ദുൽക്കർ, ഗ്രിഗറി, മത്സ്യകന്യക, സമുദ്രക്കനി

‘കരിങ്കുന്നം സിക്സസ്’ എന്ന സിനിമയിൽ അഭിനയിച്ചുവന്ന്​ അതിന്റെ വിശേഷങ്ങൾ ദുൽഖറിനോട് പറയുകയാണ് നടൻ ഗ്രിഗറി. രണ്ട് പേരും വല്യ കൂട്ടാണ്. കാരണം ഗ്രിഗറി അത്രയ്ക്കും ക്യൂട്ടാണ്. മലയാള സിനിമയിൽ ഇപ്പോഴുള്ളവരിൽ ഏറ്റവും ശുദ്ധൻ. കള്ളം പറയാറില്ല. പൊങ്ങച്ചമില്ല, സുഖിപ്പിക്കലില്ല, അമേരിക്കൻ പൗരൻ ആണെങ്കിലും അവിടെയാണ് വളർന്നതെങ്കിലും മല്ലു ആക്സന്റിൽ ഇംഗ്ലീഷ് പറയാൻ മടിയില്ല- സിനിമക്ക്​ അകത്തും പുറത്തുമുള്ള ചില കൗതുക നിമിഷങ്ങളിലൂടെ, സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ.

ദുൽഖർ പറഞ്ഞ കഥയാണ്.
‘കരിങ്കുന്നം സിക്സസ്’ എന്ന സിനിമയിൽ അഭിനയിച്ച് വന്ന് അതിന്റെ വിശേഷങ്ങൾ ദുൽഖറിനോട് പറയുകയാണ് നടൻ ഗ്രിഗറി. ബൈ ദ വേ, രണ്ട് പേരും വല്യ കൂട്ടാണ്. കാരണം ഗ്രിഗറി അത്രയ്ക്കും ക്യൂട്ടാണ്. മലയാള സിനിമയിൽ ഇപ്പോഴുള്ളവരിൽ ഏറ്റവും ശുദ്ധൻ. കള്ളം പറയാറില്ല. പൊങ്ങച്ചമില്ല, സുഖിപ്പിക്കലില്ല, അമേരിക്കൻ പൗരൻ ആണെങ്കിലും അവിടെയാണ് വളർന്നതെങ്കിലും മല്ലു ആക്സന്റിൽ ഇംഗ്ലീഷ് പറയാൻ മടിയില്ല. തന്നെക്കൊണ്ടാവുന്നതിലും ഒരടി ഉയരത്തിൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്. ഒരൊറ്റ കുഴപ്പമേയുള്ളൂ. ഗ്രിഗറി ഒരു ടോപിക് ആയി വന്നാൽ പുള്ളിയെ പറ്റി നല്ല രണ്ട് വാക്ക് പറയാതെ ആ വിഷയത്തിൽ കയറാൻ പറ്റില്ല.

ഇനി കയറാം.

അപ്പൊ, ‘കരിങ്കുന്നം സിക്‌സസി’ന്റെ ഷൂട്ട് കഴിഞ്ഞ് ദുൽഖറിന്റെ വീട്ടിൽ വന്നിരിക്കുകയാണ് ഗ്രിഗറി.
വിശേഷങ്ങളറിയാൻ കാഷ്വലായി ദുൽഖർ ചോദിച്ചു.

“നിന്റെ കൂടെ വേറാരോക്കെയുണ്ട് സിനിമയിൽ” ?

ഒന്നാലോചിച്ച് ഗ്രിഗറി പറഞ്ഞു.

“അതിപ്പോ, മഞ്ജു ചേച്ചിയുണ്ട്, സുരാജേട്ടനുണ്ട്, ബാബു ആന്റണിയുണ്ട്, പഴയ ബൈജു ചേട്ടനുണ്ട്, സുധീർ കരമന ഇല്ലേ..അങ്ങേരുണ്ട്. പിന്നെ അനൂപ് മേനോനൊക്കെ വേറെ സീനുകളിൽ അഭിനയിക്കുന്നുണ്ട്.”

