മറക്കാനാവുമോ ഒഡേസാപ്പടവുകൾ?
മറക്കാനാവുമോ തിക്കിനും തിരക്കിനുമിടയിൽ മരണവെപ്രാളത്തോടെ പടവിൽനിന്ന് പടവിലേക്ക് മറിഞ്ഞുമറിഞ്ഞുവീണ ആ മനുഷ്യർക്കിടയില കാലുകളില്ലാത്ത മനുഷ്യനെ? ആപ്രാമിൽ (ശിശു വാഹനം) അമ്മ വലിച്ചുകൊണ്ടുപോയ ആ കുരുന്നിനെ? പിന്നെ നാം കണ്ട അനാഥമായി തലകുത്തി വീഴുന്ന ആപ്രാം. പടവുകൾക്കു മുകളിൽ അശ്വാരൂഢരായി തോക്കേന്തിനിന്ന ആ പട്ടാളക്കാരുടെ കണ്ണുകളിലെ ക്രൂരത?
ലോകചരിത്രത്തിലെ വലിയ മുഹൂർത്തങ്ങൾ അവിസ്മരണീയങ്ങളായ ചലച്ചിത്രനിർമിതിയ്ക്ക് കാരണമായിട്ടുണ്ട്. റഷ്യൻ വിപ്ലവവുമായി ബന്ധപ്പെട്ട് എന്നും ഓർമിക്കപ്പെടുന്ന പോട്ടെംകിൻ പടക്കപ്പലിനെ കേന്ദ്രത്തിൽ നിർത്തി, സെർഗി ഐസൻസ്റ്റെൻ എന്ന വിഖ്യാത റഷ്യൻ ചലച്ചിത്രകാരൻ സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രസക്തമായ ചിത്രം ‘Battleship Potemkin’ ലോകത്തിനു സമ്മാനിച്ചിട്ട് 2025 ഡിസംബറിൽ നൂറു വർഷം പൂർത്തിയി.
സിനിമയുടെ ചരിത്രത്തിലെ വിപ്ലവമെന്നാണ്, ലോകചരിത്രത്തിലെ വലിയൊരു വിപ്ലവം മുൻനിർത്തി എടുത്ത ഈ സിനിമയെക്കുറിച്ച് നിരൂപകർ അഭിപ്രായപ്പെടുന്നത്. ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്രത്തിൽ ഐസൻസ്റ്റൈൻ കൊണ്ടുവന്ന പരിവർത്തനം ഇന്നും പ്രസക്തമെന്ന് അവർ ചുണ്ടിക്കാണിക്കുന്നു. സിനിമ നൂറു വർഷം തികയ്ക്കുമ്പോൾ, അതിനടിസ്ഥാനമായ ചരിത്രസംഭവത്തിന് 120 വയസ്സ്.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ റഷ്യയിലെ സാർ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച ആഭ്യന്തര കലാപങ്ങളുടെ പരമ്പരകളിലൊന്ന് അരങ്ങേറിയത് ഒഡേസയിലായിരുന്നു. ഒഡേസാപ്പടവുകളെന്ന് ആ പടികളെ വിശേഷിപ്പിച്ചിരുന്നെങ്കിലും, പടവുകളെന്നതിലുപരി അത് ദൈർഘ്യവും വീതിയുമേറിയ, അനേകം പടവുകളുള്ള ഗോവണിപ്പാതയായിരുന്നു. യുക്രെയിൻ എന്ന കരിങ്കടൽ തീരരാഷ്ട്രത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള പ്രധാന തുറമുഖവും ഗതാഗത കേന്ദ്രവുമായ ഒഡേസ. ഇന്നും യുദ്ധത്തിന്റെ തീയും പുകയും അണഞ്ഞിട്ടില്ലാത്ത യുക്രെയ്ൻ, വിപ്ലവകാലത്ത് റഷ്യയുടെ തന്നെ ഭാഗമായിരുന്നു. തുറമുഖത്തുനിന്ന് നഗരഹൃദയത്തിലേക്ക് കടക്കാനുള്ള ഗോവണിപ്പാതയെ ഒഡേസാപ്പടവുകൾ എന്നു വിളിച്ചു.

