‘ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു’ എന്ന സിനിമയിൽ നിന്നുള്ള രംഗം

കേന്ദ്ര സർക്കാറിന്റെ തീട്ടൂരം;
വിധേയൻ, ചലച്ചിത്ര അക്കാദമി

IFFK-യിൽ നാല് രാജ്യങ്ങളിൽ നിന്നുള്ള സംവിധായകർക്ക് വിസ നിഷേധിച്ച്, 19 സിനിമകളെ വിലക്കി, പിന്നീട് 6 സിനിമകൾ ഒരു കാരണവശാലും കാണിക്കാൻ പാടില്ലെന്ന് തിട്ടൂരമിറക്കിയ യൂണിയൻ സർക്കാർ നടപടിയെ ‘ദേശീയ നയതന്ത്ര താൽപര്യ’ത്തിന്റെ പേരിൽ സാധൂകരിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ചെയ്തത്. ഈ വിഷയത്തിൽ അക്കാദമിയ്ക്ക് ഒരു പ്രതിഷേധം പോലും ഉയർത്താനാകാതിരുന്നത് എന്തുകൊണ്ടാണ്? - IFFK-യിലെ സിനിമാവിലക്കും അതേ തുടർന്നുണ്ടായ വിവാദങ്ങളും വിലയിരുത്തുന്നു ടി. ശ്രീജിത്ത്.

രാഷ്ട്രീയ സിനിമകൾക്കെതിരായ ഭരണകൂട വിലക്കിന്റെ പേരിലായിരിക്കും മുപ്പതാമത് കേരള രാജ്യാന്തര അന്താരാഷ്ട്ര ചലച്ചിത്രമേള ഓർമ്മിക്കപ്പെടുക. മേളയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം, 19 സിനിമകൾ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻറ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിലപാടെടുക്കുന്നു. ചിത്രങ്ങൾക്ക് സെൻസർ അനുമതി നൽകാൻ സാധിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട്, മേളയിൽ പങ്കെടുന്നവർക്ക് നൽകിയശേഷം, മേള ആരംഭിച്ച ശേഷമാണ് സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന തീരുമാനം പുറത്ത് വരുന്നത്. Annemarie Jacir സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടനചിത്രമായ ‘Palestine 36’ എന്ന ചിത്രത്തിന് അടക്കം അനുമതി നിഷേധിച്ചിരുന്നു. 1936-ൽ ഒരു പലസ്തീൻ ഗ്രാമത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ഉയർന്നുവന്ന കലാപമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈ വർഷം പുറത്തിറങ്ങിയ ഈ പലസ്തീൻ സിനിമയുടെ രാഷ്ട്രീയം തന്നെയാവണം കേന്ദ്രം കത്രികപ്പൂട്ട് വെക്കാൻ കാരണമായത്.

ഉദ്ഘാടനചിത്രമടക്കം നാല് പലസ്തീൻ സിനിമയുൾപ്പെടെ 19 ലോകസിനിമകൾക്കാണ് മേളയിൽ ആദ്യം പ്രദർശനാനുമതി നിഷേധിച്ചത്. വിഖ്യാത സോവിയറ്റ് ചലച്ചിത്രകാരൻ സെർജി ഐസൻസ്റ്റീൻെറ ക്ലാസിക് ചിത്രം ‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നത് ചലച്ചിത്രപ്രേമികളെ ഞെട്ടിച്ചിരുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ള, അന്താരാഷ്ട്ര തലത്തിലുള്ള മിക്ക ഫിലിം സ്കൂളുകളിലും പഠനവിഷയമായ, 1925-ൽ പുറത്തിറങ്ങിയ ചിത്രം. സിനിമയെ ഗൗരവത്തോടെ കാണുന്ന മിക്കവരും കണ്ടിരിക്കാനിടയുള്ള ചിത്രം. അങ്ങനെയൊരു ക്ലാസിക് ചിത്രത്തെയാണ് 100-ാം വാർഷികത്തിൽ ഒരു രാജ്യാന്തരമേളയിൽ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് സർക്കാർ നിലപാടെടുക്കുന്നത്!