“ആഹാ..കുറേ പേരുണ്ടല്ലോ”

“അതെ അതെ. പിന്നെ തമിഴിലെയും ഒരു ആക്ടർ ഉണ്ട്. ഗസ്റ്റ് റോളായിട്ട്”

“അതാര്”

“അവിടത്തെ ഫേമസ് ആയിട്ടുള്ള ഒരാളില്ലേ ? പടം ഒക്കെ ഡയറക്ട് ചെയ്തിട്ടുള്ള..ലാൽ സാറിന്റെ ഒപ്പം മലയാളത്തിൽ അഭിനയിച്ചിട്ടൊക്കെയുണ്ട്.”

ദുൽഖറിനൊരു പിടിയും കിട്ടിയില്ല.

പെട്ടന്ന് ഓർമ്മയിൽ നിന്ന് എന്തോ കൊത്തിയെടുത്ത് ഗ്രിഗറി പറഞ്ഞു.

“മത്സ്യകന്യകയോ മറ്റോ..അങ്ങനെ ഒരു പേരാണ്”

“സമുദ്രക്കനിയാണോ?”

“ആ കറക്ട് ! സോറി, മത്സ്യകന്യക അല്ല. സമുദ്രക്കനി !”

ദുൽഖറിനൊപ്പം രണ്ട് വാക്കുകൾ കൂടി അന്ന് ചിരിച്ചു കാണും. അമേരിക്കയിൽ വളർന്ന പാവം ഗ്രിഗറിക്ക് ‘മത്സ്യവും’ ‘കന്യകയും’ ഇട്ടുകൊടുത്ത് അപ്പുറത്ത് മാറിയിരുന്ന ‘സമുദ്രവും’ ‘കനിയും’. നാവിൻ തുമ്പത്ത് നിന്ന് ലാസ്റ്റ് മിനിറ്റ് മാറിയിരുന്ന് നർമമുണ്ടാക്കാൻ മിടുക്കരാണ് ഇത്തരം ചില വാക്കുകൾ.

സമുദ്രക്കനി

എന്റെ ചേട്ടൻ അരുൺ കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കാലത്ത് അവിടെ ഒരു ഭയങ്കര കാമുകനുണ്ടായിരുന്നു. രണ്ട് പ്രേമം മെയിൻ ആയിട്ടും നാലും അതിലധികവും സബ് ആയിട്ടും ഒരേ സമയം കൊണ്ട് നടക്കുന്നയാൾ. രാത്രിയിൽ ടൈം ടേബിൾ വച്ച് ഫോൺ വിളിയാണ്. എട്ട് മണിക്ക് തുടങ്ങിയാൽ എട്ടര വരെ ഒരാൾ. ഒമ്പത് മുതൽ പത്ത് വരെ വേറൊരാൾ. അങ്ങിനെ അങ്ങിനെ. പതിനൊന്ന് കഴിഞ്ഞാൽ മെയിൻ കാമുകിമാരിൽ ഒരാളായിരിക്കും. ആ മീറ്റർ പുലർച്ച വരെ ഓടും. രാവിലെ ഹോസ്റ്റലിന്റെ സ്റ്റെപ്പുകളിൽ ഉറങ്ങിയ നിലയിൽ ഇദ്ദേഹത്തെ കണ്ടവരുണ്ട്.

ഒരു ദിവസം പുതുതായി നമ്പർ കിട്ടിയ ഒരു സുന്ദരിയുമായി ഫോണിൽ കുറുകുകയാണ് ആശാൻ. ഹോസ്റ്റലിന്റെ ബാൽക്കണിയിൽ നിന്നാണ് സംസാരം. കൂട്ടുകാർ നോക്കുന്നതൊന്നും പുള്ളിക്ക് പ്രശ്നമല്ല. സന്തോഷമേയുള്ളൂ. അന്ന് പതിവില്ലാതെ ചേട്ടനടക്കമുള്ളവർ ഈ സല്ലാപം പതുക്കെ ചുറ്റി പറ്റി നിന്ന് ശ്രദ്ധിച്ച് തുടങ്ങി. എന്താന്ന് വച്ചാൽ, ഇത്തവണ നമ്മുടെ കാമുകൻ പതിവില്ലാതെ ഓരോ ഡയലോഗിലും ഇംഗ്ലീഷ് കുത്തി കയറ്റികൊണ്ടിരിക്കുന്നു.

