കൂഴങ്കൽ: പുതിയ കാലത്തെ പെൺ മിത്ത്​

ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ചു കൊണ്ടല്ല പി.എസ്. വിനോദ് രാജ് ‘കൂഴങ്കൽ’ എന്ന തന്റെ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ സമയം സ്‌ക്രീനിൽ കാണുന്നത് ഗണപതിയെ ആണ്. സ്‌ക്രീൻ പിന്തുടരുന്നത് അയാളുടെ അധികാരത്തിന്റെ നടത്തത്തെയാണ്. അപ്പോഴും വേലുവിലൂടെയും, മിത്തിലെ സ്ത്രീ കഥാപാത്രത്തിലൂടെയും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഓസ്​കർ പുരസ്​കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട തമിഴ്​ സിനിമയുടെ കാഴ്​ച

ടിച്ചമർത്തപ്പെട്ടവരുടെ കഥകൾ മിത്തുകളായും പാട്ടുകളായും അടുത്ത തലമുറകളിലേക്ക് പകർന്നുപോകാറുണ്ട്. തെയ്യങ്ങളിലും നാടൻ പാട്ടുകളിലും ഇതിന് ഉദാഹരണം കണ്ടെത്താൻ കഴിയും. കണ്ണകിയും പൊട്ടൻ തെയ്യവും ധാരാളം പുനർവായനകൾക്ക്​ ഇന്നും പ്രാപ്തമാണ്.

തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ള ഒരു പ്രാദേശിക മിത്തുണ്ട്. ദലിത് വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയും സവർണനായ ആൺകുട്ടിയും പരസ്പരം ഇഷ്ടത്തിലാകുന്നു. അവരുടെ ഇഷ്ടം അറിഞ്ഞ സവർണ വിഭാഗത്തിലെ പുരുഷന്മാർ അവളെ ലൈംഗികാക്രമണത്തിനിരയാക്കി കൊല്ലുന്നു. ആ നാട്ടിലെ ദലിതർ ഒത്തുകൂടി മരിച്ച പെൺകുട്ടിയെ ഒരു കല്ലിൽ പ്രതിഷ്ഠിക്കുന്നു. അവൾ ഒറ്റയ്ക്ക് നടക്കുന്ന പുരുഷന്മാരെ പ്രതികാരത്തോടെ ആക്രമിച്ച്​ ചോര വീഴ്ത്തുന്നു. തമിഴിൽ പ്രചാരത്തിലുള്ള അനേകം മിത്തുകളിൽ ഒന്നായ ഇതിനെ സംവിധായകൻ പി.എസ്. വിനോദ് രാജ് തന്റെ സിനിമയിൽ പുനഃരവതരിപ്പിക്കുന്നു.

കൂഴങ്കൽ (pebbles), റോട്ടർഡാം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ടൈഗർ പുരസ്‌കാരം നേടിയ തമിഴ് ചിത്രമാണ്. സിനിമ 94-ാമത് അക്കാദമി അവാർഡിൽ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ആയി തിരഞ്ഞെടുക്കയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗണപതി ഭാര്യയെയും മകനെയും മർദ്ദിക്കുന്ന, എതിർക്കുന്നവരെ കായികമായി നേരിടുന്നയാളാണ്. ആരെയും വക വയ്ക്കാത്ത അയാളിൽ എല്ലാവരും തനിക്ക് കീഴിലെന്ന ബോധ്യത്തിൽ ജീവിക്കുന്ന ഏകാധിപതിയായ മനുഷ്യന്റെ അധികാരഭാവങ്ങൾ കാണാം.

ചെല്ല പാണ്ടി കൂഴങ്കലിൽ / Photo: Rowdy Pictures/Learn and Teach Production.

മകനെ ഉപയോഗിച്ച് ഭാര്യയെ തിരികെ വിളിക്കാൻ ഭാര്യാവീട്ടിൽ പോയി, അവിടെ വച്ച്​ പ്രശ്‌നങ്ങളുണ്ടാക്കി തിരിച്ചു വരുന്ന ഗണപതി തന്റെ നിരാശകൾ മകന്റെ നേരെയാണ് തീർക്കുന്നത്. അമ്മവീട്ടിൽ ഗണപതി നടത്തുന്ന ആക്രമണങ്ങൾ കണ്ട് അയാളുടെ മകൻ അയാളുടെ കയ്യിലെ മുഴുവൻ പണവും കീറിക്കളഞ്ഞ്​ പ്രതിഷേധിക്കുന്നു. ഗണപതി അവനെ മർദ്ദിക്കുന്നു. അവനെ അവന്റെ സ്‌കൂൾ അദ്ധ്യാപക അവരുടെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ ഗണപതി ആ വഴിയിൽ ഒറ്റയ്ക്കാകുന്നു.

ക്യാമറ പേഴ്‌സ്‌പെക്റ്റീവായി അയാളുടെ ഏതിർവശത്തുനിന്ന്​ ഒരാൾ വരുന്നതായി സിനിമയിൽ കാണിക്കുന്നുണ്ട്. ഗണപതി ഏതാനും സെക്കന്റുകൾ അവരെ നോക്കി നിന്ന ശേഷം തിരികെ നടക്കുമ്പോൾ അയാളുടെ കാലിൽ കല്ല് തട്ടുകയും ചോര പൊടിയുകയും ചെയ്യുന്നു. ഗണപതി തിരിഞ്ഞു നോക്കുമ്പോൾ തൊട്ടു പിന്നിൽ ആരെയും കാണുന്നില്ല.

പ്രാദേശിക മിത്തിൽ നിന്ന്​ സ്വീകരിച്ച കഥ സംവിധായകൻ മറ്റൊരു വീക്ഷണത്തിൽ സിനിമയിൽ അവതരിപ്പിക്കുന്നു. ഗണപതിക്ക് ആദ്യം കാണാൻ കഴിഞ്ഞ, പ്രേക്ഷകന് കാണാൻ കഴിയാതെ പോയ വ്യക്തി മുകളിൽ സൂചിപ്പിച്ച കഥയിലെ കൊല്ലപ്പെട്ട സ്ത്രീയാണ്. പുരുഷാധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു പാഠം ഈ കഥയിൽ കണ്ടെത്താൻ സംവിധായകൻ പി.എസ്. വിനോദ് രാജ് ശ്രമിച്ചിരിക്കുന്നു. ഗണപതിയുടെ ഭാര്യയ്‌ക്കോ, അവരുടെ അമ്മയ്‌ക്കോ ഗണപതിയെ ഒരു പരിധിയിൽ കടന്ന് ചോദ്യം ചെയ്യാൻ കഴിയുന്നില്ല. അയാൾക്കെതിരെ ഉയരുന്ന സ്ത്രീ പ്രതിഷേധ സ്വരമാണ് ക്യാമറ പേഴ്‌സ്‌പെക്റ്റീവിൽ വന്നു പോകുന്ന ഈ കഥാപാത്രം.

ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ചു കൊണ്ടല്ല പി.എസ്. വിനോദ് രാജ് തന്റെ ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ സമയം സ്‌ക്രീനിൽ കാണുന്നത് ഗണപതിയെ ആണ്. സ്‌ക്രീൻ പിന്തുടരുന്നത് അയാളുടെ അധികാരത്തിന്റെ നടത്തത്തെയാണ്. അപ്പോഴും വേലുവിലൂടെയും, മിത്തിലെ സ്ത്രീ കഥാപാത്രത്തിലൂടെയും തന്റെ സ്ത്രീപക്ഷ രാഷ്ട്രീയം അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Comments