫ്റ്റ് പവർ ആയും സിനിമ വർത്തിച്ചു. അങ്ങനെ സ്റ്റാലിനും മുസ്സോളിനിയും ഹിറ്റ്ലറും ഒക്കെ സിനിമ എന്ന ഉപാധിയെ ഉപയോഗിച്ചു.
ഇന്ത്യയിലാകട്ടെ വളർന്നുകൊണ്ടിരുന്ന ഹിന്ദുത്വ ശക്തികൾക്ക് ഊർജം പകർന്നുകൊടുത്തതാണ് ‘രാമായണം’ പരമ്പരയുടെ ടെലിവിഷൻ പ്രക്ഷേപണം. വൈവിധ്യം നിറഞ്ഞ ഹിന്ദു മതത്തിൽ രാമനെ രാജ്യത്തുടനീളം അംഗീകരിക്കുന്ന ഒരു ദൈവമായി പ്രതിഷ്ഠിക്കാനും അയോധ്യയെ സർവ്വസമ്മതമായ പുണ്യഭൂമിയായി മാറ്റാനും ഈ പദ്ധതികളിലൂടെ കഴിഞ്ഞു. ഒരു പബ്ലിക് ഡിസ്കോഴ്സ് (പൊതുജനാഭിപ്രായം) ഉണ്ടാക്കാൻ, അതിനൊത്ത നയങ്ങൾ രൂപീകരിക്കാൻ ഈ രീതിയിലൂടെ സാധിക്കുന്നു.
മുസോളിനിയുടെ തന്നെ പാരാമിലിറ്ററി ഗ്രൂപ്പായ ‘ബ്ലാക്ക് ഷർട്സി’നെ മാതൃകയാക്കി രൂപം കൊണ്ട RSS – രാഷ്ട്രീയ സ്വയംസേവക് സംഘവും സംഘ്പരിവാറും പക്ഷേ ഇന്ത്യയിൽ സിനിമകൾക്കും സിനിമാ പ്രദർശനത്തിനുമെതിരെ നിലകൊണ്ട നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ദൃശ്യമാധ്യമത്തിന്റെ ശക്തി രുചിച്ചവർ തന്നെ അതിന്റെ ഉപയോഗത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമെതിരെ നിന്നു.
മീനാക്സി: എ ടെയ്ൽ ഓഫ് ത്രീ സിറ്റീസ് (2004), വാട്ടർ (2005), ഫൈനൽ സൊല്യൂഷൻ (2004), പാർസനിയ (2005), ദി ഗോധ്ര ട്രൂത് – ദി റിയാലിറ്റി (2004), ബ്ലാക്ക് ഫ്രൈഡേ (2004), ഡാവിഞ്ചി കോഡ് (2006), തമസ് (ടി. വി സീരീസ്, 1987) തുടങ്ങിയ സൃഷ്ടികൾ സംഘപരിവാറിന്റെ അമർഷത്തിന്റെ കയ്പ്പറിഞ്ഞു.

ആദിപുരുഷ്,
പത്മാവത്
'ആധുനികവത്ക്കരണത്തിന്റെയോ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയോ പേരിൽ മാറ്റം വരുത്താൻ രാമായണം ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ അല്ല’ - ഇങ്ങനെയാണ് 2023-ൽ പുറത്തിറങ്ങിയ 'ആദിപുരുഷ്' എന്ന ഹിന്ദി സിനിമയെക്കുറിച്ച് RSS വാരികയായ 'ഓർഗനൈസർ' എഴുതിയത്. സംഘപരിവാരത്തിന്റെ പ്രീതി പിടിച്ചുപറ്റൽ എന്ന രീതിയിലായിരുന്നു രാമായണത്തിന്റെ പുനരാവിഷ്കാരമായി ആദിപുരുഷ് പുറത്തിറങ്ങിയത്. ‘താൻഹാജി: ദി അൺസങ് വാരിയർ’ പോലെ മുസ്ലിമിനെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒരു ചിത്രമെടുത്ത ഓം റൗത് ആയിരുന്നു സംവിധായകൻ. ടീസർ ലോഞ്ച് നടന്നത് അയോധ്യയിൽ സരയു നദിക്കരയിൽ. പ്രദർശന സമയത്ത് ഹനുമാന് ഇരിക്കാൻ ഒരു ഇരിപ്പിടവും പ്രദർശനശാലകളിൽ കാലിയിട്ടിരുന്നു. എല്ലാം കൊണ്ടും ഹിന്ദുത്വക്കു പറ്റിയ ചേരുവകൾ!
എന്നാൽ സിനിമ ഇറങ്ങിയപ്പോൾ അതിനെ അപ്പാടെ തള്ളിക്കളയുന്ന നിലപാടാണ് ആർ. എസ്. എസ് എടുത്തത്. സിനിമ ദൈവതുല്യരെ വക്രീകരിച്ചുവെന്നും അപമാനിക്കാനുള്ള ശ്രമമാണെന്നും ഭാഷയും പ്രയോഗങ്ങളും മൂന്നാം കിടയാണെന്നും അവർ അഭിപ്രായപ്പെട്ടു. രാവണനും ഹനുമാനും പശ്ചിമേഷ്യൻ പ്രകൃതമാണെന്നും, ഹനുമാൻ സംസാരിക്കുന്നത് ‘ചന്ത ഭാഷ’ യാണെന്നും, ‘യാഥാർഥ്യവുമായി’ ഒരുവിധ ചേർച്ചയുമില്ലെന്നും മുറവിളിയുണ്ടായി.

