'നെഗറ്റീവ്​ ബേസിലി'നുമാത്രം ജയ ജയ ജയ | Jaya Jaya Jaya Jaya Hey

ശാന്തേ സൗമ്യേ ശാലീനേ ശ്രീലോലേ വീടിൻ സൗഭാഗ്യം നീയേ നീയേ എന്ന പാട്ടിൽ തുടങ്ങി മൂത്തോര് ചൊല്ലണ കേട്ടിട്ട് മണ്ടകുനിച്ച് കൊടുത്തില്ലേ എന്ന പാട്ടിലേക്കെത്തുന്ന സിനിമയാണ് ജയ ജയ ജയ ജയഹേ. ഒരു പാട്രിയാർക്കി ഫാമിലിയുടെ കാരിക്കേച്ചർ. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നമ്മൾ കണ്ടിട്ടുണ്ട്, ഥപ്പഡുംകെട്ട്യോളാണെന്റെ മാലാഖയും കണ്ടിട്ടുണ്ട്. പക്ഷേ ജയ ജയ ജയ ജയഹേ കൂറേക്കൂടി ഫൺ ആണ്. ആദ്യാവസാനം തമാശ ചോർന്ന് പോവാത്ത ഒരു ഫാമിലി ഡ്രാമ.

കൊല്ലം ജില്ലയിൽ കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിലാണ് ജയ ജനിക്കുന്നത്. വളരെ "സാധാരണമായി' തന്നെ ജയ വളരുന്നു. ആണുങ്ങളെ പോലെ വളരാതിരിക്കാൻ കാത് കുത്തിക്കൊടുക്കുന്നു, മരം കേറ്റാൻ വിടാതെ അച്ചടക്കത്തോടെ വളർത്തുന്നു. എല്ലാം സാധാരണം തന്നെ. പക്ഷേ ജയയ്ക്ക് ഇവയൊക്കെ സാധാരണയായി തോന്നുന്നില്ല. ജയയ്‌ക്കൊപ്പം പ്രേക്ഷകരെക്കൂടി ഈ അസാധാരണത്വം ഫീൽ ചെയ്യിക്കാനാവുന്നുണ്ട് എന്നിടത്ത് ജയ ജയ ജയ ജയഹേ വിജയിക്കുന്നു.

ഒരു പെൺകുട്ടി ജനിച്ചത് മുതൽ ജീവിതത്തിൽ ഉടനീളം നേരിടുന്ന വിവേചനങ്ങൾ എടുത്ത് കാണിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ദുരിതം കഴിഞ്ഞു എന്ന് ജയ കരുതുന്നു. കല്ല്യാണം കഴിഞ്ഞ് കാറിൽ കയറി വരന്റെ വീട്ടിലേക്ക് പുറപ്പട്ടതിന് ശേഷം സ്വന്തം വീട്ടിലേക്ക് തിരിഞ്ഞുനോക്കി ജയയുടെ മുഖത്ത് അപൂർവമായി വരാറുള്ള പുഞ്ചിരി വിടരുന്നുണ്ട്. എന്നാൽ വരന്റെ വീട്ടിലേക്ക് കാലെടുത്തുവച്ചപ്പൊ തന്നെ ആ പുഞ്ചിരി മാറുന്നുണ്ട്. ദുരിതജീവിതം ജയയെ പിന്തുടരുകയാണ്.

പറയാനുദ്ദേശിച്ച ആശയം പ്രേക്ഷകരിലെത്തിക്കാനായതും നന്നായി വർക്ക് ഔട്ട് ആയ തമാശയുമാണ് ഈ ചിത്രത്തിന്റെ ടേക്ക് എവേ. ചിത്രത്തിലുടനീളം ഒരു സ്‌കിറ്റ്/കാരിക്കേച്ചർ രീതിയാണ് കഥ പറയാനുപയോഗിച്ചിരിക്കുന്നത്. ഇത് സിനിമയിലെ തമാശകൾക്ക് ഒരു ലിഫ്റ്റ് നൽകുന്നുണ്ടെങ്കിലും ചിലയിടത്ത് ഇത് കണക്ട് ആവാതെ പോവുന്നുണ്ട്. വിഷയങ്ങൾ ലൗഡ് ആയിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ആദ്യം സറ്റിലായിട്ട് തന്നെ കാര്യങ്ങൾ കാണിക്കും, തൊട്ടടുത്ത സീനുകളിൽ അതിന്റെ ലൗഡ് ആയ വിശദീകരണവും. ഇത് ഒരു രസമില്ലാത്ത പരിപാടിയാണ്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ

