ഇടി 'കുടുംബ ഭരണഘടന'യാക്കിയ ജയ ജയ ജയഹേ കണ്ടു ചിരിച്ചവർ സ്ത്രീവിരുദ്ധരല്ലേ ?

ഗാർഹിക പീഡനങ്ങൾ, അക്രമം, ഫെമിനിസം, സ്വാതന്ത്ര്യം, തുല്യത - ഈ സിനിമയുടെ അരികിലൂടെ ഇത്തരം ആശയങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി, 'സ്ത്രീ'യെ ഇത്രയധികം നാണം കെടുത്തിയ ഒരു സിനിമ സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അതിലെ നായകനായ, അരസികനായ ആ യുവാവല്ല, 'അമ്മ'മാരാണ് ഈ സിനിമയിലെ കുറ്റവാളികൾ. പെറ്റമ്മയുടെ വയറ്റത്തേക്ക് നോക്കി ഇടിക്കേണ്ടതാണ് ആ പെൺകുട്ടിയുടെ കളരി /കരാട്ടേ മുറകൾ.

1967 നവംബർ കേരള ഡൈജസ്റ്റിലുള്ള ഒരു നോട്ടീസ് വളരെ കൗതുകമായ ഒരു വിവരം പ്രേക്ഷകരുമായി പങ്കുവെക്കുന്നു. "പന്തയം' എന്ന തമിഴ് സിനിമയുടെ പരസ്യമാണത്. കാശീലിംഗം സംവിധാനം ചെയ്ത ആ സിനിമയിൽ ജെമിനി ഗണേശൻ, എ.വി.എം. രാജൻ, ഒ.എ.കെ. തേവർ, നാഗേഷ്, വിജയ നിർമ്മല, ഷൈലശ്രീ, ജ്യോതി എന്നിവർ അഭിനയിക്കുന്നു. ഉഗ്രമായ ആറ് സംഘട്ടനങ്ങളിൽ ആകെ 919 ഇടികൾ!! എന്ന് ഈ നോട്ടീസിൽ രേഖപ്പെടുത്തുന്നു. ജെമിനി 214 അടി, എ.വി.എം രാജൻ 221 ഇടി, നാഗേഷ് 114 ഇടി, തേവർക്കും കൂട്ടർക്കും 370 ഇടി- അങ്ങനെ ഇടികൾ, ഇടിനിലവാരപ്പട്ടികയായി കൊടുത്തിട്ടുണ്ട്. ചരിത്രപരമായ ഒരു നോട്ടീസാണത്. എന്നാൽ, ആ സിനിമ കണ്ടപ്പോൾ അത്ര മാരകമായ ഇടിയായി തോന്നിയിരുന്നില്ല.

2022 ലെ മലയാള സിനിമയിലെത്തുമ്പോൾ ഇടിനിലവാരം കൂടുകയാണ്. ജയ ജയ ജയ ഹേയിൽ താൻ ഭർത്താവിൽ നിന്ന് കൊള്ളേണ്ടിയിരുന്ന ഇടിക്കണക്ക് ജയ എണ്ണിപ്പറയുന്നുണ്ട്. "തല്ലുമാല'യിൽ കൈയും കണക്കുമില്ലാത്ത ഇടിയാണ്. ഒരു സമൂഹമെന്ന നിലയിൽ നാം കൂടുതൽ ഇടിവൽക്കരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മനസ്സിലാവുന്നത്. സാമൂഹിക / കുടുംബം മാനസികാരോഗ്യം കേരളത്തിൽ അത്രയൊന്നും മെച്ചപ്പെട്ട നിലയിലല്ല.

ഉഗ്രമായ സംഘട്ടനങ്ങൾ, ജീവിതത്തിലും സിനിമയിലും

  'തല്ലുമാല', 'ജയ ജയ ജയ ഹേ' സിനിമകളിൽ നിന്ന്
'തല്ലുമാല', 'ജയ ജയ ജയ ഹേ' സിനിമകളിൽ നിന്ന്