2018 ലാണ് ‘പത്മാവത്’ എന്ന ഹിന്ദി സിനിമ പുറത്തിറങ്ങുന്നത്. രജപുത്രമാരുടെ വീരകഥയാണ് പറയാൻ ശ്രമിച്ചതെങ്കിലും സംഘപരിവാർ (കർണ്ണി സേന*) ഈ സിനിമക്കെതിരെ രംഗത്തുവന്നു. സിനിമയുടെ സംവിധായകനെ മർദ്ദിക്കുകയും സെറ്റിന് തീയിടുകയും ചെയ്തു. പ്രധാന നടിയായ ദീപികയ്ക്ക് ശൂർപ്പണഖയുടെ അവസ്ഥ വരുമെന്ന് ഭീഷണിയുണ്ടായി. സംവിധായകന്റെയും ദീപികയുടെയും തലവെട്ടണമെന്ന ആഹ്വാനവും.
സംഘപരിവാർ എങ്ങനെ ചരിത്രത്തത്തിന്റെയും മിത്തുകളുടെയും (ഇതിഹാസങ്ങൾ മിത്തുകളാണെന്ന് അവർ സമ്മതിക്കുന്നില്ല.) പുനരാവിഷ്കാരങ്ങളെ നോക്കിക്കാണുന്നു എന്നതാണ് ചോദ്യം. ഹിന്ദുവിന്റെ വക്താവും ഹൈന്ദവ വിശ്വാസങ്ങളുടെ മിശിഹായുമായ പരിവാർ എത്രത്തോളം ആവിഷ്കാര സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു എന്നാണ് നാം ഇവിടെ അന്വേഷിക്കുന്നത്. മുകളിൽ പറഞ്ഞ രണ്ടു സിനിമകളും ഇന്ത്യൻ ചരിത്രത്തെയും മിത്തിനെയും പുനരവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്നാൽ പരിവാർ ഈ രണ്ടു സിനിമകൾക്കും വിലങ്ങുതടിയായി നിന്നു.

ഫാഷിസ്റ്റ് തിരശീലങ്ങൾ
തങ്ങൾക്കാണ് ഹിന്ദു വിശ്വാസത്തിന്റെ അട്ടിപ്പേറവകാശം എന്ന സംഘപരിവാർ നിലപാടിനെ ഊട്ടിയുറപ്പിക്കുന്ന ദൃഷ്ടാന്തം നമ്മൾ കണ്ടല്ലോ. അബ്രഹാമിക് മതങ്ങളെ ആനുകരിച്ചു ദൈവനിന്ദ (Blasphemy) ആരോപിക്കാനാണ് ഈ സന്ദർഭങ്ങളിൽ അവർ ശ്രമിച്ചത്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, അത്തരം മതങ്ങളെപ്പോലെ ഒരു തലവനോ, പുരോഹിത വർഗ്ഗമോ ഹിന്ദു മതത്തിനില്ല എന്നതാണ്. ആ ഇടത്തിലേക്കാണ് പരിവാർ തങ്ങളുടെ ദൈവ /വിശ്വാസ നിഷേധങ്ങളുടെ വാറോലയുമായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്, ഇന്ത്യയുടെ വൈവിധ്യത്തിന്റെ വിരിമാറിൽ വിരാജിക്കുന്നത്.
ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരരായി കാണുക, ഇതര ചിന്താധാരയിലുള്ളവരെ അഥവാ തങ്ങളെ ആശയപരമായി എതിർക്കുന്നവരെ ആഭ്യന്തര ശത്രുക്കളായി കാണുക, നമ്മുടെ രാജ്യത്തിന് പാലും തേനും ഒഴുകിയിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു എന്ന് വാദിക്കുക തുടങ്ങിയവയാണ് പരിവാർ ചെയ്തുകൊണ്ടിരുന്നത്. അപ്പോൾ, ഇതേ പരിവാർ അധികാരത്തിലേറിയാലോ? 2014- ൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന മുസ്ലിം വിരുദ്ധ നയങ്ങൾ (സി എ എ – എൻ ആർ സി, വർഗീയ പരാമർശങ്ങൾ, കലാപങ്ങൾ), ഘർ വാപസി പ്രതിഭാസം, പ്രതിപക്ഷത്തെയും എതിർപക്ഷത്തേയും ഉദ്ദേശിച്ചുള്ള ‘അർബൻ നക്സൽ’, ‘ആന്റി- ഇന്ത്യൻ’ പ്രയോഗങ്ങൾ, ചരിത്രത്തെ തിരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഫാഷിസത്തിന്റെ ലക്ഷണങ്ങൾ ഉറപ്പിക്കുന്നു. ഫാഷിസം രാജ്യത്തിനകത്തു തന്നെയുള്ള ഒരു കൂട്ടത്തെ ‘ആഭ്യന്തര ശത്രുക്കളായി’ (ഉദാ: നാസി ജർമനിയിൽ യഹൂദന്മാർ) കാണുകയും, അധികാരം ഒരു വ്യക്തിയിലേക്ക് ചുരുക്കുകയും, മിലിറ്ററി- യുദ്ധ താൽപര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യം ഇവിടെയും സംജാതമായി.
