ഫുള്‍ പവറില്‍ രജനി, എതിരെ വിനായകന്‍ തനിഒരുവന്‍; Jailer Review

പത്തുവര്‍ഷത്തിനുശേഷം രജനീകാന്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് ജയിലര്‍. രജനി പവറിന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍. സൂപ്പര്‍ താരത്തോട് കിടപിടിക്കുന്ന സൂപ്പര്‍ വില്ലനാണ് വിനായകന്‍. ഒപ്പം, അഞ്ചോ ആറോ മിനിറ്റുകളിലെ പ്രകടനം കൊണ്ട് സിനിമയിലുടനീളം ഒരു പ്രഭാവം ഉണ്ടാക്കിയെടുക്കുന്ന ലാല്‍ മാജിക്കും.

പാചകത്തില്‍ പല സ്‌പൈസസ് മിക്‌സ് ചെയ്ത് മസാലയുണ്ടാക്കുന്നതുപോലെ പല ജോണറുകളെ മിക്‌സ് ചെയ്ത് അവതരിപ്പിക്കുന്ന സിനിമകളായതുകൊണ്ടാണ് 'മസാല സിനിമ'കള്‍ക്ക് ആ പേര് വന്നത് എന്നതില്‍ തീരുന്നില്ല സാമ്യം. പല മസാലകളും ആരോഗ്യവിദഗ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല എന്നതുപോലെ, മസാല ചിത്രങ്ങള്‍ സിനിമാ ബുദ്ധിജീവികള്‍ക്കും ഇഷ്ടപ്പെടാറില്ല. എന്നാല്‍ രണ്ടും പൊതുജനങ്ങള്‍ക്ക് അവരുടെ ആഘോഷത്തിന്റെ ഭാഗമാണ്.

രണ്ടും ശരിയായ അളവില്‍ ശരിയായ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കിയാല്‍ ജനങ്ങള്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു ചിത്രമാണ് ജയിലര്‍.

റിട്ടയര്‍ ചെയ്ത ജയില്‍ സൂപ്രണ്ടായ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ (രജനീകാന്ത്) കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയാണ്. കൊച്ചുമകനോടൊപ്പം യൂട്യൂബ് വീഡിയോ ഉണ്ടാക്കിയും പൂജ ചെയ്തും വീട്ടുകാര്യങ്ങള്‍ നോക്കിയും സമയം കളയുന്നു. മകന്‍ അര്‍ജുന്‍ അസിസ്റ്റന്റ് കമ്മീഷണറാണ്.

Rajnikant in Jailer

ഒരു വലിയ ഗ്യാങ്സ്റ്റര്‍ സംഘത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എ.സി.പി. അര്‍ജുനെ കാണാതാവുന്നു. അന്വേഷിക്കാന്‍ മുത്തുവേല്‍ പാണ്ഡ്യന്‍ നേരിട്ടിറങ്ങേണ്ടിവരുന്നതാണ് സിനിമ.

കാണാതായ പൊലീസുകാരനായ മകനെ തേടിയിറങ്ങുന്ന മുന്‍ പൊലീസ് എന്ന വണ്‍ ലൈന്‍ കമലഹാസന്റെ 'വിക്രം' സിനിമയെ ഓര്‍മിപ്പിക്കുമെങ്കിലും കാഴ്ചയിലും അനുഭവത്തിലും വളരെ വ്യത്യസ്തമാണ് ജയിലര്‍.

രജനീകാന്തിനൊപ്പം മോഹന്‍ലാല്‍, ശിവരാജ്കുമാര്‍ എന്നിവരുടെയൊക്കെ സാന്നിധ്യം മുതിര്‍ന്ന പ്രേക്ഷകരെയും കാവലയ്യ എന്ന ഹിറ്റ് പാട്ടിലൂടെ ഇന്‍സ്റ്റ ജനറേഷനെ ഒന്നാകെയും തിയേറ്ററിലെത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാതരം പ്രേക്ഷകര്‍ക്കും ഒരുപോലെ രസിക്കും വിധത്തില്‍ ബാലന്‍സ് ചെയ്യാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

അത്ര മികച്ച തിരക്കഥയൊന്നുമല്ല ചിത്രത്തിന്റേത്. എന്നാല്‍ ഇത് ജയിലറെ സംബന്ധിച്ച് കൂടുതല്‍ വിഷ്വല്‍ അനുഭവത്തിനും താരപ്രകടനങ്ങള്‍ക്കും സാധ്യതയുണ്ടാക്കുകയാണ് ചെയ്തത്.

Mohanlal in Jailer

പത്തുവര്‍ഷത്തിനുശേഷം രജനീകാന്തിന്റെ അതിഗംഭീര തിരിച്ചുവരവാണ് ജയിലര്‍. രജനി പവറിന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍. റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനായ പ്രായം ബാധിച്ച കുടുംബനാഥനായി തുടങ്ങുന്ന രജനി ഫ്ലാഷ്​ബാക്കിലേക്കും ഫുള്‍ പാക്കഡ് ആക്ഷനിലേക്കും അനായാസമായി കൂടുമാറുന്നു. ചിത്രത്തിന്റെ മറ്റെല്ലാ പോരായ്മകളെയും നിഷ്പ്രഭമാക്കുന്ന താരപ്രകടനത്തിലെ ആദ്യ സംഭാവന രജനിയുടേത് തന്നെയാണ്.