അപ്പുറത്ത് ഒരു ഹൈ ക്ലാസ് കൊച്ചാവാനാണ് ചാൻസ്. അല്ലാതെ മൂപ്പർക്ക് പണ്ട് പഠിച്ച സ്പോക്കൺ ഇംഗ്ലീഷ് അക്സന്റൊന്നും ഇറക്കേണ്ട ആവശ്യമില്ല. കൂടുതലും മിക്സ് ചെയ്യുന്നത് മലയാളം മീഡിയം- ഫ്രണ്ട്‌ലി ആയ ‘ഐ സീ’, ‘റിയലി?’, ‘സൊ നൈസ്’ പോലെ എളുപ്പമുള്ള ഇംഗ്ലീഷ് വാക്കുകൾ ആണ്. പക്ഷേ ഗ്രാമർ ഏരിയ എല്ലാം മലയാളമായത് കൊണ്ട് വേറെ കുഴപ്പമൊന്നുമില്ല. കേട്ടാൽ ആളൊരു സംഭവമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

പഞ്ചാര പതുക്കെ കലങ്ങി തുടങ്ങി. കുട്ടി ഇംപ്രസ് ആവുന്നതിന്റെ ആത്മവിശ്വാസം കാമുകന്റെ മുഖത്ത് വ്യക്തമാകുന്നുണ്ട്. കൂട്ടുകാർ കാണുന്നതുകൊണ്ടുള്ള ഷോ വേറെ.

പെട്ടന്ന് എന്തോ കാര്യത്തിന് ദേ ഈ കക്ഷി ചിരിച്ചു കൊണ്ട് ചൂടാകുന്നു. അഭിനയമാണ്. ഒരു പഞ്ചാരപ്പിണക്കം.

ശബ്ദമൊക്കെ സോഫ്റ്റ് ആക്കി,

“നോ. യു ടെൽ മി ദാറ്റ് ഫസ്റ്റ്..പറയാതെ ഞാൻ മിണ്ടില്ല” എന്നൊക്കെ.

കാണുന്നവർ “ഇതിത്തിരി ഓവർ അല്ലേ?”എന്ന് ആംഗ്യഭാഷയിൽ ചോദിക്കുന്നതിനെ ഒരു കണ്ണിറുക്കി ഒതുക്കി കാമുകൻ തുടർന്നു.

“പറ്റില്ല ! പറഞ്ഞില്ലെങ്കിൽ ഞാനിപ്പോ ഫോൺ വെക്കും. ഐ ആം സീരിയസ്”

“യെസ് ..വാശിയാണ്”

“ഓ.. ഫൈൻ. എന്നാ ശരി. ഗുഡ് നൈറ്റ്‌”

“യെസ്..പോവാണ്.. ബൈ!”

“വേണ്ട.. ബൈ”

എന്നിട്ട് ഫോൺ ചെവിയിൽ നിന്നെടുത്ത് സ്നേഹത്തോടെ ചുണ്ടിനോട് ചേർത്ത് പിടിച്ച്, ആ കുട്ടി എന്തായാലും തിരിച്ചു വിളിച്ചിരിക്കും എന്ന ഡബിൾ കോൺഫിഡൻസിൽ ഇത് കൂടെ പറഞ്ഞ് പുള്ളി ഫോൺ കട്ട് ചെയ്തു.

"" ഐ സെഡ് ബൈ.. B.. U.. Y.. ബൈ !!

‘ബൈ’ യുടെ സ്പെല്ലിങ് പോലുമറിയാത്ത കാമുകനെ പിന്നെ ആ കൊച്ച് വിളിക്കാൻ മെനക്കെട്ടിട്ടില്ല എന്നാണറിവ്. അല്ലെങ്കിലും വാക്ക് മാറുന്നവർക്ക് പ്രണയം പറഞ്ഞിട്ടുള്ളതല്ല.

