കലയുടെ ധർമ്മത്തെക്കുറിച്ചുള്ള പ്രത്യക്ഷവും പരോക്ഷവുമായ വിചിന്തനങ്ങൾ പലപാട് നടന്നിട്ടുള്ളതാണ്. അതിന് സമൂഹത്തോടുള്ള ബന്ധം ദ്വിപക്ഷഘടനയോടുകൂടിയതാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതായത് കലയെ സമൂഹവും സമൂഹം കലയെയും സ്വാധീനിക്കുന്നുണ്ട്. സിനിമപോലുള്ള കലാരൂപങ്ങളാകട്ടെ അതിൻ്റെ മാധ്യമപരതകൊണ്ടും ഇതര കലകളെ ഉള്ളടക്കാനുള്ള ശേഷികൊണ്ടും വ്യാപനത്തിൻ്റെ തോതുകൊണ്ടും കൂടുതൽ സാമൂഹികത അവകാശപ്പെടുന്നു. സൂക്ഷ്മതയോടെ നിബന്ധിച്ചില്ലെങ്കിൽ ലക്ഷ്യവും ഫലവും വ്യത്യസ്തമാകുന്ന അനുഭവവും ഉണ്ടായേക്കാം. ഇത്രയും ആലോചിച്ചത് RIFFK-യിൽ അപ്പുറം കണ്ടതിൻ്റെ ഭാഗമായാണ്.
ഇന്ദു ലക്ഷ്മിയുടെ എഴുത്തിലും സംവിധാനത്തിലും വന്ന 72 മിനിറ്റ് ദൈർഘ്യമുള്ള മലയാളസിനിമയാണ് അപ്പുറം (The Other Side). രൂപപരമായി മികച്ചതായായിട്ടും പ്രമേയംകൊണ്ട്, അതിൻ്റെ രാഷ്ട്രീയംകൊണ്ട്, പരിചരണത്തിലെ സൂക്ഷ്മതക്കുറവുകൊണ്ട് പ്രതിലോമമായിപ്പോയി സിനിമ. പ്രകടമായ ഹിംസാത്മകത ആഘോഷമാക്കിയ മലയാളസിനിമയുടെ വർത്താനകാല മുഖ്യധാരയോട് പ്രമേയപരമായി ഐക്യപ്പെട്ടതാണ് അപ്പുറത്തിൻ്റെ കാഴ്ചയനുഭവം എന്ന് ആമുഖമായി പറഞ്ഞുവെയ്ക്കട്ടെ. ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ മാനദണ്ഡം തത്കാലം രൂപമാത്രമെന്ന് കരുതാം.

സിനിമയുടെ തുടക്കവും ആദ്യഭാഗവും താരതമ്യേന മികച്ചതായിരുന്നു. സ്വയംഹത്യാവാസനയിൽ തുടർച്ചയായി മരണവുമായി മുഖാമുഖമെത്തി രക്ഷപ്പെടുന്ന സ്വന്തം അമ്മയെക്കുറിച്ച് ജാനകി എന്ന കൗമാരക്കാരി സംസാരിക്കുന്നതിലാണ് ചിത്രം ആരംഭിക്കുന്നത്. ഇത്തവണയും അമ്മ ഭാഗ്യത്തിനെന്നോണം രക്ഷപ്പെട്ടിരിക്കുന്നു. അച്ഛനും മകളും ഡോക്ടറോട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളിൽനിന്ന് ചിത്രയെന്ന വീട്ടമ്മയുടെ ഒരു ചിത്രം പ്രേക്ഷകർക്ക് കിട്ടുന്നു. തുടർന്നുള്ള രംഗങ്ങളിലൂടെ അപരിഹാര്യമായവിധം തകരാറിലാണ് ചിത്രയുടെ മാനസികനിലയെന്നും ആ സ്വയംഹത്യ ഒഴിവാക്കാനാവില്ല എന്നും സിനിമ തോന്നിപ്പിക്കുന്നുണ്ട്. ജാനകിയുടെയും ഭർത്താവിൻ്റെയും കെയർ ചിത്രയെ സുഖപ്പെടുത്തുന്നില്ല. അവർ കൂടുതൽ കൂടുതൽ പരീക്ഷീണിതയും നിസ്സഹായയും ആകുന്നു. ഇവിടെയൊരു കൗതുകമുള്ളത് അവർക്ക് അനിവാര്യമായ കൗൺസിലിങ് ഒരുക്കാനോ ഈ പ്രശ്നങ്ങളിൽനിന്ന് കരകയറ്റാനോ സൂക്ഷ്മമായ ശ്രമമൊന്നും സിനിമയിൽ ചിത്രീകരിച്ചിട്ടില്ല എന്നതാണ്. സ്ഥൂലത്തിലുള്ള ചേർത്തുപിടിക്കൽമാത്രമാണ് ചിത്രത്തിൽ കാണുന്നത്. ഒരർഥത്തിൽ സിനിമയുടെ തുടർഭാഗങ്ങൾക്കായുള്ള കൊലപാതകം തന്നെ. ഒന്നാന്തരമൊരു ബലി. ഈ ബലിയുടെ അനന്തരങ്ങളാണ് ചിത്രത്തിൻ്റെ കാതൽ, അഥവാ കാതലില്ലായ്മ!
