കേരളം ഇന്ന് സിനിമ, സാംസ്കാരിക ബോധം, നവോത്ഥാനം, സ്വത്വബോധം എന്നിങ്ങനെയുള്ള വാക്കുകൾ വിതറിയും ചിതറിയും ഉപയോഗിക്കുന്നു. ഒരു പരിഷ്കൃത സമൂഹം എന്ന ബോധം വളർന്നു കഴിഞ്ഞിരിക്കുന്നു. എന്നാൽ ഇതേ സമൂഹത്തിന്റെ അകത്തളങ്ങളിൽ മാത്രം സൂക്ഷിച്ചിട്ടുള്ള മൂടിക്കെട്ടിയ ചില കഥകളുണ്ട്, ചോദിക്കപ്പെടാതെ പോയവയും, മറച്ചുവെക്കാൻ ശ്രമിച്ചവയും ആയ കഥകൾ. അതിലൊന്നാണ് മലയാള സിനിമയിലെ ആദ്യനായികയായ പി.കെ. റോസിയുടെ കഥ. ഈ ധീര വനിതയുടെ ജീവിതവും ചരിത്രവും സൗകര്യപൂർവ്വം മാറ്റിവെക്കുന്ന ഒരു സാമൂഹ്യ പരിസരത്തിലാണ് പല ചർച്ചകളും നടക്കുന്നത്.
പി.കെ റോസിയെ ആരെങ്കിലും ഇന്ന് ഓർക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയാം. കാരണം ജാതീയത ഉന്നത ബോധമുള്ളതെന്ന് കരുതപ്പെടുന്ന ഈ സമൂഹത്തിൽ ഇപ്പോഴും അന്തർലീനമായി കുടികൊള്ളുന്നുണ്ട്. അതിനാലാണ് ആരും അവരെക്കുറിച്ച് ഒന്നും മിണ്ടാത്തത്, അല്ലെങ്കിൽ പറയാൻ ആഗ്രഹിക്കാത്തത്. അവരുടെ ഒരു നല്ല ഫോട്ടോ പോലും ഇപ്പോഴും ലഭ്യമല്ല. ആദ്യ ചിത്രത്തിലെ ഒറ്റ വേഷം പോലെ ആകെയുള്ള ഒറ്റ ഫോട്ടോയിൽ പി.കെ. റോസി എന്ന അഭിനേത്രിയെ നാം കാണുന്നു. പരിമിതമായ അറിവുകളോടെ അവരെ കേൾക്കുന്നു. ചിത്രത്തിന്റെ ഒരു കോപ്പി പോലും ഭൂമിയിൽ ലഭ്യമല്ല. അവരുടേത് ചരിത്രനിയോഗമായിരുന്നു. വീണ്ടും പ്രിന്റടിക്കാനാവാത്ത ഒരു നെഗറ്റീവ് ആണ് അവരുടെ ജീവിതം.
1903-ൽ തിരുവനന്തപുരം നന്തൻകോട് ആമത്തറ വയലിനു സമീപം പൗലോസ്, കുഞ്ഞി ദമ്പതികളുടെ രണ്ടാമത്തെ മകളായാണ് പി.കെ. റോസി ജനിച്ചത്. അവർ എൽ.എം.എസ് പള്ളി സ്‌കൂളിൽ പഠിക്കുമ്പോൾ അമ്മ വീണ്ടും പ്രസവിച്ചു. ഇതോടെ ഇളയ കുഞ്ഞിനെ നോക്കാൻ വേണ്ടി റോസിയുടെ പഠനം അവസാനിപ്പിച്ചു. ദാരിദ്ര്യം നിറഞ്ഞതായിരുന്നു കുടുംബത്തിലെ സാഹചര്യങ്ങൾ. പാചകജോലി ചെയ്തിരുന്ന ആളായിരുന്നു റോസിയുടെ അച്ഛൻ. അക്കാലത്ത് നന്തൻകോട് ആമത്തറ ഭാഗത്തെ ദലിതരുടെ നേതൃത്വത്തിൽ ചേരമർ കലാസംഘം എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് കാക്കരശ്ശി നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. റോസി വളർന്നപ്പോൾ ഈ സമിതിയിലെ നടിയായി ചേർന്നു. അങ്ങനെ കാക്കരശി നാടകത്തിൽ കാക്കാത്തിയുടെ വേഷം കെട്ടുന്ന ആദ്യത്തെ സ്ത്രീ എന്ന ബഹുമതി റോസിക്ക് സ്വന്തമായി. അതുവരെ കാക്കാത്തിയുടെ വേഷം കെട്ടിയിരുന്നത് ആണുങ്ങളായിരുന്നു. പിന്നീട് റോസി മറ്റൊരു നാടകത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് വലിയ എതിർപ്പുകൾക്ക് വഴിവെച്ചു. തുടർന്ന് ഇവർ ആറന്നൂരിലേക്ക് താമസം മാറി. പിന്നെ അവിടെനിന്ന് തൈക്കാട്ട് ആശുപത്രിക്ക് സമീപമുള്ള പുറമ്പോക്കിലേക്കും താമസം മാറ്റേണ്ടി വന്നു.

