ശ്രീനിവാസൻ മരിച്ച സന്ദർഭത്തിൽ, അദ്ദേഹത്തിന്റേതായ നിരവധി സംഭാഷണങ്ങൾ ചർച്ചയായപ്പോൾ രാഷ്ട്രീയ മലയാളി അവസാനം ചെന്നുനിന്നത് പോളണ്ടിലാണ്. കാലങ്ങളായി കേരളത്തിൽ ആക്ഷേപ രാഷ്ട്രീയ സിനിമകളുടെ മുഖമായി കൊണ്ടാടപ്പെടുന്ന ചലച്ചിത്രമാണ് സന്ദേശം. മലയാളി ഉത്തമൻമാരുടെ നിത്യ വ്യവഹാരങ്ങളിൽ, വിശിഷ്യാ, സൈബർ ഇടത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മലയാളിക്ക് ഈ സിനിമ.
ഇടതു- വലതു മുന്നണികളെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തിൽ വിമർശിക്കുന്ന നിരവധി കഥാസന്ദർഭങ്ങൾ ഈ ചിത്രത്തിൽ ഉണ്ടെങ്കിലും പൊതുവേ ഇത് ഒരു ഇടതുപക്ഷ വിരുദ്ധ ചലച്ചിത്രമായാണ് കൊണ്ടാടപ്പെടുന്നത്. ജീവൻ സഹായിയുടെ ഭാരതയാത്രയും, ചമ്പൂർണ്ണ സാക്ഷരതയും ഇന്ന് വലിയ വിഷയമല്ല ട്രോളന്മാർക്ക്.
ശ്രീനിവാസൻ സന്ദേശത്തിലൂടെ തൊണ്ണൂറുകളുടെ തുടക്കത്തിൽ മുന്നോട്ടുവെച്ച സൂചകങ്ങൾ എങ്ങനെയാണ് ഇന്നും മലയാളിയുടെ ലോക വിചാരമായി തുടർന്നുപോകുന്നത് എന്ന് രാഷ്ട്രീയമായി പരിശോധിക്കുകയാണിവിടെ.
വർഷങ്ങൾക്കുശേഷവും ‘സന്ദേശം’ എന്ന ശ്രീനിവാസൻ സിനിമയുടെ രാഷ്ട്രീയ പരാമർശങ്ങളുടെ ഇട്ടാവട്ടത്തിനപ്പുറം നടക്കാൻ മലയാളി ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കാം?.
നിക്വരാഗയിൽ ഒർട്ടേഗയെ പുറത്താക്കി അമേരിക്കൻ പാവ ഗവൺമെന്റിനെ പ്രതിഷ്ഠിച്ചു, റുമാനിയയിലും മറ്റൊന്നല്ല സംഭവിച്ചത്, ജർമനിയെ നിങ്ങൾ തകർത്തു, വിയറ്റ്നാമിലേയും കമ്പോഡിയയിലെയും വടക്കൻ കൊറിയയിലേയും ജനങ്ങൾ ഞങ്ങൾക്ക് ആവേശമാണ് എന്നും മനുഷ്യന്റെ കഥ ലോകത്ത് എല്ലായിടത്തും ഒന്നാണെന്നും ശ്രീനിവാസൻ സമർത്ഥിക്കുന്നു.
ഇൻറർനാഷണൽ പൊളിറ്റിക്സിനെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്നതിന് ഹംഗറിയിൽ എന്ത് സംഭവിച്ചു എന്ന് ജയറാം കഥാപാത്രം തിരിച്ചടിക്കുന്നു. അവിടെ നിന്നാണ് പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന പ്രയോഗത്തിലൂടെ ആ ചർച്ച തെറ്റിപ്പിരിയുന്നത്.