ജനാധിപത്യം വേരൂന്നിയ ഒരു രാജ്യത്തെ ഫാഷിസത്തിലേക്കു അടുപ്പിക്കുക എന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗമാണ് പ്രോപഗണ്ട. സിനിമ തുടങ്ങിയ ദൃശ്യമാധ്യമങ്ങൾ, വിദ്യാഭ്യാസ നയങ്ങൾ തുടങ്ങിയവയിലൂടെയാണ് ഇവിടെ ഫാഷിസം പിടിമുറുക്കുന്നത്.
മുസ്സോളിനിയെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള സൂചനകൾ, അവ നല്ലതാണെങ്കിൽ പോലും, സിനിമയിൽ നിന്ന് മാറ്റാറുണ്ട്. സാമ്യത നോക്കുക – ഇന്ത്യൻ ഹിന്ദി സിനിമയായ ‘ടൈഗർ സിന്ദാ ഹൈ’ യിൽ നിന്ന് മോദിയുടെ പേര് പിൻവലിക്കപ്പെട്ടു.
ഫാഷിസം എന്തെങ്കിലും രീതിയിൽ തുറന്നുകാട്ടപ്പെടാൻ അഥവാ ദൃശ്യവത്ക്കരിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് സിനിമയിൽ (ബിഗ് സ്ക്രീൻ). റോബർട്ടോ ഗുലി ഇറ്റാലിയൻ സിനിമയെ അധികരിച്ചെഴുതിയ ‘ഫിലിം സെൻസർഷിപ്പ് ആൻഡ് ഫാഷിസം’ എന്ന ലേഖനത്തിൽ ഫാഷിസ്റ്റ് കാലത്തെ സിനിമയെ പറ്റി വിവരിച്ചിട്ടുണ്ട്. തങ്ങൾക്ക് അനാവശ്യമെന്നോ അനഭിമതമെന്നോ കണ്ടാൽ വെട്ടിമാറ്റാനും, നശിപ്പിക്കാനുമാണ് സിനിമകൾ എന്ന് ഫാഷിസം വിശ്വസിച്ചു. ലേഖനത്തിലെ ഒരു ഉദാഹരണം പറയാം. തന്റെ പൂർവകാല ജീവിതം വെടിഞ്ഞ് ഇറ്റാലിയൻ സേനയിൽ ചേർന്ന് മനംമാറ്റം വന്ന ഒരു യുവാവിന്റെ കഥ പറഞ്ഞ രഗസോ (1933) എന്ന സിനിമയെ മുസോളിനി നശിപ്പിക്കാൻ അയച്ചു. ഈ ചിത്രീകരണത്തിൽ ഇറ്റാലിയൻ ഫാഷിസ്റ്റു സേന കള്ളന്മാരുടെയും ചട്ടമ്പികളുടെയും പടയാണെന്ന വ്യാഖ്യാനം വരുമെന്നതായിരുന്നു കാരണം.
എമ്പുരാന്റെ കട്ടുകൾ
2025- ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ‘എംപുരാൻ’. ശരാശരിയിലും താഴെ നിലവാരം പുലർത്തിയ ചിത്രം പക്ഷെ ആരും തൊടാത്ത ചില രാഷ്ട്രീയ സൂചനകൾ കൈകാര്യം ചെയ്യാൻ ധൈര്യം കാണിച്ചു. ഗുജറാത്ത് മുസ്ലിം വംശഹത്യക്ക് കാരണവും, കാരണക്കാരുമുണ്ടെന്ന് സിനിമ വിളിച്ചു പറഞ്ഞു. കൗസർ ഭാനു, ത്രിശൂലത്തിലുയർത്തിയ ഭ്രൂണം, ബാബു ബജ്‌രംഗി തുടങ്ങിയ കാര്യങ്ങൾ ഓർമയിൽ വന്നു. ചിലരുടെ മർമത്ത് അത് കൊണ്ടു. എംപുരാൻ രാജ്യസ്നേഹത്തിന്റെ സർജിക്കൽ സ്‌ട്രൈക്കിനു വിധേയമായി. 24 കട്ടുകൾ, മാപ്പപേക്ഷ - എല്ലാം നമ്മൾ കണ്ടതാണ്. ഹിന്ദുത്വം ഒരിക്കലും തെറ്റിന്റെ പാത സ്വീകരിക്കില്ലല്ലോ, പിന്നല്ലേ അതിന്റെ ദൃശ്യവത്കരണം!