ചില വാക്കുകൾ മാറിപ്പോകണം എന്ന് തന്നെയില്ല. ഒരു സാമ്യമുണ്ടാക്കി ഒന്നൊതുങ്ങി നിന്നാൽ മാത്രം മതി ചിരിയുണ്ടാക്കാൻ.

തൃശ്ശൂര് അച്ഛൻ പോയിരുന്ന ഒരു പരിപാടിക്ക് മുഖ്യാതിഥിയായ അന്നത്തെ മേയർ വരാനിത്തിരി വൈകി. ചടങ്ങ് തുടങ്ങിയതിന് ശേഷം വേദിയിലെത്തി സദസ്സിനെ ഒന്ന് കൈ വീശി കാണിച്ച് അദ്ദേഹം അച്ഛനടുത്ത് പതുക്കെ വന്നിരുന്നു. എന്നിട്ട് ചെവിയിൽ പറഞ്ഞു.

“മന്ത് രോഗ നിവാരണത്തിന്റെ ബോധവൽക്കരണത്തിനായി ഒരു ഹോമിയോ മരുന്ന് നൽകുന്ന പരിപാടി ഉദ്‌ഘാടനം ചെയ്തു വരുന്ന വഴിയാണ്. ആദ്യത്തെ തുള്ളി ഞാൻ തന്നെ കഴിച്ചാണ് ഉദ്‌ഘാടനം ചെയ്തത്.”

പിന്നെ അല്പം കൂടി സ്വകാര്യമായി,

“എന്താന്നറിയില്ല..മന്തിന്റെ മരുന്ന് കഴിച്ചതിൽ പിന്നെ ആകെ ഒരു മന്ദത !”

‘മന്തും’ ‘മന്ദത’യും KPCC യും KPAC യും പോലെ രണ്ടാണെങ്കിലും പെട്ടന്ന് കേട്ടാൽ എന്തോ ബന്ധമുണ്ടെന്ന് തോന്നും. അതാണതിന്റെ രസം.

സത്യൻ അന്തിക്കാട്

അന്തിക്കാട് വീടിന്റെ കോമ്പൗണ്ടിൽ നല്ലൊരു നാടൻ കുളമുണ്ട്. അച്ഛൻ മുൻകൈ എടുത്ത് അരികും പടിക്കെട്ടുമൊക്കെ കെട്ടിയതിൽ പിന്നെ തന്റെ ലോക്കൽ ഫ്രണ്ട്സിനെ പോലെ വെറും കുളമായി കിടക്കാതെ നല്ല കുട്ടപ്പനായി കിടക്കുന്ന കുളമാണ് ഈ കുളം. വർഷത്തിലൊരിക്കൽ കുളം വറ്റിക്കലും വൃത്തിയാക്കലും മീൻ പിടിത്തവും നടത്താറുണ്ട്. വെള്ളമില്ലാതെ ജസ്റ്റ് തോർത്തുടുത്ത പോലെ നിൽക്കുന്ന കുളത്തിന്റെ ചമ്മലും, സണ്ണി ലിയോൺ മോഡൽ വരാലുകളും കുളം ശരിയാക്കാൻ വരുന്ന ചേട്ടന്മാരുടെ കോമഡികളുമൊക്കെ കൊണ്ട് സമ്പന്നമാണ് ആ ദിവസം. ചേറിൽ പുതഞ്ഞു കിടക്കുന്ന വരാലുകളെ പിടിച്ച് കരയിലേക്കിടുമ്പോൾ എടുത്ത് കുട്ടയിലിടാൻ ഏർപ്പാടാക്കിയ ഒരു തമാശക്കാരൻ ചേട്ടൻ പറഞ്ഞ കഥയാണ് ഇതിന്റെ വൈൻഡ് അപ്.

