ജിയോ ബേബി/ Photo: Muhammed Hanan Ak

ഒരു ഷിഫ്​റ്റിനുവേണ്ടിയാണ്​
ഞാൻ കാത്തിരിക്കുന്നത്​

നൂറിലധികം വർഷങ്ങളുടെ ചരിത്രമേയുള്ളൂ സിനിമക്ക്, അതുകൊണ്ടുതന്നെ അത് ഇനിയും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. അതിനുവേണ്ടിതന്നെയാണ് എന്റെയും കാത്തിരിപ്പ്. ഒരു മാസ്റ്റർ വന്ന് സിനിമയെ ഒരു ഷിഫ്റ്റിലേക്കുനയിക്കും എന്നുതന്നെ ഞാൻ കരുതുന്നു. അതിനുവേണ്ടി കാത്തിരിക്കുന്നു.

ല എന്ന രീതിയിൽ, സിനിമ എന്ന മീഡിയക്ക് സംഭവിച്ച മാറ്റം അതിന്റെ മേക്കിംഗിനെയും ബാധിച്ചിട്ടുണ്ട്. ഒ.ടി.ടി എന്നു പറയുമ്പോൾ മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലും ടെലിവിഷനുകളിലുമായിരിക്കും സിനിമ സ്‌ക്രീൻ ചെയ്യുക. അതിനനുസരിച്ച് ഷോട്ടുകൾ ക്രമീകരിക്കുമ്പോഴും ശബ്ദസംവിധാനത്തിന്റെ കാര്യത്തിലുമൊക്കെ വലിയ കരുതലുകൾ കാണിക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം കാലത്തിന്റെ മാറ്റത്തിനനുസരിച്ച് മീഡിയക്ക് സംഭവിക്കുന്ന മാറ്റമായി തന്നെയാണ് ഞാനും മനസ്സിലാക്കുന്നത്.

സിനിമ എന്ന കലാരൂപത്തിന്റെ സാമൂഹികദൗത്യം നൂറിലേറെ വർഷങ്ങളായി അത്​ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്, അത് തുടരുകയുമാണ്. എല്ലാ കാലത്തും സിനിമ അതിന്റെ കടമ നിർവഹിച്ചുപോന്നിട്ടുണ്ട്, നല്ല സിനിമകളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള മനുഷ്യരുടെയും ദേശങ്ങളുടെയും പരിസ്ഥിതിയുടെയും പ്രശ്‌നങ്ങൾ സിനിമ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തിവക്കുന്നുണ്ട്, അതൊരു ഡോക്യുമെന്റേഷൻ കൂടിയാണ്. യുദ്ധങ്ങളെക്കുറിച്ച്, പട്ടിണി അടക്കമുള്ള പ്രശ്‌നങ്ങളെക്കുറിച്ച്, നൂറിലേറെ വർഷങ്ങളായി സിനിമ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു. ലോകത്ത് എല്ലാ മനുഷ്യരും നേരിടുന്ന പ്രശ്‌നങ്ങൾ ഒന്നുതന്നെയാണെണെന്ന് ഞാൻ മനസ്സിലാക്കിയത് ഇത്തരം സിനിമകളിലൂടെയാണ്. സിനിമയുടെ സാമൂഹികദൗത്യം ഇതൊക്കെത്തന്നെയാണ്. സീരിയസായ സിനിമകളെക്കുറിച്ചാണ് ഈ പറഞ്ഞത് എങ്കിൽ, നമ്മെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ത്രില്ലടിപ്പിക്കുകയുമൊക്കെ ചെയ്യുക എന്നതും സിനിമയുടെ ധർമം തന്നെയാണ്.

സിനിമാ ചിത്രീകരണത്തിനിടെ ജിയോ ബേബി. / Photo: Jeo Baby, Fb Page
സിനിമാ ചിത്രീകരണത്തിനിടെ ജിയോ ബേബി. / Photo: Jeo Baby, Fb Page

മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും കെ.ജി. ജോർജും അടക്കമുള്ളവർ തുടങ്ങിവെച്ച പ്രോഗ്രസ്സീവായ ഒരു മുന്നേറ്റമുണ്ട്. വ്യക്തിപരമായി ഞാനതിൽ പങ്കുചേരുന്നു