സന്ദേശം എന്ന സിനിമ ഇറങ്ങിയ 1991- ലെ ആഗോള രാഷ്ട്രീയത്തിന്റെ പരിസരമാണ് ഈ പരാമർശങ്ങളിലൂടെ വെളിവാകുന്നത്. വർഷങ്ങൾക്കുശേഷവും ഈ രാഷ്ട്രീയ പരാമർശങ്ങളുടെ ഇട്ടാവട്ടത്തിനപ്പുറം നടക്കാൻ മലയാളി ശ്രമിക്കാത്തതെന്തുകൊണ്ടായിരിക്കാം?. ശീതയുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ നിൽക്കെ നിരവധി സോഷ്യലിസ്റ്റ് ഭരണകൂടങ്ങളെയാണ് അമേരിക്കയും സി ഐ എയും കൂടി അസ്ഥിരപ്പെടുത്താൻ ശ്രമിച്ചത്. നിരവധി ഇടത്ത് കമ്യുണിസ്റ്റ് വ്യാപനം തടയുന്നതിൽ അവർ വിജയിക്കുന്നുണ്ട്.

എന്നാൽ വിയറ്റ്നാം, കമ്പോഡിയ, വടക്കൻ കൊറിയ പോലുള്ള ചില രാജ്യങ്ങൾ കമ്യൂണിസ്റ്റുകൾക്ക് ആവേശമായി ഇതിനെ പ്രതിരോധിച്ചു നിന്നു. ഇതാണ് ശ്രീനിവാസന്റെ കോട്ടപ്പള്ളി പ്രഭാകരനെ വികാരം കൊള്ളിക്കുന്നത്. ഭരണം അട്ടിമറിക്കുന്നതിൽ അമേരിക്ക വിജയിച്ച ഹംഗറിയും പോളണ്ടും ജയറാമിന്റെ പ്രകാശനെ സംബന്ധിച്ച് കമ്യൂണിസത്തിന്റെ പരാജയമാണ്.
മിണ്ടിക്കൂടാത്ത പോളണ്ട്
മേഖലയിലെ മറ്റു രാജ്യങ്ങളെപ്പോലെ രണ്ടാം ലോകമഹായുദ്ധാനന്തരം സോഷ്യലിസ്റ്റ് രാഷ്ട്രമായി പരിണമിച്ച യൂറോപ്യൻ രാജ്യമാണ് പോളണ്ട്. കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ എൺപതുകൾക്കൊടുവോടെ മേഖലയിലെ മറ്റു രാജ്യങ്ങളിലെന്നപോലെ അമേരിക്കൻ പിന്തുണയോടു കൂടി പ്രക്ഷോഭങ്ങൾ ഉയർന്നുവരുന്നു. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിലുള്ള ജനങ്ങളുടെ അസംതൃപ്തിയും, കമ്യൂണിസത്തെ തുടച്ചുനീക്കാനുള്ള അമേരിക്കൻ പിന്തുണയും കൂടി ചേർന്നപ്പോൾ പോളണ്ട് സംഘർഷഭൂമിയായി.
ഗവൺമെൻറ് വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയത് സോളിഡാരിറ്റി എന്ന ട്രേഡ് യൂണിയൻ പ്രസ്ഥാനം ആയിരുന്നു. 1980-ൽ രൂപം കൊണ്ട ഈ പ്രസ്ഥാനത്തിന്റെ നേതാവ് ലേ വലേസ എന്ന തുറമുഖ തൊഴിലാളിയായിരുന്നു. മില്യൻ കണക്കിന് ഡോളറിന്റെ വിദേശസഹായം സംഘടനയ്ക്ക് കിട്ടിയതായി കണക്കാക്കുന്നു. രാജ്യത്തിന് പുറത്ത് വലിയ രീതിയിലാണ് പ്രസ്ഥാനത്തെ കൊണ്ടാടിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനം 1983-ല്‍ അവർക്ക് നൽകപ്പെടുന്നു. ടൈം മാഗസിൻ വലേസയെ മാൻ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കുന്നു. നിരന്തര പണിമുടക്കുകളും സമരങ്ങളും വെടിവെപ്പുകളും രാജ്യത്ത് അരങ്ങേറി. പോളിഷ് സ്വദേശി കൂടിയായ പോപ്പ് ജോൺപോൾ രണ്ടാമന്റെ പോളണ്ട് സന്ദർശനവും ഐക്യപ്പെടലും വലിയ രീതിയിൽ എതിർപക്ഷത്ത് ആളെക്കൂട്ടി.
