ഇല വീഴാ പൂഞ്ചിറ: അപ്രതീക്ഷിത മനുഷ്യരും പ്രകൃതിയും

തിയെ മല കേറി കേറി, മേലേക്ക് എത്തി, മഞ്ഞ് കൊണ്ട്, മഴ കണ്ട്, മിന്നൽ കണ്ട് പേടിച്ച് നിന്നും, ചുരുളഴിയാത്ത എന്തോ ഒന്ന് തിങ്ങി നിൽക്കുന്ന അന്തരീക്ഷത്തിൽ ചെറിയ ഒച്ചപ്പാടുകൾക്ക് പോലും കാതോർത്ത് നിന്നും മധുവിൻറെ കാഴ്ചകളിലൂടെ, അയാളുടെ ചിന്തകളിലൂടെയാണ് പ്രേക്ഷകർ സഞ്ചരിക്കുന്നത്. സിനിമ അവസാനിക്കുമ്പോഴും അവിടുന്ന് തിരിച്ച്പോരാൻ കഴിയാത്ത വിധം എന്തോ ഒന്ന് തിരികെ വിളിക്കുന്നുണ്ട്.

ഒരില പോലും വീഴാൻ മരങ്ങൾ ഇല്ലാത്ത ഇല വീഴാ പൂഞ്ചിറയിൽ പക്ഷേ നിശ്ചലമായ പ്രകൃതി അല്ല ഉള്ളത്. അവിടുത്തെ പ്രകൃതിയും മനുഷ്യരും അപ്രതീക്ഷിതമാണ്.
പൊടുന്നനെ ആണ് പുഞ്ചിറയുടെ ഭാവം മാറുന്നത്. നോക്കി നിൽക്കെ മഞ്ഞിനെ വകഞ്ഞ് മാറ്റി മഴയെത്തും. ആദ്യ ഇടി മിന്നലിൽ തന്നെ ഭയം നിറയും. ആ ഭയം അടങ്ങും മുൻപേ മഴ തോരും. ഒന്നും സംഭവിക്കാത്ത പോലെ പൂഞ്ചിറ നിശ്ചലമാകും.

മല മുകളിലെ വയർലെസ്സ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന മധുവിലൂടെയാണ് (സൗബിൻ) കഥ ആരംഭിക്കുന്നത്. കാറ്റാടി അനങ്ങി തുടങ്ങുമ്പോൾ തന്നെ മധുവിൻറെ മുഖത്ത് ഭയം തളം കെട്ടാൻ തുടങ്ങും. അയാൾ ആദ്യം മുതലേ അസ്വസ്ഥനാണ്. ആ അസ്വസ്ഥത പിന്തുടർന്നാണ് പ്രേക്ഷകരും എത്തുന്നത്. ഒരു ക്രൈം നടക്കുമ്പോൾ പ്രതി ആര് എന്ന് അറിയുന്നതിന് അപ്പുറം കുറ്റം ചെയ്യാൻ അയാളെ പ്രേരിപ്പിച്ച കാരണമറിയാനാണ് തനിക്ക് താൽപര്യം എന്ന് മധു പറയുന്നുണ്ട്. സിനിമ കണ്ട് കൊണ്ട് ഇരിക്കുന്ന പ്രേക്ഷകനിലും അങ്ങനെ ഒരു താല്പര്യം ജനിപ്പിക്കാൻ സിനിമക്ക് കഴിയുന്നു.
ആരും അവിടേക്ക് വരണ്ട എന്ന് മധുവിന് നിർബന്ധമുണ്ട്. അതിനായി അതിർ വരമ്പുകൾ അയാൾ നിശ്ചയിക്കുന്നുമുണ്ട്. അതിക്രമിച്ച് കയറുന്നവരെയെല്ലാം അയാൾ ഓടിക്കുന്നു. അവിടം ഏത് ഇടി മിന്നലിലും ഡ്യൂട്ടി ചെയ്യണ്ട പൊലീസുകാരുടെ മാത്രം ഇടമാണ്. പിന്നെ പിങ്കി എന്ന നായയുടെയും രണ്ട് നായ കുട്ടികളുടെയും.