1970-കളിലെയും 80-കളിലെയും ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് ‘ബാറ്റിൽഷിപ്പ് ഓഫ് പൊട്ടംകിൻ’ എന്ന ഐസൻസ്റ്റൈൻ ചിത്രത്തിന് കേരളത്തിൽ പ്രചാരം കൊടുത്തത്. ചലച്ചിത്രാസ്വാദന കളരികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ചിത്രം സിനിമാ ക്ലാസ്സുകളിലെ പാഠപുസ്തകമായി മാറി.
ഐസൻസ്റ്റൈനിന്റെ ഭാവന ചരിത്രത്തിലെ വിപ്ലവത്തിന് ജീവൻ നൽകിയപ്പോഴാണ് ഒഡേസാപ്പടവുകൾ എന്ന ചലച്ചിത്ര സീക്വൻസ് രൂപമെടുത്തത്. ചലച്ചിത്രഭാഷയിൽ പുതിയ ലിപികൾ വരഞ്ഞുവീണ ദൃശ്യപരമ്പര. പടവുകൾക്കു മുകളിൽ സാറിസ്റ്റ് ഭരണകൂടത്തിന്റെ പട്ടാളം തോക്കുചൂണ്ടി നിലയുറപ്പിച്ചു. താഴെ കടലിൽ പൊട്ടംകിൻ കപ്പലിൽ നാവികർ അസ്വസ്ഥരായിരുന്നു. തുറമുഖത്തുനിന്ന് സാധാരണ മനുഷ്യരും ഗോവണിപ്പാത കയറുന്നുണ്ടായിരുന്നു. പട്ടാളം വെടി ഉതിർത്തു. പടികളിൽ ഉന്തുംതള്ളും. ചിലർ പിടഞ്ഞുവീണു. മുറിവേറ്റവരും അല്ലാത്തവരും ഗോവണിപ്പടികളിൽ നിലതെറ്റി വീണ് താഴേക്കുതാഴേക്ക് കാലുകളില്ലാതെ നിരങ്ങിയിറങ്ങിക്കൊണ്ടിരുന്ന ഒരു മനുഷ്യന്റെ ദൃശ്യം ആവർത്തിക്കപ്പെടുന്നു. അമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട് പോയ ശിശുകിടന്ന പ്രാം തലകുത്തനെ വീണുമറിയുന്നു. ഈ ദൃശ്യങ്ങൾ പൊട്ടംകിൻ വിപ്ലവത്തിന്റെ ഭാഗമല്ലായിരിക്കാം. എന്നാൽ ഐസൻസ്റ്റൈനിന്റെ സർഗപ്രതിഭയിൽ ആളിയ ഈ ദൃശ്യങ്ങളിലൂടെയാണ് വിപ്ലവത്തിനെതിരായ ഭരണകൂട ഭീകരത അഭ്രപാളികളിൽ പുനരാവിഷ്കരിക്കപ്പെട്ടത്.
ഇരമ്പുന്ന കടലിന്റെ രൗദ്രഭാവം വെള്ളിത്തിരയിൽ പകർത്തിക്കൊണ്ടാണ് ബാറ്റിൽഷിപ്പ് പൊട്ടംകിൻ എന്ന ചലച്ചിത്രത്തിന്റെ ആരംഭം. പിന്നെ ക്യാമറ പടക്കപ്പലിന്റെ അമരത്തേക്കും കപ്പലിലെ ക്ഷീണിതരും അസ്വസ്ഥരുമായ നാവികരിലേക്കും തിരിയുന്നു. തുടർന്ന് കപ്പലിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കണ്ണിൽ നികൃഷ്ടജീവികളായ അവരുടെ ദൈന്യമുഖങ്ങളുടെ ക്ലോസ് അപ്.