ലേഖനത്തിൽ പറയുന്ന മറ്റൊരു കാര്യം, മുസ്സോളിനിയെക്കുറിച്ചുള്ള ഏതെങ്കിലും തരത്തിലുള്ള സൂചനകൾ, അവ നല്ലതാണെങ്കിൽ പോലും, സിനിമയിൽ നിന്ന് മാറ്റാറുണ്ട് എന്നാണ്. സാമ്യത നോക്കുക – ഇന്ത്യൻ ഹിന്ദി സിനിമയായ ‘ടൈഗർ സിന്ദാ ഹൈ’ യിൽ നിന്ന് മോദിയുടെ പേര് പിൻവലിക്കപ്പെട്ടു. അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ‘ആൻ ഇൻസിഗ്നിഫിക്കന്റ് മാനി’ൽ മോദി പരാമർശനത്തിന് മുൻകൂർ അനുവാദം വാങ്ങാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. ‘രാംഭജൻ സിന്ദാബാദ്’ എന്ന് പേരിട്ട് പിന്നെ ‘ഓംപ്രകാശ് സിന്ദാബാദ്’ എന്ന പേരിൽ 2020- ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യത്തിൽ നിന്ന് മോദി പരാമർശം ഒഴിവാക്കി. എന്തിന്, 2017- ൽ പുറത്തിറങ്ങിയ മോദി ഗവണ്മെന്റിന്റെ ഭരണപരിഷ്കാരങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ‘മോദി കാക്കാ കാ ഗാവോം’ എന്ന സിനിമയുടെയും അവസ്ഥ മറ്റൊന്നായില്ല.

‘ഭീഡ്’ എന്ന അനുഭവ് സിൻഹ ചിത്രത്തിൽ നിന്ന് നരേന്ദ്ര മോദിയുടെ ലോക്ക്ഡൌൺ പ്രഖ്യാപനവും, കുടിയേറ്റ തൊഴിലാളികളുടെ നേർക്കുള്ള പോലീസിന്റെ ക്രൂരമർദ്ദനവും മുറിച്ചുമാറ്റപ്പെട്ടു. 13 തിരുത്തലുകളോടെയാണ് ആ സിനിമ പുറത്തിറങ്ങിയത്.
സെക്സിയും വിശുദ്ധയും
ഫാഷിസത്തിൽ സ്ത്രീകളോടുള്ള സമീപനമാണ് ഇറ്റാലിയൻ ഫാഷിസ്റ്റു സിനിമയെയും സമകാലിക ഇന്ത്യൻ / ഹിന്ദുത്വ സിനിമയെയും ചേർത്തു നിർത്തുന്നത്. അക്കാലത്തെ ഇറ്റാലിയൻ സിനിമയിൽ ‘വേശ്യ’ കഥാപാത്രങ്ങളെ ഒഴിവാവാക്കാറുണ്ട് (ഉദാ: ‘ഗിയറാബബ്’, 1942). ഇറ്റാലിയൻ സൈനികരെ ലൈംഗിക ചോദനകളുള്ളവരായി കാണിക്കരുതെന്ന നിർദ്ദേശത്തിന് പുറത്താണിത്. IFFI-യിൽനിന്ന് സെക്സി ദുർഗ, ന്യൂഡ് എന്നീ സിനിമകൾ പുറത്താക്കപ്പെട്ടത് ഇതുമായി ചേർത്ത് വായിക്കേണ്ടതാണ്. ‘വിശുദ്ധയായ’ ദുർഗയെ സെക്സി ആക്കിയതിനും, സാമ്പ്രദായിക സദാചാരത്തെ എതിർത്തത്തിനും ആ സിനിമകൾ വില കൊടുക്കേണ്ടിവന്നു. സംഘപരിവാർ പേടിക്കുന്ന സ്ത്രീപ്രാതിനിധ്യത്തേയും അവരുടെ ലൈംഗികതയെയും തുറന്നുകാണിക്കുന്നതാണ് ഈ സംഭവം. 2014- നു ശേഷം പല സന്ദർഭങ്ങളിൽ സ്ത്രീകൾക്കും അവരുടെ ദൃശ്യവൽക്കരണത്തിനുമെതിരെ പരിവാർ തിരിഞ്ഞിട്ടുണ്ട്.
സദാചാര സംരക്ഷണം ഇറ്റാലിയൻ ഫാഷിസ്റ്റു ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്തമായിരുന്നു. അതിനായി സിനിമകളിൽ വലിയ രീതിയിൽ സെൻസർഷിപ്പ് അവർ നടത്തി. സ്ത്രീകളുൾപ്പെടുന്ന നഗ്നദൃശ്യങ്ങൾ, നഗ്നമായ കാലുകൾ, മാറ്, നിശാവസ്ത്രങ്ങൾ, നൃത്തങ്ങൾ, ചുംബനങ്ങൾ, ആലിംഗനങ്ങൾ, ലൈംഗിക മേളം (Orgy), ലൈംഗിക വേഴ്ച, ലൈംഗികച്ചുവയുള്ള പ്രയോഗങ്ങൾ തുടങ്ങി നേരത്തെ പറഞ്ഞ ‘വേശ്യ’കളുടെ / ‘വ്യഭിചാരി’കളുടെ ഒഴിവാക്കൽ വരെ നടന്നിരുന്നു.

