IFFK-യിലെ 'മാസ്’ ജനപങ്കാളിത്തമാണ് ഭരണകൂടത്തെ അസ്വസ്ഥതപ്പെടുത്തുന്ന ഒരു ഘടകം. ഇതിൽ സ്ത്രീപങ്കാളിത്ത വർദ്ധനവും ആശങ്കപ്പെടുത്തുന്ന ഘടകമാണ്. വ്യത്യസ്ത അനുഭവതീവ്രതയും ജീവിതവീക്ഷണവും സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷണവും ചിന്താശേഷിയും, സാസ്കാരിക ആസ്വാദനവുമുള്ള മനുഷ്യവിഭവ ആവിഷ്കാരങ്ങളുടെ കൂടിച്ചേരലിനെ, രൂപം കൊള്ളലിനെ തടയുക എന്ന ഭരണകൂട ഭീഷണിയാണ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുകൾ നേരിടുന്ന സമകാലിക പ്രശ്നം.
ഇന്ത്യൻ ഫിലിം ഫെസ്റ്റിവലുകൾ നേരിടുന്ന ഭരണകൂട ഭീഷണികൾ വികാസ വളയങ്ങൾ പ്രാപിച്ച് ഫെസ്റ്റിവലുകളെ ഞെരുക്കി ഫ്രെയിം ചെയ്യുന്ന പ്രവണത ശക്തി പ്രാപിക്കുന്നുണ്ട്. ഭരണകൂട നിയന്ത്രണങ്ങൾ, സ്വേച്ഛാധികാര പ്രവണതകൾ, ഭീകരരായി ചിത്രീകരിച്ചുകൊണ്ടുള്ള പൂട്ടുകൾ, വിദേശ സിനിമാനിർമ്മാതാക്കൾക്ക് വിസ തടയുക, ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് സിനിമകൾ നീക്കംചെയ്യൽ പോലുള്ള കുതന്ത്ര ജനാധിപത്യ വിരുദ്ധ പദ്ധതികൾ ഇതിനായി കേന്ദ്രം ഒരുക്കിവെച്ചിട്ടുണ്ട്.
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ
റസൂൽ പൂക്കൂട്ടി പറയുന്നതുപോലെ, ഇത് ഇന്ത്യയുടെ നയതന്ത്ര പരിപാടിയോ അതിനെ തകർക്കുന്ന തീവ്രവാദ നീക്കത്തിന്റെ ജാഗ്രതയായോ കാണാൻ പ്രയാസമുണ്ട്. ഇതൊരു കൾച്ചറൽ വാർ (Cultural war) ആയി വേണം കാണാൻ.
1948- ൽ ഇന്ത്യലെ അന്നത്തെ ഹെഡ് ഓഫ് ഫിലിം ഡിവഷൻ മോഹൻ ഭാവനാനി യുനസ്കോ മീറ്റിംഗ് കഴിഞ്ഞ് വന്നപ്പോൾ വിഭാവനം ചെയ്തതാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI). 1952- ൽ ഉദ്ഘാടനം ചെയ്ത IFFI- യുടെ ആദ്യത്തെ ഫിലിം ഫെസ്റ്റിവൽ മുംബൈയിൽ നടത്തി.

1919- ലെ റഷ്യൻ ഒഡേസ ഫിലിം സ്റ്റൂഡിയോയുടെ തുടക്കം, ത്രീ പെൻ (മൂന്ന് പെനി) സിനിമകൾ എന്ന് അന്ന് വിളിപ്പേരുണ്ടായിരുന്ന ഹോളിവുഡ് സിനിമകൾക്കുള്ള റഷ്യൻ കൾച്ചറൽ മിനിസ്ട്രിയുടെ മറുപടിയായിരുന്നു. ലോക ഫിലിം സൊസൈറ്റിയുടെയും ഫിലിം ഫെസ്റ്റിവലുകളുടെയും മൂവ്മെന്റിനൊപ്പം ഇന്ത്യയെയും നയിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു IFFI യുടെ തുടക്കം.
കേരളത്തിൽ 1965- ൽ ചിത്രലേഖ ഫിലിം സൊസൈറ്റിയും 1967-ൽ ചെലവൂർ വേണുവിന്റെ നേതൃത്വത്തിൽ അശ്വിനി ഫിലിം സൊസൈറ്റിയും 1984- ൽ ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ ഒഡേസ ഫിലിം സൊസൈറ്റിയും തുടങ്ങി. 1994- ൽ കെ എസ് എഫ് ഡി സിയുടെ നേതൃത്വത്തിൽ ലോക സിനിമയുടെ നൂറാം വാർഷികത്തിൽ കോഴിക്കോട്ടുവച്ച് കേരളത്തിൽ ആദ്യ ഫിലിം ഫെസ്റ്റിവൽ നടന്നു.