സംവിധാനവും എഴുത്തും ഒരു സ്ത്രീയായിട്ടും ഇത്രയും സ്ത്രീവിരുദ്ധമായ, മനുഷ്യവിരുദ്ധമായ ഒരു ആലോചന എപ്രകാരം സ്വീകരിക്കപ്പെട്ടു എന്നത് ആലോചിക്കേണ്ടതുണ്ട്. അഥവാ ആചാരങ്ങളും പുരുഷാധിപത്യവുമൊക്കെയാണ് ആവിഷ്കരിക്കാൻ ശ്രമിച്ചതെങ്കിൽ ആദ്യത്തെ ആശുപത്രിരംഗത്തിൽതന്നെ ആ ജീവൻ എടുക്കാമായിരുന്നതാണ്. മദനാഭിമുഖ്യയായ ലീലയെക്കൊണ്ട് ഭർത്താവിനെ മരണാഭിമുഖമെത്തിച്ച കുമാരനാശാൻ വള്ളത്തോളിനാലും കുട്ടികൃഷ്ണമാരാരിനാലും വിമർശിക്കപ്പെട്ടതിൻ്റെ ഓർമ വെറുതെയൊന്നു പുതുക്കുകയുമാകാം. അവിടെ അഥവാ ലീല ഭർതൃഘാതകിയായാലും നമുക്ക് പൊറുക്കാനുള്ള യുക്തികൾ സ്ത്രീപക്ഷത്തിൻ്റെയും കാലത്തിൻ്റെയും വ്യവസ്ഥാവിമർശത്തിൻ്റെയും രൂപത്തിൽ സംഗതമായിരുന്നു എന്നും. ഇവിടെയത് അസംഗതമെന്നുമാത്രമല്ല, ആഘാതപരവും അയുക്തികവുമായി. ചിത്രയുടേത് ഒറ്റപ്പെട്ട രോഗാവസ്ഥയായിരുന്നില്ല. സമൂഹത്തിൽ നിറഞ്ഞുനില്ക്കുന്ന മാനസികാവസ്ഥയാണ്. ഇത്തരം ദുഷ്കരമായ വിഷമവൃത്തങ്ങളിൽ നീറിപ്പിടയുന്ന മനസ്സുകളുമായി അനേകർ നമുക്കൊപ്പമുണ്ട്. ഒരുപടികൂടി സത്യസന്ധമായി നീങ്ങിയാൽ നാം ഓരോരുത്തരും ഈവിധം പരീക്ഷിക്കപ്പെട്ടവരുമാണ്. പുറത്തുകടക്കാൻ ചികിത്സയും ശ്രദ്ധയും പരിഗണനയും അർഹിക്കുന്നവരുമാണ്. അത്തരം മനുഷ്യരെ പിരിമുറുക്കത്തിൻ്റെ, കൂടുതൽ ഗുരുതരമായ അപകടാവസ്ഥയാൽ എത്തിക്കുകയാണ് ചിത്രത്തിൻ്റെ ഫലശ്രുതിയെന്ന് കാണാം. വലിയ ഭാരം ഉള്ളിൽവന്ന് നിറയുന്നത് ചിത്രം കണ്ടവർ നിഷേധിക്കുമെന്ന് തോന്നുന്നില്ല. ദുരാചാരങ്ങളെ എതിർക്കാൻ എന്തിനായിരുന്നു ഇത്രയും കടുംകൈ എന്ന ചോദ്യം പ്രസക്തമാണ്.

