Perfume De Gardenias; മരണത്തിൽ എഴുതിയ കവിത

വേദനയ്ക്ക് അപ്പുറം മരണത്തിൽ പിറക്കുന്ന കല, കണ്ടു നിൽക്കുന്നവരെ സന്തോഷിപ്പിക്കുന്നു. ആൾക്കാർ കൂടെ കൂടി ചിത്രങ്ങൾ എടുക്കുന്നു. ഓരോ മരണങ്ങളും വർഷങ്ങളായി പൂട്ടിവച്ച ഇസബേലിന്റെ കലാപരമായ കഴിവുകളുടെ അണപൊട്ടിയ ആവിഷ്‌കരമായി.

കോവിഡിന്റെ വരവ് ലോകത്തെ പല വിധത്തിൽ മാറ്റി മറിച്ചു. ആഘോഷിക്കാനും ആനന്ദിക്കാനും കരയാനും ആശ്വസിപ്പിക്കാനും ആൾക്കൂട്ടങ്ങൾ വേണമെന്നില്ലാതെയായി. കല്യാണവീടുകളിലും മരണവീടുകളിലും കോവിഡിന്റെ ആരംഭത്തോടെ ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതായി വന്നു. കോവിഡ്, അനാഥമായി ഒഴുകി നടന്ന, കൂമ്പാരമായി കത്തി എരിഞ്ഞ ശവ ശരീരങ്ങൾക്ക് ഒപ്പം മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒന്ന് കാണാൻ കഴിയാത്ത നിസ്സഹായരായ മനുഷ്യരെയും ഉണ്ടാക്കിയെടുത്തു. മരണത്തിലും മരണശേഷം ആൾക്കൂട്ടം നടക്കുന്ന ചടങ്ങുകളിലും വൈറസുകൾ കറുത്ത ഹാസ്യം കണ്ടു. വേദനയിൽ മുങ്ങി നിൽക്കുന്ന ചിരിയോടെ നമ്മുടെ ശീലങ്ങളെ അത് ചോദ്യം ചെയ്തു.

പോർട്ടോറിക്കൻ സംവിധായിക മാച്ച കൊലോൺ മരണത്തിൽ മറ്റൊരു ഹാസ്യത്തിന്റെ സാധ്യതകളെ അവരുടെ പുതിയ ചിത്രമായ perfume de gardenias-ൽ തേടുന്നു. വിധവയായി മാറിയതോടെ എൺപതോളം വയസ് പ്രായം വരുന്ന എലിസബത്ത് തന്റെ ജീവിതത്തിൽ പുതിയ നിയോഗങ്ങളെ കാണുന്നു. തന്റെ ഭർത്താവിന്റെ ശവസംസ്‌കാര ചടങ്ങിനായി അവർ നടത്തിയ ഒരുക്കങ്ങൾ, അവർക്ക് ഇനിമുതൽ ഒരുപക്ഷേ നേരിടേണ്ടി വന്നേക്കാവുന്ന ഏകാന്തതയിൽ നിന്നും അവരെ രക്ഷിക്കുന്നു. അയൽപക്കത്തെ ടോണ എന്ന സ്ത്രീ ഇസബെൽ ഒരുക്കിയ ശവസംസ്‌കാരചടങ്ങിന്റെ ഭംഗിയിൽ ആകൃഷ്ടയാവുകയും മറ്റുള്ളവർക്കായി കൂടെ ഇത്തരത്തിൽ മനോഹരമായ സംസ്‌കാരങ്ങൾ ഒരുക്കി നൽകാൻ അവരോട് അവശ്യപ്പെടുകയും ചെയ്യുന്നു. അതോടെ ഇസബെല്ലിന്റെ ജീവിതം പുതിയ തലത്തിലേക്ക് മാറുന്നു. ഓരോ ശവസംസ്‌കാര ചടങ്ങുകളും ഓരോ ആർട് ഇൻസ്റ്റലേഷനുകൾ ആയി മാറുന്നു. മരിച്ചവർ പോലും കണ്ണു തുറന്ന് വന്ന് ആസ്വദികുന്ന തരത്തിൽ മനോഹരമായി ഇസബെൽ മരണാന്തര ചടങ്ങുകളെ ഒരുക്കുന്നു. വേദനയ്ക്ക് അപ്പുറം മരണത്തിൽ പിറക്കുന്ന കല, കണ്ടു നിൽക്കുന്നവരെ സന്തോഷിപ്പിക്കുന്നു. ആൾക്കാർ കൂടെ കൂടി ചിത്രങ്ങൾ എടുക്കുന്നു. ഓരോ മരണങ്ങളും വർഷങ്ങളായി പൂട്ടിവച്ച ഇസബേലിന്റെ കലാപരമായ കഴിവുകളുടെ അണപൊട്ടിയ ആവിഷ്‌കരമായി.

