"If I had a choice between leaving my home and dying, I would have gladly chosen death. Unfortunately, I did not have such a choice."
-An anonymous Refugee
പ്രൊപഗാണ്ട സിനിമകൾ അരങ്ങുവാഴുന്ന, ജിംഗോയിസം എന്ന പ്രവണതയെ പരിപോഷിപ്പിക്കുന്ന, വെറുപ്പിന്റെ രാഷ്ട്രീയവും ആക്രമണോത്സുകതയും മഹത്വവത്വരിക്കപ്പെടുന്ന സമകാലിക ഇന്ത്യൻ ചലച്ചിത്ര ലോകത്തിലേക്കാണ് വ്യത്യസ്തമായ രാഷ്ട്രീയ സമീപനവുമായി അതിർത്തികളും കടന്നുപോകുന്ന ഒരു പ്രണയകഥയുമായി ഇംത്യാസ് അലി എത്തുന്നത്.
വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കുന്ന, "കേരള സ്റ്റോറി" പോലുള്ള പ്രൊപഗാണ്ട സിനിമകൾക്കിടയിൽ ഒരു മാസ്റ്റർപീസ് തന്നെയാണ് ഇംത്യാസ് അലിയുടെ ഏറ്റവും പുതിയ ചലച്ചിത്രമായ "മേം വാപസ് ആവുംഗാ".
ഇന്ത്യ -പാകിസ്ഥാൻ വിഭജനകാലത്തെ അതിജീവിതരുടെ അവസാനത്തെ തലമുറയിലുള്ളവർക്കുവേണ്ടിയാണ് താൻ ഈ ചലച്ചിത്രം നിർമിച്ചതെന്നാണ് സംവിധായകൻ ഇംത്യാസ് അലിയുടെ പക്ഷം.
ഈ ചിത്രം തലമുറകൾക്കപ്പുറത്തുനിന്ന്, വിഭജനത്തിന്റെ നിഴൽ വീഴ്ത്തിയ ഇന്ത്യയിലെയും പാകിസ്ഥാനിലെയും അതിജീവിതരിൽ നിന്ന് പ്രേക്ഷകരിലേക്ക് നടത്തുന്ന വൈകാരിക സംഭാഷണങ്ങളുടെ പരമ്പരയാണ്. ആ വികാരങ്ങളുടെ ആഴവും നിറങ്ങളും ഒട്ടും നഷ്ടപ്പെടാതെ, സംവിധായകനും അഭിനേതാക്കളും പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്. അതിനാലാണ്, തിയേറ്റർ വിട്ടിറങ്ങുമ്പോൾ നെഞ്ചിലൊരു കനം അവശേഷിക്കുന്നത്, കുറേ ചോദ്യചിഹ്നങ്ങൾ ഉയർന്നുവരുന്നത്, രാഷ്ട്രീയ വൈരങ്ങൾക്കിടയിൽ, അധികാര മോഹങ്ങൾ നയിച്ച യുദ്ധങ്ങൾക്കിടയിൽ, സ്വത്വം നഷ്ടപ്പെടുന്ന മനുഷ്യരെക്കുറിച്ചോർത്ത് മനസ്സ് വേദനിക്കുന്നത്.
വെറുപ്പിന്റെ രാഷ്ട്രീയം വോട്ടുബാങ്കുകളെ സ്വാധീനിക്കുമ്പോൾ, അതാത് ദേശത്തെ ന്യൂനപക്ഷങ്ങൾ എങ്ങനെയാണ് തുടച്ചു നീക്കപ്പെടുന്നതെന്ന് വ്യക്തമായി ഈ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട്.
വീടും നാടും സമ്പത്തും ഉപജീവന മാർഗവും നഷ്ടപ്പെട്ട് മറ്റൊരു രാജ്യത്ത് അഭയാർഥികളായി ജീവിക്കുന്നവർ സ്വത്വം പോലും നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലേക്ക് എത്തുന്നതെങ്ങിനെയാണെന്ന് പല തലങ്ങളിലായി ഈ ചിത്രം പറയുന്നു.

