സ്ത്രീവിരുദ്ധത ഉള്ളിൽ കൊണ്ടുനടക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തെ ആക്ഷേപഹാസ്യത്തിൽ മുക്കി അവതരിപ്പിക്കുകയാണ് ജയ ജയ ജയ ജയഹേ എന്ന സിനിമ. ഒരുപക്ഷേ ചിത്രത്തിന്റെ തലക്കെട്ട് മുതൽ സറ്റയറിന്റെ പണി ആരംഭിക്കുന്നു. ഇത് പൂർണമായും ജയയുടെ കഥയാണ്. ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ നിർബന്ധിതയായ, എന്നാൽ സമൂഹം അടിച്ചേൽപ്പിക്കുന്ന സുരക്ഷാ സങ്കൽപ്പത്തെ തുളച്ച് പുറത്തുകടക്കാൻ വെമ്പുന്ന ഒരു സാധാരണ പെണ്ണിന്റെ കഥ. ഏർപ്പെടുത്തുന്ന അരുതുകളും വിലക്കുകളും എല്ലാം സ്വന്തം സുരക്ഷയ്ക്ക് എന്ന ലേബലിൽ ചാർത്തിക്കിട്ടുമ്പോഴും വീട്ടകങ്ങളിലെ സ്ത്രീ ജീവിതം സുരക്ഷയിൽ നിന്ന് എത്ര അകലെയാണ് എന്ന് കാലികമായ ഒരുപാട് സംഭവങ്ങങ്ങളോടുചേർത്ത് ഈ സിനിമ വായിക്കുന്നുണ്ട്.
പെണ്ണിന്റെ സ്വപ്നങ്ങൾക്ക് അതിരു കൽപ്പിക്കുന്നത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാൻ പല സിനിമകളും ശ്രമിക്കുകയും അവയെല്ലാം സമരസപ്പെടലിന്റെ, നീക്കുപോക്കുകളുടെ, മുഴച്ചിരിക്കുന്ന ഏച്ചുകേട്ടലുകളിൽ ‘അനന്തരം അവർ ദീർഘകാലം സസുഖം ജീവിച്ചു' എന്ന സാമാന്യവൽക്കരണത്തിൽ ഒടുങ്ങുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്.
തലക്കെട്ടിൽ നിന്നുതുടങ്ങാം. ഇത് പൂർണമായും ജയയുടെ കഥയാണ്. ജയിക്കാനായി ജനിച്ച ജയയുടെ കഥ. ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ തോൽവികളേറ്റുവാങ്ങിക്കൊണ്ടാണ് ജയ പതുക്കെ ജയത്തിലേക്ക് നടന്നു കയറുന്നത്. പെൺകുട്ടികളുടെ സുരക്ഷ അവരവരുടെ തന്നെ കയ്യിലാണെന്ന് അസന്നിഗ്ധമായി തെളിയിച്ചു കൊണ്ടാണ് കഥ അവസാനിക്കുന്നത്. പൊതുലോകത്തിന്റെ അക്രമത്തിൽ നിന്ന് രക്ഷ നേടുന്നതിന് ശീലിക്കുന്ന സുരക്ഷാമുറകളെല്ലാം അകം എന്ന, സുരക്ഷിതമെന്ന് നാം വിവക്ഷിക്കുന്ന ഇടത്തിന്റെ ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ജയക്ക് ഉപകാരപ്പെടുന്നത്. ജയയുടെ ജയം പെൺകുട്ടികൾ സഹിക്കാൻ നിർബന്ധിതമാകുന്ന പൊതുധാരണകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ്. നല്ല മകൾ, നല്ല ഭാര്യ, നല്ല മരുമകൾ തുടങ്ങിയ എല്ലാ സംജ്ഞകളെയും നിരാകരിച്ചാണ് അവൾ തന്റേതായ ഇടം സൃഷ്ടിക്കുന്നത്. മോഹങ്ങളും സ്വപ്നങ്ങളും സമൂഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് അടിയറ വയ്ക്കുന്ന സാധാരണ പെൺകിടാവ് മാത്രമാണ് ജയ. എന്നാൽ അവരവർക്ക് നഷ്ടപ്പെടുന്ന സ്വത്വം അവൾ തിരിച്ചറിയുന്നിടത്താണ് ജയ മറ്റുള്ളവരിൽനിന്ന് വിഭിന്നയാകുന്നത്.