Annemarie Jacir സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടനചിത്രമായ ‘Palestine 36’ എന്ന ചിത്രത്തിന് അടക്കം അനുമതി നിഷേധിച്ചിരുന്നു. 1936-ൽ ഒരു പലസ്തീൻ ഗ്രാമത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ഉയർന്നുവന്ന കലാപമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
Annemarie Jacir സംവിധാനം ചെയ്ത മേളയുടെ ഉദ്ഘാടനചിത്രമായ ‘Palestine 36’ എന്ന ചിത്രത്തിന് അടക്കം അനുമതി നിഷേധിച്ചിരുന്നു. 1936-ൽ ഒരു പലസ്തീൻ ഗ്രാമത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ഉയർന്നുവന്ന കലാപമാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ബാറ്റിൽഷിപ്പ് പോട്ടെംകിൻ, പലസ്തീൻ 36 എന്നിവയ്ക്ക് പുറമേ എ പോയറ്റ്; അൺകൺസീൽഡ് പോയട്രി, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഫോർ യു, ബമാക്കോ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് ദ് റിപ്പബ്ലിക്, വൺസ് അപോൺ എ ടൈം ഇൻ ഗാസ, റിവർസ്റ്റോൺ, ടണൽസ്: സൺ ഇൻ ദ് ഡാർക്ക്, യെസ്, ഫ്ലെയിംസ്, സന്തോഷ്, തിംബുക്തു, വാജിബ്, ഹാർട്ട് ഓഫ് ദ് വൂൾഫ്, റെഡ് റെയ്​ൻ, ദി അവർ ഓഫ് ദ് ഫർണസസ് എന്നീ ചിത്രങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കേന്ദ്രം സെൻസർ അനുമതി നിഷേധിച്ചത്.

അനുമതി നിഷേധിക്കപ്പെട്ട ഓരോ ചിത്രങ്ങളുടെയും പ്രമേയവും ഉള്ളടക്കവും പരിശോധിച്ചാൽ തന്നെ ഏത് രാഷ്ട്രീയത്തെയാണ് എന്ത് തരം നിലപാടുകളെയാണ് മേളയ്ക്ക് പുറത്തുനിർത്തേണ്ടതെന്നത് ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നത് സുവ്യക്തമാണ്. Ingride Santos സംവിധാനം ചെയ്ത ‘ബീഫ്’ എന്ന ചിത്രത്തിനൊക്കെ എന്ത് കാരണം കൊണ്ടാണ് പ്രദർശന അനുമതി നിഷേധിച്ചതെന്നത് രസകരമായിരുന്നു. ബീഫ് എന്ന പേര് തന്നെയാണ് കേന്ദ്ര ഐ ആൻറ് ബി മന്ത്രാലയത്തെ ചൊടിപ്പിച്ചതെന്ന് തോന്നുന്നു. ലാത്തി എന്ന ഫ്രീലാൻസ് റാപ്പറുടെ കഥയാണ് ചിത്രം പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ചലച്ചിത്രമേളയായ IFFK-യെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. അത് തിരിച്ചറിഞ്ഞ് എതിർക്കാനും നിലപാടെടുക്കാനും കേരള ചലച്ചിത്ര അക്കാദമി തയ്യാറായില്ല.

