എം. സോൺ: മലയാളിക്കുമുന്നിൽ വിവർത്തനം ചെയ്യപ്പെടുന്ന ലോകസിനിമ

ഭാഷയുടെ അതിരുഭേദിച്ച് ലോകസിനിമയുടെയും വെബ്‌സീരിസുകളുടെയും വിപുലമായ ലോകത്തേക്ക് മലയാളിയെ തുറന്നുവിട്ട വിൻഡോ ആണ് എം. സോൺ. ലോകസിനിമകളുടെയും വെബ് സീരീസുകളുടെയും മലയാള സബ്‌ടൈറ്റിലുകളൊരുക്കി സർഗാത്മകമായ ഒരു സന്നദ്ധപ്രവർത്തനത്തിന്റെ മാതൃക തീർത്ത എം. സോൺ എട്ടുവർഷം തികക്കുകയാണ്. 2012 ഒക്ടോബർ 28ന് തുടങ്ങിയ എം.സോൺ ഇതുവരെ 470 പരിഭാഷകരിലൂടെ 2190 ഓളം പരിഭാഷകൾ പുറത്തിറക്കി. മലയാളിയുടെ സിനിമാകാഴ്ചയെ ആഗോളമായി വികസിപ്പിച്ച എം.സോണിന്റെ തുടക്കം മുതലുള്ള സഞ്ചാരത്തെക്കുറിച്ച് എം.സോൺ കൂട്ടായ്മയുടെ അഡ്മിൻമാരിൽ ഒരാളായ ​ശ്രീജിത്ത്​ പരിപ്പായ് സംസാരിക്കുന്നു.

അലി ഹൈദർ: എം.സോൺ എന്ന ആശയം ആരുടേതാണ്. എങ്ങനെയാണ് ഈ സംരംഭം തുടങ്ങിയത് ?

​ശ്രീജിത്ത്​ പരിപ്പായ്​:ലോകഭാഷകളിലെ മികച്ച സിനിമകൾക്ക്​ മലയാളത്തിൽ സബ് ടൈറ്റിൽ (malayalam Subtitle) ചെയ്തുകൂടെ എന്ന ആശയം പ്രമോദ് കുമാറിന്റേ
താണ്. അദ്ദേഹം സി.പി.സി (Cinema Paradios Club) എന്നൊരു ഗ്രൂപ്പിലിട്ട പോസ്റ്റിൽ ഉന്നയിച്ചതാണ് ഈ ചോദ്യം. ഉപശീർഷകങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചു സി.എസ് വെങ്കിടേശ്വരൻ എഴുതിയ ഒരു ​ലേഖനമാണ് അങ്ങനെ ഒരു ചിന്തയ്ക്ക് കാരണം. ഗ്രൂപ്പ്​ പിന്നീട് ഞാൻ തുടങ്ങിയതാണ്.

ചോദ്യം: സംരംഭത്തിന്റെ പ്രധാന വെല്ലുവിളി എന്തൊക്കെയായിരുന്നു.

​ശ്രീജിത്ത്​ പരിപ്പായ്

തുടക്കത്തിൽ മലയാളത്തിൽ എങ്ങനെ സബ് ചെയ്യും എന്നതുതന്നെ ആയിരുന്നു പ്രധാന വെല്ലുവിളി. ആദ്യം സബ് ചെയ്ത ഞങ്ങൾ രണ്ടു മൂന്നു പേർക്ക് അതിന്റെ ടെക്‌നിക്കൽ കാര്യങ്ങളിൽ അത്ര വിഷമം തോന്നിയില്ല, പക്ഷെ ഈ സംരംഭം ജനകീയമാകാൻ മലയാളം കമ്പ്യൂട്ടിംഗ് കുറെ കൂടി മുന്നോട്ടു പോകേണ്ടിയിരുന്നു. ഫോണ്ട്​ പ്രശ്‌നം, ചില്ലക്ഷരങ്ങൾ എല്ലാം പ്രശ്‌നമായിരുന്നു ആദ്യം. ഉണ്ടാക്കിയ സബുകൾ കാണുക എന്നതും പ്രശ്‌നം ആയിരുന്നു. ഏറ്റവും പ്രചാരമുള്ള മീഡിയ പ്ലെയർ ആയ VLC Media Player മലയാളം സബ് ടൈറ്റിൽ സപ്പോർട് ചെയ്തിരുന്നില്ല. KM Player പോലെ അത്ര പ്രചാരം ഇല്ലാത്ത മീഡിയ പ്ലെയറുകളെ ആശ്രയിക്കേണ്ടി വന്നു. സബ്ബിൽ തന്നെ ഈ വിവരം ഉൾകൊള്ളിച്ചാണ് അത്​ മറികടന്നത്. പിന്നെ, ഭാഷാപ്രശ്‌നങ്ങൾ. പതുക്കെ എല്ലാം ശരിയായി. മലയാളം കമ്പ്യൂട്ടിങ് വളരെ മുന്നോട്ട് പോയതിന് ഡെവലപ്പേർസാണ്​ വലിയ പങ്കുവഹിച്ചത്​.

