Photo: A.J. Joji

സിനിമയുടെ സ്​പിരിറ്റ്​ നിറച്ച ഒരു മേള

ഐ.എഫ്.എഫ്.കെ.

മത്സരവിഭാഗത്തിൽ, ഒരു ചിത്രമൊഴിച്ചാൽ ബാക്കിയുള്ളവയെല്ലാം 2021 ൽ പുറത്തിറങ്ങിയവയാണ്. അതുകൊണ്ടു തന്നെ ലോക സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് പ്രേക്ഷകർക്കു മുമ്പിലെത്തുന്നത്​.

ലോകത്തിലെ വിവിധ ദേശങ്ങളിലുള്ള മനുഷ്യരുടെ സംഘർഷങ്ങൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എന്നിവ അവരവരുടേതായ ഭാഷയിൽ നമ്മുടെ മുറ്റത്ത് വന്നുനിന്ന് സംസാരിച്ചു തുടങ്ങുന്ന അനുഭവമാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) നല്കുന്നത്. മാർച്ച് 18 മുതൽ 25 വരെ ഒരാഴ്ച തലസ്ഥാന നഗരി ഐ. എഫ്. എഫ്. കെയുടേതാകും. ലോകത്തിന്റെയും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും വരുന്ന ചലച്ചിത്ര പ്രേമികൾക്ക്​ തിരുവനന്തപുരം ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്തു കഴിഞ്ഞു.

എല്ലാ വർഷവും ഡിസംബർ രണ്ടാം വാരം നടക്കേണ്ട ​മേള കോവിഡിനെതുടർന്ന്​വലിയ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണ അതിജീവനത്തിന്റെ സന്ദേശവുമായി കാൽ നൂറ്റാണ്ട് തികഞ്ഞ ചലച്ചിത്രമേള ആൾക്കൂട്ടത്തിന്റെ കേന്ദ്രീകരണം ഒഴിവാക്കാൻ തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായാണ് നടത്തിയത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞുവരുന്ന ഈ ഘട്ടത്തിൽ മേളയുടെ 26-ാമത് എഡിഷൻ തിരുവനന്തപുരം എന്ന സ്ഥിരം വേദിയിൽ തന്നെ എത്തിയിരിക്കുകയാണ്.

കൃത്രിമക്കാലിൽ വരും ലിസ കാലാൻ

യുദ്ധത്തിന്റേതായ ഒരന്തരീക്ഷത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. ഏതൊരു യുദ്ധവും സമാധാനത്തിനു വേണ്ടിയാണെന്ന് അവകാശവാദമുന്നയിക്കാറുണ്ടെങ്കിലും അത് നല്കുന്ന മുറിവുകൾ ആഴത്തിലുള്ളതാണ്. രാജ്യവും ഹൃദയവും തകർക്കപ്പെടുമ്പോൾ അതിന്റെ മുറിവുകൾ ഉണങ്ങുവാൻ കാലതാമസമെടുക്കും. യുദ്ധത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങി അതിജീവിച്ച ഒരു ചലച്ചിത്രകാരി ഇത്തവണ എത്തുന്നുണ്ട്. കുർദ്ദിഷ് സംവിധായിക ലിസ ചാലാൻ (Lisa Calan).

ഐ.എസിന്റെ ബോംബാക്രമണത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട ഈ യുവ സംവിധായികയുടെ അചഞ്ചലമായ ഇച്ഛാശക്തിയും പ്രതിരോധശേഷിയും മാനിച്ച് ‘സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകാൻ ഐ. എഫ്. എഫ്.കെ തീരുമാനിക്കുകയായിരുന്നു. അത് വാങ്ങുന്നതിനായി അവർ കൃത്രിമ കാലിലൂന്നി കേരളത്തിന്റെ മണ്ണിലേക്കെത്തും.

‘ദി ടങ് ഓഫ് ദി മൗണ്ടൻസ് ’ (The Tongue of the Mountains) എന്ന തന്റെ ഹൃസ്വ ചിത്രവും മേളയിൽ പ്രദർശിപ്പിക്കും.

ലിസ ചാലാൻ

മത്സരവിഭാഗത്തിൽ മലയാളവും ഇന്ത്യൻ ഭാഷയിലുമുൾപ്പെടെ പതിനാല് ചിത്രങ്ങളാണുള്ളത്. തുർക്കി, അർജന്റീന, റഷ്യ, ലെബനൻ, ഇസ്രായേൽ, യു.എസ്, അസർബൈജാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവയാണ് മറ്റ് ചിത്രങ്ങൾ. ഒരു ചിത്രമൊഴിച്ചാൽ ബാക്കിയുള്ളവയെല്ലാം 2021 ൽ പുറത്തിറങ്ങിയവയാണ്. അതുകൊണ്ടു തന്നെ ലോക സിനിമയുടെ ഏറ്റവും പുതിയ മുഖമാണ് മത്സര വിഭാഗത്തിലൂടെ പ്രേക്ഷകർക്കു മുമ്പിലെത്തുന്നതെന്നു പറയാം.