ആഗോളീകരണം, സോഷ്യൽ മീഡിയ തുടങ്ങിയ ഘടകങ്ങൾ സിനിമാപ്രവർത്തകരെ കൂടുതൽ സ്വാധീനിക്കുന്നുണ്ട്. മനുഷ്യരുടെ പ്രശ്‌നങ്ങൾ മനുഷ്യർ തന്നെ ചർച്ച ചെയ്യുന്ന ഒരിടം സോഷ്യൽ മീഡിയയിലുണ്ട്. അതൊക്കെ ഫിലിം മേക്കേഴ്‌സിനെ സ്വാധീനിച്ചേക്കാം. ഈയൊരു കാലത്തിന്റെ സവിശേഷതയായി ഞാൻ കാണുന്നത് ടെക്‌നോളജിയുടെ സാധ്യതകളാണ്. അല്ലാതെ ഈ കാലത്തിന് പ്രത്യേകമായ മേന്മയുണ്ടെന്ന് ഞാൻ കരുതുന്നില്ല. മുമ്പ്, ഒരു പ്രത്യേക തരം കാമറയുണ്ടെങ്കിൽ മാത്രമേ സിനിമ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഇന്ന് അത് മാറിയിട്ടുണ്ട്.

സിനിമയുടെ രാഷ്​ട്രീയം

ഞാനുൾപ്പെടുന്ന പുതിയ തലമുറസംവിധായകർ പറയുന്ന കാര്യങ്ങൾ മുമ്പും, സിനിമകളിൽ പറഞ്ഞിട്ടുള്ളവ തന്നെയാണ്. മലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും കെ.ജി. ജോർജും അടക്കമുള്ളവർ തുടങ്ങിവെച്ച പ്രോഗ്രസ്സീവായ ഒരു മുന്നേറ്റമുണ്ട്. വ്യക്തിപരമായി ഞാനതിൽ പങ്കുചേരുന്നു എന്നാണ് കരുതുന്നത്. അല്ലാതെ, സൗന്ദര്യശാസ്ത്രപരമായി സിനിമയിൽ എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാൻ പറ്റി എന്നു ഞാൻ കരുതുന്നുമില്ല. അതേസമയം, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും ഇവർ നൽകിയ ഒരു സ്റ്റാർട്ടിനെ ഞാൻ കൃത്യമായി മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്തിട്ടുണ്ട് എന്നാണ് എന്റെ സ്വയം വിലയിരുത്തൽ. ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലേക്ക് പോകുമ്പോൾ, ആദാമിന്റെ വാരിയെല്ലിലേക്കും പോകാൻ സാധിക്കും. രണ്ടു സിനിമകളെയും കണക്റ്റുചെയ്ത് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനാകും. അതുകൊണ്ടുതന്നെ, ഇന്നത്തെ കാലത്ത് എന്റേതായ ചില രീതികൾ ഉപയോഗിക്കുന്നു എന്നു പറയാനേ കഴിയൂ.

‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലേക്ക് പോകുമ്പോൾ, ആദാമിന്റെ വാരിയെല്ലിലേക്കും പോകാൻ സാധിക്കും. രണ്ടു സിനിമകളെയും കണക്റ്റുചെയ്ത് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനാകും. 'ആദാമിൻറെ വാരിയെല്ല്', 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്നീ സിനിമകളിലെ രംഗം
‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലേക്ക് പോകുമ്പോൾ, ആദാമിന്റെ വാരിയെല്ലിലേക്കും പോകാൻ സാധിക്കും. രണ്ടു സിനിമകളെയും കണക്റ്റുചെയ്ത് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനാകും. 'ആദാമിൻറെ വാരിയെല്ല്', 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്നീ സിനിമകളിലെ രംഗം

ഉദാഹരണത്തിന്, സിനിമയുടെ സ്ത്രീപക്ഷം. സ്ത്രീകളെ സിനിമ വേണ്ടരീതിയിൽ ഉൾക്കൊള്ളാതിരിക്കുന്ന വിഷയം അഭിസംബോധന ചെയ്യപ്പെടുന്നില്ല എങ്കിൽ, ഇന്ന് സ്ത്രീകളും ഫെമിനിസ്റ്റ് ആശയമുള്ള പുരുഷന്മാരും അതിനെ ചോദ്യം ചെയ്യും. കുറച്ചുകാലം മുമ്പുവരെ ഇങ്ങനെയൊരു അവസ്ഥയുണ്ടായിരുന്നില്ല. സ്ത്രീകഥാപാത്രങ്ങളെ പുരുഷന്മാരുടെ നിഴലായോ അടിമകളായോ ആയിരുന്നു സിനിമ കണ്ടിരുന്നത്. ഈ അവസ്ഥ മാറിയിട്ടുണ്ട്. ഇത്തരമൊരു സ്ത്രീമുന്നേറ്റത്തിന് ഫെമിനിസവും സോഷ്യൽ മീഡിയയും സ്ത്രീകളുടെ തുറന്നെഴുത്തുകളും തുറന്നുപറച്ചിലുകളും കാരണമായിട്ടുണ്ട്. കഥാപാത്രങ്ങളായി വരുന്ന സ്ത്രീകളുടെ എണ്ണം കൂടുകയും അവർക്ക് പ്രാധാന്യം കിട്ടുകയും ചെയ്യുന്നു. മാത്രമല്ല, ഫെമിനിസം പറയേണ്ടത് ആവശ്യമാണ് എന്ന തരത്തിൽ, ഫെമിനിസം അറിഞ്ഞോ അറിയാതെയോ സിനിമയിൽ ഉപയോഗിക്കണം എന്നൊരു ധാരണയും രൂപപ്പെട്ടിട്ടുണ്ട്. ഈയൊരു ധാരണ തെറ്റോ ശരിയോ എന്നെനിക്കറിയില്ല. ചില സിനിമകളിൽ, ‘ഇനി അൽപം ഫെമിനിസം പറഞ്ഞേക്കാം' എന്ന മട്ടിൽ ഫെമിനിസം പറയുന്നതായും കാണുന്നുണ്ട്.