സമൂഹത്തിന്റെ പരുവപ്പെടുത്തലുകൾക്ക് വഴികൾ പലതുണ്ട്. അധികാരത്തിന്റെ അടിച്ചൊതുക്കലുകൾക്ക് വഴങ്ങുന്നില്ലെങ്കിൽ സ്‌നേഹത്തിന്റെ ചങ്ങലക്കുരുക്കിന്റെ വഴി നോക്കുന്ന ഈ സമൂഹത്തിൽ രണ്ടു വഴിയിലും അടങ്ങിയിരിക്കുന്ന ചൂഷണത്തിന്റെ, അനുസരിപ്പിക്കലിന്റെ മാതൃകകൾ തിരിച്ചറിയാനുള്ള വിവേകവും വിവേചനവും ഉള്ളവളാണ് ജയ. സാമാന്യവൽക്കരണത്തിന്റെ ഇരകളാകുന്ന പെൺകുട്ടികളിൽ നിന്ന്വ്യത്യസ്തമായി ബന്ധുരകാഞ്ചനക്കൂട്ടിലെ ബന്ധനങ്ങളിൽ എന്തോ ഒന്ന് ശരിയല്ല എന്ന് അവൾ മുഖം ചുളിക്കുന്നു. കൗമാരത്തിലെയും യൗവനത്തിലെയും രക്ഷ രക്ഷയല്ല എന്ന് അവൾ തിരിച്ചറിയുന്നുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യവും തനതായ സംസ്‌കാരവും വിളംബരം ചെയ്യുന്നതാണ് നമ്മുടെ ദേശീയഗാനം. അതിൽ സൂചിപ്പിക്കപ്പെടുന്ന മഹത്വവൽക്കരണങ്ങൾ ഒന്നും ഭാരതീയ സ്ത്രീക്ക് പ്രാപ്യമല്ല എന്നുകൂടി ഇതിൽ വിവക്ഷിക്കുന്നില്ലേ? ടൈറ്റിൽ ഗാനം പുരുഷ കാമനകളെ കണക്കിനു കളിയാക്കുന്നുണ്ട്.
ശാന്തയും സൗമ്യയും ശ്രീലോലയുമായ സ്ത്രീയാണ് സംസ്‌കാരത്തിന്റെ സൂക്ഷിപ്പുകാരി. അവൾ തന്നെയാണ് കുലം ചരിയാതെ സൂക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവൾ. ഭാരതീയ/കേരളീയ സമൂഹത്തിലെ ആവറേജ് പുരുഷന് സാമൂഹിക ക്രമത്തിൽ ഒരിക്കലും പ്രായപൂർത്തി ആവുന്നേയില്ല. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളാണ് എന്ന ധാരണ ഉപരിപ്ലവവുമായി വച്ചുപുലർത്തുമ്പോൾ തന്നെ ഒരിക്കലും മുതിരാത്ത ഒരു കുട്ടി എന്ന നിലയ്ക്കാണ് പുരുഷന് ലഭിക്കുന്ന പരിരക്ഷ. അവനെ ശ്രദ്ധിക്കാൻ, ഭക്ഷണം കൊടുക്കാൻ, വസ്ത്രം കഴുകാൻ, അവന്റെ മാനസിക- ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ, അവന്റെ സുഖം ഉറപ്പാക്കാൻ സ്ത്രീയെ ആവശ്യമുണ്ട്. എന്നും പരിരക്ഷയുടെ തണലിലാണവന്റെ ഭരണം. ആ ഒരു വസ്തുതയും ഈ സിനിമ വളരെ ലൗഡ് ആയി തന്നെ പ്രഖ്യാപിക്കുന്നു.
സ്ത്രീയുടെ പ്രസക്തി അപരത്വത്തിൽ അടയാളപ്പെടുത്തി അദൃശ്യമാക്കുക എന്നത് സമൂഹം എത്രയോ കാലമായി വിജയകരമായി നടപ്പിലാക്കുന്നു. സ്ത്രീ സുരക്ഷയുടെ, സംരക്ഷണത്തിന്റെ എല്ലാം പുറകിൽ വികൃതമായ സ്ത്രീവിരുദ്ധത ഒളിഞ്ഞിരിക്കുന്നതായി കാണാം. ചില അവസരങ്ങളിൽ എങ്കിലും അത് മറനീക്കി പുറത്തുവരുന്നുമുണ്ട്.
യജമാനൻ / അടിമ സൂചകങ്ങളിലാണ് സ്ത്രീപുരുഷ ബന്ധത്തെ ഇതിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. അതിന് അമ്മയെന്നോ, ഭാര്യയെന്നോ, സഹോദരിയെന്നോ മാറ്റമില്ല. പുരുഷരാജാവിനെ നിലനിർത്തുന്നത് സ്ത്രീ എന്ന പ്രജയാണ്. ഭരിക്കാൻ പ്രജയില്ലെങ്കിൽ രാജാവിനെന്തു വില? ഇത്തരം ദ്വന്ദ്വങ്ങളിൽ അധിഷ്ഠിതമായ, ‘ആവശ്യത്തിന് ഫ്രീഡം' കൊടുക്കുന്ന പ്രബുദ്ധരായ പുരുഷനെയും മടങ്ങിപ്പോകാനിടമില്ലാത്ത സ്ത്രീയെയും ആചാരങ്ങൾ ഒരുമിച്ച് ചേർക്കുന്ന ആണധികാര ഇടമാണ് കുടുംബം എന്ന അത്ര സുഖമല്ലാത്ത സത്യം ഈ സിനിമ ഉദ്‌ഘോഷിക്കുന്നുണ്ട്.