സ്‌മൃതിഭ്രംശം ബാധിച്ച ഇഷർ എന്ന തൊണ്ണൂറുകാരന്റെ അന്ത്യദിനങ്ങളിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്ന സിനിമ, പക്ഷേ ജീവിക്കുന്നത് ഇന്ത്യ -പാകിസ്ഥാൻ വിഭജന കാലത്തിലാണ്. ഓർമത്തെറ്റ് ബാധിച്ച ഇഷറിന്റെ വാക്കുകളിൽ കാലങ്ങളായി തുടരുന്ന ഒരു കാത്തിരിപ്പിന്റെ കഥ കണ്ടെത്തിയ കൊച്ചു മകൻ നിർവൈർ ആ കാലഘട്ടത്തിലേക്കും അവിടെനിന്ന് പാകിസ്ഥാനിലേക്കും നടത്തുന്ന യാത്രയാണ് പ്രമേയം. നിർവൈറിനോടൊപ്പം പ്രേക്ഷകരും ആ യാത്രയിൽ പങ്കുചേരുന്നു. ഒടുവിൽ ഹൃദയവേദനയോടെ മടങ്ങുന്നു.
വിഭജന കലാപത്തിന്റെ സമയത്ത്, ജീവരക്ഷയ്ക്ക് സർഗോദ എന്ന ജന്മനാട് വിട്ട് ഇന്ത്യയിലേക്ക് വരേണ്ടി വന്നവരാണ് ഇഷറിന്റെ കുടുംബം. കാലങ്ങൾ കടന്നുപോയിട്ടും ജന്മനാടും നഷ്ടപ്പെട്ട കുടുംബവും പ്രണയവും ഇഷറിന്റെയുള്ളിൽ കനൽ പോലെ കത്തുകയും ഉള്ളു നീറ്റിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ, ആ ഒരു ക്ലോഷർ ലഭിക്കുന്നതുവരെ, മരണത്തിനുമുൻപിൽ പോലും പിടിവാശിയോടെനിന്ന ഇഷർ പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നുണ്ട്. നസറുദ്ദീൻ ഷാ വളരെ കൃത്യതയോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണു നിറയാതെ കണ്ടിരിക്കാൻ ബുദ്ധിമുട്ടുള്ള, ഒടുവിലെ വിട ചോദിക്കുന്ന രംഗം അദ്ദേഹത്തിന്റെ അഭിനയപ്രതിഭയുടെ നല്ല ഉദാഹരണമാണ്.
ഇത് പ്രണയകഥ മാത്രമല്ല. വീട് എന്നത് കേവലം കെട്ടിടമോ അളവുകൾ നിർണയിച്ച ഭൂമിയോ അല്ലെന്ന് ഈ ചിത്രം നമ്മോട് വിളിച്ചു പറയുന്നു. വേരുകൾ എവിടെയാണോ, അവിടെയാണ് നമ്മുടെ വീടെന്ന് വളരെ വൈകാരികമായി ഈ സിനിമ പറയാതെ പറയുന്നു. അവിടേക്കെത്താനായി ഒരു ജന്മം മുഴുവൻ കാത്തിരിക്കുന്നവരുടെ കഥയാണ് മേം വാപസ് ആവുംഗാ. ഇപ്പോഴും ഇന്ത്യയിലും പാകിസ്ഥാനിലും ഇങ്ങനെ കാത്തിരിക്കുന്നവരുണ്ടെന്ന യാഥാർഥ്യം നമ്മുടെ ഉള്ളു പൊള്ളിക്കും.
ഒരു വിദേശയാത്രയിൽ കണ്ടു മുട്ടിയ ഒരു പാകിസ്ഥാനി വൃദ്ധവനിത കണ്ണീരണിഞ്ഞു തന്റെ പഞ്ചാബിലെ ബാല്യകാലത്തെ കുറിച്ച് പറഞ്ഞതോർത്തുപോകുന്നു.
സിനിമയിലും സ്റ്റാൻഡ് അപ്പ് കോമഡിയുടെ മറവിൽ, ഇങ്ങനെ പാകിസ്ഥാനിലെ തങ്ങളുടെ ജന്മനാട്ടിലേക്ക് പോകാൻ കാത്തിരിക്കുന്ന വൃദ്ധരുടെ വേദനയെ കുറിച്ച് പറയുന്നുണ്ട്.

