ട്രാജഡിയുടെ ധർമ്മം തിരിച്ചറിയുന്ന ഇരട്ട

മനുഷ്യജീവിതവുമായി അടുത്ത് നിൽക്കുകയും സ്‌‌ക്രീനിലോ അരങ്ങിലോ കാണുന്ന കഥാപാത്രങ്ങളുടെ ജീവിതം തങ്ങളുടെ തന്നെ ജീവിതമാണെന്ന് പ്രേക്ഷകർക്ക് തോന്നുകയും കഥാപാത്രങ്ങളുടെ ജീവിതത്തിലെ പിഴവുകൾ തങ്ങൾക്കൊരിക്കലും സംഭവിക്കാൻ പാടില്ലെന്ന് പ്രേക്ഷകരുടെ ബോധതലത്തിലും അബോധമനസിലുമുണ്ടാകുന്ന തോന്നലുകളുമാണ് ട്രാജഡിയുടെ വിജയം. വികാരവിമലീകരണത്തിലൂടെ പ്രേക്ഷകരുടെ ജീവിതം ശുദ്ധീകരിക്കുന്ന ട്രാജഡിയുടെ ധർമ്മം ഇരട്ട എന്ന സിനിമ പുലർത്തുന്നുണ്ട്.

താരവിപണിയുടെ വലിയ പെരുമ്പറ മുഴക്കങ്ങളില്ലാതെ പ്രദർശനത്തിനെത്തിയ ഇരട്ട തിയേറ്ററിലെത്തുന്ന കാണികൾക്ക് കലാസ്വാദനത്തിന്റെ കാമ്പ് തൊടുന്ന അനുഭവമായി മാറുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ, ജോജു എന്ന നടന്റെ
വിസ്മയകരമായ അഭിനയം, ക്ലൈമാക്സ് ഗംഭീരമാക്കിയ സംവിധാന മികവ് എന്നിങ്ങനെ പതിവു രീതിയിലുള്ള നിരവധി വിലയിരുത്തലുകളും ഇതിനോടകം വന്നു കഴിഞ്ഞു. പലരും ആവർത്തിച്ചു പറഞ്ഞ അഭിനയം, സംവിധാന മികവ് എന്നിവയെല്ലാം സിനിമയെ സംബന്ധിച്ച് ശരിയായ അഭിപ്രായങ്ങൾ തന്നെയാണ്. ഏതൊരു നല്ല കൊമേഷ്യൽ മൂവിയേയും വായിച്ചെടുക്കാവുന്ന പതിവ് ഫ്രെയ്മുകളിൽ നിന്നും ഒരല്പം അകന്നു നിന്ന് പ്രേക്ഷകരുടെ അനുഭവതലത്തിൽ നിന്ന് ഈ സിനിമയെ സമീപിക്കേണ്ടതുണ്ട്.

രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത സിനിമ ആസ്വാദ്യകരമാണ് എന്നതിനൊപ്പം തന്നെ സിനിമ പകരുന്ന കലാമൂല്യം കൂടി വിലയിരുത്തണം. സാഹിത്യം സിനിമ നാടകം തുടങ്ങി ഏതു തരത്തിലുള്ള കലാ-സാഹിത്യ സൃഷ്ടികളും സംവദിക്കുന്നത് പ്രേക്ഷകരുമായിട്ടാണ്. നൻമ, നീതി, ന്യായം, കാരുണ്യം, പ്രണയം, സാഹോദര്യം, തിൻമ, അനീതി, അക്രമം തുടങ്ങിയ പരസ്പരവിരുദ്ധമായ മൂല്യങ്ങൾ തമ്മിലുള്ള സംഘർഷം കലാ-സാഹിത്യ സൃഷ്ടികളുടെ പ്രമേയത്തിൽ ലയിച്ചിട്ടുണ്ടാകും. നായകൻ നായകനായിരിക്കുന്നത് അയാൾ മാനുഷിക മൂല്യങ്ങളുടെ പക്ഷത്ത് നിൽക്കുന്നതിനാലാണ്. സാമൂഹിക നീതിയുടേയും നിയമങ്ങളുടേയും എതിർ പക്ഷത്ത് നിൽക്കുന്ന കഥാപാത്രങ്ങളാണ് പ്രതിനായകപക്ഷം. തിൻമയെ പരാജയപ്പെടുത്തുന്ന നൻമയുടെ പക്ഷത്താണ് നമ്മുടെ ഭൂരിപക്ഷം കൊമേഷ്യൽ സിനിമകളുമുള്ളത്. സർവഗുണപ്രതാപവാൻമാരായ അജയ്യരായ നായകൻമാർ താരങ്ങളായി ആരാധിക്കപ്പെടുന്നു. അതേ സമയം പ്രതിനായക കഥാപാത്രങ്ങളും സ്ഥിരമായി പ്രതിനായക വേഷത്തിലെത്തുന്ന അഭിനേതാക്കളും നായകന് / നായികയ്ക്ക് തുല്യമായി അംഗീകരിക്കപ്പെടുന്നില്ല.