ചോദ്യം:സബ്ടൈറ്റിൽ നൽകിയ ആദ്യ ചിത്രമേതായിരുന്നു?

എം സോണിന്റെ പേരിൽ ചെയ്തത് മജിദ്​ മാജിദിയുടെ ഇറാൻ ചിത്രം Children of Heaven. അതിനു മുമ്പ്​ മലയാളം സബ് ഉണ്ട്. അതു കുറസോവയുടെ ഡ്രീംസ് ആണ്. അത് ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ അവിടുത്തെ അദ്ധ്യാപകരുടെ സഹായത്തോടെ ചെയ്തതാണ്. അതും എം സോൺ പിന്നീട് റിലീസ് ചെയ്തിട്ടുണ്ട്.

ചോദ്യം:സബ് ടൈറ്റിൽ ചെയ്യാൻ സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്താണ് ​പ്രധാന പരിഗണന? സിനിമയുടെ പോപ്പുലാരിറ്റിയോ അതോ ക്രിട്ടിക്കൽ അപ്രിസിയേഷനോ ?

എംസോൺ ഫെസ്റ്റുകൾ

അങ്ങനെ ഒരു ക്രൈറ്റീരിയ എം സോണിന് ഇല്ല. പരിഭാഷകന് ഇഷ്ടമുള്ള സിനിമ ചെയ്യുന്നു, അത്​ റിലീസ് ചെയ്യുന്നു എന്നുമാത്രം. സിനിമയുടെ ക്വാളിറ്റി എം സോൺ ജഡ്ജ് ചെയ്യാറില്ല. സബിന്റെ ക്വാളിറ്റിക്ക് പ്രാധാന്യമുണ്ട്​. എന്നാലും, നല്ല സിനിമകളെ as a movie group എന്ന നിലക്ക്​ നമ്മൾ ​പ്രൊജക്ട് ചെയ്യേണ്ടതുണ്ട് എന്ന ബോധ്യം ഉള്ളതിനാൽ കാലാകാലങ്ങളിൽ അത്തരം സിനിമകൾ മാത്രം ഉൾകൊള്ളിച്ച്​ റിലീസ് ഫെസ്റ്റുകൾ നടത്താറുണ്ട്. ഓസ്‌കാർ സിനിമകളുടെ ഫെസ്റ്റ്, മികച്ച സംവിധായകരുടെ സിനിമകൾ, അതത് കൊല്ലം IFFK/IFFIൽ അക്ലയിം നേടിയ സിനിമകൾ എന്നിവയ്ക്കു മാത്രമായി ഒരാഴ്ചയോ മാസമോ മാറ്റി വയ്ക്കാറുണ്ട്. എല്ലാ കൊല്ലവും ജൂൺ ക്ലാസിക് സിനിമകൾക്ക് വേണ്ടി മാറ്റി വച്ചിട്ടുണ്ട്, ക്ലാസിക് ജൂണ് എന്ന പേരിൽ. ഫെസ്റ്റുകളുടെ വിശദമായ ലിസ്റ്റ്

ചോദ്യം:ഇതിന്റെ ഏകോപനം എങ്ങനെയാണ്. സിനിമ തെരഞ്ഞെടുക്കൽ തൊട്ട് റിലീസ് വരെയുള്ള പ്രോസസ് ?എം സോണിന്റെ ഏകോപനത്തിന് അഡ്മിൻ പാനലിന്റെ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. എം സോണിൽ നടക്കുന്ന ഓരോ പ്രവർത്തനത്തിന്റേയും റിലീസിന്റേയും വിശദാംശങ്ങൾ അഡ്മിൻ പാനലിന്റെ അനുമതിയോടെയാണ് നടത്തുന്നത്. കൂടാതെ പരിഭാഷ വെരിഫിക്കേഷൻ, പോസ്റ്റർ ഡിസൈൻ, സൈറ്റ്, ഗ്രൂപ്പ് മാനേജ്‌മെന്റ് തുടങ്ങിയവ പാനലിലെ ഓരോ വ്യക്തികളുടേയും ചുമതലയാണ്. അവരവരുടെ ഭാഗം അവരവർ ചെയ്ത് പോകുമ്പോൾ തടസങ്ങളില്ലാതെ ദിവസേന നാല് പരിഭാഷകളുടെ റിലീസ് എന്ന കടമ്പ സുഗമമായി നടക്കും. ഇതിനുപുറമേ വെരിഫിക്കേഷൻ ടീമിലുള്ള 30ഓളം പേരുടെ പ്രയത്‌നവും വിലമതിക്കാനാകാത്തതാണ്.

