ചരിത്രത്തിൽ പ്രസ്ഥാനങ്ങൾ വന്നതും പോയതും നൂറ്റാണ്ടുകൾ എടുത്തായിരുന്നെങ്കിൽ, സിനിമയുടെ ചരിത്രത്തിൽ അത് ഏതാനും ദശാബ്ദങ്ങൾക്കുള്ളിൽത്തന്നെ സംഭവിച്ചു. സോവിയറ്റ് മൊണ്ടാഷ് കാലവും ഇറ്റാലിയൻ നിയോറിയലിസവും ഫ്രഞ്ച് നവതരംഗവും ജർമൻ എക്പ്രഷനിസവും സർറിയലിസവും എല്ലാം സിനിമയിൽ കുടിയേറി കടന്നുപോയത് 1920 കൾ തൊട്ടുള്ള ഏതാനും ദശകങ്ങൾക്കുള്ളിലാണ്. വെറും അര നൂറ്റാണ്ടിനുള്ളിൽ രൂപത്തിലും ഉള്ളടക്കത്തിലും പൂർണവളർച്ച പ്രാപിച്ച് മഹത്തായ രചനകൾ ലോകത്തിനു നൽകിയ ഒരു സ്വതന്ത്രകല സിനിമയാണ്. യുദ്ധാനന്തര ഇറ്റലിയിൽ ഉടലെടുത്ത നിയോറിയലിസം ഫലത്തിൽ സിനിമയിലെ ഒരു നവോത്ഥാന പ്രസ്ഥാനം തന്നെയായിരുന്നു. നിയോറിയലിസം സിനിമാ ഭാഷയിൽ തന്നെയുള്ള ഒരു പരിണാമമാണ്; സിനിമയുടെ ശൈലിയിലും പ്രമേയത്തിലും സംഭവിച്ച ഒരു പരിവർത്തനവും വികാസവുമാണ്. അത് സിനിമയെ പുതുക്കിപ്പണിതു; അതിന് പുതിയ അർത്ഥവും പ്രസക്തിയും നൽകി. ദശാബ്ദങ്ങളായി ലോകമാകെ മേധാവിത്തം പുലർത്തിയ ഹോളിവുഡ് സിനിമയുടെ ഫോർമുലകളിൽനിന്നുള്ള കുതറിമാറലായിരുന്നു അത്.
ദൈനംദിന ജീവിതത്തോട് വിശ്വസ്തത പുലർത്താൻ കഴിയുന്ന, അഭിനേതാവിന് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് സത്യസന്ധത പുലർത്താൻ കഴിയുന്ന, ഒരു സിനിമാ ശൈലിയാണ് നിയോറിയലിസം.
ഹോളിവുഡ് സിനിമയുടെ താരപ്പൊലിമയും വഴുവഴുപ്പൻ ആഖ്യാന ശൈലിയും തികച്ചും സ്റ്റുഡിയോയിൽ വെച്ചുള്ള സിനിമാ നിർമാണ രീതിയും ആദ്യമായി തിരസ്‌കരിച്ചു കൊണ്ടാണ് നിയോറിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ അരങ്ങേറ്റം. വെള്ള ടെലിഫോണുകളും പട്ടു പരവതാനികളും സ്വപ്നതുല്യമായ സെറ്റുകളും സ്വർഗത്തിലേക്ക് കയറിപ്പോകാനുള്ള പ്രൗഢിയുള്ള കോണിപ്പടികളും ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും എല്ലാ പകിട്ടുകളുമുള്ള ഹോളിവുഡ് സിനിമാ ശൈലിയെ അത് ബോധപൂർവം ഒഴിവാക്കി. ദൈനംദിന ജീവിതത്തോട് വിശ്വസ്തത പുലർത്താൻ കഴിയുന്ന, അഭിനേതാവിന് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് സത്യസന്ധത പുലർത്താൻ കഴിയുന്ന, ഒരു സിനിമാ ശൈലിയാണ് നിയോറിയലിസം. യഥാർത്ഥമായതിനെ അതേപോലെ പകർത്താൻ ഏറെ വിഷമമുണ്ട് എന്ന വസ്തുത കൂടി സ്വാംശീകരിച്ചുകൊണ്ടുള്ള സ്വാഭാവികതയും സൗന്ദര്യശാസ്ത്രവുമാണ് നിയോറിയലിസ്റ്റ് സിനിമകളുടെ സവിശേഷത.