രഹന മറിയം നൂർ, ബംഗ്ലാദേശിൽനിന്ന്​

മേളയിലെ ഉദ്ഘാടന ചിത്രമായ ‘രഹന' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘രഹന മറിയം നൂർ' ബംഗ്ലാദേശിൽ നിന്നുള്ളതാണ്. 2021 ൽ പുറത്തിറങ്ങിയ ശക്തമായ ഒരു സ്ത്രീപക്ഷ സിനിമയാണിത്. ബംഗ്ലാദേശി എഴുത്തുകാരനും ചലച്ചിത്രകാരനുമായ അബ്ദുല്ല മുഹമ്മദ് സാദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത രഹന ഇതിനകം ലോക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. 2021 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പ്രവേശനം നേടിയെടുത്തതോടെ ആദ്യമായി അവിടേയ്ക്ക് എൻട്രി ലഭിക്കുന്ന ആദ്യ ബംഗ്ലാദേശ് ചിത്രമെന്ന ഖ്യാതിയും രഹനയ്ക്ക് ലഭിച്ചു.

മ്യാൻമറിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ആറ് ചിത്രങ്ങളും കുർദ്ദിസ്ഥാനിൽ നിന്ന് രണ്ട് ചിത്രങ്ങളുമാണ് ‘ഫ്രെയിമിംഗ് കോൺഫ്‌ളിക്റ്റ്' എന്ന പാക്കേജിൽ. പ്രവാസവും പലായനങ്ങളും യുദ്ധവും വൈയക്തിക സംഘർഷങ്ങളുമൊക്കെയാണ് ഈ സിനിമകളുടെ പ്രമേയ പരിസരം.

ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ അസിസ്റ്റൻറ്​ പ്രൊഫസറായ രഹന മറിയം നൂർ കുടുംബ ജീവിതത്തിനും ഔദ്യോഗിക ജീവിതത്തിനുമിടയിലൂടെയുള്ള സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 38 വയസിലെത്തിയ അവൾക്ക് അദ്ധ്യാപിക, ഡോക്ടർ, സഹോദരി, മകൾ , അമ്മ എന്നിങ്ങനെ നിരവധി വേഷങ്ങൾ ആടിത്തീർക്കേണ്ടതുണ്ട്. ഒരിക്കൽ സഹപ്രവർത്തകനായ ഒരു പ്രൊഫസറുടെ ഓഫീസിൽ നിന്ന് കരഞ്ഞ്​ ഇറങ്ങിപ്പോകുന്ന വിദ്യാർത്ഥിനിയെ രഹന കാണുന്നു. കൺമുമ്പിൽ നടന്ന ഈ അനീതിയെ അവഗണിക്കാൻ അവൾക്കാവില്ല. അതേസമയം തന്റെ ആറു വയസായ മകളുടെ ചില വിചിത്രമായ പെരുമാറ്റങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർ അവളെ ധരിപ്പിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും പക്ഷത്തല്ലാതെ അവൾക്ക് നിലയുറപ്പിക്കാൻ കഴിയില്ല. തന്റെ മകൾക്കും വിദ്യാർത്ഥിനിക്കും നീതി ലഭിച്ചേ മതിയാവൂ. അതിനായി രഹന ഒരു പോരാട്ടത്തിനിറങ്ങുകയാണ്.

രഹന മറിയം നൂറിലെ ഒരു രംഗം. രഹനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത ബംഗ്ലാദേശി നടി അസ് മേരി ഹാക്യു ബാധോൻ ആണ്.

ആൺകോയ്മയുടേതായ ഒരു സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അവഗണനയുടെയും അതിക്രമങ്ങളുടെയും നേർചിത്രങ്ങൾ തെളിഞ്ഞു നില്ക്കുന്ന സിനിമയായി ഇതു മാറുന്നു. ശ്രദ്ധേയയായ ബംഗ്ലാദേശ് നടി അസ് മേരി ഹാക്യു ബാധോൻ (Azmeri Haque Badhon) ആണ് രഹനയായി അഭിനയിക്കുന്നത്. 2006 മുതൽ അഭിനയ രംഗത്ത് സജീവമായ ബാധോൻ ഒരു ദന്തിസ്റ്റു കൂടിയാണ്.

