ഫെമിനിസം എന്താണന്നു പോലും അറിയാത്ത പൊന്നാനിയിലെ ഫാത്തിമയുടെ ജീവിതമാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ പറയുന്നത്. ഉറക്കെ രാഷ്ട്രീയം പറയാതെ, സ്വഭാവികമായി ഒഴുകുന്ന സിനിമ. കലയിൽ സത്യസന്ധത എന്നൊന്നുണ്ട്. സിനിമയെ വഴിതിരിച്ചു വിടുന്ന സന്ദർഭങ്ങൾ മനപൂർവ്വം ഉണ്ടാക്കാതെ, സിനിമ തന്നെ സിനിമയെ മുൻപോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് ഈ സിനിമയിൽ കണ്ടത്.
സംവിധായകൻ ഫാസിലുമായി സംസാരിച്ചപ്പോൾ മനസ്സിലായത്, തിരക്കഥയിലെ ആദ്യ സീൻ മുതൽ അവസാനം വരെ സീൻ ഓർഡറിലാണ് ഷൂട്ട് ചെയ്തത് എന്നാണ്. കഥാപാത്രങ്ങൾ ഏറെയും ആ പ്രദേശത്തുനിന്നു കണ്ടെത്തിയവർ. അങ്ങനെ എല്ലാം സ്വാഭാവികമാണ് ഈ സിനിമയിൽ.
ഫാത്തിമയുടെ കഥയും ജീവിതവും ഫാത്തിമയുടെ മാത്രമായി മാറുന്നില്ല, കേരളത്തിലെയും ഇന്ത്യയിലെയും വീടുകളിലെ കഥയായി അത് മാറുന്നു. സിനിമ കാണുന്ന ഭൂരിപക്ഷം പുരുഷന്മാർക്കും സ്ത്രീകൾക്കും ഏറെ ആലോചിക്കാനുള്ള വക ബാക്കി വെച്ചാണ് ഫെമിനിച്ചി ഫാത്തിമ അവസാനിക്കുന്നത്.
ഫാത്തിമയായി അഭിനയിച്ച ഷംല വലിയ പ്രതീക്ഷയാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ചില അഭിനേതാക്കളുടെ പ്രകടനങ്ങൾ കാണുമ്പോൾ അവരോടൊപ്പം ജോലി ചെയ്യാൻ വല്ലാത്ത ആഗ്രഹമുണ്ടാകാറുണ്ട്, അത്തരത്തിൽ ഒരുമിച്ചു ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്ന അഭിനേത്രിയാണ് ഷംല. ഫാത്തിമയുടെ ഭർത്താവായി അഭിനയിച്ച കുമാർ സുനിലും ഗംഭീരമായി. സിനിമയിലുടനീളം വന്നുപോകുന്ന കഥാപാത്രങ്ങളൊക്കെയും വളരെ നന്നായി. ഛായാഗ്രഹണം നിർവഹിച്ച പ്രിൻസ് ഫ്രാൻസിസ്, സംഗീത സംവിധായകൻ ഷിയാദ് കബീർ ഇവരൊക്കെ സിനിമയുടെ ആത്മാവറിഞ്ഞ് ജോലി ചെയ്തിരിക്കുന്നു.
ചിത്രം തിയേറ്ററിൽ വരുമ്പോൾ പ്രേക്ഷകർ സിനിമയെ ഗംഭീരമായി സ്വാഗതം ചെയ്യും. കാരണം ഫെമിനിച്ചി ഫാത്തിമ എല്ലാവരും ഇഷ്ടപെട്ടുപോകുന്ന തരം ഒരു സിനിമയാണ്. അംഗീകാരങ്ങൾ ലഭിക്കുമ്പോഴും തിയേറ്ററിൽ സ്വീകരിക്കപ്പെടുന്ന സിനിമയായി ഫെമിനിച്ചി മാറും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഇത്തരമൊരു സിനിമ നിർമിക്കാൻ തീരുമാനിച്ച സുധീഷ് സ്കറിയക്കും സിനിമ അവതരിപ്പിച്ച തമറിനും അഭിനന്ദനങ്ങൾ. സിനിമ എഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ്, നിങ്ങൾ വലിയ പ്രതീക്ഷയാണ്, നിങ്ങളുടെ അടുത്ത സിനിമക്കായി കാത്തിരിക്കുന്നു.