ചിത്രയുടെ സംസ്കാരവുമായി ബന്ധപ്പെട്ട്, മകളും ഭർത്താവും അനുഭവിക്കുന്ന ദുരവസ്ഥകളാണ് പിന്നീട് ചിത്രം സമയും സന്നാഹവുമെടുത്ത് ചിത്രീകരിക്കുന്നത്. ആചാരലംഘനത്തിനായി ഒരുക്കിയ ആ സന്നാഹം മുഴുവൻ ആചാരബദ്ധമായ ക്ലൈമാക്സിലെത്തുന്നതോടെ അക്ഷരാർഥത്തിൽ വൃഥാവിലാകുന്നതാണ് കാണുക. ദുരൂഹവും ദുരാചാരബദ്ധവുമാണ് നമ്മുടെ സമൂഹമെന്നും ചികിത്സ വേണ്ടത് ആ സമൂഹമനസ്സിനുംകൂടിയാണ് എന്നതും പൂർണ്ണമായ അർഥത്തിൽതന്നെ സ്വീകാര്യമാണ്. അതിനായി ഒരു കൗമാരക്കാരിയെക്കൊണ്ട് ബലവാന്മാരായ രണ്ട് പുരുഷന്മാരെ പരിക്കേൽക്കുംവിധം തള്ളിയിട്ടത്, ഹോമകുണ്ഡത്തിലേക്ക് ആർത്തവരക്തത്തിൽ കുതിർന്ന തുണിയെറിഞ്ഞ് പ്രതീകാത്മകമായി പ്രതിഷേധിച്ചത് കയ്യടിച്ച് സമ്മതിക്കുകയും ആവാം. എങ്കിലും ഏറ്റവും മിനിമലായ യുക്തിബോധം ചിത്രം ഉറപ്പാക്കണമായിരുന്നു; പരോക്ഷമെങ്കിലുമായ നീതിന്യായവ്യവസ്ഥയുടെ സാന്നിദ്ധ്യവും അതെ. കലയുടെ യുക്തി മറ്റൊന്നാണെന്ന വസ്തുത അംഗീകരിക്കുമ്പോൾതന്നെ പ്രത്യക്ഷമായി സാമൂഹികമായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിന് പഴുതുകൾ വരുന്നത് ഉചിതമല്ല. സമൂഹമനസ്സിനെ അപ്പാടെ ചികിത്സിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ട് സമൂഹത്തിലെ ഏറ്റവും ചെറിയ/വലിയ ഘടകമായ വ്യക്തി മനസ്സിനെ ചികിത്സിക്കാതെ കൊന്നത് സഹിക്കാവുന്നതിലും "അപ്പുറ"മായിരുന്നു. ചിത്രത്തിൻ്റെ ശീർഷകം ഈയൊരു വിഷയത്തിൽമാത്രം ആക്ഷരികമാണെന്നും പറയാതിരിക്കാനാവില്ല.