നന്മയിലുള്ള ആഗ്രഹവും സ്വന്തം ജീവിതസമീപനം നിലനിർത്താനുള്ള അഭിലാഷവുമാണ് ഒരാളുടെ മൂല്യബോധം നിർണയിക്കുന്നത്. അതിനുവേണ്ടിയുള്ള ആവിഷ്കാര പോരാട്ടമായിരുന്നു കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ നിസ്വല സംഘടിത സംഘാടനം.
ജനപങ്കാളിത്തസിനിമകളുടെ നിർമ്മാണവും സിനിമകൾ ഗ്രാമങ്ങളിൽ കൊണ്ടുനടന്ന് കാണിക്കാനുള്ള ഒരുകൂട്ടം സിനിമാപ്രേമികളുടെ പോരാട്ടത്തിന്റെയും ഭാഗമായിരുന്നു ഈ പ്രയത്നങ്ങൾ. ദാരിദ്ര്യവും പട്ടിണിയും പുകച്ചായിരുന്നു മനുഷ്യർ അതിന്റെ ഭാഗമായി ഒരുമിച്ചുനിന്നത്. മനുഷ്യപ്രയത്നത്തിന്റെ വിപ്ലവചരിത്രമുണ്ട്, പ്രേക്ഷക പങ്കാളിത്തം ആഘോഷമാക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളക്ക് എന്നു പറയാനാണ് ഇത്രയും പറഞ്ഞത്.
ഇന്ത്യൻ ദേശീയതയുടെ ഒഴിച്ചുകൂടാനാകാത്ത അവകാശമാണ് ദൃശ്യ-ശ്രാവ്യ ആവിഷ്കാര സ്വാതന്ത്ര്യം. അജന്ത- എല്ലോറ ഗുഹകളിലെ ശില്പങ്ങളും ഇന്ത്യൻ സംഗീതവും നൃത്തവും അതിന്റെ ഭാഗമാണ്. സാംസ്കാരിക വ്യാപനങ്ങൾ, വിവിധ ആവിഷ്കാരങ്ങൾ, വ്യത്യസ്ത അഭിരുചികൾ എന്നിവ സംഘപരിവാറിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ ആ മൂല്യബോധം അവരുടെ ആശയങ്ങൾക്ക് അപകടമാണെന്ന് അവർ വിശ്വസിക്കുന്നതുകൊണ്ടാണ്. യൂറോപ്പിലെ വർണ്ണവെറി പോലെ കറുപ്പിനോടുള്ള വർണവെറി വെളുത്തവന്റെ സമൂഹത്തിന് നന്മ ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നതുപോലെയാണത്.

കേരളത്തിൽ ഒരു സിനിമ കാണിച്ചതുകൊണ്ട് മുറിയുന്നതല്ല ഇസ്രായേലും ഇന്ത്യയുമായുള്ള, അല്ലെങ്കിൽ ഇന്ത്യയുടെ വിദേശകാര്യനയവും ബന്ധവും എന്നുകൂടി നമ്മൾ മനസിലാക്കണം.
ഫെസ്റ്റിവലിൽ സ്ക്രീൻ ചെയ്യുന്ന സിനിമകളിൽ പലതും ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ കാണാൻ സൗകര്യമുള്ളപ്പോൾ സിനിമാവിലക്കിന്റെ ഗൂഢബുദ്ധി സംഘടിക്കുന്ന, ജനാധിപത്യബോധമുള്ള പ്രേക്ഷകരെ ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് വെളിവാകുന്നു. ഫിലിം ഫെസ്റ്റിവലിന്റെ സൗന്ദര്യം മനുഷ്യരുടെ ഈ കൂടിച്ചേരലാണ്.
ഇതാദ്യമായല്ല ഹ്യൂമാനിറ്റേയൻ ഫെസ്റ്റിവലുകൾ ലോകത്ത് നടക്കുന്നത്.