അഭിനേതാക്കളിൽനിന്ന് മാറി ചിന്തിച്ചാൽ, മറ്റു മേഖലകളിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. വലിയ മാറ്റമുണ്ടായിട്ടില്ല. അതിന് സാമൂഹികവും കുടുംബപരവുമായ ഇടപെടലുകളാണ് കാരണം. അത് മാറും, സ്ത്രീകൾ കൂടുതലായി വരും. സമീപകാലത്ത് വർക്ക് ചെയ്ത സിനിമകളിൽ തന്നെ കാമറ- ഡയറക്ഷൻ ഡിപ്പാർട്ടുമെന്റുകളിൽ സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായി കണ്ടിട്ടുണ്ട്.
വരാൻ പോകുന്ന സിനിമകളിൽ എൽ.ജി.ബി.ടി.ക്യൂ പ്ലസ് വിഷയങ്ങൾ കൂടി കടന്നുവരും. അത് ഇതുവരെ കാര്യമായി ചർച്ച ചെയ്യപ്പെടാത്ത മേഖലയാണ്. അവരുടെ കഥകളും ജീവിതവും നമ്മൾ ഇനി കാണും. സ്ത്രീകളെപ്പോലെ, ഈ വിഭാഗം മനുഷ്യരെയും നമ്മൾ വർക്ക്‌സ്‌പേസിൽ ഉൾക്കൊള്ളുന്നുണ്ടോ എന്നതും വലിയ ചോദ്യമായി നിലനിൽക്കുന്നുണ്ട്.

എനിക്കിഷ്ടമുള്ള സിനിമ ഞാനുണ്ടാക്കുന്നു, അത് മനുഷ്യർ സ്വീകരിക്കുന്നു, അതിൽനിന്ന് എനിക്ക് പണം കിട്ടുന്നു- അതാണ് സിനിമയുമായി ബന്ധപ്പെട്ട് ഞാൻ സ്വീകരിച്ചുപോന്ന മാനദണ്ഡം.

രാഷ്ട്രീയശരിയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്ന കാലം കൂടിയാണിത്. രാഷ്ട്രീയശരി പൂർണമായും പുലർത്തുമ്പോൾ, സിനിമയിൽ ഹ്യൂമർ ചോർന്നുപോകുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ഒരു വൃത്തികേട് വിളിച്ചുപറഞ്ഞ് തമാശയുണ്ടാക്കാൻ കഴിയും എന്നു പറയുന്നതുപോലെയാകും അത്. ആരെയും വേദനിപ്പിക്കാതെ നിങ്ങൾക്ക് ചിരിയുണ്ടാക്കാൻ സാധിക്കുന്നെങ്കിൽ മാത്രമേ അതൊരു ചിരി ആകുകയുള്ളൂ, അല്ലെങ്കിൽ അതൊരു വൃത്തികേടോ ദുരന്തമോ ആയിട്ടാണ് ഞാനതിനെ കാണുന്നത്.