സിനിമ പ്രണയവിരുദ്ധവുമാണ് എന്നതും സൂക്ഷ്മത്തിൽ അനുഭവപ്പെടുന്നു. ചിത്രയുടെ വിവാഹം പ്രണയപൂർവമായിരുന്നു എന്നത് സിനിമയിൽ പറയുന്നുണ്ട്. എന്നാൽ പങ്കാളിയെ, പുരുഷനെ സാമാന്യമായും നിഷ്ക്രിയത്വരൂപത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരു രംഗത്ത് അയാൾ ദുർബലനായി ചിത്രയോട് തന്നെ ഒറ്റയ്ക്കാക്കരുത് എന്ന് പറയുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഇതിൽ പ്രശ്നമൊന്നും തോന്നുകയില്ലെങ്കിലും തുടർരംഗങ്ങൾ മറ്റൊരുവിധമാണ് വരുന്നത്. തന്നെ ഒറ്റയ്ക്കാക്കരുത് എന്നാണ് പുരുഷൻ്റെ വാദം. സ്ത്രീയോട് ഒറ്റയ്ക്കല്ല എന്ന് സമാധാനിപ്പിക്കയല്ല അത്. സ്ത്രീയെ കൂടുതൽ ഇമോഷണലായി വരിഞ്ഞുമുറുക്കും മട്ടിലാണ് ഈ രംഗത്തിൻ്റെ നില. ഒടുവിൽ ചിത്രയെ സംബന്ധിച്ച് ലക്ഷ്യവേദിയായ സ്വയംഹത്യ സംഭവിക്കുന്നതുപോലും ഈയൊരു രംഗത്തിന് ശേഷവുമാണ്. സംത്രാസത്തിലായ മാനസികനിലയിലുള്ള ഒരാളെ, പങ്കാളിയെ, കാമുകിയെ ഇപ്രകാരം ഇമോഷണലി ബ്ലാക്മെയിൽ ചെയ്യുന്നത് ഗുണകരമല്ല എന്നു മാത്രമല്ല എത്രമാത്രം ക്രൂരമാണ് എന്ന് ഓർക്കണം.

ദുരാചാരപരമായ വാശികളിലേക്കും നാടകീയതകളിലേക്കും സിനിമ നീങ്ങുമ്പോൾപോലും ആയവകളുടെ അയുക്തികതയേക്കാൾ സ്വാഭാവികതയ്ക്കാണ് പരോക്ഷമായെങ്കിലും സാധ്യത ലഭിക്കുന്നത്. മാത്രമല്ല, ദുരാചാരങ്ങൾക്കായി ഐക്യപ്പെടുന്നവരിൽ എതിർശബ്ദങ്ങളില്ല എന്നതും യുവാക്കളെപ്പോലും അതിൽ പങ്കാളിയാക്കുന്നു എന്നതും സിനിമയുടെ ലക്ഷ്യത്തെ സംശയത്തിലാക്കുന്നതാണ്.
അസഫലമായിപ്പോയെങ്കിലും സിനിമയുടെ രൂപപരമായ ലാവണ്യത്തിലേക്കും വരാം. സൗണ്ടും ഡി.ഒ.പി.യും സംഗീതവും എഡിറ്റിങ്ങുമടക്കമുള്ള സർഗ്ഗ സാങ്കേതികവശങ്ങളെല്ലാം മികച്ചതായിരുന്നു എന്ന് കാണാതിരുന്നുകൂടാ. വെളിച്ചസ്രോതസ്സുകൾ അട്ടിമറിച്ചാണെങ്കിലും മിഴിവുള്ളതും കൃത്യതയുള്ളതുമായ ഫ്രെയിമുകൾ ചിത്രത്തിലെമ്പാടും കാണാം. തട്ടിൻപുറത്തും ഇതേ വാശി കാണിച്ചത് പക്ഷെ അല്പം പാളിച്ചയായിട്ടുണ്ട്. ഇരുണ്ടതും ദുഷ്കരവുമായ ഒരു സ്ഥലരാശിയാണ് യുക്തിപരമായും ഭാവപരമായും അവിടെ ഇണങ്ങുമായിരുന്നത്. എങ്കിലും രൂപംകൊണ്ട് വൃത്തിയുള്ള സിനിമയാണ് അപ്പുറം എന്ന് പറയാൻ മടിക്കുന്നില്ല. സംവിധാനത്തിൽ ഇന്ദു കയ്യൊതുക്കം കാണിച്ചിട്ടുമുണ്ട്. അണിയറക്കാർക്ക് ആ വിഷയത്തിൽ അഭിമാനിക്കാൻ വകയുണ്ട്. തിരക്കഥയിൽ കുറേക്കൂടി ശ്രദ്ധ പുലർത്തിയിരുന്നെങ്കിൽ ‘അപ്പുറം’ പ്രതീക്ഷയ്ക്ക് അപ്പുറം എത്തുമായിരുന്നു.