ഇന്ത്യയിലേക്ക് വന്നാൽ ആദിപുരുഷിനെതിരെ പരിവാർ തിരിഞ്ഞത് അത് ‘മാ’ സീതയെ മോശമായി ചിത്രീകരിക്കുന്നുവെന്നും, അവർ കൈയ്യിറക്കം കുറഞ്ഞ ബ്ലൗസ് ഉപയോഗിക്കുന്നുമെന്നാണ്. (അവരുടെ തലക്കെട്ട് ഇറാനിയൻ സ്ത്രീകളുടേതിന് സമം എന്നും ആരോപണമുയർന്നു). ‘പദ്മാവത്’ സിനിമയ്ക്കു മുന്നോടിയായി ദീപിക പദുക്കോണിന്റെ മൂക്ക് മുറിക്കണമെന്നാവശ്യപ്പെട്ടത് (അവിടെയും നടന് ശിക്ഷയില്ല.) ചിത്രത്തിൽ അലാവുദ്ദിൻ ഖിൽജിയും റാണി പദ്മാവതിയും തമ്മിൽ രതിവേഴ്ചയുണ്ടെന്ന് ആരോപിക്കപ്പെട്ടായിരുന്നു. സിനിമ ഇറങ്ങിയപ്പോൾ ഒരു രാജ്പുത് മഹാറാണി ഒരിക്കലും തന്റെ ‘നടുഭാഗം’ (Midriff ) കാണിച്ചുകൊണ്ട് ഒരു സദസ്സിനു മുന്നിൽ നൃത്തം (‘ഗൂമർ’) ചെയ്യില്ലെന്നും വാദങ്ങൾ വന്നു.

2017- ൽ പ്രകാശ് ഝാ നിർമിച്ച് അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ എന്ന സിനിമയ്ക്കു അനുമതി നിഷേധിച്ചത്, ആർ. എസ്. എസിന്റെ സ്വന്തം ആളായ അന്നത്തെ സി. ബി. എഫ്. സി ചെയർമാൻ പഹ്‌ലജ് നിഹലാനി ആണ്. അദ്ദേഹം അതിനു നൽകിയ കാരണം, ‘തുടർച്ചയായ ലൈംഗിക രംഗങ്ങളും, അസഭ്യവാക്കുകളും, അശ്ലീല ശബ്ദങ്ങളും, സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെപ്പറ്റിയുള്ള വൈകാരികമായ പരാമർശവും ഉള്ളതിനാൽ’ എന്നാണ്. പരമ്പരാഗത സമൂഹത്തിന്റെ കെട്ടു പൊട്ടിച്ച് സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള നാല് സ്ത്രീകളുടെ യാത്രയാണ് ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’ പറഞ്ഞത്.
ഈയിടെയാണ് ഹോളിവുഡ് സിനിമകളായ സൂപ്പർമാനിലെ ചുംബനരംഗവും, F1- ലെ നടുവിരൽ ഇമോജിയും സെൻസർ ബോർഡ് വെട്ടിക്കളഞ്ഞത്.
ജാതിപീഡനം പ്രതിപാദിച്ച ‘പാരിയേറും പെരുമാൾ’ എന്ന തമിഴ് സിനിമയുടെ ഹിന്ദി മൊഴിമാറ്റമായ ‘ദഡക് 2’ ൽ 16 മാറ്റങ്ങളാണ് സെൻസർ ബോർഡ് വരുത്തിയത്. ഈ പ്രമേയത്തിലൂന്നിയ ഫുലെ, സന്തോഷ് തുടങ്ങിയ സിനിമകളുടെ അവസ്ഥയും മറ്റൊന്നായില്ല.
അറുത്തുമാറ്റുന്ന
ആശയങ്ങൾ
എതിർസ്വരങ്ങളെ പേടിക്കുന്ന ഫാഷിസം അവരുടെ സിനിമകളിൽ എതിർപ്പ് മാത്രമല്ല പ്രതിഷേധം പോലും കർശനമായി നിരോധിച്ചിരിക്കുന്നു. സ്വേച്ഛാധിപത്യ വിരുദ്ധവും വിപ്ലവാഭിമുഖ്യമുള്ളതും സമാധാനവാദപരവും സമത്വവാദത്തിലധിഷ്ഠിതവുമായ ആശയങ്ങൾക്കും വിലക്കുണ്ട്. തോറ്റു പോകുന്ന കഥകളും അടിയറവു പറയുന്ന നായകരും ഫാഷിസ്റ്റ് സിനിമയ്ക്കു ഇഷ്ടമായിരുന്നില്ല. ഭീരുത്വത്തിന്റെ വെള്ളക്കൊടി അവർ വെറുത്തു. യുദ്ധവാഞ്ചയില്ലായ്മ, മുസോളിനി വിമർശനം, ഫാക്ടറിയിലേക്ക് തൊഴിലാളികളുടെ അലസമായ നടത്തം, വിനോദത്തിന്റെ മധ്യത്തിൽ ദേശിയഗാനം കേൾപ്പിക്കുന്നത് – ഇവയൊക്കെ സിനിമകൾ അറുത്തുമുറിക്കുന്നതിന് കാരണമായി.