അങ്ങേരും കൂട്ടുകാരും നോമ്പെടുത്ത് ശബരിമലയിലേക്ക് പോവുകയാണ്. എഴുപതിനടുത്ത് പ്രായമുള്ള, മുപ്പത് വർഷത്തോളം മല ചവിട്ടിയിട്ടുള്ള, മാലയിട്ടാൽ ഹെൽത്തിയാകുന്ന ലിവറുള്ള ഒരു അമ്മാവനും കൂടെയുണ്ട്. സീനിയോറിറ്റി പ്രമാണിച്ച് ‘ഗുരുസ്വാമി’ എന്നാണ് വിളിക്കുക. ടെമ്പോയിലാണ് യാത്ര. പുലർച്ച മൂന്ന് മണിക്കെഴുന്നേറ്റ് കുളിച്ച് അമ്പലത്തിൽ പോയി കെട്ട് നിറച്ച് നേരം വെളുക്കുന്നതിന് മുൻപേ തുടങ്ങിയ യാത്രയാണ്. ഈ ചേട്ടനിരിക്കുന്നത് ഫ്രണ്ടിൽ ഡ്രൈവർക്കടുത്തുള്ള സീറ്റിലാണ്. ഗുരുസ്വാമിയും മറ്റു സ്വാമിമാരും പുറകിൽ.

വണ്ടി സ്റ്റാർട്ട് ചെയ്തതും ശരണം വിളിയോട് ശരണം വിളിയായിരുന്നു. ദക്ഷിണ അത്യാവശ്യം കിട്ടി ചൂടാറാകാത്തത് കൊണ്ട് ഗുരുസ്വാമി തന്നെയാണ് ശരണം വിളി ട്രിഗർ ചെയ്യുന്നത്. പുള്ളി “സ്വാമിയേ..” എന്ന് വിളിച്ചാൽ ഡ്രൈവർ ഒഴികെയുള്ളവർ “ശരണമയ്യപ്പാ..” എന്ന് നീട്ടി വിളിക്കും. “അയ്യപ്പോ..” എന്ന് വിളിച്ചാൽ “സ്വാമിയേ..” എന്ന് തിരിച്ചും. “നെയ്യഭിഷേകം..” എന്ന് ഗുരുസ്വാമി പാടിയാൽ “സ്വാമിക്ക്” എന്ന് കോറസ് വരും. “അവിലും മലരും..” എന്ന് വന്നാലും “സ്വാമിക്ക്” തന്നെയാണ്. “കർപ്പൂര ദീപം”, “കാണി പൊന്ന്” എന്നൊക്കെ ഗുരുസ്വാമി തുടങ്ങിയാൽ മറ്റുള്ളവർ ഇതേ “സ്വാമിക്ക്” എന്ന് മാത്രം ട്യൂണിൽ ചേർത്താൽ മതി. “കല്ലും മുള്ളും..” “കാലിന് മെത്ത” എന്ന തമിഴ് ഡബ് വേർഷൻ ലൈൻ മാത്രമേ ഗുരുസ്വാമി വിചാരിച്ച പോലെ ഏൽക്കാഞ്ഞതുള്ളൂ. “കല്ലും മുള്ളും” എന്ന് പുള്ളി പാടിയ ഉടനേ ഗ്രൂപ്പ് ഒന്നടങ്കം “സ്വാമിക്ക്” എന്ന് തന്നെ ഒരു ഫ്ലോയിൽ ഫിൽ ചെയ്യുകയാണുണ്ടായത്. ആ ചമ്മൽ മറക്കാൻ പുള്ളി ഉടനെ തന്നെ “പമ്പാവാസനേ...”, “ഹരിഹര സുധനേ” തുടങ്ങിയ ഹൈ എൻഡ് ശരണം വിളികൾ അങ്ങിറക്കി. അതിനൊക്കെ മറ്റുള്ളവർ സിംപിൾ “ശരണമയ്യപ്പാ” എന്ന് കൗണ്ടർ ആയി പറഞ്ഞാൽ മാത്രം മതിയല്ലോ.