ഭൂരിപക്ഷ മലയാളികളുടെ ലോകരാഷ്ട്രീയ ധാരണകളും നിലപാടുകളും ഇന്നും മിക്കപ്പോഴും പഴയ ശ്രീനിവാസന്റെ കേവല സൂചകങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ഒരർത്ഥത്തിൽ ചെറിയ മലയാളിയും വലിയ ലോകവും.
ആദ്യഘട്ടത്തിൽ സോവിയറ്റ് പിന്തുണയോടെ പോളിഷ് ഭരണകൂടത്തിൻ്റെ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ വിജയിച്ചെങ്കിലും, ഗോർബച്ചേവിന്റെ പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റിന്റെയും പശ്ചാത്തലത്തിൽ സോഷ്യലിസ്റ്റ് ഭരണകൂടത്തെ മാറ്റി 1990 ഡിസംബറിൽ ലേ വലേസ പ്രസിഡണ്ടായി അധികാരമേൽക്കുന്നു. ഈ ഭരണമാറ്റം അയൽ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തി.
അമേരിക്കൻ പിന്തുണയാൽ സംഭവിച്ച ഈ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അട്ടിമറിയാണ് ശ്രീനിവാസൻ കഥാപാത്രത്തെ കൊണ്ട് വൈകാരികമായി പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറയിപ്പിക്കുന്നത്. കമ്യൂണിസ്റ്റ് പരാജയം ലോകവ്യാപകമായി ആഘോഷിക്കപ്പെട്ടെങ്കിലും ഈ പ്രസ്ഥാനത്തിന് യാതൊരു അത്ഭുതങ്ങളും പോളണ്ടിൽ ഉണ്ടാക്കാൻ കഴിയുന്നില്ല. അഞ്ചുവർഷം കഴിഞ്ഞ് തിരഞ്ഞെടുപ്പിൽ ലെ വലേസ ദയനീയമായി പരാജയം ഏറ്റുവാങ്ങുന്നു തിരഞ്ഞെടുപ്പിൽ ജയിച്ചതാകട്ടെ യുവ സോഷ്യലിസ്റ്റ് നേതാവായ അലക്സാണ്ടർ ക്വാസിനി യേവ്സ്കി ആണ്. 2000-ലെ തിരഞ്ഞെടുപ്പിലും വലേസ പരാജയം ആവർത്തിക്കുന്നു. ഈ സമയത്തോടെ സോളിഡാരിറ്റി പോളിഷ് രാഷ്ട്രീയത്തിൽ നിന്ന് തീർത്തും അപ്രസക്തമായി മാറുന്നു. പ്രസ്ഥാനത്തിലെ 90% മെമ്പർമാരും ഒഴിഞ്ഞുപോകുന്നു.

1997- ൽ വലേസ ക്രിസ്ത്യൻ ഡെമോക്രസി എന്ന പേരിൽ ഒരു പാർട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിൽ തിരിച്ചുവരാൻ നോക്കിയെങ്കിലും 1.01 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. മേഖലയിലെ പല രാഷ്ട്രങ്ങളെപ്പോലെ മുൻ കമ്യൂണിസ്റ്റുകൾ സോഷ്യൽ ഡെമോക്രാറ്റുകളായി അധികാരം കൈയാളുന്ന കാഴ്ചയാണ് 2005 വരെ പോളണ്ടിലും ദൃശ്യമായത്. അതിനുശേഷം വലതുപക്ഷ യാഥാസ്ഥിക പാർട്ടികൾ ഭരണത്തിലേക്ക് വരുന്നു. ലേ വലേസ അധികാരത്തിൽ നിന്ന് പോയ ശേഷം ,70 -76 കാലഘട്ടത്തിൽ അദ്ദേഹം കമ്യൂണിസ്റ്റ് രഹസ്യ പൊലീസിന് വിവരങ്ങൾ പണം വാങ്ങി ചോർത്തി നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നത് അദ്ദേഹത്തെ രാജ്യത്തിനകത്ത് അപഹാസ്യനാക്കിയിരുന്നു.