പ്രിയപ്പെട്ട സിനിമ

സിനിമ എന്നത് മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ഞാനേറെ ഇഷ്ടപ്പെടുന്ന ജോലിയാണ്. ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമയിലെത്തിയത് എങ്കിലും, സിനിമയിലെത്തിയശേഷം അതൊന്നും ഓർക്കാൻ പോലും പറ്റുന്നില്ല. കാരണം, അത്രമേൽ സിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട്, ഇവിടെ എത്താനെടുത്ത കഷ്ടപ്പാടുകളെ ഓർക്കാനിഷ്ടപ്പെടാത്ത ആളാണ് ഞാൻ. ഹൃദയം കൊണ്ട് ചെയ്യാൻ പറ്റുന്ന, ആ ചെയ്യുന്നതിന് പ്രതിഫലം കിട്ടുന്ന ഒരു കലാവ്യവസായം എന്ന നിലയ്ക്കാണ് ഞാൻ സിനിമയെ കാണുന്നത്. എനിക്കിഷ്ടമുള്ള സിനിമ ഞാനുണ്ടാക്കുന്നു, അത് മനുഷ്യർ സ്വീകരിക്കുന്നു, അതിൽനിന്ന് എനിക്ക് പണം കിട്ടുന്നു- അതാണ് സിനിമയുമായി ബന്ധപ്പെട്ട് ഞാൻ സ്വീകരിച്ചുപോന്ന മാനദണ്ഡം. ഏതുതരം സിനിമയാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തീരുമാനിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഈ കാലത്തും എനിക്കിഷ്ടമുള്ള സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുകയും അത് ജനങ്ങൾക്ക് ഇഷ്ടപെട്ടാൽ എനിക്ക് പണം കിട്ടുമെന്നും കരുതുന്ന ഒരാളാണ് ഞാൻ.

രണ്ട് പെൺകുട്ടികൾ എന്ന സിനിമയിൽ നിന്ന്
രണ്ട് പെൺകുട്ടികൾ എന്ന സിനിമയിൽ നിന്ന്

എന്റെ പ്രിയപ്പെട്ട സ്വന്തം സിനിമകൾ, രണ്ട് പെൺകുട്ടികൾ, ഓൾ ഏജ് ഹോം എന്നിവയാണ്. എന്റെ ഏറ്റവും സ്വീകരിക്കപ്പെട്ട സിനിമ ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ആണെങ്കിൽ പോലും എന്നെ ഈ സിനിമയിലേക്ക് നയിച്ചത് ആദ്യ സിനിമയായ രണ്ട് പെൺകുട്ടികൾ ആണ്. ആറാം ക്ലാസിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളുടെ സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമാണ് ഈ സിനിമയുടെ പ്രമേയം. ഇപ്പോൾ, ഓൺലൈനിലുള്ളത് ഈ സിനിമയുടെ തിയേറ്റർ വേർഷനാണ്, അതിനുമുമ്പ് ഒരു ഡയറക്‌ടേഴ്‌സ് വേർഷനുണ്ട്, അതാണ് എന്റെ പ്രിയപ്പെട്ട സിനിമ. ഈ സിനിമയിൽ ഞാൻ തുടങ്ങിവച്ച സ്ത്രീപക്ഷചിന്തയുടെ യാത്രയിലുള്ള സിനിമയായിരുന്നു ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. ആ ചിന്തയിൽ പെട്ടതാണ് ഓൾഡ് ഏജ് ഹോമും. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഒരു പൊളിറ്റിക്കൽ സ്‌റ്റേറ്റുമെന്റാണ്, ജനങ്ങൾ സ്വീകരിച്ചതുകൊണ്ട് അത് പ്രിയപ്പെട്ടത് അല്ലാതാകുന്നില്ല എന്നുകൂടി പറയട്ടെ. പക്ഷെ, ഞാൻ ഏറ്റവും സ്‌നേഹിക്കുന്ന സിനിമകൾ ഇവ രണ്ടുമാണ്.

വീട്ടിൽ, കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തമുള്ളതുകൊണ്ട്, കുറച്ചുകാലമായി, മലയാളത്തിനുപുറത്ത് വളരെയധികം സിനിമകൾ കാണാൻ സാധിക്കാറില്ല. വളരെ ശ്രദ്ധേയമായ സിനിമകൾ മാത്രമേ കാണാൻ സാധിക്കാറുള്ളൂ. അങ്ങനെ നോക്കുമ്പോൾ, മറാഠി- മലയാളം സിനിമകളാണ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നതായി കാണാൻ കഴിഞ്ഞിട്ടുള്ളത്.
ഏറ്റവും ഇഷ്​ടമുള്ള സിനിമ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും, ഈ നിമിഷത്തിലിരുന്ന് പലപല കാര്യങ്ങൾ ആലോചിക്കുമ്പോൾ, ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സിനിമയായി തെരഞ്ഞെടുക്കാൻ കഴിയുന്നത് ആദാമിന്റെ വാരിയെല്ലാണ്. എന്റെ പ്രിയ സംവിധായകൻ, അതിന്റെ തന്നെ സംവിധായകൻ കെ.ജി. ജോർജുമാണ്.

