കാർത്തിയും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെയ്യഴകൻ എന്ന സിനിമയിൽ, പ്രണയത്തിന്റെ അതിതീവ്രമായ അനുഭവം പകരുന്ന ഒരു സീനുണ്ട്.
അരവിന്ദ് സ്വാമിക്ക് ഒരു പഴയ കാമുകിയുണ്ട്. കാമുകിയാണോ എന്ന് പറയാനും പറ്റില്ല. ചെറുപ്പത്തിൽ രണ്ടാൾക്കും ഉള്ളിന്റെയുള്ളിൽ അത്തരമൊരിഷ്ടം തോന്നിയിരിക്കാം. എന്നാൽ, ആ ബന്ധം മുറിഞ്ഞുപോകുന്നു. വർഷങ്ങൾക്കുശേഷം ഇരുവരും തമ്മിൽ കാണുന്ന ആ എപ്പിസോഡ് വളരെ ബ്യൂട്ടിഫുള്ളാണ്. അതിന്റെ അവസാനം, ആ സ്ത്രീ എഴുന്നേറ്റു പോകുന്നതിന്റെയൊരു ഭംഗിയുണ്ട്. അവർഅരവിന്ദ് സ്വാമിയെ ക്രോസ് ചെയ്തുകൊണ്ട് മുന്നോട്ടുനീങ്ങുന്നു, എന്നിട്ട് പുറകിലൂടെ വന്ന് അയാളുടെ തോളിലൊന്ന് തൊട്ടുപോകുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര തീവ്രമാണ് ആ സീക്വൻസ്.
കാർത്തിയുടെ പെർഫോർമെൻസാണ് ഗംഭീരം. മാസ് മസാല പടത്തിന്റെ വക്താവായാണ് നമ്മൾ കാർത്തിയെ കണ്ടിരുന്നത്. ആ കൊമേഴ്സ്യൽ ചേരുവയിൽനിന്നു മാറി മെയ്യഴകൻ എന്ന കഥാപാത്രമായിത്തീരുന്ന ഒരു രീതിയുണ്ട്. ഭയങ്കരമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള സൗഹൃദങ്ങളുടെ മാത്രമല്ല, ബന്ധങ്ങളുടെ വേറൊരു തലം കൂടി മെയ്യഴകൻ കാണിച്ചുതരുന്നു.