സ്ത്രീസ്വാതന്ത്ര്യം എത്രയോ പ്രശ്‌നവൽകൃതമാണ് ഈ സമൂഹത്തിൽ. അവളുടെ ഭക്ഷണം, വസ്ത്രം, ജോലി, വിദ്യാഭ്യാസം, സന്തോഷം, വിനോദം ഇതെല്ലാം മറ്റൊരാൾ നിയന്ത്രിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിവിശേഷമാണ് ഇപ്പോഴും നിലനിൽക്കുന്നത്. തിയറ്ററിൽ ഈ സിനിമ കണ്ട് തലയറഞ്ഞ് പുരുഷ /സ്ത്രീജനങ്ങൾ ചിരിച്ചു മറിയുമ്പോൾ അതിൽ എത്ര പേർ സ്വന്തം ജീവിതത്തിലേക്ക് ഒന്ന് പാളിനോക്കി എന്ന് നമുക്കുറപ്പില്ല. പാളി നോക്കിയെങ്കിൽ അത് ചില മനസ്സിലെങ്കിലും അസ്വസ്ഥത സൃഷ്ടിക്കുമെന്ന് എനിക്കുറപ്പുണ്ട്. ചില ചിരിയുടെയെങ്കിലും തിളക്കം കുറഞ്ഞേനെ. തിയേറ്ററിലെ ചിരികൾക്ക് പല അർഥങ്ങളുണ്ടെങ്കിലും ചിലവ അത്ര നിഷ്‌കളങ്കമല്ല. ഇത് മറ്റാരുടെയോ കഥയാണ്, ഞാൻ അത്തരക്കാരനല്ല എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിൽ നിന്ന് ഉരുത്തിരിയുന്നത് ഒരു വശത്ത്. മറ്റൊരിടത്ത്, എന്റെ നിഗൂഢതകൾ നിങ്ങൾ മനസ്സിലാക്കിക്കളഞ്ഞല്ലോ മനുഷ്യാ എന്ന കള്ളച്ചിരി.
ഫെമിനിസം എന്തിന്, നമുക്ക് തുല്യതയുണ്ടല്ലോ എന്ന് വളരെ ലളിതവൽക്കരിച്ച് ജീവിതത്തെ കാണുന്ന ഒരു സമൂഹത്തിലാണ് ജയ ജയ ജയ ജയഹേ ആരവങ്ങൾ ഇളക്കി കടന്നുപോകുന്നത്. സമൂഹം മുന്നോട്ടുവയ്ക്കുന്ന ചില വൈരുദ്ധ്യങ്ങൾ കൂടി ഈ സിനിമ പ്രശ്‌നവൽക്കരിക്കുന്നുണ്ട്. അതിലൊന്ന് അകവും പുറവും തമ്മിലുള്ള ദ്വന്ദ്വമാണ്. വിദ്യാസമ്പന്നനും പുരോഗമനാശയക്കാരനുമായ അധ്യാപകന്റെ ക്ലാസ് റൂമിലെ സ്ത്രീസ്വാതന്ത്ര്യ ആശയങ്ങളും പരിഷ്‌കാരവാദവും അകത്ത് സ്വകാര്യഇടങ്ങളിൽ തീർത്തും വിപരീതമായി വർത്തിക്കുന്നത് കാണാം.
സ്ത്രീവിരുദ്ധ ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ പുരുഷനൊപ്പം സ്ത്രീകളും ഉത്തരവാദികളാണെന്ന പ്രകടമായ മറ്റൊരു ചിന്തയും ഈ സിനിമ മുന്നോട്ട് വയ്ക്കുന്നു. പഴഞ്ചൊല്ലുകളും തലമുറകളായി കൈമാറ്റം ചെയ്തുവരുന്ന ഉപദേശങ്ങളും എല്ലാം സ്ത്രീയെ അടക്കിയൊതുക്കി അകത്തിരുത്തുന്നതിന് ഭംഗിയായി ഉപയോഗിക്കുന്നതും ഇവിടെ ചർച്ച ചെയ്യുന്നുണ്ട്. സ്ത്രീയുടെ ചലനങ്ങൾ നിയന്ത്രിക്കുന്നതിന് എത്ര വിദഗ്ധമായി ഗർഭത്തെയും മാതൃത്വത്തെയും ഉപയോഗപ്പെടുത്താം എന്നതും പഠനവിധേയം തന്നെ. മാതൃത്വം എന്ന മഹത്വവൽക്കരിക്കപ്പെട്ട ആശയം സ്ത്രീയെ ചട്ടം പഠിപ്പിക്കുന്നതിനും അതിരുകളിൽ ഒതുക്കിനിർത്തുന്നതിനും എത്ര വിദഗ്ധമായി സഹായിക്കുന്നു എന്നതുകൂടി ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.