അക്കാലത്ത് ഉപജീവനത്തിനായി പുല്ല് അരിഞ്ഞു വിൽക്കുമായിരുന്നു. 1927-28 കാലത്താണ് ‘വിഗതകുമാരൻ’ എന്ന ഒരു സിനിമ പിടിക്കാൻ ആഗ്രഹിക്കുകയും അതിൽ അഭിനയിക്കാൻ പറ്റിയ ഒരു നായികയെയും അന്വേഷിച്ചു ജെ.സി. ഡാനിയേൽ നടക്കുന്നത്. അക്കാലത്ത് സ്ത്രീകളൊന്നും നാടകത്തിലോ സിനിമയിലോ അഭിനയിക്കാൻ തയ്യാറായിരുന്നില്ല. കാരണം സ്ത്രീ അഭിനയിക്കാൻ പോകുന്നത് മ്ലേച്ചമായ ഒരു കാര്യമായിട്ടാണ് അന്നത്തെ സദാചാരവാദികൾ കണ്ടത്. ദി ഹിന്ദു, ഇന്ത്യൻ എക്‌സ്പ്രസ് തുടങ്ങിയ ഇന്ത്യയിലെ വൻകിട പത്രങ്ങളിൽ സിനിമയിലഭിനയിക്കാൻ ഒരു നായികയെ ആവശ്യമുണ്ടെന്നു കാണിച്ച് ഡാനിയേൽ ആറുമാസക്കാലം പരസ്യം നൽകിയിരുന്നു. പത്രപ്പരസ്യം കണ്ട് ബോംബെക്കാരി ഒരു ആംഗ്ലോ ഇന്ത്യൻ നടി മിസ് ലാന മലയാള സിനിമയിൽ അഭിനയിക്കാൻ തയ്യാറായി കത്തയച്ചു. കത്തു കിട്ടേണ്ട താമസം ഡാനിയേൽ ബോംബെയിലെത്തി. പക്ഷെ അത് നടന്നില്ല.
ജെ.സി. ഡാനിയേൽ തന്റെ ചരിത്രനിയോഗത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. സുഹൃത്തായ ജോൺസൺ ആണ് റോസിയെ ഡാനിയലിന് പരിചയപ്പെടുത്തുന്നത്. നെൽവയലിലെ കൂലിപ്പണിക്കാരിയായ റോസിയെ കൂട്ടി ജോൺസൺ ഡാനിയേലിനെ കണ്ടു. വിഗതകുമാരനിലെ സരോജിനി എന്ന കഥാപാത്രത്തിന് അനുയോജ്യയാണ് റോസി എന്ന് ഡാനിയേൽ തീരുമാനിച്ചു. റോസിയുടെ അതുവരെ ഉണ്ടായിരുന്ന റോസമ്മ എന്ന പേരുമാറ്റി റോസിയെന്നാക്കാനും 1928-ൽ ട്രാവൻകൂർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ച വിഗതകുമാരനിൽ റോസിയെ നായികയായി അഭിനയിപ്പിക്കാനും ഡാനിയേൽ തീരുമാനിച്ചു. അവിടെ ഒരു ചരിത്രം തുടങ്ങുകയായിരുന്നു.