പ്രവീൺ അടൂർ

(Praveen Adoor, Freddy Francis, Prasobh, Elvis, Shyju : Verification team Mujeeb, Arjun, Shabeer - IT Infrastructure Vishnu: Content Delivery Giri PS, Nishad JN: Design and Artwork Other Admins Shan VS, Rahul R, Lijo Joy )

പരിഭാഷയുടെ തെരഞ്ഞെടുപ്പ് പൂർണമായും എം സോണിന്റെ പ്രേക്ഷകരുൾപ്പെടുന്ന പരിഭാഷകരുടെ വ്യക്തിപരമായ ചോയ്‌സാണ്. പരിഭാഷയുടെ ക്വാളിറ്റി മാത്രമാണ് എം സോൺ മാനദണ്ഡമാക്കുന്നത്. എന്നാൽ ക്ലാസ്സിക് ജൂൺ പോലെയുള്ള ഫെസ്റ്റുകളിൽ സിനിമകളുടെ തെരഞ്ഞെടുപ്പ് എംസോൺ നേരിട്ട് നടത്താറും ഉണ്ട്.

​ചോദ്യം: കൂട്ടായ്മയിൽ സ്ത്രീകളുണ്ടോ ?

കൂട്ടായ്മയിലും പരിഭാഷകരിലും ധാരാളം സ്ത്രീകളുണ്ട്. 40 പരിഭാഷകളോളം ചെയ്തുകഴിഞ്ഞ അഖില പ്രേമചന്ദ്രൻ, 30 പരിഭാഷകൾ ചെയ്ത ഡോ. ആശ കൃഷ്ണകുമാർ, 25 ഓളം പരിഭാഷകൾ ചെയ്ത ഗായത്രി മാടമ്പി തുടങ്ങിയ മികച്ച പരിഭാഷകർ എം സോണിന്റെ ഭാഗമാണ്. ഡോ. ആശ അഡ്മിൻ പാനൽ അംഗവും കൂടിയാണെന്നതും എടുത്തുപറയട്ടെ.

​ചോദ്യം: ഇതുവരെ എത്ര ചിത്രങ്ങൾക്ക് സബ്ടൈറ്റിൽ നൽകി

2190 പരിഭാഷകൾ, 470 പരിഭാഷകർ. ഇത് വെരിഫിക്കേഷൻ കഴിഞ്ഞ്​ റിലീസ് ചെയ്തവയാണ്. ഏതാണ്ട് 160 സിനിമകളും 13ഓളം സീരീസുകളും വേരിഫിക്കേഷൻ വെയിറ്റ് ചെയ്തു കിടക്കുന്നു. പരിഭാഷകൾക്ക് ഒരു കുറവുമില്ല, പരിഭാഷകർക്കും. ക്വാളിറ്റി ചെക്ക് ചെയ്തു പുറത്തിറക്കാനുള്ള ആൾ സഹായത്തി​ന്റെ കാര്യത്തിലേ ഇത്തിരി ബുദ്ധിമുട്ടുള്ളൂ.

ചോദ്യം: സബ് ടൈറ്റിൽ ചെയ്യുമ്പോൾ അത് ചെയ്യുന്നയാളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് മാറ്റം വരുത്തുന്നത് ശരിയാണോ? അങ്ങനെ ചെയ്യുന്നത് സിനിമയോട് ചെയ്യുന്ന നീതികേടാകുമോ ?

മുജിസെ ദി മിറക്കിൾ (2015) എന്ന

തുർക്കിഷ് സിനിമയിൽ നിന്ന്നീതികേടാണ് എന്നാണ് നമ്മുടെ നയം, അത്​ പ്രോത്സാഹിപ്പിക്കാറില്ല. എന്നാൽ ചില കൾച്ചറൽ റഫറൻസ് കഥയുടെ മെയിൻ പ്ലോട്ടുമായി ബന്ധമില്ലാത്തത്​, അതായത് പഴഞ്ചൊല്ലുകൾ, പ്രയോഗങ്ങൾ ഒക്കെ മലയാളത്തിലേക്കു പറിച്ചു നാടാറുണ്ട്. അതിൽ പ്രശ്‌നമില്ലെന്ന്​ കരുതുന്നു. മൊത്തത്തിൽ കഥാപാത്രങ്ങളും സ്ഥലങ്ങളും അടക്കം മാറ്റം വരുത്തുന്നത് അനുവദിക്കാറില്ല. സബ് എങ്ങനെയാണോ അതിനോട് പരമാവധി അടുത്തു നിൽക്കുക എന്നത് തന്നെയാണ് പരിഭാഷകൻ ചെയ്യേണ്ടത്. പരിഭാഷകന് ഒരു പരിധിയിൽ കവിഞ്ഞ ക്രിയേറ്റിവ് ഫ്രീഡം നല്ലതല്ല.