രണ്ടാം ലോകയുദ്ധം അവസാനിച്ചു; മുസ്സോളിനിയുടെ ഭരണം തകർന്നു.
ഇറ്റലി രാഷ്ട്രീയമായ മാറ്റങ്ങൾ നേരിട്ടുകൊണ്ടിരുന്ന ഒരു സന്ദർഭത്തിലാണ് നിയോറിയലിസ്റ്റ് സിനിമയുടെ പിറവി. ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാവുകയും സാമ്പത്തിക തകർച്ച എല്ലാ രംഗങ്ങളിലും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തു കൊണ്ടിരുന്നു. സമൂഹത്തിലെ അസമത്വങ്ങളും പ്രകടമായിരുന്നു. യുദ്ധാനന്തര ഇറ്റലിയിലെ ശരാശരി മനുഷ്യരുടെ ദുരിതപൂർണ്ണമായ ഈ ജീവിതമാണ് നിയോറിയലിസ്റ്റ് സിനിമകൾക്ക് പ്രമേയമായത്.
‘സിനിമ' എന്ന മാസികയിലൂടെ ശ്രദ്ധേയരായ ഏതാനും യുവനിരൂപകർ ചേർന്നാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത് എന്ന് പറയാം. ലുക്കിനോ വിസ്‌കോന്തി, സിസാർ സവാറ്റിനി, റോബർട്ടോ റോസല്ലിനി, ഗിസെപ്പെ ഡി സാൻറിസ് തുടങ്ങിയ പേരുകൾ ഇറ്റാലിയൻ നിയോ റിയലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നമ്മൾ ഇപ്പോഴും ഓർമിക്കുന്നു. സിസാർ സവാറ്റിനി ചലച്ചിത്ര സൈദ്ധാന്തികനും നിയോ റിയലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവും ആണെന്ന് മാത്രമല്ല നിയോ റിയലിസ്റ്റ് ഘട്ടത്തിനുശേഷമുള്ള കാലത്തു പോലും ഡിസീക്ക രചിച്ച മിക്ക ചിത്രങ്ങളുടെയും തിരക്കഥാകൃത്തുകൂടി ആണ്.
പലായനത്തെ ആദർശവൽക്കരിക്കുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് വിടുതൽ നേടിക്കൊണ്ട് നിയോ റിയലിസ്റ്റ് സംവിധായകർ സമകാലിക പ്രമേയങ്ങൾ എടുത്തു സിനിമയിൽ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യാനുള്ള ധീരത കാട്ടി
നിയോ റിയലിസത്തിന്റെ സവിശേഷതകൾ അക്കമിട്ടു നിർവ്വചിച്ചത്
സവാറ്റിനി ആയിരുന്നു. അദ്ദേഹം ചൂണ്ടിക്കാണിച്ച, ഡോക്യുമെന്ററി ശൈലിയിലുള്ള റിയലിസം; നാടകത്തിലോ ചലച്ചിത്രത്തിലോ അഭിനയിച്ചു പരിചയമില്ലാത്ത, അതായത് അഭിനയം തൊഴിലല്ലാത്ത, അഭിനേതാക്കൾ; ഹോളിവുഡ് സിനിമയിലെ കൃത്രിമ ശൈലിയുടെ തിരസ്‌കാരം; സിനിമ സ്റ്റുഡിയോ സെറ്റുകളിൽ ചിത്രീകരിക്കുന്നതിനുപകരം യഥാർത്ഥ ലൊക്കേഷനുകളിൽ സ്വാഭാവികതയോടെ ആവിഷ്‌കരിക്കൽ; നാടകീയവും ശല്യപ്പെടുത്തുന്നതുമായ എഡിറ്റിങ് ശൈലി ഒഴിവാക്കൽ; സമകാലികവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതുമായ പ്രമേയങ്ങൾ സ്വീകരിക്കൽ; ‘ധീരോദാത്തരും', ‘അതിപ്രതാപ ഗുണവാന്മാരു'മായ നായകരെ വിട്ട് സാധാരണ മനുഷ്യരെ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കൽ എന്നിങ്ങനെയുള്ള സവിശേഷതകൾ ഏറിയും കുറഞ്ഞും എല്ലാ നിയോറിയലിസ്റ്റ് സിനിമകളുടെയും മുഖമുദ്രയാണ്.