മരം കേറൽ, ചൂളം വിളി തുടങ്ങി സ്ത്രീകൾക്ക് ‘നിഷിദ്ധമായ’ കാര്യങ്ങൾ ഓരോന്നായി ചെയ്ത് നിഷേധത്തിനപ്പുറം ചൂളംവിളിയിലേക്ക് നടന്നു കയറുമ്പോഴാണ് ഇത് ജയയുടെ ജയ ജയ ജയ ജയഹേ ആവുന്നത്. ഭക്ഷണം പാകം ചെയ്യുന്ന, വസ്ത്രം അലക്കുന്ന, വീട് വ്യത്തിയാക്കുന്ന ജീവി എന്നതിനപ്പുറം സ്ത്രീക്ക് വ്യക്തിത്വം ആവശ്യമില്ല എന്ന സാമാന്യധാരണയെ ഈ സിനിമ വളരെ ഉച്ചത്തിൽ കളിയാക്കുന്നുണ്ട്, കൂവി വിളിക്കുന്നുമുണ്ട്.
ഏതൊരു വ്യക്തിജീവിതത്തിലേക്കും ഇടിച്ചുകയറി, അവരുടെ സ്വകാര്യതകളിൽ കൈകടത്തി യാതൊരു ഉളുപ്പുമില്ലാതെ അഭിപ്രായം പറയാം എന്ന പൊതു ധാരണ നിലവിലുള്ള സ്ഥലമാണ് കേരളം. സ്വകാര്യം എന്നത് വെറുക്കപ്പെടേണ്ടതും ആവശ്യമില്ലാത്തതുമായ ഒന്നായിട്ടാണ് പൊതുവേ നമ്മുടെ പൊതുസമൂഹം വിലയിരുത്തുന്നത്. സ്വകാര്യതകളിലേക്കുള്ള ഇത്തരം കടന്നുകയറ്റത്തെയും ഈ സിനിമ പ്രശ്‌നവൽക്കരിക്കുന്നുണ്ട്.
കേരളീയ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ വെറുമൊരു പാരഡി മാത്രമല്ല, വളരെ അർത്ഥവത്തായ ഒരു Pastiche ആണ് ജയ ജയ ജയ ജയഹേ. സ്ത്രീയുടെ ജനനം മുതൽ ജീവിതത്തിലെ എല്ലാ സാധ്യതകളിലും അവസരങ്ങളിലും എപ്രകാരമാണ് സമൂഹം നിരന്തരം ഇടപെടുന്നത്, നിഷ്‌കർഷകളിൽ തളച്ചിടുന്നത്, മഹത്വവൽക്കരണത്തിലൂടെയും സംസ്‌കാരചിഹ്നങ്ങളിലൂടെയും മാറ്റമില്ലാതെ നിലനിർത്തുന്നത് എന്നിവയെല്ലാം ഭംഗിയായി അടയാളപ്പെടുത്തുന്ന സിനിമയാണിത്. മലീമസമായ മാനസികാവസ്ഥകളെയും, പുഴുക്കുത്തേറ്റ പ്രവണതകളെയും സോഷ്യൽ കണ്ടീഷനിങ്ങളെയും തുറന്ന് പുറത്തേക്കിടുന്നു. സ്ത്രീക്ക് ആവശ്യം നീതിയും, സമത്വവും, സ്വാതന്ത്ര്യവുമാണെന്ന്, സിനിമ കാണുന്ന, എല്ലാ സ്ത്രീ പുരുഷന്മാരോടും ഉറക്കെ പ്രഖ്യാപിക്കുകയാണ് സിനിമ. ആശയങ്ങളുടെ ചാട്ടുളി മുറിവുകൾ കൊണ്ട് വ്രണിതമാക്കുക, ചിരിയൊടുങ്ങുമ്പോൾ അനുഭവിച്ചുമറന്ന കണ്ണീർകണങ്ങളിലൂടെ ശുദ്ധീകരിക്കുക എന്ന ആക്ഷേപഹാസ്യത്തിന്റെ അപാരസാധ്യതകൂടി ജയ ജയ ജയ ജയ ഹേ പരീക്ഷിക്കുന്നുണ്ട്: ‘അല്ലെങ്കിൽ പെണ്ണിനെന്തിനാണ് പേര്? വല്ല എടിയെന്നോ,അവളെന്നോ വിളിച്ചാൽ പോരേ?'