"ജയ ജയ ജയ ഹേ' എന്ന സിനിമയിലും "തല്ലുമാല'യിലും "അടിക്കുക, ഇടിക്കുക' എന്നതാണ് മുഖ്യ പ്രമേയം. അടിയാണ് ആ സിനിമകളുടെ അടിത്തറ. മലയാളം പാഠാവലിയിൽ "അ' എന്ന അക്ഷരം "അമ്മ' എന്നെഴുതിയും "ത' എന്ന അക്ഷരം "തറ' എന്നെഴുതിയുമാണ് പഠിച്ചത്. അടി വാക്യത്തിലില്ലെങ്കിലും സ്കൂളിൽ പ്രയോഗത്തിലുണ്ടായിരുന്നു. അക്ഷരങ്ങളെ ചാരി നിന്ന ചൂരൽ വടിയുടെ ഓർമയിലാണ് ബാലപാഠങ്ങൾ. എന്നാൽ "അടി' എന്നെഴുതി നാം പഠിച്ചത് "അടി തെറ്റിയാൽ ആനയും വീഴും' എന്ന കോപ്പിയെഴുത്തിലാണ്. അടിതെറ്റി വീഴുന്ന ഒരു ആനയുടെ കഥയാണ്, വിപിൻദാസ് സംവിധാനം ചെയ്ത "ജയ ജയ ജയ ഹേ'.

നമ്മെ പ്രചോദിപ്പിക്കുന്ന ബെന്യാമിൻ, ലാസർ ഷൈൻ തുടങ്ങിയ എഴുത്തുകാരും മറ്റു പലരും ജയ ജയ ജയ ഹേ കണ്ടു ചിരിച്ചു മറിഞ്ഞതിനെക്കുറിച്ചും "തുല്യത'യെക്കുറിച്ച് ഇമ്പോസിഷൻ എഴുതിയാണ് ഓരോ പ്രേക്ഷകനും വീട്ടിലേക്ക് പോയിരിക്കുക എന്നും അത് ഉജ്ജ്വലമായ സ്ത്രീ ശാക്തീകരണ സിനിമയാണെന്നും എഴുതിയത് നാമൊക്കെ വായിച്ചു. അത്തരം അഭിപ്രായങ്ങളെയൊക്കെ മുൻനിർത്തി ചില എതിർവാദങ്ങൾ അവതരിപ്പിക്കുകയാണ്.

വാസ്തവത്തിൽ, ജയ ജയ ജയ ഹേ എന്ന സിനിമയിലെ ആ യുവതി, ഈ കാലത്ത് തന്നെയാണോ ജീവിക്കുന്നത്? യൂ ട്യൂബ് നോക്കി ആയോധന കല പഠിച്ച്, ഭർത്താവിനെ "അടിച്ചിരുത്താം' എന്ന ആ ചിന്ത തന്നെ മാരകമായ സ്ത്രീ വിരുദ്ധമായ ഉള്ളടക്കം പേറുന്നതാണ്. ഗാർഹിക പീഢനങ്ങൾ, അക്രമം, ഫെമിനിസം, സ്വാതന്ത്ര്യം, തുല്യത - ഈ സിനിമയുടെ അരികിലൂടെ ഇത്തരം ആശയങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി, "സ്ത്രീ'യെ ഇത്രയധികം നാണം കെടുത്തിയ ഒരു സിനിമ സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അതിലെ നായകനായ, അരസികനായ ആ യുവാവല്ല, "അമ്മ'മാരാണ് ഈ സിനിമയിലെ കുറ്റവാളികൾ. പെറ്റമ്മയുടെ വയറ്റത്തേക്ക് നോക്കി ഇടിക്കേണ്ടതാണ് ആ പെൺകുട്ടിയുടെ കളരി /കരാട്ടേ മുറകൾ. നിർഭാഗ്യവശാൽ, ആ സിനിമയിൽ എല്ലാ സ്ത്രീകളുടെയും "ഇര'യാണ് രാജേഷ്.