ചോദ്യം: തെറിയുൾപ്പടെയുള്ള ഭാഷാ പ്രയോഗങ്ങളുടെ പരിഭാഷയിൽ എന്തൊക്കെയാണ് ശ്രദ്ധിക്കാറ്, പൊളിറ്റിക്കൽ കറക്ടനസ് നോക്കാറുണ്ടോ, അതിൽ എം.സോണിന്റെ നിലപാട് എന്താണ് ?

സിനിമയിൽ പൊളിറ്റിക്കൽ കറക്റ്റ്‌നസ് ആവശ്യമാണ് എങ്കിലും സബ്ബിൽ പൊളിറ്റിക്കൽ കറക്റ്റ്‌നസ് അടിച്ചേൽപ്പിക്കുന്നതിനോട് താൽപര്യമില്ല. സിനിമയുടെ കറക്റ്റ്‌നസ് തന്നെയേ സബിനും ഉണ്ടാവേണ്ട കാര്യമുള്ളൂ എന്നു കരുതുന്നു. Subtitle in itself is not a stand alone product. It's just meant to support the film. തെറി ഉൾപ്പെടെയുള്ളതിൽ വെള്ളം ചേർക്കേണ്ടതില്ല എന്നാണ് പൊതുവെ നയം. എന്നാലും തെറിവിളിയുടെ സെൻസിബിലിറ്റിക്ക്​ നമ്മുടെ നാട്ടിലും വിദേശത്തും മാറ്റമുള്ളതിനാൽ അതിനനുസരിച്ചു tone down ചെയ്യുന്നതിനോട് എതിർപ്പില്ല. ഉദാഹരണത്തിന് fuck എന്നത് സാധാരണ തെറിയാണ് ഇംഗ്ലീഷിൽ, എന്നാൽ അതിന്​ എല്ലാ ഇടത്തും ഒരേ കാഠിന്യം ആയിരിക്കില്ല. നാശം, കോപ്പ്, പുല്ല്​ എന്നൊക്കെ നമ്മൾ ഉപയോഗിക്കുന്ന സന്ദർഭങ്ങളിലും fuck അവർ ഉപയോഗിക്കും. എന്നാൽ മൈര്​ എന്ന്​ പറയേണ്ട സ്ഥലത്ത്​ അതുതന്നെ വേണം താനും.

ചോദ്യം: സബ് ടൈറ്റലുകളിൽ സ്വന്തമായി വരുത്തുന്ന ക്രിയാത്മക മാറ്റത്തെ ചൊല്ലി ചർച്ച നടന്നിരുന്നുവല്ലോ അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

മുകളിൽ പറഞ്ഞ ഉത്തരം തന്നെ. തത്വത്തിൽ എതിരാണ്. പ്രോത്സാഹിപ്പിക്കാറില്ല. സബ് ടൈറ്റിൽ മൗലികമായ കൃതി അല്ല. അതു സിനിമ എന്ന മൂല കൃതിയോട് പരമാവധി അടുത്തു നിൽക്കണം.

ചോദ്യം:ഹിന്ദി, ബംഗാളി, തമിഴ് ചിത്രങ്ങൾക്ക് ബഹുഭാഷാ സബ്ടൈറ്റിലുകൾ ഉണ്ടാവുന്നത് പോലെ മലയാള സിനിമയ്ക്ക് അങ്ങനെയൊരു സബ്ടൈറ്റിൽ കുറവല്ലേ, എം സോൺ അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ, അങ്ങനെ ചെയ്തിട്ടുണ്ടോ

എം സോൺ എന്ന നിലയിൽ അതിനെ പറ്റി ആലോചിച്ചിട്ടില്ല. അങ്ങനൊരു കുറവ് ഉള്ളതാണ്. പക്ഷെ എന്റെ വ്യക്​തിപരമായ അഭിപ്രായത്തിൽ മലയാളം സിനിമ കാണാൻ ആവശ്യമുള്ളവരാണ് അതിന്​ മുൻകൈ എടുക്കേണ്ടത്. ഇപ്പോൾ മലയാളം സിനിമക്ക് സബ് വരുന്നുണ്ടല്ലോ. പഴയ സിനിമകൾക്ക് ഏതെങ്കിലും ഒരു കൂട്ടം ആളുകൾ ചെയ്യുമെന്ന് കരുതുന്നു.