വിവിധ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിടുവായൻ മാത്രമാണ് പോളണ്ടുകാർക്ക് ഇന്ന് ലേ. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര കമ്യൂണിസത്തെ പരിഹസിക്കുന്ന ഒരു വിഭാഗം മലയാളിക്ക് തർക്കത്തിൽ പറയാനുള്ള അവസാന വാചകം പോളണ്ടിനെ പറ്റി മിണ്ടരുത് എന്നാണ്.
ശ്രീനിവാസൻ അന്തരിച്ച ദിവസങ്ങളിൽ കേരളത്തിലെ ഒരു വിഭാഗം ആഘോഷിച്ച ഒരു വാർത്തയായിരുന്നു പോളണ്ടിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനം.ക്രിമിനലുകളെ ഗ്ലോറിഫൈ ചെയ്യുന്ന പാർട്ടികൾക്ക് സ്ഥാനമില്ല എന്നാണ് ഭരണഘടന ട്രിബ്യൂണൽ വിധിയിൽ കുറിച്ചത്. എന്നാൽ ഇപ്പോൾ നിരോധിച്ചത് പോളിഷ് ചരിത്രത്തിലെ വർക്കേഴ്സ് പാർട്ടിയെയല്ല. അത് 1999- ലേ പിരിച്ചുവിട്ടതാണ്. ഇപ്പോഴത്തേത് 2002-ൽ മാത്രം നിലവിൽ വന്ന പുതിയ ഒരു കൂട്ടായ്മയാണ്. കാര്യമായ അംഗങ്ങളോ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ ഇല്ലാത്ത ഒരു സംഘം.
വർത്തമാനകാല ലോകം ശ്രീനിവാസന്റെ ഡയലോഗുകളിൽ നിന്ന് എത്രയോ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. തീവ്ര സ്വഭാവമുള്ള യാഥാസ്ഥിതിക വലതുപക്ഷ പാർട്ടികൾ പ്രദേശത്തെ രാജ്യങ്ങളിലും അധികാരത്തിൽ വന്നു കഴിഞ്ഞു.
2020 ൽ അന്നത്തെ നിയമ വകുപ്പ് മന്ത്രിയും ഇപ്പോൾ ഹംഗറിയിൽ ഒളിവിൽ കഴിയുന്നയാളുമായ സിന്യു സിയോബ്ര എന്ന ക്രിമിനൽ മാഫിയാ നേതാവ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി. ഇത് കുത്തിപ്പൊക്കി എടുത്തതാകട്ടെ, ഇപ്പോഴത്തെ പ്രസിഡണ്ടും കടുത്ത യാഥാസ്ഥിതിക വാദിയും ട്രംപ് ആരാധകനുമായ കരോൾ നവറോസ്കിയും. യൂറോപ്യൻ ക്രിസ്ത്യൻ പാരമ്പര്യ വാദിയായ അദ്ദേഹം കടുത്ത ഇസ്ലാം വിരോധിയും കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവുമാണ്. അദ്ദേഹത്തിന് ഈ കമ്യൂണിസ്റ്റ് പാർട്ടിയോടുള്ള വെറുപ്പ്; അത് മുന്നോട്ട് വയ്ക്കുന്ന ക്വീർ രാഷ്ട്രീയം, സ്വവർഗ്ഗവിവാഹം, അബോർഷൻ പോലെയുള്ള വിഷയങ്ങളിലുള്ള ആശയവ്യത്യാസം മൂലമാണ്. നവ യാഥാസ്ഥിതികത്വം പിടിമുറുക്കുന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ മുഖമാണ് നവറോസ്കിയുടേത്, നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി എന്നത് കേരളത്തിലെ ഉത്തമന്മാർ ചിന്തിക്കുന്നതുപോലെ വിപ്ലവം തോക്കിൻ കുഴലിലൂടെ സ്വപ്നം കാണുന്ന ഒരു വിഭാഗം അല്ല, മറിച്ച് ലിബറൽ ആശയങ്ങൾക്കായി നിലകൊള്ളുന്ന പുതിയകാല ഇടതുപക്ഷ കൂട്ടായ്മകളിൽ ഒന്ന് മാത്രമാണ്.