10 ദിവസത്തെ അഭിനയമായിരുന്നു റോസിക്കുണ്ടായിരുന്നത്. 5 രൂപ നിരക്കിൽ 10 ദിവസത്തെ അഭിനയത്തിന് 50 രൂപയും മുണ്ടും, നേര്യതുമാണ് പ്രതിഫലമായി കിട്ടിയത്. അഭിനയിക്കാൻ ഉപയോഗിച്ച വസ്ത്രങ്ങളും ഡാനിയൽ തന്നെയാണ് നൽകിയത്. അക്കാലത്ത് പാടത്ത് പകലന്തിയോളം പണി ചെയ്താൽ കിട്ടുന്നത് ഒന്നര രൂപയായിരുന്നു. എന്നാൽ റോസിക്ക് ഡാനിയേൽ നൽകിയ പ്രതിഫലം ദിവസം അഞ്ചു രൂപ വെച്ചായിരുന്നു. രാവിലെ പാടത്ത് പണിക്ക് പോകുന്നതുപോലെ പിത്തള തൂക്കുപാത്രത്തിൽ ചോറും കൊണ്ട് തൈക്കാട് വീട്ടിൽനിന്ന് നടന്നാണ് പട്ടത്തെ നാഷണൽ പിക്‌ചേഴ്‌സ് സ്റ്റുഡിയോയിൽ എത്തിയിരുന്നത്.

മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരൻ അങ്ങനെ പിറവികൊണ്ടു. അതൊരു നിശ്ശബ്ദചിത്രം ആയിരുന്നു. രചനയും സംവിധാനവും നിർവഹിച്ച് ചിത്രം നിർമ്മിച്ച ജെ.സി. ഡാനിയേൽ തന്നെയായിരുന്നു നായകവേഷത്തിൽ അഭിനയിച്ചതും. പി.കെ. റോസി മലയാളത്തിലെ ആദ്യനായികയുമായി. 1928 മേയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നവംബർ 7-ന് തിരുവനന്തപുരം സ്റ്റാച്ച്യു ജംഗ്ഷനിലുള്ള ക്യാപ്പിറ്റോൾ ടെന്റ് തിയേറ്ററിൽ ആദ്യ പ്രദർശനം നടത്തി. അന്നത്തെ പ്രഗത്ഭ വക്കീലായിരുന്ന മുള്ളൂർ എസ്. ഗോവിന്ദപ്പിള്ളയാണ് പ്രഥമ പ്രദർശനം ഉദ്ഘാടനം ചെയ്തത്. ദലിതയായ റോസി പ്രദർശനം കാണാൻ വന്നാൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന ഡാനിയൽ റോസിയെ ചിത്രം കാണാൻ ക്ഷണിച്ചിരുന്നില്ല.
വിഗതകുമാരൻ സിനിമ സ്‌ക്രീനിൽ ഓടിത്തുടങ്ങി. വിളിച്ചു പറച്ചിലുകാരൻ തിരശ്ശീലയ്ക്കു മുന്നിലെ സ്റ്റൂളിൽ കയറിനിന്ന് വിവരണങ്ങൾ നൽകിക്കൊണ്ടിരിക്കുമ്പോൾ സരോജിനിയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട റോസിയുടെ തലയിലിരുന്ന പൂവ് നായകൻ സൈക്കിളിൽ വന്ന് എടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികൾക്കിടയിൽ നിന്ന് ആദ്യത്തെ കൂക്കുവിളി ആരംഭിച്ചു. ഒടുവിൽ ബഹളം ആർത്തട്ടഹാസങ്ങളും ആയി. അത് കല്ലേറിലേക്ക് മാറി. ദലിത് സ്ത്രീ അഭിനയിച്ചുവെന്ന ഒറ്റക്കാരണത്താൽ ജാതിവാദികളായ കാണികൾ ടാക്കീസിനകത്ത് അക്രമാസക്തരായി.