ചോദ്യം:പദാനുപദ വിവർത്തനത്തിന് പകരം നമ്മുടെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെട്ട പദങ്ങളാണ് എം.സോൺ കൂടുതൽ ഉപയോഗിച്ച് കാണുന്നത്. ആ കൾച്ചറൽ ചെയ്​ഞ്ച് ഒരുപക്ഷേ യഥാർത്ഥ സിനിമയോട് ചെയ്യുന്ന നീതികേടല്ലേ.

ഒരു പരിധി വിട്ട്​ അങ്ങനെ വരാറില്ല എന്നാണ് വിശ്വാസം. ശരിയായ അർത്ഥത്തിൽ അത്​ നീതികേടാണ്. പക്ഷെ മറ്റു രാജ്യങ്ങളുടെ കൾച്ചർ സംബന്ധമായ കാര്യങ്ങൾ ഒറ്റയടിക്ക് ആളുകൾ മനസ്സിലാക്കി ആസ്വദിക്കും എന്നു കരുതുക വയ്യല്ലോ. എം സോൺ ഉപഭോക്താക്കൾ പലരും മലയാളം സബ് ഉള്ളതുകൊണ്ട് മാത്രം മലയാളം വിട്ട്​ മറ്റു ഭാഷ കാണുന്നവരാണ്. അവരുടെ മുന്നിൽ ചില സംഗതികൾ നമ്മുടെ നാടുമായി റിലേറ്റ് ചെയ്തു കാണിക്കാതെ നമ്മുടെ പരിഭാഷ പ്രയത്‌നത്തിന്​ ഒരു ഗുണം ഉണ്ടാവും എന്നു കരുതുക വയ്യ. ഇരുന്നിട്ട്​ കാൽ നീട്ടുന്നതല്ലേ ബുദ്ധി.

ചോദ്യം:എം. സോണിലൂടെ വലിയ വിഭാഗം മലയാളി പ്രേക്ഷകർ ഭാഷയുടെ പരിമിതി മറികടക്കുകയും കൂടുതൽ വലിയ ക്യാൻവാസിൽ സിനിമകൾ കാണാനാരംഭിക്കുകയും ചെയ്തത് അവരുടെ സിനിമാ ആസ്വാദനത്തിൽ വലിയ മാറ്റം വരുത്തിയതായി തോന്നിയിട്ടുണ്ടോ?

തീർച്ചയായും ഞങ്ങൾ അങ്ങനെ കരുതുന്നു. സീരീസുകൾക്ക് മലയാളികൾക്കിടയിൽ പോപ്പുലാരിറ്റി ഉണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ നോളൻ, വില്ലിന്യൂ, ഫിഞ്ചർ പോലെ ഫസ്റ്റ് കട്ട് സംവിധായകരുടെ സിനിമകൾ മലയാളികൾ മലയാളത്തിൽ തന്നെ ആസ്വദിച്ചു കാണുന്നതിന്റെ ഭാഗമായി മലയാളികളുടെ ആസ്വാദന നിലവാരം കൂടുക തന്നെ ചെയ്യും. ഞങ്ങളുടെ IFFK/IFFI ഫെസ്റ്റുകൾ ഫെസ്റ്റിവൽ നിലവാരമുള്ള സിനിമകളാണ് അതാത് കൊല്ലം മലയാളം സബുകളോടുകൂടി എത്തിക്കുന്നത്. ഇത്തരം സിനിമകൾക്ക് മുമ്പുണ്ടായിരുന്ന ഒരുതരം എലിറ്റിസ്റ്റ് സ്വഭാവം തകർക്കാൻ ഇതു വഴി സാധ്യമാകുന്നുണ്ട്. നിലവാരമുള്ള സിനിമകൾ കാണുന്നവർ കൂടുമ്പോൾ സമൂഹത്തിന്റെ ആസ്വാദന നിലവാരവും കൂടും എന്നത് സ്വാഭാവികമാണ്.