പലായനത്തെ ആദർശവൽക്കരിക്കുന്ന പരമ്പരാഗത ശൈലിയിൽ നിന്ന് വിടുതൽ നേടിക്കൊണ്ട് നിയോ റിയലിസ്റ്റ് സംവിധായകർ സമകാലിക പ്രമേയങ്ങൾ എടുത്തു സിനിമയിൽ യാഥാർത്ഥ്യബോധത്തോടെ കൈകാര്യം ചെയ്യാനുള്ള ധീരത കാട്ടി. പിന്നീട് ഏറ്റവും ശ്രദ്ധേയമായതും അനുകരിക്കപ്പെട്ടതും ഇതാണ് . അങ്ങനെ ജീവിതത്തിന് നേരെ കണ്ണാടി പിടിക്കുന്ന യഥാതഥ ആവിഷ്‌കാരമായി സിനിമ മാറി.
ആദ്യത്തെ നിയോറിയലിസ്റ്റ് ചിത്രം ലുക്കീനോ വിസ്‌കോന്തിയുടെ ഒബ്‌സെഷൻ (1942) ആയിരുന്നു.
ഒരു നാട്ടിൻപുറത്ത് വെച്ച് എടുത്ത ഈ ചിത്രം ഫാസിസ്റ്റുകൾ സെൻസർ ചെയ്തതു കാരണം അധികം ആർക്കും കാണാൻ കഴിഞ്ഞില്ല. അതിനാൽ അന്താരാഷ്ട്ര പ്രേക്ഷകസമൂഹത്തിനുമുന്നിൽ ആദ്യമെത്തിയ നിയോറിയലിസ്റ്റ് ചിത്രം റോസെല്ലിനിയുടെ റോം ഓപ്പൺ സിറ്റി (1945) ആയിരുന്നു. ആനുകാലിക സംഭവങ്ങളിൽ വ്യാപരിക്കുന്ന സാധാരണ മനുഷ്യരെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിൽ പ്രൊഫഷണലുകളും അല്ലാത്തവരുമായ അഭിനേതാക്കൾ ഉണ്ടായിരുന്നു. ഡോക്യുമെന്ററിയുടെ സ്വഭാവമുള്ള ചിത്രമാണിത്. തുടർന്ന് റോസെല്ലിനി പൈസ (1946) ജർമനി ഇയർ സീറോ (1947) എന്നീ ചിത്രങ്ങൾ എടുത്തു. വിസ്‌കോന്തിയുടെ രണ്ടാമത്തെ ചിത്രം ഭൂമി വിറകൊള്ളുന്നു (ലാ ടെറാ ട്രെമാ, 1948) ആണ്. സിസിലിയിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിൽ ചിത്രീകരിച്ചതാണ് ഈ മികച്ച ചിത്രം. റോസെല്ലിനിയുടെ റോം ഓപ്പൺ സിറ്റി, വിറ്റോറിയോ ഡെസീക്കയുടെ ഷൂ ഷൈൻ, ബൈസിക്കിൾ തീവ്‌സ്, അംബർട്ടോ - ഡി എന്നിവയാണ് ഈ പ്രസ്ഥാനത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.
ഇറ്റലിയിൽ, 1945ലെ റോം ഓപ്പൺ സിറ്റിയിൽ ആരംഭിച്ച് 1952ലെ അംബർട്ടോ ഡി യിൽ അവസാനിച്ച, ഏതാനും വർഷം മാത്രം ശക്തമായിരുന്ന ഒരു പ്രതിഭാസമാണ് നിയോ റിയലിസം എന്നു പറയാം
യുദ്ധം കലുഷമാക്കിയ ഇറ്റലിയുടെ അവസ്ഥയെ യാഥാർത്ഥ്യ ബോധത്തോടെ സമീപിച്ച ഒരു പ്രസ്ഥാനം എന്ന നിലയിലാണ് ഇറ്റാലിയൻ നിയോ റിയലിസം ശ്രദ്ധ നേടിയത്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള ശ്രമവും മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹത്തെ മെച്ചപ്പെടുത്താനുള്ള ത്വരയും ഈ പ്രസ്ഥാനത്തിലുള്ളവർ പ്രകടിപ്പിച്ചു. റെന്വായുടെ ഫ്രഞ്ച് റിയലിസവും, സോവിയറ്റ് സിനിമയും ഒരു പരിധി വരെ അവരെ സ്വാധീനിച്ചിരുന്നതായി കാണാം. ഹോളിവുഡ് സിനിമയിലെ നാടകീയതയും കൃത്രിമത്വവും ഉപേക്ഷിച്ച് ദൈനംദിന ജീവിത യാഥാർത്ഥ്യത്തെ മാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിച്ച സിനിമയാണ് നിയോറിയലിസ്റ്റ് സിനിമ. നിയോറിയലിസ്റ്റ് പ്രസ്ഥാനം ലോകമെമ്പാടുമുള്ള ചലച്ചിത്രങ്ങൾക്ക് വലിയ സ്വാധീനത്തിന്റെ ഉറവിടമായി മാറി. ബ്രിട്ടനിലെ സാമൂഹിക റിയലിസം, ബ്രസീലിലെ നവസിനിമ, ഫ്രഞ്ച് നവതരംഗം, ഇന്ത്യയിലെ അമ്പതുകളിലെ റിയലിസ്റ്റ് സിനിമ എന്നിവയിൽ നിയോറിയലിസ്റ്റ് സ്വാധീനാം കാണാം.