‘നായാട്ടു’ മുതൽ ‘ദി ​ഗ്രേറ്റ്​ ഇന്ത്യൻ കിച്ചൺ’ വരെ

‘മലയാളം സിനിമ ടുഡേ' വിഭാഗത്തിൽ സമീപകാലത്ത് ചിത്രീകരിക്കപ്പെട്ട 12 സിനിമകളുണ്ട്​. അതിൽ തിയേറ്റർ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യപ്പെടുകയും ശ്രദ്ധേയമാവുകയും ചെയ്ത നായാട്ട്, സണ്ണി, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നീ ചിത്രങ്ങളുമുണ്ട്.

‘ഇന്ത്യൻ സിനിമാ നൗ' വിഭാഗത്തിൽ ഏഴു ചിത്രങ്ങളാണുള്ളത്. സമകാല ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് സർഗാത്മകമായി സംവദിക്കുന്നവയാണ് ഈ സിനിമകൾ. ജനാധിപത്യം, മതനിരപേക്ഷത എന്നിവയ്ക്ക് സംഭവിക്കുന്ന പരിക്കുകളും ഭരണകൂടത്തിന്റ ഹിംസാത്മക ഇടപെടലുകളും അടിത്തട്ട് മനുഷ്യർ നേരിടുന്ന സംഘർഷങ്ങളും ചെറുത്തുനിൽപുകളും ഈ ചിത്രങ്ങൾ ആവിഷ്‌കരിക്കുന്നു.

കോവിഡ് മഹാമാരി മുതൽ യുദ്ധവും പ്രണയവും രതിയും മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്ന ഈ സിനിമകൾ പുതിയ ചലച്ചിത്രഭാഷയുടെയും ഭാവുകത്വത്തിന്റെയും തുറസ്സുകളിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

സംഘർഷ ഭൂമികയിലെ ഫ്രെയിമുകൾ

ആഭ്യന്തരമോ അന്തർദേശീയമോ ആയ യുദ്ധങ്ങളിലും സംഘർഷങ്ങളിലും ചിതറിപ്പോകുന്ന മനുഷ്യരുടെ നിലവിളികളെ കാണാതിരിക്കാൻ സിനിമയ്ക്കാവില്ല. രാഷ്ട്രീയവും സാംസ്‌കാരികവുമായ മാനങ്ങൾ അതിനുണ്ട്. നിരന്തരമായി സംഘർഷങ്ങളെ അഭിമുഖീകരിക്കുന്ന രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, മ്യാന്മർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ പറയാൻ ശ്രമിക്കുന്നത് എന്തായിരിക്കും?

ഐ.എഫ്.എഫ്.കെയുടെ 26-ാമത് എഡിഷന്റെ സവിശേഷമായ ഒരു പാക്കേജായി അവതരിപ്പിക്കപ്പെടുന്ന ‘ഫ്രെയിമിംഗ് കോൺഫ്‌ളിക്റ്റ്' (Framing Conflict: Films from Afghanistan, Kurdistan, Myanmar) അതിനൊരു ഉത്തരം നല്കുമെന്ന് പ്രതീക്ഷിക്കാം. മ്യാൻമറിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമായി ആറ് ചിത്രങ്ങളും കുർദ്ദിസ്ഥാനിൽ നിന്ന് രണ്ട് ചിത്രങ്ങളുമാണ് ഈ പാക്കേജിൽ. പ്രവാസവും പലായനങ്ങളും യുദ്ധവും വൈയക്തിക സംഘർഷങ്ങളുമൊക്കെയാണ് ഈ സിനിമകളുടെ പ്രമേയ പരിസരം.

മിഗുവൽ ഗോമസിന്റെ ‘ഫാന്റസികൾ'

ശ്രദ്ധേയനായ പോർച്ചുഗീസ് സംവിധായകനും എഴുത്തുകാരനുമായ മിഗുവൽ ഗോമസിന്റെ (Miguel Gomes) ഏഴു ചിത്രങ്ങൾ മേളക്ക്​ പുതിയ ദൃശ്യാനുഭവമായിരിക്കും. Sublime Fantasia: the Films of Miguel Gomes എന്ന വിഭാഗത്തിലാണ് ചിത്രങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അറേബ്യൻ നൈറ്റ്‌സ്​​​​​​​ സീരിസിലെ മൂന്നു ചിത്രങ്ങളും ഈ പാക്കേജിന്റെ പ്രത്യേകതയാണ്. വിഖ്യാതമായ ആയിരത്തൊന്ന് രാവുകളുടെ കഥ തന്റേതായ രീതിയിൽ മൂന്നു സിനിമകളാക്കി ചിത്രീകരിക്കുകയും പോർച്ചുഗൽ സാമൂഹിക ജീവിതത്തോട് കണ്ണി ചേർക്കുകയുമാണ് സംവിധായകൻ.