ടിബറ്റൻ, ലഡാക്കി ഭാഷയിൽ 2001ൽ പുറത്തിറങ്ങിയ സംസാര എന്ന സിനിമയിൽ നിന്ന്

ചോദ്യം:ഒ.ടി.ടി സർവീസുകളുടെ വരവോടെ സബ്ടൈറ്റിംഗ്​ വലിയ പ്രതിഫലമുള്ള ജോലിയായിട്ടുണ്ട്. എന്നാൽ എം. സോൺ സബ് ടൈറ്റിലുകൾ വളണ്ടിയർമാർ സൗജന്യമായിട്ടാണ് നിർമിക്കുന്നത്. തുർക്കിഷ് സീരീസ് എർതുറുലിന്റെ 400 ഓളം എപ്പിസോഡുകൾ ഒരു പ്രൊഫഷനൽ വേഗതയോടെ എം. സോൺ റിലീസ് ചെയ്തിട്ടുണ്ട്. സ്റ്റാൾമാന്റെ ഫ്രീ സോഫ്​റ്റ്​വെയർ പോലെ, വികി പ്രൊജക്ട് പോലെ ഒരു മൂവ്മെന്റാണിതെന്ന് പറയാം. ഇത്തരം പ്രൊജക്ടുകളിൽ മനുഷ്യർ എൻഗേജ് ആവാനുള്ള പ്രേരണ / പ്രചോദനം എന്താണ് ?

നമ്മൾക്ക് ഇഷ്ടപ്പെട്ട സിനിമകൾ മറ്റുള്ളവരെ കാണിക്കുക എന്നത്, അത് നല്ലതെന്നു കേൾക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം, കൃതജ്ഞത, ഒരു കൂട്ടായ്മയുടെ ഭാഗമാകാനുള്ള മനുഷ്യന്റെ സഹജമായ അഭിവാജ്ഞ, പോസ്റ്ററിലും മറ്റും പരിഭാഷകനായി സ്വന്തം പേര് കാണുമ്പോഴുണ്ടാവുന്ന അഭിമാനം ഒക്കെ ആവണം ഇതിനുകാരണം. മറ്റു ഓപ്പൺ സോഴ്‌സ് പ്രോജക്റ്റുകളുടെ ഒക്കെ പിന്നിലെ അതേ ഫിലോസഫി തന്നെ ആയിരിക്കണം. കൂടുതൽ പറയാൻ എനിക്ക് അറിയില്ല.

ചോദ്യം:എം. സോൺ, സബ് ടൈറ്റിൽ ഫയലുകൾ മാത്രമാണ് നൽകുന്നതെങ്കിലും മിക്ക പ്രേക്ഷകരും പൈറേറ്റഡ് സിനിമകൾ കാണാനാണ് അത് ഉപയോഗിക്കുന്നത്. ലീഗലായി എം. ഡോൺ സബ്ടൈറ്റിൽ ഉപയോഗിക്കാനുള്ള സാധ്യത എന്തൊക്കെയാണ് ?

ഇത്​ എം സോണിന്റെ മാത്രം പ്രശ്‌നമല്ല. സബ് പരിഭാഷകൾ independent ആയി ഇറങ്ങുന്ന എല്ലാ ഭാഷയുടെയും വിഷയമാണ്. ഇതിന് എന്ത്​ പരിഹാരം എന്നറിയില്ല. എന്നാലും പൈറേറ്റ് ചെയ്ത്​ സിനിമ കാണേണ്ടി വരുന്നു എന്ന് കരുതി സിനിമകളെ accessible ആക്കുന്ന പരിഭാഷ എന്ന പ്രവൃത്തി നിർത്തി വയ്ക്കാൻ സാധ്യമല്ല. എലിയെ പേടിച്ച്​ ഇല്ലം ചുടുന്ന അവസ്ഥയാണിത്.

ലീഗൽ ആയി കാണിക്കാൻ നെറ്റ്ഫ്ളിക്സ്, പ്രൈം പോലുള്ളവരെ ആവുന്ന വിധം ബന്ധപ്പെട്ടിരുന്നു. ​പ്രതികരണമുണ്ടായില്ല. ഏഷ്യാനെറ്റ് ഈയിടെ ധോണി എന്ന സിനിമ കാണിച്ചപ്പോൾ എം സോണിന്റെ സബ് ആണ് പ്ലെ ചെയ്തത്. അതിനെതിരെ ഒന്നും ചെയ്യാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. ലീഗൽ ഒപ്ഷൻ നമ്മളെ തേടിയാണ് വരേണ്ടത്. ഞങ്ങളുടെ പരിഭാഷ ഓപ്പൺ ആണ്. സാമ്പത്തിക ലാഭം ഉണ്ടാക്കാത്ത എന്തിനു വേണ്ടിയും അതുപയോഗിക്കാം.

പൈറേറ്റഡ് സിനിമകളോട് ബ്രോഡ് ആയി എം. സോണിനുള്ള കാഴ്ചപ്പാട് എന്താണ് ?