7th ടി ആർ ടി ഹ്യൂമാനിറ്റേറിയൻ ഫിലിം ഫെസ്റ്റിവൽ- ഇസ്താംബൂൾ,
വൺ വേൾഡ് ഫിലിം ഫെസ്റ്റിവൽ- ബ്രസൽസ്,
ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ- അൽബേനിയ,
തായ്‌വാൻ ഇന്റർനാഷണൽ ഹ്യൂമൻ ഫിലിം ഫെസ്റ്റിവൽ,
വാച്ച് ഡോക് (watchdoc) ഹ്യൂമൻ റൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ- വാർസോ, പോളണ്ട്, യുഎന്നിനോടൊപ്പം ഫിഫ്ദ് (FIFDH ) ഹ്യൂമാൻ റൈറ്റ്സ് ഫിലിംഫെസ്റ്റി വൽ ടൂർ - നവംബർ 14 മുതൽ ഡിസംബർ 17 വരെ നടന്നു. ഇതിനോടൊപ്പം ഒരു സ്ലോഗൻ കൂടി ലോകത്ത് പ്രചരിപ്പിക്കുന്നുണ്ട്. "ഹ്യൂമൻ റൈറ്റ്സ് ഈസ് അവർ എവരിഡെ എസ്സൻഷ്യൽസ്" എന്നാണത്.
ശാരീരിക നിലനിൽപ്പും മാനസിക വികാസവും പോലെ സാമൂഹികജീവി എന്ന നിലയ്ക്ക് സാംസ്കാരിക വളർച്ചയും അവകാശങ്ങളും പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിന്റെ ഭാഗമായി നിൽക്കുന്നതും ഫിലിം ഫെസ്റ്റിവൽ നടത്തുന്നതും ഇന്ത്യൻ ദേശീയതയ്ക്ക് ഭീഷണിയാകുന്നത് എങ്ങനെയാണ് എന്ന് വ്യക്തമാകുന്നില്ല.
കേരളത്തിലെ അന്താരാഷ്ട്ര സിനിമാ ഫെസ്റ്റിവലും അതിലേക്ക് തിരഞ്ഞെടുത്ത സിനിമകളും ഇന്ത്യൻ ദേശീയതയെ തുരങ്കം വയ്ക്കാനാണ് എന്നൊക്കെ പറഞ്ഞാൽ ചിരിച്ച് തള്ളുകയല്ലാതെ എന്തുചെയ്യും, ചെയർമാൻ റസൂൽ പൂക്കുട്ടി.
കേരളത്തിലെ അന്താരാഷ്ട്ര സിനിമാഫെസ്റ്റിവലും അതിലേക്ക് തിരഞ്ഞെടുത്ത സിനിമകളും നേരിടുന്ന യൂനിയൻ മിനിസ്ട്രിയുടെ വിലക്ക് ഭീഷണി തുറന്ന കൾച്ചറൽ യുദ്ധം തന്നെയാണ്. ഇപ്പോഴത്തെ ലോകത്തിന്റെ ഒരു ആന്റി പൊളിറ്റിക്കൽ പ്രവണതയും കൂടിയാണത്. അല്ലാതെ അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി പറയുന്നതുപോലെ സിനിമ കാണിച്ചാൽ തകരുന്നതല്ല ഇന്ത്യൻ ദേശീയതയും വിദേശകാര്യ നയവും. ഇന്ത്യൻ ദേശീയതയെ ചെറുതാക്കി, സങ്കുചിതമായി അവതരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് സംഘപരിവാറിന്റെ പണിയാണ്. അതിന് അക്കാദമി ചെയർമാൻ കൂട്ടുനിൽക്കരുത്.
ഭരണകൂട ഭീഷണിയുടെ നിഴലിനോ ഭയത്തിന്റെ ഇരുട്ടിനോ കീഴടങ്ങാത്ത വിപ്ലവകാരിയായ ജാഫർ പനാഹിയെപോലുള്ളവരുടെ സിനിമകളാണ് നമ്മളിവിടെ കാണിക്കുന്നതും കാണുന്നതും. ആ സിനിമകളെല്ലാം ദേശീയതക്ക് ഭീഷണിയാണെന്ന് പറഞ്ഞ് വാർത്താസമ്മേളനം നടത്തി ഞെളിയുന്നത് വിപ്ലവചരിത്രമുള്ള ഒരു ഫിലിം ഫെസ്റ്റിവലിന്റെ ചെയർമാന് ചേർന്നതല്ല. യൂണിയൻ മിനിസ്ട്രിയുടെ ലാക്ക് ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയാണ് എന്നത് വ്യക്തമായിട്ടും അതിനോടുള്ള മൃദുലസമീപനമായേ ചെയർമാന്റെ മറുപടിയെ കാണാനാകൂ.