തീർത്തും അസംബന്ധമെന്ന് തോന്നുന്ന തരത്തിലുള്ള കാരണങ്ങളുടെ പുറത്ത്, എന്നാൽ പ്രമേയങ്ങൾ ഭയപ്പെടുന്നത് കൊണ്ടൊക്കെയാണ് ചിത്രങ്ങൾക്ക് അനുമതി നൽകാതിരുന്നത്. ദലിതർക്കെതിരായ പോലീസ് അതിക്രമങ്ങൾ ചർച്ചചെയ്യുന്ന സന്ധ്യ സൂരി സംവിധാനം ചെയ്ത ‘സന്തോഷ്’ എന്ന ചിത്രം ഇന്ത്യയിലെ തന്നെ ഭരണകൂടഭീകരതയെയും ജാതിവ്യവസ്ഥയെയും തുറന്നുകാണിക്കുന്നതാണ്. ചിത്രത്തിന് നേരത്തെ തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശന അനുമതി നിഷേധിച്ചിരുന്നു.

IFFK സ്ക്രീനിംഗ് തുടങ്ങിയശേഷമുണ്ടായ വിലക്കിനെതിരെ വലിയ പ്രതിഷേധങ്ങളുണ്ടായി. അടൂർ ഗോപാലകൃഷ്ണും ടി.വി. ചന്ദ്രനും അടക്കമുള്ള സംവിധായകർ ഐ ആൻറ് ബി മന്ത്രാലയത്തെ വിമർശിച്ച് രംഗത്തെത്തി. അതിനിടയിൽ കേന്ദ്രവിലക്ക് മറികടന്ന് ചിത്രങ്ങൾ മുഴുവൻ പ്രദർശിപ്പിക്കുമെന്ന് കേരള സർക്കാർ നിലപാടെടുത്തു. “സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല,” മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയാണ്.

ദലിതർക്കെതിരായ പോലീസ് അതിക്രമങ്ങൾ ചർച്ചചെയ്യുന്ന സന്ധ്യ സൂരി സംവിധാനം ചെയ്ത ‘സന്തോഷ്’ എന്ന ചിത്രം ഇന്ത്യയിലെ തന്നെ ഭരണകൂടഭീകരതയെയും ജാതിവ്യവസ്ഥയെയും തുറന്നുകാണിക്കുന്നതാണ്. ചിത്രത്തിന് നേരത്തെ തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശന അനുമതി നിഷേധിച്ചിരുന്നു.
ദലിതർക്കെതിരായ പോലീസ് അതിക്രമങ്ങൾ ചർച്ചചെയ്യുന്ന സന്ധ്യ സൂരി സംവിധാനം ചെയ്ത ‘സന്തോഷ്’ എന്ന ചിത്രം ഇന്ത്യയിലെ തന്നെ ഭരണകൂടഭീകരതയെയും ജാതിവ്യവസ്ഥയെയും തുറന്നുകാണിക്കുന്നതാണ്. ചിത്രത്തിന് നേരത്തെ തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ പ്രദർശന അനുമതി നിഷേധിച്ചിരുന്നു.

സിനിമകൾ വിലക്കപ്പെടാൻ കാരണം ചലച്ചിത്ര അക്കാദമിയുടെ പിടിപ്പുകേടാണെന്നും വിമർശനമുണ്ടായി: ‘‘ചലച്ചിത്ര അക്കാദമി കുറഞ്ഞത് ഒരു മാസത്തിനു മുൻപെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ ലിസ്റ്റുകൾ കേന്ദ്ര സർക്കാരിന് നൽകേണ്ടതുണ്ട്. അങ്ങനെ മുൻകൂട്ടി സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടത്. അങ്ങനെ വളരെ മുൻപേ സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ സമയ ബന്ധിതമായി അനുമതി നൽകാൻ താമസം വരുത്തിയെങ്കിൽ അത് കേന്ദ്ര സർക്കാരിൽ നിന്നുമുള്ള ശരിയായ ഒരു രീതി അല്ല. ഇനി കേന്ദ്ര സർക്കാരിന് ഈ അപേക്ഷകൾ പ്രോസസിംഗ് ചെയ്യുവാനുള്ള സ്വാഭാവികമായ സമയം ലഭിക്കാത്ത രീതിയിൽ ഫെസ്റ്റിവൽ നടക്കുന്നതിന് ഏതാനും ആഴ്ചകൾ മുൻപ് മാത്രമാണോ അക്കാദമി സിനിമകൾ അനുമതിക്കായി സമർപ്പിച്ചത് എന്നതും അറിയേണ്ടതുണ്ട്,” സംവിധായകൻ ഡോ. ബിജു ഫേസ്ബുക്കിൽ ആശങ്കകൾ പങ്കുവെച്ചിരുന്നു.