ഗാർഹിക പീഡനത്തിന്റെ ഇരയാണ്, ജയ. അവൾ പഠിക്കാനാഗ്രഹിച്ചത് പഠിക്കാനായില്ല, ആവാനാഗ്രഹിച്ചത് ആയിത്തീർന്നില്ല. കാരണം, അവളുടെ അമ്മയാണ്. അത്ര കൃത്യമായ ഇമോഷണൽ ബ്ലാക്ക് മെയ്‌ലിംങ് ആണ് ജയയുടെ അമ്മയുടേത്. ജയയുടെ ഒരാഗ്രഹവും സാധിച്ചു കൊടുക്കാതിരിന്നിട്ടും "നിന്റെ
ഏതെങ്കിലും ആഗ്രഹത്തിന് ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ?' എന്ന മുട്ടൻ നുണയും ആ സ്ത്രീ പറയുന്നുണ്ട്. അത്രയും നുണ രാജേഷ് എന്ന ഭർത്താവായി വന്ന നിർഭാഗ്യവാൻ പറയുന്നില്ല. അയാൾ അയാളെ സംബന്ധിച്ച ഒരു നുണയും പറയുന്നില്ല. ജീവിതത്തിൽ അത്രയും സത്യസന്ധനായ ചെറുപ്പക്കാരനെയാണ് ജയ ഇടിച്ച്, മനുഷ്യപ്പറ്റില്ലാത്ത വിധം, നടുവൊടിച്ചിടുന്നത്. ആളുകൾ കണ്ട് ചിരിച്ചു മറിഞ്ഞിരിക്കാം, കൈയടച്ചിരിക്കാം. സ്വന്തം അമ്മയെ അടിക്കേണ്ട കൈത്തരിപ്പ് മാറ്റിയത് ജയ ആ യുവാവിൽ. അമ്മയെ അടിക്കുക എന്നത് പ്രേക്ഷകർ മഹാപാപമായി കാണാൻ സാധ്യതയുള്ളതിനാൽ, ആ അടികൾ, രാജേഷ് എന്ന നിർഭാഗ്യജന്മം ഏറ്റുവാങ്ങുന്നു.

എന്താണ് നമ്മുടെ, മലയാളികളുടെ പരമ്പരാഗതമായ കുടുംബഘടന? അമ്മ, അച്ഛൻ - ഈ ഇരട്ട അച്ചുതണ്ടുകൾക്കിടയിലാണ് മക്കൾ എന്ന ഉപഗ്രഹങ്ങളുടെ കറക്കം. അമ്മ, ആരാധിക്കപ്പെടേണ്ടവളായിട്ടാണ് ചെറുപ്പത്തിലേ നാം പഠിച്ചു വെച്ചിരിക്കുന്നത്. അച്ഛൻ ആ നിലയിൽ കുടുംബ ഘടനയിൽ ആരാധിക്കപ്പെടുന്നില്ല. അമ്മയുടെ കോന്തല പിടിച്ചുവളർന്ന കുട്ടിത്തമാണ് നാം ഭയങ്കര നൊസ്റ്റാൾജിയ കലർത്തി പറയുന്ന ബാല്യ കാല കഥകൾ. പുളിച്ചു തേട്ടുന്ന അമ്മക്കഥകളെ സത്യസന്ധമായി തുറന്നു കാട്ടുന്ന സിനിമയാണ് ,ജയ ജയ ജയഹേ.

ആ സത്യസന്ധത ഇത്രയുമാണ്:

ആ സിനിമയിലെ "അമ്മ'മാർ ഭംഗിവാക്കായിട്ടു പോലും സത്യം പറയുന്നില്ല. എപ്പോഴും "ഇടി'യപ്പം തിന്ന ആ മകൻ "ഇടി'ക്കാരനായതു പോലും ആ അമ്മ കാരണമാണ്. അമ്മ വിളക്കാണ്, ദേവിയാണ്, സർവംസഹയാണ് തുടങ്ങിയ മിഥ്യകൾ ഈ സിനിമ പൊളിച്ചു കൈയിൽ തരുന്നു. ജയയുടെ അമ്മയുടെ മുഖത്ത് രണ്ടു പെട വെച്ചു കൊടുക്കാൻ പ്രേക്ഷകൻ എന്ന നിലയിൽ തോന്നിയിട്ടുണ്ട്. എന്നിട്ടും, ഈ സിനിമ സ്ത്രീവിരുദ്ധമാവുന്നത് എന്തുകൊണ്ടാണ്?