എന്നാൽ ഇറ്റലിയിൽ, 1945ലെ റോം ഓപ്പൺ സിറ്റിയിൽ ആരംഭിച്ച് 1952ലെ അംബർട്ടോ ഡി യിൽ അവസാനിച്ച, ഏതാനും വർഷം മാത്രം ശക്തമായിരുന്ന ഒരു പ്രതിഭാസമാണ് നിയോ റിയലിസം എന്നു പറയാം. ആഭ്യന്തരവും ബാഹ്യവുമായ പല കാരണങ്ങളാൽ പിന്നീട് അത് പ്രതിസന്ധിയിലായി. യുദ്ധാനന്തര ധൈഷണിക ധാരകളായ മാർക്‌സിസം, അസ്തിത്വവാദ ദർശനം, മനോവിശ്ലേഷണ സിദ്ധാന്തങ്ങൾ തുടങ്ങിയവ സാഹിത്യം, കല തുടങ്ങിയ സാംസ്‌കാരിക മേഖലകളെ സ്വാധീനിച്ചപ്പോൾ സിനിമയിലും ഈ പ്രവണത പ്രകടമായി. റിയലിസത്തെ ഇത് പ്രതികൂലമായി ബാധിച്ചു.
നിയോറിയലിസ്റ്റ് സംവിധായകർക്കിടയിൽ വൈവിധ്യം ഉണ്ടായിരുന്നെങ്കിലും ചില പൊതു ധാരണകളുണ്ടായിരുന്നു. ഫാസിസ്റ്റ് ഏകാധിപത്യത്തിൽ നിന്ന്ജനാധിപത്യത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി ഉയർന്ന പ്രതീക്ഷകളും, സമൂഹമാറ്റത്തിന്റെ പ്രതീതിയും മറ്റും നിയോ റിയലിസത്തിന്റെ തകർച്ചക്ക് കാരണമായിരുന്നു. 1948 ൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പിൽ ജയിച്ചത് ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ തകർച്ചയിൽ കലാശിച്ചു. 1950കൾ ഇറ്റലി ഒരു കാർഷിക വ്യവസ്ഥയിൽ നിന്ന് സാവകാശം വ്യവസായ യുഗത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ഘട്ടമായിരുന്നു. അപ്പോൾ തെക്കും വടക്കും തമ്മിൽ സാമ്പത്തികവും സാമൂഹികവുമായ അസമത്വം കൂടിവന്നു. ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ ജനാധിപത്യത്തെ അതിന്റെ സാമൂഹികമായ ഉത്തരവാദിത്വം കൈവെടിഞ്ഞ് അധികാരത്തിന്റെ സാധൂകരണത്തിന് ഉപയോഗപ്പെടുത്തി. നിയോറിയലിസ്റ്റ് സിനിമയെ പ്രതിരോധത്തിന്റെ കലയും സംസ്‌കാരവും ആയാണ് നോക്കിക്കണ്ടിരുന്നത് എന്നതിനാൽ ഭരണവർഗ്ഗം അതിനെ ആക്രമിച്ചു. ഈ എതിർപ്പ് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായിരുന്നു.
ലോകത്ത് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും 1950 കളോടെ ഇറ്റലിയിലെ ഒരു ദേശീയ പ്രസ്ഥാനം എന്ന നിലയിലുള്ള നിയോറിയലിസ്റ്റ് സിനിമ അപ്രത്യക്ഷമായി.