കല്ലേറിൽ തിരശ്ശീല കീറിപ്പോയി. കാണികളിൽ പലരും ഓടിപ്പോയി. നിർവാഹമില്ലാതെ ഡാനിയേലും ഓടി തൊട്ടടുത്ത ഒരു വീട്ടിൽ കയറി രക്ഷപ്പെട്ടു. നാട്ടുകാർ റോസിയെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവദിക്കാതെ കല്ലേറു നടത്തുകയും അസഭ്യവർഷംകൊണ്ട് ബുദ്ധിമുട്ടിക്കുകയും ചെയ്തു. വിവരം കവടിയാർ കൊട്ടാരത്തിൽ അറിയിക്കുകയും റോസിയുടെ വീടിന് രണ്ടു പോലീസുകാരെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു. പക്ഷേ, മൂന്നാം ദിവസം രാത്രിയിൽ വലിയൊരു ജനക്കൂട്ടം റോസിയുടെ വീടു വളയുകയും കല്ലേറു നടത്തുകയും വീടു തീവെക്കുകയും ചെയ്തു. അവർ കുടുംബത്തെ ആക്രമിക്കാൻ മുതിർന്നു. ഡാനിയേലിന്റെ നിർദേശപ്രകാരം കൊട്ടാരത്തിൽ നിന്ന് നിയോഗിച്ചിരുന്ന രണ്ടു പോലീസുകാരും ജീവനും കൊണ്ടോടി. പാഞ്ഞുവരുന്ന ജനക്കൂട്ടത്തെ കണ്ട് ഭയന്ന റോസി ജീവനും കൊണ്ടോടി. വഴിയിൽ കണ്ട ലോറിക്ക് കൈകാണിച്ചു. അതിൽ കയറി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. തമിഴ് നാട്ടിൽ എത്തിയ റോസി രാജാമ്മാളായി മാറി. ദലിത് മേൽവിലാസം ജീവിതത്തിന് തടസമാകും എന്നതിനാൽ കേശവപിള്ളയാണ് റോസിയെ രാജമ്മാൾ എന്ന പുതിയ പേര് വിളിച്ചത്. ജീവിക്കാൻ ജാതി അന്നും പ്രശ്നമായിരുന്നു.

വിഗതകുമാരൻ അഥവാ ദി ലോസ്റ്റ് ചൈൽഡ് എന്ന ചിത്രത്തിലെ പി.കെ. റോസിയുടെ അഭിനയം അവരുടെ ജീവിതത്തെ തന്നെ കശക്കിയെറിഞ്ഞു. അതോടെ പിറന്ന നാടും കുടുംബവും അവർക്ക് നഷ്ടമായി. ജീവൻ പോലും ഭീഷണിയിലായി. എതിർപ്പുകൾ കാരണം, സിനിമയുടെ സംവിധായകനും നടനുമായ ജെ സി ഡാനിയേലും പാപ്പരത്തത്തിലേക്ക് നയിക്കപ്പെട്ടു. റോസിയുടെ വിഗതകുമാരൻ എന്ന സിനിമയുടെ ഒരു കോപ്പിയും കണ്ടെത്താൻ കഴിഞ്ഞില്ല. മലയാള ചലച്ചിത്രത്തിലെ ആദ്യ നായിക എവിടെ? അവരെ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത്?
അന്തരിച്ച, മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്റെ ശേഖരത്തിൽ നിന്നും 2011-ൽ റോസിയുടെതെന്ന് കരുതുന്ന ഒരു ചിത്രം കണ്ടെത്തിയിരുന്നു. അതാണ് നിലവിൽ എല്ലാവരും കാണുന്ന പി.കെ റോസി. സ്ത്രീകൾ പൊതുരംഗത്ത് കടന്നുവരാത്ത കാലത്ത് സധൈര്യം മലയാള സിനിമാ ലോകത്തേയ്ക്ക് മുന്നോട്ടുവന്ന സ്ത്രീയാണ് പി.കെ. റോസി. അവർണരെന്ന് മുദ്രകുത്തി എല്ലായിടത്തുനിന്നും മാറ്റി നിർത്തിയിരുന്ന ഒരു വിഭാഗത്തിൽ നിന്ന് ധീരമായി കടന്നുവന്ന സ്ത്രീയാണവർ. അവർണർക്ക് വഴിയിലൂടെ നടക്കാനോ, പൊതു ഇടങ്ങളിലേക്കു പ്രവേശിക്കാനോ പോലും സാധ്യമല്ലാതിരുന്ന ആ കാലത്ത് സിനിമയിൽ അഭിനയിക്കാൻ മുന്നോട്ടു വന്ന കലാകാരി.
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ദലിത് വനിത കൂടിയായിരുന്നു പി.കെ. റോസി. അവരെ ഓർക്കാതെ മലയാള സിനിമയും ചരിത്രവും പൂർണമാവില്ല. അവരില്ലാത്ത ചരിത്രം മലയാള സിനിമയുടേത് ആയിരിക്കുകയുമില്ല. വേദനാജനകമായ പി.കെ. റോസിയുടെ ചരിത്രം കേരളത്തിന്റെ സ്ത്രീ മുന്നേറ്റത്തിനോ ചലച്ചിത്ര രംഗത്തെ സ്ത്രീ കൂട്ടായ്മക്കോ ഊർജ്ജം നൽകിയിട്ടുണ്ടോ? ഇത് സാമൂഹ്യ പരിഷ്കരണത്തിന് അവസരം ഒരുക്കിയിട്ടുണ്ടോ?