ശരിക്കൊപ്പം നിൽക്കണം എന്ന സാമൂഹിക നിയമം ആരാധനയുടെ അബോധതലത്തിൽ പ്രവർത്തിക്കുന്നതിനാലാണ് നായക കഥാപാത്രങ്ങൾക്ക് സ്ക്രീനിലും പുറത്തും കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. സൂപ്പർ സ്റ്റാറുകൾ ഇരട്ട വേഷത്തിലെത്തുന്ന സിനിമകൾ നമുക്ക് അപരിചിതമല്ല. ലോക സിനിമയിലും ഇന്ത്യൻ സിനിമയിലും വെള്ളിത്തിരയിലും ഡബിൾറോൾ സിനിമകൾ നിരവധി തവണ വാണിജ്യ വിജയങ്ങളായി മാറിയിട്ടുണ്ട്. ജോജു ജോർജിന്റെ
ഇരട്ട വേഷം ഒരു നടന്റെ അഭിനയ മികവായി ഈ സിനിമയിൽ അടയാളപ്പെടുത്തുന്നുണ്ട് അതിലുപരി മനുഷ്യന്റെ ഇരട്ട അസ്തിത്വമാണ് ഈ സിനിമ.

1. ജീവിതത്തിന്റെ ഇരട്ടമുഖം

സാമൂഹിക ജീവിതത്തിന്റെ അതിരുകളിലേക്ക് മെരുക്കപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങൾ അബോധതലത്തിലുറങ്ങിക്കിടക്കുന്ന മൃഗചോദനകളുടെ പ്രകടിപ്പിക്കലിന് വഴിയൊരുക്കുന്നു. നാം നിരന്തരം കാണുന്ന കൊലപാതകങ്ങളും മനസ് മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങളും മെരുങ്ങാത്ത മനസിന്റെ ചില കുതിച്ചു ചാട്ടങ്ങളാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലും (2019) ചുരുളിയിലും (2021) ഇത്തരം സന്ദർഭങ്ങളുണ്ട്. പാലം കടന്ന് മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുന്ന മനുഷ്യരെല്ലാം അടക്കി നിർത്തിയ വികാരങ്ങളുടെ പൊട്ടുന്ന പടക്കങ്ങളായി മാറുകയാണ് ചുരുളിയിൽ.