അവിടേക്ക് വന്നു പോകുന്ന പലരോടും അയാൾ പല വിധത്തിൽ, പല അളവിൽ കലഹിക്കുന്നുണ്ട്. പക്ഷെ അപ്പോഴൊക്കെയും അയാളുടെ മനസ്സ് മറ്റ് എന്തിലോ ആയിരുന്നു. അയാളെ "വേട്ടയാടുന്നത്' തേടിയുള്ള യാത്രയിലാണ് പ്രേക്ഷകരും.

ഇലവീഴാപൂഞ്ചിറയിൽ സൗബിൻ സാഹിർ
ഇലവീഴാപൂഞ്ചിറയിൽ സൗബിൻ സാഹിർ

പ്രകൃതിയുടെ ശബ്ദ വൈവിധ്യങ്ങളും, കാറ്റിൻറെ കലഹങ്ങളും, വാക്കി ടോക്കിയിലൂടെ അവിടേക്ക് എത്തുന്ന അറ്റു പോയതും ആവർത്തിക്കപ്പെടുന്നതുമായ സംഭാഷണങ്ങളും സ്വാഭാവികമായി തന്നെ കോർത്തിണക്കാൻ കഴിഞ്ഞു എന്നതും സിനിമയുടെ വിജയമാണ്. പ്രേക്ഷകർക്ക് അത്ര പരിചിതമല്ലാത്ത പല പൊലീസ് പ്രക്രിയകളും സിനിമ പരിചയപ്പെടുത്തുന്നുണ്ട്. തിരക്കഥയിലും സംവിധാനത്തിലും പൊലീസ് ഉദ്യോഗസ്ഥർ വന്നത് കൊണ്ടുള്ള പ്രത്യേകതയാണത്.

കോമഡി വേഷങ്ങൾ മാത്രം ആയിരുന്നു ഒരു കാലത്ത് മലയാള സിനിമയിൽ പൊലീസുകാർ ചെയ്തിരുന്നത്. കോൺസ്റ്റബിൾ കുട്ടൻ പിള്ളയിൽ നിന്നും പൊലീസ് കഥാപാത്രങ്ങൾക്ക് മോചനം കിട്ടിയിട്ട് അധിക കാലമായിട്ടില്ല. പുറത്ത് നിന്ന് നോക്കി കണ്ട പൊലീസ് ജിവിതമല്ല യഥാർത്ഥത്തിൽ ഉള്ളത് എന്ന് കുറച്ചു നാളുകളായി മലയാള സിനിമ കാണിച്ച് തരുന്നുണ്ട്.

അത്തരം പോലീസ് പ്രതിനിധാനം ഷാഹി കബീർ സിനിമകളുടെ പ്രത്യേകതയാണ്. തിരക്കഥയിലൂടെ ജോസഫിലും നായാട്ടിലും അത് വ്യക്തമാണ്. ആദ്യ സംവിധാന സിനിമയിലും റിയലിസ്റ്റിക് ആയ പൊലീസ് ചുറ്റുപാടുകൾ കൊണ്ട് വരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. പോലീസ് കഥകളോടുള്ള ആളുകളുടെ അഭിനിവേശവും ഇത്തരം റിയലിസ്റ്റിക് ആവിഷ്കാരവും മലയാള സിനിമയ്ക്ക് ഗുണം ചെയ്യുന്നു. ക്രൈം ത്രില്ലർ എന്നാൽ സൈക്കോ ത്രില്ലറുകൾ മാത്രമായി മാറിക്കൊണ്ടിരിക്കുമ്പോഴാണ് ഇല വീഴാ പൂഞ്ചിറ പോലൊരു സിനിമ പ്രേക്ഷകർക്ക് കിട്ടുന്നത്. അത് തന്നെയാണ് സിനിമക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ ഒരു കാരണവും. കണ്ടുമടുത്ത പോലീസ് കഥകൾക്കും സൈക്കോ കഥകൾക്കും അപ്പുറത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകാൻ കഴിയുന്നു എന്നിടത്താണ് സിനിമ വിജയിക്കുന്നത്.