“The censor exemption process is not instantaneous; it requires a minimum of one month that gives us enough time to respond to clarifications sought. Ideally for a festival happening in December, the list of films that need censor exemption along with synopsis and other documents need to be submitted at least by the 1st week of November. That's what we normally did in the past. Because the festival is supposed to have the exemption order 15 days before the commencement of the event. Reports clearly indicate that the Academy submitted its application only in December. Further, it is reported that the Academy initially received an official communication from the Ministry of Information & Broadcasting denying censor exemption for all the films, citing late submission as the sole reason,” IFFK മുൻ ആർടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലനും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിരിക്കാമെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

‘‘കേരള ചലച്ചിത്രമേളയുടെ മുപ്പതു വർഷത്തെ ചരിത്രത്തിലാദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും  ആർട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത മേള നടക്കുന്നത്’’- സംവിധായകൻ ഡോ. ബിജു.
‘‘കേരള ചലച്ചിത്രമേളയുടെ മുപ്പതു വർഷത്തെ ചരിത്രത്തിലാദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും ആർട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത മേള നടക്കുന്നത്’’- സംവിധായകൻ ഡോ. ബിജു.

മേളയുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങൾ ഉയർന്ന് വരവേ അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി തിരുവനന്തപുരത്ത് ഇല്ലാതെ പോയതും വിമർശനങ്ങൾക്ക് ഇടയാക്കി: “കേരള ചലച്ചിത്രമേളയുടെ മുപ്പതു വർഷത്തെ ചരിത്രത്തിലാദ്യമായാണ് ചലച്ചിത്ര അക്കാദമി ചെയർമാനും ആർട്ടിസ്റ്റിക്ക് ഡയറക്ടറും ഇല്ലാത്ത മേള നടക്കുന്നത്. ആർട്ടിസ്റ്റിക്ക് ഡയറക്ടർ കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങളായി ഇല്ല. ചലച്ചിത്ര അക്കാദമി ചെയർമാനാകട്ടെ ഈ വർഷത്തെ ഐഎഫ്എഫ്കെ നടക്കുമ്പോൾ ഈ പരിസരത്തേ ഇല്ല. അക്കാദമി ചെയർമാൻ സ്ഥലത്ത് എത്തിയില്ലെങ്കിലും ആർട്ടിസ്റ്റിക്ക് ഡയറക്ടർ ഇല്ലെങ്കിലും ചലച്ചിത്രമേള ഒരു ഇവന്റ് പോലെ ഉദ്യോഗസ്ഥർ നടത്തിക്കൊള്ളും എന്ന ലാഘവമായ കാഴ്ചപ്പാടും ഉൾക്കാഴ്ചയില്ലായ്മയുമാണ് 30-ാം ചലച്ചിത്രമേള നമുക്ക് നൽകുന്ന കാഴ്ച,” ഡോ. ബിജു കൂട്ടിച്ചേർക്കുന്നു.

‘രാജ്യത്തിന്റെ നയതന്ത്ര താൽപര്യം’ എന്ന കേന്ദ്ര സർക്കാർ വാദത്തെ അതേപടി ആവർത്തിച്ച്, സിനിമകൾ വിലക്കിയ വിഷയത്തിലുണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ പ്രതികരണങ്ങളെയാകെ റദ്ദാക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയ്തത്.