1953ൽ ഫ്രാങ്കോ ഫോർട്ടിനി എന്ന നിരൂപകൻ പറഞ്ഞത് ‘നിയോ റിയലിസം' എന്ന പേരിനേക്കാൾ ‘നിയോ പോപ്പുലിസം' എന്ന പേരാണ് ആ പ്രസ്ഥാനത്തിന് അനുയോജ്യം എന്നാണ്. കാരണം, ജനകീയ ഘടകങ്ങൾ അത്രയേറെ ഉൾച്ചേർന്ന സിനിമയാണത്. പ്രാദേശികത, പ്രാദേശികഭാഷ, ആദർശാധിഷ്ഠിതവും വിപ്ലവാത്മകവുമായ സോഷ്യലിസം, നാച്ചുറലിസം, ഹ്യുമാനിറ്റേറിയനിസം ഇതൊക്കെ അതിലുൾച്ചേർന്നു കിടപ്പുണ്ട്.
ലോകത്ത് വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞെങ്കിലും 1950 കളോടെ ഇറ്റലിയിലെ ഒരു ദേശീയ പ്രസ്ഥാനം എന്ന നിലയിലുള്ള നിയോറിയലിസ്റ്റ് സിനിമ അപ്രത്യക്ഷമായി. തുടർന്ന് വന്ന സംവിധായകരിൽ ഫെഡറിക്കോ ഫെല്ലിനി, റോസെല്ലിനിയുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ചിരുന്നു. നിയോറിയലിസ്റ്റ് രൂപം സ്വീകരിച്ചെങ്കിലും ഫെല്ലിനിയുടെ ചിത്രങ്ങളുടെ ഉള്ളടക്കം അന്യാപദേശപരമായിരുന്നു. റോസെല്ലിനിയോട് സഹകരിച്ച് പ്രവർത്തിച്ച മൈക്കലാഞ്ജലോ അന്റോണിയോണിയാകട്ടെ മധ്യവർഗത്തിന്റെ ജീവിത വിരസത പ്രമേയമാക്കി വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങൾ രചിച്ചു.
ബൈസിക്ക്ൾ തീവ്‌സ്
ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ എല്ലാ സവിശേഷതകളുമൊത്തുചേർന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, ഒരു ലോക ക്ലാസിക് ആണ് വിറ്റോറിയോ ഡിസീക്കയുടെ ബൈസിക്കിൾ തീവ്‌സ്.
അന്റോണിയോ റിച്ചി എന്ന ഒരു തൊഴിൽ രഹിതന്റെ ദൈനംദിന ജീവിതത്തിലെ ഒരു നിസ്സാര സംഭവം - ഒരു സൈക്കിൾ മോഷ്ടിക്കപ്പെട്ട സംഭവം - ആണ് ഈ ചിത്രത്തിലെ പ്രതിപാദ്യം. പോസ്റ്ററൊട്ടിക്കുന്ന ജോലിക്ക് അത്യാവശ്യമായതിനാൽ, കഷ്ടപ്പെട്ട് പണയത്തിൽ നിന്ന് തിരിച്ചെടുത്ത ആ സൈക്കിൾ ഇല്ലെങ്കിൽ അയാൾക്ക് ജോലിയുമില്ല. അങ്ങനെ അതൊരു ജീവന്മരണപ്രശ്‌നമാവുന്നു. ദിവസം മുഴുവൻ റോമിലെ തെരുവുകളിൽ സൈക്കിൾ തേടി അലഞ്ഞവശരാവുന്ന അച്ഛന്റെയും മകന്റെയും ദയനീയ ദൃശ്യങ്ങൾ ഡിസീക്ക വികാരതീവ്രതയോടെ അവതരിപ്പിക്കുന്നുണ്ട്. അവസാനം ഗത്യന്തരമില്ലാതെ മറ്റൊരു സൈക്കിൾ മോഷ്ടിക്കാൻ ശ്രമിക്കവേ അന്റോണിയോ റിച്ചി പിടിക്കപ്പെടുന്നു. ദാരിദ്ര്യം പിന്നെയും തുടരുന്നു. ഇപ്പോൾ ഒരു കള്ളനായി അധഃപ്പതിച്ചതിന്റെ അപമാനവും ആത്മനിന്ദയും കൂടി അന്റോണിയോ അനുഭവിക്കുന്നു. തൊഴിലില്ലാപ്പടയിൽ അയാളും അലിഞ്ഞുചേരുന്നു.