മരണത്തിലും തെളിഞ്ഞു നിൽക്കുന്ന ഹാസ്യത്തെ ലിജോ ജോസ് പെല്ലിശ്ശേരി "ഈ.മാ. യൗ' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാച്ച കൊലോൺ ഹാസ്യത്തെ ഗംഭീരമായി സിനിമയിൽ ഉടനീളം ഉപയോഗിക്കുന്നു. കറുത്ത ഹാസ്യം നിശബ്ദമായി ഒളിഞ്ഞു നിന്ന് "നിങ്ങളിപ്പോൾ ചിരിച്ചോ' എന്നു ചോദിച്ചു കൊണ്ട് സംഭാഷണങ്ങളിക്കിടയിൽ മറഞ്ഞു നിൽക്കുന്നു. കഥാ പശ്ചാത്തലത്തോടോപ്പം കഥാപത്രങ്ങളും അടക്കി പിടിച്ചു ചിരിക്കേണ്ട, മരണം നിറഞ്ഞു നിൽക്കുന്ന ചുറ്റുവട്ടങ്ങളിലെ ചിരികളിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകുന്നു.

Perfume De Gardenias-ലെ ഒരു രംഗം
Perfume De Gardenias-ലെ ഒരു രംഗം

സിനിമയുടെ പിന്നണിയിൽ എന്ന പോലെ സിനിമയിലും കൂടുതൽ പേരും സ്ത്രീകളാണ്. ഇസബെല്ലിന്റെ അയൽകൂട്ടമാണ് സിനിമയിൽ വരുന്ന പ്രധാന കഥാപാത്രങ്ങൾ. അവർ ഒറ്റപ്പെട്ടുപോകുമായിരുന്ന ഇസബെല്ലിനെ ഭർത്താവിന്റെ മരണശേഷം വന്ന് ആശ്വസിപ്പിക്കുന്നു. അവരുടെ കഴിവിൽ വിശ്വസിച്ചു അവർക്ക് പുതിയ ലക്ഷ്യങ്ങൾ നല്കുന്നു. ഒടുവിൽ മരണത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും പുതിയ പാഠങ്ങൾ ഇസബെല്ലിനെ അവരോടൊപ്പമുള്ള ഇടപെടലുകൾ പഠിപ്പിക്കുന്നു. പുതിയ നിയോഗങ്ങൾ മാറ്റുന്നത് ഇസബെല്ലിന്റെ സാമൂഹ്യ ഇടപെടലുകളെ മാത്രമല്ല, അവരുടെ വിശ്വാസങ്ങളെയുമാണ്.

ചിത്രത്തിൽ ഇസബെല്ലിന്റെ തോട്ടത്തിൽ പ്രത്യക്ഷപെടുന്ന ഒരു കാക്കയുണ്ട്. സ്റ്റോപ് മോഷൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാണിക്കുന്ന കാക്കയോളം മാത്രമേ സിനിമയിൽ ഇസബെല്ലിനെ ചുറ്റി നടക്കുന്ന സംഭവങ്ങൾക്കും കഥാപാത്രങ്ങൾക്കും വിശ്വാസ്യതയുള്ളൂ. ചിലപ്പോഴൊക്കെ യഥാർത്ഥ ലോകത്തെ വെടിഞ്ഞു അതിസുന്ദരമായ ഒരു മായിക ലോകത്തിലേക്ക് സിനിമ പോകുന്നുണ്ട്. തിരിച്ചറിവുകൾ എലിസബത്തിനെ വീണ്ടും പഴയ ലോകത്തേക്ക് കൊണ്ടുവരുകയും പുതിയ തിരിച്ചറിവുകൾ വീണ്ടും അവരെ മായിക ലോകത്തേക്ക് കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. സ്റ്റോപ് മോഷൻ കാക്ക സിനിമയിലെ മരണത്തിന്റെ പ്രതീകമാകണം.ഒരു സ്വപ്നരംഗത്തിൽ എന്ന പോലെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന കാക്ക, സിനിമ മുന്നോട്ട് പോകും തോറും കൂടുതൽ ഇടം സിനിമയിൽ സ്വന്തമാക്കുകയും കൂടുതൽ യഥാർത്ഥ്യമായി തീരുകയും ചെയ്യുന്നു. മരണത്തിൽ ആരംഭിച്ചു മരണത്തിൽ അവസാനിക്കുന്ന സിനിമയിൽ മരണം ഇസബെല്ലിനെ പഠിപ്പിക്കുന്ന ജീവിതമാണ് ഈ സിനിമ.


Summary: വേദനയ്ക്ക് അപ്പുറം മരണത്തിൽ പിറക്കുന്ന കല, കണ്ടു നിൽക്കുന്നവരെ സന്തോഷിപ്പിക്കുന്നു. ആൾക്കാർ കൂടെ കൂടി ചിത്രങ്ങൾ എടുക്കുന്നു. ഓരോ മരണങ്ങളും വർഷങ്ങളായി പൂട്ടിവച്ച ഇസബേലിന്റെ കലാപരമായ കഴിവുകളുടെ അണപൊട്ടിയ ആവിഷ്‌കരമായി.


ജിതിൻ നാരായണൻ

കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സിൽ തിരക്കഥാ രചന - സിനിമാസംവിധാനം വിദ്യാർത്ഥി.

Comments