ഷാഹി കബീർ
ഷാഹി കബീർ

ആദ്യ സംവിധാന ശ്രമം തന്നെ മികച്ചതാക്കാൻ ഷാഹി കബീറിന് കഴിഞ്ഞിട്ടുണ്ട്. പോലീസുകാരായ തിരക്കഥാകൃത്തുക്കളും നല്ല തുടക്കമാണ് സിനിമയിൽ കുറിക്കുന്നത്. നിധീഷ്. ജിയ്ക്കും മാറാട് ഷാജിയ്ക്കും ഇനിയും പോലീസ് കഥകൾ പറയുവാൻ ഉണ്ടാകും.

പ്രതിയിലും കുറ്റകൃത്യത്തിന് പിന്നിലുള്ള കാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്നതുകൊണ്ട് തന്നെ ഭൂപ്രകൃതിയുടെ വിഷ്വലുകൾ വളരെ ലിമിറ്റഡ് ആണ്. എന്നിരുന്നാലും ഉൾപ്പെടുത്തിയിട്ടുള്ള വിഷ്വലുകൾ മനോഹരവുമാണ്. മുൻപ് പുഞ്ചിറയിൽ പോകാത്തവർക്ക് കൂടി ആ സ്ഥലം പരിചിതമായി തോന്നും വിധമാണ് സിനിമയുടെ ദൃശ്യ ഭാഷ.

തിയറ്ററുകളുടെ സാങ്കേതിക പിഴവ് മൂലം പശ്ചാത്തല സംഗീതം മുന്നിൽ നിൽക്കുകയും പല സംഭാഷണങ്ങളും അവ്യക്തമായി തോന്നുകയും ചെയ്തു. നമ്മുടെ സിനിമാശാലകൾ കാലത്തിനനുസരിച്ച് മാറേണ്ടതുണ്ട്. ഇല്ലായെങ്കിൽ പ്രേക്ഷകർ കൂടുതൽ സൗകര്യമുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് വഴിമാറും. തീയറ്ററിൽ മാസ് ആക്ഷൻ പടങ്ങൾക്കു മാത്രമല്ല പ്രേക്ഷകരെത്തുന്നത് എന്നതിന് ഉള്ള ഉദാഹരണം കൂടിയാണ് പൂഞ്ചിറ. ഓവർ നന്മ, കണ്ടുമടുത്ത സൈക്കോ കഥകൾ പോലെയുള്ളവ തീയറ്ററിൽ നിന്നും പ്രേക്ഷകരെ അകറ്റുന്നതിൽ അത്ഭുതം ഒന്നുമില്ല.

സിനിമയിലെ നിന്ന്
സിനിമയിലെ നിന്ന്

അടുത്തിടയായി മോശം കഥാപാത്രങ്ങൾ മൂലം ട്രോളുകളും വ്യക്തിഹത്യയും എട്ടു വാങ്ങിയ സൗബിൻ മധുവിലൂടെ തിരിച്ചു വന്നിട്ടുണ്ട്. സൗബിന് പുറമേ സുധി കോപ്പ, സംവിധായകൻ ജൂഡ് ആന്റണി, സിനിമയിലെ പൊലീസ് കഥാപാത്രങ്ങൾ ചെയ്ത റിയൽ പൊലീസുകാർ എന്നിവരെല്ലാം തന്നെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ചില രംഗങ്ങളിലെ വ്യക്തത ഇല്ലായ്മ ആണ് സിനിമക്ക് ഒരു പോരായ്മ ആയി തോന്നിയത്. തീയറ്ററിൽ നിന്നും ഒ.ടി.ടിയിൽ എത്തുമ്പോൾ സിനിമക്ക് കൂടുതൽ ആഖ്യാനങ്ങൾ വന്നേക്കാം. പക്ഷെ സിനിമയുടെ ദൃശ്യ ഭാഷ ആവശ്യപ്പെടുന്നത് നല്ലൊരു തീയറ്റർ കാഴ്ചയാണ് എന്നതിൽ സംശയമില്ല.

Comments