PESAR; ഫരീദിന്റെ ലോകം

പുരുഷ ഇറാനിയൻ സംവിധായകർ, നിസ്സഹായരായ ഇറാനിയൻ സ്ത്രീകളുടെ ജീവിതങ്ങൾ ചിത്രീകരിക്കുന്ന പൊതു കാഴ്ച്ചയിൽ നിന്നും വ്യത്യസ്തമായി നൂഷിൻ മെറാജിയെന്ന ഇറാനിയൻ വനിതാ സംവിധായിക തന്റെ സഹോദരനെയും അമ്മയെയും ആശ്രയിച്ചു ജീവിക്കുന്ന, ഫരീദ് എന്ന യുവാവിന്റെ ജീവിതത്തെ PESAR (THE SON) തിരശീലയിൽ എത്തിക്കുന്നു.

സ്വന്തമായി വരുമാനമാർഗം ഇല്ലാത്ത ഫരീദ്, സഹോദരൻ വിദേശത്ത് നിന്നും അമ്മയ്ക്ക് അയച്ചു നൽകുന്ന തുകയിലാണ് ജീവിക്കുന്നത്. അയാൾ അറിയാതെ വീട് വിറ്റ് കാറ് വാങ്ങാനും വലിയ ഫ്‌ലാറ്റിലേക്ക് വാടകയ്ക്ക് താമസം മാറാനും ഫരീദ് തീരുമാനിക്കുന്നു. താൻ ജീവിക്കുന്ന സമൂഹത്തിൽ നിലനിൽക്കാൻ ആവശ്യമായ പ്രായോഗിക പരിജ്ഞാനമില്ലാത്ത ഫരീദ്, മെനഞ്ഞു വയ്ക്കുന്ന നുണകളിലൂടെ ചെറിയ ബന്ധങ്ങൾ സൃഷ്ടിച്ചു വയ്ക്കുന്നു. ജോലി തേടി വിദേശത്ത് പോയ സഹോദരനെ, അമ്മയെ പരിപാലിക്കാൻ ശ്രമിക്കാത്ത മകനായി മറ്റുള്ളവരുടെ മുന്നിൽ കാണിക്കാൻ ശ്രമിക്കുന്ന ഫരീദ്, തനിക്ക് ജോലി ഇല്ലാത്തതിന്റെ കാരണമായി പറയുന്നത് താൻ ജോലിക്ക് പോയാൽ അമ്മയെ പരിചരിക്കാൻ ആളില്ലാതെയാകും എന്നതടക്കമുള്ള വാദങ്ങളാണ്. ഇത്തരം വാദങ്ങളിൽ ആണ് ഫരീദ് സ്വന്തം നിലനിൽപ്പ് ഉണ്ടാക്കിയെടുക്കുന്നത്. താൻ സമൂഹത്തിൽ ഒന്നിനും കൊള്ളാത്തവനല്ലെന്നും, താൻ അമ്മയെ പരിചരിക്കുന്ന, ഉത്തരവാദിത്വം ഉള്ള മകനാണെന്നും വരുത്തി തീർക്കാനും അമിതമായ ശരീര ഭാരത്തെ മറ്റുള്ളവരുടെ മുന്നിൽ സിമ്പതി കിട്ടത്തക രീതിയിൽ അവതരിപ്പിക്കാനും സ്ത്രീകളെ തന്നെ ഇഷ്ടപ്പെടുത്താനും ഫരീദ് ഇത്തരം കഥകൾ മെനയുന്നു.

ഫരീദായി സൊഹൈൽ ഗെഹ്നാധൻ.

അമ്മയുടെ മരണം ഫരീദിന്റെ ജീവിതം ഏകാന്തമാക്കുന്നു. അമ്മയുടെ മരണം മറച്ചു വച്ചുകൊണ്ട് ജീവിക്കാൻ അയാൾ ന്യായങ്ങൾ ഉണ്ടാക്കുന്നു. ഏകാന്തമായ അയാളുടെ ജീവിതത്തെ മറികടക്കാൻ അയാൾ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു. ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ വയ്യാത്തത്തിനാൽ മാത്രം അയാൾ തെരുവിൽ നിന്നും സെക്സ് വർക്കേഴ്‌സിനെ വീട്ടിലേക്ക് കൊണ്ടുവരുകയും അവർക്ക് ഭക്ഷണം നൽകി വീട്ടിൽ താമസിക്കാൻ അനുവദിക്കുകയും ചെയുന്നു.

ഫരീദ് എന്ന കഥാപാത്രത്തിന്റെ മാനസിക നില സിനിമയിൽ വളരെയേറെ സങ്കീർണമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അമ്മയോട് വളരെയേറെ സ്‌നേഹം നടിക്കുന്ന അയാൾ അതേ സമയം അമ്മയുടെ മരണം മറച്ചു വയ്ക്കുന്നു. അമ്മയുടെ മരണം ഫരീദ് സ്‌നേഹിക്കുന്ന അടുത്ത മുറിയിലെ പെൺകുട്ടിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു കൊണ്ട് അവരിൽ കുറ്റബോധം വളർത്തി അത് തന്നോടുള്ള ഇഷ്ടമായി മാറ്റാൻ ഫരീദ് ശ്രമിക്കുന്നുണ്ട്. തന്നിൽ വിശ്വാസം ഇല്ലാത്തത് കൊണ്ട് സാമ്പത്തിക കാര്യങ്ങൾ തന്നിൽ നിന്നും ഒളിപ്പിച്ചു വയ്ക്കുന്ന അമ്മയെ കൊണ്ട്, അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മകൻ താനാണ് എന്ന് പറയിക്കാൻ ഫരീദ് ആഗ്രഹിക്കുന്നു. അമ്മയെ സഹോദരൻ സ്‌നേഹിക്കുന്നില്ല എന്ന് അയാൾ അമ്മയ്ക്ക് മുന്നിലും തെളിയിക്കാൻ നോക്കുന്നു.

ഫരീദ് ആയി അഭിനയിച്ച സൊഹൈൽ ഗെഹ്നാധൻ വ്യത്യസ്തങ്ങളായ മാനസിക തലങ്ങൾ ഉള്ള മുഖ്യകഥാപാത്രത്തെ അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു ലോങ് ടൈക്കിൽ ഫരീദും സഹോദരനും തങ്ങളുടെ പഴയ കാല ഓർമകൾ അയവിറക്കി, ഒടുവിൽ ജീവിതത്തിന്റെ യഥാർത്ഥ്യതത്തിലേക്ക് മടങ്ങി പോകുന്ന ചിത്രത്തിലെ അവസാനത്തെ ഷോട്ടിൽ Pesar എന്ന സിനിമയുടെ ആത്മാവ് പ്രേക്ഷകനോട് സംവദിക്കുന്നുണ്ട്.

Comments