‘ചുരുളി’യിൽ ചെമ്പൻ വിനോദ്​, വിനയ്​ ​ഫോർട്ട്​

ലോകപ്രശസ്ത സംവിധായകൻ മലയാള പ്രേക്ഷകരുടെ പ്രിയങ്കരനായ കിം കി ഡുക്കിന്റെ (Kim ki - duk, 1960-2020) സിനിമകളും മനുഷ്യ മനസിന്റെ
താളം തെറ്റലുകൾ കൊണ്ടെത്തിക്കുന്ന അപരിഷ്കൃതമായ അവസ്ഥകൾ അനാവരണം ചെയ്യുന്നുണ്ട്. സ്പ്രിങ്ങ് സമ്മർ ഫാൾ വിന്റർ ആന്റ്
സ്പ്രിങ്ങ് (spring summer fall winter and spring, 2003) മേബിയസ് (moebius, 2013) എന്നീ സിനിമകളിൽ കഥാപാത്രങ്ങൾ കടന്നു പോകുന്ന ഭ്രാന്തമായ അവിശ്വസനീയമായ അവസ്ഥകൾ കാണാം. രോഹിത് എം.ജി കൃഷ്ണൻ എന്ന സംവിധായകന്റെ സിനിമ ലിജോ ജോസ് പെല്ലിശ്ശേരി സിനിമയോടും കിം കി ഡുക് സിനിമയോടും കിടപിടിയ്ക്കുന്ന ഒന്നാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ പ്രതിഭാധനരായ ആ രണ്ട് സംവിധായകരുടേയും ഴോനറുമായി സാമ്യമുള്ളതാണ് രോഹിത്തിന്റെ പ്രതിഭയും. സാമൂഹിക ജീവിതത്തിന്റെ
പരിധിലംഘിക്കുന്ന കഥാപാത്രങ്ങളും അവരുടെ മാനസിക സംഘർഷങ്ങളും അവരുടെ പീഢാനുഭവങ്ങളിലും മാത്രമാണ് ഈ സാമ്യമുള്ളത്. സിനിമയെ മൊത്തത്തിലെടുത്താൽ കിം കി ഡുക്കിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും കാതങ്ങൾ പിന്നിലാണ് രോഹിത് എം.ജി കൃഷ്ണൻ. സിനിമാകൊട്ടകയുടെ മങ്ങിയ വെളിച്ചത്തിലിരിക്കുന്ന പ്രേക്ഷകരുടെ തലച്ചോറിൽ ഇടിമിന്നലേറ്റതു പോലൊരാഘാതമേൽപ്പിക്കുന്നുണ്ട് ഇരട്ട.

Moebius എന്ന സിനിമയിൽ നിന്ന്

പ്രേക്ഷരുടെ മനസിലേക്കിറങ്ങിച്ചെന്ന് കാണികൾക്ക് ഷോക്കിങ്ങായ ഒരനുഭവമായി സിനിമയെ മാറ്റുക എന്നത് മഹാൻമാരായ പല സംവിധായകരുടേയും രീതിയാണ്. ക്രൈം ത്രില്ലർ എന്ന വിശേഷണമാണ് മാധ്യമങ്ങളും സിനിമാനിരൂപകരും ഇരട്ടയ്ക്ക് നൽകിയിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ഘടകം കഥയിലെ ജിജഞാസ (Curiosity) യാണ്. ജിജ്ഞാസയുളവാക്കുന്ന ഇതിവൃത്തം സിനിമയുടെ നിർണ്ണായക ഘടകങ്ങളിൽ ഒന്നാണെന്ന് പല സിനിമകളിൽ നിന്നായി താൻ മനസിലാക്കിയ ഒരു കാര്യമാണ് എന്ന് രോഹിത് ഒരഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയുടെ തുടക്കത്തിൽ തന്നെയുണ്ടാകുന്ന എ.എസ്.ഐ വിനോദിന്റെ
വെടിയേറ്റുള്ള മരണത്തിന്റെ കാരണവും കുറ്റവാളിയും ആര് എന്ന അന്വേഷണത്തിൽ സത്യമറിയാനുള്ള താൽപര്യമാണ് സിനിമയെ സചേതനമായി നിലനിർത്തുന്നത്. ഈ ഒരു കാരണം കൊണ്ടുമാത്രം സിനിമയെ ഒരു ക്രൈം ത്രില്ലറായി മാത്രം വിലയിരുത്തുന്നതിൽ ഒതുങ്ങരുത് നമ്മുടെ സിനിമാ ആസ്വാദനം. ഒന്നോ അതിൽ കൂടുതലോ ക്രൈം നടക്കുകയും അതിന്റെ
കാരണമായ ഒരു കുറ്റവാളിയിലേക്കോ ഒരു സംഘത്തിലേക്കോ അന്വേഷിച്ചെത്തുകയും അവർ പിടിക്കപ്പെടുകയും ചെയ്യുന്നതാണ് സാധാരണ ക്രൈം ത്രില്ലറുകളുടെ ഉള്ളടക്കം. ജോജു അവതരിപ്പിക്കുന്ന ASI വിനോദും DYSP പ്രമോദുമാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ കുട്ടിക്കാലം മുതൽ വിനോദിന്റെയും പ്രമോദിന്റെയും ജീവിതത്തിലുണ്ടാകുന്ന അസാധാരണമായ സംഭവങ്ങളുടെ പരമ്പരയാണ് ഈ സിനിമ. ആകർഷകമായൊരു തുടക്കം തുടർന്നുള്ള ഒരു ട്വിസ്റ്റ് എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്ന തൃപ്തികരമായ ക്ലൈാക്സ് എന്നിങ്ങനെയുള്ള മലയാളം ത്രില്ലറുകളുടെ ഒരു പതിവ് ഘടന ഈ സിനിമയ്ക്കില്ല. നായകനും പ്രതിനായകനും തമ്മിലുള്ള ഏറ്റുമുട്ടലുകളില്ല ജീവിതത്തിലെ ചില അസാധാരണ സംഭവങ്ങളും അതിന്റെ
തുടർച്ചയായുണ്ടാകുന്ന ഒരിക്കലും കരകയറാനാവാത്ത ദുരന്തവുമാണ് സിനിമയുടെ ഇതിവൃത്തം. അരിസ്റ്റോട്ടിലിന്റെ ദുരന്തനാടക സങ്കൽപവുമായി ബന്ധപ്പെടുത്തി ഈ സിനിമ വായിക്കുമ്പോൾ പുതിയ ചില കാഴ്ചകൾ പ്രേക്ഷകർക്ക് ലഭിക്കും.

