“കൈയിലെ കാശും കൊടു-
ത്തീവിധം തേരാപ്പാര
വയ്യെനിക്കേജിസോഫീസ്
കേറുവാൻ ഭഗവാനേ!”
പി.എഫ് കിട്ടുന്നതിന് നിരവധി തവണ ഏജീസ് ഓഫീസ് കേറേണ്ടി വരുന്നവൻ്റെ ഗതികേട് അവതരിപ്പിക്കാൻ കവി ചെമ്മനം ചാക്കോ എഴുതിയ കവിതയുടെ ആദ്യഭാഗമാണിത്. കേരളത്തിൻെറ അന്താരാഷ്ട്ര ചലച്ചിത്രമേളയായ ഐ.എഫ്.എഫ്.കെയിൽ മണിക്കൂറുകൾ വരി നിൽക്കേണ്ടി വരുന്നവരുടെ സങ്കടം എഴുതാൻ പ്രശസ്തരോ അപ്രശസ്തരോ ആയ കവികൾ ഇല്ലാതെ പോയി. ഇത്തവണത്തെ ചലച്ചിത്രോത്സവത്തിൽ സിനിമകൾ പ്രദർശിപ്പിക്കാൻ സജ്ജമാക്കിയ തിയറ്ററുകളുടെ എണ്ണം 14 ആയിരുന്നു. ആകെ ഇരിപ്പിടങ്ങൾ 7000. എന്നു വെച്ചാൽ 7000 ഡെലിഗേറ്റുകൾക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ചുരുക്കം. ഡെലിഗേറ്റല്ലാത്ത ഒരാളും സിനിമ കാണാനെത്തുന്നില്ലെന്ന് സങ്കല്പിച്ചാൽ 7000 ഡെലിഗേറ്റുകളുടെ രജിസ്റ്റർ ചെയ്യിക്കാം. എന്നാൽ 29ാമത് ചലച്ചിത്രോത്സവത്തിൽ രജിസ്റ്റർ ചെയ്തത് 14000 പേരാണ്. എന്നുവെച്ചാൽ ഒരു സമയത്ത് പകുതിപ്പേർ പുറത്തു നിൽക്കണമെന്ന്.
എല്ലാവരും എല്ലാ സമയത്തും സിനിമ കാണാനെത്തില്ലെന്ന് വാദമുയർത്താം. പക്ഷേ പണം കൊടുത്ത് ഡെലിഗേറ്റായെത്തുന്ന ഒരാൾക്കും അവസരം നിഷേധിക്കാതിരിക്കാൻ സംഘാടകർക്ക് ഉത്തരവാദിത്തമില്ലേ? ഡെലിഗേറ്റായ മുതിർന്ന പൗരരെ പുറത്ത് നിർത്തി ഡെലിഗേറ്റോ അതിഥികളോ അല്ലാത്ത തല്പര പൗരരെ മുൻകൂട്ടി അകത്ത് കയറ്റിയിരുത്തുന്ന സീറ്റുകളുടെ എണ്ണം കൂടി കുറച്ചാൽ 7000-ൽ പിന്നെയും വലിയ കുറവു വരും കേട്ടോ. ഡെലിഗേറ്റ് പാസെടുത്തതു കൊണ്ടു മാത്രം ഒരാൾക്ക് സിനിമ കാണാനുള്ള അവകാശം കൈവരുന്നില്ല. പ്രദർശനത്തിൻ്റെ തലേ ദിവസം രാവിടെ 8 മണിക്കും 8.02-നുമിടയിലുള്ള ‘ശുഭമുഹൂർത്ത’ത്തിൽ കാത്തിരുന്ന് റിസർവേഷൻ നടത്തണം. അതും ഒരു ദിവസം 3 സിനിമയ്ക്ക് മാത്രം. ഇഷ്ടമുള്ള സിനിമ ബുക്ക് ചെയ്യാനാവില്ലെന്നത് യാഥാർത്ഥ്യം. കാരണം ഒരു തിയേറ്ററിൽ ശരാശരി 500 സീറ്റാണ് ലഭ്യം. 800-ലേറെ സീറ്റുകളുള്ള ടാഗോർ മുതൽ 100 സീറ്റുള്ള തിയേറ്റർ വരെ പെടും. അതിൽ 70 ശതമാനം ആണ് മുൻകൂർ റിസർവേഷൻ ചെയ്യാൻ പറ്റുന്നത്. എന്നാൽ ഒരാൾക്ക് ഏതെങ്കിലും മൂന്ന് സിനിമയെങ്കിലും മുൻകൂർ റിസർവ് ചെയ്യാൻ പറ്റേണ്ടതല്ലേ? ഇനി ഭാഗ്യത്തിന് റിസർവേഷൻ ലഭിച്ച ആൾക്ക് തന്നെ സീറ്റ് ലഭിക്കുമെന്നുറപ്പുണ്ടോ? അതുമില്ല.