ആദ്യ മിനിറ്റുകളില്‍ തന്നെ മുത്തുവേല്‍ പാണ്ഡ്യന്റെ ഹീറോയിക് ഭൂതകാലത്തെക്കുറിച്ചുള്ള സൂചന ചിത്രം നല്‍കുന്നു. പിന്നീട് ഓരോ ചെറിയ ചെറിയ സംഭവങ്ങളിലൂടെ പാണ്ഡ്യനെ ബില്‍ഡ് ചെയ്ത് വരുന്നതിനൊപ്പം വരാനിരിക്കുന്ന യുദ്ധത്തിന്റെ ഇന്റന്‍സിറ്റി കൂടി പ്രേക്ഷകർക്ക്​ അനുഭവപ്പെടുന്ന തരത്തിലാണ് ചിത്രം പുരോഗമിക്കുന്നത്. ഫ്ലാഷ്​ബാക്ക് സീനുകള്‍ ഇല്ലാതെ തന്നെ ഭൂതകാലത്തിലെ മുത്തുവേല്‍ പാണ്ഡ്യന്റെ പവര്‍ പ്രേക്ഷകര്‍ക്ക് വ്യക്തമാണ്.

സൂപ്പര്‍ താരത്തോട് കിടപിടിക്കുന്ന സൂപ്പര്‍ വില്ലനാണ് ചിത്രത്തില്‍ വിനായകന്‍ ചെയ്ത വര്‍മ എന്ന കഥാപാത്രം. ഗ്യാങ്സ്റ്റര്‍ വേഷം വിനായകന്‍ ഒരുപാട് തവണ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര വലിയ ക്യാന്‍വാസില്‍ സൂപ്പര്‍താരങ്ങളുടെ കഥാപാത്രങ്ങള്‍ക്കെതിരെ പ്രേക്ഷകരെ കണ്‍വിന്‍സ് ചെയ്യിക്കാനാവും വിധം ഒറ്റയ്ക്ക് നില്‍ക്കാനുള്ള പ്രകടനം വിനായകന്റെ കയ്യിലുണ്ട്. മുത്തുവേല്‍ പാണ്ഡ്യന്റെ ചെയ്തികള്‍ ത്രില്ലിംഗ് ആവുന്നത് വര്‍മയെപ്പോലൊരു പവര്‍ഫുള്‍ ഗ്യാങ്സ്റ്റര്‍ എതിരിലുള്ളതുകൊണ്ടാണെന്ന് പറയാം. എന്നാല്‍ ഇതേ രജനിയും വിനായകനും കോമഡിയും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്നത് രസകരമാണ്.

പഴയ മോഹന്‍ലാലിനായുള്ള തിരച്ചിലിലാണിപ്പോഴും മലയാള സിനിമ. തമിഴ് സിനിമയാവട്ടെ മോഹന്‍ലാലില്‍ നിന്ന് ഇനിയുമെന്തൊക്കെ നേടാനാവുമെന്ന് പരിശ്രമിക്കുന്നു. വെറും അഞ്ചോ ആറോ മിനിറ്റുകളിലെ പ്രകടനം കൊണ്ട് സിനിമയില്‍ ഉടനീളം അഭിനയിച്ച ഒരു പ്രഭാവം ഉണ്ടാക്കിയെടുക്കുന്ന ലാല്‍ മാജിക് ജയിലറിന്റെ ക്ലൈമാക്‌സില്‍ കാണാം. കഴിഞ്ഞ ആറ് മലയാള ചിത്രങ്ങളിലൂടെ കൈവിട്ട് പോയ കരിഷ്മ ആറ് മിനിറ്റുകള്‍ കൊണ്ട് മോഹന്‍ലാല്‍ തിരിച്ചെടുക്കുന്നു.

Vinayakan in Jailer

കന്നഡ നടന്‍ ശിവരാജ് കുമാര്‍, ഹിന്ദി താരം ജാക്കി ഷെറോഫ്, തെലുങ്കില്‍ നിന്ന സുനില്‍, തമന്ന, യോഗി ബാബു തുടങ്ങി താരങ്ങളുടെ ഒരു നിര തന്നെ ജയിലറിലുണ്ട്.

അനിരുദ്ധിന്റെ മ്യൂസിക്കാണ് ജയിലറിന്റെ ജീവന്‍. നേരത്തെ തന്നെ പുറത്തുവന്ന ഹുകും, കാവാലയ്യ പാട്ടുകള്‍ തീയേറ്ററില്‍ കുറേക്കൂടെ ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ സ്‌ക്രീനില്‍ സൂപ്പര്‍ താരങ്ങളാക്കി നിര്‍ത്തുന്നതിന്റെ പകുതി ക്രെഡിറ്റ് അനിരുദ്ധിനുള്ളതാണെന്ന് പറയാം.

രജനീകാന്തിന്റെ എന്നപോലെ, സംവിധായകന്‍ നെല്‍സന്റെയും തിരിച്ചുവരവാണ് ജയിലര്‍. തന്റെ തന്നെ തിരക്കഥയുടെ പോരായ്മകളെ മാസ് മസാല ചിത്രത്തിന് ചേര്‍ന്ന സംവിധാന മികവുകൊണ്ട് മറികടക്കുന്നുണ്ട് നെല്‍സണ്‍. എങ്കിലും സംവിധായകന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിരുന്നു ചിത്രത്തില്‍. കോമഡി താരങ്ങളെ കോമാളി നിലവാരത്തിലേക്ക് തള്ളിവിട്ട് അനാവശ്യ തമാശകളുണ്ടാക്കാനുള്ള ശ്രമങ്ങള്‍, ഇംപാക്ട് ഉണ്ടാവാതെ പോവുന്ന ചില ഡയലോഗുകള്‍ തുടങ്ങി ചില കാര്യങ്ങള്‍ ആസ്വാദനത്തിന് കല്ലുകടിയാവുന്നുണ്ട്.

Comments