രോഹിത് എം.ജി കൃഷ്ണൻ, ജോജു ജോർജ്ജ്

2. ഇരട്ടയിലെ ദുരന്തസങ്കൽപം

അരിസ്റ്റോട്ടിലിന്റെ (Aristotle. 384 BC - 322 BC) വിഖ്യാത ഗ്രന്ഥമായ പോയറ്റിക്സിൽ (poetics 335 BC) ചർച്ചചെയ്യുന്ന ദുരന്തനാടക സകല്പം കലയിലും സാഹിത്യത്തിലും ഇപ്പോഴും പ്രസക്തമാണ്. ഇരട്ട എന്ന സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന നടുക്കം അരിസ്റ്റോട്ടിൽ പറയുന്ന കതാർസിസ് (katharsis) തന്നെയാണ്. പോയറ്റിക്സിൽ ദുരന്ത നാടകം ചർച്ച ചെയ്യുന്ന ഭാഗത്ത് പറയുന്ന ശുദ്ധീകരണ (purgation) മാണ്. ഇരട്ടയുടെ പ്രേക്ഷകാനുഭവം. സിനിമയുടെ കഥാഘടനയിലേക്ക് കടന്ന് വിശദീകരിക്കുന്നതിൽ നിന്ന് നിരൂപകരെ വരെ ഒരു പരിധിവരെ തടയുന്നത് സിനിമയിലെ നായകകഥാപാത്രത്തിന്റെ അക്ഷന്തവ്യമായ അപരാധമാണ്. തിയറ്റർ വിട്ടിറങ്ങിയാലും ദീർഘകാലം മനസിനെ വേട്ടയാടുന്ന അനുഭവത്തിൽ നിന്നും മുക്തരാവാൻ പ്രേക്ഷകർക്ക് സാധിക്കുന്നില്ല. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു പിഴവിന്റെ പടുകുഴിയിൽ വീണ കഥാപാത്രത്തിന്റെ
ഞെട്ടലും അതിനെത്തുടർന്നുണ്ടാകുന്ന പാപബോധവും തെറ്റിനുള്ള ശിക്ഷയായി നായകൻ മരണത്തിന്റെ മരവിപ്പിനെ പുൽകുന്നതും കാണുമ്പോൾ സോഫോക്ലിസിന്റെ (sophocles. 497 BC- 406 BC) ദുരന്തനാടകമായ ഈഡിപ്പസാണ് (oedipus 429 BC) ഓർമ്മ വരിക. സത്യം, നീതി, ധാർമ്മികത എന്നീ മൂല്യങ്ങൾ മനുഷ്യരെ എത്ര ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് ASI വിനോദിന്റെ ജീവിതാന്ത്യം. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായിരിക്കുമ്പോഴും ചില മാനുഷിക മൂല്യങ്ങൾക്ക് അയാൾ നൽകുന്ന വിലയാണ് അയാളുടെ ജീവിതം. DYSP പ്രമോദ് താരതമ്യേന ധാർമ്മിക മൂല്യങ്ങളുള്ള ജീവിതം നയിക്കുന്നയാളാണെന്ന് പ്രേക്ഷകർക്ക് തോന്നിയാലും ജീവിതത്തെ ദുരന്തമാക്കുന്ന സംഭവപരമ്പരകളിൽ നിന്ന് അയാൾക്കും മോചനമില്ല. ശാപത്തിൽ നിന്നും രക്ഷപ്പെടാനായി ഒളിച്ചോടിയ ഈഡിപ്പസ് രാജാവ് വിധിയുടെ ഗർത്തത്തിലകപ്പെടുന്നതു പോലെ പ്രമോദും ഒരിഞ്ചുപോലും ജീവനോടെയിരിക്കാൻ കഴിയാത്ത ദുരിതക്കടലിൽ പതിക്കുന്നു. ജീവിതത്തിലാരും ചെയ്യാൻ പാടില്ലാത്ത കൊടിയ പാപമായി വിനോദിന്റെ പ്രവൃത്തികൾ മാറുമ്പോൾ കുറ്റകൃത്യങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും അകന്നു നില്ക്കാനുള്ള പ്രേരണ പ്രേക്ഷകനുണ്ടാകുന്നുണ്ട് ഇത് തന്നെയാണ് കതാർസിസിന്റെ ധർമ്മവും.