ജയ ഇതിൽ അക്രമത്തെ ഒരു പ്രതിരോധമായി കാണുന്നു. കരാട്ടേ, അല്ലെങ്കിൽ മറ്റെന്തോ ആയ ആ ആക്രമം, ഒരു മോശം ചോയ്സാണ്. പ്രതിരോധം പോലുമായിരുന്നില്ല. അറപ്പും ഭയവുമുണ്ടാക്കുന്ന അക്രമമായിരുന്നു, അത്. അക്രമത്തെ അക്രമം കൊണ്ടു തടയുക എന്നത് സ്ത്രീയെ കൂടുതൽ വലിയ ആഴക്കുഴിയിലെത്തിക്കാനാണ് സാധ്യത. ക്രോധത്തെ മറികടക്കാവുന്ന ഒരാശയം അക്രമമായി കാണുന്ന ഒരു പോയിന്റിലാണ് പ്രേക്ഷകർ മതിമറന്ന് കൈയടിക്കുന്നത്. അക്രമാസക്തമായ നമ്മുടെ ബോധത്തെയാണ് നാം ദാമ്പത്യമായി പരിപാലിക്കുന്നത് എന്നാണോ ആ കൈയടിയിൽ നിന്ന് മനസ്സിലാക്കേണ്ടത്?

ആക്രമിക്കപ്പെടുമ്പോൾ സ്ത്രീകൾ സമാധാന വാദിയായി അവ മുഖത്തേറ്റു വാങ്ങണമെന്നല്ല. ജയയുടെ ജീവിതത്തെ ഭ്രാന്തു പിടിപ്പിക്കുന്ന ഒരു ദാമ്പത്യത്തിലേക്ക് പറഞ്ഞുവിട്ട അവളുടെ അമ്മയുടെ, അച്ഛന്റെ
നേരെ എന്തുകൊണ്ട് അവൾ ഒരിക്കൽ പോലും കൈയുയർത്തിയില്ല? അവളുടെ ജീവിതത്തിൽ പ്രചോദനത്തിന്റെ ചെറിയ ബിന്ദുവായി പോലും അവളുടെ അമ്മയുടെ സാന്നിധ്യമോ വാക്കുകളോ മാറിയിട്ടില്ല. അവളുടെ ദുഃഖം ഫോണിലൂടെ കേട്ട് ഒന്നും സംഭവിക്കാത്തതുപോലെ ചായ കുടിച്ചിരിക്കുന്ന ആ അച്ഛൻ മകളെ "മാനസികമായ നരഹത്യ'ക്ക് വിട്ടുകൊടുത്തിരിക്കുകയാണ് എന്നുപോലും തോന്നും. കുടുംബത്തെക്കുറിച്ചുള്ള, അച്ഛനമ്മമാരെക്കുറിച്ചുള്ള ഭയത്തിൽനിന്ന് നാമിപ്പോഴും മുക്തരല്ല. അമ്മമാരിൽ അന്തർലീനമായ അക്രമത്തെ, "എല്ലാം മക്കളുടെ നല്ലതിനു വേണ്ടിയല്ലേ' എന്ന രീതിയിൽ, ഒരു മോശം ഭാവിക്കുവേണ്ടി മഹത്വവൽക്കരിക്കുന്നു. ജയ ക്രുദ്ധയും അസംതൃപ്തയുമാവുന്നത്, അവളുടെ അമ്മയും അച്ഛനും കാരണമാണ്. രാജേഷിനും അതേ അവസ്ഥയാണ്. അവർക്ക് നല്ല ചങ്ങാതിമാർ പോലുമില്ല. കൂട്ടായ്മകളിൽ നിന്ന് കിട്ടുന്ന ജീവിതത്തിന്റെ വെളിച്ചവും ജയക്കോ രാജേഷിനോ കിട്ടുന്നില്ല. ഒരു തരത്തിലും പ്രചോദിപ്പിക്കാത്ത അമ്മയോടും അച്ഛനോടും ജീവിതത്തിലുടനീളം ഒട്ടി നിന്ന രണ്ടു മക്കൾ അടിച്ചു പിരിഞ്ഞതിന്റെ
ഒരു സാക്ഷാൽക്കാരം കൂടിയാണ് ആ സിനിമ.

സ്ത്രീകളുടെ യാഥാർഥ്യങ്ങൾക്കെതിരാണ് ഈ സിനിമ. "താനാരാ'ണെന്ന് നിർവ്വചിക്കാൻ ജയ ആദ്യമേ തീരുമാനിച്ചിരുന്നെങ്കിൽ, അതിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു. സിനിമയായതു കൊണ്ട് ആദ്യം അക്രമവും പിന്നെ യുക്തിയും വരുന്നു. ദേഷ്യം ഇതിൽ വളരെ വിനാശകരമായി മാറുന്നു.