റിസർവേഷൻ ചെയ്ത ആൾക്ക് ഒരു ക്യൂ, ചെയ്യാത്തവർക്ക് മറ്റൊരു ക്യൂ. റിസർവ് ചെയ്തവരുടെ 70%-വും അല്ലാത്തവരുടെ 30%-വും സീറ്റുകൾ തിയേറ്ററിനകത്തുണ്ട്. എന്നാൽ റിസർവേഷൻ ചെയ്തവരെ അകത്ത് കയറ്റിക്കഴിഞ്ഞ് സിനിമതുടങ്ങാൻ 10 മിനുറ്റുള്ളപ്പോൾ മാത്രമേ റിസർവേഷൻ ചെയ്യാത്തവരെ അകത്തു പ്രവേശിപ്പിക്കൂവെന്നാണ് ചട്ടം. അതെന്തിനാണാവോ? 30% സീറ്റുകളുടെ അവകാശികളെ ആദ്യം മുതൽ തന്നെ പ്രവേശിപ്പിക്കേണ്ടതല്ലേ. നിശ്ചിത സമയം കഴിഞ്ഞിട്ടും വരാത്ത റിസർവേഷൻകാരുടെ സീറ്റിലേക്ക് അൺറിസർവ്ഡ്കാരിൽ ബാക്കിയുള്ളവരെ പിന്നീട് പ്രവേശിപ്പിക്കുകയും ചെയ്യാമല്ലോ.
ചില നിർദ്ദേശങ്ങൾ കൂടി പങ്കുവെക്കാം:
1. ആകെ സീറ്റിനൊപ്പം 30-% കൂടി കൂട്ടി (ആകെ 130%) മാത്രം ഡെലിഗേറ്റുകളെ അനുവദിക്കുക.
2. മുതിർന്ന പൗരർക്കും ഭിന്നശേഷിക്കാർക്കും രജിസ്റ്റർ ചെയ്തതിന് ആനുപാതികമായി സീറ്റുകൾ മാറ്റിവെക്കുക. അവർക്ക് റിസർവേഷൻ വേണ്ടെന്നു വെക്കുക. ആദ്യമെത്തുന്ന മുറയ്ക്ക് പ്രവേശനമനുവദിക്കുക.
3. റിസർവേഷൻ നടത്തുമ്പോൾ തന്നെ സീറ്റ് നമ്പർ നൽകുക. ( പ്രദർശനം തുടങ്ങുന്നതിന് നിശ്ചിത സമയം മുമ്പേ മാത്രം എത്താനും മണിക്കുറുകൾ വീണ്ടും ക്യൂ നിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനും സാധിക്കും)
4. പ്രദർശനത്തിന് ഒരു മണിക്കൂർ മുമ്പെ ബാക്കിയുള്ള സീറ്റുകളിലേക്ക് (30%) കൂടി റിസർവേഷൻ ഓൺലൈനായോ കൗണ്ടർ വഴിയോ ലഭ്യമാക്കുക.
5. 10 മിനുറ്റ് മുമ്പേ എത്താത്തവരുടെ റിസർവേഷൻ ക്യാൻസലാവുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്ക് കൂടി പ്രവേശനം അനുവദിക്കുക.
6. ഡെലിഗേറ്റോ ക്ഷണിക്കപ്പെട്ട അതിഥികളോ അല്ലാത്ത ഒരാളെയും പ്രവേശിപ്പിക്കുന്നില്ലെന്ന കർശനമായ നിയന്ത്രണം ഉറപ്പു വരുത്തുക.