ഇന്ത്യൻ സാഹചര്യത്തിലേക്ക് വന്നാൽ, ജാതി എന്നും സംഘ്പരിവാറിനൊരു കീറാമുട്ടിയാണ്. അധഃസ്ഥിത ജാതികളെ ഉൾക്കൊള്ളുന്നു എന്ന് പറയുമ്പോഴും അവരുടെ ഉള്ളിലെ ഉച്ചനീചത്വം പ്രകടമാണ്. ജാതിപീഡനം പ്രതിപാദിച്ച ‘പാരിയേറും പെരുമാൾ’ എന്ന തമിഴ് സിനിമയുടെ ഹിന്ദി മൊഴിമാറ്റമായ ‘ദഡക് 2’ ൽ 16 മാറ്റങ്ങളാണ് സെൻസർ ബോർഡ് വരുത്തിയത്. ഈ പ്രമേയത്തിലൂന്നിയ ഫുലെ, സന്തോഷ് തുടങ്ങിയ സിനിമകളുടെ അവസ്ഥയും മറ്റൊന്നായില്ല.

ആമിർ ഖാൻ ചിത്രങ്ങളായ പി.കെ, ലാൽ സിംഗ് ചദ്ധ എന്നിവക്ക് വലിയ ആക്രമണമാണ് നേരിടേണ്ടിവന്നത്. രാജ്യത്ത് അസഹിഷ്ണുത ക്രമാതീതമായി ഉയരുന്നു എന്ന 2015- ലെ ആമിർ ഖാന്റെ പ്രസ്‌താവന പങ്കുവച്ചാണ് ‘ലാൽ സിംഗ് ചദ്ധ’ ക്കെതിരെ ആക്രമണമുണ്ടായത്. അദ്ദേഹം ഹിന്ദു മതത്തെ ആക്രമിച്ചെന്നും ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും പാകിസ്താന്റെ ആഖ്യാനം പ്രോത്‌സാഹിപ്പിക്കുന്നുവെന്നും ഇന്ത്യൻ സേനയെ അപമാനിച്ചുവെന്നും പറഞ്ഞ് സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ബഹിഷ്കരണാഹ്വാനവും ഉണ്ടായി.
ആർ. എസ്. എസ് കൊടിയെ അപമാനിച്ചു എന്ന രീതിയിൽ (ദീപിക പദുക്കോണിന്റെ അടിവസ്ത്രവുമായി അതിനെ തുലനം ചെയ്തു പോലും!) ‘പത്താൻ’ സിനിമയിലെ ‘ബേഷരം രംഗ്’ എന്ന പാട്ട് വിവാദമായുകയും മാറ്റം നേരിടേണ്ടി വരികയും ചെയ്തു.

‘ഞങ്ങളുടെ സിനിമ
ഞങ്ങൾ തീരുമാനിക്കും’
സിനിമ എന്ന ജനകീയ കലയുടെ ശക്തിയും സ്വാധീനവും ഫാഷിസം തിരിച്ചറിഞ്ഞിരുന്നു. സിനിമയാണ് ഏറ്റവും വലിയ ആയുധമെന്ന് ഒരിക്കൽ മുസോളിനി പറഞ്ഞു. ആദിപുരുഷ് സിനിമാ വിവാദം നടക്കുമ്പോൾ അഖില ഭാരതീയ സന്ത് സമിതി പറഞ്ഞത്, സെൻസർ ബോർഡിനെ പിരിച്ചുവിടണമെന്നും 'സനാതന ഹിന്ദു സെൻസർ ബോർഡ്' രൂപീകരിക്കണമെന്നുമാണ്. ബോളിവുഡ് ഹിന്ദു ദൈവങ്ങളെയും സനാതന ധർമത്തെയും അപമാനിക്കുന്നുവെന്നാണ് അവരുടെ പരാതി. ആദിപുരുഷിൽ രാവണനും ഹനുമാനും മുസ്ലിം ഛായ നൽകി എന്നും അവർ പരിഭവിച്ചു (രാവണൻ 'സനാതന ബ്രാഹ്മണൻ' എന്ന അവകാശവാദവും!).
ആദിപുരുഷ് സിനിമാ വിവാദം നടക്കുമ്പോൾ അഖില ഭാരതീയ സന്ത് സമിതി പറഞ്ഞത്, സെൻസർ ബോർഡിനെ പിരിച്ചുവിടണമെന്നും 'സനാതന ഹിന്ദു സെൻസർ ബോർഡ്' രൂപീകരിക്കണമെന്നുമാണ്.