ഒരു ദിവസം കഴിക്കാൻ വിളമ്പിയ മാംസത്തിന്റെ അരുചിയും ദുർഗന്ധവും നാവികരെ പ്രകോപിപ്പിക്കുന്നു. അതിനെ തുടർന്ന് കപ്പലിലെ പാചകപ്പുരയിൽ തൂക്കിയിട്ടിരുന്ന വലിയ മാംസപാളികളിൽ ക്യാമറക്കണ്ണുകൾ കേന്ദ്രീകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥസംഘം അത് പരിശോധിക്കുന്നു. മാംസപാളികളിൽ പുഴുക്കൾ നുരയ്ക്കുന്നതിന്റെ ആവർത്തിച്ചുള്ള കാഴ്ച. ഇത് വലിയൊരു കലാപത്തിന് വഴിതെളിച്ചു. കലാപം മറ്റുകപ്പലുകളിലേക്കും വ്യാപിച്ചു. റഷ്യയുടെ ജപ്പാനെതിരെയുള്ള യുദ്ധത്തിനു സന്നദ്ധമായിനിന്ന പടക്കപ്പലുകൾ ഒഡേസാ തുറമുഖത്തേക്ക് പാഞ്ഞടുത്ത് സാർ ചക്രവർത്തിമാരുടെ ദുഷ്ഭരണത്തിനെതിരെയുള്ള ആഭ്യന്തര കലാപത്തിന് ആക്കം കൂട്ടി.

പൊട്ടംകിൻ പടക്കപ്പൽ റഷ്യൻ വിപ്ലവത്തിന്റെ ചരിത്രത്തിലും അതേ പേരിലുള്ള സിനിമ ലോകസിനിമയുടെ ചരിത്രപഥങ്ങളിലും അടയാളക്കല്ലായി. കാഴ്ചക്കാരിൽ വൈകാരിക പ്രകമ്പനം സൃഷ്ടിച്ച്, അവരുടെ കാഴ്ചാശീലങ്ങളെ സ്വാധീനിച്ച് സിനിമയിലെ ബൗദ്ധികതലം ഉൾക്കൊള്ളാൻ സമത്ഥമായ മൊണ്ടേജ് എഡിറ്റിംഗ് രീതി ഐസൻസ്റ്റൈൻ പരീക്ഷിച്ചത് ഒഡേസാ സീക്വൻസിലാണ്. കൂട്ടക്കൊല ചിത്രീകരിക്കാൻ സജ്ജമാക്കിയ ഈ സീക്വൻസിലെ ദ്രുതഗതിയിലുള്ള കട്ടുകൾ, ഒരുമിച്ചുവെച്ച വൈരുദ്ധ്യമാർന്ന ദൃശ്യങ്ങൾ തുടങ്ങിയവ കാഴ്ചക്കാരെ ഭയചകിതരാക്കി. സൂക്ഷ്മമായി വിന്യസിച്ച ദൃശ്യങ്ങളിലൂടെയും ഉപയോഗിച്ച എഡിറ്റിംഗ് രീതിയിലൂടെയും പടുത്ത ഒഡേസാ സീക്വൻസ് ഇന്നും സിനിമയുടെ കാഴ്ചാശാസ്ത്രത്തിലെ വിസ്മയമാണ്. അത് പിന്നീടു വന്ന വിഖ്യാതരായ പല ചലച്ചിത്ര പ്രതിഭകളേയും സ്വാധീനിച്ചതായി സിനിമാപഠിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
ഭരണകൂട ക്രൂരതയ്ക്കെതിരെ, അധികാരത്തിന്റെ ഹുങ്കിനെതിരെ സാധാരണ ജനങ്ങൾ നടത്തിയ വിപ്ലവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം ചലച്ചിത്രഭാഷയെ തന്നെ വിപ്ലവാത്മകമായി പരിവർത്തനപ്പെടുത്തിയ ‘ബാറ്റിൽഷിപ്പ് ഓഫ് പൊട്ടംകിൻ’ സാമൂഹികമായും രാഷ്ട്രീയമായും സൗന്ദര്യശാസ്ത്രപരമായും പ്രസക്തി നഷ്ടപ്പെടാതെ കാഴ്ചക്കാരിൽ അശാന്തി പടർത്തുന്നു. പടക്കപ്പലുകൾ ഇപ്പോഴും സമുദ്രങ്ങളിൽ വിന്യസിക്കപ്പെടുന്നു.