ആദ്യത്തെ അര മണിക്കൂർ കഴിഞ്ഞപ്പോൾ ഗുരുസ്വാമി ചെറിയ കൊമേർഷ്യൽ ബ്രെയ്ക്കൊക്കെ എടുത്ത് തുടങ്ങി. ശരണം വിളി കുറഞ്ഞതും മറ്റ് സ്വാമിമാരും സിനിമ പോസ്റ്ററൊക്കെ നോക്കാനുള്ള ഒരു മാനസികാവസ്ഥയിലായി. അങ്കമാലിയിൽ നിർത്തി കാപ്പിയും ദോശയും കഴിച്ച് വീണ്ടും വണ്ടിയെടുത്തപ്പോൾ അകത്ത് കയറിയ കാറ്റ് ഗുരുസ്വാമിയെ ആദ്യം ഉറക്കി. ഇനി എറണാകുളം, കോട്ടയം ജില്ലകൾ ഓടിയെത്തി വേണം പത്തനം തിട്ടയിലുള്ള പമ്പയിൽ എത്താൻ. അവിടം വരെയേ വണ്ടി പോകൂ. പിന്നീടങ്ങോട്ട് മല കയറ്റമാണ്. ടെക്നിക്കലി അവിടന്നങ്ങോട്ട് ശരണം വിളിച്ചു തുടങ്ങിയാലും ഓക്കെയാണ്. അതിലുപരി ബോസും കൂടി ഉറങ്ങിയത് കണ്ട് മൂന്ന് മണിക്ക്‌ തുറന്ന ബാക്കി കണ്ണുകളും ധൈര്യമായി അടഞ്ഞു തുടങ്ങി. മുന്നിലിരിക്കുന്ന നമ്മുടെ ചേട്ടൻ ഒഴിച്ച്. രണ്ട് കാര്യങ്ങളാണ്. ഒന്ന്, ഡ്രൈവർ ഉറങ്ങാതെ നോക്കണം. രണ്ട്, “നേരത്തെ ഇറങ്ങിയത് കൊണ്ട് ഡീസലടിക്കാൻ പറ്റിയിട്ടില്ല. ഇടക്ക് തിരക്കൊഴിഞ്ഞ പമ്പ് കണ്ടാൽ പറയണം” എന്ന് രണ്ടാമത്തെ ദോശ വരുന്ന ഗ്യാപ്പിൽ ഡ്രൈവർ പറഞ്ഞിട്ടുമുണ്ട്.

അല്പദൂരം പോയപ്പോഴേക്കും ലെഫ്റ്റ് സൈഡിൽ ഒരു പമ്പ് ഇങ്ങേര് കണ്ടു. ചുറ്റും കാട് പിടിച്ച് കിടക്കുന്നുണ്ടെങ്കിലും ഒരു ബൈക്ക് പെട്രോൾ അടിക്കുന്നുണ്ട്. സംഭവം ഓപ്പൺ ആണ്. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നിലുള്ള ലോറിയെ ഓവർ ടേക് ചെയ്യാൻ പെടാപ്പാട് പെടുന്ന ഡ്രൈവറോടായി ഈ സ്വാമി ചേട്ടൻ ഉറക്കെ പറഞ്ഞു.

“പമ്പെത്തി..പമ്പെത്തി”

ഇത് കേട്ടതും പുറകിൽ ഉറങ്ങിയാടിക്കൊണ്ടിരിക്കുന്ന ഗുരുസ്വാമി ചാടിയെണേറ്റ്, ഇത്ര പെട്ടന്ന് പമ്പയെത്തിയത് വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും ചിന്തിക്കാതെ ഉറക്കെ വിളിച്ചു..

“പമ്പാവാസനേ..ഹരിഹര സുധനാനന്ദചിത്തനയപ്പ സ്വാമിയേ...........”

പുറകേ,

“ശരണമയ്യപ്പാ.....ശരണമയ്യപ്പാ.....” എന്ന് ഞെട്ടിയെണീറ്റ് അലർട്ടായ കോറസ്സ് സ്വാമിമാരും.

അന്നവിടെ, ശരണം വിളികൾ കൊണ്ട് ഭക്തിസാന്ദ്രമായ അങ്കമാലിക്കടുത്തുള്ള ആ പെട്രോൾ പമ്പിൽ നിന്ന് അല്പം മാറി ‘പമ്പും’ ‘പമ്പയും’ കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.

Comments