സാംനാഥ് സുബ്രഹ്മണ്യൻ എഴുതുന്നത്, 2019- ൽ, സിനിമയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ, ആർ. എസ്. എസ് മുംബൈയിൽ ഒരു മീഡിയ യൂണിറ്റ് തുടങ്ങി എന്നാണ്. ഫിലിം ഇൻഡസ്ട്രിയിലെ മാത്രമല്ല പത്രക്കാർ, സംഗീത വിപണി, ഇതര മേഖലകൾ എന്നിവയുമായി ചേരാനുള്ള പാലമാണ് ഈ സംഘടന. ബോളിവുഡിലെ കൊമ്പൻമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ഇവർ തരപ്പെടുത്തി. ഹോളിവുഡ് സിനിമയായ ‘300’ ന്റെ മാതൃകയിൽ എണ്ണത്തിൽ കുറഞ്ഞ ഹിന്ദു സൈന്യം വമ്പൻ മുസ്ലിം അധിനിവേശ സേനയെ തകർക്കുന്ന സിനിമകൾ ഉണ്ടാക്കുകയാണ് ആവശ്യം. ശുഭപര്യവസായിയായ, ചരിത്രത്തോട് 'നീതി' പുലർത്തുന്ന, പ്രേക്ഷകരെ ഉത്തേജിപ്പിക്കുന്ന സിനിമകളാണ് ആർ. എസ്. എസ് ലക്‌ഷ്യം.
ഫാഷിസ്റ്റുകളെപ്പോലെ / നാസികളെപ്പോലെ ഹിന്ദുത്വവും സിനിമയുടെ ശക്തി മനസ്സിലാക്കിക്കഴിഞ്ഞു. ജാതി- മത- വർണ- വർഗ വ്യത്യാസമെന്യേ മനുഷ്യർ ഒന്നിച്ചിരുന്നു കാണുന്നതാണ് സിനിമ. ആ ഏകത തന്നെ ഫാഷിസത്തെ / സംഘപരിവാറിനെ ചൊടിപ്പിക്കുന്നു. ആ ചേർച്ചയിൽ വലുപ്പച്ചെറുപ്പമില്ല. ഇങ്ങനെ നഗരം പോലെ 'മുഖ'മില്ലാത്ത (സുദിപ്ത കവിരാജിന്റെ ഭാഷയിൽ), സമത്വമുള്ള ഈ ഇടത്തെ അവർ ഭയക്കുന്നു. (അപ്പോൾ അതിനെ തന്നെ ആയുധമാക്കാനും അവർ ശ്രമിക്കുന്നുണ്ട് - കേരള സ്റ്റോറി, കാശ്മീർ ഫയൽസ്, ബസ്തർ - ദി നക്സൽ സ്റ്റോറി തുടങ്ങിയവ ഉദാഹരണം). തങ്ങൾ പറയുന്നതിനപ്പുറത്ത് ഒരു സത്യത്തിനോ വ്യാഖ്യാനത്തിനോ പരിവാർ നിന്നുകൊടുക്കില്ല. അങ്ങനെ സംഘപരിവാർ എന്ന പിന്തിരിപ്പൻ സംഘം ദുർഗയുടെയോ ജാനകിയുടെയോ പേരോ, രാമന്റെ കഥയോ ആരുടേയും ഭാവനയ്ക്കും സർഗാത്മകസൃഷ്ടിക്കും വിട്ടുകൊടുക്കില്ല.
▮

(*കർണ്ണിസേനയെ സംഘപരിവാറുമായി ബന്ധപ്പെടുത്തുന്ന ശക്തമായ തെളിവുകൾ പൊതുമധ്യത്തിലുണ്ട്).
REFERENCES
1.Sardana, Stuti. “Adipurush – a Disastrous Mockery of the Great Religious Epic Ramayan.” Organiser, 27 June 2023, organiser.org/2023/06/27/180961/bharat/adipurush-a-disastrous-mockery-of-the-great-religious-epic-ramayan/. Accessed 26 July 2025.
2. WEB DESK. “Adipurush Team to Dedicate 1 Seat in Every Theatre to Hanuman Ji; Read Details.” Organiser, 6 June 2023, organiser.org/2023/06/06/177570/bharat/adipurush-team-to-dedicate-1-seat-in-every-theatre-to-hanuman-ji-read-details/. Accessed 26 July 2025.
3.Quint Entertainment. “Director Om Raut Confirms Teaser Release Date of “Adipurush” Starring Prabhas.” TheQuint, The quint, 27 Sept. 2022, www.thequint.com/entertainment/celebrities/director-om-raut-confirms-teaser-release-date-of-adipurush-starring-prabhas-saif-ali-khan-kriti-sanon. Accessed 26 July 2025.
4. “Padmaavat: From Set Vandalism to Karni Sena Protest and Supreme Court Ruling, a Timeline of Controversies – Entertainment News , Firstpost.” Firstpost, 24 Jan. 2018, www.firstpost.com/entertainment/watch-padmaavat-from-set-vandalism-to-karni-sena-protest-and-supreme-court-ruling-a-timeline-of-controversies-4315635.html.
5. C.S. Venkiteswaran. “L2: Empuraan Controversy Explained – Cuts, Censorship, and Political Fallout.” Frontline, 4 Apr. 2025, frontline.thehindu.com/arts-and-culture/empuraan-controversy-mohanlal-hindutva-censorship-in-malayalam-cinema/article69411832.ece.
6. Staff Reporter. “Supreme Court Grants Bail to Babu Bajrangi.” The Hindu, 7 Mar. 2019, www.thehindu.com/news/national/other-states/supreme-court-grants-bail-to-babu-bajrangi/article26460409.ece. Accessed 26 July 2025.