പൈറസി ഞങ്ങൾ കണ്ടുപിടിച്ചതല്ല. പൈറസി ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഞങ്ങൾ കുറച്ചു പരിഭാഷകർ ഈ സൈഡിൽ നിൽക്കുന്നു എന്നേയുള്ളൂ. പൈറസി ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. സ്ട്രിക്​റ്റ്​ ആയി നോക്കിയാൽ ഞങ്ങൾ പരിഭാഷ ചെയ്യുന്നത് കോപ്പിറൈറ്റ് ലംഘനം ആണ്. പക്ഷെ ഞങ്ങൾ ഇതിൽ നിന്ന്​ സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല എന്നതിനാൽ ഫെയർ യൂസ് പോളിസിയിൽ പെടുമെന്നു കരുതി മുന്നോട്ടു പോകുന്നു. സബ്ബ്കളുടെ പരിഭാഷ copyright infringement ആവുന്ന നിയമം ആണ് മാറേണ്ടത്. മൊത്തത്തിൽ ഒരു കലാ സൃഷ്ടി രാജ്യ-ഭാഷ അതിർത്തികൾ ലംഘിച്ച്​ അതിന്റെ മേക്കേഴ്സ് ഒരിക്കലും ചിന്തിക്കാത്ത ഇടങ്ങളിലേക്ക് പോകാൻ പരിഭാഷകൾ ഒരു കാരണം ആവുന്നെങ്കിൽ അതു തടയാനുള്ള നിയമം എന്ത് നിയമം ആണ്?. നിയമങ്ങൾ മനുഷ്യന്റെ ജീവിതം നന്നാക്കാനാണ് വേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല.

ചോദ്യം:എം. സോൺ സബ്സ് പുറത്തിറങ്ങി തുടങ്ങിയപ്പോൾ, പ്രത്യേകിച്ച് സീരീസുകൾ റിലീസ് ചെയ്ത് തുടങ്ങിയപ്പോൾ അതുവരെ ഇംഗ്ലീഷിൽ സീരീസ് കണ്ടിരുന്ന കുറച്ച് എലിറ്റിസ്റ്റ് ഗ്രൂപ്പിൽ നിന്ന് ജാതീയമായതുൾപ്പടെയുള്ള അധിക്ഷേപങ്ങൾ ഉണ്ടായിരുന്നു. പരിഭാഷയുടെ നിലവാരത്തേക്കാളുപരി ലോക സീരീസുകൾ മലയാളം മാത്രമറിയുന്നവർക്ക് പോലും കാണാവുന്ന തരത്തിലേക്ക് നിലവാരം താഴ്ത്തി എന്നതായിരുന്നു അവരുടെ ആശങ്ക. എന്ത് കൊണ്ടാണ് ലോക സിനിമകൾ വരെ പരിചയമുള്ള ഒരു ഗ്രൂപ്പിൽ നിന്ന് ഇത്തരം പ്രതികരണങ്ങൾ വരുന്നത്?

ഇതു കുറെക്കൂടി സാമൂഹിക ചോദ്യമാണ് എന്നു കരുതുന്നു. ഇതിന്​ മലയാളം സബുമായി ബന്ധമില്ല. സമൂഹത്തിലെ വർഗീയ, ജാതി ചിന്തകളുടെ പ്രതിഫലനം ഇവിടെയും സംഭവിച്ചു എന്നുമാത്രം. ചെത്തുകാരന്റെ മകൻ എന്ന്​ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്യുന്ന നാട്ടിലാണ് നമ്മൾ നിൽക്കുന്നത്. പ്രിവിലേജ് ഉള്ളവർ മാത്രം ചെയ്തു കൊണ്ടിരുന്ന കാര്യം എല്ലാവരും ചെയ്യാൻ തുടങ്ങുമ്പോൾ ഇത്തരം കരച്ചിലുകൾ ഉണ്ടാവും, അവഗണിക്കുക. കാലം എല്ലാത്തിനും ഒരു നീതി കാത്തുവച്ചിട്ടുണ്ട്. എന്തായാലും എം സോൺ മുന്നോട്ട് വയ്ക്കുന്നത് ന്യൂനപക്ഷ, സ്ത്രീപക്ഷ, പുരോഗമന, സെക്യുലർ ആശയങ്ങളാണ്. അതിനെതിരായ ഇത്തരം പരിഹാസങ്ങളെയും വിമർശനങ്ങളെയും അർഹിക്കുന്ന അവഗണനയോടെ തള്ളുന്നു.

ബ്രിട്ടീഷ്‌ കോമഡി ഡ്രാമ സെക്സ് എഡ്യുക്കേഷനിൽ നിന്ന്

ഒടിടി പ്ലാറ്റ്ഫോമുകളുടെ സ്വീകാര്യതയെ മലയാളം സബ് ടൈറ്റുകളുടെ കടന്നു വരവ് എന്തുമാത്രം സ്വാധീനിച്ചിട്ടുണ്ട്

OTT Platformകൾ മലയാളം സബ് ടൈറ്റിലുകളെ ബാധിച്ചിട്ടുണ്ട് എന്നു ഞാൻ കരുതുന്നില്ല. എന്നാൽ ഇപ്പോൾ പല പ്ലാറ്റ്‌ഫോമിലും വരുന്ന ഇന്ത്യൻ സിനിമകൾക്ക് പ്ലാറ്റ്‌ഫോം തന്നെ മലയാളം സബ് കൊടുക്കുന്ന ഒരു രീതി കാണുന്നുണ്ട്. So may be in near future even English and other language movies can very well have malayalam subtitles inbuilt. അങ്ങനെ വന്നാൽ നമ്മളെ പോലെ ഒരു voluntary ഗ്രൂപ്പിന്റെ സേവനം ചിലപ്പോൾ ഭാവിയിൽ ആവശ്യമില്ലാതെ വന്നേക്കാം

ചോദ്യം:എം. സോൺ സബ്സ് സൗജന്യമായി ചെയ്യുകയാണല്ലോ, ലാഭകരമാക്കുന്നതിനെ കുറിച്ച് ആലോചിട്ടുണ്ടോ ?

ഒറ്റ വാക്കിൽ പറയാമല്ലോ, എം സോൺ ലാഭകരമാക്കാൻ ഉദ്ദേശ്യമില്ല, ഒരിക്കലും

ചോദ്യം:നിങ്ങളുടെ ഒരു കണക്കുകൂട്ടലിൽ ഒരു ആവറേജ് സിനിമ എത്രപേർ കാണാറുണ്ട് ? കൂടുതൽ പേർ കാണുന്നത് ഏതുതരം സിനിമകളാണ്.

സിനിമാ കാഴ്ചയുടെ മാനദണ്ഡം തീർത്തും വ്യക്തിപരമായതുകൊണ്ട് കൃത്യമായി എത്ര പേർ കാണുന്നു എന്നു പറയാൻ സാധ്യമല്ല. സൈറ്റിൽ നിന്നുള്ള ഡാറ്റ നോക്കുകയാണെങ്കിൽ എല്ലാ സബ്ബുകളും കുറഞ്ഞത് 5000 പേരെങ്കിലും ഡൗൺലോഡ് ചെയ്യുന്നുണ്ട്. Money Heist, Dark പോലുള്ള പോപ്പുലർ സീരീസുകളുടെ സബ് 30,000-50,000 ഡൗൺലോഡ് നടന്നിട്ടുണ്ട്.

ഫേസ്ബുക്ക് കൂട്ടായ്മയിലെ ആവശ്യക്കാരുടെ എണ്ണവും ഞങ്ങൾക്ക് കിട്ടുന്ന മെയിലുകളും ഒക്കെ പരിഗണിക്കുമ്പോൾ ത്രില്ലർ, ഇൻവസ്റ്റിഗേഷൻ, ആക്ഷൻ ചിത്രങ്ങളും സീരീസുകളുമാണ് സാധാരണ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കുന്നത്. എങ്കിലും ക്ലാസ്സിക് വിഭാഗത്തിലുള്ള ചിത്രങ്ങൾ ഈ കുത്തൊഴുക്കിൽ മുങ്ങിപ്പോകാതിരിക്കാൻ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ പരിഭാഷകൾ എംസോൺ, എംസോൺ ഗോൾഡ് എന്ന പേരിൽ റിലീസ് ചെയ്തുവരുന്നുണ്ട്.

'ഡാർക്ക്' ലെ ഒരു രംഗം

ചോദ്യം:വളരെ നന്നായി ചെയ്തിട്ടും ചില സിനിമയോ സീരിസോ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ എന്തു തോന്നും.

സീനിമയോ സീരീസോ ശ്രദ്ധിക്കപ്പെടാതെ പോകുക എന്നൊരു അവസ്ഥ എം സോണിനെ സംബന്ധിച്ച്​ അപ്രസക്തമാണ്. റിലീസ് ചെയ്തുകഴിഞ്ഞാൽ കാലങ്ങളോളം ഒരു പരിഭാഷ ഉണ്ടാകും. അതിന്റെ പ്രേക്ഷകരും അതുപോലെ വരും തലമുറയാണ്. പരിഭാഷയുടെ റിലീസിംഗ് ടൈമിലുള്ള ബഹളങ്ങളൊന്നും അതിനെ ഇല്ലാതാക്കുന്നില്ല.

Comments