ലോകസിനിമയുടെ തുറസ്സ്

സമകാലിക ലോകസിനിമയെ അഭിവാദ്യം ചെയ്​താണ്​ എക്കാലവും ഐ.എഫ്.എഫ്.കെ. നിലകൊണ്ടിട്ടുള്ളത്. ഈ വർഷം 87 സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു. ഭൂരിഭാഗവും 2021 ൽ റിലീസ് ചെയ്യപ്പെടുകയും നിരവധി അന്താരാഷ്ട്രമേളകളിൽ അംഗീകാരങ്ങൾ ലഭിച്ചവയുമാണ്. കോവിഡ് മഹാമാരി മുതൽ യുദ്ധവും പ്രണയവും രതിയും മനുഷ്യ ബന്ധങ്ങളുടെ സങ്കീർണ്ണതകളും വൈരുദ്ധ്യങ്ങളുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്ന ഈ സിനിമകൾ പുതിയ ചലച്ചിത്രഭാഷയുടെയും ഭാവുകത്വത്തിന്റെയും തുറസ്സുകളിലേക്ക് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

നെടുമുടിയെ ഓർക്കുമ്പോൾ

സമീപകാലത്ത് അന്തരിച്ച അതുല്യ നടൻ നെടുമുടി വേണുവിനെ ഓർമിക്കാൻ അദ്ദേഹം അനശ്വരമാക്കിയ ഏഴു ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. ‘Unforgettable Venuchettan' എന്ന പേരിൽ; ആരവം, അപ്പുണ്ണി, കള്ളൻ പവിത്രൻ, മാർഗം, നോർത്ത് 24 കാതം, തമ്പ്, വിട പറയും മുമ്പേ എന്നീ ചിത്രങ്ങളാണവ. അങ്ങനെ ആ നടനെ മേളയുടെ സ്‌ക്രീനിൽ വെച്ച് നമ്മൾ കണ്ടുമുട്ടും. ആ ചിരിയും സംഭാഷണവും ഒരിക്കലും മറക്കാനാവില്ല എന്നു നാം തിരിച്ചറിയും.

വിടപറഞ്ഞ ബുദ്ധദേബ് ദാസ്ഗുപ്ത, ഡെന്നിസ് ജോസഫ്, ദിലീപ് കുമാർ, കെ.പി. എ.സി. ലളിത, കെ. എസ്. സേതുമാധവൻ, ലത മങ്കേഷ്‌കർ, മാടമ്പ് കുഞ്ഞുക്കുട്ടൻ, പി.ബാലചന്ദ്രൻ എന്നീ ചലച്ചിത്ര പ്രതിഭകൾക്ക് ആദരവായി അവരുടെ സംഭാവനകൾ കൊണ്ട് സമ്പന്നമായ ആറു സിനിമകൾ ‘ഹോമേജ് ' വിഭാഗത്തിൽ പ്രദർശിപ്പിക്കും.

മനുഷ്യ സമൂഹത്തെ ചലിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും സിനിമയ്ക്കുള്ള കഴിവ് തെളിയിക്കപ്പട്ടിട്ടുണ്ട്. കേവലം വിനോദോപാധി എന്നതിനുമപ്പുറം ഭാവിയുടെ സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും അത് സ്വാധീനിക്കുന്നു. ചലച്ചിത്രമേളകൾ നൽകുന്ന ജീവിത സങ്കൽപ്പനങ്ങളും ഭാവുകത്വവും പുതുതലമുറയെ ക്രിയാത്മകമായി നവീകരിക്കും. അത് സമൂഹത്തിന്റെ തുല്യതയുടെയും ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും ഭാവിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. ഐ. എഫ്. എഫ്. കെ നൽകുന്ന സാംസ്‌കാരിക പാഠവും ഇതു തന്നെയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രാജേഷ് ചിറപ്പാട്

ചിത്രകാരനും എഴുത്തുകാരനും. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വർഷമായി IFFK ഒഫീഷ്യൽ ഡെയ്​ലി ബുള്ളറ്റിന്റെയും ഫെസ്റ്റിവൽ ഹാൻറ്ബുക്കിന്റെയും എക്സിക്യൂട്ടീവ്​ എഡിറ്ററാണ്.

Comments