7. Bollywood Hungama. “Bollywood Hungama.” Bollywood Hungama, 29 Dec. 2017, www.bollywoodhungama.com/news/bollywood/revealed-tiger-zinda-hais-tribute-pm-narendra-modi/.
8. “Stop Censorship of Indian Film “an Insignificant Man.”” International Documentary Association, 24 July 2024, documentary.org/advocacy/stop-censorship-indian-film-insignificant-man. Accessed 26 July 2025.
9. From. “Om Puri’s Last Film Omprakash Zindabad to Release on December 18.” The New Indian Express, 14 Dec. 2020, www.newindianexpress.com/entertainment/hindi/2020/Dec/14/om-puris-last-film-omprakash-zindabad-to-release-on-december-18-2235795.html. Accessed 26 July 2025.
10. Singh, Saloni. “After a Delay of 11 Months, Film “Modi Kaka Ka Gaon” Inspired by PM to Finally Release on Friday.” Indiatimes, 26 Dec. 2017, www.indiatimes.com/entertainment/celebs/after-a-delay-of-11-months-film-modi-kaka-ka-gaon-inspired-by-pm-to-finally-release-on-friday-336414.html. Accessed 26 July 2025.
11. Today, India. “CBFC Asks to Remove “Police Brutality” Scenes, Suggests Changes as Anubhav Sinha’s Bheed Releases in Theatres.” India Today, 24 Mar. 2023, www.indiatoday.in/movies/bollywood/story/cbfc-asks-to-remove-police-brutality-scenes-suggests-changes-as-anubhav-sinhas-bheed-releases-in-theatres-2351017-2023-03-24. Accessed 26 July 2025.
12. Roy, Sudipto. “I&B Ministry Won’t Let You Watch “Nude” and “Sexy Durga” at IFFI.” Media India Group, 15 Nov. 2017, mediaindia.eu/cinema/ib-ministry-wont-let-you-watch-nude-and-sexy-durga-at-iffi/. Accessed 26 July 2025.
13. Dhawan, Himanshi. “Tribunal Raps Censor Board, Orders It to Clear “Lipstick” with a Certificate.” The Times of India, Times Of India, 25 Apr. 2017, timesofindia.indiatimes.com/india/tribunal-raps-censor-board-orders-it-to-clear-lipstick-with-a-certificate/articleshow/58369992.cms. Accessed 26 July 2025.
14.REPORTER LIVE. “ഒരു ഉമ്മ പ്രശ്നം, സെൻസർ ബോർഡ് കൊന്ന ചില കിടിലം സിനിമകൾ | Movie Suggestions.” YouTube, 15 July 2025, www.youtube.com/watch?v=vTqEvDsULAA. Accessed 26 July 2025.
15. Deep, Aroon. “CBFC Clears Dhadak 2 after 16 Cuts, Including Altered Anti-Caste References.” The Hindu, 23 May 2025, www.thehindu.com/entertainment/movies/cbfc-clears-dhadak-2-after-16-cuts-including-altered-anti-caste-references/article69610379.ece. Accessed 26 July 2025.
16. AFP. “Hindu Nationalists Push Boycott of Aamir Khan’s “Laal Singh Chaddha.”” The New Indian Express, 5 Aug. 2022, www.newindianexpress.com/entertainment/hindi/2022/Aug/05/hindu-nationalists-push-boycott-of-aamir-khans-laal-singh-chaddha-2484413.html. Accessed 26 July 2025.
17. ET Online. “Boycott Calls, Plagiarism Charges, Death Threats: A Look at the Controversies Faced by “Pathaan.”” The Economic Times, Economic Times, 5 Jan. 2023, economictimes.indiatimes.com/magazines/panache/boycott-calls-plagiarism-charges-death-threats-a-look-at-the-controversies-faced-by-pathaan/articleshow/96770496.cms?from=mdr. Accessed 26 July 2025.
18. ANI. “Adipurush Row: Hindu Saints Demand Formation of “Sanatan Censor Board”, Allege Bollywood Ridiculing Hinduism.” ThePrint, theprint, 8 Oct. 2022, theprint.in/india/adipurush-row-hindu-saints-demand-formation-of-sanatan-censor-board-allege-bollywood-ridiculing-hinduism/1159920/. Accessed 26 July 2025.
19. Nast, Condé. “When the Hindu Right Came for Bollywood.” The New Yorker, 10 Oct. 2022, www.newyorker.com/magazine/2022/10/17/when-the-hindu-right-came-for-bollywood.
20. Gulì, Roberto. Film Censorship During Fascism. Cinecensura, Cineteca di Bologna, Italia Taglia Project, https://cinecensura.com/wp-content/uploads/2014/04/Film-censorship-during-Fascism_Guli.pdf
21. Kaviraj, Sudipta. The Enchantment of Democracy and India: Politics and Ideas. Orient Blackswan, 2011.
22.Lahiry, Sutapa. “Jana Sangh and Bharatiya Janata Party: A Comparative Assessment of Their Philosophy and Strategy and Their Proximity with the Other Members of the Sangh Parivar.” The Indian Journal of Political Science, vol. 66, no. 4, Oct.–Dec. 2005, pp. 831–850. Indian Political Science Association.