ബേസിൽ ജോസഫ് നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യുന്നു എന്നത് കൗതുകമുണ്ടാക്കുന്ന കാര്യമാണ്. "കലിപ്പനായ', "കേശവമ്മാവൻ' സ്വഭാവമുള്ള രാജേഷ് ആയി ബേസിൽ ജോസഫിന്റെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ കോമഡി മൂഡ് നിലനിർത്തി കൊണ്ടുപോവുന്നതിൽ ബേസിൽ ജോസഫ് നിർണായക പങ്കുവഹിക്കുന്നു.

വിവിധ പ്രായങ്ങളിലും വിവിധ ഭാവങ്ങളിലുമാണ് ജയയുടെ കഥാപാത്രം. എല്ലാത്തിലേക്കും അനായാസം ഒഴുകിക്കയറാൻ ദർശന രാജേന്ദ്രന് സാധിച്ചിട്ടുണ്ട്.

സുധീർ പറവൂർ, അസീസ് നെടുമങ്ങാട് എന്നിവരാണ് കോമഡിയിൽ തിളങ്ങിയ മറ്റുരണ്ടുപേര്. ഇരുവരും സംഘികളായ അമ്മാവന്മാരുടെ കഥാപാത്രങ്ങളാണ് അവതരിപ്പിക്കുന്നത് എന്നത് കൂടുതൽ തമാശയുണ്ടാക്കുന്നു. സിനിമയുടെ മൊത്തം സ്വഭാവം തന്നെ ഒരു സ്‌കിറ്റിന്റേതായതിനാൽ ഇരുവരുടേയും പ്രകടനം സിനിമയോട് ചേർന്ന് നിൽക്കുന്നുണ്ട്.

അജു വർഗീസ്, മഞ്ചു പിള്ള, നോബി മാർക്കോസ്, ശരത് സഭ തുടങ്ങിയവരുടെ കഥാപാത്രങ്ങളും രസമുള്ളതായി.

ചിത്രത്തിന് പുതുതായി ഒന്നും മുന്നോട്ട് വെക്കാനില്ല എന്നത് ഒരു പ്രശ്‌നമാണ്. വിവിധ സിനിമകളിലായി പറയുന്നതും, സോഷ്യൽ മീഡിയയിലും റീലുകളിലും നിരന്തരമായി വരുന്നതുമായ കാര്യങ്ങൾ ഒന്നിച്ചെടുത്ത് പറയുന്ന അനുഭവമാണ് ജയ ജയ ജയ ജയഹേ. ഒരു മിതത്വം പാലിക്കാൻ, ഒരു മീറ്റർ സെറ്റ് ചെയ്യാൻ തിരക്കഥാകൃത്തിനോ സംവിധായകനോ കഴിഞ്ഞിട്ടില്ല. സൈജു കുറുപ്പ് നായകനായ അന്താക്ഷരിക്ക് ശേഷം വിപിൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയഹേ. വിപിൻദാസും നാഷിദ് മുഹമ്മദ് ഫമിയുമാണ് തിരക്കഥ.

മൂന്ന് പാട്ടുകളുണ്ട് ചിത്രത്തിൽ. മൂന്നും ചിത്രത്തിലെ സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്ന പാട്ടുകളാണ്. സിനിമയിൽ നിന്ന് മാറ്റി ഒരു ആൽബം പോലെ കേൾക്കാനാവില്ലെങ്കിലും സിനിമയ്ക്ക് അകത്ത് മികച്ച രീതിയിൽ പാട്ടുകൾ വർക്ക് ഔട്ട് ചെയ്യുന്നുണ്ട്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

Comments