ചലച്ചിത്രമേളയുടെ സമാപനത്തോടനുബന്ധിച്ച് തിരിച്ചെത്തിയ അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി ഇതിനെല്ലാം വിശദീകരണം നൽകി. 19 സിനിമകളല്ല, 187 സിനിമകൾ പ്രദർശിപ്പിക്കരുതെന്ന് നേരത്തെ കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് നിർദ്ദേശം വന്നിരുന്നുവെന്നും പിന്നീട്, പലവിധ ഇടപെടലുകൾക്ക് ശേഷമാണ് ഘട്ടംഘട്ടമായി സിനിമകൾക്ക് സെൻസർ അനുമതി ലഭിച്ച് ഒടുവിൽ 19-ൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു:

“പുറത്ത് നിന്നുള്ള ഡെലിഗേറ്റ്സിന് വിസ അനുവദിക്കുന്നതിൽ വരെ ഇത്തവണ കേന്ദ്രത്തിൻെറ നിയന്ത്രണങ്ങളുണ്ടായിരുന്നു. നേരത്തെയുള്ള ബിസിനസ് വിസയിൽ നിന്ന് മാറി, ഇൻറർനാഷണൽ കോൺഫറൻസിങ് ഓർ സിംപോസിയം എന്നി വിസയേ പാടുള്ളൂവെന്ന അറിയിപ്പ് കേന്ദ്ര മന്ത്രാലയിൽ നിന്ന് കിട്ടി. ഈ വിസയ്ക്ക് ഒരുപാട് സാങ്കേതിക നൂലാമാലകൾ ഉണ്ടായിരുന്നു. അതിനാൽ ഡെലിഗേറ്റുകളിൽ പലർക്കും പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടിയില്ല. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നേരിട്ട് പോയതിന് ശേഷമാണ് ക്ലിയറൻസ് ലഭിക്കുന്നത്. എന്നാൽ നാല് രാജ്യങ്ങളിൽ നിന്നുള്ള സംവിധായകർക്ക് വിസ നിഷേധിച്ചു. അന്താരാഷ്ട്ര പ്രസിദ്ധരായ സംവിധായകർ പോലും ഈ ഒഴിവാക്കപ്പെട്ട കൂട്ടത്തിലുണ്ട്. ആ തീരുമാനത്തെ ചോദ്യം ചെയ്തില്ല. അത് അംഗീകരിക്കുകയാണ് അക്കാദമി ചെയ്തത്,” റസൂൽ പൂക്കുട്ടി പറഞ്ഞു. ഈ സംവിധായകർക്ക് വിസ നിഷേധിക്കപ്പെട്ടതോടെ അവരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആദ്യം 19 സിനിമകൾക്കുണ്ടായിരുന്ന വിലക്കിൽ നിന്ന് പിന്നീട് 6 സിനിമകളൊഴികെ മറ്റെല്ലാത്തിനും അനുമതിയെന്ന നിലപാടിലേക്ക് യൂണിയൻ സർക്കാരെത്തി. ഓൾ ദാറ്റ് ലെഫ്റ്റ്സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്ലെയിംസ്, ഈ​ഗ്ൾസ് ഓഫ് ദ റിപ്പബ്ലിക്, എ പോയറ്റ് അൺ കൺസീൽഡ് പോയട്രി എന്നീ ചിത്രങ്ങൾ ഒരു കാരണവശാലും പ്രദർശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചാൽ അതിൻെറ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കും. രാജ്യങ്ങളുമായുള്ള ബന്ധം വഷളാവാതിരിക്കാൻ വിദേശനയത്തിൻെറ ഭാഗമായാണ് 6 ചിത്രങ്ങളെ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നതെന്നാണ് കേന്ദ്രം വിശദീകരിച്ചത്. ഈ വിശദീകരണത്തെ മുഖവിലയ്ക്കെടുത്ത് 6 ചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടെന്ന് അക്കാദമി തീരുമാനിച്ചുവെന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. 19 സിനിമകൾക്ക് അനുമതി നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ നിന്ന് ഒടുവിൽ അത് ആറിലേക്ക് ചുരുങ്ങി. ചലച്ചിത്ര അക്കാദമിയും സംസ്ഥാന സർക്കാരും വഴങ്ങിയതിനാൽ ആ ആറ് ചിത്രങ്ങൾ പ്രദർശിപ്പിച്ചുമില്ല. രാജ്യത്തിൻെറ വിദേശനയവുമായി ബന്ധപ്പെട്ട തീരുമാനമായതിനാലാണ് സിനിമ പ്രദർശിപ്പിക്കേണ്ടെന്ന് അക്കാദമി തീരുമാനിച്ചതെന്ന വിശദീകരണമാണ് ഒടുവിൽ റസൂൽ പൂക്കുട്ടിയിൽ നിന്നുണ്ടായത്.