സ്വകാര്യ ആനന്ദത്തിനും കേവല വിനോദത്തിനും നിർമ്മിക്കുന്ന വലിയ മുതൽമുടക്ക് ആവശ്യമായ സിനിമകൾ വലിയ പ്രേക്ഷക സദസിന്റെ മുമ്പിൽ കാണിക്കുന്നത് ഏതൊരു സൃഷ്ടികർത്താവിന്റെയും ആവിഷ്കാര സ്വപ്നമാണ്. ജനങ്ങളുടെ മൂല്യതാല്പര്യങ്ങളെ പരിഗണിക്കാതെ അത്തരം പ്രൊപ്പഗാണ്ട സിനിമകളും, നിലവാരം കുറഞ്ഞ ത്രീപെൻ സിനിമകളും തിരുകിക്കയറ്റി ഫിലിം ഫെസ്റ്റിവലുകളുടെ ആകർഷണീയതയും പങ്കാളിത്തവും ഇല്ലായ്മ ചെയ്യുകയാണ് ഇപ്പോഴുള്ള നീക്കങ്ങൾക്ക് മുന്നിലെ ഗൂഢതാത്പര്യം എന്നത് വ്യക്തം.

നാട്യശാസ്ത്രത്തെ അഞ്ചാംവേദമായി കരുതിപ്പോരുന്ന ഒരു കഥ ഓർക്കുന്നു. ഭൗതികവികാരങ്ങളിൽ മുങ്ങിപ്പോയ മനുഷ്യൻ ധാർമ്മികമായി തളർന്നും ദുഃഖിതരായി വീഴാനും തുടങ്ങിയപ്പോൾ ദേവന്മാർ ബ്രഹ്മാവിനെ ചെന്നു കണ്ടു. ജനങ്ങളെ ആനന്ദിപ്പിക്കുന്ന ദൃശ്യ- ശ്രാവ്യ പ്രധാനമായ ഒരു വേദം സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. ഋഗ്വേദത്തിൽനിന്ന് സൂക്തങ്ങളും സാമവേദത്തിൽനിന്ന് സംഗീതവും, യജൂർവേദത്തിൽ നിന്ന് അഭിനയവും, അഥർവ വേദത്തിൽ നിന്ന് വികാരങ്ങളും സ്വീകരിച്ച് നാട്യമെന്ന പഞ്ചമവേദത്തിന് രൂപം നൽകി ബ്രഹ്മാവ് ഇന്ദ്രനെ പഠിപ്പിക്കാൻ ഏല്പിച്ചു. അതിന്റെ സൂക്ഷ്മഭാവാഭിനയങ്ങൾ പഠിക്കാൻ പ്രയാസമായതുകൊണ്ട് ഇന്ദ്രൻ ഭരതമുനിയെ മാത്രം പഠിപ്പിച്ചു. ആദ്യം ഉണ്ടാക്കിയ ദൃശ്യ- ശ്രാവ്യ നാട്യകലാപരിപാടിയുടെ ഇതിവൃത്തം അസുരന്മാരുടെ ധാർമിക അധപതനമായിരുന്നത്രേ. അവഹേളനമാണെന്നു കണ്ട് അസുരന്മാർ രംഗമണ്ഡപങ്ങൾ അടിച്ചു തകർത്തു. പിന്നീട് നടൻമാർക്ക് കാവൽ ഏർപ്പെടുത്തിയാണ് പരിപാടി അവതരിപ്പിക്കാനായത്. സംഘ പരിവാറിന്റെ ചാട്ടം എങ്ങോട്ടാണെന്ന് ഏതാണ്ട് പിടികിട്ടിക്കാണും.
30 വർഷം പിന്നിടുന്ന കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ലോകനിലവാരം ഇതിനോടൊപ്പമുള്ള ‘രാജ്യാന്തര’ (International) എന്ന വിശേഷണത്തിൽ മാത്രം ഒതുക്കുകയും ഒതുങ്ങുകയും ചെയ്തു പരിമിതപ്പെടുത്താതെ, അതിനെ എല്ലാ അർത്ഥത്തിലും സമഗ്രമായ ലോകോത്തര ഫിലിം ഫെസ്റ്റിവലായി മാറ്റേണ്ടത് ദേശീയത ഉയർത്തിപ്പിടിക്കുന്ന എല്ലാ പൗരരുടെയും ഭരണാധികാരികളുടെയും ധാർമിക ഉത്തരവാദിത്വമാണ്.