‘ചെറിയ ശ്രീനിയും
വലിയ ലോകവും’
വ്യത്യസ്ത നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് സിനിമയുടെ രചയിതാവായ ശ്രീനിവാസൻ. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ അദ്ദേഹം മുന്നോട്ടുവെച്ച നിലപാടുകളിൽ പലതും അരാഷ്ട്രീയമാണെന്ന വാദം നിലനിൽക്കെതന്നെ, മലയാളിയെ വലിയ വിധത്തിൽ സ്വാധീനിച്ചവയാണ്. അഭിപ്രായങ്ങളിൽ മാത്രമല്ല, സ്വീകരിച്ചുവെച്ച നിലപാടുകളിൽ നിന്നുള്ള മാറ്റങ്ങളുടെ കൂടി പ്രതീകമാണ് ശ്രീനിവാസൻ. ദാസന്റെ ദാസ്യനായ വിജയനിൽ നിന്ന് താരഭഞ്ജകനായ സരോജ്കുമാറാകുമ്പോൾ, ജൈവകൃഷിയുടെ അപ്പോസ്തലൻ ആകുമ്പോൾ, 20 -20 രാഷ്ട്രീയത്തിന്റെ വക്താവ് ആകുമ്പോൾ, ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ മാറി സ്വീകരിച്ച രാഷ്ട്രീയാഭിനിവേശങ്ങളെ വെളിപ്പെടുത്തുമ്പോൾ ഒക്കെ ശ്രീനിവാസൻ മലയാളിക്ക് ചർച്ചാവിഷയമാണ്.

ഒർട്ടേഗ അമേരിക്കയാൽ പുറത്താക്കപ്പെട്ട സോഷ്യലിസ്റ്റ് മാതൃക പുരുഷനിൽ നിന്ന് സ്വേച്ഛാധിപത്യത്തിൻറെ കൂടണഞ്ഞ വിവരം കേരളത്തിൽ വാർത്തയല്ല. ഹംഗേറിയൻ ഓർമ്മയിൽ നിന്ന് നേഗിയുടെ ശവപ്പെട്ടി മാഞ്ഞുപോയിരിക്കുന്നു. ഇന്ന് ഭരിക്കുന്ന വംശീയ - വലതുപക്ഷ പാർട്ടികൾക്ക് പഴയ ശരിയായ കമ്യൂണിസ്റ്റ് ഓർക്കപ്പെടേണ്ടാത്ത അധ്യായമാണ്. പോളണ്ടിൽ കമ്യൂണിസത്തെ അടിയറുപറയിച്ച സോളിഡാരിറ്റി നാമാവശേഷമായി. നേതാവായിരുന്ന ലെ വലേസ രാഷ്ട്രീയ നിഷ്കാ ഷിതനായി, ഇന്ന് അബദ്ധപ്രസ്താവനകളാൽ മാത്രം വാർത്തയിൽ വരുന്ന കോമാളിയായി അധപതിച്ചിരിക്കുന്നു.
വർത്തമാനകാല ലോകം ശ്രീനിവാസന്റെ ഡയലോഗുകളിൽ നിന്ന് എത്രയോ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു. തീവ്ര സ്വഭാവമുള്ള യാഥാസ്ഥിതിക വലതുപക്ഷ പാർട്ടികൾ പ്രദേശത്തെ രാജ്യങ്ങളിലും അധികാരത്തിൽ വന്നു കഴിഞ്ഞു. നിയോ നാസി സംഘടനകൾ അനുദിനം ശക്തിയാർജിച്ചുകൊണ്ടിരിക്കുന്നു. ‘ചെറിയ ശ്രീനിയും വലിയ ലോകവും’ എന്നത് ശ്രീനിവാസൻ അവതരിപ്പിച്ച ഒരു ടെലിവിഷൻ പരിപാടി ആയിരുന്നു. ഭൂരിപക്ഷ മലയാളികളുടെ ലോകരാഷ്ട്രീയ ധാരണകളും നിലപാടുകളും ഇന്നും മിക്കപ്പോഴും പഴയ ശ്രീനിവാസന്റെ കേവല സൂചകങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. ഒരർത്ഥത്തിൽ ചെറിയ മലയാളിയും വലിയ ലോകവും.