കോഴിക്കച്ചവടക്കാരനായ രാജേഷ് തൊഴിലാളികൾക്ക് കൃത്യമായി വേതനം കൊടുക്കുന്നുണ്ട് എന്നാണ് മനസ്സിലാവുന്നത്. രാജേഷിന്റെ
കച്ചവടം പൊളിയുമ്പോൾ അവരെല്ലാവരും രംഗത്തു വരുന്നത് "ഉണ്ട ചോറിനുള്ള' നന്ദി കൊണ്ടാണ്. അയാൾ ആ നിലയിൽ ഒരു മാതൃകാ "മുതലാ' ളിയായിരിക്കണം. അവരും ജയയിൽ നിന്ന് അടി മേടിച്ച് തരിപ്പണമാവുന്നു. പഴയ ജയൻ സിനിമയിലെ കൂട്ടപ്പൊരിച്ചിൽ. സിനിമയിലെ വില്ലനായ ജയന്റെ
പുനരവതാരം പോലെ ഈ ജയ. അക്രമകാരിയായ ഈ യുവതി, തന്നെ ഈ അവസ്ഥയിലെത്തിച്ച കുടുംബത്തോടാണ് പരോക്ഷമായി ഏറ്റുമുട്ടുന്നത്. കുടുംബത്തിന്റെ ഇരയാണ് ജയ, അത്ര തന്നെ രാജേഷും. കുടുംബത്തെ കുറ്റപ്പെടുത്താത്ത സ്ത്രീയാണ്, ജയ. അവൾ ഭർത്താവിനെ, ഇന്നലെ ജീവിതത്തിലേക്ക് കയറി വന്ന ആ മനുഷ്യനെ ആറ് മാസം പോലും സഹിക്കാൻ തയ്യാറാവുന്നില്ല. സ്നേഹത്തിന്റെ തുല്യതകൾ, പങ്കാളിത്തത്തിന്റെ
തുല്യതകൾ, ജ്ഞാനത്തിന്റെ തുറവികൾ - ഇതൊന്നുമില്ലാതെ വളർന്ന ഏതു കുടുംബത്തിലും ഇത് സംഭവിക്കാം. പക്ഷേ അടി, അക്രമം ഒന്നിനും പരിഹാരമല്ല. അക്രമം ഒരു സ്ത്രീ വിമോചനാശയമല്ല. വാസ്തവത്തിൽ ജയയുടെ മാനസികാവസ്ഥയുള്ള സ്ത്രീ കൗൺസലിങ്ങിന് പോയി, നേരത്തേ ആ ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടേണ്ടതായിരുന്നു. ഇത്രയും മാനസിക പീഡനം അനുഭവിക്കുന്ന ജയയെ സംവിധായകൻ എന്തുകൊണ്ടാണ് കൗൺസലിങ്ങിന് വിധേയമാക്കാതിരുന്നത്? സിനിമ റിലീസായതു കാരണം, കഥാപാത്രമായ ജയയെ കൗൺസലിങ്ങിനു വിധേയമാക്കേണ്ടത് സിനിമാബാഹ്യമായ ഒരാശയമാണ്.


Summary: ഗാർഹിക പീഡനങ്ങൾ, അക്രമം, ഫെമിനിസം, സ്വാതന്ത്ര്യം, തുല്യത - ഈ സിനിമയുടെ അരികിലൂടെ ഇത്തരം ആശയങ്ങൾ കടന്നു പോകുന്നുണ്ടെങ്കിലും, അടിസ്ഥാനപരമായി, 'സ്ത്രീ'യെ ഇത്രയധികം നാണം കെടുത്തിയ ഒരു സിനിമ സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയിട്ടില്ല. അതിലെ നായകനായ, അരസികനായ ആ യുവാവല്ല, 'അമ്മ'മാരാണ് ഈ സിനിമയിലെ കുറ്റവാളികൾ. പെറ്റമ്മയുടെ വയറ്റത്തേക്ക് നോക്കി ഇടിക്കേണ്ടതാണ് ആ പെൺകുട്ടിയുടെ കളരി /കരാട്ടേ മുറകൾ.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments