ക്ലൈമാക്സിൽ രക്ഷപ്പെട്ട് ഇരട്ട

റിയലിസ്റ്റിക് രീതിയോടും സിനിമാറ്റിക് ഡ്രാമയോടും ഒരുപോലെ ചേർന്നു നിൽക്കുന്ന സിനിമയാണ് ഇരട്ട. ഉദാഹരണത്തിന് ജോജുവും സാബുവും തമ്മിലുള്ള ഫൈറ്റ് അതീവ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുമ്പോൾ വൈകാരികമായി ഒരു എലവേഷൻ വേണ്ട സമയത്ത് സിനിമ അതിന് യോജിച്ച വിധം ഡ്രാമറ്റിക് ആവുന്നുണ്ട്.

രട്ടകളുടെ കഥ മലയാളത്തിന് പുതുമയുള്ളതല്ല എന്ന് മാത്രമല്ല, അതിൽ ഒരു ഇരട്ട നല്ലവനായി വളരുന്നതും മറ്റൊരാൾ തെമ്മാടിയാവുന്നതും സിനിമയിൽ സേഫ് ആയി പ്രവചിക്കാവുന്ന കാര്യമാണ്. രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത് ജോജു ജോർജ് പ്രധാന വേഷങ്ങളിലെത്തുന്ന ഇരട്ട എന്നാൽ ആ കഥമാത്രമല്ല. കുറേക്കൂടി മൊമന്റുകൾ ചേർത്ത് ഒരു "Highly Watchable' സിനിമയാകുന്നുണ്ട് ഇരട്ട.

വാഗമൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ഇരട്ടകളായ വിനോദും പ്രമോദും. പ്രമോദ് ഡി.വൈ.എസ്.പി റാങ്കിലും വിനോദ് സീനിയർ സി.പി.ഒ റാങ്കിലുമാണ്. പ്രമോദിന്റെ കുടുംബ ജീവിതം താളം തെറ്റിക്കിടക്കുകയാണ്. വിനോദ് ആവട്ടെ ഒരു കുത്തഴിഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്.

പൊലീസ് സ്‌റ്റേഷനിൽ ഒരു പൊതുപരിപാടി നടക്കുന്ന ദിവസം പെട്ടെന്ന് സ്റ്റേഷന് അകത്ത് നിന്ന് മൂന്ന് വെടിയൊച്ച കേൾക്കുന്നു. സ്റ്റേഷന് പുറത്ത് പൊതുജനങ്ങളും മീഡിയയും ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് സംഭവം. പൊലീസ് ഉടൻ ഗേറ്റുകൾ അടച്ച് അന്വേഷണം ആരംഭിക്കുന്നു. ഫ്‌ളാഷ് ബാക്കുകളിലൂടെയും വർത്തമാന കാലത്തിലൂടെയും നടക്കുന്ന അന്വേഷണമാണ് ഇരട്ട എന്ന ചിത്രം.

നായാട്ട്, ജോസഫ് തുടങ്ങിയ ചിത്രങ്ങളിൽ ജോജുവിന്റെ പൊലീസ് വേഷം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഷേഡിലുള്ള രണ്ട് പൊലീസുകാരെയാണ് ഇരട്ടയിൽ ജോജു സ്‌ക്രീനിലെത്തിക്കുന്നത്. രണ്ടു പേരും ഒരേ സ്റ്റേഷനിലെ പൊലീസുകാർ. രണ്ടു പേരിലും ശാരീരികമായി വലിയ മാറ്റങ്ങൾ നൽകാതെ തന്നെ പരസ്പരം തിരിച്ചറിയാവുന്ന രീതിയിൽ അടയാളപ്പെടുത്തുന്ന ജോജു ജോർജ് പ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന സവിശേഷത.

പ്രമോദിലും വിനോദിലും ഗ്രേ ഷേഡുകളുണ്ട്. രണ്ടു പേരും ഓരോ തരത്തിൽ പരാജിതരാണ്. എന്നിട്ടും രണ്ടുപേരിലും വ്യതിരിക്തത കൊണ്ടുവരാനായി എന്നത് ജോജുവിന്റെ മികവാണ്.

Joju in Iratta

സിനിമയുടെ പ്ലോട്ട് എസ്റ്റാബ്ലിഷ് ചെയ്യുന്ന ആദ്യ മിനിറ്റുകൾ രസകരമാണ്. ഭയങ്കരമായ ഒരു ചടുലതയും അതേസമയം ഒരു റിയലിസ്റ്റിക് സിനിമയുടെ സ്വഭാവവും സിനിമയുടെ തുടക്കത്തിൽ കാണാം. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതോടെ സിനിമ ഒരുപാട് കാടുകയറുന്നുണ്ട്. കണ്ടു പരിചയിച്ച രീതിയിൽ കഥ തുടരുന്ന സിനിമ വീണ്ടും ക്ലൈമാക്‌സിനടുത്ത് ഇമോഷനലായി പ്രേക്ഷകരെ തിരികെ പിടിക്കുക തന്നെ ചെയ്യുന്നുണ്ട്.

റിയലിസ്റ്റിക് രീതിയോടും സിനിമാറ്റിക് ഡ്രാമയോടും ഒരുപോലെ ചേർന്നു നിൽക്കുന്ന സിനിമയാണ് ഇരട്ട. ഉദാഹരണത്തിന് ജോജുവും സാബുവും തമ്മിലുള്ള ഫൈറ്റ് അതീവ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുമ്പോൾ വൈകാരികമായി ഒരു എലവേഷൻ വേണ്ട സമയത്ത് സിനിമ അതിന് യോജിച്ച വിധം ഡ്രാമറ്റിക് ആവുന്നുണ്ട്. എന്നാൽ ശ്രിന്ദ, ആര്യ സലിം എന്നിവരുടെ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും അതീവ കൃത്രിമത്വം നിറഞ്ഞതും സിനിമയോട് യോജിച്ച് നിൽക്കാത്തവയുമാണ്.

അഞ്ജലി, ശ്രിന്ദ, ആര്യ സലിം

അഞ്ജലിയുടെ പ്രകടനം എടുത്ത് പറയേണ്ട വിധം രസകരമായിരുന്നു. സാബുമോൻ, ശ്രീകാന്ത് മുരളി, ജെയിംസ് ഏലിയാസ്, കിച്ചു തെല്ലുസ്, ശരത് സഭ തുടങ്ങിയ അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവച്ചു.

ഈ പറഞ്ഞ ക്ലീഷേ രീതിയും പരിചയിച്ച കഥാസന്ദർഭങ്ങളുമൊക്കെ ഉണ്ടെങ്കിലും ഇരട്ടയുടെ ബേസിക് കഥ വളരെ ഇന്ററസ്റ്റിംഗ് ആയ ഒന്നാണ്. അതുകൊണ്ട് തന്നെയാണ് സിനിമ കണ്ട് ഇറങ്ങുമ്പോൾ പ്രേക്ഷകർക്ക് ഒരു നഷ്ടബോധം ഉണ്ടാവാത്തതും. എന്നാൽ കുറേക്കൂടെ ക്രിസ്പ് ആയി സംവിധാനം ചെയ്തിരുന്നെങ്കിൽ സിനിമ മറ്റൊരു തലത്തിലേക്ക് ഉയർന്നേനെ. ഉദാഹരണത്തിന്, ഇരട്ടകളുടെ കുട്ടിക്കാല ട്രോമയെ അവരുടെ ജീവിതവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് സിനിമ. അത് സിനിമയുടെ പ്ലോട്ടിൽ പ്രസക്തവുമാണ്, എന്നാൽ പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ആവുന്നുണ്ടോ എന്ന് സംശയമാണ്.

ജേക്‌സ് ബിജോയുടെ സംഗീതവും വിജയ് യുടെ ഛായാഗ്രാഹണവും മികച്ചു നിന്നു. രോഹിത്ത് എം.ജി. കൃഷ്ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ഇരട്ടയുടെ നിർമാണം.

Comments