വളരെ സൂക്ഷ്മവും ശക്തവുമായി സ്നേഹത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സിനിമ കൂടിയാണിത്. പഞ്ചാബ് വിഭജിക്കപ്പെട്ട രാഷ്ട്രീയാവസ്ഥയിലേക്കും റാഡ്ക്ലിഫ് ലൈൻ വരക്കപ്പെട്ടതിന്റെ ബുദ്ധിശൂന്യതയിലേക്കും കാലങ്ങൾക്കിപ്പുറത്തു നിന്നൊരു പ്രണയചിത്രം വിരൽ ചൂണ്ടുന്നു.
ചൊവ്വയിൽ നിന്നുള്ള അന്യഗ്രഹജീവികളായി കലാപകാരികളെ അവതരിപ്പിച്ചതും നെഹ്‌റുവും ജിന്നയും ന്യൂനപക്ഷങ്ങളെ രക്ഷിക്കാനെത്തില്ല തുടങ്ങിയ സംഭാഷണങ്ങളും ബ്രിട്ടീഷിന്ത്യയുടെ ചരിത്രവസ്തുതകളെക്കുറിച്ചുള്ള ചില വിമർശനങ്ങളുയർത്തുന്നുണ്ട്. കലാപദൃശ്യങ്ങളെ അതേ തീവ്രതയോടെ കാണിക്കുന്നുണ്ടെങ്കിലും, അവ ഒരു സമുദായത്തിനു നേരെയും വിദ്വേഷം ജനിപ്പിക്കുന്നില്ല.
സിനിമയിൽ ഓർമത്തെറ്റ് ബാധിച്ച ഇഷർ ചോദിക്കുന്ന ഒരു ചോദ്യം പ്രേക്ഷകരുടെ ഉള്ളിലും ഉയരും;
"കൗൻ സാ ബോർഡർ?"- സ്നേഹിക്കുന്നവർക്കിടയിൽ ഏത് അതിർത്തി? അവിടെയാണ് ഇംത്യാസ് അലി വ്യത്യസ്തനാകുന്നത്.
എടുത്തു പറയേണ്ട മറ്റൊരു കാര്യം, എ.ആർ. റഹ്മാന്റെ സംഗീതത്തിലൊരുക്കിയ പാട്ടുകളാണ്. ഹൃദയസ്പർശിയായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ വികാരഭരിതമാക്കുന്നു. അതിർത്തികളില്ലാത്ത പ്രണയവും നീണ്ട കാത്തിരിപ്പിന്റെ വേദനയും അതേ ആഴത്തിൽ സംഗീതത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ തന്റെ മുൻകാല ചിത്രങ്ങളിലെന്ന പോലെ എ.ആർ. റഹ്മാൻ വിജയിച്ചിരിക്കുന്നു. 78 വർഷം മുൻപുള്ള വിഭജനകാലം ദൃശ്യഭംഗിയോടെ ആവിഷ്കരിച്ചിട്ടുണ്ട്.
ഇത് പഞ്ചാബിന്റെ മാത്രം കഥയല്ല. ബംഗാളിലും ഇതേ സംഭവപരമ്പരകളാണ് അരങ്ങേറിയത്. പല കാലങ്ങളിൽ, പല ദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നതും ഇതേ ന്യൂനപക്ഷവിരുദ്ധമായ ആക്രമണങ്ങൾ തന്നെയാണ്. എല്ലാക്കാലത്തും ലോകത്തിന്റെ പല കോണുകളിലും അഭയാർഥികൾ സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വേരുകൾ ഉപേക്ഷിച്ചു പോകാൻ മനുഷ്യർ നിർബന്ധിതരാകുന്നു.

സിനിമയുടെ അവസാനം ക്രെഡിറ്റ്‌സിൽ പ്രത്യക്ഷപ്പെടുന്ന ‘കമാൽ ഹേ’ എന്ന ഗാനവും അത് തന്നെയാണ് പറയുന്നത്; ലോകത്തെവിടെയായാലും പലായനം ചെയ്യേണ്ടിവരുന്നവരുടെ ഭാഷയെല്ലാം ഒന്നാണ്, അതിജീവനത്തിന്റെ ഭാഷ.
ഹിംസാത്മകമായ ദേശീയത വെറുപ്പിന്റെയും പകയുടെയും അനുഭവമായി നമുക്കുമുന്നിലുള്ളപ്പോൾ, ഇംത്യാസ് അലി സ്നേഹത്തെക്കുറിച്ചും സ്നേഹിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമാണ് പറയുന്നത്. അതാണ് ഈ സിനിമയുടെ സമകാലിക പ്രസക്തിയും.