രാഷ്ട്രീയം പറയുന്ന കലാആവിഷ്കാരങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന് കേന്ദ്ര സർക്കാർ നടപടി തെളിയിക്കുന്നു. അതിനോട് ഒന്ന് ചെറുത്തുനിൽക്കാൻ പോലും ശ്രമിക്കാതെ ​ കേരള ചലച്ചിത്ര അക്കാദമി നടത്തിയ കീഴടങ്ങൽ, കേരളത്തിന്റെ കലാവിനിമയങ്ങളെ സംബന്ധിച്ച ശുഭസൂചനയല്ല നൽകുന്നത്.
രാഷ്ട്രീയം പറയുന്ന കലാആവിഷ്കാരങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന് കേന്ദ്ര സർക്കാർ നടപടി തെളിയിക്കുന്നു. അതിനോട് ഒന്ന് ചെറുത്തുനിൽക്കാൻ പോലും ശ്രമിക്കാതെ ​ കേരള ചലച്ചിത്ര അക്കാദമി നടത്തിയ കീഴടങ്ങൽ, കേരളത്തിന്റെ കലാവിനിമയങ്ങളെ സംബന്ധിച്ച ശുഭസൂചനയല്ല നൽകുന്നത്.

നാല് രാജ്യങ്ങളിൽ നിന്നുള്ള സംവിധായകർക്ക് വിസ നിഷേധിച്ച്, 19 സിനിമകളെ വിലക്കി, പിന്നീട് 6 സിനിമകൾ ഒരു കാരണവശാലും കാണിക്കാൻ പാടില്ലെന്ന് തിട്ടൂരമിറക്കി, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ചലച്ചിത്രമേളയായ IFFK-യെ തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയത്. അത് തിരിച്ചറിഞ്ഞ് എതിർക്കാനും നിലപാടെടുക്കാനും കേരള ചലച്ചിത്ര അക്കാദമി തയ്യാറായില്ലെന്നു മാത്രമല്ല, ‘രാജ്യത്തിന്റെ നയതന്ത്ര താൽപര്യം’ എന്ന കേന്ദ്ര സർക്കാർ വാദത്തെ അതേപടി ആവർത്തിച്ച്, ഈ വിഷയത്തിലുണ്ടാകേണ്ടിയിരുന്ന രാഷ്ട്രീയ പ്രതികരണങ്ങളെയാകെ റദ്ദാക്കുകയും ചെയ്തു.

രാഷ്ട്രീയം പറയുന്ന കലാആവിഷ്കാരങ്ങളെ എത്രമാത്രം ഭയക്കുന്നുവെന്ന് കേന്ദ്ര സർക്കാർ നടപടി തെളിയിക്കുന്നു. അതിനോട് ഒന്ന് ചെറുത്തുനിൽക്കാൻ പോലും ശ്രമിക്കാതെ ​ കേരള ചലച്ചിത്ര അക്കാദമി നടത്തിയ കീഴടങ്ങൽ, കേരളത്തിന്റെ കലാവിനിമയങ്ങളെ സംബന്ധിച്ച ശുഭസൂചനയല്ല നൽകുന്നത്.

Comments