ഇരകളുടെ സാമൂഹ്യപദവി ആണ് ചിത്രത്തിന് അർഥം നൽകുന്നത്. തൊഴിലില്ലായ്മയുടെ ദയനീയമായ ആ പശ്ചാത്തലം ഇല്ലെങ്കിൽ ഈ സിനിമ ഇത്ര ശക്തമാകുമായിരുന്നില്ല. അന്റോണിയോ റിച്ചി ദാരിദ്ര്യത്തിന്റെ ദൂഷിത വലയത്തിൽ ആണ്. ഈ ലോകത്ത് ദരിദ്രർക്ക് ജീവിക്കണമെങ്കിൽ പരസ്പരം മോഷ്ടിക്കേണ്ട അവസ്ഥയാണെന്ന് ചിത്രം വിശദമാക്കുന്നു.
എല്ലാ രംഗവും സ്റ്റുഡിയോക്ക് പുറത്ത് ചിത്രീകരിച്ച ഈ സിനിമയിലെ അഭിനേതാക്കൾക്കൊന്നും നാടകത്തിലോ സിനിമയിലോ അഭിനയിച്ച് പരിചയമില്ല. സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ വസ്തുനിഷ്ഠ പശ്ചാത്തലത്തിലാണ് ധാർമികവും മനഃശാസ്ത്രപരവുമായ നാടകം നടക്കുന്നത്. ഇത് ശുദ്ധ സിനിമയുടെ ആദ്യകാല ഉദാഹരണമായെടുക്കാം. അഭിനേതാക്കൾ ഇല്ല; കഥയില്ല; സെറ്റില്ല; പക്ഷേ പ്രതിഭാശാലിയായ സംവിധായകന് ഹൃദയസ്പർശിയായ സിനിമ രചിക്കാൻ കഴിയുന്നു.
അതീവ ലളിതം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന വിധത്തിൽ ചിത്രീകരിക്കുന്നതിലാണ് ഇതിലെ കലയുടെ സൗന്ദര്യശാസ്ത്രം കുടികൊള്ളുന്നത്. ഓരോ സംഭവവും സ്വാഭാവികം എന്ന് തോന്നുന്ന വിധത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. അപ്പോഴും, സൂക്ഷ്മമായി വിശകലനം ചെയ്താൽ ഒരു ദുരന്ത നാടകത്തിന്റെ ഘടകങ്ങൾ ബൈസിക്കിൾ തീവ്‌സിൽ ഉണ്ട് എന്ന് കാണാം.
തൊഴിലാളി യൂണിയൻ, പൊലീസ്, ചോർ ബസാർ, ക്വേക്കർ വിഭാഗക്കാരുടെ മതം, കള്ളന്മാരുടെ താവളം, റസ്റ്റോറൻറ് ഇവയിലെല്ലാം ഭരണകൂട സ്ഥാപനങ്ങൾക്കും അസമത്വത്തിനുമെതിരെയുള്ള ആക്ഷേപഹാസ്യവുമുണ്ട്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും ദാരിദ്ര്യത്തിലെ നിസ്സഹായതയുമുണ്ട്. ഇതെല്ലാം യോജിപ്പിക്കുന്ന തരത്തിലുള്ള കൃതഹസ്തത, ഭാവന, പ്രതിഭ
ഇവയാണ് ഡിസീക്കയുടെ ഈ നിയോ റിയലിസ്റ്റ് ചിത്രത്തെ അവിസ്മരണീയമാക്കുന്നത്.
ഇന്ത്യയിലെ മഹാനായ സംവിധായകൻ സത്യജിത് റായ് ഈ ചിത്രം നിരവധി തവണ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പഥേർ പാഞ്ചലിക്ക് പിന്നിലെ മുഖ്യ സ്വാധീനം ഈ ചിത്രമായിരുന്നു എന്നത് വ്യക്തവുമാണ്. ഒട്ടേറെ ഉത്കൃഷ്ട രചനകൾക്കുള്ള ഒരു പൂർവമാതൃക സൃഷ്ടിച്ചു എന്നതുകൂടിയാണ് നിയോ റിയലിസ്റ്റ് സിനിമയുടെ, ആ സിനിമയുടെ സത്തയായ ബൈസിക്ക്ൾ തീവ്‌സിന്റെ, ചരിത്രപരവും കലാപരവുമായ മഹത്വം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.