ദുരന്തനാടക സങ്കൽപത്തിന്റെ മറ്റൊരു ലക്ഷണമാണ് സംഭവങ്ങളുടെ തുടർച്ച കഥാപാത്രങ്ങളുടെ ജീവിത ഗതി നിർണ്ണയിക്കുന്നു എന്നത്. നായകന്റെ
ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ ഒരു കാര്യം അതുവരെയുള്ള ജീവിതത്തിൽ വലിയ മാറ്റം കൊണ്ടു വരുന്നു. ഒരു പക്ഷേ ജീവിതം വിപരീത ദിശയിലേക്ക് സഞ്ചരിച്ചുവെന്നും വരാം. കഥാപാത്രം സ്വന്തം ജീവിതം നിർണ്ണയിക്കുന്നില്ല പകരം കഥാപാത്രത്തിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് കഥാപാത്രത്തിന്റെ ഗതി തീരുമാനിക്കുന്നത്. വിനോദിന്റേയും പ്രമോദിന്റേയും കുട്ടിക്കാല പരിസരമാണ് അവരുടെ തുടർന്നുള്ള ജീവിതം നിർണ്ണയിക്കുന്നത്. അതിന്റെ തുടർച്ചയായി ശിഥിലമായ യൗവ്വനവും കുടുംബ ജീവിതവുമുണ്ടാകുന്നു. വിനോദ് കുപ്രസിദ്ധമായ ജീവിതത്തിൽ അകപ്പെടുമ്പോൾ പ്രമോദിന്റെ കുടുംബ ജീവിതം പൊളിഞ്ഞ കപ്പൽ പോലെ അരക്ഷിതമാണ്. ഈ സംഭവങ്ങളുടെ തുടർച്ചയായാണ് ഇരട്ടകളുടെ ജീവിതം ദുരന്തപര്യവസായിയാകുന്നത്.

മനുഷ്യജീവിതവുമായി അടുത്ത് നിൽക്കുകയും സ്ക്രീനിലോ അരങ്ങിലോ കാണുന്ന കഥാപാത്രങ്ങളുടെ ജീവിതം തങ്ങളുടെ തന്നെ ജീവിതമാണെന്ന് പ്രേക്ഷകർക്ക് തോന്നുകയും കഥാപാത്രങ്ങളുടെ ജീവിതത്തിലെ പിഴവുകൾ തങ്ങൾക്കൊരിക്കലും സംഭവിക്കാൻ പാടില്ലെന്ന് പ്രേക്ഷകരുടെ ബോധതലത്തിലും അബോധമനസിലുമുണ്ടാകുന്ന തോന്നലുകളുമാണ് ട്രാജഡിയുടെ വിജയം. വികാരവിമലീകരണത്തിലൂടെ പ്രേക്ഷകരുടെ ജീവിതം ശുദ്ധീകരിക്കുന്ന ട്രാജഡിയുടെ ധർമ്മം ഇരട്ട എന്ന സിനിമ പുലർത്തുന്നുണ്ട്. ആ ധർമ്മമാണ് കലയുടെ മർമ്മം തൊടുന്ന അനുഭവമാക്കി ഈ സിനിമയെ മാറ്റുന്നത്. കാസ്റ്റിങ്ങിലും മാർക്കറ്റിങ്ങിലും പ്രൊഫഷണലിസം സൂക്ഷിച്ചിരുന്നെങ്കിൽ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിലൊന്നായി മാറുമായിരുന്നു ഈ സിനിമ.

Comments