‘നിങ്ങൾ ഇത്തരം സിനിമ ചെയ്യാൻ പാടില്ല' എന്നൊരു കാലം സമീപഭാവിയിൽ സംഭവിക്കുമെന്ന് കരുതുന്നയാളാണ് ഞാൻ. കാരണം, നമ്മുടെ ഭരണകൂടം അത്തരം ഇടപെടലുകൾ നടത്തുന്നുണ്ട്.

ഇതുവരെയുള്ള സിനിമകളിൽ ഒരു സിനിമാറ്റിക് ഭാഷയുണ്ടാക്കിയെടുക്കാൻ സിനിമാറ്റോഗ്രാഫർ സാലുവും എഡിറ്റർ ഫ്രാൻസിസും എന്നോടൊപ്പം നിൽക്കുകയും എന്നോടൊപ്പമുള്ള നിരന്തര ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന മേക്കിംഗ് രീതികളും സ്വാധീനിച്ചിട്ടുണ്ട്.

വായന വളരെ കുറഞ്ഞിട്ടുണ്ട്, കൂടുതലും വായിക്കുന്നത് കഥകളാണ്. എന്റെ വായന വൈക്കം മുഹമ്മദ് ബഷീറിലാണ് ലോക്ക് ചെയ്തുകിടക്കുന്നത്. ബഷീറിനെ വായിച്ചതുകൊണ്ടുമാത്രമാണ് എനിക്ക് വായന മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത്. ആ വായനയിൽനിന്നുള്ളതിനേക്കാൾ ആനന്ദം മറ്റൊരിടത്തെ വായനയിൽനിന്നും എനിക്ക് ലഭിച്ചിട്ടില്ല. സൂക്ഷ്മമായി നോക്കിയാൽ, ചില ബഷീറിയൻ കഥകളുടെ സ്വാധീനം എന്റെ ചില സിനിമകളിൽ കാണാൻ പറ്റും. പുതിയ കാലത്തെ ശ്രദ്ധേയരായ കഥാകൃത്തുക്കളെയും വായിക്കാൻ ശ്രമിക്കാറുണ്ട്.

കെ.ജി. ജോർജ്
കെ.ജി. ജോർജ്

ഭാവി സിനിമ

പുതിയ കാലത്തെ സിനിമയെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. എന്താണ് പുതിയതരം സിനിമ, എങ്ങനെയാണ് സിനിമ മാറാൻ പോകുന്നത് എന്നതിന് വ്യക്തമായ ഉത്തരം എന്റെ കൈയിലില്ല. എന്റെ പരിമിതികളിൽനിന്ന് ആലോചിക്കുന്നതുകൊണ്ടാകും. പക്ഷെ, അത്തരത്തിലൊരു മാറ്റം സംഭവിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. കാരണം, നമുക്കുചുറ്റും അത്തരത്തിലൊരു വിഷ്വൽ ട്രീറ്റ് നടക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ സിനിമയെ പലരും വന്ന് മാറ്റിയിട്ടുണ്ട്, അങ്ങനെയാണ് സിനിമ പലതരം ഇസങ്ങളിലൂടെ കടന്നുപോന്നത്. അതുകൊണ്ട് സിനിമ മാറുക തന്നെ ചെയ്യും. നൂറിലധികം വർഷങ്ങളുടെ ചരിത്രമേയുള്ളൂ സിനിമക്ക്, അതുകൊണ്ടുതന്നെ അത് ഇനിയും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. അതിനുവേണ്ടിതന്നെയാണ് എന്റെയും കാത്തിരിപ്പ്. ഒരു മാസ്റ്റർ വന്ന് സിനിമയെ ഒരു ഷിഫ്റ്റിലേക്കുനയിക്കും എന്നുതന്നെ ഞാൻ കരുതുന്നു. അതിനുവേണ്ടി കാത്തിരിക്കുന്നു.

‘നിങ്ങൾ ഇത്തരം സിനിമ ചെയ്യാൻ പാടില്ല' എന്നൊരു കാലം സമീപഭാവിയിൽ സംഭവിക്കുമെന്ന് കരുതുന്നയാളാണ് ഞാൻ. കാരണം, നമ്മുടെ ഭരണകൂടം അത്തരം ഇടപെടലുകൾ നടത്തുന്നുണ്ട്. നിങ്ങൾ ഏതുതരം സിനിമ എടുക്കണം എന്ന് ഭരണകൂടം പറയുന്ന അവസ്ഥയിലേക്കാണ് രാജ്യം ഇപ്പോൾ. പേടിയുണ്ട്. ഒപ്പം, അതിനെ സിനിമ കൊണ്ടുതന്നെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ▮


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments